Showing posts with label കുറിപ്പുകള്‍. Show all posts
Showing posts with label കുറിപ്പുകള്‍. Show all posts

Sunday, March 06, 2022

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത്ത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.
    
ചോദ്യം: ആഗോളതലത്തിൽ രണ്ടാഴ്ചത്തേക്ക് ഒരു രൂപത്തിലും വൈദ്യുതി ലഭ്യമല്ലാത്ത ഒരു സാഹചര്യം നിങ്ങൾക്ക് സങ്കല്പിക്കാമോ? എന്താണ് പ്രശ്‌നങ്ങൾ, അവ എങ്ങനെ കൈകാര്യം ചെയ്യാം? 

Monday, February 10, 2020

എൻ്റെ "മൂന്ന് മിനിറ്റ് നിയമം"

എന്തും ചെയ്യാതെ നീട്ടിവയ്ക്കുന്ന മടിയന്മാർക്ക് ആ മടി മാറ്റാനായി വളരെ പ്രശസ്തമായ ഒരു "2-മിനിറ്റ് നിയമം" ഉണ്ട്.  ഏതാനും വർഷങ്ങൾക്കു മുൻപാണ് ഈ നിയമം എൻ്റെ കണ്ണിൽപെടുന്നത്.

ഇതാണ് ആ നിയമം:

"ഒരു കാര്യം ചെയ്തു തീർക്കാൻ 2 മിനിറ്റിൽ താഴെ മതിയെങ്കിൽ അത് നീട്ടിവയ്ക്കാതെ അപ്പോൾ തന്നെ ചെയ്തു തീർക്കുക".

ഒരു ഉദാഹരണം പറഞ്ഞാൽ, നിങ്ങൾക്ക് ഒരു കറണ്ട് ബില്ല് അടയ്ക്കാൻ ഉണ്ടെന്നു കരുതുക. അതിനായി നിങ്ങൾ കമ്പ്യൂട്ടർ തുറക്കണം, ബ്രൗസർ തുറന്ന് ബാങ്ക് സൈറ്റിൽ പോയി ലോഗിൻ ചെയ്തു ബില്ലിൻറെ വിവരങ്ങൾ നൽകി പൈസ അടച്ചു ഓ.റ്റി.പി വന്നിട്ട് അതും കൊടുത്ത് പേയ്മെന്റ് പൂർത്തിയായോ എന്ന് നോക്കണം --- ഇത്രയും ചെയ്യാനുള്ള മടി കാരണം അത് പിന്നീടേക്ക്‌ മാറ്റിവയ്ക്കുന്നു എന്ന് കരുതുക. ചിലപ്പോൾ നിങ്ങൾ അത് നീട്ടിവെച്ചു നീട്ടിവെച്ചു പിന്നീട് മറന്നുപോയേക്കാം. പിന്നീട് ഫ്യൂസ് ഊരാൻ വീട്ടിൽ ആള് വരുമ്പോഴാകും നിങ്ങൾ ബിൽ അടച്ചില്ല എന്ന കാര്യം ഓർക്കുക. അപ്പോഴേക്കും സമയം വൈകിയിട്ടുണ്ടാകും.

Sunday, January 03, 2016

ഭ്രാന്തന്മാര്‍!

ന്യൂ ഇയര്‍ രാത്രിയിലാണ് അത് സംഭവിച്ചത്. തീരദേശ പാതയിലൂടെ കൂട്ടുകാര്‍ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ കുറച്ചു മുന്നിലായി ഒരു ആള്‍ക്കൂട്ടം. ബൈക്ക് നിര്‍ത്തി ഞാനും കൂട്ടുകാരും ഇറങ്ങി അവിടേക്ക് ചെന്നു. എന്താണ് അവിടെ നടക്കുന്നതെന്ന് അറിയണമല്ലോ.

ഏതാണ്ട് അഞ്ചു മിനിട്ടിനു മുന്‍പാണ് രണ്ടു കാറുകള്‍ കൂട്ടിയിടിച്ചത്. ആളപായമില്ല. അവര്‍ പുറത്തിറങ്ങി പരസ്പരം കുറ്റം ചാര്‍ത്തുകയാണ്. മറ്റവന്റെ തെറ്റുകൊണ്ടാണ് കാര്‍ ഇടിച്ചതെന്ന് ഇരുവരും പറഞ്ഞുകൊണ്ടിരുന്നു. രണ്ടു ഡ്രൈവര്‍മാറും നല്ലതുപോലെ "ഫിറ്റ്" ആയിരുന്നു എന്ന് കണ്ടാല്‍ തന്നെ അറിയാം. ഇതിനിടെയാണ് കുറച്ച് സമീപവാസികള്‍ ഓടിക്കൂടിയത്.

ഓടിക്കൂടിയ ആളുകള്‍ പിന്നീട് രണ്ടായി തിരിഞ്ഞ് പക്ഷം ചേര്‍ന്നു. ഒരു കൂട്ടര്‍ ഒരു കാറിന്റെ പക്ഷം ചേര്‍ന്നപ്പോള്‍ മറ്റൊരു കൂട്ടര്‍ മറ്റേ കാറിന്റെ പക്ഷം ചേര്‍ന്നു. തര്‍ക്കം മൂത്തു. അവിടേയ്ക്ക് എത്തുന്ന ഓരോരുത്തരും കാറുകളെ രണ്ടും അടിമുടി നോക്കിയിട്ട് പക്ഷം ചേരുന്ന കാഴ്ചയാണ് കണ്ടത്. എല്ലാ ആക്സിഡന്റ് സീനിലും കാണുന്ന ഒരു സ്ഥിരം കാഴ്ച്ചയാണ് ആളുകളുടെ ഈ പക്ഷം ചേരല്‍. മിക്കവാറും വില കൂടിയ കാറിന്റെ ഉടമ നിരപരാധി ആയിരുന്നാല്‍പ്പോലും അപരാധിയായി അവരോധിക്കപ്പെടുകയാണ് പതിവ്.

അങ്ങനെ ആണെങ്കില്‍ ഞങ്ങള്‍ ഏതെങ്കിലുമൊരു കാറിന്റെ പക്ഷം ചേരണമല്ലോ. രണ്ടും ഒരേ കമ്പനിയുടെ കാറുകള്‍ തന്നെ; ഒരേ മോഡലും. രണ്ടു കാറിനും ഒരേ നിറം. രണ്ടും പെട്രോളിൽ ഓടുന്നത് തന്നെ. ഒരേ വർഷം തന്നെ പുറത്തിറങ്ങിയ കാറുകൾ ആണ്, എന്നാലും നമ്പർപ്ലേറ്റ് കണ്ടിട്ട് അവ തമ്മിൽ ഏതാനും മാസങ്ങളുടെ വ്യത്യാസം ഉണ്ടാകുമായിരിക്കും എന്ന് ഞങ്ങൾ ഊഹിച്ചു. എന്നാല്‍ പിന്നെ പുതിയ കാറിന് പക്ഷം ചേരാമെന്ന് ഞങ്ങള്‍ കരുതി.

പക്ഷെ ഞങ്ങളില്‍ ഒരുവന് എതിര്‍പ്പുണ്ടായി. ഞങ്ങൾ പുതിയ കാറിനോട് പക്ഷം ചേരുന്നത് അന്യായമാണെന്നും, പഴയ കാറിനു പോറലുകൾ കൂടുതൽ ആയതിനാൽ അതിനൊപ്പം പക്ഷം ചേരാമെന്നും അവൻ അഭിപ്രായപ്പെട്ടു.

പക്ഷം ചേരുന്ന കാര്യത്തില്‍ ഞങ്ങള്‍ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നില്ല. തിരിഞ്ഞു നോക്കുമ്പോള്‍ ആക്സിഡന്റിനെ ചൊല്ലിയുള്ള തര്‍ക്കം മൂത്ത് മൂത്ത് അടിപിടിയായി. അതിനിടെ ദൂരെനിന്നും കുറുവടികളും പിച്ചാത്തികളും ഒക്കെയായി കുറെ ആളുകള്‍ ഓടിയടുക്കുന്നു! ചോര വീഴുമെന്ന അവസ്ഥയിലായി. ഈ സ്ഥലവും സീനും അത്ര പന്തിയല്ലാ എന്നുള്ളതുകൊണ്ടും, അടുത്ത തവണയും രണ്ടുകാലില്‍ നിന്ന് ന്യൂ ഇയര്‍ ആഘോഷിക്കണമെന്നും ആഗ്രഹം ഉള്ളതുകൊണ്ട് പക്ഷം ചേരാനൊന്നും നില്‍ക്കാതെ ഞങ്ങള്‍ ബൈക്കുമെടുത്ത് സ്ഥലം കാലിയാക്കി.

പക്ഷെ പിറ്റേന്നത്തെ പത്രത്തില്‍ പ്രസ്തുത സ്ഥലത്ത് ഒരു ചെറിയ കലാപം തന്നെ ഉണ്ടായതായി വായിച്ചു. മൂന്നു ബറ്റാലിയന്‍ പോലീസ് സ്ഥലത്ത് തമ്പടിച്ചു ക്രമസമാധാനം നിലനിര്‍ത്തുന്നുവത്രേ! രണ്ടു കാറുകള്‍, അത് ഓടിച്ചിരുന്നവന്മാരുടെ കയ്യിലിരുപ്പു കാരണം കൂട്ടിയിടിച്ചതിന്, ഇത്ര വികാരം കൊണ്ട് പക്ഷം ചേര്‍ന്ന് തല്ലുകൂടാനുള്ള ചേതോവികാരം എന്തായിരുന്നുവെന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല.

ഭ്രാന്തന്മാര്‍!


  ***    ***    ***    ***    ***


ബൈപ്പാസ് വികസനത്തിന്റെ ഭാഗമായി ഇപ്പോഴുള്ള റോഡിന്‍റെ ഇരുവശത്തുമുള്ള മരങ്ങള്‍ മുറിച്ചുനീക്കാന്‍ തുടങ്ങിയിരിക്കുന്നു. ആ മരങ്ങള്‍ക്ക് കീഴിലായി നടന്നുവന്ന കച്ചവടങ്ങള്‍ ഒഴിപ്പിച്ചിരിക്കുന്നു. അക്കൂട്ടത്തിൽ അവിടെ കുറച്ചു നാളുകളായി കൂടാരം കെട്ടി പാര്‍ത്തുവന്ന നാടോടികളും ഉണ്ടായിരുന്നു. ഈ നാടോടികളെ കുറച്ചു നാളുകളായി ട്രാഫിക് സിഗ്നലുകളില്‍ വില്‍പ്പന നടത്തുന്നത് കാണാം. അവര്‍ ഇനി നാട് മുഴുവന്‍ ഓടിയോടി മറ്റെവിടെയെങ്കിലും പോയി തമ്പടിക്കുമായിരിക്കും.

ആ കൂടാരത്തില്‍ അവര്‍പണിയെടുത്തിരുന്നു. പ്ലാസ്ടര്‍ ഓഫ് പാരീസ് കുഴച്ച് അച്ചിലൊഴിച്ച് ചെറിയ പ്രതിമകള്‍ നിര്‍മിക്കുന്നു. അതിനെ വെയിലത്ത് നിരത്തി ഉണക്കിയെടുക്കുന്നു. പിന്നീട് അതില്‍ നിറങ്ങള്‍ പൂശി വീണ്ടും ഉണക്കുന്നു. പിന്നെ തിളങ്ങുന്ന മുത്തുകളും മിനുക്കും പശചേര്‍ത്ത് ഒട്ടിചെടുക്കുന്നു. അതില്‍ വാര്‍ണീഷ് പൂശി തിളക്കമുള്ളതാക്കുന്നു. ഇങ്ങനെ മനോഹരമായ പ്രതിമകള്‍ നിര്‍മിക്കാന്‍ അവരെ ആരാണാവോ പഠിപ്പിക്കുന്നത്‌?

ഒരു കയ്യില്‍ ഒരു താലത്തില്‍ ഈ പ്രതിമകളും മറ്റേ കയ്യിലൊരു കൈക്കുഞ്ഞുമായാണ് ഇവര്‍ ട്രാഫിക് സിഗ്നലുകളില്‍ പ്രത്യക്ഷപ്പെടുക. ചുവപ്പ് സിഗ്നലില്‍ കിടക്കുന്ന കാറുകളും ബൈക്കുകളുമാണ് ഇവരുടെ ലക്‌ഷ്യം. മിക്കവാറും കാറുകളുടെ ഗ്ലാസില്‍ മുട്ടി ഇവര്‍ യാചിക്കുന്നുണ്ടാകും. ചിലരൊക്കെ അവരെ കാണാത്തതുപോലെ അഭിനയിക്കും. ചിലരൊക്കെ മാന്യമായി തലയാട്ടി നിരസിക്കും.

വല്ലപ്പോഴും ഒരിക്കല്‍ ഈ പ്രതിമകള്‍ വില്‍ക്കപ്പെടും. വിറ്റുകിട്ടുന്ന പണം അവരുടെ കയ്യിലെ കൈക്കുഞ്ഞിന്റെ വിശപ്പടക്കും. അവരുടെ കയ്യിലെ താലത്തില്‍നിന്നും ആ പ്രതിമകള്‍ കാറിന്റെ ഡാഷ്ബോര്‍ഡില്‍ എത്തുമ്പോള്‍ ആ പ്രതിമകളുടെ നിറവും രൂപവും ആ കാറിന്റെയും, അതിനകത്തുള്ളവരുടെയും മതം വിളിച്ചുപറയും.

മതം!

Tuesday, October 13, 2015

വിവാഹവിരുന്നിലെ യാചകന്മാര്‍

വിവാഹദിവസം വൈകുന്നേരത്ത് ടൌണിലെ ഒരു ഹാളില്‍ ആയിരുന്നു റിസപ്ഷന്‍ സംഘടിപ്പിച്ചത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സുഗമമായി എത്തിച്ചേരാനുള്ള സൌകര്യത്തിനാണ് വീട് ഒഴിവാക്കി ടൌണില്‍ തന്നെ ഹാള്‍ ബുക്ക് ചെയ്തത്.

അന്ന്‍ വൈകുന്നേരം ആറുമണിയോടെ ബന്ധുക്കളും കൂട്ടുകാരും ഭാര്യവീട്ടുകാരും എത്തിച്ചേര്‍ന്നു. ഭക്ഷണവും ആഘോഷങ്ങളും തമാശപറച്ചിലും സമ്മാനപ്പൊതികളും ഫോട്ടോയെടുപ്പും, അങ്ങനെ ആകെ ഒരു ആഹ്ലാദത്തിമിര്‍പ്പില്‍ ആയിരുന്നു ഞങ്ങളെല്ലാം.

Wednesday, April 02, 2014

ചില ബന്ധങ്ങള്‍ ഡെറ്റോള്‍ കുപ്പി പോലെയാണ്...

ചില ബന്ധങ്ങള്‍ ഡെറ്റോള്‍ കുപ്പി പോലെയാണ്.

എങ്ങനെയെന്നല്ലേ? പറയാം.

മുറ്റത്തുകൂടി ചെരുപ്പില്ലാതെ നടക്കവേ കാലില്‍ എന്തോ ഒന്ന് തുളഞ്ഞുകയറി. നല്ലതുപോലെ ചോരയൊഴുകാന്‍ തുടങ്ങി. നോക്കിയപ്പോള്‍ തുരുമ്പിച്ച ഒരു ആണിയുടെ കഷ്ണം. എന്തായാലും കുത്തിവെപ്പ് എടുക്കണം.

Monday, December 02, 2013

കാറും കൂട്ടുകാരനും കല്യാണവും

ഞങ്ങള്‍ സുഹൃത്തുക്കളാണ്; സഹപ്രവര്‍ത്തകരും അതിലുപരി ഒരേ സ്ഥലങ്ങളില്‍ താമസിക്കുന്നവരുമാണ്. അവന്‍ ഓഫീസില്‍ ജോയിന്‍ ചെയ്തതിനുശേഷമാണ് ഞങ്ങള്‍ സുഹൃത്തുക്കളായത്. അതിനുശേഷം ഞങ്ങള്‍ ഒരുമിച്ചു എന്റെ കാറില്‍ ആണ് ഓഫീസിലേക്ക് യാത്ര. തിരിച്ചും അങ്ങനെതന്നെ.



അന്ന് ഞാനും അവനും മുന്‍പിലത്തെ സീറ്റുകളില്‍ ഇരിക്കുമായിരുന്നു. കൂടെ വേറെ ആരെങ്കിലും ഉണ്ടെങ്കില്‍ പുറകിലത്തെ സീറ്റില്‍ ഇരിക്കും.

അങ്ങനെയിരിക്കെ അവനൊരു കാമുകിയെ കിട്ടി.

അതിനുശേഷം അവര്‍ രണ്ടുപേരും കൂടി പുറകിലിരിക്കും. ഞാന്‍ ഒറ്റയ്ക്ക് മുന്നിലും. അവരുടെ സംഭാഷണം ശ്രദ്ധിക്കാന്‍ താല്പര്യമില്ലെങ്കിലും ഇടയ്ക്കിടെ അവര്‍ സ്വപ്‌നങ്ങള്‍ നെയ്യുന്നത് കേള്‍ക്കാന്‍ ഒരു സുഖമുണ്ടായിരുന്നു.

Tuesday, February 12, 2013

ഏഴ് ഒറ്റവരി കഥകള്‍




1. അമ്മത്തൊട്ടില്‍
അമ്മത്തൊട്ടിലില്‍ ജീവിതം തുടങ്ങിയ പെണ്‍കുട്ടി പതിനാറ് വയസു തികയുന്നതിനു മുന്‍പേ അമ്മത്തൊട്ടിലിന്റെ പടവുകള്‍ വീണ്ടും കയറുമ്പോള്‍ കണ്ണുനീര്‍ വറ്റിയ അമ്മത്തൊട്ടിലും കാലവും മാത്രം സാക്ഷിയായി.

Wednesday, October 10, 2012

പുസ്തകവിചാരം : മധുപാലിന്‍റെ "ഫേസ്ബുക്ക്" ( നോവല്‍ )


"ഫേസ്ബുക്ക്" എന്ന നോവല്‍ 

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് ചലച്ചിത്രതാരവും, സംവിധായകനും, കഥാകൃത്തുമായ മധുപാല്‍ രചിച്ച "ഫേസ്ബുക്ക്" എന്ന നോവല്‍ പുറത്തിറങ്ങിയത്. മാതൃഭൂമി ബുക്സ്‌ ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവതരണത്തിലെ വ്യത്യസ്തത കൊണ്ടും, തലക്കെട്ടിലെ ആകര്‍ഷണം കൊണ്ടുമാണ് ഈ നോവല്‍ വാങ്ങാന്‍ തീരുമാനിച്ചത്. അങ്ങനെ തിരുവനന്തപുരത്ത് കനകക്കുന്നില്‍ നടന്ന മാതൃഭൂമി ബുക്സ്‌ഫെസ്റ്റില്‍ പ്രസ്തുത "ഫേസ്ബുക്ക്" വാങ്ങാനുള്ള അവസരം ഉണ്ടായി. വായിച്ചു കഴിഞ്ഞപ്പോള്‍ അതെക്കുറിച്ച് എന്തെങ്കിലും പറയണമല്ലോ.

ഫേസ്ബുക്ക് - നോവല്‍ - മധുപാല്‍


അതിരിക്കട്ടെ, എന്താണ് ഇത്ര പ്രത്യേകത?

നേരത്തെ പറഞ്ഞതുപോലെ, അവതരണത്തിലെ വ്യത്യസ്തത കൊണ്ടാണ് നോവല്‍ ശ്രദ്ധേയമാകുന്നത്. യഥാര്‍ത്ഥ ഫേസ്ബുക്കില്‍ കണ്ടുമുട്ടുന്ന, എന്നാല്‍ പരസ്പരം നേരിട്ട് കണ്ടിട്ടില്ലാത്ത ഒരുകൂട്ടം ആളുകളുടെ വാള്‍ പോസ്റ്റുകളും, അതിനെ തുടര്‍ന്ന് വരുന്ന കമന്റുകളും, തുടര്‍ പോസ്റ്റുകളും, പ്രൈവറ്റ് മെസ്സജുകളും ഒക്കെയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

Tuesday, August 28, 2012

ഓണാശംസകള്‍ - ഒപ്പം മലയാളത്തിലെ ആദ്യകാല ഓണപ്പാട്ടുകളും

അങ്ങനെ വീണ്ടും ഒരു ഓണം കൂടി വന്നെത്തി. പതിവുപോലെ, വസന്തത്തിന്റെയും പൂക്കളുടെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഒക്കെ ഉത്സവം തന്നെയാണ് ഓണം. ജാതിമത ഭേദങ്ങള്‍ ഒന്നുമില്ലാതെ നാമെല്ലാം കോളേജിലും ഓഫീസിലും വീടുകളിലും നാട്ടിലും പറമ്പിലും (പറമ്പിലോ? ആ അത് തന്നെ!) ഒക്കെ ഓണം ആഘോഷിക്കുന്നു. ഓണക്കാലത്തെ സന്തോഷം ഒന്ന് വേറെ തന്നെ.

സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ കണ്ടെത്തിയത് - ഓരോ ഓണത്തിനും നമ്മള്‍ ഓരോ ക്ലാസില്‍ ആയിരിക്കും. ഈ ഓണത്തിന് അഞ്ചാം ക്ലാസില്‍ ആണെങ്കില്‍ അടുത്ത ഓണം ആഘോഷിക്കുന്നത് ആറാം ക്ലാസില്‍ .. അങ്ങനെ ഇതുവരെ എത്തി. ഓരോ ഓണവും ഓരോ വര്‍ഷങ്ങള്‍ പിന്നിലാക്കിയാണ് എത്തുന്നതെന്ന് പലപ്പോഴും തോന്നാറില്ല. അല്ലെ.

പ്രിയപ്പെട്ട വായനക്കാര്‍ക്ക് ഈ പൊന്നോണത്തിന് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ :-)

Saturday, August 18, 2012

മൂന്ന് നുറുങ്ങ് ചിന്തകള്‍

1. ഇക്കഴിഞ്ഞ മെയ്‌ 24 ലെ പെട്രോള്‍ വിലവര്‍ധനയും തുടര്‍ന്നുണ്ടായ ഹര്‍ത്താലിലും ഉണ്ടായ ഒരു ചിന്ത:

ഒരു കുതിരയെ വാങ്ങുന്നതിനെക്കുറിച്ച് വളരെ സീരിയസ് ആയി ചിന്തിക്കുന്നുണ്ട് ഞാന്‍. എന്‍റെ പറമ്പില് ആവശ്യത്തിലേറെ പുല്ലും വെള്ളവും കിട്ടും. അത് കൊടുത്താല്‍ മതി. അതിന്‍റെ ചാണകം വളമായിട്ടും ഉപയോഗിക്കാം.

റോഡില്‍ ഇറങ്ങാന്‍ ലൈസന്‍സ് വേണ്ട, ആര്‍. സീ. ബുക്കും വേണ്ട. നല്ല സ്പീഡും ഉണ്ട്. അഥവാ ഹര്‍ത്താല്‍ ദിവസം ആയാല്‍ പോലും യാത്ര നടക്കും. ഹര്‍ത്താലിന് വാഹനങ്ങള്‍ക്കല്ലേ നിരോധനം, കുതിരകള്‍ക്ക് നിരോധനം ഇല്ലല്ലോ... ജോലിക്ക് പോകുമ്പോള്‍ അവിടെയെങ്ങാനും മേയാന്‍ വിട്ടിരുന്നാല്‍ വൈകുന്നേരം തിരിച്ചു വരുമ്പോള്‍ തനിയെ "ഇന്ധനം" നിറച്ചു നില്‍ക്കും... ചിലവോ, ഒന്നുമില്ല. 30 വര്‍ഷത്തേക്ക് പിന്നെ വേറെ വണ്ടി ഒന്നും വാങ്ങണ്ട... മെയിന്റനന്‍സ് വളരെ കുറവ് മാത്രം.

Thursday, June 14, 2012

പെട്രോള്‍ വിലവര്‍ദ്ധനവ് - ഞാന്‍ ഒരു പരിഹാരം പറയട്ടെ?

പെട്രോളിനൊക്കെ ഇപ്പൊ എന്താ വില! ഇത് എഴുതുമ്പോള്‍ ലിറ്ററിന് എഴുപത്തിയഞ്ചോളം രൂപയാണ് വില. ഇത് ഞാന്‍ എഴുതിക്കഴിഞ്ഞു പോസ്റ്റ്‌ ചെയ്യുമ്പോഴേക്കും എണ്‍പതു രൂപാ കടന്നേക്കാം. നിങ്ങള് ഇത് വായിച്ചു കഴിയുമ്പോള്‍ നൂറു രൂപ ആയേക്കാം. ന്നാലും ഈ തീവില അസഹനീയമാണ് എന്ന് പറയാതെ വയ്യ.

അങ്ങനെ പെട്രോള്‍ വില ഇത്രേം കൂടിപ്പോയല്ലോ ന്ന് ആലോചിച്ചിരുന്നപ്പോ മനസ്സില്‍ പെട്ടെന്നൊരു ലഡ്ഡു പൊട്ടി - ഒരു പുതിയ ആശയം. പൊതു ജനങ്ങള്‍ക്കും, വേണമെങ്കില്‍ സര്‍ക്കാരിനും ഉപയോഗപ്പെടുന്ന ഒരു പുതിയ ആശയം. ഇതാണ് ആശയം:

കേരളത്തില്‍ വില്‍ക്കുന്ന മദ്യത്തിന് ലിറ്ററിന് 20 രൂപാ വീതം വില കൂട്ടുക.
അപ്പൊ അധികം കിട്ടുന്ന തുക എടുത്തു പെട്രോളിന് സബ്സിഡി ആയി പൊതുജനങ്ങള്‍ക്ക് നല്‍കുക.

ആദ്യം മദ്യത്തിന്  ഇരുപതു രൂപാ മാത്രം കൂട്ടാം. ക്രമേണ ക്രമേണ പെട്രോള്‍ വില കൂട്ടുമ്പോള്‍ ആനുപാതികമായി മദ്യത്തിനും വില കൂട്ടാം.

എന്‍റെ ഒരു സാമാന്യ അറിവ് വെച്ച് നോക്കുമ്പോള്‍, കേരളത്തില്‍ എത്ര വാഹനങ്ങള്‍ ഉണ്ടോ, അതില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്നുള്ളത് തീര്‍ച്ചയാണ്. അതില്‍ മദ്യപിക്കുന്നവര്‍ നിരവധി അനവധി. ചുരുക്കി പറഞ്ഞാല്‍, ഒരു ദിവസം കേരളത്തില്‍ ചിലവാകുന്ന മൊത്തം പെട്രോളിന്‍റെ അനേകം ഇരട്ടിയാണ് ഒരു ദിവസത്തില്‍ കേരളം കുടിച്ചു തീര്‍ക്കുന്ന മദ്യത്തിന്‍റെ അളവ്. അവധി ദിവസം ആണെങ്കില്‍ പ്രസ്തുത അനുപാതം പിന്നെയും ഒരുപാട് വലുതാകും.

ഇനി, അവര് കുടിക്കുന്ന മദ്യം എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടാണോ? അല്ല.

അതായത്, പച്ച മലയാളത്തില്‍ പറഞ്ഞാല്‍, മദ്യത്തിന് വില കൂട്ടിയാല്‍, കുടിയന്മാര്‍ പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ലാതെ "കുടിച്ചു തീര്‍ക്കുന്ന" പണം മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നവിധം ചിലവാക്കാം. ഒരു ദിവസത്തെ മദ്യവില്‍പ്പനയില്‍ നിന്നും കിട്ടുന്ന അധികം പണം ഒന്നിലധികം ദിവസത്തേക്ക് പെട്രോളിന് സബ്സിഡി ആയി വിതരണം ചെയ്യാന്‍ കഴിയുമെന്നുള്ളത് തീര്‍ച്ചയാണ്. അപ്പോള്‍ ഇത് എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ?

ഇത് എന്‍റെ ഒരു എളിയ നിര്‍ദേശമാണ്. പെട്രോളിന് വില കുറയുമെന്ന് യാതൊരു വ്യാമോഹവും എനിക്കില്ല.

(ഇത് വായിക്കുന്ന മദ്യപന്മാരെ, എന്നോട് സദയം ക്ഷമിക്കുക.)

Saturday, June 09, 2012

ഒരു "മുടി"ഞ്ഞ പ്രണയം

സ്കൂള്‍ പഠന കാലത്തിനിടെ ഒരിക്കലെങ്കിലും "പ്രണയിക്കാത്ത" ആരുമുണ്ടാകില്ല. കൂടെ പഠിച്ച പെണ്‍കുട്ടിയോടോ, പയ്യനോടോ, അപ്പുറത്തെ ക്ലാസിലെ ജൂനിയറിനെയോ, എന്തിനേറെ പറയുന്നു, പഠിപ്പിക്കുന്ന ടീച്ചറിനോട് പോലും പ്രണയം തോന്നുന്ന കാലമാണ് ഹൈസ്കൂള്‍ കാലം. ആ പ്രായത്തില്‍ ഇത്തരം പ്രണയങ്ങള്‍ "വലിയ സംഭവം" ആണെന്ന് തോന്നിയേക്കാം. മിക്കവാറും സ്കൂള്‍ ജീവിതം അവസാനിക്കുമ്പോള്‍ ഇമ്മാതിരി പ്രണയങ്ങളും അവിടെവെച്ചു തന്നെ അവസാനിക്കാറാണ് പതിവ്. പിന്നീട് ജീവിതത്തില്‍ ഇതൊക്കെ ഓര്‍ക്കുമ്പോള്‍ തലയറഞ്ഞു ചിരിക്കാം എന്നതാണ് ഏറ്റവും വലിയ തമാശ.

ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ നടന്ന ഒരു "മുടി"ഞ്ഞ പ്രേമത്തിന്‍റെ കഥ പറയാം.

ഞങ്ങളുടെ ജൂനിയര്‍ ആയി പുതിയൊരു പെണ്‍കുട്ടി സ്കൂളില്‍ ചേര്‍ന്നു. വെളുത്തു സുന്ദരിയായ ഒരു പെണ്‍കുട്ടി. ആദ്യത്തെ നോട്ടത്തില്‍ തന്നെ ആ കുട്ടിയെ എല്ലാര്‍ക്കും വളരെയധികം "ഇഷ്ട്ടായി". അതെ, എനിക്കും "ഇഷ്ട്ടായി". അങ്ങനെ ആ കുട്ടിയോടുള്ള ഒരു "എന്തരോ ഒരു ഇത്" മനസ്സില്‍ അങ്ങനെ സൂക്ഷിച്ചിരിക്കുന്ന കാലം. ഒരിക്കല്‍ സുഗുണന്‍ മാഷിന്‍റെ മലയാളം ക്ലാസ്സ്‌.

സുഗുണന്‍ മാഷിന്‍റെ മലയാളം ക്ലാസ്സ്‌ ഒരു വല്ലാത്ത അനുഭൂതിയാണ്. പഠിക്കാനുള്ള പദ്യങ്ങളുടെയും കഥകളുടെയും ഓരോരോ വരികളുടേയും ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ പുതിയ പുതിയ അര്‍ത്ഥതലങ്ങള്‍ ഞങ്ങള്‍ക്ക് പറഞ്ഞുതരും. ഓ.എന്‍.വി കുറുപ്പിന്‍റെ ശിഷ്യനായിരുന്നു സുഗുണന്‍ മാഷ്‌. അതുകൊണ്ട്തന്നെ "ഭൂമിക്കൊരു ചരമഗീതം" പോലുള്ള പദ്യങ്ങള്‍ കവിയില്‍ നിന്നും നേരിട്ട് പഠിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതെല്ലാം ക്ലാസ്സില്‍ അതിമനോഹരമായി സുഗുണന്‍ മാഷ്‌ അവതരിപ്പിക്കും. നല്ല സൂപ്പര്‍ "ചൂരല്‍ക്കഷായം" ധാരാളം കിട്ടുമായിരുന്നെങ്കില്‍പ്പോലും മാഷിന്‍റെ ക്ലാസ്സിലിരിക്കാന്‍ ഓരോ വിദ്യാര്‍ത്ഥിക്കും ഇഷ്ടമായിരുന്നു.

അന്ന് സുഗുണന്‍ മാഷ്‌ ഏതോ പാഠഭാഗം പഠിപ്പിക്കുമ്പോള്‍ ഇങ്ങനെ ഒരു ഡയലോഗ് - "സീതാദേവിയുടെ മുടിയിഴകളോട്പോലും രാമന് പ്രണയം ആയിരുന്നു".

എന്ത്....???!!!

"മുടിയിഴകളെ പോലും പ്രണയിക്കുകയോ?" - ആ ഐഡിയ കൊള്ളാല്ലോ!

അങ്ങനെ എനിക്ക് ആ സുന്ദരിയുടെ "മുടിയിഴകളോട്" പ്രണയമായി. പതിയെ മനസിനുള്ളില്‍ ഒരു കല്യാണക്കുറി അച്ചുനിരത്താന്‍ തുടങ്ങി... മനസിനെ കല്യാണക്കുറി പ്രിന്‍റ് ചെയ്യാന്‍ വിട്ടിട്ട് അവളുടെ "മുടിയിഴകള്‍" എങ്ങനെ ഒപ്പിക്കാം എന്ന ചിന്തയിലായി ഞാന്‍. ആനവാല്‍ പറിക്കുന്നത്പോലെ പതുക്കെ പുറകെ ചെന്ന് രണ്ടു മുടി പിഴുതാലോ? വേണ്ട, അടികിട്ടും. രഹസ്യമായി പുറകെ ചെന്ന് കത്രിക കൊണ്ട് മുറിച്ചെടുത്ത് ഓടിയാലോ? വേണ്ട, അഥവാ മുടി മൊത്തത്തില്‍ മുറിഞ്ഞുപോയാല്‍ പിന്നെ എന്‍റെ പെട്ടിയില്‍ ആണിയടിച്ചാല്‍ മതി.

അപ്പോഴാണ്‌ ഒരു ദൈവദൂതനെ പോലെ, ഒരു ഹംസത്തെ പോലെ അവള്‍ വന്നത് - എന്‍റെ കൂടെ നഴ്സറി മുതല്‍ ഈ ക്ലാസ്സ്‌ വരെ കൂടെ പഠിക്കുന്ന, എന്‍റെ അയല്‍ക്കാരിയും കളിക്കൂട്ടുകാരിയും ആയ ആ "ദേവദൂതിക". പതിയെ അവളുടെയടുത്തു ചെന്ന് എന്‍റെ ആവശ്യം അറിയിച്ചു:

"ഡീ, എനിക്ക് ലവളുടെ രണ്ടു മുടി വേണം. ഒപ്പിച്ചു തരോ?"

"യെന്തര്..? മുടിയാ? നിനക്ക് എന്തെടെയ്‌ വട്ടാണാ...?" (തനി 'തിരോന്തരം' ശൈലിയില്‍)

"പോടീ... വട്ടൊന്നുമല്ല. പ്രണയം... അഗാധമായ പ്രണയം"

"പ്രണയമോ? പറ്റി! അതിന് നിനക്ക് അവളുടെ മുടി എന്തരിന്? വല്ല കൂടോത്രോം ചെയ്യാന്‍ തന്നേഡേയ്?"

"ഏയ്‌ അല്ലാന്നെ... സുഗുണന്‍ സാറ് പറഞ്ഞപോലെ എനിക്ക് അവളുടെ മുടിയിഴകളോട് അഗാധമായ പ്രണയം ആണെന്ന് തോന്നുന്നു... എനിക്ക് രണ്ടു മുടി വേണം സൂക്ഷിച്ചുവെക്കാന്‍"

"ഓ പിന്നേ! എനിക്ക് വേറെ പണിയില്ലാത്തപോലെ!"

"വെറുതെ വേണ്ട, സിപ്പപ്പ്‌ വാങ്ങിത്തരാം"

"ങാ എന്നാല്‍ നോക്കാം!"

അങ്ങനെ രണ്ടു സിപ്‌-അപ് വാങ്ങിക്കൊടുക്കാം എന്ന ധാരണയില്‍ ആ "ദേവദൂതിക" തന്‍റെ പ്ലാന്‍ തുടങ്ങി. ഇന്റര്‍വെല്‍ സമയം ആയപ്പോഴേക്കും അവള്‍ നേരെ "സുന്ദരിയുടെ" ക്ലാസിനു മുന്നിലെത്തി. "സുന്ദരിയെ" കൈകാണിച്ചു പുറത്തേക്ക് വിളിച്ചു. പിന്നേ പതിയെ കുശലാന്വേഷണങ്ങള്‍ തുടങ്ങി. ഇതെല്ലാം അല്പം ദൂരെനിന്നും ഞാന്‍ നിരീക്ഷിക്കുന്നുണ്ട്‌. "കിട്ടുമോ? കിട്ടൂല്ലേ? അതോ അവള്‍ ഇനി സംഗതി മൊത്തം കുളമാക്കുമോ?" തുടങ്ങിയ ചിന്തകള്‍ എന്‍റെ മനസ്സില്‍ അലയടിക്കാന്‍ തുടങ്ങി.

പതിയെ "ദേവദൂതിക" ആ "സുന്ദരിയുടെ" മുടിയിലൊക്കെ പിടിച്ചു തലോടാന്‍ തുടങ്ങി. ഇന്നത്തെ കാലം ആയിരുന്നെങ്കില്‍ ഏതാണ്ട് ഇതുപോലെ ആയിരിക്കും ഡയലോഗ് എന്ന് ഞാന്‍ ഊഹിക്കുന്നു - "ആഹാ, മുടി കൊള്ളാമല്ലോ.. നീ ധാത്രി ആണോ ഉപയോഗിക്കുന്നത്? ഞാന്‍ രണ്ടു സാമ്പിള്‍ എടുത്തോട്ടെ???". അങ്ങനെ മുടിയിഴകളെ തലോടലും സംഭാഷണവും നീണ്ടു. പെട്ടെന്ന് ക്ലാസ്സ്‌ തുടങ്ങുന്ന ബെല്‍ മുഴങ്ങി. "സുന്ദരി" ക്ലാസ്സിലേക്ക് കയറിയതും "ദേവദൂതിക" അവളുടെ മുടിയില്‍ കടന്നുപിടിച്ച് "ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ" എന്നമട്ടില്‍ രണ്ടുമൂന്നു മുടിയിഴകള്‍ ഇങ്ങു പറിച്ചെടുത്തു! എനിക്ക് "സുന്ദരിയുടെ" മുടിയിഴകള്‍ തന്നിട്ട് ഏതോ ഒരു ഭീകരദൌത്യം പൂര്‍ത്തിയാക്കിയ ഒരു ഭീകരന്റെ സന്തോഷത്തില്‍ സിപ്‌-അപ്പും പ്രതീക്ഷിച്ചു "ദേവദൂതിക" പോയി.

ഞാന്‍ ആ മുടിയിഴകള്‍ മലയാളം പുസ്തകത്തില്‍ മയില്‍പ്പീലി സൂക്ഷിക്കുന്നതുപോലെ സൂക്ഷിച്ചുവെച്ചു.

ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഈ "മുടി"ഞ്ഞ പ്രണയം മണ്ടത്തരം ആണെന്ന് മനസിലായി. അപ്പോഴേക്കും ചെറിയൊരു ചമ്മലോടെ ആ മുടിയിഴകള്‍ എങ്ങോട്ടോ ഞാന്‍ കളഞ്ഞു. പിന്നീടൊക്കെ ആ "സുന്ദരിയെ" കാണുമ്പോള്‍ ഒരുതരം ചമ്മല്‍ ആയിരുന്നു. "ദേവദൂതിക"യ്ക്ക് എന്നെ കളിയാക്കി ചിരിക്കാനുള്ള ഒരു വകയുമായി!

ഇന്ന്, പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം നില്‍ക്കുമ്പോള്‍, ആ പഴയ സ്കൂള്‍ പഠനകാലം ഒരുപാട് ചിരികള്‍ സമ്മാനിക്കുന്നു. അര്‍ത്ഥമറിയാതെ പ്രണയിക്കുന്നതും, അതിന്‍റെ പേരില്‍ തല്ലുകൂടുന്നതും, ഒരു നെല്ലിക്കയ്ക്ക് വേണ്ടി നെട്ടോട്ടം ഓടുന്നതുമൊക്കെ ഓര്‍ക്കാന്‍ രസമുള്ള ഓര്‍മ്മകള്‍ !

Saturday, June 02, 2012

കൌതുകലോകം (പൊതുവിജ്ഞാനം)

ഇനി അല്പം കൌതുകം പങ്കുവെയ്ക്കാം. പലയിടങ്ങളിലായി ഞാന്‍ വായിച്ചതും, എഴുതിവെച്ചതുമായ ചില കൌതുക വാര്‍ത്തകളും വസ്തുതകളും ശേഖരിച്ചു ഒറ്റ പോസ്റ്റില്‍ ഇവിടെ ഷെയര്‍ ചെയ്യുന്നു. ഇവയെല്ലാം കിട്ടിയ സ്രോതസ്സ് അതിന്‍റെ കൂടെ തന്നെ കൊടുത്തിട്ടുണ്ട്. വായിക്കുക, അത്ഭുതപ്പെടുക! മാത്രമല്ല, നിങ്ങളുടെ പക്കല്‍ ഇതുപോലുള്ള കൌതുകങ്ങള്‍ ഉണ്ടെങ്കില്‍ അവ ലിങ്ക് സഹിതം ഷെയര്‍ ചെയ്യുക.

 

വനിതകളുടെ കണ്ടുപിടുത്തങ്ങള്‍


നമ്മളെല്ലാം കുട്ടിക്കാലം മുതല്‍ക്കേ പഠിച്ചിട്ടുള്ള ശാസ്ത്രം മുഴുവനും പുരുഷജനങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ ആയിരുന്നു. എഡിസണ്‍, ഐന്‍സ്റീന്‍, ന്യൂട്ടന്‍, അങ്ങനെ നിരവധി അനവധി. ചുരുക്കം ചില സ്ത്രീജനങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ മാത്രമാണ് പഠിച്ചിട്ടുള്ളത്. അതിലൊന്നാണ് മാഡം ക്യൂറി കണ്ടുപിടിച്ച "റേഡിയം" - പക്ഷെ അതുതന്നെ, ഭര്‍ത്താവായ പിയറി ക്യൂറിയുടെ ഒപ്പമാണ് കണ്ടുപിടിച്ചതും.

അതുകൊണ്ട്തന്നെ, "പെണ്ണുങ്ങളെക്കൊണ്ട് എന്തെങ്കിലും പുതിയത് കണ്ടുപിടിക്കാന്‍ കഴിയില്ല" എന്നൊരു ധാരണയും നമുക്കുണ്ടാകാം. ന്നാല് അത് അങ്ങനെയല്ല കേട്ടോ... നമുക്ക് ചുറ്റും കാണുന്ന അനേകം വസ്തുക്കള്‍ സ്ത്രീകളുടെ കണ്ടുപിടുത്തങ്ങളായി ഉണ്ട്. അതില്‍ കുറെ സാധനങ്ങള്‍ ഞാന്‍ ലിസ്റ്റ് ചെയ്യാം. അത് നോക്കിയിട്ട് "ഓ, ഇതും ഒരു സ്ത്രീ കണ്ടുപിടിച്ചതോ?" എന്ന് അത്ഭുതം കുറുക :-)

  • വട്ടത്തിലുള്ള അറക്കവാള്‍

  • വൈദ്യുത ഹീറ്റര്‍

  • ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റ്

  • ഡയപ്പര്‍

  • എന്‍ജിനുകളുടെ പുകക്കുഴല്‍

  • കോബോള്‍ പ്രോഗ്രാമ്മിംഗ് ഭാഷ

  • ഡിഷ്‌ വാഷര്‍

  • വാഹനങ്ങളുടെ വൈപ്പര്‍

  • വൈറ്റ്നര് എന്ന് അറിയപ്പെടുന്ന "തിരുത്ത് പേന"

  • ചോക്ലേറ്റ് ചിപ്സ് ഇട്ട കുക്കീസ്‌

  • കുത്തിവെപ്പിനുള്ള സിറിഞ്ച് (അയ്യോ!)

  • പേപ്പര്‍ ക്യാരി ബാഗ്‌

  • ലേസര്‍ പ്രിന്‍റര്‍‍. (ഇത് ഞാന്‍ ശെരിക്കും അത്ഭുതപ്പെട്ടു!)


ഇത് മാത്രമല്ല, ഇനിയും ലിസ്റ്റ് നീളും. മുകളില്‍ പറഞ്ഞ കണ്ടുപിടുത്തങ്ങളുടെ പിന്നിലുള്ള പൂര്‍ണരൂപത്തിലുള്ള കഥകള്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ പോയി വായിക്കാം.
(അവലംബം: How Stuff Works, FactMonster)


നീല നിറമുള്ള ഫേസ്ബുക്ക്


ഫേസ്ബുക്ക് ലോഗോ

ഫേസ്ബുക്ക് തുറന്നുനോക്കിയാല്‍ കാണാം, അടിമുടി നീലനിറമാണ്. ലോഗോയില്‍ തുടങ്ങി, ഒരു ചെറു ബട്ടണ്‍ പോലും നീലമയം ആണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? കേട്ടാല്‍ ഒരുപക്ഷെ നിങ്ങള്‍ ഞെട്ടിയെക്കാം.

ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക്‌ സക്കര്‍ബര്‍ഗിന്  "വര്‍ണാന്ധത" എന്ന രോഗം ഉണ്ട്. അതായത് ചില നിറങ്ങള്‍ കാണാന്‍ കഴിയാത്ത ഒരുതരം രോഗാവസ്ഥ. സക്കര്‍ബര്‍ഗിന് ചുവപ്പും പച്ചയും കാണാന്‍ കഴിയില്ല. നീലനിറം ആണ് കൂടുതല്‍ നന്നായി കാണുന്നത്. അതുകൊണ്ടുതന്നെ ആദ്യമേ നീലനിറം തിരഞ്ഞെടുത്തു എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്.
(അവലംബം: CNN News Report, September 20, 2010)

 

പൊതുവായ ചില തെറ്റിദ്ധാരണകള്‍


യേശു ജനിച്ചത്‌ ഡിസംബര്‍ 25 നു ആണെന്ന് ബൈബിളില്‍ പറയുന്നില്ല. പകരം സെപ്റ്റംബര്‍ മാസത്തോടു അടുത്ത എന്നോ ഒരു ദിവസമാണ്. പോപ്‌ ജൂലിയസ് ഒന്നാമന്‍ ആണത്രേ ഡിസംബര്‍ 25 അങ്ങനെ ആഘോഷിക്കാന്‍ പ്രഖ്യാപിച്ചത്.

അതുപോലെ തന്നെ ഉണ്ണിയേശുവിനെ കാണാന്‍ വന്നത് കൃത്യം "മൂന്നു രാജാക്കന്മാര്‍" ആണെന്നും പറയുന്നില്ല. പക്ഷെ അവര്‍ കൊണ്ടുവന്ന സമ്മാനങ്ങള്‍ മൂന്നെണ്ണം ആയിരുന്നു. അതില്‍നിന്നും ആയിരിക്കണം "മൂന്നു" രാജാക്കന്മാര്‍ എന്ന തെറ്റിദ്ധാരണ ഉണ്ടായത്.

"വിലക്കപ്പെട്ട കനി" എന്നത് ഒരു ആപ്പിള്‍ ആണെന്ന് പരക്കെ ഒരു തെറ്റിധാരണ ഉണ്ട്; എന്നാല്‍ അങ്ങനെ ബൈബിളില്‍ പ്രതിപാദിക്കുന്നില്ല. പ്രസ്തുത തെറ്റിദ്ധാരണ ഉണ്ടായത് പഴയ ചിത്രകാരന്മാര്‍ രചിച്ച ചിത്രങ്ങളില്‍ നിന്നുമാണ്.

ഇതുപോലുള്ള കുറെയധികം കൌതുകമുളവാക്കുന്ന, പൊതുവായ തെറ്റിധാരണകള്‍ വിക്കിപ്പീഡിയയില്‍ വായിക്കാം - http://en.wikipedia.org/wiki/List_of_common_misconceptions

 

ബാത്ത്റൂം സിങ്ങിംഗ് - അഥവാ കുളിമുറിയിലെ "ഗാനമേള"


അത്ഭുതപ്പെടണ്ട, നിങ്ങള്‍ മാത്രമല്ല, ഈ ലോകത്ത് മിക്ക ആളുകളും കുളിമുറിയില്‍ ഗാനാലാപനം നടത്തുന്നവരാണ്. കുളിമുറിയില്‍ പാടുന്നത് നാമെല്ലാം വളരെയധികം ഇഷ്ടപെടുന്നു എന്നത് ഒരു വലിയ "നഗ്ന"സത്യം തന്നെ.

ഇനി, എന്താണ് ഇതിനു പിന്നിലെ രഹസ്യം? കുളിമുറിയുടെ വലിപ്പക്കുറവ്, ചുവരുകളില്‍ പതിച്ചിട്ടുള്ള ടൈല്‍സ് - ഇത് രണ്ടുംകൂടി ചേരുമ്പോള്‍ നമ്മുടെ ശബ്ദം വളരെ മനോഹരമായി പ്രതിഫലിക്കുകയും ആസ്വാദ്യകരമായി അനുഭവപ്പെടുകയും ചെയ്യും. അതുപോലെതന്നെ മറ്റാരും കേള്‍ക്കാനില്ല എന്നുള്ള ധൈര്യവും. അതുകൊണ്ടാണ് നാമെല്ലാം കുളിമുറിയെ ഒരു "റെക്കോര്‍ഡിംഗ് സ്റ്റുഡിയോ" ആക്കി മാറ്റുന്നത്.

(അവലംബം: http://community.musiciansfriend.com/docs/DOC-1177?src=3SOSWXXA)

 

ചിലതരം പേടികള്‍


പേടി എന്ന വികാരം എല്ലാപെര്‍ക്കുമുണ്ട്. പക്ഷെ ചില പ്രത്യേകതരം "പേടികള്‍" അപൂര്‍വം ആളുകള്‍ക്ക് ഉണ്ടാകാറുണ്ട്. നമുക്കെല്ലാം സുപരിചിതമായ ഒന്നാണ് "ഹൈഡ്രോഫോബിയ" - അതായത് വെള്ളത്തോടുള്ള ഭയം. എന്നാല്‍ തികച്ചും അപ്രതീക്ഷിതവും അത്ഭുതകരവുമായ ചില "ഫോബിയകള്‍" ഇതാ:

  • "Anatidaephobia" - എവിടെയോ ഒരു താറാവ് നമ്മെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നു എന്ന ഭയം.

  • "Hippopotomonstrosesquipedaliophobia" - നീണ്ട വാക്കുകളോടുള്ള ഭയം. ഇതിന്‍റെ പേര് കേട്ടാല്‍ തന്നെ ആരും ഭയന്നുപോകും.


മറ്റു ഭയങ്ങള്‍ വിക്കിപീഡിയയില്‍ വായിക്കാം - http://en.wikipedia.org/wiki/List_of_phobias

 

"മഞ്ഞപ്പത്രം", "നീലച്ചിത്രം" - ചില നിറമുള്ള വാക്കുകള്‍


മുന്‍പൊക്കെ "മഞ്ഞപ്പത്രം" എന്ന വാക്ക് കേള്‍ക്കുമ്പോള്‍ മഞ്ഞനിറമുള്ള, അല്ലെങ്കില്‍ മങ്ങിയ പേപ്പറില്‍ അച്ചടിക്കുന്ന പത്രം എന്നാണ് ഞാന്‍ കരുതിയിരുന്നത്. പിന്നെ അത് "യെല്ലോ പേജസ്" എന്നറിയപ്പെടുന്ന ടെലിഫോണ്‍ ഡയറക്ടറി ആണോ എന്നും സംശയിച്ചു. പക്ഷെ "മഞ്ഞപ്പത്രം" എന്നാല്‍ ഇത് രണ്ടുമല്ല - വ്യക്തികളെയും സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളും വായനക്കാരെ "ഇക്കിളിപ്പെടുത്തുന്ന" വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന പത്രങ്ങളെയാണ്‌ "മഞ്ഞപ്പത്രം" എന്ന് വിളിച്ചു പോരുന്നത്. വര്‍ഷം 1882 മുതല്‍ക്കേ തന്നെ ഈ പ്രയോഗം നിലവിലുണ്ട്.

1882 ല്‍ ന്യൂയോര്‍ക്കില്‍ രണ്ടു പത്രങ്ങള്‍ തമ്മില്‍ സര്‍ക്കുലേഷന് വേണ്ടിയുള്ള മത്സരങ്ങള്‍ ആരംഭിച്ച കാലഘട്ടം. ഒരു പത്രത്തില്‍ ജോലി ചെയ്തിരുന്ന മിടുക്കന്മാരെ മറ്റേ പത്രം വമ്പന്‍ കാശുകൊടുത്തു ചാടിക്കുന്നത് പതിവായി. അതില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ആയിരുന്ന പുലിസ്ടരിന്‍റെ പത്രമായ "ദി വേള്‍ഡ്" സ്ഥിരമായി "ദി യെല്ലോ കിഡ്" എന്ന പേരിലുള്ള ഒരു കാര്‍ടൂണ്‍ പ്രസിദ്ധീകരിച്ചു പോന്നു. ആ കാര്‍ടൂണ്‍ വരച്ചിരുന്ന കാര്‍ടൂണിസ്ടിനെ എതിരാളി പത്രം തട്ടിയെടുത്തു. ഇതില്‍ കലിപൂണ്ട പുലിസ്ടര്‍ അതിവേഗം മറ്റൊരു കാര്‍ടൂണിസ്ടിനെ കണ്ടെത്തുകയും പ്രസ്തുത "യെല്ലോ കിഡ്" തുടരുകയും ചെയ്തു. ക്രമേണ തരം താഴ്ന്ന മത്സരങ്ങളിലേക്ക് പത്രപ്രവര്‍ത്തനം നീങ്ങിയപ്പോള്‍ ആളുകള്‍ അതിനെ കളിയാക്കിക്കൊണ്ട്‌ "യെല്ലോ ജേര്‍ണലിസം" അഥവാ "മഞ്ഞ പത്രപ്രവര്‍ത്തനം" എന്ന് വിളിച്ചുതുടങ്ങി. പിന്നീട് പത്രപ്രവര്‍ത്തന രംഗത്തെ സകല തരംതാഴലുകളും "മഞ്ഞ" ആയി.

(അവലംബം: "മാറുന്ന ലോകം മാറുന്ന മാധ്യമലോകം" - രാജേന്ദ്രന്‍ എന്‍ .പി, മാതൃഭൂമി പബ്ലിഷേഴ്സ്  (ISBN : 978-81-8264-711-4)
കൂടുതല്‍ വിശദമായി : മാതൃഭുമി ബുക്സ്‌ വെബ്സൈറ്റിലെ ലേഖനം)

ഇതുപോലെ തന്നെ "നിറമുള്ള" മറ്റൊരു വാക്കാണ്‌ "നീലച്ചിത്രം" - പ്രസ്തുത വാക്ക് കേള്‍ക്കാത്തവര്‍ വിരളം. ഇന്ത്യയില്‍ മാത്രമാണ് ഈ വാക്ക് ഉപയോഗിക്കുന്നതും. സാധനം എന്താണെന്ന് പറയേണ്ടതില്ലല്ലോ, അത് തന്നെ! പ്രസ്തുത വാക്കില്‍ എവിടുന്നാണ് "നീല" കടന്നുവന്നത് എന്നറിയുമോ? ആദ്യകാലങ്ങളിലെ ചിത്രങ്ങളില്‍ രാത്രിയും ഇരുട്ടുമൊക്കെ ചിത്രീകരിക്കുന്നത് പട്ടാപ്പകല്‍ തന്നെയായിരുന്നു. രാത്രിയുടെ "ഇരുട്ട്" തോന്നിക്കാന്‍ ക്യാമറയില്‍ നീല നിറമുള്ള ഫില്‍റ്റര്‍ ഇട്ടാണ് ചിത്രീകരിക്കുക. മേല്‍പ്പറഞ്ഞതരം ചിത്രങ്ങളിലും അഭിനേതാക്കളെ മനസിലാകാതിരിക്കുന്നതിനായി നീല നിറമുള്ള ഫില്‍റ്റര്‍ ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് അങ്ങനെയുള്ള ചിത്രങ്ങള്‍ക്ക് "നീലചിത്രം" എന്ന പേര് വീഴുകയായിരുന്നു.
(അവലംബം: വിക്കിപീഡിയ ലേഖനം)

 

ജന്തുലോകത്തെ ചില കൌതുകങ്ങള്‍


കടുവകളുടെ പുറത്തു കാണുന്ന വരകള്‍ അതിന്‍റെ രോമങ്ങളില്‍ മാത്രമല്ല, അതിന്‍റെ തൊലിപ്പുറത്തും ഉള്ളതാണ്. അതായത്, ഒരു കടുവയുടെ രോമം മുഴുവനും ഷേവ് ചെയ്തു കളഞ്ഞാലും അതിന്‍റെ വരകള്‍ അതേപടി അതിന്‍റെ പുറത്ത്‌ ഉണ്ടാകും എന്നര്‍ത്ഥം. (അവലംബം: വിക്കിപീഡിയ ലേഖനം)

സീബ്രയുടെ പുറത്തുള്ളത് കറുത്ത വരകളോ അതോ വെളുത്ത വരകളോ? ഇത് പണ്ടുമുതലേ കേള്‍ക്കുന്ന ഒരു ചോദ്യമാണ്. സീബ്രയുടെ വയറിന്റെ അടിഭാഗം വെളുത്ത നിറം ആയതുകൊണ്ട് "വെളുത്ത ശരീരത്തില്‍ കറുത്ത വരകള്‍" എന്നാണ് പൊതുവേ വിശ്വസിച്ചിരുന്നത്. എന്നാല്‍, പഠനങ്ങള്‍ തെളിയിക്കുന്നത് സീബ്രയുടെ യഥാര്‍ത്ഥ നിറം കറുപ്പും, അതിനു മുകളിലായി വെളുത്ത വരകളും എന്നാണ്. (അവലംബം: വിക്കിപീഡിയ ലേഖനം)

നമ്മള്‍ രുചിയോടെ കഴിക്കുന്ന ചോക്ലേറ്റ് പട്ടികള്‍ക്ക് വിഷമാണ് എന്നത് മറ്റൊരു കൌതുകം, അതിനേക്കാളുപരി അറിഞ്ഞിരിക്കേണ്ട ഒരു കാര്യവും. "തിയോബ്രോമിൻ വിഷബാധ" എന്നാണു ഇത് അറിയപ്പെടുക. ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള "തിയോബ്രോമിന്‍" എന്ന രാസവസ്തുവാണ് ഈ വിഷബാധക്ക് കാരണം. മനുഷ്യനെ ഈ വിഷം ബാധിക്കാറില്ല. പക്ഷെ നായ, പൂച്ച, കുതിര, എലി മുതലായ ജീവികള്‍ക്ക് "തിയോബ്രോമിൻ" വളരെയധികം ഹാനികരമാണ്. അതുകൊണ്ടുതന്നെ, ഇനി ചോക്ലേറ്റ് വാങ്ങുമ്പോള്‍ സ്നേഹത്തോടെ സ്വന്തം വളര്‍ത്തുനായക്ക്‌ കൊടുക്കാതിരിക്കുക.

(അവലംബം: വിക്കിപീഡിയ - "തിയോബ്രോമിൻ വിഷബാധ" - ലേഖനം)

 

തല്‍ക്കാലം ഇത്രയും കൌതുകങ്ങള്‍ ആയിക്കോട്ടെ, ഇനിയും കിട്ടുന്ന ഓരോന്നായി പങ്കുവെക്കാം.

നിങ്ങളുടെ ശേഖരത്തിലും കാണുമല്ലോ ഇതുപോലുള്ള കൌതുകങ്ങള്‍? അവ ഷെയര്‍ ചെയ്യുക. ഒപ്പംതന്നെ അവ എവിടുന്നു കിട്ടി എന്നുള്ള ലിങ്ക് കൂടി ചേര്‍ക്കാന്‍ ഓര്‍ക്കുമല്ലോ :-)

 

Thursday, May 24, 2012

വീടിനുള്ളിലെ ക്ഷുദ്രജീവികള്‍ ( ചില നടുക്കുന്ന ഓര്‍മ്മകള്‍ )

കുട്ടിക്കാലം മുതല്‍ മൂന്നു വര്‍ഷം മുന്‍പ് വരെ വേറൊരു ചെറിയ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. റോഡില്‍ നിന്നും ഒരു ചെറിയ ഇടവഴിയിലൂടെ ഒരുപാട് ഉള്ളിലായിട്ടാണ് ആ വീട്. ഗ്രാമപ്രദേശം ആയതിനാല്‍ അടുത്തകാലം വരെ അധികം അയല്‍വാസികളും ഉണ്ടായിരുന്നില്ല. മിക്കവാറും കാട് പിടിച്ച സ്ഥലം. കീരിയും പാമ്പും കുളക്കോഴിയും അടക്കം പല ജീവികളുടെയും ആവാസവ്യവസ്ഥ ആയിരുന്നു വീടിന്‍റെ പരിസരം.

പലപ്പോഴും ക്ഷുദ്രജീവികളെ പേടിച്ചാണ് സമയം കഴിച്ചുകൂട്ടിയത്. അത്തരം ചില ജീവികളുമായി നേരിട്ട് ഏറ്റുമുട്ടിയ അവസരങ്ങളും ധാരാളം. അതില്‍ മറക്കാനാവാത്ത ചിലത് പങ്കുവെക്കാം.

 

1. തറച്ചക്രം കളഞ്ഞുകിട്ടിയ കഥ.


അന്നെനിക്ക് പത്തു വയസു പ്രായം കാണും. വീട്ടില്‍ കറന്റ്‌ പോയ നേരം. മണ്ണെണ്ണവിളക്ക് പ്രകാശിക്കുന്നു. തീ കണ്ടാല്‍ അതില് പോയിരുന്നു കളിക്കുന്ന ഒരു പരിപാടി മിക്കവാറും എല്ലാര്‍ക്കും ഉണ്ടാകുമല്ലോ... അങ്ങനെ പത്രത്തിന്‍റെ ചുരുട്ടുകളും തീപ്പെട്ടിക്കോലുകളും കത്തിച്ച് സംതൃപ്തി അടഞ്ഞിരിക്കുകയാണ് ഞാന്‍ . അപ്പോഴാണ്‌ എന്തോ ഒരു സാധനം കണ്ടില്ലല്ലോ എന്ന് ഓര്‍ത്തത്.

ആ മുറിയുടെ ഒരു മൂലയില്‍ കുറെ സാധനങ്ങള്‍ കൂട്ടിയിട്ടിട്ടുണ്ട്. അതില്‍ എന്‍റെ കുറ്റിപ്പെന്‍സിലുകള്‍, വളപ്പൊട്ടുകള്‍, കളിപ്പാട്ടങ്ങളുടെ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങള്‍, സ്കൂള്‍ വിട്ടു പോരുന്ന വഴിയില്‍ അവിടുന്നും ഇവിടുന്നും പെറുക്കിയെടുത്ത അമൂല്യ വസ്തുക്കള്‍ അങ്ങനെ പലതും ഉണ്ട്. ഞാന്‍ ഇരുട്ടത്ത് അതിനിടയില്‍ പോയി കയ്യിട്ടു ഇളക്കിനോക്കി. ഞാന്‍ ഉദ്ദേശിച്ച സാധനം ഉണ്ടോ എന്ന് തപ്പുന്ന നേരത് വട്ടത്തിലുള്ള എന്തോ ഒന്ന് കയ്യില്‍ തടഞ്ഞു. ഇരുട്ടത്ത് അത് കയ്യിലെടുത്തു വിരലുകള്‍ കൊണ്ട് ഒരു പരിശോധന നടത്തി. സാധനം ഒരു തറച്ചക്രമാണ്. ദീപാവലി കഴിഞ്ഞപ്പോള്‍ അറിയാതെ അതിനിടയില്‍ പെട്ടുപോയതാകും.

എന്തായാലും നിനച്ചിരിക്കാതെ ഒരു തറച്ചക്രം കിട്ടിയതില്‍ ഞാന്‍ അതീവ സന്തുഷ്ടനായി. ആ "തറച്ചക്രവും" എടുത്തു ഞാന്‍ പതിയെ വെളിച്ചത്തിലേക്ക് വന്നു. പതിയെ ആ തറച്ചക്രം മണ്ണെണ്ണവിളക്കിന്‍റെ മങ്ങിയ വെളിച്ചത്തിലേക്ക് പിടിച്ചുനോക്കി. വെളിച്ചത്തില്‍ പിടിച്ചതും, എന്‍റെ തലയില്‍ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞതും, ഞാന്‍ "അയ്യോ" ന്ന് വിളിച്ചതും, ആ "തറച്ചക്രം" താഴേക്കിട്ടതും, എല്ലാം ഒരുമിച്ചു നടന്നു. എനിക്ക് കിട്ടിയ ആ "തറച്ചക്രം" വേറൊന്നുമല്ല - ഒരു മാടന്‍ തേരട്ട ചുരുണ്ട് കിടന്നതായിരുന്നു അത്! ചവറിനിടയില്‍ സ്വര്യവിഹാരം നടത്തിയ അട്ട ഞാന്‍ അതിനിടയ്ക്ക് കയ്യിട്ടുവാരുമ്പോള്‍ ചുരുണ്ടതാണ്. അതിനെയാണല്ലോ ഈശ്വരാ ഞാന്‍ തറച്ചക്രമാക്കിയത്!

പിന്നെ ജീവിതത്തില്‍ ഇന്നുവരെ, ദീപാവലിക്ക് വാങ്ങുന്ന ഒറിജിനല്‍ തറച്ചക്രം പോലും വിശദമായി നോക്കി അത് തേരട്ട അല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമേ ഞാന്‍ കൈവെക്കാറുള്ളൂ.

 

2. വിളിക്കാതെ കയറി വന്ന പാമ്പ്


വീട്ടില്‍ കറന്‍റ് കിട്ടുന്നതിനു വളരെ മുന്‍പ് സംഭവിച്ചതാണ്. രാത്രിയില്‍ ഉറങ്ങുന്നതിനു മുന്‍പായി വീടിനു മുന്നിലെ വാതില്‍ അടച്ചു കുറ്റിയിടാന്‍ പോയതാണ് അമ്മ. കുറെ കഴിഞ്ഞിട്ടും കാണുന്നില്ല. പോയി നോക്കുമ്പോള്‍ കാണുന്നത് വാതിലുമായി മല്‍പ്പിടിത്തം നടത്തുന്ന അമ്മയെയാണ്.

"തണുപ്പുകാലം അല്ലെ, വാതിലൊക്കെ വീര്‍ത്തിരിക്കുന്നതുകൊണ്ടാണ് വാതില്‍ അത്രപെട്ടെന്നൊന്നും അടയാത്തത്" - ഇതാണ് അമ്മയുടെ ന്യായീകരണം.

അച്ഛന്‍ മണ്ണെണ്ണവിളക്കും എടുത്തുവന്നു നോക്കുമ്പോള്‍ ആണ് അത് കണ്ടത് - വാതിലിന്‍റെ വിജാഗിരിയുടെ ഭാഗത്തുള്ള വിടവിലൂടെ ഒരുത്തന്‍ - ഒരു കുഞ്ഞു പാമ്പ്‌ - തലയിട്ടു നോക്കിയ നേരത്താണ് അമ്മ വാതില്‍ അടച്ചത്. അവന്‍ അവിടെയിരുന്നു ഞെരുങ്ങിയത് കാരണം വാതില്‍ അടയാത്തതാണ്. പക്ഷെ അത് അമ്മയോട് പറഞ്ഞാല്‍ അമ്മ പേടിച്ചു വാതിലില്‍ നിന്ന് കൈവിടും. കൈവിട്ടാല്‍ പാമ്പ് ചാടിവന്നു കയ്യില്‍കിട്ടുന്ന ആര്‍ക്കായാലും ഇട്ടു പണിതരും.

പിന്നെ പതുക്കെ അമ്മയോട് കാര്യം പറയാതെ "നീ വാതില്‍ അങ്ങനെ തന്നെ പിടിച്ചോ, ഞാന്‍ ഇപ്പ ശെരിയാക്കിത്തരാം" എന്ന് പറഞ്ഞു അച്ഛന്‍ പുറകിലെ വാതിലിലൂടെ പുറത്തിറങ്ങി മുന്‍വാതിലിനു പുറത്തുവന്നു ഒരു മടല് കൊണ്ട് ആ പാമ്പിനെ കുത്തിപ്പിടിച്ച ശേഷമാണ് അമ്മയോട് കാര്യം പറഞ്ഞത്. പ്രതീക്ഷിച്ചപോലെ, അമ്മ പിടിവിട്ടു, പാമ്പ് വാതിലിനിടയില്‍ നിന്നും റിലീസ് ആയി, പക്ഷെ അച്ഛന്‍റെ പിടിയിലുമായി.

ആ സംഭവത്തിന്‌ ശേഷം പലപ്പോഴും ഞാന്‍ ഓര്‍ക്കും - അമ്മ ആ സമയത്ത് വാതില്‍ അടച്ചില്ലായിരുന്നെങ്കില്‍ എന്ത് സംഭവിച്ചേനെ...?

 

3. പിന്നെയും പാമ്പുകള്‍ !


മേല്‍പ്പടി പാമ്പിന്‍റെ സംഭവത്തിന്‌ ശേഷം എപ്പോഴും വീട്ടില്‍ പാമ്പ് വല്ലതും ഉണ്ടോ എന്നൊരു പേടി ഉണ്ടായിരുന്നു. ആ ഒരു കാലഘട്ടത്തിലാണ് തിരുവനന്തപുരം മൃഗശാലയില്‍ പോകുന്നത്. അവിടത്തെ പാമ്പ് ശേഖരത്തില്‍ കുറെയധികം പാമ്പുകളെ കണ്ടു. അതില്‍ എന്നെ ഏറ്റവും പേടിപ്പിച്ചത് - ഒരു  കറിച്ചട്ടിയുടെ അടിയില്‍ ചുരുണ്ടിരിക്കുന്ന മൂര്‍ഖന്‍ ആണ്. കണ്ടാല്‍ പാമ്പ് ഉണ്ടെന്നു തോന്നുകേയില്ല. ചട്ടിയുടെ അടിയില്‍ ചുരുണ്ടിരിക്കുമ്പോള്‍ ചട്ടി ഒരു തിരുവയുടെ മുകളില്‍ എടുത്തുവെച്ചത്പോലെ.

പ്രസ്തുത "ചട്ടിപ്പാമ്പ്" എന്‍റെ തുടര്‍ന്നുള്ള രാത്രികള്‍ നിദ്രാവിഹീനങ്ങളാക്കി.

പിന്നീട് ആ വീട്ടിലെ ഇരുപതു വര്‍ഷത്തെ ജീവിതത്തിനിടയില്‍ വീടിനുള്ളില്‍ നിന്നും പലപ്പോഴായി കിട്ടിയത് മൂന്നു പാമ്പിന്‍ കുട്ടികളെ. ഇതൊക്കെ എങ്ങനെ വീട്ടിനുള്ളില്‍ എത്തുന്നു എന്ന് നോ ഐഡിയ. മൂന്നെണ്ണവും ശംഖുവരയന്‍ കുട്ടികള്‍ ആയിരുന്നു. നല്ല ഒന്നാന്തരം വിഷമുള്ള ഇനം. രണ്ടെണ്ണം അടുക്കളയില്‍ നിന്നും. ഒരെണ്ണം ഉത്തരത്തില്‍ നിന്നും. ആ ഒരെണ്ണം ഉത്തരത്തില്‍ കയറിപ്പറ്റിയത് എങ്ങനെ എന്നത് ഇന്നും ഉത്തരം മുട്ടിക്കുന്ന ഒരു ചോദ്യമാണ്.

 

4. തവളകള്‍ !


മഴക്കാലങ്ങളില്‍ വീടിനു ചുറ്റും തവളകള്‍ ആയിരുന്നു. ഇരുട്ട് വീഴുമ്പോള്‍ നാലുപാടുനിന്നും കേള്‍ക്കാം മധുരമനോഹര സംഗീതം. ഇതില്‍ ചിലരൊക്കെ വീടിനകത്തെ താമസിക്കുള്ളൂ. എല്ലാ മുറികളുടെയും മൂലകളില്‍ മിക്കപ്പോഴും ഒരു തവള വീതം കാണും. ഇവന്മാരെ പിടിക്കാന്‍വേണ്ടി കൊട്ടേഷന്‍ എടുത്തുകൊണ്ട് ചേരകളും വീടിനു ചുറ്റും അവസരം കാത്തു നടക്കുകയാണ്.

ഒരിക്കല്‍ അതിരാവിലെ ഞാന്‍ സ്കൂളില്‍ പോകാനിറങ്ങുമ്പോള്‍ അതാ മുറ്റത്തെ വാതില്‍ കടന്നു വരുന്നു ഒരു അതിഥി - ഒരു എമണ്ടന്‍ ചേര! അവന്‍റെ സ്വന്തം വീടുമാതിരി ആണ് വരവ്. എന്നെ നോക്കി "ഇയാള്‍ക്ക്‌ എന്താ ഹേ ഈ വീട്ടില്‍ കാര്യം" എന്ന് ചോദിക്കുന്ന മാതിരി ഒരു വരവ്. ഇത്തവണയും എന്‍റെ തലയില്‍ മിന്നല്‍പ്പിണര്‍ പാഞ്ഞു. ഞാന്‍ കിടന്നു നിലവിളിച്ചു. അവനു ചെവി ഉള്ളതുകൊണ്ടോ അതോ എന്‍റെ ഭീകരശബ്ദം തരംഗങ്ങളായി ഭൂമിയിലൂടെ കടന്നുചെന്ന് അവന്‍റെ ഓഡിയോ സെന്‍സറില്‍ തട്ടിയതുകൊണ്ടോ എന്നറിയില്ല, അവന്‍ വന്ന വരവിനു റിവേഴ്സ് ഇട്ടു പുറത്തേക്ക് പാഞ്ഞു.

 

പിന്നെയും പല ക്ഷുദ്രജീവികള്‍ കടന്നുവന്ന വീടാണ് അത്. വാവലുകള്‍, എലികള്‍ അങ്ങനെ പലതും.

കഴുക്കോലിന്‍റെ മുകളില്‍ നിന്നും സ്ഥിരം എലിക്കുഞ്ഞുങ്ങള്‍ മഴയായി വീഴുമായിരുന്നു. പെറ്റുവീണു ദിവസങ്ങള്‍ മാത്രം ആയവ. "ശിശുഹത്യ കൊടും പാപമാണ്" എന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് അവറ്റകളെ കൊല്ലാറില്ല. അതുകൊണ്ട് അല്‍പം ദൂരെ ഏതെങ്കിലും സ്ഥലത്ത് കൊണ്ടുപോയി ഒരു ചിരട്ടയിലാക്കി ആവശ്യത്തിന് ഭക്ഷണവും വെള്ളവും ചേര്‍ത്തു വെച്ചിരിക്കും. അഥവാ അതിനെ അന്വേഷിച്ചു അതിന്‍റെ അമ്മച്ചിയെങ്ങാന്‍ വന്നാലോ? പാവം, മക്കളെ വളര്‍ത്തി വലുതാക്കട്ടെ :-)

ഇനി എന്‍റെ സംശയം - ഇതിനെ "മനുഷ്യത്വം" എന്നാണോ അതോ "എലിത്വം" എന്നാണോ പറയുക?

Saturday, May 19, 2012

യാത്രാവിവരണം - കോഴിക്കോട് - വയനാട്‌ - മാനന്തവാടി - തിരുനെല്ലി

കോളേജ് ജീവിതം കഴിഞ്ഞതിനു ശേഷം ഞങ്ങള്‍ തിരുവനന്തപുരത്തു താമസിക്കുന്ന കുറെ സുഹൃത്തുക്കള്‍ മിക്കവാറും അവധി ദിവസങ്ങളില്‍ ഒത്തുകൂടുകയും, സിനിമ കാണുക, ശംഖുംമുഖം ബീച്ച്, വേളി, മ്യൂസിയം മുതലായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും പതിവായിരുന്നു... കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഇത് തുടരുന്നു... അതിനിടെ വ്യത്യസ്തമായ എന്തെങ്കിലും യാത്രകള്‍ വേണമെന്ന ആശയം ഉണ്ടാവുകയും, ഞങ്ങള്‍  ക്ലാസ്മേറ്റ്സ് ചേര്‍ന്ന് ഒരു "ട്രാവല്‍ ക്ളബ്" രൂപീകരിക്കുകയും ചെയ്തു. മറ്റു ദൂര ജില്ലകളില്‍ ഉള്ള സുഹൃത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിക്കുക, അവിടത്തെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍, സ്മാരകങ്ങള്‍ ഒക്കെ കാണുക, അവിടത്തെ നാടന്‍ ഭക്ഷണം ആസ്വദിക്കുക, വായിനോക്കി നടക്കുക... തുടങ്ങിയവ ആണ് മുഖ്യ അജണ്ട. അങ്ങനെ ഞങ്ങള്‍ തൃശൂര്‍, പാലക്കാട്‌, എറണാകുളം, ആലപ്പുഴ തുടങ്ങിയ ജില്ലകളൊക്കെ ഇടയ്ക്കിടെ പോയി കാണാറുണ്ട്‌ :-)

ഇത്തവണ പ്ലാന്‍ ചെയ്തത് വയനാട് ആയിരുന്നു. നമ്മുടെ അടുത്ത സുഹൃത്തും ക്ലാസ്‌മേറ്റും ആയ രോഹിത് അവിടെ ബാങ്ക് ജോലി കിട്ടി പോയതാണ് - മാനന്തവാടിയില്‍ . അവന്‍ അവിടെ എത്തിയിട്ട് കുറച്ചു കാലമേ ആയുള്ളൂ എങ്കിലും ഏകദേശം സ്ഥലമൊക്കെ മനസിലാക്കി എടുത്തു. അങ്ങനെയാണ് ഞങ്ങള്‍ ഇത്തവണത്തെ യാത്ര മാനന്തവാടിയിലെക്ക് ആക്കിയത്. രണ്ടുമാസം മുന്‍പ് തന്നെ യാത്ര പ്ലാന്‍ ചെയ്തു തുടങ്ങിയിരുന്നു. അങ്ങനെ കഴിഞ്ഞ വ്യാഴം മുതല്‍ തിങ്കള്‍ വരെ (മേയ് 10 - 14) നാല്  ദിവസം കൊണ്ട് വയനാട് മുഴുവനും (അല്ലെങ്കിലും കുറെയേറെ) ആസ്വദിച്ചു. അതിന്‍റെ ഒരു യാത്രാവിവരണം എഴുതണം എന്ന് ഞാന്‍ പ്ലാന്‍ ചെയ്തിരുന്നു... അത് എഴുതുകയാണ്.

ഇനി യാത്രയിലേക്ക് കടക്കാം.

മാര്‍ച്ച്‌ മാസത്തില്‍ ആണ് ഒരു "വയനാടന്‍ യാത്ര" പ്ലാന്‍ ചെയ്തു തുടങ്ങുന്നത്. വളരെ പെട്ടെന്ന് തന്നെ വരുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി, ട്രെയിന്‍ ടിക്കറ്റ്‌ നേരത്തെ തന്നെ ബുക്ക്‌ ചെയ്തതുകൊണ്ട് ബുദ്ധിമുട്ട് ഉണ്ടായില്ല. (ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ ഉന്തിത്തള്ളി മാത്രം ബുദ്ധിമുട്ട് ഉണ്ടായി എന്നത് വേറെകാര്യം)

ഞങ്ങളുടെ പ്ലാന്‍ ഇങ്ങനെ ആയിരുന്നു - തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ ട്രെയിന്‍ (മംഗലാപുരം എക്സ്പ്രസ്), കോഴിക്കോട് കുറച്ചു നേരം കറക്കം, അതുകഴിഞ്ഞ് കോഴിക്കോട് നിന്നും വയനാട് കെ.എസ്.ആര് .ടി.സി. ബസില്‍ വയനാട്ടേക്ക് തിരിക്കുക‌. വയനാട് എത്തിക്കഴിഞ്ഞാല്‍ പിന്നെ അവിടന്ന് രോഹിത് നേരത്തെ തയ്യാറാക്കിയ വാടകവീട്ടിലേക്ക്‌. അവിടന്ന് അടുത്ത രണ്ടു ദിവസം കറക്കം. പിന്നെ രണ്ടാമത്തെ ദിവസം തിരികെ കോഴിക്കോട്. പറ്റിയാല്‍ അവിടന്ന് മള്‍ട്ടിപ്ലെക്സില്‍ കയറി ഒരു സിനിമ. പിന്നെ നേരെ അടുത്ത മാവേലി എക്സ്പ്രസ്സിനു തിരുവനന്തപുരം.

ഭാഗ്യത്തിന് എല്ലാം പ്ലാന്‍ അനുസരിച്ച് തന്നെ നടന്നു. യാത്രക്കിടയില്‍ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായില്ല, എന്നുമാത്രമല്ല, പ്രതീക്ഷിച്ചതിലും കൂടുതല്‍ "അടിപൊളി" ആവുകയും ചെയ്തു.

യാത്ര തുടങ്ങുന്നു.

10 മെയ്‌ 2012 - വ്യാഴം - രാത്രി 8:30


യാത്രക്ക് പോകുന്ന ഏഴു പേര്‍ കൃത്യ സമയത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തി, ട്രെയിന്‍ കൃത്യ സമയത്ത് തന്നെ വന്നു. സീറ്റ്‌ നമ്പര്‍ ഒക്കെ നോക്കി എല്ലാപേരും ട്രെയിനില്‍ കയറി. ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ സമയം 8:45 ആയി. പരസ്പരം കഥകള്‍ പറഞ്ഞിരുന്നു കുറെ നേരം കഴിഞ്ഞപ്പോള്‍ എല്ലാപേരും ഉറങ്ങി. അടുത്തദിവസം രാവിലെ 6:30 നു ട്രെയിന്‍ കോഴിക്കോട് എത്തും. ആ സമയത്തും കിടന്നുറങ്ങിയാല്‍ പിന്നെ ഈ യാത്ര മംഗലാപുരത്തേക്ക്‌ മാറ്റേണ്ടിവരും എന്ന് മനസിലായതുകൊണ്ട് നേരത്തെ തെന്നെ ഉറങ്ങി.

യാത്രയുടെ ഒന്നാം ദിവസം
11 മെയ്‌ 2012 - വെള്ളി - രാവിലെ 6:30


പ്രതീക്ഷിച്ചത്പോലെ തന്നെ, ട്രെയിന്‍ രാവിലെ കൃത്യം 6:30 നു തന്നെ കോഴിക്കോട് എത്തി. ആകെ മൊത്തം ക്ഷീണം ആയതുകൊണ്ടും ആവശ്യത്തിലേറെ സമയം ഉണ്ടായിരുന്നതുകൊണ്ടും റെയില്‍വേ സ്റ്റേഷനില്‍നിന്നും പ്രഭാതകൃത്യങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചു. അവിടത്തെ വെയിറ്റിംഗ് റൂമില്‍ കുറെ നേരം "വെയ്റ്റ്" ചെയ്തു നിന്നശേഷം ഒടുവില്‍ പല്ലുതേപ്പ്, കുളി, തേവാരം ഒക്കെ പാസാക്കി.

അതിനിടക്ക് അനു കണ്ടുപിടിച്ച ഒരു കോമഡി - അവന്‍ കുളിക്കുമ്പോള്‍ "പ്ടും" എന്നൊരു വലിയ ശബ്ദം. പുറത്തു നിന്നൊരാള്‍ അത് എന്താണ് ആ ശബ്ദം എന്ന് ചോദിച്ചു. അനു പറഞ്ഞു "എന്‍റെ ഷര്‍ട്ട് തറയില്‍ വീണതാണ്" എന്ന്. അപ്പോള്‍ മറ്റേയാള്‍ക്ക് ഒരു സംശയം - ഷര്‍ട്ട് വീണാല്‍ ഇത്രയും വലിയ ശബ്ദം എങ്ങനെ? അത് അന്വേഷിച്ചപ്പോള്‍ അനുവിന്റെ ഉത്തരം - "ഷര്‍ട്ട് വീണപ്പോള്‍ അതിനകത്ത് ഞാനും ഉണ്ടായിരുന്നു..."

ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും എല്ലാപേരും കുളിയും മറ്റും കഴിഞ്ഞു പുറത്തെത്തി. ഇനി അടുത്ത പ്ലാന്‍ കോഴിക്കോട് വെറുതെ അലഞ്ഞുനടക്കാന്‍ ആണ്.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും അര മണിക്കൂര്‍ നടന്നാല്‍ കോഴിക്കോട്‌ മോഫുസില്‍ ബസ്‌ സ്റ്റാന്‍ഡില്‍ (മോഫുസില്‍ - അതെന്താണ് സാധനം എന്ന് ചോദിക്കരുത്) എത്താം. മിഠായിത്തെരുവ് വഴി നേരെ നടന്നാല്‍ മാനാഞ്ചിറ മൈതാനം എത്തും, അവിടന്ന് അല്പം നടന്നാല്‍ പോലീസ് സ്റ്റേഷന്‍ റോഡ്‌ വഴി ഇ.എം.എസ് സ്റ്റേഡിയം കറങ്ങി നേരെ ബസ്‌ സ്റ്റാന്‍ഡില്‍ എത്തും. നിങ്ങള്‍ക്ക്‌ കാണാനായി ഗൂഗിള്‍ മാപ് ഞാന്‍ ഇവിടെ ഇടുന്നു... സൂം ചെയ്തോ തോട്ടുനോക്കിയോ ഒക്കെ ആസ്വദിക്കാം...!



ഇപ്പൊ സമയം ഏകദേശം എട്ടുമണി കഴിയുന്നു...

തിരുവനന്തപുരത്തിനു പുറത്തുള്ള നഗരങ്ങളില്‍ എത്തിയാല്‍ ഞങ്ങളുടെ ആദ്യത്തെ ലക്‌ഷ്യം ഷോപ്പിംഗ്‌ മോളുകള്‍ ആണ്. ഷോപ്പിംഗ്‌ മോളില്‍ സാധനം വാങ്ങാന്‍ പോകുന്നതോന്നുമല്ല, വെറുതെ വായിനോക്കി നടക്കാന്‍ തന്നെ... കടകളും, അവിടത്തെ ആളുകളും, അങ്ങനെ ഒരു ഷോപ്പിംഗ്‌ മോളില്‍ കാണാനുള്ളത് എല്ലാം...! "അപ്പൊ അതെന്താ നിങ്ങള്‍ ഷോപ്പിംഗ്‌ മോള്‍ ഒന്നും കണ്ടിട്ടില്ലേ?" എന്ന് നിങ്ങള്ക്ക് സംശയം തോന്നാം. അതേന്ന്‍...! നമ്മളുടെ സ്വന്തം തിരോന്തരത്തു ഈ പറഞ്ഞ ഷോപ്പിംഗ്‌ മോള്‍ ഒന്നുമില്ല. ആകെ ഉള്ളത് ഒരു സെക്രട്ടറിയെറ്റ് മാത്രം.

കോഴിക്കോട്ടെ രണ്ടു വലിയ മോളുകള്‍ ആണ് ആര്‍.പി. മോള്‍, ഫോക്കസ് മോള്‍ എന്നിവ. തുറക്കുന്ന സമയം രാവിലെ 10 മണി.

അതില്‍ ഫോക്കസ് മോളില്‍ പലതരം കളികളും മറ്റും ലഭ്യമാണ്. ബൌളിംഗ്, ക്രിക്കറ്റ്‌ അങ്ങനെ പലതും. പാര്‍ക്കിംഗ് ഏരിയയില്‍ ക്രിക്കറ്റ്‌ ട്രെയിനിംഗ് നടത്താനുള്ള സ്ഥലം ഉണ്ട്. ഒരു പൈപ്പ്‌ വെച്ചിട്ടുണ്ട് അവിടെ. അതുവഴി ഒരു ക്രിക്കറ്റ്‌ ബോള്‍ പമ്പ് ചെയ്തു വിടും. അത് ബാറ്റ് ചെയ്യുക എന്നതാണ് ഗെയിം. ഒരു ബോള്‍ അടിക്കാന്‍ ഒരു രൂപ ആണ്. അവിടത്തെ ചില ചിത്രങ്ങള്‍ കൊടുക്കാം. ക്ലിക്കി നോക്കി ആസ്വദിക്കാം...!!!



Kozhikode Jn   ഫോക്കസ് മോള്‍ - കോഴിക്കോട് ഫോക്കസ് മോള്‍ - കോഴിക്കോട്
ചിത്രങ്ങള്‍ :
(ഇടത്) കോഴിക്കോട് നഗരത്തില്‍ ആദ്യം കണ്ട ഒരു ബോര്‍ഡ്‌.
(വലത്) മോഫുസില്‍ ബസ്‌ സ്റ്റാന്‍ഡിനു അടുത്തുള്ള ഫോക്കസ് മോള്‍ .

ഫോക്കസ് മോളിലെ ഒരു കാഴ്ച   ആര്‍ . പി . മോള്‍ - കോഴിക്കോട്
ചിത്രങ്ങള്‍ :
(ഇടത്) ഫോക്കസ് മോളിലെ ഒരു കാഴ്ച - ബൌളിംഗ് ഗെയിം കളിക്കുന്ന ആരോ ഒരാള്‍ .
(വലത്) ആര്‍ പി മോള്‍ - കോഴിക്കോട് നഗരത്തിലെ മറ്റൊരു മോള്‍ . (തിരുവനന്തപുരത്ത് ഇതുപോലെ വലിയ ഒരേയൊരു മോള്‍ ഉള്ളത് ബിഗ്‌ ബസാര്‍ മാത്രമാണ്)

ഷോപ്പിംഗ്‌ മോള്‍ തുറക്കാന്‍ ധാരാളം സമയം ഉള്ളതുകൊണ്ട് എല്ലാരുംകൂടി അവിടെ ഒരു ബ്യൂട്ടി പാര്‍ലറില്‍ കയറി മൊട്ടയടിക്കുകയും ഫേഷ്യല്‍ ചെയ്യുകയുമൊക്കെ ചെയ്തു. രാവിലെ ഈച്ചയടിച്ചിരുന്ന കടക്കാരന് ഒറ്റയടിക്ക് ഒരു ആയിരത്തിന്റെ ബിസിനസ്‌ കിട്ടിയെന്നു സാരം...!

സമയം ഏകദേശം 10 മണി...

ഫോക്കസ് മോള്‍ തുറന്നതുകൊണ്ട് നേരെ അങ്ങോട്ടേക്ക് വിട്ടു... പിന്നെ ഏകദേശം രണ്ടു മണിക്കൂറോളം അവിടെ ചുറ്റിയടിച്ചു നടന്നു... ഏറ്റവും താഴത്തെ നിലയിലെ "മസാജിംഗ്" യന്ത്രം ഒന്ന് പരീക്ഷിച്ചാലോ എന്നൊരു പൂതി എല്ലാര്‍ക്കും തോന്നി... പത്തു മിനിറ്റ് മസ്സാജ് ചെയ്യാന്‍ പത്തു രൂപ. എന്നാല്‍ അതൊരു അനുഭവം ആയിക്കോട്ടെ എന്നുതന്നെ കരുതി. പത്തുരൂപ കൊടുത്ത് ആ യന്ത്രത്തില്‍ കയറി അങ്ങ് കിടന്നതും അവന്‍ മസാജിംഗ് തുടങ്ങി... ആകെ ഒരു കുലുക്കവും ഇടിയും തൊഴിയും... ഏതാണ്ട് സര്‍ക്കാര്‍ ബസ്സില്‍ കേരളത്തിലെ റോഡില്‍ യാത്ര ചെയ്യുന്നതുപോലെ... അതും ഒരു അനുഭവം...! അതുകഴിഞ്ഞ് പിന്നെയും കുറെ കറങ്ങി ഐസ്ക്രീം, ലെസ്സി മുതലായ പലതും വാരിവലിച്ചു വിഴുങ്ങി.

സമയം ഉച്ചക്ക് 12 കഴിഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കാനുള്ള തിടുക്കമായി...

ആരോ പറഞ്ഞു ആര്‍.പി. മോളില്‍ നല്ല ഭക്ഷണം കിട്ടുമെന്ന്... എന്നാല്‍ പിന്നെ അങ്ങോട്ടുപോകാം എന്നായി എല്ലാപേരും. പക്ഷെ അവിടെയെങ്ങും ഞങ്ങള്‍ ഉദ്ദേശിച്ച "തലശ്ശേരി ബിരിയാണി" ഇല്ലാത്തതുകൊണ്ട് നേരെ വിട്ടു അടുത്ത ഹോട്ടലിലേക്ക്...! അടുത്ത ഹോട്ടലില്‍ കയറി നല്ലവിധം ബിരിയാണിയും ചിക്കനും കഴിച്ചു. പക്ഷെ ബിരിയാണിക്ക് എന്തോ ഒരു പോരായ്മ അനുഭവപ്പെട്ടു. ചിക്കന്‍ ബിരിയാണി എന്ന് പറഞ്ഞിട്ട് അതില്‍ ഒരു കഷ്ണം ചിക്കനും ബാക്കി മട്ടനും ആയിരുന്നു എന്ന് പിന്നീട് മനസിലായി... കലികാലം...! ഇനി ഒരു പൂദിന്‍ഹാര കഴിച്ചുകൊണ്ട് നേരെ ബസ്‌സ്റ്റാന്റ് ലക്ഷ്യമാക്കി വിടാം.

സമയം ഉച്ചക്ക് 1:45 ...

മോഫുസില്‍ ബസ്‌ സ്റ്റാന്‍ഡില്‍ എത്തിയപ്പോ മാനന്തവാടി ബസ്സുകള്‍ ആളുകളെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുന്നു... ഒന്നിലും സ്ഥലമില്ല. ഇനി വയനാട് പോലൊരു കാട്ടുമുക്കിലേക്ക് ബസ്‌ കിട്ടുമോ എന്ന് സംശയമായി. അവിടെ അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞതുകേട്ട് ഞങ്ങള്‍ ഞെട്ടി. ഓരോ ഇരുപതു മിനിട്ടിലും മാനന്തവാടിയിലേക്ക് ബസ്‌ ഉണ്ടത്രേ...!

പറഞ്ഞു തീരും മുന്‍പേ അടുത്ത മാനന്തവാടി ബസ്‌ ഒഴിഞ്ഞു വന്നു, പിന്നെ ഒന്നും നോക്കിയില്ല... കേറിയിരുന്നു. പതിയെ പതിയെ ഞങ്ങളുടെ ബസും ആളുകളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു. കാട്ടുവാസികള്‍ മാത്രം ഉണ്ടെന്നു ഞങ്ങള്‍ വിശ്വസിച്ചിരുന്ന മാനന്തവാടിയില്‍ പോകാന്‍ ഓരോ ബസ്സിലും ഇത്രയേറെ ആളുകള്‍ ഉണ്ടെന്നത് ഒരു അത്ഭുതം തന്നെ ആയിരുന്നു ഞങ്ങള്‍ക്ക്‌...!

ഇനി കുറച്ചു പൊതുവിജ്ഞാനം:
കോഴിക്കോട് നിന്നും ഓരോ ഇരുപതു മിനിറ്റ് ഇടവിട്ട്‌ മാനന്തവാടി ബസ്‌ ഉണ്ട്. മൊത്തം ദൂരം 104 കി.മീ. ഏകദേശം മൂന്നര -നാല്  മണിക്കൂര്‍ യാത്ര. ടിക്കറ്റ്‌ വില 64 രൂപാ.

കോഴിക്കോട് - മാനന്തവാടി യാത്രയുടെ ഗൂഗിള്‍ മാപ്പ് ഇവിടെ ചേര്‍ക്കുന്നു... ഒറ്റയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൂം ചെയ്തോ തൊട്ടു നോക്കിയോ ഒക്കെ ആസ്വദിക്കാം.


ബസ്‌ പുറപ്പെട്ടപ്പോള്‍ സമയം ഉച്ചയ്ക്ക് 1:45 കഴിഞ്ഞു... അപ്പോഴേക്കും എല്ലാരും ക്ഷീണിച്ചു ഉറങ്ങിത്തുടങ്ങിയിരുന്നു... സുഭാഷും ദിലീപും ചക്ക വെട്ടിയിട്ടതുപോലെ ഉറങ്ങിവീണു... ഇനിയും മൂന്നു മണിക്കൂര്‍ ഉണ്ടല്ലോ... കുറച്ചു കഴിഞ്ഞതും മഴ തുടങ്ങി... പിന്നെ ബസ്സിന്റെ ഷട്ടര്‍ താഴ്ത്തി ഞാനും കിടന്നുറങ്ങി.

സമയം 3:30... യാത്ര തുടങ്ങിയിട്ട് ഒന്നര മണിക്കൂര്‍ 

ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും മഴ ഒന്ന് ചെറുതായി തോര്‍ന്നു. ഞാന്‍ പതുക്കെ ഷട്ടര്‍ പൊക്കി നോക്കി - സ്ഥലത്തിന്റെ പേര് "അടിവാരം" - അപ്പൊ ഇനി വരാന്‍ പോകുന്നത് ഏതോ "മലവാരം" ആണെന്ന് മനസിലായി... പക്ഷെ അത് ഏതു മല ആണെന്ന് മാത്രം പിടിയില്ല... ഈ സ്ഥലമൊക്കെ ആദ്യമായാണെ കാണുന്നത്...!

അധികം താമസിയാതെ ഒരു ചുരം കേറാന്‍ തുടങ്ങി ... അപ്പൊ മനസിലായി - ഇതാണ് "വയനാടന്‍ ചുരം". ഇത് തന്നെയല്ലേ നമ്മുടെ പപ്പുച്ചേട്ടന്‍ "നമ്മട താമരശ്ശേരി ചൊരം" എന്ന് പറഞ്ഞത്? ആയിരിക്കണം... കാരണം താമരശ്ശേരിക്ക് അടുത്തു വേറെ ചുരം ഒന്നും തന്നെ കണ്ടില്ല. അറിയില്ല എന്ന് പറയുന്നതാവും ശരി.

ചുരം കയറുന്നത് വളരെ രസമാണ്... കോഴിക്കോട് ജില്ലയിലാണ് ചുരം. ചെന്ന് കയറുന്നത് വയനാട് ജില്ലയിലേക്ക് പ്രവേശിക്കാനുള്ള ഒരു കവാടത്തിലും. ഇതേ ചുരം വഴി തന്നെയാണ് കര്‍ണാടകയില്‍ പോകുന്നതും. ഈ ചുരം വഴി നിത്യേന ബാംഗ്ലൂര്‍-കോഴിക്കോട്‌ ബസ്‌ സര്‍വീസ്‌ ഉണ്ട്. പ്രതീക്ഷിച്ചതിനേക്കാള്‍ നല്ലതായിരുന്നു റോഡ്‌. നാഷണല്‍ ഹൈവേ നിലവാരത്തില്‍, നല്ല വൃത്തിയുള്ള റോഡ്‌... ശെരിക്കും പറഞ്ഞാല്‍ ആ റോഡ്‌ കണ്ടപ്പോഴേക്കും അതിനു പിന്നില്‍ പകലന്തിയോളം വിയര്‍പ്പൊഴുക്കി പണി ചെയ്ത റോഡ്‌ പണിക്കാരോട് ഒരുപാട് ആദരവ് ആണ് തോന്നിയത്. അവരുടെ മാത്രം വിയര്‍പ്പാണ് ആ റോഡിന്‍റെ ഇന്നത്തെ സ്ഥിതിക്ക് കാരണം. മൊത്തം ഒന്‍പതു ഹെയര്‍പിന്‍ വളവുകള്‍ ഉണ്ടെന്നാണ് കണക്ക്... പക്ഷെ അതില്‍ കൂടുതല്‍ ഉണ്ടെന്നു തോന്നുന്നു. രണ്ടു ലോറികള്‍ക്ക് സമാന്തരമായി കടന്നുപോകാന്‍ തക്ക വീതിയും റോഡിനുണ്ട്. ചുരം കയറാന്‍ ഏകദേശം മുക്കാല്‍ മണിക്കൂറോളം വേണം. ഇറങ്ങാന്‍ അര മണിക്കൂര്‍ മതി.

ചുരത്തില്‍ പലയിടത്തും ദൂരെ വാഹനങ്ങള്‍ പോകുന്നത് കാണാം... മലനിരകളുടെ മുകളിലൂടെ ഉറുമ്പ് വരിവരിയായി പോകുന്നതുപോലെ ബസ്സും ലോറിയും... (പണ്ട് അഞ്ചാം ക്ലാസ്സിലെ "കേരളപാഠാവലി" യില്‍ പഠിച്ചതു ഓര്‍ക്കുന്നു -- "സോപ്പുപെട്ടികള്‍ അടുക്കി വെച്ചതുപോലെ"...) പിന്നെ കാറുകള്‍ പോകുന്നത് കാണാന്‍ കൂടി പറ്റില്ല... ഈ കുത്തന്‍ കയറ്റത്തില്‍ ബൈക്കുകളും പോകുന്നുണ്ടായിരുന്നു. പലയിടങ്ങളിലും താഴേക്കു നോക്കിയാല്‍ കണ്ണെത്താ ദൂരത്തോളം കൊക്ക ആണ്... പക്ഷെ വണ്ടി താഴേക്കു വീഴുമെന്നു പേടിക്കണ്ട, കാരണം റോഡില്‍ ധാരാളം സ്ഥലമുണ്ട്. പെട്ടെന്ന് അങ്ങനെ താഴേക്കു പോകാന്‍ ചാന്‍സ് ഇല്ല. (നല്ലതുപോലെ "മിനുങ്ങി" വണ്ടി ഓടിക്കുന്നവര്‍ക്ക് ഇപ്പൊ പറഞ്ഞത് ബാധകമല്ല... സോറി)

വയനാടിന്‍റെ ... അല്ല, കേരളത്തിന്‍റെ ഭംഗി - അത് ആസ്വദിക്കാന്‍ വാക്കുകള്‍ പോരാ... നേരിട്ട് തന്നെ കാണണം...!

വൈകു: 4:40 ആയപ്പോഴേക്കും ബസ്‌  കല്‍പ്പറ്റ എത്തി.

കല്‍പ്പറ്റ ആളും അനക്കവുമുള്ള ഒരു ചെറിയ പട്ടണമാണ്... വയനാടിനെ കുറിച്ച് അതുവരെയുണ്ടായിരുന്ന പരിമിതമായ അറിവില്‍ കല്പറ്റ എന്നത് കാട്ടിനകത്തുള്ള ഒരു ചെറിയ കുടിലും മാനന്തവാടി എന്നത് ഏറുമാടം പോലൊരു സ്ഥലവും ആയിരിക്കും എന്നായിരുന്നു!!! പക്ഷെ നേരിട്ട് കണ്ടപ്പോള്‍ മനസിലായി... അതൊന്നുമല്ല വയനാട്‌... ആവശ്യത്തിന് പട്ടണങ്ങളും മറ്റും ഉള്ള സ്ഥലം തന്നെയാണ്!

വൈകുന്നേരം 5:40 - മാനന്തവാടി.

ഉച്ചക്ക്‌ 2 മണിക്ക് കോഴിക്കോട് നിന്ന് തിരിച്ച യാത്ര വൈകുന്നേരം കൃത്യം 5:40 ആയപ്പോ മാനന്തവാടിയില്‍ എത്തി. ആകെ യാത്രാസമയം നാല് മണിക്കൂര്‍ . ഞങ്ങള്‍ ഇപ്പൊ എത്തിനില്‍ക്കുന്ന സ്ഥലം പഞ്ചായത്ത് ബസ്‌സ്റ്റാന്‍റ്. അവിടെ നിന്നും നടക്കാവുന്ന ദൂരത്തു മാനന്തവാടി ജങ്ങ്ഷന്‍. അവിടെ ഒരു മുക്കവലയില്‍ റോഡിനു മധ്യത്തില്‍ സ്ഥാപിച്ചിട്ടുള്ള ചൂണ്ടുപലക എടുത്തു ഇവിടെ ചൂണ്ടുന്നു. അത് നോക്കി നിങ്ങളുടെ നാട്ടിലേക്കുള്ള ദൂരം കണ്ടുപിടിക്കാം...!
മാനന്തവാടി ജങ്ക്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡ്‌ചിത്രം: മാനന്തവാടി ജങ്ക്ഷനില്‍ റോഡിനു
മധ്യത്തില്‍ സ്ഥാപിച്ചിട്ടുള്ള ചൂണ്ടുപലകകള്‍

വൈകുന്നേരം ആറു മണിയോടുകൂടി ഞങ്ങള്‍ രോഹിതിന്റെ ബാങ്കില്‍ പോവുകയും അവിടത്തെ ഉദ്യോഗസ്ഥരെ പരിചയപ്പെടുകയും ചെയ്തു. പിന്നെ ഓരോ ഓട്ടോ പിടിച്ചു അധികം അകലെയല്ലാതെ അവന്‍ ഞങ്ങള്‍ക്കുവേണ്ടി നേരത്തെ ബുക്ക്‌ ചെയ്ത വാടകവീട്ടിലേക്ക്... അവിടെ എത്തിച്ചേര്‍ന്നതും പിന്നെ ഒരു കുളി പാസാക്കാനുള്ള തിരക്കായി എല്ലാപേര്‍ക്കും... അങ്ങനെ കുളിയും കഴിഞ്ഞു ഭക്ഷണവും കഴിഞ്ഞു നേരെ ഉറക്കത്തിലേക്ക്...

അടുത്ത ദിവസം ആണ് മാനന്തവാടി സന്ദര്‍ശനത്തിനുള്ള പ്ലാന്‍... അത് മാത്രമല്ല, ബംഗ്ലൂരില്‍ ജോലി ചെയ്യുന്ന ഞങ്ങളുടെ രണ്ടു സഹപാഠികള്‍ കൂടി ഞങ്ങളോട് കൂടാന്‍ എത്തുകയാണ്... ഞാന്‍ നേരത്തെ പറഞ്ഞ ബാംഗ്ലൂര്‍-കോഴിക്കോട് ദിവസേന ബസ്‌ സര്‍വീസില്‍ ആണ് അവര് മാനന്തവാടി വരുന്നത്.


ഇനി യാത്രയുടെ രണ്ടാം ദിവസത്തിലേക്ക്...
12 മെയ്‌ 2012 - ശനി - രാവിലെ 7:30


പതിവിലും വിപരീതമായി അതിരാവിലെ തന്നെ എല്ലാപേരും എഴുനേറ്റു പല്ലുതേപ്പ്, കുളി മുതലായവ കഴിഞ്ഞു കൃത്യം 7:30 ആയപ്പോഴേക്കും യാത്രക്ക് തയ്യാറായി. ഇന്നത്തെ പ്ലാന്‍ - തിരുനെല്ലി അമ്പലം, ഇരുപ്പ് വെള്ളച്ചാട്ടം (കര്‍ണാടക), കുറുവ ദ്വീപ്‌ തുടങ്ങിയ സ്ഥലങ്ങള്‍ ആണ്.

കൃത്യം 7:30 നു തന്നെ രോഹിത്‌ അറേഞ്ച് ചെയ്തിരുന്ന ക്വാളിസ്‌ വന്നു. അവിടെ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി വാഹനമോടിക്കുന്ന ഒരു പുള്ളിക്കാരന്‍ . ഞങ്ങള്‍ പത്തുപേര്‍ പുട്ട് പോലെ വണ്ടിയില്‍ കേറിയിരുന്നു. നേരെ തിരുനെല്ലി അമ്പലം ലക്ഷ്യമാക്കി വിട്ടു. (ഗൂഗിള്‍ മാപ്പ് താഴെയുണ്ടേ...)

അധികം വൈകാതെ തന്നെ പട്ടണം വിട്ടു നല്ല കൊടുംകാട് തുടങ്ങി... റോഡ്‌ വളരെ നല്ലതാണ്... കര്‍ണാടകയിലേക്ക് പോകുന്ന റോഡ്‌ ആണ് ഇത്. ഇരുവശവും കാട് നിറഞ്ഞു നില്‍ക്കുന്നു. ചിലയിടങ്ങളില്‍ തേക്ക് കാടുപിടിച്ചു നില്‍ക്കുന്നുണ്ട്. ഈ കാടുകളില്‍ ആന, പോത്തുകള്‍, കാട്ടുപന്നി മുതലായ വന്യ മൃഗങ്ങളെ കാണാമെന്ന് ഡ്രൈവര്‍ പറഞ്ഞു... റോഡിനു ഇരുവശവും കണ്ണും നട്ടിരുന്നു കിലോമീറ്ററുകള്‍ പോയത് മിച്ചം... ആകെ കണ്ടത് വണ്ടി കണ്ടു പേടിച്ചു ഓടിപ്പോകുന്ന മൂന്നുനാല് കാട്ടുപന്നികളെ മാത്രമാണ്. അതെങ്കിലും കണ്ടല്ലോ എന്നാ ആശ്വാസത്തില്‍ ഞങ്ങള്‍ യാത്ര തുടര്‍ന്നു.

സമയം രാവിലെ 8:00 മണി.

അര മണിക്കൂര്‍ കഴിഞ്ഞു, കൃത്യം 8 മണി ആയപ്പോള്‍ ഞങ്ങള്‍ ഒരു മുക്കവലയില്‍ എത്തി. ആകെ ഒരു ചായക്കട മാത്രം. ആ സ്ഥലത്തിന്‍റെ പേര് "ഡച്ച് റോഡ്‌" എന്നാണെന് രോഹിത്‌ പറഞ്ഞു. ആ സ്ഥലത്തിന്റെ പേര് "തെറ്റ് റോഡ്‌" എന്നാണ്. അവിടെ വഴി തെറ്റുന്നതുകൊണ്ടാണ് അങ്ങനെയൊരു പേര് വന്നത് - (നന്ദി, ജോണ്‍സണ്‍ & കല്ലിവല്ലി). പഴശ്ശിരാജ ഒളിപ്പോര് നടത്തിയത് ആ കാടുകളില്‍ ആണത്രേ! അവിടെ അടുത്താണ് പഴശ്ശിയുടെ കുടീരം ഉള്ളതെന്നും അവന്‍ പറഞ്ഞു. മാനന്തവാടിയില്‍ നിന്നും തെറ്റ് റോഡ്‌ വരെ 17 കി.മീ. ദൂരം. ഏകദേശം അര മണിക്കൂര്‍ യാത്ര.

"തെറ്റ് റോഡ്‌" മുക്കവല ആകെ മൊത്തം ഒരു ഭംഗിയാണ്. തികച്ചും പ്രകൃതിഭംഗി. "മലരണിക്കാടുകള്‍ തിങ്ങിവിങ്ങി..." എന്ന് കവി പറഞ്ഞതുപോലെ... റോഡ്‌ രണ്ടായി പിരിയുന്ന സ്ഥലത്ത് നില്‍ക്കുന്ന ചുവന്ന പൂമരം ആണ് ആ സ്ഥലത്തിന്‍റെ ഭംഗി കൂട്ടുന്നത്‌. റോഡ്‌ നിറയെ ചോരച്ചുവപ്പ് പൂക്കള്‍ വാരി വിതറിയിരിക്കുന്നു... പൂമരമോ, ചുവന്ന ഒരു കൂറ്റന്‍ കുട പോലെ ആ പ്രദേശം മുഴുവനും നിറഞ്ഞു മൂടി പൂത്തുലഞ്ഞു നില്‍ക്കുന്നു.... വയനാടന്‍ ഭംഗി...! കേരളത്തിന്‍റെ മാത്രമായ നാടന്‍ ഭംഗി...! ആ ഭംഗി കുറെ ഞങ്ങള്‍ ഒപ്പിയെടുത്തു... അവയില്‍ ചിലത് ഇവിടെ പോസ്റ്റാം... ആസ്വദിക്കുക!

മനോഹരമായ ഡച്ച് റോഡ്‌ ജങ്ക്ഷന്‍  എവിടേക്ക് പോകണം?ചിത്രങ്ങള്‍ (ഇടതു) : തെറ്റ് റോഡ്‌ ജംഗ്ഷന്‍ - പൂമരം പൂത്തപ്പോള്‍(വലതു): ചൂണ്ടുപലകകള്‍ - വലത്തേക്ക് തോല്പ്പെട്ടി 5.5 കി.മീ, ഇടത്തേക്ക് തിരുനെല്ലി 13 കി.മീ. 

ആ മുക്കവലയില്‍ ഉള്ള ഒരേയൊരു ചായക്കട - അതാണ്‌ ഞങ്ങളുടെ ലക്‌ഷ്യം. പിന്നെ കാത്തുനിന്നില്ല. ഞങ്ങളെല്ലാം ആ ചെറിയ കടയിലേക്ക് ഇടിച്ചുകയറി. ആകെയുള്ള ഒരു മേശയുടെ നാല് വശത്തുമായി ഇരുന്നു. ആ കൊച്ചു മുറി കെട്ടിയിരിക്കുന്ന രീതി അപ്പോഴാണ്‌ ശ്രദ്ധിച്ചത് - മുളയുടെ ചീളുകള്‍ വെട്ടിയെടുത്ത് വട്ടി, കുട്ട മുതലായവ നെയ്യുന്നപോലെ കെട്ടിയെടുത്തു അതില്‍ മണ്ണ് കുഴച്ചു തേച്ചുപിടിപ്പിച്ചശേഷം അതില് ചാണകം മെഴുകിയെടുക്കുന്നു - ഇതാണ് അവരുടെ "ചുവര്‍ നിര്‍മാണം". തനി വയനാടന്‍ രീതി.

ആവി പറക്കുന്ന ഇഡ്ഡലിയും സാമ്പാറും വന്നു. നല്ല "വയനാടന്‍ ഇഡ്ഡലി" - അതിന്റെ സ്വാദോ, ബഹു വിശേഷം...! അതിന്‍റെ കൂടെ നല്ല ഒന്നാന്തരം വയനാടന്‍ ഇടിച്ചമ്മന്തിയും... എഴുതുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറുന്നു... "തനിനാടന്‍ ടേസ്റ്റ്" എന്നൊക്കെ പറയാറില്ലേ, അതുതന്നെ!!! ഒറ്റയിരുപ്പില്‍ ഞങ്ങള്‍ പതിനൊന്നുപേര്‍ കൂടി അകത്താക്കിയത് 48 ഇഡ്ഡലി.

കാപ്പികുടി കഴിഞ്ഞശേഷം അതെ കടയില്‍ നിന്ന് തന്നെ കുറെ ഉണ്ണിയപ്പം വാങ്ങി - അതിന്‍റെ രുചിയും കൂടി വിവരിച്ചാല്‍ നിങ്ങളുടെ കണ്ട്രോള് പോകും - അത്രമേല്‍ രുചികരമാണ് വയനാടിന്‍റെ നാടന്‍ ഭക്ഷണങ്ങള്‍. കാണുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറും, നാവില്‍ രുചികൊണ്ട് ഒരു തൃശൂര്‍ പൂരം തന്നെ നടക്കും...! ഒരുപക്ഷെ "ആറന്മുള കണ്ണാടി", "രാമശ്ശേരി ഇഡ്ഡലി" എന്നൊക്കെ പറയുന്നപോലെ എന്തെങ്കിലും വിശേഷപ്പെട്ട രുചിക്കൂട്ട് ആയിരിക്കാം. എന്തുമാകട്ടെ, നാടന്‍ ഭക്ഷണം - അതിന്‍റെ രുചിക്കും ഗുണത്തിനും പകരം വെക്കാന്‍ വേറൊന്നുമില്ലതന്നെ...!

("തെറ്റ് റോഡ്‌" ജംഗ്ഷനിലെ കുട്ടേട്ടന്റെ കടയിലെ ഉണ്ണിയപ്പത്തെക്കുറിച്ച് മാതൃഭൂമിയില്‍ വന്ന ലേഖനം ഇവിടെ വായിക്കാം)

ഏകദേശം പതിനഞ്ചു മിനിറ്റ്... 8:15 ആയപ്പോഴേക്കും അവിടെ നിന്നും നേരെ (ഇടത്തോട്ട്) തിരിഞ്ഞു തിരുനെല്ലി അമ്പലത്തിലേക്കുള്ള യാത്ര തുടര്‍ന്നു. പഴയപോലെ, ഇനിയെങ്കിലും ഒരു കാട്ടാനയെ കാണാമെന്ന് പ്രതീക്ഷിച്ചു എല്ലാപേരും പുറത്തുനോക്കി തളര്‍ന്നു... ആനയെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും ആന റോഡ്‌ ക്രോസ് ചെയ്തു പോയപ്പോള്‍ പതിഞ്ഞ കാല്‍പ്പാടുകള്‍ കണ്ടു ഞങ്ങള്‍ക്ക് സംതൃപ്തി അടയേണ്ടിവന്നു...!

"തെറ്റ് റോഡില്‍" നിന്നും തിരുനെല്ലി അമ്പലം വരെ 13 കി.മീ. - ഏകദേശം ഇരുപതു മിനിറ്റ് യാത്ര. മാനന്തവാടിയില്‍ നിന്നും തെറ്റ് റോഡ്‌ വഴി തിരുനെല്ലി അമ്പലത്തില്‍ പോകാനുള്ള ഗൂഗിള്‍ മാപ്പ് ഇതാ ഇവിടെ ചേര്‍ക്കുന്നു... പഴയതുപോലെ, വലിച്ചു നീട്ടിയോ സൂം ചെയ്തോ തൊട്ടുനോക്കിയോ ഒക്കെ ആസ്വദിക്കാം...!


സമയം രാവിലെ 8:45 - തിരുനെല്ലി അമ്പലം

തിരുനെല്ലി എന്ന പേര് വന്നതിന്‍റെ പിന്നില്‍ ഉള്ള ഐതിഹ്യം ഇതാണ് - പണ്ടുകാലത്ത് ശബരിമല തീര്‍ഥാടനം പോലെ തിരുനെല്ലിയില്‍ തീര്‍ഥാടനത്തിനു പോകുമായിരുന്നു. ഒരിക്കല്‍ മൂന്നു ബ്രാഹ്മണര്‍ തിരുനെല്ലിയിലേക്ക് തീര്‍ഥാടനത്തിനു പോവുകയും, ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭക്ഷണമെല്ലാം തീരുകയും, പിന്നീട് മുന്നോട്ടു പോകാന്‍ കഴിയാത്തവിധം ക്ഷീണിച്ചു അവശരാവുകയും ചെയ്തു. തുടര്‍ന്ന് അവര്‍ പെരുമാള്‍ മാത്രമേ ഇനി അഭയമുള്ളൂ എന്ന് മനസിലാക്കി മനം നൊന്തു പ്രാര്‍ഥിക്കുകയും, ഒരു അത്ഭുതം പോലെ അവര്‍ക്ക് മുന്നില്‍ നല്ല മുഴുത്തു പഴുത്ത നെല്ലിക്കകള്‍ നിറഞ്ഞ ഒരു നെല്ലിമരം കാണാവുകയും ചെയ്തു. അതിലെ നെല്ലിക്കാ തിന്നു വിശപ്പ്‌ മാറ്റിയ അവര്‍ ഈ സംഭവം ലോകമെമ്പാടും പ്രചരിപ്പിക്കുകയും, പെരുമാള്‍ കാണിച്ചുതന്ന നെല്ലിക്കയെ ബഹുമാനത്തോടെ "തിരു നെല്ലി" എന്ന് വിളിക്കുകയും ചെയ്തു. ക്രമേണ അത് സ്ഥലപ്പേര് ആയി പരിണമിക്കുകയും ചെയ്തു.
((തിരുനെല്ലി മാഹാത്മ്യം എന്ന ഗ്രന്ഥത്തില്‍ നിന്നും))


അതുവരെ ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള തിരുനെല്ലി അമ്പലം അന്ന് ആദ്യമായി നേരിട്ട് കാണുകയാണ് ഞങ്ങള്‍. തിരുനെല്ലി അമ്പലത്തില്‍ പ്രതിഷ്ഠ മഹാവിഷ്ണു ആണ്. നാലുകെട്ടുള്ള നിര്‍മാണരീതി. അമ്പലം ഉയര്‍ന്ന ഒരു സ്ഥലത്താണ്. താഴെ കാര്‍ പാര്‍ക്കിങ്ങിന് ധാരാളം സ്ഥലമുണ്ട്. പടിക്കെട്ടുകള്‍ കയറി നേരെ അമ്പലത്തിന്‍റെ നാലുകെട്ടിന് പുറത്തു ഞങ്ങള്‍ എത്തി. അവിടെ നിന്നും പുറകിലേക്ക് കുറെ പടിക്കെട്ടുകള്‍ താഴോട്ടു പോകുന്നത്കാണാം. അതുവഴി പോയാല്‍ "പാപനാശിനി പഞ്ചതീര്‍ത്ഥം", "ഗുണ്ഡികാ ശിവക്ഷേത്രം." മുതലായവ കാണാം. ആദ്യം ഞങ്ങള്‍ അങ്ങോട്ട്‌ പോകാന്‍ തന്നെ തീരുമാനിച്ചു. (അല്ല, ആചാരപ്രകാരം അവിടെ പോയി ദര്‍ശനം കഴിഞ്ഞു മാത്രമേ പ്രധാന അമ്പലത്തില്‍ കയറാന്‍ പാടുള്ളൂ). അമ്പലത്തിനു ചുറ്റിനുമുള്ള കുറച്ചു സ്ഥലങ്ങള്‍ ഒഴികെ ബാക്കി എല്ലാം കാട് തന്നെയാണ്.

പടിക്കെട്ടുകള്‍ ഏകദേശം നൂറെണ്ണം അടുപ്പിച്ചു വരും. ഓരോ പടിയും ഓരോ പാറക്കല്ലുകള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. അതില്‍ ഓരോന്നിലും ആരുടെയൊക്കെയോ പേരുകള്‍ കൊത്തിവെച്ചിട്ടുണ്ട്. ഒരുപക്ഷെ ആ പടികള്‍ നേര്‍ച്ചയായി നല്കിയവരുടെയോ അല്ലെങ്കില്‍ സംഭാവനയായി നല്കിയവരുടെയോ പേരുകള്‍ ആയിരിക്കാം.

ഈ പടിക്കെട്ടുകള്‍ ഇറങ്ങിച്ചെല്ലുമ്പോള്‍ നേരെ കാണുന്നത് ഒരു തീര്‍ത്ഥക്കുളം ആണ്. അതിന്‍റെ പേര് "പഞ്ചതീര്‍ത്ഥം". ബ്രഹ്മഗിരിയില്‍ നിന്നും ഉത്ഭവിക്കുന്ന അഞ്ചു ഉറവകളില്‍ നിന്നും വരുന്ന ജലം ഒരുമിക്കുന്നു എന്ന രീതിയില്‍ ആണ് "പഞ്ചതീര്‍ത്ഥം" എന്ന പേര്. പണ്ടുകാലത്ത് ഈ അഞ്ചു ഉറവകളും കാണാമായിരുന്നു എന്ന് പറയപ്പെടുന്നു. ഇപ്പോള്‍ അഞ്ചു തീര്തങ്ങളുടെയും പ്രതീകമായി മഹാവിഷ്ണുവിന്‍റെ പഞ്ചാംഗങ്ങള്‍ ഒരു കല്ലില്‍ കൊത്തിവെച്ചിരിക്കുന്നു. വേലികെട്ടി സംരക്ഷിച്ചിരിക്കുന്ന കുളത്തിനു നടുവിലായി ഒരു വലിയ ആമ നില്‍ക്കുന്ന പ്രതീതിയില്‍ ഒരു പാറ കാണാം. അതിനു മുകളിലായി മഹാവിഷ്ണുവിന്‍റെ പാദങ്ങള്‍, ശംഖ്, ചക്രം, താമര, ഗദ തുടങ്ങിയവ കൊത്തിവെച്ചിട്ടുണ്ട്. കുളത്തില്‍ നിറയെ ആമ്പലുകളും മീനുകളും.

തിരുനെല്ലി അമ്പലത്തില്‍ നിന്നും പാപനാശിനിയിലെക്കുള്ള വഴി   പാപനാശിനി കുളംചിത്രങ്ങള്‍ :(ഇടത് ): തിരുനെല്ലി അമ്പലത്തില്‍ നിന്നും പഞ്ചതീര്‍ത്ഥം, പാപനാശിനി, ഗുണ്ഡിക ശിവക്ഷേത്രം എന്നിവയിലേക്കുള്ള പടിക്കെട്ടുകള്‍(വലത്):  പഞ്ചതീര്‍ത്ഥം. നടുവിലുള്ള പാറക്കല്ലില്‍ മഹാവിഷ്ണുവിന്റെ പഞ്ചാംഗങ്ങള്‍ കൊത്തിവെച്ചിരിക്കുന്നു : ശംഖ്, ചക്രം, ഗദ, പദ്മം, പാദങ്ങള്‍

പിന്നെയും നടന്നാല്‍ നേരെ പൊന്തന്‍ പൊന്തന്‍ കല്ലുകള്‍ നിറഞ്ഞ ഒരു വഴിയിലേക്കാണ് പോകുന്നത്. ആ സ്ഥലം ശെരിക്കും വെള്ളം വറ്റിയ ഒരു അരുവിയാണ്... പൊന്തന്‍ കല്ലുകളില്‍ സൂക്ഷിച്ചു നടന്നില്ലെങ്കില്‍ വീഴാന്‍ സാധ്യത ഏറെ. വീണാലോ, മിനിമം അഞ്ചു പല്ലെങ്കിലും പോകും, കയ്യോ കാലോ ഒടിയും. ആ പാത നേരെ പോകുന്നത് "പാപനാശിനി" എന്ന് പേരുള്ള, ബലിയിടാനുള്ള ഒരു സ്ഥലത്തേക്ക്‌ ആണ്. കുറെയേറെ ആളുകള്‍ അവിടെയുള്ള ചെറിയ അരുവിയില്‍ ബലികര്‍മം ചെയ്യുന്നുണ്ടായിരുന്നു... കാട്ടുകല്ലില്‍ നിര്‍മിച്ച ചെറിയൊരു ഗണപതി പ്രതിഷ്ഠയും അവിടെ കാണാന്‍ കഴിഞ്ഞു.

പാപനാശിനിയിലെക്കുള്ള വഴി - കാലൊന്നു തെറ്റിയാല്‍ പല്ല് മൂന്നു പോകും.
ചിത്രം: പാപനാശിനിയിലെക്കുള്ള വഴി -
കാലൊന്നു തെറ്റിയാല്‍ പല്ല് മൂന്നെണ്ണം പോകും.

അവിടന്ന് ചെറിയൊരു പാലം കടന്നുപോയാല്‍ കാണുന്നതാണ് ഗുണ്ഡികാ ശിവക്ഷേത്രം. ഇതൊരു അതിപുരാതന ഗുഹാക്ഷേത്രം ആണ്. ഇവിടെ വഴിയില്‍ പൊന്തന്‍ കല്ലുകള്‍ അല്ലെങ്കിലും സാധാരണ ഒരു കാട്ടുപാത ആണ്. അല്പം നടന്നാല്‍ ഒരു വലിയ പാറയില്‍ കൊത്തിയുണ്ടാക്കിയ ശിവക്ഷേത്രം കാണാം. ഈ ഗുഹയുടെ മറ്റേ അറ്റം കണ്ണൂരുള്ള കൊട്ടിയൂര്‍ ആണെന്നും, അതല്ല, പാലക്കാട് തിരുവില്വാമല ആണെന്നും പറയപ്പെടുന്നു. പാപനാശിനിയില്‍ ബലിയര്‍പ്പിച്ചവര്‍ ദര്‍ശനം നടത്തേണ്ട ക്ഷേത്രം ആണെന്ന് അവിടെ എഴുതിവെച്ചിരിക്കുന്നു. ഒരു അപൂര്‍വമായ ആചാരം അവിടെ ഞങ്ങള്‍ കണ്ടു - തറയില്‍ കൊച്ചു കൊച്ചു കല്ലുകള്‍ ഒന്നിന് മീതെ ഒന്നായി അടുക്കി വെച്ചിരിക്കുന്നു - അത്തരത്തില്‍ കണ്ണോടിക്കുന്ന സ്ഥലത്തെല്ലാം "കല്ലടുക്കുക്കള്‍"... അതിന്‍റെ ചില ചിത്രങ്ങള്‍ ചേര്‍ക്കാം.

കല്ലുകള്‍ അടുക്കിവെക്കുന്ന ഒരുതരം ആചാരം - ഗുണ്ടികാ ശിവക്ഷേത്രം  കല്ലുകള്‍ അടുക്കിവെക്കുന്ന ഒരുതരം ആചാരം - ഗുണ്ടികാ ശിവക്ഷേത്രംചിത്രങ്ങള്‍ :(ഇടത്, വലത്) : ഗുണ്ഡിക ക്ഷേത്രപരിസരത്തു കാണുന്ന ആചാരം - ചെറു കല്ലുകള്‍ അടുക്കി വെച്ചിരിക്കുന്നു.

പാപനാശിനിയും ഗുണ്ഡികയും കണ്ടതിനുശേഷം തിരികെ പടിക്കെട്ടുകള്‍ കയറി അമ്പലത്തിനടുത്തെത്തി. എല്ലാപേരും അമ്പലത്തിലേക്ക് കയറി. ഞാനും മറ്റു രണ്ടുപേരുംകൂടി പുറത്തുനിന്നു കാഴ്ചകള്‍ ആസ്വദിച്ചു. അമ്പലത്തില്‍ നിന്നാല്‍ ദൂരെ മലമുകളില്‍ പുല്‍മേടുകള്‍ കാണാം. പാട്ടുകളില്‍ മാത്രം കേട്ടിട്ടുള്ള "പുല്‍മേടുകള്‍ " - വീട്ടിലെ പുല്‍ത്തകിടിയെക്കാള്‍ മനോഹരമായ പുല്‍മേടുകള്‍...! അവിടെയാണോ കഥകളിലെ ആടുകളൊക്കെ മേയാന്‍ പോകുന്നത്? ആയിരിക്കാം...!
തിരുനെല്ലി അമ്പലംചിത്രം: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം.

അമ്പലത്തില്‍ കയറിയവര്‍ പായസവും വാങ്ങി തിരികെവന്നു. ഒരു കുപ്പി പായസം പൊട്ടിച്ചു ഞങ്ങളെല്ലാം കൂടി ഒറ്റയടിക്ക് "ബ്ലും ബ്ലും" എന്ന് തിന്നു തീര്‍ത്തു. പിന്നെ പുറത്തിറങ്ങി തിരികെ വണ്ടിയിലേക്ക്... ട്രാവലോഗില്‍ എഴുതിച്ചേര്‍ക്കാന്‍ വേണ്ടി തിരുനെല്ലി അമ്പലത്തിന്‍റെ ഐതിഹ്യം ചോദിച്ചറിയാന്‍ ആരെയും കയ്യെത്തുംദൂരത്തു കിട്ടാത്തതുകൊണ്ട് ഞാന്‍ അവിടെ അടുത്ത് കണ്ട ഒരു കടയില്‍ നിന്ന് കയ്യിലൊതുങ്ങുന്ന പൈസ കൊടുത്തു "തിരുനെല്ലി പുരാണം" എന്നൊരു പുസ്തകം വാങ്ങി. വിശദമായി വായിച്ചിട്ട് ഒരുദിവസം വളരെ ചുരുക്കി ഒരു പോസ്റ്റ്‌ ഇടാം...!

കൃത്യം 9:45 ആയപ്പോള്‍ തിരുനെല്ലിയില്‍ നിന്നും തിരികെ നമ്മള്‍ നേരത്തെ നിന്ന "തെറ്റ് റോഡിലേക്ക്" തിരിച്ചു. തിരുനെല്ലിയെ പിന്നിലാക്കി വണ്ടി അതിവേഗം സഞ്ചരിക്കുമ്പോള്‍ എന്‍റെ നിഷ്ക്കളങ്കമായ ഒരു സംശയം ഞാന്‍ എല്ലാരുമായി പങ്കിട്ടു - "അപ്പൊ ആരെയാണ് ഈ "തിരുനെല്ലിയിലെ പെണ്‍കുട്ടി" എന്ന് പറയുന്നത്????" - ഉത്തരം ഒരു നീണ്ട മൌനം മാത്രമായിരുന്നു.

ഇനി നേരെ പോകുന്നത് "ഇരുപ്പ് വെള്ളച്ചാട്ടം" - (Irpu Falls) - കാണാനാണ്. നമ്മള്‍ നേരത്തെ കണ്ട "തെറ്റ് റോഡില്‍" നിന്നും വലത്തേക്ക് കണ്ട വഴിയെ പോയാല്‍ ഏകദേശം 15 കി.മീ. അകലെ കര്‍ണാടക സംസ്ഥാനത്തില്‍ ആണ് ഇരുപ്പ് വെള്ളച്ചാട്ടം. തിരുനെല്ലിയില്‍ നിന്നും തെറ്റ് റോഡ്‌ വഴി നേരെ ഇരുപ്പിലേക്ക് വിടാനുള്ള ഗൂഗിള്‍ മാപ്പ് ഇതാ കിടക്കുന്നു...! ചുരുട്ടിയെടുത്തു കൊണ്ടുപോയ്ക്കോളൂ... (ഇത്തവണ വീട്ടില്‍ പറഞ്ഞിട്ടെ പോകാവൂ... സംസ്ഥാനം വിട്ടുള്ള കളിയാണ്.. റോമിംഗ്... റോമിംഗ്...)



തെറ്റ് റോഡ്‌ കഴിഞ്ഞു നേരെ കര്‍ണാടക റോഡിലേക്ക് കയറി, അധികദൂരം പോകുന്നതിനു മുന്നേ തന്നെ കര്‍ണാടക ചെക്പോസ്റ്റ്‌ എത്തി. അവിടെ ഒരു മൈല്‍കുറ്റിയില്‍ "മര്‍ക്കാര" എന്നൊരു സ്ഥലം കണ്ടു - ഓര്‍ക്കുന്നില്ലേ, രഞ്ജിത്തിന്റെ "ഇന്ത്യന്‍ റുപീ" സിനിമയില്‍ രേവതി താമസിക്കുന്ന സ്ഥലത്തിന്‍റെ പേരാണ് "മര്‍ക്കാര". ചെക്ക്പോസ്റ്റില്‍ നിന്നും 97 കി.മീ. ദൂരം. അതുപോലെ മറ്റൊരു സ്ഥലമാണ് "കുട്ട" - അത് ചെക്പോസ്റ്റില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ. കുട്ട... ചട്ടി... എന്തൊക്കെ സ്ഥലപ്പേരുകള്‍ ആണോ ആവോ...!

സമയം രാവിലെ 11:00 മണി - ഇരുപ്പ് വെള്ളച്ചാട്ടം, കര്‍ണാടക

തിരുനെല്ലിയില്‍ നിന്നും ഇരുപ്പ് വെള്ളച്ചാട്ടം വരെ എത്താന്‍ സമയം ഒന്നേകാല്‍ മണിക്കൂര്‍. വലിയൊരു മൈതാനം പോലൊരു സ്ഥലത്താണ് വണ്ടി കൊണ്ട് നിര്‍ത്തുന്നത്. അവിടെ നിന്നും 20 രൂപാ പാസ്‌ എടുത്തശേഷം പ്രത്യേക പാതയിലൂടെ കാട്ടിനുള്ളിലേക്ക് ഒരു കിലോമീറ്ററോളം നടന്നുപോകണം. അങ്ങനെ ഞങ്ങള്‍ എല്ലാപേരും ടിക്കറ്റ്‌ എടുത്തു നേരെ വെള്ളച്ചാട്ടം ലക്ഷ്യമാക്കി നടന്നു. ഈ കാടിനകത്തു ധാരാളം കുളയട്ടകള്‍ ഉള്ളതുകൊണ്ട് എല്ലാരും പാന്റ്സ് മുകളിലേക്ക് മടക്കിക്കെട്ടി വെച്ചു. അഥവാ അട്ട കേറിയാലും മുട്ടിനു താഴെ കടിച്ചോട്ടെ, മുകളിലേക്ക് കേറാന്‍ പാടില്ല എന്നതാണ് നമ്മുടെ നയം.

നമ്മള്‍ പോകുന്നത് ഇരുപ്പ് വെള്ളച്ചാട്ടത്തില്‍ ...!   വാഴകൃഷി - ഇരുപ്പ്, കര്‍ണാടകചിത്രങ്ങള്‍ :(ഇടത്) : ഇരുപ്പ് വെള്ളചാട്ടത്തിലെക്കുള്ള വഴി. (അട്ടയുണ്ട് സൂക്ഷിക്കുക)(വലത്) :  ഇരുപ്പില്‍ പോകുന്ന വഴി വാഴകൃഷിയും ഉണ്ട്.

കാട്ടിനുള്ളിലേക്ക് കയറുംതോറും ചെവി തരിക്കുന്ന വിധത്തില്‍ ചീവീടുകളുടെ കരച്ചില്‍ കേള്‍ക്കാന്‍ തുടങ്ങി. ചീവീടുകള്‍ക്ക് ഇത്രക്കും ഉച്ചത്തില്‍ കരയാനും മാത്രം "സൌണ്ട് സിസ്റ്റം" ഉണ്ടോ എന്നത് അതിശയമായി. വലത്തും ഇടതും മുകളിലും താഴെയും കാട് മാത്രം... ഇരുണ്ട കാട്... വെളിച്ചം നന്നേ കുറവ്... വള്ളികള്‍ പാമ്പുകളെ പോലെ പേടിപ്പിച്ചുകൊണ്ട്‌ തൂങ്ങിയാടുന്നു... പൊക്കം കൂടിയ മരങ്ങളുടെ ചില്ലകളില്‍ കറുത്ത നിരത്തില്‍ കൂറ്റന്‍ തേനീച്ചക്കൂടുകള്‍... പലതരം ജന്തുക്കളുടെ പേടിപ്പെടുത്തുന്ന ശബ്ദങ്ങള്‍... അതിനിടെ മനുഷ്യനെ പേടിപ്പിക്കാന്‍ വേണ്ടി പലയിടത്തും "ഇവിടെ രാജവെമ്പാല ഉണ്ട്", "ഇവിടെ കടുവ ഉണ്ട്" മുതലായ ബോര്‍ഡുകളും. പോരെ പൂരം. ഇതാണ് കാട്...!

കാട്ടുവഴിയിലൂടെ തൂക്കുപാലം കടന്നു നടന്നു നടന്നു ചെന്ന് കയറുന്നത് ഇരുപ്പ് വെള്ളച്ചാട്ടത്തിന്റെ മുന്നിലാണ്. അവിടെ കുറെ ആളുകള്‍ ഉണ്ടായിരുന്നു. മുഴുവനും വഴുവഴുപ്പുള്ള പാറക്കൂട്ടം. കാലൊന്നു തെറ്റിയാല്‍ അന്‍പതടി താഴ്ചയില്‍ മറ്റൊരു പാറക്കൂട്ടങ്ങള്‍ക്കിടയില്‍ പോയി കിടക്കാം. മലമുകളില്‍ നിന്നും വെള്ളം ഇരച്ചുപാഞ്ഞു വരുന്നു... വെള്ളച്ചാട്ടത്തിന്റെ നേരെ താഴെയായി നിന്ന് കുളിക്കാന്‍ പാകത്തില്‍ ഗ്രില്‍ കെട്ടിയിട്ടിട്ടുണ്ട്.
ഇരുപ്പ് വെള്ളച്ചാട്ടംചിത്രം: ഇരുപ്പ് വെള്ളച്ചാട്ടം - ഒരു വിദൂര ദൃശ്യം.
വെള്ളച്ചാട്ടത്തിനു നേരെ താഴെ കുറെ ആളുകള്‍
നില്‍ക്കുന്നത് സൂക്ഷിച്ചു നോക്കിയാല്‍ കാണാം.

ഞങ്ങള്‍ കുളിക്കാന്‍ തയ്യാറായിതന്നെയാണ് പോയത്. വളരെ പെട്ടെന്ന് തന്നെ വളരെ തുറസായ ഒരു സ്ഥലത്ത് നിന്ന് ഡ്രസ്സ്‌ മാറി നിക്കറും ധരിച്ച് വെള്ളച്ചാട്ടത്തിലേക്ക് നടന്നു.. പിന്നെ ഒരു ഒന്നൊന്നര മണിക്കൂറോളം ഒരു ഒന്നൊന്നര കുളി തന്നെ ആയിരുന്നു! നല്ല ചില് ചിലാ തണുത്ത വെള്ളം... അതും പ്രകൃതിയില്‍ നിന്നും മാലിന്യമില്ലാതെ ഊറിവരുന്ന തെളിഞ്ഞ വെള്ളം...

വെള്ളച്ചാട്ടത്തില്‍ കുളിക്കാനും ഫോട്ടം പിടിക്കാനും ആളുകളുടെ ക്യൂ തന്നെ... എന്നുവെച്ചാല്‍ ഒരു മുപ്പതോളം പേര്‍ മാത്രം... വരുന്നവര്‍ പോകുന്നവര്‍ മൊത്തം വെള്ളച്ചാട്ടത്തില്‍ കുളിച്ചിട്ടെ പോകുന്നുള്ളൂ...! വായിനോക്കാന്‍ വളരെയധികം ആഗ്രഹമുള്ളവര്‍ക്ക് വളരെ നല്ലൊരു ലൊക്കേഷന്‍ ആണ് ഇരുപ്പ്. (ബാക്കി ഞാന്‍ സെന്‍സര്‍ ചെയ്യുന്നു...)

ഒന്നര മണിക്കൂറോളം വെള്ളച്ചാട്ടത്തില്‍ ആര്‍മാദിച്ച ശേഷം എല്ലാരും തിരികെവന്നു തലയൊക്കെ തോര്‍ത്തി, ഡ്രസ്സ്‌ എല്ലാം എടുത്തിട്ടു... അതുകഴിഞ്ഞ് വെള്ളച്ചാട്ടത്തിനു താഴെയായി സന്ദര്‍ശകര്‍ക്ക് ഇരിക്കാനും കാഴ്ച കാണാനും കെട്ടിയിട്ടുള്ള ബാല്‍ക്കണിയില്‍ നിന്ന് കുറെ ഫോട്ടോസ് എടുത്തു... പിന്നെ പതുക്കെ തിരികെ കാടിറങ്ങി നേര നമ്മുടെ വണ്ടിയിലേക്ക്... രാവിലെ വാങ്ങിയ ഉണ്ണിയപ്പം ബാക്കിയിരുന്നത് എല്ലാരുംകൂടി തീര്‍ത്തു. പിന്നെ വണ്ടിയില്‍ കയറി യാത്ര തുടര്‍ന്നു...

അടുത്തതായി പോകുന്നത് "കുറുവ ദ്വീപ്‌" കാണാന്‍.

മാനന്തവാടിയില്‍ നിന്നും കുറവാ ദ്വീപിലേക്ക് 15 കി.മീ ദൂരം. തിരുനെല്ലി-തോല്പ്പെട്ടി റോഡില്‍ കാട്ടിക്കുളം എന്നൊരു സ്ഥലമുണ്ട്. അവിടെയാണ് തിരുനെല്ലി പഞ്ചായത്ത് ഓഫീസ്. അവിടെ നിന്നും കുറുവദ്വീപിലേക്കുള്ള റോഡ്‌ തുടങ്ങുന്നു. പ്രസ്തുത കാട്ടിക്കുളം ജങ്ങ്ഷനില്‍ നിന്നും 6 കി.മീ അകലെയാണ് കുരുവദ്വീപ്‌. ഇതിനും വേണ്ടേ ഒരു ഗൂഗിള്‍ മാപ്പ്... ഇതാ പിടിച്ചോളൂ...



കുറുവാ ദ്വീപിനെക്കുറിച്ച് വിക്കിപ്പീഡിയയില്‍ നിന്നും ഏതാനും വരികള്‍ ഞാന്‍ ചൂണ്ടുന്നു...

"കബിനി നദിയിലെ നദീതടത്തിൽ 950 ഏക്കർ വിസ്തീർണമുള്ള ഒരു ദ്വീപു സമൂഹമാണ് കുറുവദ്വീപ്(11°49′18″N 76°5′32″ECoordinates: 11°49′18″N 76°5′32″E). കേരളത്തിൽ നിന്നും കിഴക്കോട്ട് ഒഴുകുന്ന നദിയായ കബനിയുടെ പോഷക നദിയിലാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ജനവാസം ഇല്ലാത്ത ദ്വീപാണിത്. സംരക്ഷിത മേഖലയായ ഇവിടെ പലവിധത്തിലുള്ള പക്ഷികളും ഔഷധ ചെടികളും സസ്യങ്ങളും വളരുന്നു. കേരളത്തിലെ വയനാട് ജില്ലയിലാണ് ഈ ദ്വീപ്. 150 ഓളം ചെറുദ്വീപുകളുടെ കൂട്ടമാണ് ഈ പ്രദേശം. അതുകൊണ്ടു തന്നെ കുറുവ ദ്വീപിന്റെ മുഖ്യഭാഗത്തേക്കു പ്രവേശിക്കുവാൻ വെള്ളപ്പൊക്കമുള്ള അവസരങ്ങളിൽ വഞ്ചിയോ, മറ്റു സൗകര്യങ്ങളോ ആവശ്യമാണ്. പാറക്കെട്ടുകൾ നിറഞ്ഞ കൊച്ചരുവികളിലൂടെ കാൽനടയായി ദ്വീപുകളിലെല്ലാം എത്തിച്ചേരാവുന്നതാണ്."

ഇനി കുറുവാ ദ്വീപിലേക്കുള്ള യാത്ര തുടരാം അല്ലെ...?

ഉച്ചക്ക് 1:40 ആയപ്പോഴേക്കും.... "നിങ്ങള്‍ ഇതുവരെ വന്യജീവികളെ ഒന്നും കണ്ടില്ലല്ലോ" എന്ന് ചോദിക്കുന്ന മട്ടില്‍ അതാ നില്‍ക്കുന്നു മൂന്നു ആനകള്‍..! റോഡില്‍ നിന്നും അല്പം ഉള്ളിലായി ഒരു പിടിയാന, പുറകില്‍ ഒരു കുട്ടിയാന, ഇവരെ രണ്ടുപേരെയും അല്പം ദൂരെ നിന്നും ഒളിഞ്ഞുനോക്കിക്കൊണ്ട് ഒരു കൊമ്പന്‍ ... ഡ്രൈവര്‍ വണ്ടി നിര്‍ത്തിത്തന്നു... ഞങ്ങള്‍ ക്യാമറ എടുത്തു തുരുതുരാ ക്ലിക്കി... കുറെ ഫോട്ടോകള്‍... ക്യാമറക്ക് മുന്നില്‍ ഒരു മോഡല്‍ നില്‍ക്കുന്നപോലെ കുറേനേരം പിടിയാന പോസ് ചെയ്തു. പിന്നെ "നീയൊന്നും ആനകളെ കണ്ടിട്ടില്ലെടാ.." എന്ന മട്ടില്‍ മുന്നോട്ടു വന്നതും ഞങ്ങള്‍ വണ്ടി വിട്ടു വണ്ടി വിട്ടു....
"ഇത് ശരിയാവില്ല... പോയേക്കാം..."ചിത്രങ്ങള്‍ :( മുകളില്‍ )  - ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പിടിയാന - കാത്തിരുന്നു കിട്ടിയ അപൂര്‍വ കാഴ്ച.( താഴെ ) - "താന്‍ എന്താടോ ആനകളെ കണ്ടിട്ടില്ലേ???" - പിടിയാന കലിപ്പിലാണ് :-) 

"എന്താ നോക്കുന്നത്??? ആനകളെ കണ്ടിട്ടില്ലേ...???"

സമയം ഉച്ചക്ക് 2:00 മണി.

ഇരുപ്പ് വെള്ളച്ചാട്ടത്തില്‍ നിന്നും കൃത്യം ഒരു മണിക്കൂര്‍ യാത്രചെയ്താണ് ഞങ്ങള്‍ കുറുവ എത്തിയത്. ഇപ്പോള്‍ കുറുവ ദ്വീപിനു മൂന്നു കി.മീ മുന്നിലായി "മുട്ടങ്കര" എന്നൊരു സ്ഥലത്താണ്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് അവിടെ ഒരുപാട് ആളുകള്‍ നല്ല നാടന്‍ ഭക്ഷണം തയ്യാറാക്കുന്നുണ്ട്. മിക്കവാറും റോഡിന്‍റെ അരികിലായി ആരെങ്കിലുമൊക്കെ നിന്ന് പോകുന്ന വാഹനങ്ങള്ക്കെല്ലാം കൈ കാണിച്ചു "കാന്‍വാസ്" ചെയ്യുന്നത് കാണാം. ഞങ്ങളുടെ ഡ്രൈവര്‍ പരിചയമുള്ള ഒരു കടയില്‍ വണ്ടി നിര്‍ത്തി. അവിടെനിന്നും നല്ല നാടന്‍ ഊണും മീന്‍കറിയും ബീഫ്‌ ഉലത്തിയതുമൊക്കെ ഞങ്ങള്‍ വയര്‍ നിറയെ കഴിച്ചു. നല്ല വിശപ്പും, വയനാടന്‍ രുചിയും - അപ്പോള്‍ പിന്നെ പറയണ്ടല്ലോ - ഭക്ഷണം ബഹു കേമായി... ന്ന് അങ്ങട് പറഞ്ഞാല്‍ മതീല്ല്യോ...!!! പിന്നെ യാത്ര തുടര്‍ന്നു - ഇനി മൂന്നു കിലോമീറ്റര്‍.

കൃത്യം 2:30 ആയപ്പോഴേക്കും കുറുവദ്വീപിലേക്കുള്ള പാര്‍ക്കിങ്ങില്‍ ഞങ്ങള്‍ എത്തി.

നേരത്തെ പറഞ്ഞതുപോലെ, കബനി നദിയുടെ നടുവിലുള്ള നൂറ്റിഅന്‍പതോളം ചെറുദ്വീപുകള്‍ ചേര്‍ന്നതാണ് കുറുവാദ്വീപ്‌. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് കുറെ യാത്രക്കാര്‍ ഒഴുക്കില്‍പ്പെട്ടതിനെ തുടര്‍ന്നു ദ്വീപിലേക്ക് വൈകുന്നേരം 3.30 വരെ മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ. ആളൊന്നിന് 25 ഉറുപ്പിക ടിക്കറ്റ്‌ എടുത്താണ് പ്രവേശനം. ഞങ്ങളെല്ലാരും ഒരുമിച്ചു ടിക്കറ്റ്‌ എടുത്തു.

കബനിയുടെ ഇങ്ങേക്കരയില്‍നിന്നും ദ്വീപിലേക്ക് ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് നേരിട്ട് നടത്തുന്ന ചങ്ങാടം ഉണ്ട്. അതില്‍ കേറി വേണം ദ്വീപിലെക്കും തിരിച്ചുമുള്ള യാത്ര. രണ്ടു ചങ്ങാടം ഉണ്ട്. ഇരുവശത്തേക്കും മാറി മാറി യാത്ര നടത്തും. നദിക്കു കുറുകെയായി രണ്ടു കയറുകള്‍ വലിച്ചുകെട്ടിയിട്ടുണ്ട്. ചങ്ങാടത്തില്‍ നില്‍ക്കുന്ന ചങ്ങാതി ഈ കയറില്‍ പിടിച്ചു കാലുകൊണ്ട് ചങ്ങാടത്തെ തള്ളി വിട്ടാണ് യാത്ര. ഒന്ന് നീങ്ങിക്കിട്ടിയാല്‍ പിന്നെ കയറില്‍ പിടിച്ചു ചങ്ങാടം ഒഴുക്കാന്‍ എളുപ്പമാണ്. ചങ്ങാടം നിര്‍മിച്ചിരിക്കുന്നത് മുളന്തടികള്‍ കൊണ്ടാണ്. മുളയുടെ തടികളും ചീളുകളും പരസ്പരം കെട്ടിയുണ്ടാക്കിയ ചങ്ങാടത്തില്‍ ഏകദേശം മുപ്പതു ആളുകള്‍ക്ക് ഒരേസമയം ഇരിക്കാം. ഇരിക്കാന്‍ പ്രത്യേകം മുളകള്‍ ഉണ്ട്. ചങ്ങാടത്തില്‍ ഇരുന്നു യാത്ര ചെയ്യുമ്പോള്‍ കാല്‍പാദങ്ങള്‍ പാതി മുങ്ങിയിരിക്കും. ഷൂസ് ഇട്ടു പോകാന്‍ ആഗ്രഹിക്കുന്നവര്‍ ജാഗ്രതൈ...!!!

കുറവ ദ്വീപിലേക്കുള്ള ചങ്ങാട യാത്ര - വ്യത്യസ്തമായൊരു അനുഭവം!   കുറവ ദ്വീപിലേക്കുള്ള ചങ്ങാട യാത്ര - വ്യത്യസ്തമായൊരു അനുഭവം!ചിത്രങ്ങള്‍ :( ഇടതും വലതും) : അക്കരെ കാണുന്നത് കുറവ ദ്വീപ്‌. ദ്വീപിലേക്കുള്ള ചങ്ങാടം. കയറില്‍ പിടിച്ചു കാലുകൊണ്ട് തള്ളിയാണ് ചങ്ങാടം നീക്കുന്നത്.

കുറുവാദ്വീപ്‌ കൊടുംകാടാണ്. ആള്‍വാസം ഇല്ലാത്ത കൊടുംകാട്. അവിടെ സഞ്ചാരികള്‍ മാത്രമേ ഉള്ളു. ഇപ്പൊ അതിനകത്ത് വഴിതെറ്റാതെ നടക്കാന്‍ കാട് വെട്ടിത്തെളിച്ച് വഴി നിര്‍മിച്ചിരിക്കുന്നു. അപാരമായ ചീവീട് വിളിയാണ് മറ്റൊരു പ്രത്യേകത. മുളംകാടുകള്‍ നിറഞ്ഞു നില്‍ക്കുന്നു. മുളകള്‍ മിക്കവാറും പൂത്തുകഴിഞ്ഞു ഉണങ്ങി നില്‍ക്കുന്നതാണ് കണ്ടത്. കാറ്റടിക്കുമ്പോള്‍ മുളംകാടുകളില്‍ നിന്നും "കിര്‍ര്‍ര്‍ര്‍ര്‍ര്‍ .... കിര്‍ര്‍ര്‍ര്‍ര്‍ര്‍ ...." ശബ്ദം കേള്‍ക്കാം - മുളകള്‍ തമ്മില്‍ കൂട്ടിയുരുമ്മുന്ന ശബ്ദം. (ഉണക്ക മുളകള്‍ കൂട്ടിയുരുമ്മുമ്പോള്‍ ഉണ്ടാകുന്ന തീപ്പൊരി പലപ്പോഴും കാട്ടുതീക്ക് കാരണമാകാറുണ്ട്).

കുറവദ്വീപിലെ നടവഴി   കുറുവദ്വീപിലെ മുളംകുടില്‍ ചെക്ക്പോസ്റ്റ്‌.ചിത്രങ്ങള്‍ :(ഇടത്) : കുറുവ ദ്വീപിനുള്ളിലെ കാട്ടുപാത(വലത്) :  കുറുവ ദ്വീപിലെ മുള നിര്‍മിതമായ ചെക്ക്പോസ്റ്റ്‌ കുടില്‍

മിക്കവാറും മരങ്ങളില്‍ കുരങ്ങന്മാരെ കാണാം. ഇത്തിരിയോളം പോന്ന കുട്ടിക്കുരങ്ങന്മാര്‍ അതിന്‍റെ അമ്മച്ചിയുടെ വയറ്റത്ത് അള്ളിപ്പിടിച്ചു ചുറ്റുമുള്ള കാഴ്ചകള്‍ ആസ്വദിക്കുന്നത് കാണാം. ചില കുരങ്ങന്മാര്‍ മരത്തിന്റെ മുകളിലിരുന്നു താഴെക്കൂടെ യാത്രചെയ്യുന്നവരുടെ തലയിലേക്ക് മുള്ളി മുള്ളി ആസ്വദിക്കുന്നതും കാണാം. മറ്റൊരിടത്ത് ഒരു കൂറ്റന്‍ മരത്തിന്‍റെ ചില്ലകളിലിരുന്നു മരത്തില്‍ നില്‍ക്കുന്ന പഴങ്ങള്‍ പറിച്ചുതിന്നുന്ന ഒരുകൂട്ടം കുരങ്ങന്മാരെയും കണ്ടു. കഴിച്ചശേഷം ബാക്കി വരുന്ന ഉച്ചിഷ്ടം താഴെ നില്‍ക്കുന്നവന്റെ തലയില്‍ തന്നെ.

ഒരു കിലോമീറ്ററോളം കാട്ടിലൂടെ ഞങ്ങള്‍ എത്തിച്ചേര്‍ന്നത് കബനി നദിയുടെ തീരത്ത്‌. ...

ശ്രദ്ധിക്കൂ...!!!! നോട്ട് ദി പ്ലേസ്...!!! ഇതാണ് നമ്മ പറഞ്ഞ സ്ഥലം...!

ഈ സ്ഥലത്തിന്‍റെ ഭംഗി വിവരിക്കാന്‍ എനിക്ക് ഇതുവരെ അറിയാവുന്ന വാക്കുകള്‍ കൊണ്ടൊന്നും പറ്റില്ല. ഫോട്ടോ എടുത്തു കാണിച്ചാലും അവിടത്തെ ഭംഗി തീരില്ല. നേരിട്ട് തന്നെ കാണണം. സ്വര്‍ഗത്തിന്‍റെ ഭംഗിയാണ് അവിടെ... അല്ല, സ്വര്‍ഗം ആണ്... ഇതാണ് പ്രകൃതി..!!! മരിക്കുന്നതിനു മുന്‍പ് തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റില്‍ ഇതുംകൂടി - കുറുവാദ്വീപ്‌. എനിക്ക് കഴിയുന്നതുപോലെ ഞാന്‍ വിവരിക്കാം...!

പാറക്കൂട്ടങ്ങളും ചെറു ദ്വീപുകളും തണല്‍മരങ്ങളും വള്ളിച്ചെടികളും വടവൃക്ഷങ്ങളും കളകളമൊഴുകുന്ന പുഴയും... വെള്ളത്തിനു കണ്ണാടിയുടെ തെളിച്ചം... വെള്ളമൊഴുകുന്ന ശബ്ദം അതി മനോഹരം... പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നടന്നു നടന്നു പുഴയിലേക്ക്‌ ഇറങ്ങാം... ചില് ചിലാ തണുത്ത വെള്ളം... ഇറങ്ങിയാല്‍ വീണ്ടു വീണ്ടും ഇറങ്ങാന്‍ തോന്നും... അത്രയ്ക്ക് രസമാണ്... ആളുകള്‍ അതിനകത്ത് കുളിക്കുന്നു, കളിക്കുന്നു, അതിനിടെ ചിലര്‍ പുഴക്ക് മുകളില്‍ നില്‍ക്കുന്ന മാവില്‍ കല്ലെറിഞ്ഞു മാങ്ങ പറിക്കുന്നു... കുറെയാളുകള്‍ പുഴയില്‍ സൂക്ഷ്മമായി കാലുകള്‍ എടുത്തുവെച്ചു പയ്യെ പയ്യെ നടന്നു നടന്നു മറുകരയില്‍ പോകുന്നു... എവിടെ തിരിഞ്ഞുനോക്കിയാലും പച്ചപ്പും പ്രകൃതിയും മാത്രം.... അതെ, ഇതാണ് നമ്മ പറഞ്ഞ പ്രകൃതി...!!!!
കാലൊന്നു തെറ്റിയാല്‍...!!!ചിത്രം: ഇതാണ് പ്രകൃതി - അപൂര്‍വമായി മാത്രം കാണാന്‍ കഴിയുന്ന പ്രകൃതിഭംഗി.പാറക്കെട്ടുകളും ചെറു ദ്വീപുകളും കബനി നദിയും, നല്ല തണുത്ത കാലാവസ്ഥയും. 

ഒരുപാട് സമയം ഞങ്ങള്‍ അവിടെ ചിലവഴിച്ചു. കുറേനേരം പാറക്കെട്ടുകളില്‍ കയറിയിരുന്നു കാലുകള്‍ വെള്ളത്തിലെക്കിട്ടു തണുപ്പും ഒഴുക്കും ആസ്വദിച്ചു... അവിടെയെങ്ങാന്‍ ഒരു വീട് വാങ്ങിയാലോ എന്നൊരു ആലോചന...! വിട്ടുപോരാന്‍ തോന്നാത്ത പ്രകൃതിഭംഗി...!

ഏകദേശം ഒരു മണിക്കൂറോളം കഴിഞ്ഞപ്പോ ഞങ്ങള്‍ തിരിച്ചു നടക്കാന്‍ തുടങ്ങി... നമ്മള്‍ ചങ്ങാടമിറങ്ങിയ സ്ഥലത്തേക്ക്... ഇടയ്ക്കു മുളകൊണ്ട് നിര്‍മിച്ച കുറെ ബെഞ്ചുകള്‍ കണ്ടപ്പോള്‍ അവിടെയിരുന്നു കുറെ ഫോട്ടോ എടുത്തു... ഞങ്ങളുടെ അറിവില്‍ ആ ദ്വീപുകളില്‍ പ്രകൃതിയുടെ ഉല്‍പ്പന്നങ്ങള്‍ അല്ലാതെ കൃത്രിമമായ മറ്റൊന്നുംതന്നെ ഉണ്ടായിരുന്നില്ല. തിരികെ നടന്നു ചങ്ങാടത്തില്‍ കയറി തിരികെ വണ്ടിയിലേക്ക്... അപ്പോഴേക്കും സമയം 4:30 ആയിരുന്നു... ദ്വീപില്‍ ചിലവഴിച്ചത് രണ്ടുമണിക്കൂര്‍.

അന്നത്തെ യാത്രകള്‍ മതിയാക്കി പിന്നെ ഞങ്ങള്‍ തിരിച്ചു മാനന്തവാടിയില്‍ എത്തി... അഞ്ചു മണിയോടെ വാടകവീട്ടിലെത്തി. പിന്നെ എല്ലാരും ക്ഷീണം കൊണ്ട് കുളികഴിഞ്ഞപാടെ തന്നെ ഉറങ്ങി. ഇനി നാളെ യാത്ര പ്ലാന്‍ - ബാണാസുരസാഗര്‍ അണക്കെട്ട്, അതുകഴിഞ്ഞ് നേരെ കോഴിക്കോട്ടേക്ക്. രാത്രി ഒന്‍പതരയോടെ മാവേലിയെ പിടിക്കണം.


ഇനി യാത്രയുടെ മൂന്നാം ദിവസത്തിലേക്ക്...
13 മെയ്‌ 2012 - ഞായര്‍ - രാവിലെ 10:00 മണി.


രാവിലെ ഒന്‍പതരയോടെ എല്ലാപേരും യാത്രക്ക് തയ്യാറായി മാനന്തവാടി ടൌണില്‍ എത്തി. പിന്നെ അവിടത്തെ ഇന്ത്യന്‍ കോഫീ ഹൌസില്‍ നിന്നും പ്രഭാതഭക്ഷണം കഴിച്ച്‌ കൃത്യം പത്തുമണിക്ക് നമ്മുടെ വണ്ടിയില്‍ എല്ലാപേരും എത്തി. ഇനി ലക്‌ഷ്യം ബാണാസുരസാഗര്‍ അണക്കെട്ട്... സത്യം പറഞ്ഞാല്‍ "ബാണാസുരസാഗര്‍ മണ്‍ചിറ" - അതായത് മണ്ണ് നിര്‍മിതമായ അണക്കെട്ട്.

മാനന്തവാടിയില്‍ നിന്നും 20 കി.മീ അകലെയാണ് ബാണാസുരസാഗര്‍ അണക്കെട്ട്. നല്ല റോഡ്‌ ആണ്, അതുകൊണ്ടുതന്നെ പരമാവധി മുപ്പതു മിനിറ്റില്‍ അവിടെ എത്താം. ഇവിടെയും ഇതാ വരുന്നു ഗൂഗിള്‍ മാപ്പ്... ശോ, ഈ ഗൂഗിള്‍ ഇല്ലായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു...!!!


സമയം രാവിലെ 10:40 - ബാണാസുരസാഗര്‍ മണ്‍ചിറ.

ഇവിടെയും ടിക്കറ്റ്‌ ഉണ്ട്. ആളൊന്നിന് പതിനഞ്ചു രൂപാ ടിക്കറ്റ്‌ എടുത്തു. ഇവിടെ ക്യാമറ കൊണ്ടുപോകാന്‍ ടിക്കറ്റ്‌ വേണം എന്നാണു (ആരും അനുസരിക്കാത്ത) നിയമം. അതുകൊണ്ട് എത്ര ക്യാമറ ഉണ്ടായിരുന്നാലും വെറുതെ ഒരു പേരിനു വേണ്ടിയെങ്കിലും ഒരു ക്യാമറക്ക് ടിക്കറ്റ്‌ എടുത്തെക്കണം.

ഈ സമയത്ത് ആണ് അനു അത് കണ്ടുപിടിച്ചത് - ഇന്ത്യയിലെ രണ്ടാമത്തെ വലിയ മണ്‍ നിര്‍മിത അണക്കെട്ടാണ് ബാണാസുരസാഗര്‍ എന്ന്. വിക്കിപീഡിയ പ്രകാരം 1979 ല്‍ നിര്‍മിതമായ അണക്കെട്ട് കക്കയം വിദ്യുച്ഛക്തി പദ്ധതിക്കും ജലസേചനം, കുടിവെള്ളം എന്നിവയ്ക്കും വേണ്ടിയാണ് നിര്‍മിച്ചിട്ടുള്ളത്. ഡാം നിര്‍മിച്ചപ്പോള്‍ പിന്നിലെ സ്ഥലങ്ങള്‍ വെള്ളത്തിന്‍റെ അടിയിലാവുകയും ചെറു ദ്വീപുകള്‍ രൂപപ്പെടുകയും ചെയ്തു.

ഞങ്ങള്‍ ഡാമിലേക്ക് നടന്നു... ദൂരെ നിന്ന് നോക്കുമ്പോള്‍ മണ്‍ചിറ കാണാന്‍ ചരിഞ്ഞ ഒരു പുല്‍മേടു പോലെയുണ്ട്. പതുക്കെ ആ ചരിഞ്ഞ "പുല്‍മേടു" പിന്നിലാക്കി ആ ചിറയുടെ അറ്റത്ത് എത്തിയപ്പോഴേക്കും മുകളിലേക്ക് കയറാനുള്ള പടികള്‍ കണ്ടു... അതുവഴി ഞങ്ങള്‍ മുകളിലേക്ക്...

അണക്കെട്ടിന്റെ പുറംഭാഗം - മണ്ണ് കൊണ്ട് നിര്‍മിച്ചു പാറ കൊണ്ട് സംരക്ഷിച്ചിരിക്കുന്നു.   വെള്ളം ഇല്ലാത്ത ബാണാസുരസാഗര്‍ അണക്കെട്ട്ചിത്രങ്ങള്‍ :(ഇടത്) : ബാണാസുരസാഗര്‍ മണ്‍ചിറ  - ഇത് മണ്ണ് നിര്‍മിതമാണ്.(വലത്) :  വെള്ളം വറ്റിയ അണക്കെട്ടിലെ ബോട്ടിംഗ്.

ഡാമിന് മുകളില്‍ എത്തിയ ഞങ്ങളെ കാത്തിരുന്നത് അതിമനോഹരമായ കാഴ്ചകളാണ് - ദൂരെ മഞ്ഞുമൂടിയ മലനിരകള്‍, നമുക്ക് ചുറ്റും പൂന്തോട്ടം, പൂന്തോട്ടത്തില്‍ നിറയെ പലനിറത്തിലുള്ള പൂക്കള്‍... ഡാമില്‍ അധികം വെള്ളമില്ലായിരുന്നു.. വേനല്‍ കാരണം വറ്റിയതാണ്. അതുമൂലം ഡാമിലെ പാറക്കൂട്ടങ്ങളും മരക്കുറ്റികളും കാണാമായിരുന്നു. കുറെ നേരം അവിടെയെല്ലാം നിന്ന് ഫോട്ടോ എടുത്തു, പ്രകൃതി ആസ്വദിച്ചു... പിന്നെ പതുക്കെ ബോട്ടിംഗ് നടക്കുന്ന സ്ഥലത്തേക്ക് പോയി...

ബോട്ടിങ്ങിനുള്ള ടിക്കറ്റ്‌ കൌണ്ടറില്‍ ചോദിച്ചപ്പോള്‍ രണ്ടുമണിക്കൂര്‍ കാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ടു. അതും വെറും പതിനഞ്ചു മിനിറ്റ് ബോട്ടില്‍ യാത്ര ചെയ്യാന്‍..! ആകെ ഒരു ബോട്ട് മാത്രമാണ് തല്‍ക്കാലം ഉള്ളതും. കാത്തുനില്‍ക്കുന്നത് മണ്ടത്തരമാണെന്ന് മനസിലായതുകൊണ്ടുതന്നെ പിന്നെ അവിടെ നിന്നില്ല, നേരിട്ട് ഡാമിലേക്ക് ഇറങ്ങി ഫോട്ടോ എടുക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍ കുറേനേരം വെള്ളം വറ്റിയ ഡാമിലേക്ക് ഇറങ്ങി. ചെമ്മണ്ണ്  നിറഞ്ഞ ഡാമിന്റെ തറയില്‍ കുറെ ഫോട്ടോസ്... ഡാം കെട്ടുന്നതിന് മുന്‍പ് അവിടെ ഉണ്ടായിരുന്ന പല മരങ്ങളുടെയും അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെയുണ്ട്. ഉണങ്ങിവീഴാറായ സ്മാരകങ്ങള്‍ പോലെ മൂന്നു നാല് മരങ്ങള്‍...! അതിന്‍റെ ചോട്ടിലും നിന്ന് കുറെ ഫോട്ടോസ്...!
വെള്ളം നിറയുമ്പോള്‍ ഇവരൊക്കെ അങ്ങ് മുങ്ങും...!!!ചിത്രങ്ങള്‍ :(മുകളില്‍ ) : 1979  ല്‍ അണക്കെട്ട് വരുന്നതിനുമുമ്പ് ഉണ്ടായിരുന്ന ഒരു മരം. ഇപ്പൊ വെള്ളം വറ്റിയപ്പോള്‍ പുറത്തായി.(താഴെ) :  വെള്ളം വറ്റിയ അണക്കെട്ടിലെ ചെമ്മണ്ണ് തറയില്‍ ചില തമാശകള്‍  

വെള്ളം വറ്റിയ ബാണാസുരസാഗര്‍ അണക്കെട്ട്

പിന്നെ ഞങ്ങള്‍ നേരെ ഡാമിന് മുകളിലുള്ള പൂന്തോട്ടത്തില്‍ എത്തി. അവിടെ ഒരു ചെറിയ പാര്‍ക്ക്‌ ഉണ്ട്... നിറയെ ഊഞ്ഞാലുകള് കെട്ടിയ ഒരു പാര്‍ക്ക്‌... അവിടെനിന്നും ഓരോ ഐസ്ക്രീം കഴിച്ചുകൊണ്ട് ഞങ്ങള്‍ വീണ്ടും നടന്നു... അവിടെ അടുത്തായി ഒരു വലിയ കൂണ്‍ നിര്‍മിച്ചിരിക്കുന്നത് കാണാം... അതിനടിയില്‍ പോയിരുന്നും കുറെ ഫോട്ടോസ്... അതിനു താഴെ നിരന്നിരുന്നു കുറെ ഫോട്ടോസ്... തലകുത്തി നിന്ന് ഫോട്ടോസ്... ഒന്ന് കളഞ്ഞിട്ടു പോടെയ്‌...!!!

പിന്നെ നേരെ ഡാമിന് മുകളിലൂടെ നടന്നു... വെയില്‍ കടുത്തു തുടങ്ങിയിരുന്നു... ഏതോ പരസ്യത്തില്‍ കാണുന്നതുപോലെ സൂര്യന്‍ സ്ട്രോ ഇട്ടു ഞങ്ങളുടെ എനര്‍ജി മുഴുവന്‍ ഊറ്റിക്കൊണ്ട് പോയി... പിന്നെ നടക്കാന്‍ വയ്യാതെ അടുത്തുകണ്ട ഷെഡില്‍ കയറി ഇരുന്നു.

ബാണാസുരസാഗര്‍ അണക്കെട്ട് - സിമന്റിന് പകരം മണ്ണ് ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്നു.   ബാണാസുരസാഗര്‍ അണക്കെട്ട്ചിത്രങ്ങള്‍ :(ഇടത്) : ബാണാസുരസാഗര്‍ ചിറയുടെ മുകളില്‍ നിന്നുള്ള ദൃശ്യം - അണക്കെട്ടിന്‍റെ പുറംഭാഗം(വലത്) :  അണക്കെട്ടിനു ഉള്‍ഭാഗവും  ഭംഗിയുള്ള പശ്ചാത്തലവും.

ഡാമിന് മുകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും കെ.എസ്.ഇ.ബി യുടെ ഒരു ജീപ്പ് സന്ദര്‍ശകര്‍ക്കായി സര്‍വീസ്‌ നടത്തുന്നുണ്ട്. പത്തു മിനിട്ട് ഇടവിട്ട്‌ അങ്ങോട്ടും ഇങ്ങോട്ടും ഓരോ ട്രിപ്പ്‌. താല്പര്യമുള്ളവര്‍ക്ക് ഡാമിന്റെ അങ്ങേയറ്റം പോയി കണ്ടുവരാം.

വെയില് കാരണം പിന്നെ ഞങ്ങള്‍ കൂടുതല്‍ നടന്നില്ല. നേരെ പടിക്കെട്ടുകള്‍ ഇറങ്ങി താഴേക്കു നടന്നു. തിരികെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ എത്തിയപ്പോള്‍ സമയം ഉച്ച 1:00 മണി. എല്ലാപേരും ഓരോ കരിക്ക് വാങ്ങിക്കുടിച്ചു. അവിടെ പാര്‍ക്കിംഗ് ഗ്രൌണ്ടിനു ചുറ്റും ഒരുപാട് കടകള്‍ ഉണ്ട് - വയനാടന്‍ സാധനങ്ങളും മലഞ്ചരക്കുകളും മറ്റു കൌതുക വസ്തുക്കളും കിട്ടുന്ന കട... കാട്ടുതേന്‍, തേന്‍ നെല്ലിക്ക, തെയിലപ്പൊടി, കാപ്പിപ്പൊടി... അങ്ങനെ പലതും...

ഇനി വയനാട്ടില്‍ വരുന്ന ഓരോ സഞ്ചാരിയും തീര്‍ച്ചയായും വാങ്ങിയിരിക്കേണ്ട ചില സാധനങ്ങള്‍ - മുളകൊണ്ട് നിര്‍മിതമായ പുട്ടുകുറ്റി, കാട്ടുതേന്‍, തേന്‍ നെല്ലിക്ക. ഞാന്‍ എല്ലാം വാങ്ങി. ( വീട്ടിലെത്തി പ്രസ്തുത മുളംകുറ്റിയില്‍ പുട്ട് അവിച്ചു തിന്നിട്ടാണോ എന്നറിയില്ല, രണ്ടു ദിവസം നല്ല വയറുവേദന ആയിരുന്നു )... തേന്‍നെല്ലിക്ക ഒരു പ്രത്യേക വയനാടന്‍ വിഭവം ആണ്. നല്ല ഒന്നാന്തരം കാട്ടുതേന്‍ ശേഖരിച്ചു അതില്‍ നെല്ലിക്കകള്‍ മുക്കിയിട്ടു കുറേക്കാലം സൂക്ഷിക്കും... ക്രമേണ നെല്ലിക്കയുടെ കയ്പ്പ് മാറി മധുരമാകും. ഏതാണ്ട് നമ്മുടെ കവറില്‍ കിട്ടുന്ന ചെറിപ്പഴം തിന്നുന്ന പോലെ... പക്ഷെ രുചിയും ഔഷധഗുണവും വളരെ കൂടും.

സമയം ഉച്ചക്ക് 1:30

ഡാമിന്റെ ഏതാനും കിലോമീറ്ററുകള്‍ മാത്രം ദൂരെയുള്ള ഒരു ഹോട്ടലില്‍ ഞങ്ങള്‍ എത്തി... എല്ലാപേരും ഉച്ചഭക്ഷണം കഴിച്ചു. പിന്നെ അവിടെ അടുത്തുള്ള ഒരു കടയില്‍ കയറി കുറെ വയനാടന്‍ സാധനങ്ങള്‍ വാങ്ങി. പിന്നെ തിരികെ രണ്ടു മണിയോടെ വാടകവീട്ടില്‍ എത്തിച്ചേര്‍ന്നു. പിന്നെ ഒരല്പം വിശ്രമം... ദേ പോയി ദാ വന്നു.

വൈകുന്നേരം 4:15 മണി.

തിരിച്ചു കോഴിക്കോട് ബസ്‌ പിടിക്കാനായി ഞങ്ങള്‍ ഏഴുപേര്‍ മാനന്തവാടി ബസ്‌ സ്റ്റാന്റ്‌ ലക്ഷ്യമാക്കി നടന്നു... മാനന്തവാടി എത്തുമ്പോഴേക്കും ഒരു ബസ്‌ "കോഴിക്കോട്" ബോര്‍ഡ്‌ വെച്ച്  ആളൊഴിഞ്ഞു വരുന്നു... പഞ്ചായത്ത് സ്റ്റാന്റില്‍ പോകുന്നതാണ്... ഞങ്ങള്‍ ഏഴുപേരും ഒരുമിച്ചു കൈകാണിച്ചു. പാവം തോന്നിയതുപോലെ അയാള്‍ ബസ്‌ നിര്‍ത്തിത്തന്നു... രോഹിതിനോട് ബൈ ബൈ പറഞ്ഞിട്ട് ഞങ്ങള്‍ ബസ്സില്‍ കയറി. അങ്ങനെ സ്റ്റാന്‍ഡില്‍ എത്തുന്നതിനു മുന്നേ തന്നെ ഞങ്ങള്‍ ബസില്‍ സ്ഥാനം പിടിച്ചു.

വൈകു. 4:40 ആയപ്പോഴേക്കും ബസ്‌ കോഴിക്കോട്ടേക്ക് തിരിച്ചു... പെട്ടെന്നുതന്നെ മഴയും തുടങ്ങി... അതുകൊണ്ട് ഇത്തവണയും ബസ്സില്‍ ഷട്ടര്‍ താഴ്ത്തി ഇരിക്കാനായിരുന്നു വിധി... അങ്ങനെ ആ ബസ്സില്‍ ഞങ്ങള്‍ മാനന്തവാടിയോട് വിടപറഞ്ഞു....

ആറുമണി ആയപ്പോഴേക്കും ഞങ്ങള്‍ ചുരം ഇറങ്ങാന്‍ തുടങ്ങി... അപ്പോഴേക്കും മഴ തീര്‍ന്നിര്‍ന്നു... പക്ഷെ മരങ്ങള്‍ പെയ്യുന്നുണ്ടായിരുന്നു. ചുരമിറങ്ങുമ്പോള്‍ പലതരം ഫോട്ടോകള്‍ എടുത്തു... മലനിരകളുടെ ഭംഗി ആസ്വദിച്ചു...

വയനാടന്‍ ചുരം - നല്ല റോഡുകള്‍   വയനാടന്‍ ചുരത്തിലെ മറ്റൊരു കാഴ്ചചിത്രങ്ങള്‍ : വയനാടന്‍ ചുരം ഇറങ്ങുംമ്പോള്‍ ഉള്ള ചില മനോഹര കാഴ്ചകള്‍ ...

നാല്പതു മിനിട്ടുകൊണ്ട് ചുരമിറങ്ങി പഴയ "അടിവാരം" എത്തി... ഇനി താമരശ്ശേരി വഴി നേരെ കോഴിക്കോടേക്ക്... നേരമിരുട്ടി... ബസ്സില്‍ കിടന്നുറങ്ങി...

പ്രതീക്ഷിച്ചപോലെ കൃത്യം രാത്രി 8:00 ആയപ്പോള്‍ ബസ്‌ കോഴിക്കോട് മോഫുസില്‍ ബസ്‌ സ്റ്റാന്‍ഡില്‍ എത്തി. (മോഫുസില്‍ - പണ്ട് ബ്രിട്ടീഷ്‌ ഭരണം ഉണ്ടായിരുന്ന സമയത്ത് അവരുടെ പട്ടണങ്ങള്‍ക്കു പുറത്തുള്ള സ്ഥലങ്ങളെ "മോഫുസ്സില്‍" എന്ന് പറഞ്ഞിരുന്നു. അറബിയില്‍ നിന്നും ഉല്‍ഭവിച്ച ഒരു വാക്ക്)

അവിടുന്ന് തന്നെ നേരത്തെ തീരുമാനിച്ചതു പ്രകാരം എല്ലാപേരും കോഴിക്കൊടം ഹല്‍വ വാങ്ങി. "ഇളനീര്‍ ഹല്‍വ" ആണ് സ്പെഷ്യല്‍ എന്ന് സൂരജ്‌ പറഞ്ഞിരുന്നു. അങ്ങനെ എല്ലാപേരും രണ്ടും മൂന്നും കിലോ വീതം "ഇളനീര്‍ ഹല്‍വ" വാങ്ങി. വിലയോ - കിലോ 140 രൂപാ..! അതിന്‍റെകൂടെ ക്ലാസ്സിക്‌ പച്ച ഹല്‍വയും വാങ്ങി.

കോഴിക്കോട് എത്തിയിട്ട് "തലശ്ശേരി ബിരിയാണിയും" മള്‍ടിപ്ലെക്സില്‍ ഒരു സിനിമയും ആണ് ഉദ്ദേശിച്ചിരുന്നത്. പക്ഷെ ഇപ്പൊ സമയം 8 കഴിഞ്ഞു. ഇനി സിനിമ നടക്കില്ല. അപ്പൊ തലശ്ശേരി ബിരിയാണി - അതും കഴിച്ചു നിന്നാല്‍ ഒന്‍പതരയുടെ മാവേലി അങ്ങ് പോകും... മാത്രമല്ല, നാളെ, തിങ്കളാഴ്ച ചിലരൊക്കെ ഓഫീസില്‍ പോകാനുള്ളതുമാണ്... അങ്ങനെ റെയില്‍വേ സ്റേഷനിലെ ഹോട്ടലില്‍ നിന്നും ബിരിയാണി കഴിച്ചു തൃപ്തിപ്പെടാം എന്നുകരുതി ഞങ്ങള്‍ നേരെ റെയില്‍വേസ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു... പഴയപോലെ, ഇ.എം.എസ് ഗ്രൌണ്ട്, മാനാഞ്ചിറ മൈതാനം, മിഠായിത്തെരുവ്, റെയില്‍വേ സ്റ്റേഷന്‍. അവിടത്തെ ഒരു ഹോട്ടലില്‍ കയറി. ബിരിയാണി ഇല്ല. :-( :-( പിന്നെ ചപ്പാത്തിയും കറിയും ഓര്‍ഡര്‍ ചെയ്തു....

അങ്ങനെ കോഴിക്കോട്ട് വന്നിട്ട് കോഴിക്കോട് ബിരിയാണി കഴിക്കാനും പറ്റിയില്ല... അങ്ങനെ വിഷമിചിരിക്കുമ്പോള്‍ ഹോട്ടലിലെ ആള്‍ വന്നു പറഞ്ഞു, ബിരിയാണി എത്തി എന്ന്... ഞങ്ങള്‍ അപ്പോഴേക്കും രണ്ടു ചപ്പാത്തിയും ആവശ്യത്തിന് കറിയും കഴിച്ചിരുന്നു... പക്ഷെ അതുകൊണ്ട് കോഴിക്കോടന്‍ ബിരിയാണി വേണ്ടാന്നുവെക്കാന്‍ പറ്റുമോ??? ഇല്ലേയില്ല...!!!!

അങ്ങനെ ഏഴു കോഴിക്കോടന്‍ ബിരിയാണി എത്തി.... ഇലയില്‍ പൊതിഞ്ഞു വേവിച്ചെടുത്ത നല്ല മുഴുത്ത കോഴിയും, രുചിയൂറുന്ന ബിരിയാണിയും... പ്ലേറ്റ് കാലിയായത് അറിഞ്ഞില്ല... ഗുമു ഗുമാ വിഴുങ്ങി...!!!

ബിരിയാണിയും കൂടി കഴിച്ചതോടെ ഇനി മാവേലിയെ കണ്ടാല്‍ മതിയെന്നായി... അങ്ങനെ കാത്തുനിന്നു മാവേലി എക്സ്പ്രസ് കൃത്യസമയത്ത് തന്നെ എത്തി. സമയം ഒന്‍പതര. പിന്നെ നേരെ സീറ്റ് കണ്ടുപിടിച്ചു, അല്‍പനേരം സംസാരിച്ചിരുന്നു. പിന്നെ എല്ലാരും കിടന്നുറങ്ങി.

തിങ്കളാഴ്ച രാവിലെ കൃത്യം 7:10 നു ഞങ്ങള്‍ തിരുവനന്തപുരം എത്തി. ഓരോരുത്തരും സ്വന്തം വീടുകളിലേക്ക്...!
-----
കഴിഞ്ഞ നാല് ദിവസം അങ്ങേയറ്റം ആസ്വദിച്ചു എന്നുവേണം പറയാന്‍. ആസ്വദിച്ചു.
ജീവിതമെന്നാല്‍, ഇതുപോലെ കുറെ യാത്രകളും രസങ്ങളും കൂടി വേണം...!

ഇനിയും കേരളത്തിലെ പല സ്ഥലങ്ങളും ഞങ്ങളെ കാത്തിരിക്കുന്നു...!
പല രുചികളും ഞങ്ങളെ കാത്തു നില്‍ക്കുന്നു....

ഞങ്ങള്‍ വരും... ഇനിയും യാത്രകളുമായി... എന്ജോയ്‌ ലൈഫ്...!

ബൈ ബൈ... :-)

Tuesday, May 15, 2012

യഥാര്‍ത്ഥത്തില്‍ സംഭവിച്ച ഒരു പസില്‍ (puzzle)

നമസ്കാരം...!

കഴിഞ്ഞ നാല് ദിവസങ്ങള്‍ ഒരു വയനാട്‌ യാത്രയില്‍ ആയിരുന്നതിനാല്‍ പുതിയ പോസ്റ്റ്‌ ഒന്നും ഇടാന്‍ പറ്റിയില്ല. ഇപ്പോള്‍ വയനാട് യാത്രയുടെ യാത്രാവിവരണം തയ്യാറാക്കുന്ന തിരക്കിലാണ്. ഫോട്ടോസും മാപ്പും ഒക്കെ ചേര്‍ത്തൊരു വലിയ യാത്രാവിവരണം. അതിനു കുറച്ചു നേരം എടുക്കും. അതുവരെ ചിന്തിച്ചിരിക്കാന്‍ ഒരു പസില്‍ ...

ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ച ഒന്നാണ്... ഇതിന്റെ ശരിയായ ഉത്തരം ഇന്നും എനിക്കറിയില്ല, പലരും പല ഉത്തരമാണ് പറയുന്നത്. നിങ്ങള്‍ക്ക്‌ ഇതിന്റെ ഉത്തരം അറിയാമെന്കില്‍ പറഞ്ഞുതരൂ...!

***********************************************************************************

സ്ഥലം - പാലക്കാട്‌ റെയില്‍വേ സ്റ്റേഷന്‍

കോളേജ് ടൂര്‍ ആണ്. പാലക്കാട് അല്‍പനേരം ട്രെയിന്‍ നിര്‍ത്തി.

ദിലീപ്‌ അവന്റെ പേഴ്സില്‍ നിന്നും ഒരു നോട്ട് എടുത്തു എന്‍റെ കയ്യില്‍ വെച്ചുതന്നിട്ടു പെട്ടെന്ന് തന്നെ ഒരു സ്പ്രൈറ്റ് വാങ്ങിവരാന്‍ പറഞ്ഞു... തിരക്ക് കാരണം ഞാന്‍ ആ നോട്ട് പെട്ടെന്ന് ഒന്ന് നോക്കിയതേ ഉള്ളൂ - 100 രൂപാ ഉണ്ട്.

ഞാന്‍ അത് പെട്ടെന്ന് കടയില്‍ കൊടുത്തു, ഒരു സ്പ്രൈറ്റ് വാങ്ങി. അതിന്റെ വില 25 രൂപ. കടക്കാരന്‍ ബാക്കിയായി ഒരു  25 രൂപ തിരികെ തന്നു. പക്ഷെ ഞാന്‍ കൊടുത്തത് 100 രൂപാ ആണല്ലോ എന്ന് ഞാന്‍ പറഞ്ഞു... ഞാന്‍ നൂറിന്‍റെ ബാക്കി ചോദിച്ചു... തിരക്കിനിടയില്‍ കടക്കാരനും ആ നോട്ട് ശ്രദ്ധിച്ചിരുന്നില്ല.

പെട്ടെന്ന് ട്രെയിന്‍ പോകാനുള്ള വിസില്‍ അടിച്ചു.

പെട്ടെന്ന് അയാള്‍ എനിക്ക് 50 രൂപാ കൂടി തന്നു... അപ്പൊ എന്‍റെ കണക്ക് പ്രകാരം ശെരിയാണ് - ഞാന്‍ 100 രൂപാ കൊടുത്തു 25 രൂപയുടെ സ്പ്രൈറ്റ് മേടിച്ചു, ബാക്കി 75 രൂപാ തിരികെ വാങ്ങിച്ചു.

തിരികെ ഓടിവന്നു ട്രെയിനില്‍ കേറി ദിലീപിന്‍റെ കയ്യില്‍ സ്പ്രൈറ്റ് കുപ്പിയും 75 രൂപയും കൊടുത്തപ്പോള്‍ അവന്‍ ഒന്ന് ഞെട്ടി.

അവന്‍ എനിക്ക് തന്നത് 50 രൂപ നോട്ട് ആയിരുന്നത്രേ...!

***********************************************************************************

പിന്നെ വിശദമായി ആലോചിച്ചപ്പോള്‍ ഇത് ഒരു പസില്‍ ആണെന്ന് മനസിലായി...! ഈ കച്ചവടത്തില്‍ എനിക്ക് കയ്യില്‍ 75 രൂപയും ഒരു സ്പ്രൈറ്റ് ബോട്ടിലും. പക്ഷെ കടക്കാരനോ? ഞാന്‍ കൊടുത്ത 50 രൂപ തിരികെ തന്നു, മാത്രമോ, എനിക്കൊരു ബോട്ടിലും കൂടെ 25 രൂപയും തന്നു...

അപ്പോള്‍ ഈ കച്ചവടത്തില്‍ കടക്കാരന്റെ നഷ്ടം എത്ര?

മുന്‍പ് ഈ ചോദ്യം ഫേസ്ബുക്കില്‍ ചോദിച്ചപ്പോള്‍ പലരും പല ഉത്തരം ആണ് പറഞ്ഞത്... ചിലര്‍ പറയുന്നു 25 എന്ന്... മറ്റു ചിലര്‍ പറയുന്നു 75 എന്ന്... സത്യത്തില്‍ എന്താണ് ഉത്തരം???

(പ്രിയപ്പെട്ട കടക്കാരാ, സോറി കേട്ടോ... ഞാന്‍ അറിഞ്ഞുകൊണ്ട് ചെയ്തതല്ല... എന്നെങ്കിലും താങ്കളെ നേരിട്ട് കണ്ടാല്‍ ആ പൈസ ഞാന്‍ തിരികെ തന്നേക്കാം...)

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...