രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്... അതായത് ... 2010 ലെ ഒരു മാര്‍ച്ച് മാസം.പതിവുപോലെ ജോലി കഴിഞ്ഞു ഓഫീസില്‍ നിന്നും വീട്ടിലേക്കുള്ള യാത്രയാണ് രംഗം. വൈകുന്നേരങ്ങളില്‍ എല്ലാപേരും ഓഫീസ് വിട്ടു വരുന്ന സമയം ആയതിനാല്‍ ട്രാഫിക് ജാം ഉറപ്പാണ്. മിക്കവാറും ജാമില്‍ പെട്ടാല്‍ പിന്നെ ചുറ്റുമുള്ള വാഹനങ്ങളുടെ നമ്പര്‍ കൂട്ടിയെടുക്കല്‍, വാഹനങ്ങളില്‍ ചെയ്തിട്ടുള്ള അലങ്കാരപ്പണികള്‍ ആസ്വദിക്കല്‍, ചുറ്റുമുള്ള കടകളുടെ മുന്നിലെ കണ്ണാടിപ്പെട്ടിയിലെ ലഡ്ഡു, ജിലേബി മുതലായവ നോക്കി വെള്ളമിറക്കല്‍, ബൈക്കില്‍ പെട്രോള്‍ ഉണ്ടോ എന്ന് കുലുക്കി നോക്കുക മുതലായവയാണ് ഒരു ടൈം പാസ് ഉള്ളത്.
അന്നും പതിവുപോലെ ഒരു "ജാം" ദിവസം. മുന്നില്‍ നില്‍ക്കുന്ന പോലീസുകാരന്‍ വളരെ കഷ്ടപ്പെട്ട് വാഹനങ്ങള്‍ ഓരോന്നായി ജാമില്‍ നിന്നും ഊരിയൂരി വിടുകയാണ്. എതിരെ വരുന്ന വണ്ടികള്‍ പോകുന്നുണ്ട്. ഞാന്‍ അങ്ങനെ പതിയെ നീങ്ങുമ്പോള്‍, അതാ എന്റെ വലതു ഭാഗത്തുള്ള ട്രാക്കില്‍ ഒരു കാഴ്ച.
ഒരു പെണ്‍കുട്ടി ഹോണ്ടാ ആക്ടീവയില്‍ ആടിയാടി വരുന്നു... ഇപ്പൊ വീഴും... വീഴില്ല... എന്നപോലെയാണ് വരവ്. കൌതുകത്തോടെ ആ പെണ്കുട്ടിയെ നോക്കി നിന്നു. (അല്ലേലും നോക്കി നില്‍ക്കാന്‍ ഇതുപോലെ എന്തെങ്കിലും കിട്ടിയാല്‍ മതിയല്ലോ!) അപ്പോഴേക്കും ഹാന്‍ഡില്‍ വെട്ടിച്ചു വെട്ടിച്ചു ബാലന്‍സ് തെറ്റി നിന്ന ആ പെണ്‍കുട്ടിയുടെ അരികിലൂടെ വേറൊരുത്തന്‍ ബൈക്കില്‍ ഊളിയിട്ടു വന്നു "ശര്ര്‍ ..." എന്നപോലെ ഒറ്റ പാച്ചില്‍ ! അത് കണ്ടതും അവളുടെ ബാലന്‍സ് തെറ്റി റോഡിലേക്ക് മറിഞ്ഞു വീണു. കൂടെ ആക്ടീവയും.
ഞാന്‍ കിട്ടിയ അവസരം പാഴാക്കാതെ എന്‍റെ ബൈക്ക് സ്റാന്‍ഡില്‍ ഇട്ടു വെച്ചിട്ട് ഡിവൈഡര്‍ ചാടിക്കടന്നു ആ പെണ്‍കുട്ടിയെ തറയില്‍ നിന്നും കൈപിടിച്ച് എഴുനേല്‍പ്പിച്ചു. വേറൊരാള്‍ വന്ന് അവളുടെ സ്കൂട്ടര്‍ എടുത്തു നേരെ വെച്ചു.
അവളെ എഴുനേല്‍പ്പിച്ച പാടെ എന്‍റെ മുഖത്ത് നോക്കി ആക്രോശിച്ചു - "എന്താടോ തന്‍റെ മുഖത്ത് കണ്ണില്ലേ? എവിടെ നോക്കിയാ ഈ ചീറിക്കോണ്ട് പോകുന്നത്?"
എനിക്ക് ഒന്നും മനസിലായില്ല. ഞാന്‍ ഇതിനെ രക്ഷിക്കാന്‍ പോയതാണോ പ്രശ്നം? അതോ ദേഹത്ത് പിടിച്ചത് ആണോ കുഴപ്പം? അയ്യേ, അതിനു ഞാന്‍ വേറെ ഒന്നും വിചാരിച്ചിട്ട് അല്ലല്ലോ പിടിച്ചത്... രക്ഷിക്കാന്‍ അല്ലെ!!!
അവള്‍ പിന്നേം പറയുന്നു - "എടോ, ഒരു ബൈക്ക് കിട്ടിയാല്‍ പിന്നെ എല്ലാം ആയി എന്ന് വിചാരിക്കരുത്... മറ്റുള്ളവര്‍ക്കും കൂടി റോഡില്‍ യാത്ര ചെയ്യാനുള്ളതാ..."
അപ്പോഴേക്കും റോഡിന്റെ മറുഭാഗത്ത് ഒരു ബഹളം. ഞാന്‍ റോഡിനു നടുവില്‍ പാര്‍ക്ക് ചെയ്ത എന്‍റെ ബൈക്ക് ആണ് ഇപ്പോള്‍ ജാം ഉണ്ടാക്കുന്നത് ! അതിനു പിന്നാലെ കിടക്കുന്ന കുറെ കാറുകള്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കുന്നു. അതാ എന്‍റെ ബൈക്ക് ലക്ഷ്യമാക്കി പോലീസ് വരുന്നു. ദൈവമേ!
ഇനി പോലീസ് വന്ന് പരിശോധന വല്ലതും നടത്തി എനിക്ക് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നു കണ്ടുപിടിച്ചാല്‍ പിന്നെ പിഴ, പഴി, ധനനഷ്ടം, മാനഹാനി, ആകെ പണിയാകും. അതുകൊണ്ട് ആ പെണ്‍കുട്ടിയുടെ താങ്ക്സ് കേള്‍ക്കാന്‍ പോലും നില്‍ക്കാതെ ഞാന്‍ പെട്ടെന്ന് തന്നെ ഓടിവന്നു ബൈക്കില്‍ ചാടിക്കയറി. അപ്പോഴേക്കും നേരത്തെ ഹോണ്‍ മുഴക്കിയവന്മാര്‍ എന്നെ തുറിച്ചു നോക്കുന്നു.
"ഒരു പെണ്‍കുട്ടി മറിഞ്ഞു വീണത് കണ്ടിട്ട് നിനക്കൊന്നും വിഷമം ഇല്ലെടാ തെണ്ടികളെ..." എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു യാത്ര തുടര്‍ന്നു. ഇടയ്ക്കു ആ പെണ്‍കുട്ടിയെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ അവള്‍ എന്നെ നോക്കുന്നത് കണ്ടു.
കുറേക്കഴിഞ്ഞാണ് അവളുടെ ആക്രോശം എന്തിനായിരുന്നു എന്നെനിക്ക് മനസിലായത്. ഞാനാണ് ആ ബൈക്കില്‍ ചീറിപ്പാഞ്ഞു ചെന്ന് അവള്‍ടെ ബാലന്‍സ് തെറ്റിച്ചു തള്ളിയിട്ടത് എന്ന് അവള്‍ വിചാരിച്ചുകാണും! പക്ഷെ ഇനി എങ്ങനാ ഒന്ന് പറഞ്ഞു മനസിലാക്കുക..! ആ പോട്ട്...! റോഡ് ആകുമ്പോ ഇതുപോലെ പലതും കേള്‍ക്കേണ്ടിവരും... പോട്ട് പോട്ട്..!
*** **** ****
കുറച്ചു കാലങ്ങള്‍ക്കു ശേഷം.കൃത്യമായി പറഞ്ഞാല്‍ 2010 ജൂണ്‍ മാസം.അന്നൊരു ഞായറാഴ്ച ആയിരുന്നു. മിക്കവാറും ഞായറാഴ്ചകളില്‍ കൂട്ടുകാരുടെ കൂടെ കറങ്ങി നടക്കാറുണ്ട്. ജോലിക്കിടയില്‍ കിട്ടുന്ന അവധി ദിനങ്ങള്‍ ആസ്വദിക്കുക എന്നതാണ് നമ്മുടെ നയം. അങ്ങനെ അന്നും ഒരു സിനിമ ഒക്കെ കണ്ടു കൂട്ടുകാരുടെ വീട്ടിലൊക്കെ പോയി ചെറിയ ക്രിക്കറ്റ് ഒക്കെ കളിച്ചു. (എനിക്ക് പണ്ടേ ക്രിക്കറ്റ് കളിയോട് താല്പര്യം ഇല്ലാത്തതുകൊണ്ട് എനിക്കായിരിക്കും എന്‍റെ ടീമിലെ ആദ്യ ബാറ്റിംഗ്. ആദ്യ ബോളില്‍ തന്നെ ഞാന്‍ ഔട്ട് ആയാല്‍ പിന്നെ ബാക്കിയുള്ളവര്‍ക്ക് നല്ലപോലെ പ്ലാന്‍ ചെയ്തു കളിക്കാമല്ലോ!)
ഏകദേശം ഇരുട്ടിത്തുടങ്ങിയപ്പോള്‍ ഞാന്‍ വീട്ടിലേക്കു യാത്രയായി. കണ്ണാടി പോലത്തെ കേശവദാസപുരം - വെഞ്ഞാറമൂട് എം.സി റോഡില്‍ ചീറിപ്പാഞ്ഞു ബൈക്ക് ഓടിക്കാന്‍ തോന്നുമെങ്കിലും നിങ്ങള്‍ കരുതിയതുപോലെ ഞാന്‍ ചീറിപ്പാഞ്ഞില്ല. കാരണം കെ. എസ്. ആര്‍ .ടി. സി യോടുള്ള ഭയഭക്തി ബഹുമാനവും, മരുഭൂമിയിലെ മരുപ്പച്ച പോലെ അപ്രതീക്ഷിതമായി അവിടവിടെ കാണപ്പെടുന്ന ഗട്ടറും തന്നെയാണ്. അതുകൊണ്ട് അധികം വേഗത്തിലല്ലാതെ ഒരു നാല്‍പ്പത് - അമ്പതു പിടിച്ചു ബൈക്ക് ഓടിക്കുകയാണ്.
പക്ഷെ, എത്രയൊക്കെ സൂക്ഷിച്ചാലും, ലവനുണ്ടല്ലോ ലവന്‍ - "വിധി" എന്ന് എല്ലാരും പറയുന്ന അവന്‍ - അത് പൂച്ചയായും വരും!
ഒരു വളവില്‍ ചരിഞ്ഞു വളഞ്ഞു വരുകയാണ്. വളവില്‍ ചരിയുമ്പോള്‍ ഒക്കെ പണ്ട് സ്കൂളില്‍ ലളിത ടീച്ചര്‍ പഠിപ്പിച്ച "സെന്ററിഫ്യൂഗല്‍ ഫോഴ്സ്" ഓര്‍മവരും. അങ്ങനെ ഓര്‍ത്ത് വളഞ്ഞതും എവിടെന്നോ ഒരു പൂച്ച മുന്നിലേക്ക് ചാടി വീണു. റോഡിനു ഇരുവശവും ശ്രദ്ധയോടെ നോക്കി റോഡ് മുറിച്ചുകടക്കുന്ന പട്ടികളെ പലപ്പോഴും കണ്ടിട്ടുണ്ട്. അതിന്റെ അത്രപോലും ബുദ്ധിയില്ലാത്ത ഈ പൂച്ച എന്‍റെ ബാലന്‍സ് തെറ്റിച്ചു എന്നെയും എന്‍റെ ബൈക്കിനെയും റോഡില്‍ തള്ളിയിട്ടു!
കുറെ ആളുകള്‍ ഓടിവന്നു എന്നെ പൊക്കിയെടുത്തു. കയ്യിലൊക്കെ നല്ലതുപോലെ പെയിന്റ് പോയി. കുനിഞ്ഞു നോക്കിയപ്പോള്‍ ജീന്‍സ് കീറിയ കാല്‍മുട്ടില്‍ നിന്നും ചോര ധാര ധാരയായി...! അതുവരെ "ഏയ് എനിക്ക് ഒന്നുമില്ല..." എന്ന് പറഞ്ഞു നിന്ന എന്‍റെ സകല ധൈര്യവും ചോര്‍ന്നുപോയി. കാല്‍മുട്ടിന് നല്ല വേദനയും. പൊട്ടലോ മറ്റോ ഉണ്ടോന്ന് കൂടി നിന്നവര് സംശയം പ്രകടിപ്പിച്ചപ്പോള്‍ ഇനി ജീവിച്ചിട്ടു കാര്യമില്ലേ എന്നൊക്കെ തോന്നി!
അങ്ങനെ ഒരു കാറില്‍ ഞാന്‍ ആശുപത്രിയില്‍ എത്തി.
ഡോക്ടര്‍ വന്ന് നോക്കി. എക്സ്-റേ, സ്കാനിംഗ്, റേഡിയോ ടെസ്റ്റ്, യൂറിന്‍ ടെസ്റ്റ്, ബ്ലഡ് ടെസ്റ്റ്, എലിസ ടെസ്റ്റ് മുതലായ എന്തൊക്കെയോ ടെസ്റ്റുകള്‍ നടത്തി. ഈ സമയത്ത് ഞാന്‍ വീട്ടിലും കൂട്ടുകാരോടും സംഗതി വിളിച്ചു പറഞ്ഞിട്ട് അവിടത്തെ കട്ടിലില്‍ കിടന്നു.
അപ്പോഴേക്കും ഒരു നേഴ്സ് വന്ന് എന്‍റെ മുറിവ് കെട്ടാന്‍ തുടങ്ങി. അല്ലെങ്കിലും ഈ നേഴ്സ് സുന്ദരിമാരുള്ള ഹോസ്പിറ്റലില്‍ ഒരിക്കലെങ്കിലും പോയിക്കിടക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്! ഞാന്‍ ആ നേഴ്സിന്റെ മുഖത്തെക്ക് നോക്കി. ആ നേഴ്സ് എന്‍റെ മുഖത്തേക്കും നോക്കി.
എവിടെയോ കണ്ടു മറന്ന ഒരു മുഖം പോലെ എനിക്ക് തോന്നി. എവിടെയാ, ഓര്‍ക്കുന്നില്ല. ആ, ചിലപ്പോള്‍ വെറുതെ തോന്നുന്നതാകും.
പക്ഷെ... അതെ, സംഗതി നിങ്ങള്‍ ഊഹിച്ചതുപോലെ തന്നെ! കഥയുടെ ഒന്നാം ഭാഗത്ത് ഞാന്‍ റോഡില്‍ "തള്ളിയിട്ട" അവള്‍ ഇല്ലേ? അത് തന്നെ കക്ഷി!!!
അവള്‍ക്ക് എന്നെ കണ്ടപ്പോള്‍ മനസിലായി. "അന്ന് കഴക്കൂട്ടം ജങ്ങ്ഷനില്‍ വെച്ച്... ട്രാഫിക് ജാമില്‍ ... ഹോണ്ട ആക്ടീവ... മറിഞ്ഞു വീണപ്പോ... പിടിച്ചു എഴുനേല്‍പ്പിച്ച ആളല്ലേ???" - അവള്‍ ചോദിച്ചു.
അപ്പോഴാണ് സംഗതി എനിക്കും ക്ലിക്കിയത് !!! അന്ന് എന്നെ ചീറിക്കടിച്ച അവള്‍ അല്ലെ ഇത്? ഇന്ന് എന്നെ കുത്തിവെച്ചു ദേഷ്യം തീര്‍ക്കുമോ???
"എന്നോട് ക്ഷമിക്കണം, അന്ന് നിങ്ങളാണ് തള്ളിയിട്ടത് എന്നുകരുതിയാണ് അങ്ങനെ ദേഷ്യപ്പെട്ടത്... നിങ്ങളല്ല എന്ന് പിന്നെയാണ് മനസിലായത്... പെട്ടെന്നുള്ള ദേഷ്യത്തില്‍ അറിയാതെ എന്തൊക്കെയോ പറഞ്ഞതാണ്... സോറി" - അവള്‍ പറഞ്ഞു.
ഹമ്പടാ, എന്നെ തെറ്റിദ്ധരിക്കാന്‍ ഞാന്‍ പറഞ്ഞോ? എന്നിട്ടിപ്പോ സോറി ആണത്രേ സോറി! അടുത്ത കുറച്ചു കാലത്തേക്ക് അവളാണല്ലോ കുത്തിവെപ്പും മരുന്നും തരേണ്ടത്... അത് മാത്രമല്ല ഇനിയും പല ആവശ്യങ്ങള്‍ക്കായി ഈ ആശുപത്രിയില്‍ വരേണ്ടിവരും... അതൊക്കെ ഓര്‍ത്ത് ഞാന്‍ പിന്നെ അധികം മിണ്ടാന്‍ പോയില്ല. അല്ല പിന്നെ!
*** **** ****
പിന്നെയും കാലം കടന്നുപോയി.
രണ്ടു ആഴ്ചകള്‍ക്ക് മുന്‍പ്.കൃത്യമായി പറഞ്ഞാല്‍ 2012 ജൂലൈ.നേരത്തെ പറഞ്ഞതുപോലെ, അതേ ആശുപത്രിയില്‍ വീണ്ടും എത്തി.
ഇത്തവണ എന്‍റെ ഭാര്യയേയും കൊണ്ട് ഞാന്‍ വന്നതാണ്. വീട്ടുകാര്‍ കൂടെയുണ്ട്.
ഭാര്യയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചു. സിനിമയിലൊക്കെ കാണുന്നതുപോലെ ഞാന്‍ ലേബര്‍ റൂമിനു പുറത്തു ടെന്‍ഷന്‍ അടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയാണ്. പുകവലി ശീലം അല്ലാത്തതുകൊണ്ട് സിനിമയിലെ സീന്‍ പോലെ ചുണ്ടിലും വിരലിലുമായി മാറി മാറി പുകയുന്ന സിഗരറ്റ് ഇല്ല കേട്ടോ.
സമയം കടന്നു പോകുംതോറും ടെന്‍ഷന്‍ കൂടി വരുകയാണ്... ഒപ്പം മനസ് വിടാതെ പ്രാര്‍ഥിച്ചു വീട്ടുകാരും കൂടെയുണ്ട്... മാത്രമല്ല, കടിഞ്ഞൂല്‍ പ്രസവം ആണ്.
കുറച്ചു കഴിഞ്ഞപ്പോള്‍ ലേബര്‍ റൂമിന്റെ വാതില്‍ മെല്ലെ തുറന്നു ഒരു നേഴ്സ് പുറത്തേക്ക് നോക്കി. ഞങ്ങളെല്ലാരും ആകാംക്ഷയോടെ അവരുടെ മുഖത്തേക്ക് നോക്കി. പെട്ടെന്ന് അവര്‍ എന്നോടായി പറഞ്ഞു - "ഭാര്യ നിങ്ങളെ വിളിക്കുന്നു"
ഞാന്‍ ആകെ ടെന്‍ഷന്‍ ആയി. "എന്തെങ്കിലും കുഴപ്പം?" എന്ന് ചോദിച്ചുകൊണ്ട് ഞാന്‍ അകത്തേക്ക് കടന്നു. കൂടെ വീടുകാര്‍ വാതിലിലേക്ക് വന്നതും "ഒരാള്‍ മാത്രം മതി" എന്ന് പരുക്കന്‍ ശബ്ദത്തില്‍ പറഞ്ഞുകൊണ്ട് അവര്‍ വാതില്‍ അടച്ചു. എനിക്ക് കയ്യില്‍ ഇടാന്‍ ഒരു ജോഡി ഗ്ലൌസ് തന്നു. ഒപ്പം ഒരു പച്ച തൊപ്പിയും. ഞാന്‍ രണ്ടും ധരിച്ചു ഉള്ളിലേക്ക് കടന്നു.
അവള്‍ ബെഡില്‍ കിടക്കുകയാണ്... ഞാന്‍ പതിയെ അവളുടെ അടുത്തെത്തി. അവളുടെ കൈകളില്‍ പിടിച്ചതും അവള്‍ കണ്ണുകള്‍ തുറന്നു.
"ഏട്ടാ..." - അവള്‍ വിളിച്ചു. അവളുടെ കണ്ണുകളില്‍ തിളക്കം.
"പറയെടാ..." - ഞാന്‍ പറഞ്ഞു.
"ഏട്ടാ, ഏട്ടന്‍ ആഗ്രഹിച്ചതുപോലെ, നമുക്കൊരു സുന്ദരി വാവയെ കിട്ടി..." - സന്തോഷത്തോടെ അവള്‍ അത് പറഞ്ഞപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു.
ഞാന്‍ അവളുടെ കൈകള്‍ മുറുകെ പിടിച്ചു. അവളുടെ നെറ്റിയില്‍ ഞാന്‍ അമര്‍ത്തി ചുംബിച്ചു. സന്തോഷം കൊണ്ട് അവളുടെ കണ്ണുകള്‍ നിറയുന്നത് എനിക്ക് കാണാമായിരുന്നു. ഒരു ജന്മത്തിന്റെ കാത്തിരുപ്പ്... ഞങ്ങളുടെ മകള്‍ !
തൊട്ടിലില്‍ കിടത്തിയിരിക്കുന്ന എന്‍റെ ചോരയെ, ഞങ്ങളുടെ കുഞ്ഞിനെ, ഞാന്‍ നോക്കി. കൌതുകത്തോടെ ഞാന്‍ വിളിച്ചു - "മോളെ..."
കുഞ്ഞിനെ ഇപ്പോള്‍ എടുക്കാന്‍ പറ്റില്ലെന്ന് നേഴ്സ് പറഞ്ഞു. അത് മാത്രമല്ല, ഞാന്‍ കൂടുതല്‍ സമയം അവിടെ നില്‍ക്കുന്നത് ഇന്‍ഫെക്ഷന് കാരണമാകും എന്ന് പറഞ്ഞു. പുറത്തു കാത്തു നിന്നാല്‍ മതിയെന്ന് അവര്‍ പറഞ്ഞു.
ഞാന്‍ അവളെ നോക്കി ചിരിച്ചു. പുറത്തു നില്‍ക്കാം എന്ന് പറഞ്ഞ് തിരിഞ്ഞതും അവള്‍ എന്‍റെ കയ്യില്‍ പിടിച്ചു. എന്തോ പറയാനെന്നപോലെ.
"ഏട്ടാ, നമ്മുടെ മോള്‍ ... അവള്‍ക്കും നമുക്കൊരു ഹോണ്ട ആക്ടീവ വാങ്ങണ്ടേ?"
ഞാന്‍ ചിരിച്ചു. "അതേ... വേണം... വാങ്ങാം..." - ഞാന്‍ പറഞ്ഞുകൊണ്ട് ലേബര്‍ റൂമിനു പുറത്തേക്കിറങ്ങി.
പുറത്തിറങ്ങിയ എന്നെ എല്ലാപേരും കൂടി വളഞ്ഞു. എല്ലാപേര്‍ക്കും വിശേഷം അറിയാന്‍ തിടുക്കമായി. പക്ഷെ എന്‍റെ മനസ് വേറെ എവിടെയോ ആയിരുന്നു.
ഞാന്‍ ആലോചിച്ചു - അതേ, അത് ദൈവത്തിന്‍റെ പൂച്ചയായിരുന്നു!