Thursday, December 31, 2009

2010 ... പുതുവര്‍ഷം വരവായ്...

ഒരു വര്‍ഷം കടന്നുപോയത് അറിഞ്ഞതേയില്ല. എത്ര പെട്ടെന്നാണ് സമയം മുന്നോട്ടു കുതിക്കുന്നത്? നമ്മളെയും, നമ്മുടെ ഓര്‍മകളെയുമൊക്കെ പിന്നിലാക്കി കാലം യാത്രയാകുമ്പോള്‍, നമ്മുടെയെല്ലാം മനസിന്‍റെ താളില്‍ നിന്നും കൊഴിഞ്ഞുപോകുന്നത്‌ ഒരു വലിയ വര്‍ഷം ആണ്. കഴിഞ്ഞുപോയ വര്‍ഷം നമുക്കെല്ലാം പല അനുഭവങ്ങള്‍ ആണ് തന്നത്. ഇനി പുതിയ പ്രതീക്ഷകളോടെ ആണ് വരുന്ന 2010 നമ്മളെല്ലാം കാത്തിരിക്കുന്നത്.


Wish You a Very Happy New Year..!


കഴിഞ്ഞ വര്‍ഷം ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ ആണ് വരുന്നത്. എന്‍റെ കോളേജ് ജീവിതം അവസാനിക്കുന്ന കുറെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ കൂടെ ഉണ്ട്. അതിന്‍റെയൊപ്പം കുറെ നല്ല ഓര്‍മകളും. എനിക്ക് ഈ കൊഴിഞ്ഞുപോകുന്ന 2009 സാമാന്യം നല്ല ഒരു വര്‍ഷം ആയിരുന്നു എന്ന് വേണം കരുതാന്‍. വേദനിപ്പിക്കാന്‍ അധികം ഒന്നും ഉണ്ടായില്ല. എന്നാല്‍ അമിതമായി സന്തോഷിക്കാനും ഒന്നും ഉണ്ടായില്ല. മൊത്തത്തില്‍ നോക്കുമ്പോള്‍ ഒരു "above average" എന്നൊക്കെ പറയാം.

കോളേജ് ജീവിതത്തില്‍ ഒരുപാട് അനുഭവങ്ങള്‍ ലഭിച്ച വര്‍ഷമായിരുന്നു 2009. നാല് വര്‍ഷം കൂടെ ഉണ്ടായിരുന്ന കൂട്ടുകാരെ പിരിഞ്ഞതും, പലരും പലവഴിക്ക് യാത്രയായതും ഒക്കെ ഇനി മനസ്സില്‍ എന്നെന്നും ഒരു കാത്തിരിപ്പിന്‍റെ വിത്ത്‌ വിതച്ചിട്ടാണ് പോയത്. പഴയതുപോലെ ഇനി ഒരുമിച്ചു നടക്കാനോ ക്ലാസ്സില്‍ ബഹളം വയ്ക്കാനോ കഴിയില്ല എന്നറിയാം. എന്നാലും മനസ് വെറുതെ കൊതിച്ചുപോകുന്നു. ഇതിനിടെ ഞങ്ങളുടെ രണ്ടു ക്ലാസ്സ്‌മേറ്റ്സ് വിവാഹിതരായി. അശ്വതിയും പാര്‍വതിയും. ഇങ്ങനെ ഓരോ വിവാഹം വരുമ്പോള്‍ ആണ് പഴയ കൂട്ടുകാരെ വീണ്ടും ഒരുമിച്ചു കാണാന്‍ അവസരം കിട്ടുന്നത്.

അതെ, ഓര്‍ക്കുട്ട്, ചാറ്റിങ്, ഇ-മെയില്‍, ഫേസ്ബുക്ക്‌ എന്നൊക്കെ പറഞ്ഞു ഒരുപാട് സംഭവങ്ങള്‍ ഉണ്ട്. അതൊക്കെ എത്ര തന്നെ മുകളില്‍ ആയാലും, നമ്മള്‍ നേരിട്ട് കാണുന്നതിന്‍റെയും , ബഹളം വയ്ക്കുന്നതിന്‍റെയും, പരദൂഷണം പറയുന്നതിന്‍റെയും ഒക്കെ ഒരു "അനുഭൂതി" കിട്ടില്ലല്ലോ. അതിനു ഓര്‍ക്കുട്ട് പോരാ, അതിനു പഴയ ക്ലാസ്സ്‌ തന്നെ വേണം. ആ കോളേജ് ക്യാമ്പസ്‌ തന്നെ വേണം.

കൂടെ പഠിച്ചവരില്‍ കുറേപേര്‍ക്ക് ജോലി കിട്ടി. കുറേപേര്‍ ഉന്നത വിദ്യാഭ്യാസം പ്ലാന്‍ ചെയ്യുന്നു. ഞാനും അതുപോലെ പഠനത്തിലേക്ക് തിരിയാന്‍ ആണ് ആഗ്രഹിക്കുന്നത്. ഒരിക്കലും കൂടുതല്‍ പഠിക്കണമെന്ന് മനസ്സില്‍ ഉണ്ടായിരുന്നില്ല. കോളേജ് ജീവിതം അവസാനിച്ച സമയത്ത് മനസ്സില്‍ എന്തൊക്കെയോ പുതിയ മാറ്റങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞു. ഇനിയും പഠിക്കണം എന്ന് മനസ് പറഞ്ഞു. അവസാന പരീക്ഷ കഴിഞ്ഞു റിസള്‍ട്ട്‌ വന്നപ്പോള്‍ ഞാന്‍ ഒരു ദിവസം പ്രിസിപ്പലിനെ കാണാന്‍ പോയി. എന്‍റെ റിസള്‍ട്ട്‌ കണ്ടിട്ട് അവര്‍ എന്നോട് പറഞ്ഞത് ഞാന്‍ കൂടുതല്‍ പഠിക്കാന്‍ പോകണം എന്നാണ്. അത് കേട്ടപ്പോള്‍ സന്തോഷം തോന്നി. ഇനി പഠിക്കണം എന്ന തീരുമാനത്തില്‍ ഉറച്ചു. അതിന്‍റെ കൂടെ സ്വന്തമായി പൈസ ഉണ്ടാക്കാന്‍ അല്‍പം ടീച്ചിംഗ്, ഡിസൈനിംഗ്, പ്രോഗ്രാമ്മിംഗ് ഒക്കെ ചെയ്യുന്നു. തല്ക്കാലം സ്വയം പിടിച്ചു നില്‍ക്കാനുള്ള വഴി ദൈവം സഹായിച്ചു കിട്ടുന്നുണ്ട്‌.

പിന്നെ സ്വന്തമായി ഒരു ലാപ്ടോപ് കിട്ടിയ വര്‍ഷം. HP Pavilion dv4. ഇപ്പോള്‍ സ്വന്തമായി ഓരോന്ന് ചെയ്യാന്‍ ഒരു വഴി കിട്ടി. പക്ഷെ ഇപ്പോഴും വീട്ടില്‍ internet എത്തിയില്ല എന്നൊരു വിഷമം ബാക്കി. വീട്ടിലെ ഫോണ്‍ ചത്തു. കഴിഞ്ഞ ആഴ്ച ഫോണ്‍ ബില്‍ അടച്ചു. ഇനി അപേക്ഷ കൊടുക്കണം. പിന്നെ സ്ഥിരമുള്ള "ഒച്ച് ഇഴയുന്ന പരിപാടി" ഉണ്ടാകും. അത് കാത്തിരിക്കാം.

ഇനിയും പറഞ്ഞാല്‍ എഴുതിയെഴുതി തീരാത്ത ഒരുപാട് ഓര്‍മ്മകള്‍ ഉണ്ട്. ഇത്രയും നേരം എന്‍റെ 2009 നെ കുറിച്ച് പറഞ്ഞു. ഇനി പൊതുവില്‍ ഒന്ന് നോക്കാം?

ആദ്യം പറയേണ്ടത് ഓസ്കാര്‍ അവാര്‍ഡ്‌ തന്നെയാണ്. ഒരു മലയാളി ആദ്യമായി ഓസ്കാര്‍ വാങ്ങിയ വര്‍ഷം. റസൂല്‍ പൂക്കുട്ടി എന്നും വാര്‍ത്തകളില്‍ നിറയുന്നു. ഹാ, എ. ആര്‍. റഹ്മാനെ മറന്നില്ല കേട്ടോ. അദ്ദേഹത്തിനും പൂച്ചെണ്ട്. പിന്നെ ഓര്‍മയില്‍ എന്തൊക്കെ ഉണ്ട്? മൈക്കിള്‍ ജാക്ക്സണ്‍ ലോകത്തോട്‌ വിട പറഞ്ഞു. ഒബാമ പ്രസിഡന്റ് ആയി. പിന്നെ ഈ കൊച്ചു കേരളത്തില്‍ പതിവുപോലെ കൊള്ള, കൊലപാതകം, ഹര്‍ത്താല്‍ ഒക്കെ പൂര്‍വാധികം ഭംഗിയായി അരങ്ങേറി. നമ്മുടെ സിനിമ ലോകത്ത് നിന്നും നമ്മുടെയെല്ലാം പ്രിയപ്പെട്ട ലോഹിതദാസ്, മുരളി, രാജന്‍ പി ദേവ് ഒക്കെ നമ്മോടു വിട പറഞ്ഞ വര്‍ഷം. അവരൊക്കെ എന്നെന്നും മലയാളിയുടെ ഓര്‍മകളിലെ നിറഞ്ഞ താരങ്ങളാണ്.

വരുന്ന വര്‍ഷത്തില്‍ നമുക്ക് നല്ല നല്ല കാര്യങ്ങള്‍ പ്രതീക്ഷിക്കാം. ഒരാഴ്ച കഴിയും മുന്‍പേ തെറ്റിക്കാന്‍ വേണ്ടി പുതുവത്സര പ്രതിജ്ഞകള്‍ എടുക്കാം... :-) എല്ലായിടത്തും കേട്ട ഒരു കാര്യമാണ് 2012 ആകുമ്പോള്‍ ലോകം അവസാനിക്കുമെന്ന് .. :-? (ചിരിക്കണ്ട, ആ സിനിമ കണ്ടാല്‍ അത് സത്യമാണെന്ന് വിശ്വസിക്കും...) എന്തായാലും ഇങ്ങനെ പോയാല്‍ ലോകം അവസാനിക്കും. അതുവരെ ഈ ജീവിതം ആസ്വദിക്കാം എന്ന് കരുതാം ...

ഇനി വരുന്ന വര്‍ഷം എല്ലാര്‍ക്കും ഒരു നല്ല വര്‍ഷം ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു...

Have a Happy 2010..!

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...