Friday, August 10, 2012

(ചെറുകഥ) - "മുഖം വ്യക്തമല്ല"

"അളിയാ ദേ നോക്കെടാ, സൂപ്പര്‍ ആയിട്ടുണ്ട്‌ അല്ലേ?"

ജോബി തന്റെ കയ്യിലെ മൊബൈലില്‍ ഒരു വീഡിയോ ക്ലിപ്പ് പ്ലേ ചെയ്തു രാജേഷിനെ കാണിച്ചുകൊണ്ട് പറഞ്ഞു. രാവിലെ ഓഫീസില്‍ വന്ന ശേഷം ചായ കുടിക്കാന്‍ വേണ്ടി പുറത്തിറങ്ങിയതാണ് രണ്ടുപേരും.

കൌതുകത്തോടെ രാജേഷ് മൊബൈല്‍ വാങ്ങി നോക്കി.

"ഓ കൊള്ളാം, പക്ഷെ മുഖം വ്യക്തമല്ല... ഒന്ന് കളഞ്ഞിട്ടു പോടേയ്, വല്ല എച്ച്.ഡി. യും ഉണ്ടെങ്കില്‍ കാണിക്ക്..." - രാജേഷ് പുച്ഛത്തോടെ പറഞ്ഞു.

അപ്പോഴേക്കും അവരുടെ സീനിയര്‍ ആയ സുനില്‍ അവരുടെ നേരെ നടന്നുവന്നു. വന്നപാടെ സുനില്‍ ചോദിച്ചു - "ആരുടെ മുഖമാടാ വ്യക്തമല്ലാത്തത്???"


"അത്.. അത്... ഒന്നുമില്ല ചേട്ടാ, ഞങ്ങള്‍ വെറുതെ... ചായ..." - ജോബി പമ്മി പമ്മി പറഞ്ഞു.

ജോബിയുടെ പമ്മല്‍ കണ്ടപ്പോള്‍ തന്നെ സുനിലിനു കാര്യം പിടികിട്ടി. "ഓ, മനസിലായി മനസിലായി... നിനക്കൊന്നും വേറെ പണി ഇല്ലെടാ പിള്ളാരെ?" - സുനില്‍ തമാശയായി ചോദിച്ചു.

"എന്താ ചേട്ടാ നിങ്ങള് ഇത്രേം വൈകിയത്?" - വിഷയം മാറ്റാന്‍ വേണ്ടി ജോബി ചോദിച്ചു.

"എടാ, പെങ്ങളെ പെണ്ണുകാണാന്‍ ഇന്നൊരു ടീം വന്നിരുന്നു... അവരുടെ കൂടെ കാര്യം പറഞ്ഞിരുന്നു വൈകി... സാരമില്ല, ഓഫീസില്‍ ഞാന്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്..." - സുനില്‍ മറുപടി പറഞ്ഞു.

"എന്നാല്‍ ഞങ്ങള്‍ പോയി ചായ കുടിച്ചു വരാം ചേട്ടാ..." - രാജേഷ് സ്ഥലം വിടാന്‍ ധൃതികൂട്ടി.

"എന്നാല്‍ ശെരി, പോയിട്ട് വാ... ഞാന്‍ ഓഫീസില്‍ കേറട്ടെ... ആ പിന്നേ, ആ ലിങ്ക് എനിക്കൂടെ ഒന്ന് അയച്ചെക്ക്... ഞാനും കൂടി ഒന്ന് കാണട്ടെ..!!!" - ഇത്രയും പറഞ്ഞു സുനില്‍ ഓഫീസിലേക്ക് നടന്നു.

"ഓ, പെണ്ണ് കെട്ടി ഒരു കുട്ടിയും ആകാറായ ഇങ്ങേര്‍ക്ക് ഇനി എന്തിനാണാവോ ലിങ്ക്?" എന്ന് പിറുപിറുത്തുകൊണ്ട് അവര്‍ കാന്റീനിലേക്കും നടന്നു.

------------------------

വൈകുന്നേരം വീട്ടില്‍ എത്തിയ സുനില്‍ ആകെ തളര്‍ന്നിരുന്നു. ഇന്ന് ഒരുപാട് വര്‍ക്ക്‌ ഉണ്ടായിരുന്നതുകാരണം അല്പം പോലും വിശ്രമം കിട്ടിയില്ല. അല്ലെങ്കിലും അങ്ങനെയാണ്. ഓഫീസില്‍ എല്ലാം ചെയ്യാന്‍ സുനില്‍ വേണം. ഈ സുനിലിനെന്താ ഗണപതിയെ പോലെ നാല് കൈകളാണോ? മനസ്സില്‍ പരിതപിച്ചുകൊണ്ട്‌ സുനില്‍ കട്ടിലിലേക്ക് മറിഞ്ഞുവീണു.

"ആഹാ, വന്നപാടെ അങ്ങ് കിടന്നോ? ഡ്രസ്സ്‌ പോലും മാറ്റിയില്ലല്ലോ?... എണീക്ക് ന്നെ, കുളിക്കാം... ഞാന്‍ എണ്ണ എടുത്തിട്ട് വരാം..." - ഇതും പറഞ്ഞുകൊണ്ട് സുനിലിന്റെ ഭാര്യ അനുപ്രിയ ഓടിവന്നു.

"എണ്ണ അല്ല മണ്ണെണ്ണ..! നീ ഒന്നും എടുക്കണ്ട... അവിടിരുന്നെ നീ... തല്‍ക്കാലം എന്‍റെ കൊച്ചിനെ മാത്രം നോക്കിയാല്‍ മതി..." - സ്നേഹത്തോടെ ഭാര്യയുടെ വീര്‍ത്ത വയറ്റത്ത് തലോടിക്കൊണ്ട് അവളെ പിടിച്ചു ഒരു കസേരയിലിരുത്തി. എന്നിട്ട് അവളുടെ വയറ്റിലേക്ക് ചെവി ചേര്‍ത്തുവെച്ചു.

"ശോ, എന്താ ഇത്... ഒന്ന് പോയി കുളിച്ചേ... ഞാന്‍ ഇപ്പൊ വരാം..." - ചെറിയൊരു നാണത്തോടെ അവള്‍ മുറിക്കു പുറത്തിറങ്ങി.

"ശെരി, ഒരു എപ്പിസോഡ് പോലും മിസ്സ്‌ ചെയ്യണ്ടാ കേട്ടാ..." എന്ന് പറഞ്ഞുകൊണ്ട് സുനില്‍ കുളിക്കാന്‍ കയറി.

കുളി കഴിഞ്ഞു സുനില്‍ വന്ന് കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. പെങ്ങള്‍ക്ക് കുറെയധികം പ്രോപോസലുകള്‍ വരുന്നുണ്ട്... അതൊക്കെ ഒന്ന് നോക്കണം. പണ്ടൊക്കെ എന്തായിരുന്നു കഥ! ബ്രോക്കറെ കാണണം, ജാതകം നോക്കണം ... ഇപ്പോഴോ, എല്ലാം മാട്രിമോണി സൈറ്റ് തന്നെ ചെയ്തു തരും! കാലം പോയ പോക്കേ!

ഇന്‍ബോക്സിലെ പ്രോപോസലുകളുടെ കൂട്ടത്തില്‍ സബ്ജക്ട് ഇല്ലാത്ത ഒരു മെയില്‍ കിടക്കുന്നു. തുറന്നു നോക്കിയപ്പോള്‍ ജോബിയുടെ മെയില്‍ - അപ്പോഴാണ്‌ രാവിലെ ഓഫീസില്‍ നടന്ന സംഭവവും ആ ലിങ്ക് അയക്കാന്‍ പറഞ്ഞ കാര്യവും ഓര്‍ത്തത്‌ ! ഇപ്പൊ ലിങ്ക് കണ്ടപ്പോള്‍ അതില്‍ എന്താണെന്ന് കാണാന്‍ ഒരു കൌതുകം! പക്ഷെ ആരേലും കണ്ടുകൊണ്ടു വന്നാല്‍ ആകെ നാണക്കേടാകും!

സുനില്‍ പതിയെ വാതിലിനു പുറത്തേക്ക് പാളി നോക്കി - ആരെങ്കിലും കാണുന്നുണ്ടോ? ഇല്ല... പതിയെ ലിങ്കില്‍ ക്ലിക്കി.

പുതിയൊരു വിന്‍ഡോ തുറന്നുവന്നു ഒരു വീഡിയോ ക്ലിപ്പ് പ്ലേ ചെയ്യാന്‍ തുടങ്ങി. "ബാംഗ്ലൂര്‍ ഹോട്ടല്‍ " എന്നാണ് ക്ലിപ്പിന്റെ തലക്കെട്ട്‌ കാണുന്നത്. ഒരു റൂമിന് മുകളില്‍ നിന്നുള്ള കാഴ്ചയാണ് കാണുന്നത്. കട്ടിലില്‍ ചുവന്ന പുള്ളികളുള്ള ഒരു ബെഡ് ഷീറ്റ് വിരിച്ചിട്ടുണ്ട്. പതിയെ രണ്ടുപേര്‍ കടന്നുവരുന്നു... ആരാണെന്ന് വ്യക്തമല്ല... നീലയില്‍ വെള്ള വരകളുള്ള ടീഷര്‍ട്ടും ജീന്‍സും ഇട്ട ഒരു പുരുഷനും ചുവന്ന ചുരിദാര്‍ ഇട്ട ഒരു സ്ത്രീയും.

പെട്ടെന്ന് സുനില്‍ ആ വീഡിയോ പോസ് ചെയ്തു. ഒന്നുകൂടി അതിലേക്കു സൂക്ഷിച്ചു നോക്കി... ചുവന്ന പുള്ളികള്‍ ഉള്ള ആ ബെഡ് ഷീറ്റ്...?

സുനിലിന്റെ ചിന്ത കുറച്ചുകാലം പിന്നോട്ട് സഞ്ചരിച്ചു... ബാംഗ്ലൂര്‍ ...? ദൈവമേ... സുനില്‍ ആകെ വിയര്‍ക്കാന്‍ തുടങ്ങി... അവന്‍റെ ഹൃദയമിടിപ്പ്‌ കൂടിവന്നു... നെഞ്ചിലാകെ ഒരു വേദന... കണ്ണുകള്‍ നിറയാന്‍ തുടങ്ങി...

പെട്ടെന്ന് തന്നെ മുറിയുടെ വാതില്‍ പിടിച്ചടച്ചു. ഉള്ളില്‍ നിറഞ്ഞ ദേഷ്യവും സങ്കടവും... അലമാരി വലിച്ചു തുറന്നു അനുപ്രിയയുടെ ചുവന്ന ചുരിദാര്‍ വലിച്ചെടുത്തു... ഒപ്പം തന്റെ നീല ടീഷര്‍ട്ടും... അതും നെഞ്ചില്‍ ചേര്‍ത്തുവെച്ചു സുനില്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. നെറ്റിയില്‍ നിന്നും വിയര്‍പ്പിന്റെ തുള്ളികള്‍ ഊര്‍ന്നുവീണു.

കുറെക്കഴിഞ്ഞു ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോള്‍ വേണ്ടാന്നു പറഞ്ഞു സുനില്‍ ഒഴിഞ്ഞുമാറി. പിന്നെ ഉറങ്ങാന്‍ നേരം അനുപ്രിയ മുറിയിലേക്ക് വന്നു. വാതില്‍ അടച്ചിട്ടു അനുപ്രിയയെ സുനില്‍ കെട്ടിപ്പിടിച്ചു. അവളുടെ മുടി വാര്‍ന്നൊതുക്കി അവന്‍ ചോദിച്ചു:

"അനൂട്ടിക്കു എന്നെ എത്ര ഇഷ്ടമാ...?"

"ദേ ഇത്രേം ഇഷ്ടം..." - കൈകള്‍ ഇരുവശത്തേക്കും വിടര്‍ത്തിക്കാണിച്ചു അനുപ്രിയ പറഞ്ഞു.

തന്റെ കണ്ണുകള്‍ നിറയുന്നത് കാണാതിരിക്കാന്‍ പെട്ടെന്നുതന്നെ സുനില്‍ മുറിയിലെ വെളിച്ചം അണച്ചു. തന്റെ കയ്യില്‍ തലവെച്ചു കിടക്കുന്ന അനുപ്രിയയെ പതിയെ തലോടിക്കൊണ്ട് അരണ്ട വെളിച്ചത്തില്‍ കറങ്ങുന്ന ഫാനിലേക്ക് നോക്കി.

"ഈ ലോകത്ത് എങ്ങനാ ജീവിക്കുക... എന്തൊരു ലോകമാണിത്... മനുഷ്യന്‍റെ മാനത്തിനും വിലയിടുന്ന ഈ നരകത്തില്‍ നിന്നും എന്നാണ് ഇനി..." - സുനിലിന്റെ ചിന്തകള്‍ കാടുകയറുമ്പോള്‍ ഒന്നുമറിയാതെ അനുപ്രിയ ഉറങ്ങുകയായിരുന്നു.

------------------------

അടുത്ത ദിവസം നല്ല സുഖമില്ലെന്ന കാരണം പറഞ്ഞു സുനില്‍ ലീവ് എടുത്തു. ഉച്ചവരെ പുറത്തിറങ്ങാതെ മുറിക്കുള്ളില്‍ കുത്തിയിരുന്നു. ഉച്ചകഴിഞ്ഞ് ഭാര്യ ചെറുതായൊന്നു മയങ്ങിയപ്പോള്‍ സുനില്‍ മുറിയില്‍ നിന്നും എന്തോ ഒരു പൊതി കൈക്കലാക്കി വീടിനു പിന്നിലുള്ള പറമ്പിലേക്ക് നടന്നു...

അല്‍പനേരം കഴിഞ്ഞു ആ പറമ്പിനു നടുവില്‍ ഒരു ചെറിയ കുഴിയിലായി കത്തിയമരുന്ന ചുവന്ന ചുരിദാറും നീലയില്‍ വെള്ള വരകളുള്ള ടീഷര്‍ട്ടും നോക്കി സുനില്‍ നിന്നു. കുറേക്കൂടി മണ്ണെണ്ണ ഒഴിച്ച് സുനില്‍ തന്റെ കുടുംബത്തിന്റെ മാനത്തിന്റെ ചിത കത്തിച്ചു ചാമ്പലാക്കി.

ബാക്കിവന്ന ചാരം മണ്ണിട്ട്‌ മൂടി തിരികെ നടക്കുമ്പോള്‍ സുനിലിന്റെ മനസ്സില്‍ ബാക്കി വന്നത് ആകെ രണ്ടു വാക്കുകള്‍ മാത്രം - "മുഖം വ്യക്തമല്ല."

41 comments:

  1. മുഖം വ്യക്തമല്ലാത്തത് നന്നായി
    വന്ന് വന്ന് ഭിത്തിയ്ക്ക് പോലും കണ്ണുകളായി
    ഇനിയെല്ലാം സൂക്ഷിച്ച് വേണം അല്ലേ?

    ReplyDelete
  2. സത്യം അജിത്തേട്ടാ... കാലം പോയ പോക്കേയ്! എല്ലാത്തിനേം ഭയക്കണം!

    ReplyDelete
  3. സമകാലീനമാണു. ക്യാമറക്കണ്ണുകളെയും, വികലമനസ്സുകളെയും നമ്മളെത്ര ഭയക്കണം

    ReplyDelete
  4. മുഖം ആര്‍ക്ക്‌ കാണണം. കഥ നന്നായി . ആശംസകള്‍.

    ReplyDelete
  5. അത് ശേരി... മുഖം ഇല്ലേലും കുഴപ്പമില്ലാന്നു...ഹഹ!
    അഭിപ്രായത്തിന് നന്ദി കേട്ടോ :-)

    ReplyDelete
  6. അതെ! മാനവും കൊണ്ട് ജീവിക്കാന്‍ പലതും ഭയക്കണം!

    ReplyDelete
  7. കഥ പറച്ചിൽ ഇനിയും നന്നാവാനുണ്ട്..!

    ReplyDelete
  8. തീര്‍ച്ചയായും! ഇനിയും മുന്നോട്ടു പോകുമ്പോള്‍ നന്നാകും ന്നു കരുതാം!
    നന്ദി മനോജേട്ടാ :-)

    ReplyDelete
  9. അതാ പെങ്ങളുടെ ആവരുതേ എന്ന് ചുമ്മാ മനസ്സില്‍ പറഞ്ഞു കൊണ്ടാ വായിച്ചത് ....
    ഭാഗ്യം അതല്ലല്ലോ ....

    ബ്യതെബൈ ആ ലിക് എനിക്ക് കൂടി ഒന്നയചേക്ക്.......:)))))))))

    ReplyDelete
  10. കഥ നന്നായിരിക്കുന്നു
    പേടിക്കണേ ഇനിയുള്ള കാലം അതാ
    ..

    ReplyDelete
  11. പ്രിയപ്പെട്ട സുഹൃത്തേ,

    സുപ്രഭാതം !

    സമൂഹത്തില്‍ മുഖം രക്ഷിക്കാന്‍, മുഖം വ്യക്തമാകാതിരിക്കുന്നതാണ് നല്ലത്.

    പക്ഷെ, ക്യാമറയുടെ പുറകിലെ മുഖത്തിനു തട്ടമിടാറായി.

    സമകാലീനപ്രസക്തിയുള്ള ഒരു വിഷയം നന്നായി എഴുതി !അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    ReplyDelete
  12. കാലൊകമായ ഒരു സമ്പവം ആണ്
    നന്നായി വിവരിച്ചു

    ReplyDelete
  13. kollam. samakalika vishayam. all.the best

    ReplyDelete
  14. നല്ല ഭംഗിയായി അവതരിപ്പിച്ചു. ആദ്യം കഥ വായിച്ചു തുടങ്ങിയപ്പോള്‍ പെങ്ങളുടെ
    കാര്യം സൂചിപ്പിച്ചത് കൊണ്ട് എന്‍റെ സംശയം അവള്‍ക്കു നേരെ നീങ്ങി..പിന്നെ
    സസ്പ്പെന്‍സ് നല്ല രീതിയില്‍ കൈകാര്യം ചെയ്തു. ഇടയ്ക്കു ഭാര്യയോടു അല്‍പ്പം
    പൈങ്കിളി സാഹിത്യം അടിച്ചു ..അത് സ്ഥിരം കണ്ടും കെട്ടും മറന്ന ഒരു
    സംഭവമായിരുന്നു. പിന്നെ ക്ലൈമാക്സ്‌ കലക്കി. ആ വാചകങ്ങള്‍ റിപ്പീറ്റ് ചെയ്തത്
    മനോഹരമാക്കി കൂടുതല്‍.

    ആശംസകളോടെ ..

    ReplyDelete
  15. ലിങ്ക് ഞാന്‍ മെയിലില്‍ രഹസ്യമായി അയച്ചിട്ടുണ്ട് കേട്ടോ ... വേറെ ആര്‍ക്കും കൊടുക്കണ്ട... :-) :-)

    ReplyDelete
  16. താങ്ക്സ് പൈമാ... അതെ. ആരെയും വിശ്വസിക്കാന്‍ വയ്യാണ്ടായി!

    ReplyDelete
  17. കമന്റിനു നന്ദി ട്ടോ.

    ക്യാമറയുടെ പിന്നിലെ മുഖങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസമാണ്. സ്വയം സൂക്ഷിക്കുക ഇന്നത്തെ ഉള്ളൂ ഒരു വഴി :-(

    കാലം പോയ പോക്കേ! അല്ലാതെന്തു പറയാന്‍ !

    ReplyDelete
  18. "കാലികം" എന്നല്ലേ? താങ്ക്സ്...! (ഇനി "കൊലപാതകം" എന്നാണോ?!)

    ReplyDelete
  19. അഭിപ്രായത്തിന് നന്ദി ട്ടോ പ്രവി മാഷേ :-)
    ഒരു ഭാര്യയും ഭര്‍ത്താവും വരുമ്പോള്‍ അല്പം പൈങ്കിളി കൂടെ വന്നൂന്നെ ഉള്ളൂ :-)

    ReplyDelete
  20. ഹാവൂ രക്ഷപ്പെട്ടു
    മുഖം വ്യക്തമല്ല
    ഇനിയെങ്കിലും
    സൂക്ഷിക്കണേ
    അല്ലെങ്കിലും
    കാലം പോയൊരു പോക്കേ!!
    നന്നായി അവതരിപ്പിച്ചു

    ReplyDelete
  21. സത്യം പറഞ്ഞാല്‍ എവിടേലും പോയാല്‍ ഒന്ന് മുള്ളാന്‍ കൂടി പേടിക്കണം! നാളെ യൂടൂബില്‍ വീഡിയോ വരുമോ ന്നു പേടിച്ചേ ഈ കാലത്ത് എന്തും ചെയ്യാന്‍ പറ്റുള്ളൂ!

    അഭിപ്രായത്തിന് നന്ദി ഫിലിപ്പേട്ടാ :-)

    ReplyDelete
  22. സമകാലീനപ്രസക്തമായ ഒരു വിഷയം തന്നെ വിഷ്ണു ഇത് ...!

    ഭാര്യ എങ്ങാനും ഇതറിഞ്ഞിരുന്നേല്‍ ഹോ എന്തായിരുന്നേനെ അവസ്ഥ ... മുഖം വ്യക്തമല്ലാത്തത് നന്നായി ട്ടോ ...!

    ReplyDelete
  23. സത്യമാണ്. ഒരുപക്ഷെ അവള്‍ ആണ് ഈ വീഡിയോ ആദ്യം കണ്ടതെങ്കില്‍ ... എങ്ങനെ പിടിച്ചുനില്‍ക്കും. കലികാലം. അല്ലാണ്ടെന്തു പറയാനാ!

    ReplyDelete
  24. ശ്രീക്കുട്ടന്‍August 15, 2012

    ആ തുണി കത്തിച്ചുകളഞ്ഞതുകൊണ്ട് മാത്രം മാനം എങ്ങിനെ രക്ഷപ്പെട്ടു എന്നെനിക്ക് മനസ്സിലായില്ല..

    ReplyDelete
  25. മുഖം വ്യക്തമല്ല, അപ്പൊ പിന്നെ വ്യക്തമായത് എന്താണോ അതിനെ ... മനസിലാകുമെന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  26. തുണി കത്തിച്ചു കളയുന്നതു തന്നെയായിരുന്നു നല്ലത്..ക്ളൈമാക്സ് നന്നായി..

    ReplyDelete
  27. അതെ... അല്ലാതെ പിന്നെ എന്താണ് ചെയ്യാന്‍ കഴിയുക! കലികാലം!
    അഭിപ്രായത്തിനു നന്ദി കേട്ടോ :-)

    ReplyDelete
  28. വേണുഗോപാല്‍August 16, 2012

    ഈയിടെ വായിച്ച കഥകളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ഒരു കഥ.

    അവസാനം വരെ സസ്പെന്‍സ് നില നിര്‍ത്താന്‍ എഴുത്തുകാരന്‍ ശ്രദ്ധിച്ചത് കഥയെ മികവുറ്റതാക്കി.

    ചുവരിലും ജനലിലും പ്രത്യക്ഷപെടുന്ന ഒളികണ്ണ്‍ ഇന്നിന്റെ ശാപമായിരിക്കുന്നു !!

    നല്ല കഥക്ക് ഭാവുകങ്ങള്‍

    ReplyDelete
  29. നല്ലൊരു അഭിപ്രായത്തിന് നന്ദി മാഷേ :-)

    ചുമരിനുപോലും കണ്ണുകള്‍ - അത് വളരെ ശരിയാണ്! എന്ത് ചെയ്യാനാകും നമുക്ക്...!

    ReplyDelete
  30. ദമ്പതികളുടെ ഇത്തരത്തിലുള്ള ക്ലിപ്പ്‌ പുറത്തായി എന്നറിഞ്ഞത് കൊണ്ടുമാത്രം വേദന ഉളവാകുന്നു. ഇല്ലങ്കിലോ?

    എങ്കിലും കൂടുതല്‍ പബ്ലിക്‌ ആകുക പ്രശസ്തരുടെ മുഖങ്ങള്‍ മാത്രമാണ് എന്ന് തോന്നുന്നു.

    ലിങ്കുകള്‍ പുറത്തുപോയ പേരും പറഞ്ഞ് പ്രിയ വായനക്കാര്‍ അവിവേകമോന്നും കാണിക്കരുത് എന്നപേക്ഷിക്കുന്നു.

    ReplyDelete
  31. ദമ്പതികളും പ്രശസ്തരും മാത്രമല്ല, സ്വന്തം മാനത്തിനു വില കല്‍പ്പിക്കുന്ന ഏതൊരാള്‍ക്കും ഭയമാണ്.

    കോളേജില്‍ നിന്നും കുട്ടികളെ ഓള്‍-ഇന്ത്യ ടൂര്‍ നു കൊണ്ടുപോകാറുണ്ട്. അപ്പോഴൊക്കെ ഇതിനായി ഒരു പ്രത്യേക ക്ലാസ്സ്‌ തന്നെ എടുക്കാറുണ്ട്. ഹോട്ടലില്‍ ഒക്കെ തങ്ങേണ്ടിവരുമ്പോള്‍ എല്ലാം താമസത്തിന് മുന്‍പേ പെണ്‍കുട്ട്യോളുടെ മുറികളും ബാത്രൂമുകളും മുഴുവന്‍ പരിശോധിക്കുകയും ചെയ്യും. അല്ലാതെ എന്ത് ചെയ്യാനാണ്! കലികാലം.

    ReplyDelete
  32. മുഖം വ്യക്തമായില്ലല്ലോ. ?
    എന്തൊരു കഷ്ടമാണിത് .?
    എന്തൊരു ലോകമാണിത് ?

    കഥ ഇഷ്ടപ്പെട്ടു

    ReplyDelete
  33. അതെ റോസമ്മ. ഇന്നത്തെ ലോകത്ത് മാനം കാക്കാന്‍ കഷ്ടപെട്ട് ജീവിക്കേണ്ട അവസ്ഥ.
    അഭിപ്രായത്തിനു നന്ദി ട്ടോ.

    ReplyDelete
  34. വിഷ്ണുവേയ് ... "ന്യൂ" ജെനെറേഷന്‍ കഥകളും എഴുതാന്‍ തുടങ്ങിയല്ലേ................!
    ഒരു ചെറിയ കഥാതന്തു അത് പക്ഷേ വര്‍ത്തമാനകാലത്തെക്കുറിച്ച് ഒരായിരം ചിന്താതലങ്ങള്‍ ഉയര്‍ത്തുന്ന ഒരു പരിഛേദം. ങൂം.... കേമായിട്ടുണ്ട്. നോം ഇത്രേം പ്രതീക്ഷിച്ചിരുന്നില്ല....!

    ReplyDelete
  35. കഥ അങ്ങട് ബോധിച്ചൂ ല്ല്യെ... നമുക്ക് സന്തോഷായി ട്ടോ... ഇത് അത്രോം ന്യൂ ജനറേഷന്‍ ആണോ തിരുമെന്യേ... സന്തോഷായി...

    ReplyDelete
  36. samalakalika kariyagal korth enagiya oru kadhayanu eth
    anthinum nalla vashavum cheetta vashavum und
    nalla vasham mathram opayogikuka
    IT IS A GOOD STORY

    ReplyDelete
  37. This is gr8 !!.......... :D !!

    Nice Work !!.... Ivanaaalu kollllaaaaaaaaaaaaaaaaaaaaaaammm !! :D !!.... Super kettoo !!

    ReplyDelete
  38. അതെ... നല്ലത് മാത്രം ഉപയോഗിക്കുക. പക്ഷെ എല്ലാപേരെയും നന്നാക്കാന്‍ നമുക്ക് കഴിയില്ല... ആഹ്!

    അഭിപ്രായത്തിനു നന്ദി ട്ടോ :-)

    ReplyDelete
  39. മുഖം വ്യക്തം അല്ലാത്തത് നന്നായി......

    ReplyDelete
    Replies
    1. അതുകൊണ്ട് മാത്രം ജീവിതം രക്ഷപ്പെട്ട എത്രയോ മൂകസാക്ഷികള്‍ ...!

      Delete

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...