Tuesday, August 11, 2009

തിരക്കഥ വെറുമൊരു സിനിമ അല്ല...

രാജ്യം മുഴുവനും പന്നിപ്പനി പിടിപെട്ടിരിക്കുന്നു. ഞാന്‍ ഒരു ഗ്രാമവാസി ആണ്. പന്നിപ്പനി അല്ലെങ്കിലും വേറെ എന്തോ ഒരു പനി എനിക്കും പിടിപെട്ടു... അത് പന്നിപ്പനി അല്ല എന്ന് ഞാന്‍ തന്നെ ആണ് തീരുമാനിച്ചത്... (ഈശ്വരാ, ഇതു പന്നിപ്പനി ആകല്ലേ...) എന്തായാലും ഡോക്ടറിനെ കാണാന്‍ ഇതുവരെ പോയില്ല. പോയാല്‍ അടുത്ത രണ്ടു മാസത്തേക്ക് കഞ്ഞിക്ക് പകരം തിന്നു വിശപ്പ്‌ മാറ്റാന്‍ ഒരു പാട്ട ഗുളിക കിട്ടും. അതിന്‍റെ ചിലവോ, അടുത്ത മൂന്നു മാസത്തേക്ക് കഞ്ഞി വെയ്ക്കാനുള്ള പൈസ ആകും. അതുകൊണ്ട് ഞാന്‍ തല്‍ക്കാലം പാരസെറ്റമോള്‍ കഴിച്ചു പിടിച്ചു നില്ക്കുന്നു. എന്തിനാ വെറുതെ ചിലവുണ്ടാക്കി വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത്? അല്ലെ?

ഇന്നു പനി ഉണ്ടായിരുന്നു. കിടക്കാന്‍ വയ്യാത്തതുകൊണ്ട് എഴുനേറ്റിരുന്നു. എന്തെങ്കിലും ചെയ്യണം എന്ന് തോന്നി. അപ്പോഴാണ്‌ തിരക്കഥ എന്ന ചിത്രത്തിന്‍റെ കാര്യം ഓര്‍ത്തത്‌. കുറച്ചു നാള്‍ മുന്‍പ് മിഥുന്‍ അത് കണ്ടു വളരെ ഇഷ്ടമായി എന്ന് പറഞ്ഞു. കുറേകാലം കഴിഞ്ഞു വീണ്ടും ഒരു നൊമ്പരപ്പെടുത്തുന്ന ചിത്രം കണ്ടു എന്ന് അവന്‍ പറഞ്ഞു. എനിക്കും കാണാന്‍ തോന്നി, പക്ഷെ സമയം കിട്ടിയില്ല. രണ്ടു ദിവസം മുന്‍പ് ഐഡിയ ഏര്‍പ്പെടുത്തിയ ഒരു അവാര്‍ഡ്‌ പരിപാടിയില തിരക്കഥ കുറെ അവാര്‍ഡ്‌ വാങ്ങിക്കൂട്ടി എന്ന് ന്യൂസ് വന്നു. അപ്പോള്‍ തിരക്കഥ കാണണം എന്ന് ഉറച്ചു. ഇന്നു പനി പിടിച്ചത് അത് കാണാന്‍ ഒരു അവസരമായി.

കണ്ടു. തിരക്കഥ കണ്ടു. അതിനെ കുറിച്ചു പറയട്ടെ?

എങ്ങനെ തുടങ്ങണം, എവിടെ തുടങ്ങണം എന്ന് അറിയില്ല. പക്ഷെ, ഒന്നു അറിയാം. "തിരക്കഥ" ഒരു സിനിമ മാത്രമല്ല. അതിനും അപ്പുറം എന്തൊക്കെയോ ആണ്. ഒരു നല്ല കലാസൃഷ്ടി. അതിന്‍റെ സംവിധാനം രഞ്ജിത്ത് ആണ്. ആദ്യമേ, ഇത്തരമൊരു അത്ഭുത ചിത്രം തന്നതിന് അദ്ദേഹത്തിന് ആയിരം ആശംസകള്‍.

ഒരു ഫ്ലാഷ് ബാക്ക് ആണ് ഈ കഥ. സ്നേഹിക്കാന്‍ വേണ്ടി അടുക്കുന്ന രണ്ടു മനസുകള്‍. പരസ്പരം ഒരുപാടു സ്നേഹിക്കുന്നു. പിന്നെ എന്തോ ഒരു തെറ്റിധാരണയില്‍ അകലുന്നു. പിന്നെ പതിനാറു വര്‍ഷങ്ങള്‍ കഴിഞ്ഞു വീണ്ടും കാണുമ്പോള്‍... ആ തെറ്റിദ്ധാരണ പരസ്പരം മനസിലാക്കുന്നു. ആ നിമിഷത്തില്‍ അവള്‍ മരണത്തോട് അടുക്കുകയാണ്. കാന്‍സര്‍ പിടിപെട്ടു അവള്‍ മരണത്തെ വരിക്കാന്‍ തയ്യാറായി നില്ക്കുന്നു. അപ്പോഴാണ്‌ അയാള്‍ വരുന്നതും, സത്യം എല്ലാം പരസ്പരം പറയുന്നതും. പിന്നെ അവര്‍ ഒറ്റയ്ക്ക് അവരുടെ പ്രണയം ആരംഭിച്ച മലമുകളിലെ ആ clouds end എന്ന വീട്ടിലേക്ക് പോകുകയാണ്. അവിടെ എത്തുമ്പോള്‍ അവരുടെ മനസ് ശൂന്യമാണ്. കഴിഞ്ഞ പതിനാറു വര്‍ഷങ്ങള്‍ അവര്‍ക്കിടയില്‍ അകലം മാത്രം വിതച്ചാണ് കടന്നുപോയത്. അവള്‍ അപ്പോള്‍ അവന്‍റെ മടിയില്‍ കിടന്നു "എനിക്ക് മരിക്കണ്ട" എന്ന് പറയുകയാണ്‌.. പക്ഷെ വിധി എന്താകും? ആ ചോദ്യം പ്രേക്ഷകര്‍ക്ക്‌ നല്കി സിനിമ അവിടെ അവസാനിക്കുന്നു. ആ ചോദ്യം ഒരു നൊമ്പരമായി എല്ലാരുടെയും മനസ്സില്‍ നിറയും...

മാളവിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയാമണി ആ കഥാപാത്രം ഒത്തിരി നന്നായി ചെയ്തിട്ടുണ്ട്. പലപ്പോഴും അഭിനയത്തില്‍ ഒത്തിരി പ്രത്യേകതകള്‍ കണ്ടു. ഒരുപാടു നന്നായിരിക്കുന്നു. അതുപോലെ അജയ് എന്ന കഥാപാത്രം അവതരിപ്പിച്ച അനൂപ്‌ മേനോന്‍. പുതുമുഖ താരം ആയിരുന്നു എങ്കിലും അദ്ദേഹം ഒരു വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ടു പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. നല്ല ഒരു ശബ്ദം കൂടി അദ്ദേഹത്തിനുണ്ട്. പിന്നെ പുതിയ തലമുറയിലെ സംവിധായകന്‍റെ റോള്‍ അവതരിപ്പിച്ച പ്രിഥ്വിരാജ്, സംവൃത അവരെല്ലാം പതിവു പോലെ തന്നെ, അവരുടേതായ ഒരു ശൈലിയില്‍ കഥാപാത്രം ചെയ്തു. പ്രിഥ്വിരാജ് അതില്‍ ഒരു പ്രധാന റോള്‍ ആണ് ചെയ്യുന്നത്. അത് നന്നായി ചെയ്തിട്ടുണ്ട്.

എന്തായാലും ഒത്തിരി നല്ല ചിത്രമാണ്. എല്ലാരും കാണണം. അതിലെ അഭിനയം, കഥ പറയുന്ന ശൈലി, ശരത് ചെയ്ത പാട്ടുകള്‍... എല്ലാം കൊണ്ടും ഒരു അത്ഭുത ചിത്രം.

2 comments:

  1. സിനിമ കണ്ടതൊക്കെ കൊള്ളാം, പോസ്റ്റും കൊള്ളാം പക്ഷെ സംഗതി വ്യാജനാണോ?

    ReplyDelete
  2. തിരക്കഥ എനിയ്ക്കും ഇഷ്ടപ്പെട്ട ചിത്രമാണ്

    ReplyDelete

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...