Thursday, March 25, 2010

ആത്മഹത്യ...!

( പ്രിയപ്പെട്ടവരേ, ഇത് എന്‍റെ ആത്മഹത്യാ കുറിപ്പ് അല്ല. ഉടനെയൊന്നും ഒരു ആത്മഹത്യ എന്‍റെ പ്ലാനില്‍ ഇല്ല. അതുകൊണ്ട് ഇത് എന്‍റെ ആത്മഹത്യാകുറിപ്പ് ആണെന്ന് കരുതി വായിക്കാന്‍ വന്നവരോട് "സോറി" കേട്ടോ... )

ഈ നീണ്ട കാലത്തെ ജീവിതത്തിനിടയില്‍ ഒരു തവണ എങ്കിലും ആത്മഹത്യ ചെയ്യണം എന്ന് തോന്നാത്തവര്‍ വിരളം ആണ്... അല്ലേ? എനിക്കും തോന്നിയിട്ടുണ്ട്. നിങ്ങള്‍ക്കും തോന്നിയിട്ടുണ്ട്. "ഇല്ല" എന്ന് പറയാന്‍ പറ്റുന്നവര്‍ ഒരു മനുഷ്യജീവി ആണോ എന്ന് സംശയമുണ്ട്‌ കേട്ടോ...!

ആത്മഹത്യ ചെയ്യാന്‍ ഒരുവനെ (അല്ലെങ്കില്‍ ഒരുവളെ) പ്രേരിപ്പിക്കുന്നത് ആഗ്രഹിച്ചത്‌ കിട്ടാതാവുന്ന അവസരത്തില്‍ ആണ്. നിരാശ എന്ന വികാരം ആണ് ആത്മഹത്യയുടെ പ്രേരണ. എന്‍റെ അറിവില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ഉണ്ടാക്കുന്ന ചില സംഭവങ്ങള്‍ ഇവയാണ് -

1. പരീക്ഷക്ക് പ്രതീക്ഷിച്ച മാര്‍ക്ക്‌ കിട്ടതാവുക - അല്ലെങ്കില്‍ തോല്‍വി.
2. സ്നേഹിച്ച പെണ്‍കുട്ടി അല്ലെങ്കില്‍ പുരുഷന്‍ കൈവിട്ടു പോകുന്നത്.
3. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍.

മുകളില്‍ പറഞ്ഞവ കൂടാതെ ഒരുപാട് കാരണങ്ങള്‍ ഇനിയും ഉണ്ട്. ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍.

ഞാന്‍ പലേടത്തും കണ്ടിട്ടുള്ള ഒരു കാര്യമാണ് - "ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല" - എന്ന രീതിയിലുള്ള വലിയ വലിയ ലേഖനങ്ങളും ഉപദേശങ്ങളും. അല്ലെങ്കിലും, ഒരു പ്രതിഫലവും വാങ്ങാതെ ചിലരൊക്കെ സൌജന്യമായി വിതരണം ചെയ്യുന്ന ഒരു വസ്തു ആണ് "ഉപദേശം".

ഈ ഉപദേശികള്‍ ഒക്കെയും വലിയ വായില്‍ പറയാറുണ്ട്‌, "ആത്മഹത്യ എന്നത് ഭീരുക്കള്‍ക്ക് മാത്രം ഉള്ളതാണ്", "ആത്മഹത്യ ഒരുതരം ഒളിച്ചോട്ടം ആണ്"... എന്നൊക്കെ. എനിക്ക് ഒരു കാര്യമേ ചോദിക്കാനുള്ളു - ഈ ഉപദേശികള്‍ ഒരുദിവസം ജോലി കഴിഞ്ഞു വീട്ടില്‍ എത്തുന്നു - അപ്പോള്‍ വീട് തീപിടിച്ചു നശിച്ചിരിക്കുന്നു, സ്നേഹമയി ആയിരുന്ന ഭാര്യയും, പ്രിയപ്പെട്ട കുഞ്ഞുങ്ങളും മരിച്ചുപോയിരിക്കുന്നു, ജീവിതകാലം കൊണ്ട് സമ്പാദിച്ച സ്വത്തുക്കള്‍ മുഴുവനും തീ കൊണ്ടുപോയി. ഒന്ന് ആശ്വസിപ്പിക്കാന്‍ ആരുമില്ല. ഒറ്റപ്പെട്ട ഒരു അവസ്ഥ. ഇങ്ങനെ ഒരു അവസ്ഥയില്‍ പിടിച്ചു നില്‍ക്കാന്‍ ഈ ഉപദേശിക്കു  കഴിയുമോ? ഒരു നിമിഷമെങ്കിലും അയാള്‍ മരണത്തെ കുറിച്ച് ചിന്തിക്കില്ലേ?

ഇങ്ങനെയൊക്കെ ഞാന്‍ പറയുമ്പോള്‍ നിങ്ങള്‍ക്ക് തോന്നും ഞാന്‍ ആത്മഹത്യയെ സപ്പോര്‍ട്ട് ചെയ്യുകയാണോ എന്ന്. അങ്ങനെ അല്ല.

ഞാന്‍ ഉദ്ദേശിക്കുന്നത് ഇതാണ് - ഒരാള്‍ ആത്മഹത്യ ചെയ്യണമെന്നു വിചാരിക്കുമ്പോള്‍ അയാളുടെ മാനസികനില എന്താണെന്ന് നമ്മള്‍ മനസിലാക്കണം, അയാളെ നമ്മള്‍ ആശ്വസിപ്പിക്കണം, അയാള്‍ക്ക്‌ ജീവിതത്തില്‍ പ്രതീക്ഷകള്‍ നല്‍കണം, ജീവിതത്തിന്‍റെ പാതയിലേക്ക് തിരികെ കൊണ്ടുവരണം.

സ്നേഹിച്ച പെണ്‍കുട്ടിയെ മറ്റൊരാള്‍ സ്വന്തമാക്കുന്നത് ആര്‍ക്കും സഹിക്കാന്‍ കഴിയില്ല. അങ്ങനെ ഒരു അവസ്ഥയില്‍ ഒരാള്‍ എന്തായാലും ആത്മഹത്യയെ കുറിച്ച് ചിന്തിക്കും. ഈ അവസ്ഥ അല്പം അപകടകരമാണ്. ഈ മാനസികാവസ്ഥയില്‍ ഇതു നിമിഷവും അയാള്‍ മരിക്കാം. പക്ഷെ, ഈ അവസ്ഥയില്‍ നിന്നും അല്പം ഒരു ആശ്വാസം കിട്ടിയാല്‍ പിന്നെ അവിടെ ആത്മഹത്യക്കുള്ള സാധ്യത വളരെ കുറയും. പിന്നെ തിരികെ ജീവിതത്തിലേക്ക്. പക്ഷെ ഇങ്ങനെ ആത്മഹത്യയില്‍ നിന്നും ഒരാളെ തിരികെ ജീവിതത്തില്‍ കൊണ്ടുവരാന്‍ അയാളുടെ മനസ് അറിയുന്ന ഒരു സുഹൃത്തിന് മാത്രമേ കഴിയൂ. അത് ചിലര്‍ക്ക് സ്വന്തം കൂട്ടുകാര്‍ ആകാം, ചിലര്‍ക്ക് അത് മാതാപിതാക്കള്‍ ആകാം, ചിലര്‍ക്ക് ഒരുപക്ഷെ അതൊരു കൌണ്‍സിലര്‍ ആകാം.

ആകെ അറിയാനുള്ളത് ഇതാണ് - ആത്മഹത്യ എന്ന ചിന്തയില്‍ നിന്നും മനസിനെ മാറ്റുക, ജീവിതത്തില്‍ തിരികെ എത്തിക്കുക. ഇത് ഒരു സുഹൃത്തിന്‍റെ കടമ ആണ്.

( പത്രങ്ങളില്‍ കാണാറുണ്ട്‌, കാമുകിയും കാമുകനും ഒരുമിച്ചു ആത്മഹത്യ ചെയ്തു എന്ന്. ഒരുപാട് സ്നേഹിച്ചിട്ടു ഒരിക്കലും ഒരുമിക്കാന്‍ വീട്ടുകാര്‍ സമ്മതിച്ചില്ലെങ്കില്‍ പിന്നെ വേറെ എന്താണ് ചെയ്യേണ്ടത്? ജീവിതത്തില്‍ മറ്റെന്തിനെക്കാളും സ്നേഹത്തിനു വിലകൊടുക്കുന്നവര്‍ ആണ് ഇങ്ങനെ ഒരു സാഹസം ചെയ്യുക. അവരുടെ പ്രണയത്തിന് മരണത്തിനും അപ്പുറം ഒരു ലോകമുണ്ട് - അവരുടേത് മാത്രമായ ഒരു ലോകം. അവിടേക്കാണ് അവര്‍ പോകുന്നതും. അവരെ പിന്തിരിപ്പിക്കാന്‍ പ്രയാസവുമാണ്.)

ഒന്ന് ഓര്‍ത്തു നോക്കൂ, ഒരാള്‍ ആത്മഹത്യാക്കുറിപ്പ് എഴുതുമ്പോള്‍ അയാളുടെ മനസിലെ വികാരം എന്തായിരിക്കും? "ആത്മഹത്യ ഒന്നിനും പരിഹാരമല്ല" എന്നും, "ആത്മഹത്യ ഒളിച്ചോട്ടം ആണ്" എന്നുമൊക്കെ ചിന്തിക്കാന്‍ ആരെങ്കിലും മിനക്കെടുമോ? "തൂങ്ങുമ്പോള്‍ കയര്‍ പൊട്ടി താഴെ വീണു കയ്യും കാലും ഓടിയുമോ എന്തോ" എന്നൊക്കെ ആയിരിക്കും അയാളുടെ ചിന്ത. ആ നേരത്ത് അയാള്‍ക്ക് പ്രതീക്ഷയുടെ നാളം പകരാന്‍ രണ്ടാമതൊരാള്‍ തന്നെ വേണം. അല്ലാതെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ഒരാളും സ്വയം പിന്മാറാന്‍ ശ്രമിക്കില്ല. അതുകൊണ്ട് തന്നെ, മുകളില്‍ പറഞ്ഞ ഉപദേശങ്ങള്‍ ഒരിക്കലും മരണം കാത്തുനില്‍ക്കുന്നവന് ഉപകാരപ്പെടുകയുമില്ല.

ആത്മഹത്യക്ക് കാരണം നിരാശ ആണ്. അപ്പൊ നിരാശയ്ക്ക് കാരണം എന്താണ്?

"ആഗ്രഹങ്ങള്‍ ആണ് നിരാശയ്ക്ക് കാരണം" - ഇത് പരക്കെ വ്യാപകമായ മറ്റൊരു ഉപദേശം. ആഗ്രഹങ്ങള്‍ ഇല്ലാതെ എന്തോന്ന് ജീവിതം? ഒരുപക്ഷെ ആഗ്രഹങ്ങള്‍ ആണ് നമ്മെ പല വിജയങ്ങളിലും എത്തിക്കുന്നത്. ആഗ്രഹങ്ങള്‍ നല്ലതാണ്, പക്ഷെ അത് "അത്യാഗ്രഹങ്ങള്‍" ആകുമ്പോള്‍ സംഗതി മാറും. അപ്പോള്‍ കളി വേറെ.

ഒരുപാട് നല്ല നല്ല കൂട്ടുകാര്‍ - മനസ് തുറന്നു എല്ലാം പറയാവുന്ന കൂട്ടുകാര്‍ ഉണ്ടെങ്കില്‍ ആത്മഹത്യക്ക് സാധ്യത വളരെ കുറവാണ്. അങ്ങനെയുള്ള കൂട്ടുകാരെ കിട്ടുക എന്നത് ഒരു ഭാഗ്യമാണ്.

അതുകൊണ്ട്, ഞാന്‍ പറയട്ടെ - നിങ്ങള്‍ ജീവിതത്തില്‍ ഓരോന്ന് ആഗ്രഹിക്കുക. സ്വപ്നം കാണുക. അത് സഫലമാക്കാന്‍ ശ്രമിക്കുക, സഫലമായില്ലെങ്കില്‍ ആത്മഹത്യ ചെയ്യാന്‍ തോന്നാം, സ്വയം നിയന്ത്രിക്കാന്‍ പറ്റിയാല്‍ രക്ഷപ്പെടുക, അല്ലെങ്കില്‍ ഒരു സുഹൃത്തിനോട് മനസ് തുറന്നു എല്ലാം പറഞ്ഞിട്ട് ആത്മഹത്യക്ക് തയ്യാറെടുക്കുക. അടുത്ത ആഴചയില്‍ ആത്മഹത്യ പ്ലാന്‍ ചെയ്യുക. അതുവരെ കാത്തിരിക്കുക. അതിനിടയില്‍ നിങ്ങളുടെ സുഹൃത്ത് നിങ്ങളെ ജീവിതത്തിലേക്ക് കൊണ്ടുവരും - ഉറപ്പ്.

5 comments:

  1. പലപ്പോഴും ചെറിയൊരു നിമിഷത്തെ തോന്നലല്ലേ ആത്മഹത്യയിലേക്ക് നയിക്കുന്നത്.

    ReplyDelete
  2. അതെ.ആ ചെറിയൊരു നിമിഷത്തില്‍ നിന്നും കര കയറാന്‍ ആണ് പ്രയാസം. അത് കഴിഞ്ഞാല്‍ പിന്നെ രക്ഷപെട്ടു.ആ "വിശേഷ" നിമിഷത്തില്‍ അയാളുടെ കൂടെ ഉള്ള ആളിന് മാത്രമേ അയാളെ രക്ഷിക്കാനും കഴിയുകയുള്ളൂ.

    ReplyDelete
  3. Krissh KeralaApril 24, 2012

    u r great....................

    ReplyDelete
  4. Dileep SatheeshApril 24, 2012

    good one yaar

    ReplyDelete
  5. its quite true...... i liked more n more.........

    ReplyDelete

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...