Showing posts with label ഗുണപാഠം. Show all posts
Showing posts with label ഗുണപാഠം. Show all posts

Monday, February 10, 2020

എൻ്റെ "മൂന്ന് മിനിറ്റ് നിയമം"

എന്തും ചെയ്യാതെ നീട്ടിവയ്ക്കുന്ന മടിയന്മാർക്ക് ആ മടി മാറ്റാനായി വളരെ പ്രശസ്തമായ ഒരു "2-മിനിറ്റ് നിയമം" ഉണ്ട്.  ഏതാനും വർഷങ്ങൾക്കു മുൻപാണ് ഈ നിയമം എൻ്റെ കണ്ണിൽപെടുന്നത്.

ഇതാണ് ആ നിയമം:

"ഒരു കാര്യം ചെയ്തു തീർക്കാൻ 2 മിനിറ്റിൽ താഴെ മതിയെങ്കിൽ അത് നീട്ടിവയ്ക്കാതെ അപ്പോൾ തന്നെ ചെയ്തു തീർക്കുക".

ഒരു ഉദാഹരണം പറഞ്ഞാൽ, നിങ്ങൾക്ക് ഒരു കറണ്ട് ബില്ല് അടയ്ക്കാൻ ഉണ്ടെന്നു കരുതുക. അതിനായി നിങ്ങൾ കമ്പ്യൂട്ടർ തുറക്കണം, ബ്രൗസർ തുറന്ന് ബാങ്ക് സൈറ്റിൽ പോയി ലോഗിൻ ചെയ്തു ബില്ലിൻറെ വിവരങ്ങൾ നൽകി പൈസ അടച്ചു ഓ.റ്റി.പി വന്നിട്ട് അതും കൊടുത്ത് പേയ്മെന്റ് പൂർത്തിയായോ എന്ന് നോക്കണം --- ഇത്രയും ചെയ്യാനുള്ള മടി കാരണം അത് പിന്നീടേക്ക്‌ മാറ്റിവയ്ക്കുന്നു എന്ന് കരുതുക. ചിലപ്പോൾ നിങ്ങൾ അത് നീട്ടിവെച്ചു നീട്ടിവെച്ചു പിന്നീട് മറന്നുപോയേക്കാം. പിന്നീട് ഫ്യൂസ് ഊരാൻ വീട്ടിൽ ആള് വരുമ്പോഴാകും നിങ്ങൾ ബിൽ അടച്ചില്ല എന്ന കാര്യം ഓർക്കുക. അപ്പോഴേക്കും സമയം വൈകിയിട്ടുണ്ടാകും.

Wednesday, April 02, 2014

ചില ബന്ധങ്ങള്‍ ഡെറ്റോള്‍ കുപ്പി പോലെയാണ്...

ചില ബന്ധങ്ങള്‍ ഡെറ്റോള്‍ കുപ്പി പോലെയാണ്.

എങ്ങനെയെന്നല്ലേ? പറയാം.

മുറ്റത്തുകൂടി ചെരുപ്പില്ലാതെ നടക്കവേ കാലില്‍ എന്തോ ഒന്ന് തുളഞ്ഞുകയറി. നല്ലതുപോലെ ചോരയൊഴുകാന്‍ തുടങ്ങി. നോക്കിയപ്പോള്‍ തുരുമ്പിച്ച ഒരു ആണിയുടെ കഷ്ണം. എന്തായാലും കുത്തിവെപ്പ് എടുക്കണം.

Tuesday, February 12, 2013

ഏഴ് ഒറ്റവരി കഥകള്‍




1. അമ്മത്തൊട്ടില്‍
അമ്മത്തൊട്ടിലില്‍ ജീവിതം തുടങ്ങിയ പെണ്‍കുട്ടി പതിനാറ് വയസു തികയുന്നതിനു മുന്‍പേ അമ്മത്തൊട്ടിലിന്റെ പടവുകള്‍ വീണ്ടും കയറുമ്പോള്‍ കണ്ണുനീര്‍ വറ്റിയ അമ്മത്തൊട്ടിലും കാലവും മാത്രം സാക്ഷിയായി.

Friday, August 10, 2012

(ചെറുകഥ) - "മുഖം വ്യക്തമല്ല"

"അളിയാ ദേ നോക്കെടാ, സൂപ്പര്‍ ആയിട്ടുണ്ട്‌ അല്ലേ?"

ജോബി തന്റെ കയ്യിലെ മൊബൈലില്‍ ഒരു വീഡിയോ ക്ലിപ്പ് പ്ലേ ചെയ്തു രാജേഷിനെ കാണിച്ചുകൊണ്ട് പറഞ്ഞു. രാവിലെ ഓഫീസില്‍ വന്ന ശേഷം ചായ കുടിക്കാന്‍ വേണ്ടി പുറത്തിറങ്ങിയതാണ് രണ്ടുപേരും.

കൌതുകത്തോടെ രാജേഷ് മൊബൈല്‍ വാങ്ങി നോക്കി.

"ഓ കൊള്ളാം, പക്ഷെ മുഖം വ്യക്തമല്ല... ഒന്ന് കളഞ്ഞിട്ടു പോടേയ്, വല്ല എച്ച്.ഡി. യും ഉണ്ടെങ്കില്‍ കാണിക്ക്..." - രാജേഷ് പുച്ഛത്തോടെ പറഞ്ഞു.

അപ്പോഴേക്കും അവരുടെ സീനിയര്‍ ആയ സുനില്‍ അവരുടെ നേരെ നടന്നുവന്നു. വന്നപാടെ സുനില്‍ ചോദിച്ചു - "ആരുടെ മുഖമാടാ വ്യക്തമല്ലാത്തത്???"

Wednesday, June 27, 2012

ഒരു ബള്‍ബിന്‍റെ ആത്മകഥ - അഥവാ നമ്മുടെയൊക്കെ ജീവിതം.

ഇതൊരു ബള്‍ബിന്‍റെ ആത്മകഥയാണ്. അവനെ തല്‍ക്കാലം നമുക്ക്‌ കുഞ്ഞുമോന്‍ എന്ന് വിളിക്കാം.

വളരെ പ്രശസ്തമായ ഒരു ബള്‍ബ്‌ കമ്പനിയുടെ ഫാക്ടറിയില്‍ നിന്നും പളപളാ മിന്നുന്ന പളുങ്ക് ശരീരവും ലോകത്തിനു വെളിച്ചമേകാന്‍ വെമ്പുന്ന മനസുമായി കുഞ്ഞുമോന്‍ പുറത്തിറങ്ങി. മനുഷ്യന്‍ ഭയക്കുന്ന ഇരുട്ടിനെ കീറിമുറിച്ചു പ്രകാശം പരത്തുവാന്‍ അവനു ധൃതിയായിരുന്നു. പരുപരുപ്പുള്ള പേപ്പര്‍ കുപ്പായമണിഞ്ഞ് നമ്മുടെ കുഞ്ഞുമോന്‍ അവന്‍റെ ലക്ഷ്യസ്ഥാനത്തേക്ക് പ്രതീക്ഷയോടെ യാത്രയായി. യാത്രയുടെ അവസാനം കുഞ്ഞുമോന്‍ ഒരു ഇലക്ട്രിക്‌ കടയുടെ അലമാരിയില്‍ എത്തിപ്പെട്ടു. തന്നെ ദത്തെടുക്കാന്‍ വരുന്ന ആളെയും കാത്തു കുഞ്ഞുമോന്‍ നാളുകള്‍ ചിലവഴിച്ചു. കൂടെയുള്ള ബള്‍ബുകള്‍ ഒക്കെയും കുഞ്ഞുമോനോട് യാത്രപറഞ്ഞു പിരിയുമ്പോള്‍ തന്‍റെ നമ്പര്‍ ഉടനെ വരും എന്നോര്‍ത്ത് കുഞ്ഞുമോന്‍ പ്രതീക്ഷയോടെ കാത്തിരുന്നു.

ഒരുനാള്‍ സ്ഥലത്തെ പ്രമാണി ഒരു ബള്‍ബ്‌ വാങ്ങാനെത്തി. ആ പ്രദേശത്തെ ഏറ്റവും വലുതും ഭംഗിയേറിയതുമായ അദ്ദേഹത്തിന്‍റെ മണിമാളികയുടെ ഭാഗമാകാന്‍ ആ ഇലക്ട്രിക്‌ കടയിലെ ഓരോരോ സാധനങ്ങളും കൊതിച്ചിരുന്നു. ഇത്തവണ അദ്ദേഹത്തിനു വേണ്ടത് ഒരു ബള്‍ബ്‌ ആണ്. കടയിലെ ബള്‍ബുകള്‍ ഓരോന്നായി അദ്ദേഹത്തിന്‍റെ കൂടെ പോകാന്‍ ആഗ്രഹിച്ചു പ്രാര്‍ഥിച്ചു. കുഞ്ഞുമോന്‍റെ മുജ്ജന്മത്തിലെ പുണ്യങ്ങള്‍ കാരണമാകാം, ഇത്തവണ ആരെയും കൊതിപ്പിക്കുന്ന ആ നറുക്ക് വീണത്‌ കുഞ്ഞുമോനാണ്. അങ്ങനെ കുഞ്ഞുമോന്‍ ആ പ്രമാണിയുടെ വീട്ടിലേക്ക് യാത്രയായി.

കുഞ്ഞുമോന് പ്രമാണി സ്ഥാനം നല്‍കിയത് തന്‍റെ സ്വീകരണമുറിയിലാണ്. ആ നാട്ടിലെ ആരും കൊതിക്കുന്ന ആ സ്വീകരണമുറി. കരിവീട്ടിയില്‍ കടഞ്ഞെടുത്ത ദിവാന്‍ കോട്ടും സോഫകളും. ഇളം പിങ്ക് നിറമുള്ള ചുവരുകളില്‍ ശ്രദ്ധയോടെ തൂക്കിയ രവിവര്‍മ ചിത്രങ്ങള്‍. ജനാലകളില്‍ ഇളംകാറ്റില്‍ ഓളംവെട്ടുന്ന, പട്ടിന്റെ മിനുസമുള്ള കര്‍ട്ടന്‍. മുറിയുടെ ഒരു മൂലയില്‍ അതിഥികളെയാകെ കോരിത്തരിപ്പിക്കുന്ന വിധം ഒരു സുന്ദരിയുടെ ദാരുശില്പം. മിനുസമുള്ള വെളുത്ത മാര്‍ബിള്‍ ആ മുറിയുടെ മാറ്റ് കൂട്ടിയിരുന്നു. ഇതെല്ലാം കണ്ടപ്പോള്‍ കുഞ്ഞുമോന് സന്തോഷം സഹിക്കാന്‍ കഴിഞ്ഞില്ല. ഇന്ന്, ഈ നിമിഷം മുതല്‍ ഈ മുറിയെ പ്രകാശപൂരിതമാക്കുന്നത് താനാണല്ലോ എന്നോര്‍ത്തപ്പോള്‍ കുഞ്ഞുമോന് അഭിമാനവും, തെല്ല് അഹംഭാവവും തോന്നി.

അങ്ങനെ ആ സ്വീകരണമുറിയെ പ്രകാശം ചാര്‍ത്തി കുഞ്ഞുമോന്‍ സന്തോഷത്തോടെ നാളുകള്‍ പിന്നിട്ടു. മറ്റു ബള്‍ബുകള്‍ക്ക് ഒന്നും കിട്ടാത്ത അപൂര്‍വസൗഭാഗ്യം സ്വന്തമായതില്‍ ആദ്യമാദ്യം അഭിമാനം കൊണ്ട കുഞ്ഞുമോന്‍ പതിയെ പതിയെ അഹങ്കാരത്തിലേക്ക് വഴുതിവീഴാന്‍ തുടങ്ങി.

കാലം പിന്നെയും കടന്നുപോയി.

അങ്ങനെയിരിക്കെ ഒരു ദിവസം വൈകുന്നേരം മാനം കറുക്കാന്‍ തുടങ്ങി. കാര്‍മേഘങ്ങള്‍ ആ നാടിനെ രാത്രിക്ക് മുന്‍പേ ഇരുട്ടണിയിച്ചു. നല്ലതോതില്‍ വീശിയടിച്ച കാറ്റ് ആ സ്ഥലത്തെയാകെ പിടിച്ചുലയ്ച്ചു.. പതിയെ കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഇടിവെട്ടാന്‍ തുടങ്ങി. രാത്രിയെ പകലാക്കുന്നവിധം മിന്നലടിച്ചു. പതിവുപോലെ തന്നെ, മാനം കറുത്തപ്പോള്‍ കറണ്ടും ചാഞ്ചാടാന്‍ തുടങ്ങി. ഇതിനെയെല്ലാം തൃണവല്‍ഗണിച്ച് നെഞ്ചും വിരിച്ചു മിന്നലിനെ നേരിടാന്‍ തന്നെ കുഞ്ഞുമോന്‍ തീരുമാനിച്ചു.

പക്ഷെ പ്രകൃതിയുണ്ടോ കാണുന്നു കുഞ്ഞുമോന്റെ വീര്യം ??!!!

അടുത്ത മിന്നലില്‍ കുഞ്ഞുമോന്‍റെ ഫിലമെന്‍റ് പൊട്ടി. അതുവരെ പ്രകാശം പരത്തിനിന്ന കുഞ്ഞുമോന്‍ കണ്ണടച്ചു. അത് കുഞ്ഞുമോന്‍റെ ജീവിതത്തിലെ ആദ്യത്തെ ഞെട്ടലായിരുന്നു. ഒന്ന് പൊട്ടിക്കരയാന്‍ തോന്നിയെങ്കിലും തന്‍റെ കരച്ചില്‍ കേള്‍ക്കാനോ തന്നെ ആശ്വസിപ്പിക്കാനോ ആരും ഇല്ലെന്നുള്ള സത്യം മനസിലാക്കിയപ്പോള്‍ കുഞ്ഞുമോന്‍ സങ്കടമെല്ലാം ഉള്ളിലൊതുക്കി. ഇനി താന്‍ എത്തിപ്പൊടാന്‍ പോകുന്ന ചവറുകൂനയെ ഓര്‍ത്ത്‌ കുഞ്ഞുമോന്‍റെ മനസ് വിങ്ങാന്‍ തുടങ്ങി.

എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.

ഫ്യൂസായ കുഞ്ഞുമോനെ കയ്യിലെടുത്തു നോക്കിയ പ്രമാണി കുഞ്ഞുമോനെ മേല്‍പ്പോട്ടാക്കി രണ്ടുമൂന്നുതവണ കറക്കുകയും കുലുക്കുകയും ചെയ്തു. അപ്പോഴേക്കും പൊട്ടിയ ഫിലമെന്‍റ് എങ്ങനെയോ കുടുങ്ങി ഒന്നുചേര്‍ന്നു. കുഞ്ഞുമോനെ തിരികെ ഹോള്‍ഡറില്‍ ഇട്ടിട്ട് സ്വിച്ച് ഇട്ടതും, അതാ കുഞ്ഞുമോന്‍ വീണ്ടും പ്രകാശിക്കുന്നു! തനിക്ക്‌ ഈ കിട്ടിയത് രണ്ടാം ജന്മം! കുഞ്ഞുമോന്‍ സകല ബള്‍ബ്‌ ദൈവങ്ങളോടും നന്ദി പറഞ്ഞു. വീണ്ടും, പഴയപോലെ കുഞ്ഞുമോന്‍ ആ സ്വീകരണമുറിയെ പ്രകാശിപ്പിച്ചു.
പിന്നെയും കാലം കുറെ കടന്നുപോയി.

കുഞ്ഞുമോന്‍ പലതിനും സാക്ഷിയായി. പിരിവുകാരെ കാണുമ്പോള്‍ തന്‍റെ ഉടമസ്ഥന്‍ ഒളിക്കുന്നതും, അവിടത്തെ പെണ്‍കുട്ടിയെ പലരും പെണ്ണുകാണാന്‍ വന്നതും, ഉടമയുടെ മകന്‍ രഹസ്യമായി കാമുകിക്ക് മെസ്സേജ് അയക്കുന്നതും, ഉടമയുടെ ഭാര്യയും അമ്മയും കൂടി കണ്ണീര്‍ സീരിയലുകള്‍ കണ്ടു കണ്ണീര്‍ വാര്‍ക്കുന്നതും, അങ്ങനെ പലതും കുഞ്ഞുമോന്‍ നല്‍കിയ വെളിച്ചത്തില്‍ ആയിരുന്നു. എണ്ണപ്പെട്ട നാളുകള്‍ മാത്രമേ തനിക്ക്‌ ആയുസ്സുള്ളൂ എന്നറിയാമെങ്കിലും കുഞ്ഞുമോന്‍ പിന്നെയും അഹങ്കാരിയായി മാറി.
പക്ഷെ, ആയുസിനും ഉണ്ടല്ലോ അതിരും വരമ്പും എല്ലാം.

അങ്ങനെ ഒരുനാള്‍ കുഞ്ഞുമോന്‍ കണ്ണുകള്‍ എന്നെന്നേക്കുമായി അടച്ചു. പ്രകാശമില്ലാത്ത കുഞ്ഞുമോനെ ഇനി ആര്‍ക്കുവേണം! കുഞ്ഞുമോനെ പ്രമാണി വീടിനു പിന്നിലെ കുപ്പയിലേക്ക് വലിച്ചെറിഞ്ഞു. ആ കുപ്പത്തൊട്ടി നേരെ എത്തിയത് കോര്‍പ്പറേഷന്‍ വക ചവറു സംസ്കരണ കേന്ദ്രത്തില്‍. ചവറുകള്‍ പൊടിച്ചു ചെറു തരികള്‍ ആക്കി ഉരുക്കിയെടുത്തു വീണ്ടും ഉപകരണങ്ങള്‍ നിര്‍മിക്കുകയാണ് അവിടെ. ചവറു കൂനയില്‍ തന്‍റെ മരണവും കാത്ത് കുഞ്ഞുമോന്‍ കിടന്നു.

രമ്യഹര്‍മ്യത്തിലെ സ്വീകരണമുറിയില്‍ നിന്നും അഴുകിയമര്‍ന്ന ചവറുകൂനയിലേക്ക്.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ ചെറിയ ചെറിയ തരികളായി ഉരുകിത്തീരും എന്ന് കുഞ്ഞുമോന് അറിയാം. ഇത് തന്‍റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ കുഞ്ഞുമോന് കിട്ടുന്ന അവസാന അവസരം. അവന്‍ ഓര്‍ത്തു - താന്‍ പകലന്തിയോളം പ്രകാശം പരത്തിയപ്പോള്‍ ആളുകള്‍ സന്തോഷിച്ചു. അതില്‍ താന്‍ അഹങ്കരിച്ചു. ഫിലമെന്‍റ് ഒന്ന് പൊട്ടിയപ്പോള്‍പോലും സഹായിക്കാന്‍ ആളുണ്ടായി. എന്നാല്‍ ഇനി ഉപയോഗമില്ല എന്ന് മനസിലായപ്പോള്‍ കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞു‍. ആര്‍ക്കും വേണ്ടാതെ ഒരു പാഴ്ജന്മമായി മാറി! ഇനി മരണത്തിനു മാത്രമേ തന്നെ രക്ഷിക്കാന്‍ കഴിയുള്ളൂ. അങ്ങനെ, ജീവിതത്തിന്‍റെ അന്ത്യനിമിഷങ്ങള്‍ അവന്‍ എണ്ണിയെണ്ണി കഴിച്ചുകൂട്ടി.

ഇനിയാണ് സംഗതി മാറുന്നത്!

ആ പരിസരത്തു കളിച്ചു നില്‍ക്കുകയായിരുന്നു കുറെ നാടോടി കുട്ടികള്‍. അതില്‍ ഒരുവന്‍ വന്നു ചവറുകൂനയില്‍ കുറേനേരം നോക്കിനിന്നു. എന്നിട്ടോ, ഒരു നീണ്ട കമ്പെടുത്തു നമ്മുടെ കുഞ്ഞുമോനെ തോണ്ടി ചവറുകൂനയ്ക്ക് പുറത്തേക്കിട്ടു. അപ്രതീക്ഷിതമായി മറ്റൊരാള്‍ കയ്യടക്കിയപ്പോള്‍ കുഞ്ഞുമോന്‍ ഒന്ന് ഞെട്ടി. അതും വൃത്തിയില്ലാത്ത ഒരു ചെറുക്കന്‍. അടുത്ത ഏതു നിമിഷവും ഈ ചെറുക്കന്‍ തന്നെ വലിച്ചെറിഞ്ഞു പൊട്ടിക്കാം എന്ന ഭീതിയില്‍ കുഞ്ഞുമോന്‍ കരഞ്ഞു.

ആ ബാലന്‍ കുഞ്ഞുമോനെ കൊണ്ടുപോയത് അവന്‍റെ കുടിലിലേക്ക് ആണ്. അവന്‍ ഒരു ആണിയെടുത്തു കുഞ്ഞുമോന്റെ പുറകില്‍ ഒരു ദ്വാരമിട്ടു. മരണത്തെ കാത്തിരുന്ന കുഞ്ഞുമോന് ഈ വേദന നിസാരമായിരുന്നു. അവന്‍ കുഞ്ഞുമോന്റെ അകത്തേക്ക് മണ്ണെണ്ണ ഒഴിച്ചു. പിന്നെ ആ ദ്വാരത്തിലൂടെ ഒരു തിരിയും കടത്തിവെച്ചു. എന്നിട്ട് കുഞ്ഞുമോനെ ആ കുടിലിന്‍റെ മുന്നിലുള്ള കല്‍തൂണില്‍ വെച്ചു. അന്ന് രാത്രിയായപ്പോള്‍ ആ ബാലന്‍ വന്നു കുഞ്ഞുമോന്‍റെ തിരി കൊളുത്തി. കുഞ്ഞുമോന്‍ ഇപ്പോള്‍ ഒരു മണ്ണെണ്ണ വിളക്കായി പ്രകാശിക്കാന്‍ തുടങ്ങി. ആ കുടിലും കുടിലില്‍ ഉള്ളവരുടെ സന്തോഷവും ദുഖവും എല്ലാം കുഞ്ഞുമോന്‍ നേരിട്ട് കണ്ടു. മഴയും വെയിലും കൊള്ളാതെ ആ നാടോടികള്‍ കുഞ്ഞുമോനെ സംരക്ഷിച്ചു. കുപ്പയ്ക്കുള്ളില്‍ നിന്നും തന്നെ കണ്ടെത്തി വീണ്ടുമൊരു ജന്മം നല്‍കിയ ആ "വൃത്തിയില്ലാത്ത" ചെറുക്കനോട് കുഞ്ഞുമോന്‍ അറിയാതെ നന്ദി പറഞ്ഞു.

അങ്ങനെ, ആ "മൂന്നാം ജന്മത്തില്‍" കുഞ്ഞുമോന്‍ വീണ്ടും പ്രകാശം പരത്താന്‍ തുടങ്ങി.
ഇത്തവണ തന്നെ തിരിച്ചറിയുന്ന, സംരക്ഷിക്കുന്ന ചിലരുടെ കൂടെ!

 

Saturday, June 09, 2012

ഒരു "മുടി"ഞ്ഞ പ്രണയം

സ്കൂള്‍ പഠന കാലത്തിനിടെ ഒരിക്കലെങ്കിലും "പ്രണയിക്കാത്ത" ആരുമുണ്ടാകില്ല. കൂടെ പഠിച്ച പെണ്‍കുട്ടിയോടോ, പയ്യനോടോ, അപ്പുറത്തെ ക്ലാസിലെ ജൂനിയറിനെയോ, എന്തിനേറെ പറയുന്നു, പഠിപ്പിക്കുന്ന ടീച്ചറിനോട് പോലും പ്രണയം തോന്നുന്ന കാലമാണ് ഹൈസ്കൂള്‍ കാലം. ആ പ്രായത്തില്‍ ഇത്തരം പ്രണയങ്ങള്‍ "വലിയ സംഭവം" ആണെന്ന് തോന്നിയേക്കാം. മിക്കവാറും സ്കൂള്‍ ജീവിതം അവസാനിക്കുമ്പോള്‍ ഇമ്മാതിരി പ്രണയങ്ങളും അവിടെവെച്ചു തന്നെ അവസാനിക്കാറാണ് പതിവ്. പിന്നീട് ജീവിതത്തില്‍ ഇതൊക്കെ ഓര്‍ക്കുമ്പോള്‍ തലയറഞ്ഞു ചിരിക്കാം എന്നതാണ് ഏറ്റവും വലിയ തമാശ.

ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ നടന്ന ഒരു "മുടി"ഞ്ഞ പ്രേമത്തിന്‍റെ കഥ പറയാം.

ഞങ്ങളുടെ ജൂനിയര്‍ ആയി പുതിയൊരു പെണ്‍കുട്ടി സ്കൂളില്‍ ചേര്‍ന്നു. വെളുത്തു സുന്ദരിയായ ഒരു പെണ്‍കുട്ടി. ആദ്യത്തെ നോട്ടത്തില്‍ തന്നെ ആ കുട്ടിയെ എല്ലാര്‍ക്കും വളരെയധികം "ഇഷ്ട്ടായി". അതെ, എനിക്കും "ഇഷ്ട്ടായി". അങ്ങനെ ആ കുട്ടിയോടുള്ള ഒരു "എന്തരോ ഒരു ഇത്" മനസ്സില്‍ അങ്ങനെ സൂക്ഷിച്ചിരിക്കുന്ന കാലം. ഒരിക്കല്‍ സുഗുണന്‍ മാഷിന്‍റെ മലയാളം ക്ലാസ്സ്‌.

സുഗുണന്‍ മാഷിന്‍റെ മലയാളം ക്ലാസ്സ്‌ ഒരു വല്ലാത്ത അനുഭൂതിയാണ്. പഠിക്കാനുള്ള പദ്യങ്ങളുടെയും കഥകളുടെയും ഓരോരോ വരികളുടേയും ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ പുതിയ പുതിയ അര്‍ത്ഥതലങ്ങള്‍ ഞങ്ങള്‍ക്ക് പറഞ്ഞുതരും. ഓ.എന്‍.വി കുറുപ്പിന്‍റെ ശിഷ്യനായിരുന്നു സുഗുണന്‍ മാഷ്‌. അതുകൊണ്ട്തന്നെ "ഭൂമിക്കൊരു ചരമഗീതം" പോലുള്ള പദ്യങ്ങള്‍ കവിയില്‍ നിന്നും നേരിട്ട് പഠിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതെല്ലാം ക്ലാസ്സില്‍ അതിമനോഹരമായി സുഗുണന്‍ മാഷ്‌ അവതരിപ്പിക്കും. നല്ല സൂപ്പര്‍ "ചൂരല്‍ക്കഷായം" ധാരാളം കിട്ടുമായിരുന്നെങ്കില്‍പ്പോലും മാഷിന്‍റെ ക്ലാസ്സിലിരിക്കാന്‍ ഓരോ വിദ്യാര്‍ത്ഥിക്കും ഇഷ്ടമായിരുന്നു.

അന്ന് സുഗുണന്‍ മാഷ്‌ ഏതോ പാഠഭാഗം പഠിപ്പിക്കുമ്പോള്‍ ഇങ്ങനെ ഒരു ഡയലോഗ് - "സീതാദേവിയുടെ മുടിയിഴകളോട്പോലും രാമന് പ്രണയം ആയിരുന്നു".

എന്ത്....???!!!

"മുടിയിഴകളെ പോലും പ്രണയിക്കുകയോ?" - ആ ഐഡിയ കൊള്ളാല്ലോ!

അങ്ങനെ എനിക്ക് ആ സുന്ദരിയുടെ "മുടിയിഴകളോട്" പ്രണയമായി. പതിയെ മനസിനുള്ളില്‍ ഒരു കല്യാണക്കുറി അച്ചുനിരത്താന്‍ തുടങ്ങി... മനസിനെ കല്യാണക്കുറി പ്രിന്‍റ് ചെയ്യാന്‍ വിട്ടിട്ട് അവളുടെ "മുടിയിഴകള്‍" എങ്ങനെ ഒപ്പിക്കാം എന്ന ചിന്തയിലായി ഞാന്‍. ആനവാല്‍ പറിക്കുന്നത്പോലെ പതുക്കെ പുറകെ ചെന്ന് രണ്ടു മുടി പിഴുതാലോ? വേണ്ട, അടികിട്ടും. രഹസ്യമായി പുറകെ ചെന്ന് കത്രിക കൊണ്ട് മുറിച്ചെടുത്ത് ഓടിയാലോ? വേണ്ട, അഥവാ മുടി മൊത്തത്തില്‍ മുറിഞ്ഞുപോയാല്‍ പിന്നെ എന്‍റെ പെട്ടിയില്‍ ആണിയടിച്ചാല്‍ മതി.

അപ്പോഴാണ്‌ ഒരു ദൈവദൂതനെ പോലെ, ഒരു ഹംസത്തെ പോലെ അവള്‍ വന്നത് - എന്‍റെ കൂടെ നഴ്സറി മുതല്‍ ഈ ക്ലാസ്സ്‌ വരെ കൂടെ പഠിക്കുന്ന, എന്‍റെ അയല്‍ക്കാരിയും കളിക്കൂട്ടുകാരിയും ആയ ആ "ദേവദൂതിക". പതിയെ അവളുടെയടുത്തു ചെന്ന് എന്‍റെ ആവശ്യം അറിയിച്ചു:

"ഡീ, എനിക്ക് ലവളുടെ രണ്ടു മുടി വേണം. ഒപ്പിച്ചു തരോ?"

"യെന്തര്..? മുടിയാ? നിനക്ക് എന്തെടെയ്‌ വട്ടാണാ...?" (തനി 'തിരോന്തരം' ശൈലിയില്‍)

"പോടീ... വട്ടൊന്നുമല്ല. പ്രണയം... അഗാധമായ പ്രണയം"

"പ്രണയമോ? പറ്റി! അതിന് നിനക്ക് അവളുടെ മുടി എന്തരിന്? വല്ല കൂടോത്രോം ചെയ്യാന്‍ തന്നേഡേയ്?"

"ഏയ്‌ അല്ലാന്നെ... സുഗുണന്‍ സാറ് പറഞ്ഞപോലെ എനിക്ക് അവളുടെ മുടിയിഴകളോട് അഗാധമായ പ്രണയം ആണെന്ന് തോന്നുന്നു... എനിക്ക് രണ്ടു മുടി വേണം സൂക്ഷിച്ചുവെക്കാന്‍"

"ഓ പിന്നേ! എനിക്ക് വേറെ പണിയില്ലാത്തപോലെ!"

"വെറുതെ വേണ്ട, സിപ്പപ്പ്‌ വാങ്ങിത്തരാം"

"ങാ എന്നാല്‍ നോക്കാം!"

അങ്ങനെ രണ്ടു സിപ്‌-അപ് വാങ്ങിക്കൊടുക്കാം എന്ന ധാരണയില്‍ ആ "ദേവദൂതിക" തന്‍റെ പ്ലാന്‍ തുടങ്ങി. ഇന്റര്‍വെല്‍ സമയം ആയപ്പോഴേക്കും അവള്‍ നേരെ "സുന്ദരിയുടെ" ക്ലാസിനു മുന്നിലെത്തി. "സുന്ദരിയെ" കൈകാണിച്ചു പുറത്തേക്ക് വിളിച്ചു. പിന്നേ പതിയെ കുശലാന്വേഷണങ്ങള്‍ തുടങ്ങി. ഇതെല്ലാം അല്പം ദൂരെനിന്നും ഞാന്‍ നിരീക്ഷിക്കുന്നുണ്ട്‌. "കിട്ടുമോ? കിട്ടൂല്ലേ? അതോ അവള്‍ ഇനി സംഗതി മൊത്തം കുളമാക്കുമോ?" തുടങ്ങിയ ചിന്തകള്‍ എന്‍റെ മനസ്സില്‍ അലയടിക്കാന്‍ തുടങ്ങി.

പതിയെ "ദേവദൂതിക" ആ "സുന്ദരിയുടെ" മുടിയിലൊക്കെ പിടിച്ചു തലോടാന്‍ തുടങ്ങി. ഇന്നത്തെ കാലം ആയിരുന്നെങ്കില്‍ ഏതാണ്ട് ഇതുപോലെ ആയിരിക്കും ഡയലോഗ് എന്ന് ഞാന്‍ ഊഹിക്കുന്നു - "ആഹാ, മുടി കൊള്ളാമല്ലോ.. നീ ധാത്രി ആണോ ഉപയോഗിക്കുന്നത്? ഞാന്‍ രണ്ടു സാമ്പിള്‍ എടുത്തോട്ടെ???". അങ്ങനെ മുടിയിഴകളെ തലോടലും സംഭാഷണവും നീണ്ടു. പെട്ടെന്ന് ക്ലാസ്സ്‌ തുടങ്ങുന്ന ബെല്‍ മുഴങ്ങി. "സുന്ദരി" ക്ലാസ്സിലേക്ക് കയറിയതും "ദേവദൂതിക" അവളുടെ മുടിയില്‍ കടന്നുപിടിച്ച് "ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ" എന്നമട്ടില്‍ രണ്ടുമൂന്നു മുടിയിഴകള്‍ ഇങ്ങു പറിച്ചെടുത്തു! എനിക്ക് "സുന്ദരിയുടെ" മുടിയിഴകള്‍ തന്നിട്ട് ഏതോ ഒരു ഭീകരദൌത്യം പൂര്‍ത്തിയാക്കിയ ഒരു ഭീകരന്റെ സന്തോഷത്തില്‍ സിപ്‌-അപ്പും പ്രതീക്ഷിച്ചു "ദേവദൂതിക" പോയി.

ഞാന്‍ ആ മുടിയിഴകള്‍ മലയാളം പുസ്തകത്തില്‍ മയില്‍പ്പീലി സൂക്ഷിക്കുന്നതുപോലെ സൂക്ഷിച്ചുവെച്ചു.

ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഈ "മുടി"ഞ്ഞ പ്രണയം മണ്ടത്തരം ആണെന്ന് മനസിലായി. അപ്പോഴേക്കും ചെറിയൊരു ചമ്മലോടെ ആ മുടിയിഴകള്‍ എങ്ങോട്ടോ ഞാന്‍ കളഞ്ഞു. പിന്നീടൊക്കെ ആ "സുന്ദരിയെ" കാണുമ്പോള്‍ ഒരുതരം ചമ്മല്‍ ആയിരുന്നു. "ദേവദൂതിക"യ്ക്ക് എന്നെ കളിയാക്കി ചിരിക്കാനുള്ള ഒരു വകയുമായി!

ഇന്ന്, പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം നില്‍ക്കുമ്പോള്‍, ആ പഴയ സ്കൂള്‍ പഠനകാലം ഒരുപാട് ചിരികള്‍ സമ്മാനിക്കുന്നു. അര്‍ത്ഥമറിയാതെ പ്രണയിക്കുന്നതും, അതിന്‍റെ പേരില്‍ തല്ലുകൂടുന്നതും, ഒരു നെല്ലിക്കയ്ക്ക് വേണ്ടി നെട്ടോട്ടം ഓടുന്നതുമൊക്കെ ഓര്‍ക്കാന്‍ രസമുള്ള ഓര്‍മ്മകള്‍ !

Tuesday, May 15, 2012

യഥാര്‍ത്ഥത്തില്‍ സംഭവിച്ച ഒരു പസില്‍ (puzzle)

നമസ്കാരം...!

കഴിഞ്ഞ നാല് ദിവസങ്ങള്‍ ഒരു വയനാട്‌ യാത്രയില്‍ ആയിരുന്നതിനാല്‍ പുതിയ പോസ്റ്റ്‌ ഒന്നും ഇടാന്‍ പറ്റിയില്ല. ഇപ്പോള്‍ വയനാട് യാത്രയുടെ യാത്രാവിവരണം തയ്യാറാക്കുന്ന തിരക്കിലാണ്. ഫോട്ടോസും മാപ്പും ഒക്കെ ചേര്‍ത്തൊരു വലിയ യാത്രാവിവരണം. അതിനു കുറച്ചു നേരം എടുക്കും. അതുവരെ ചിന്തിച്ചിരിക്കാന്‍ ഒരു പസില്‍ ...

ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ച ഒന്നാണ്... ഇതിന്റെ ശരിയായ ഉത്തരം ഇന്നും എനിക്കറിയില്ല, പലരും പല ഉത്തരമാണ് പറയുന്നത്. നിങ്ങള്‍ക്ക്‌ ഇതിന്റെ ഉത്തരം അറിയാമെന്കില്‍ പറഞ്ഞുതരൂ...!

***********************************************************************************

സ്ഥലം - പാലക്കാട്‌ റെയില്‍വേ സ്റ്റേഷന്‍

കോളേജ് ടൂര്‍ ആണ്. പാലക്കാട് അല്‍പനേരം ട്രെയിന്‍ നിര്‍ത്തി.

ദിലീപ്‌ അവന്റെ പേഴ്സില്‍ നിന്നും ഒരു നോട്ട് എടുത്തു എന്‍റെ കയ്യില്‍ വെച്ചുതന്നിട്ടു പെട്ടെന്ന് തന്നെ ഒരു സ്പ്രൈറ്റ് വാങ്ങിവരാന്‍ പറഞ്ഞു... തിരക്ക് കാരണം ഞാന്‍ ആ നോട്ട് പെട്ടെന്ന് ഒന്ന് നോക്കിയതേ ഉള്ളൂ - 100 രൂപാ ഉണ്ട്.

ഞാന്‍ അത് പെട്ടെന്ന് കടയില്‍ കൊടുത്തു, ഒരു സ്പ്രൈറ്റ് വാങ്ങി. അതിന്റെ വില 25 രൂപ. കടക്കാരന്‍ ബാക്കിയായി ഒരു  25 രൂപ തിരികെ തന്നു. പക്ഷെ ഞാന്‍ കൊടുത്തത് 100 രൂപാ ആണല്ലോ എന്ന് ഞാന്‍ പറഞ്ഞു... ഞാന്‍ നൂറിന്‍റെ ബാക്കി ചോദിച്ചു... തിരക്കിനിടയില്‍ കടക്കാരനും ആ നോട്ട് ശ്രദ്ധിച്ചിരുന്നില്ല.

പെട്ടെന്ന് ട്രെയിന്‍ പോകാനുള്ള വിസില്‍ അടിച്ചു.

പെട്ടെന്ന് അയാള്‍ എനിക്ക് 50 രൂപാ കൂടി തന്നു... അപ്പൊ എന്‍റെ കണക്ക് പ്രകാരം ശെരിയാണ് - ഞാന്‍ 100 രൂപാ കൊടുത്തു 25 രൂപയുടെ സ്പ്രൈറ്റ് മേടിച്ചു, ബാക്കി 75 രൂപാ തിരികെ വാങ്ങിച്ചു.

തിരികെ ഓടിവന്നു ട്രെയിനില്‍ കേറി ദിലീപിന്‍റെ കയ്യില്‍ സ്പ്രൈറ്റ് കുപ്പിയും 75 രൂപയും കൊടുത്തപ്പോള്‍ അവന്‍ ഒന്ന് ഞെട്ടി.

അവന്‍ എനിക്ക് തന്നത് 50 രൂപ നോട്ട് ആയിരുന്നത്രേ...!

***********************************************************************************

പിന്നെ വിശദമായി ആലോചിച്ചപ്പോള്‍ ഇത് ഒരു പസില്‍ ആണെന്ന് മനസിലായി...! ഈ കച്ചവടത്തില്‍ എനിക്ക് കയ്യില്‍ 75 രൂപയും ഒരു സ്പ്രൈറ്റ് ബോട്ടിലും. പക്ഷെ കടക്കാരനോ? ഞാന്‍ കൊടുത്ത 50 രൂപ തിരികെ തന്നു, മാത്രമോ, എനിക്കൊരു ബോട്ടിലും കൂടെ 25 രൂപയും തന്നു...

അപ്പോള്‍ ഈ കച്ചവടത്തില്‍ കടക്കാരന്റെ നഷ്ടം എത്ര?

മുന്‍പ് ഈ ചോദ്യം ഫേസ്ബുക്കില്‍ ചോദിച്ചപ്പോള്‍ പലരും പല ഉത്തരം ആണ് പറഞ്ഞത്... ചിലര്‍ പറയുന്നു 25 എന്ന്... മറ്റു ചിലര്‍ പറയുന്നു 75 എന്ന്... സത്യത്തില്‍ എന്താണ് ഉത്തരം???

(പ്രിയപ്പെട്ട കടക്കാരാ, സോറി കേട്ടോ... ഞാന്‍ അറിഞ്ഞുകൊണ്ട് ചെയ്തതല്ല... എന്നെങ്കിലും താങ്കളെ നേരിട്ട് കണ്ടാല്‍ ആ പൈസ ഞാന്‍ തിരികെ തന്നേക്കാം...)

Monday, June 21, 2010

മൊബൈല്‍ വിളിക്കുമ്പോള്‍ സൂക്ഷിക്കുക.

എല്ലാരും വായിക്കട്ടെ എന്ന് കരുതിയാണ് ഇങ്ങനെ ഒരു തലക്കെട്ട്‌ കൊടുത്തത്. അതെ, എല്ലാരും തീര്‍ച്ചയായും വായിക്കണം.

സംഭവം എന്‍റെ വീടിനടുത്ത് നടന്നതാണ്. ഒരാഴ്ച ആയതേ ഉള്ളു. എന്‍റെ സീനിയര്‍ ഒരു ചേട്ടന്‍ ഉണ്ട്. പേര് പറയുന്നില്ല...

പുള്ളിക്കാരന്‍ മൊബൈലില്‍ സംസാരിച്ചു നടന്നു നടന്ന്‍ ഒരു കിണറ്റില്‍ വീണു...!

മൊബൈലില്‍ ആരോടോ സംസാരിച്ചു രസം പിടിച്ചു നടന്നതാവണം, ചുറ്റുപാടൊക്കെ മറന്നുപോയി.. അങ്ങനെ ആണ് കൈവരി ഇല്ലാത്ത കിണറ്റിലേക്ക് പോയത്. ആരും ഉപയോഗിക്കാത്ത കിണര്‍ കാണുമ്പോള്‍ നമ്മളൊക്കെ കണ്ട കല്ലും കുപ്പിച്ചില്ലും ഒക്കെ പെറുക്കി അതിലിടുമല്ലോ... അങ്ങനെ കുപ്പിച്ചില്ല് നിറഞ്ഞ ഒന്നായിരുന്നു ഈ കിണറും. ഭാഗ്യത്തിന് (ഓഹ്!!!) വളരെ കുറച്ചു പരിക്ക് മാത്രമേ ഉണ്ടായുള്ളൂ.

പിന്നെ, കയ്യില്‍ മൊബൈലും പിടിച്ചുകൊണ്ടാണല്ലോ താഴെ പോയത്. ആ മൊബൈലില്‍ തന്നെ മറ്റുള്ളവരോട് വിളിച്ചു പറയാന്‍ കഴിഞ്ഞതുകൊണ്ട്‌ പുള്ളിക്കാരന്‍ കിണറ്റില്‍ ആണെന്ന് എല്ലാരും അറിഞ്ഞു. വോഡഫോണിനു കിണറിലും കുഴിയിലും പോലും റേഞ്ച് ഉള്ളതുകൊണ്ട് ഭാഗ്യവാന്‍ രക്ഷപ്പെട്ടു. ഉടനെ തന്നെ ആളുകള്‍ വന്നു ഇഷ്ടനെ പുറത്തേക്കു കയറ്റി ആശുപത്രിയില്‍ കൊണ്ടുപോയി.

(ഗുണപാഠം - കഴിവതും വോഡഫോണ്‍ കണക്ഷന്‍ ഉപയോഗിക്കുക.)

ഈ സംഭവത്തില്‍ നിന്നും മനസിലാക്കേണ്ട ഒരു പാഠം ഉണ്ട് - മൊബൈല്‍ വിളിക്കുമ്പോള്‍ മതിമറന്നു സംസാരിക്കുന്ന സ്വഭാവം നമുക്കെല്ലാം ഉണ്ടല്ലോ, പക്ഷെ അങ്ങനെ ഉള്ള സാഹചര്യത്തില്‍ എവിടേലും സ്വസ്ഥമായി ഇരുന്നോ, നിന്നോ സംസാരിക്കുന്നതാകും നമ്മുടെ ആരോഗ്യത്തിനു നല്ലത്. "വാക്ക് ആന്‍ഡ്‌ ടോക്ക്" എന്ന് പറയുന്നത് അനുസരിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് നടക്കാം - പക്ഷെ, ഒരു അര കിലോമീറ്റര്‍ ചുറ്റളവില്‍ കിണറോ കുളമോ തോടോ ഓടയോ ഒന്നും ഇല്ലെന്നു ഉറപ്പ് വരുത്തണം. അതുമല്ല, വഴിയേ പോകുന്ന വല്ല ലോറിക്കാരനും സ്നേഹം തോന്നി നമ്മളെ വന്ന് ഉമ്മ വെച്ചിട്ട് പോകില്ലെന്നും ഉറപ്പുവരുത്തണം. എന്നിട്ട് "വാക്ക് ആന്‍ഡ്‌ ടോക്ക്..." ചെയ്‌താല്‍ ഒരു കുഴപ്പവുമില്ല.

ഇനി മറ്റു ചില കാര്യങ്ങള്‍...

എന്‍റെ ഒരു വിദ്യാര്‍ഥിയും സര്‍വോപരി ലിനക്സ്‌ മാനിയാക്കും ആയ അനീഷ്‌ ഒരു ബ്ലോഗ്‌ തുടങ്ങി. www.aneeshnl.co.cc ആണ് അദ്ദേഹത്തിന്‍റെ ബ്ലോഗ്‌ അഡ്രെസ്സ്. അനീഷിനു ആശംസകള്‍ നേരുന്നു. ബൂലോഗത്തിലേക്ക് സ്വാഗതം.


ഞാന്‍ ശബ്ദ താരാവലി നോക്കി വാക്കുകള്‍ എണ്ണിയെടുത്ത് ഉണ്ടാക്കുന്ന തട്ടുപൊളിപ്പന്‍ കവിതകള്‍ കണ്ടപ്പോള്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത എന്‍റെ ഒരു സുഹൃത്ത്  ഒരു കവിത എഴുതി അയച്ചു തന്നു. അത് വായിച്ചപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി. അമ്പമ്പോ...  അതൊരു കിടിലം കവിത ആണെന്ന് എനിക്ക് തോന്നി... അതെ, കിടിലം ആണ്. അപ്പോഴാണ്‌ ഞാന്‍ മനസിലാക്കിയത്, ഞാന്‍ ഗമയില്‍ എഴുതുന്നത് "കവിത പോലത്തെ എന്തരോ" ആണെന്ന്. ഈ സുഹൃത്തിന്‍റെ കവിത ഈ പോസ്റ്റില്‍ ഇടുന്നില്ല. അത് പ്രത്യേകം ഒരു തലക്കെട്ടുള്ള പോസ്റ്റില്‍ തന്നെ ഇടുന്നതാണ്. കാത്തിരിക്കുക. ഉടനെ തന്നെ അത് എത്തും.


കാത്തിരിപ്പിലേക്ക് ... ബൈ.

Thursday, March 25, 2010

ആത്മഹത്യ...!

( പ്രിയപ്പെട്ടവരേ, ഇത് എന്‍റെ ആത്മഹത്യാ കുറിപ്പ് അല്ല. ഉടനെയൊന്നും ഒരു ആത്മഹത്യ എന്‍റെ പ്ലാനില്‍ ഇല്ല. അതുകൊണ്ട് ഇത് എന്‍റെ ആത്മഹത്യാകുറിപ്പ് ആണെന്ന് കരുതി വായിക്കാന്‍ വന്നവരോട് "സോറി" കേട്ടോ... )

ഈ നീണ്ട കാലത്തെ ജീവിതത്തിനിടയില്‍ ഒരു തവണ എങ്കിലും ആത്മഹത്യ ചെയ്യണം എന്ന് തോന്നാത്തവര്‍ വിരളം ആണ്... അല്ലേ? എനിക്കും തോന്നിയിട്ടുണ്ട്. നിങ്ങള്‍ക്കും തോന്നിയിട്ടുണ്ട്. "ഇല്ല" എന്ന് പറയാന്‍ പറ്റുന്നവര്‍ ഒരു മനുഷ്യജീവി ആണോ എന്ന് സംശയമുണ്ട്‌ കേട്ടോ...!

ആത്മഹത്യ ചെയ്യാന്‍ ഒരുവനെ (അല്ലെങ്കില്‍ ഒരുവളെ) പ്രേരിപ്പിക്കുന്നത് ആഗ്രഹിച്ചത്‌ കിട്ടാതാവുന്ന അവസരത്തില്‍ ആണ്. നിരാശ എന്ന വികാരം ആണ് ആത്മഹത്യയുടെ പ്രേരണ. എന്‍റെ അറിവില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ഉണ്ടാക്കുന്ന ചില സംഭവങ്ങള്‍ ഇവയാണ് -

1. പരീക്ഷക്ക് പ്രതീക്ഷിച്ച മാര്‍ക്ക്‌ കിട്ടതാവുക - അല്ലെങ്കില്‍ തോല്‍വി.
2. സ്നേഹിച്ച പെണ്‍കുട്ടി അല്ലെങ്കില്‍ പുരുഷന്‍ കൈവിട്ടു പോകുന്നത്.
3. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍.

മുകളില്‍ പറഞ്ഞവ കൂടാതെ ഒരുപാട് കാരണങ്ങള്‍ ഇനിയും ഉണ്ട്. ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍.

ഞാന്‍ പലേടത്തും കണ്ടിട്ടുള്ള ഒരു കാര്യമാണ് - "ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല" - എന്ന രീതിയിലുള്ള വലിയ വലിയ ലേഖനങ്ങളും ഉപദേശങ്ങളും. അല്ലെങ്കിലും, ഒരു പ്രതിഫലവും വാങ്ങാതെ ചിലരൊക്കെ സൌജന്യമായി വിതരണം ചെയ്യുന്ന ഒരു വസ്തു ആണ് "ഉപദേശം".

ഈ ഉപദേശികള്‍ ഒക്കെയും വലിയ വായില്‍ പറയാറുണ്ട്‌, "ആത്മഹത്യ എന്നത് ഭീരുക്കള്‍ക്ക് മാത്രം ഉള്ളതാണ്", "ആത്മഹത്യ ഒരുതരം ഒളിച്ചോട്ടം ആണ്"... എന്നൊക്കെ. എനിക്ക് ഒരു കാര്യമേ ചോദിക്കാനുള്ളു - ഈ ഉപദേശികള്‍ ഒരുദിവസം ജോലി കഴിഞ്ഞു വീട്ടില്‍ എത്തുന്നു - അപ്പോള്‍ വീട് തീപിടിച്ചു നശിച്ചിരിക്കുന്നു, സ്നേഹമയി ആയിരുന്ന ഭാര്യയും, പ്രിയപ്പെട്ട കുഞ്ഞുങ്ങളും മരിച്ചുപോയിരിക്കുന്നു, ജീവിതകാലം കൊണ്ട് സമ്പാദിച്ച സ്വത്തുക്കള്‍ മുഴുവനും തീ കൊണ്ടുപോയി. ഒന്ന് ആശ്വസിപ്പിക്കാന്‍ ആരുമില്ല. ഒറ്റപ്പെട്ട ഒരു അവസ്ഥ. ഇങ്ങനെ ഒരു അവസ്ഥയില്‍ പിടിച്ചു നില്‍ക്കാന്‍ ഈ ഉപദേശിക്കു  കഴിയുമോ? ഒരു നിമിഷമെങ്കിലും അയാള്‍ മരണത്തെ കുറിച്ച് ചിന്തിക്കില്ലേ?

ഇങ്ങനെയൊക്കെ ഞാന്‍ പറയുമ്പോള്‍ നിങ്ങള്‍ക്ക് തോന്നും ഞാന്‍ ആത്മഹത്യയെ സപ്പോര്‍ട്ട് ചെയ്യുകയാണോ എന്ന്. അങ്ങനെ അല്ല.

ഞാന്‍ ഉദ്ദേശിക്കുന്നത് ഇതാണ് - ഒരാള്‍ ആത്മഹത്യ ചെയ്യണമെന്നു വിചാരിക്കുമ്പോള്‍ അയാളുടെ മാനസികനില എന്താണെന്ന് നമ്മള്‍ മനസിലാക്കണം, അയാളെ നമ്മള്‍ ആശ്വസിപ്പിക്കണം, അയാള്‍ക്ക്‌ ജീവിതത്തില്‍ പ്രതീക്ഷകള്‍ നല്‍കണം, ജീവിതത്തിന്‍റെ പാതയിലേക്ക് തിരികെ കൊണ്ടുവരണം.

സ്നേഹിച്ച പെണ്‍കുട്ടിയെ മറ്റൊരാള്‍ സ്വന്തമാക്കുന്നത് ആര്‍ക്കും സഹിക്കാന്‍ കഴിയില്ല. അങ്ങനെ ഒരു അവസ്ഥയില്‍ ഒരാള്‍ എന്തായാലും ആത്മഹത്യയെ കുറിച്ച് ചിന്തിക്കും. ഈ അവസ്ഥ അല്പം അപകടകരമാണ്. ഈ മാനസികാവസ്ഥയില്‍ ഇതു നിമിഷവും അയാള്‍ മരിക്കാം. പക്ഷെ, ഈ അവസ്ഥയില്‍ നിന്നും അല്പം ഒരു ആശ്വാസം കിട്ടിയാല്‍ പിന്നെ അവിടെ ആത്മഹത്യക്കുള്ള സാധ്യത വളരെ കുറയും. പിന്നെ തിരികെ ജീവിതത്തിലേക്ക്. പക്ഷെ ഇങ്ങനെ ആത്മഹത്യയില്‍ നിന്നും ഒരാളെ തിരികെ ജീവിതത്തില്‍ കൊണ്ടുവരാന്‍ അയാളുടെ മനസ് അറിയുന്ന ഒരു സുഹൃത്തിന് മാത്രമേ കഴിയൂ. അത് ചിലര്‍ക്ക് സ്വന്തം കൂട്ടുകാര്‍ ആകാം, ചിലര്‍ക്ക് അത് മാതാപിതാക്കള്‍ ആകാം, ചിലര്‍ക്ക് ഒരുപക്ഷെ അതൊരു കൌണ്‍സിലര്‍ ആകാം.

ആകെ അറിയാനുള്ളത് ഇതാണ് - ആത്മഹത്യ എന്ന ചിന്തയില്‍ നിന്നും മനസിനെ മാറ്റുക, ജീവിതത്തില്‍ തിരികെ എത്തിക്കുക. ഇത് ഒരു സുഹൃത്തിന്‍റെ കടമ ആണ്.

( പത്രങ്ങളില്‍ കാണാറുണ്ട്‌, കാമുകിയും കാമുകനും ഒരുമിച്ചു ആത്മഹത്യ ചെയ്തു എന്ന്. ഒരുപാട് സ്നേഹിച്ചിട്ടു ഒരിക്കലും ഒരുമിക്കാന്‍ വീട്ടുകാര്‍ സമ്മതിച്ചില്ലെങ്കില്‍ പിന്നെ വേറെ എന്താണ് ചെയ്യേണ്ടത്? ജീവിതത്തില്‍ മറ്റെന്തിനെക്കാളും സ്നേഹത്തിനു വിലകൊടുക്കുന്നവര്‍ ആണ് ഇങ്ങനെ ഒരു സാഹസം ചെയ്യുക. അവരുടെ പ്രണയത്തിന് മരണത്തിനും അപ്പുറം ഒരു ലോകമുണ്ട് - അവരുടേത് മാത്രമായ ഒരു ലോകം. അവിടേക്കാണ് അവര്‍ പോകുന്നതും. അവരെ പിന്തിരിപ്പിക്കാന്‍ പ്രയാസവുമാണ്.)

ഒന്ന് ഓര്‍ത്തു നോക്കൂ, ഒരാള്‍ ആത്മഹത്യാക്കുറിപ്പ് എഴുതുമ്പോള്‍ അയാളുടെ മനസിലെ വികാരം എന്തായിരിക്കും? "ആത്മഹത്യ ഒന്നിനും പരിഹാരമല്ല" എന്നും, "ആത്മഹത്യ ഒളിച്ചോട്ടം ആണ്" എന്നുമൊക്കെ ചിന്തിക്കാന്‍ ആരെങ്കിലും മിനക്കെടുമോ? "തൂങ്ങുമ്പോള്‍ കയര്‍ പൊട്ടി താഴെ വീണു കയ്യും കാലും ഓടിയുമോ എന്തോ" എന്നൊക്കെ ആയിരിക്കും അയാളുടെ ചിന്ത. ആ നേരത്ത് അയാള്‍ക്ക് പ്രതീക്ഷയുടെ നാളം പകരാന്‍ രണ്ടാമതൊരാള്‍ തന്നെ വേണം. അല്ലാതെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ഒരാളും സ്വയം പിന്മാറാന്‍ ശ്രമിക്കില്ല. അതുകൊണ്ട് തന്നെ, മുകളില്‍ പറഞ്ഞ ഉപദേശങ്ങള്‍ ഒരിക്കലും മരണം കാത്തുനില്‍ക്കുന്നവന് ഉപകാരപ്പെടുകയുമില്ല.

ആത്മഹത്യക്ക് കാരണം നിരാശ ആണ്. അപ്പൊ നിരാശയ്ക്ക് കാരണം എന്താണ്?

"ആഗ്രഹങ്ങള്‍ ആണ് നിരാശയ്ക്ക് കാരണം" - ഇത് പരക്കെ വ്യാപകമായ മറ്റൊരു ഉപദേശം. ആഗ്രഹങ്ങള്‍ ഇല്ലാതെ എന്തോന്ന് ജീവിതം? ഒരുപക്ഷെ ആഗ്രഹങ്ങള്‍ ആണ് നമ്മെ പല വിജയങ്ങളിലും എത്തിക്കുന്നത്. ആഗ്രഹങ്ങള്‍ നല്ലതാണ്, പക്ഷെ അത് "അത്യാഗ്രഹങ്ങള്‍" ആകുമ്പോള്‍ സംഗതി മാറും. അപ്പോള്‍ കളി വേറെ.

ഒരുപാട് നല്ല നല്ല കൂട്ടുകാര്‍ - മനസ് തുറന്നു എല്ലാം പറയാവുന്ന കൂട്ടുകാര്‍ ഉണ്ടെങ്കില്‍ ആത്മഹത്യക്ക് സാധ്യത വളരെ കുറവാണ്. അങ്ങനെയുള്ള കൂട്ടുകാരെ കിട്ടുക എന്നത് ഒരു ഭാഗ്യമാണ്.

അതുകൊണ്ട്, ഞാന്‍ പറയട്ടെ - നിങ്ങള്‍ ജീവിതത്തില്‍ ഓരോന്ന് ആഗ്രഹിക്കുക. സ്വപ്നം കാണുക. അത് സഫലമാക്കാന്‍ ശ്രമിക്കുക, സഫലമായില്ലെങ്കില്‍ ആത്മഹത്യ ചെയ്യാന്‍ തോന്നാം, സ്വയം നിയന്ത്രിക്കാന്‍ പറ്റിയാല്‍ രക്ഷപ്പെടുക, അല്ലെങ്കില്‍ ഒരു സുഹൃത്തിനോട് മനസ് തുറന്നു എല്ലാം പറഞ്ഞിട്ട് ആത്മഹത്യക്ക് തയ്യാറെടുക്കുക. അടുത്ത ആഴചയില്‍ ആത്മഹത്യ പ്ലാന്‍ ചെയ്യുക. അതുവരെ കാത്തിരിക്കുക. അതിനിടയില്‍ നിങ്ങളുടെ സുഹൃത്ത് നിങ്ങളെ ജീവിതത്തിലേക്ക് കൊണ്ടുവരും - ഉറപ്പ്.

Wednesday, March 17, 2010

ബൈനറി സെര്‍ച്ചും, പിന്നെ ഒരു മാജിക്കും.

അങ്ങനെ, കോളേജിലെ അധ്യാപന ജീവിതം ഭംഗിയായി പോകുകയാണ്. ഇതിനിടെ രസകരമായ പലതും ഉണ്ടായി. ഞാന്‍ ഒരു മാജിക് കാണിച്ചു കുട്ടികളെയെല്ലാം അത്ഭുതപ്പെടുത്തി എന്നതാണ് ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്ന ഒരു സംഭവം, ഒരുപക്ഷെ, ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു സംഭവം.

ഞാന്‍ പഠിപ്പിക്കുന്ന വിഷയം "Datastructures " ആണ്. അതില്‍ ഒരു സെര്‍ച്ചിംഗ് പഠിക്കാനുണ്ട്. ബൈനറി സെര്‍ച്ച്‌ എന്ന് പറയും. അത് ചുരുക്കി പറഞ്ഞാല്‍ ഇങ്ങനെ - നമ്മള്‍ ഒന്ന് മുതല്‍ നൂറു വരെ എഴുതുന്നു എന്ന് കരുതുക. അതില്‍ ഞാന്‍ 75 കണ്ടുപിടിക്കണം. അതിനായി ആദ്യം ഈ ലിസ്റ്റ് രണ്ടായി പകുത്തെടുക്കുക. അപ്പോള്‍ നടുവില്‍ 50 . ഇനി, നമ്മള്‍ കണ്ടുപിടിക്കേണ്ട സംഖ്യ ഈ 50 നെക്കാള്‍ വലുതാണോ എന്ന് നോക്കുക. ആണെങ്കില്‍ ഇനി നമ്മള്‍ രണ്ടാമത്തെ പകുതി മാത്രം പരിഗണിച്ചാല്‍ മതി. ആദ്യത്തെ പകുതി ഉപേക്ഷിക്കുന്നു. ഇനി രണ്ടാമത്തെ പകുതി വീണ്ടും പകുത്തെടുത്തു ഈ ക്രിയകള്‍ ആവര്‍ത്തിക്കുന്നു. അങ്ങനെ വളരെ പെട്ടെന്ന് നമുക്ക് കണ്ടുപിടിക്കേണ്ട സംഖ്യ കണ്ടുപിടിക്കാം. ഇതാണ് ബൈനറി സെര്‍ച്ച്‌.

ഇനി, ക്ലാസ്സില്‍ ഞാന്‍ ഇത് എല്ലാര്‍ക്കും മനസിലാകുന്ന വിധത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ബോര്‍ഡില്‍ A മുതല്‍ Z  വരെ എഴുതി. എന്നിട്ട് ഒരു പെണ്‍കുട്ടിയോട് എഴുനേറ്റു മനസ്സില്‍ ഒരു അക്ഷരം വിചാരിക്കാന്‍ പറഞ്ഞു. ഞാന്‍ അത് കണ്ടുപിടിക്കാന്‍ പോവുകയാണ് എന്നും പറഞ്ഞു.

എന്നിട്ട് ഞാന്‍ നോക്കി. ആ ലിസ്റ്റ് ഇനി രണ്ടായി പകുത്തെടുക്കണം. ആ ലിസ്റ്റില്‍ ഒത്ത നടുവില്‍ വരുന്നത് M ആണ്, ഞാന്‍ അതില്‍ M നു നേരെ ഒരു വട്ടം വരച്ചിട്ടു ആ കുട്ടിയോട് ചോദിച്ചു - "M  ആണോ വിചാരിച്ചത്?"

എങ്ങനെ ആണെന്ന് അറിയില്ല. ആ കുട്ടി വിചാരിച്ചതും M തന്നെ ആയിരുന്നു....!!! ആ കുട്ടി വിടര്‍ന്ന കണ്ണുകളോടെ "അതെ" എന്ന് ഉത്തരം പറഞ്ഞു.

എല്ലാരും ഒന്ന് ഞെട്ടി. ഞാന്‍ വളരെ വലിയൊരു അത്ഭുതം കാണിച്ചതുപോലെ...! പിന്നെ ഒരു നിമിഷം നിശ്ശബ്ദം. പിന്നെ എല്ലാരും കൂടി നിരന്നു നിരന്നു കയ്യടി...!!! മാജിക്‌ കാണിക്കുമ്പോള്‍ മജീഷ്യന് കിട്ടുന്ന കയ്യടി പോലെ...!!! എന്തായാലും ഞാന്‍ ഒന്നും മിണ്ടിയില്ല. എനിക്കും ഇത് തികച്ചും അപ്രതീക്ഷിതം ആയിരുന്നു. പിന്നെ ഞാന്‍ അല്‍പനേരം ഗമയില്‍ ആയിരുന്നു.

എന്തായാലും, കോളേജില്‍ ഇത്ര വലിയൊരു കയ്യടി നേടുന്നത് ആദ്യമായിട്ടാണെന്ന് തോന്നുന്നു. ഞാന്‍ ഓര്‍ക്കുന്നത് മജീഷ്യന്‍ മുതുകാടിനെയും ഒക്കെ ആണ്. അവരൊക്കെ കയ്യടി വാങ്ങുന്ന സന്തോഷം ഞാനും അനുഭവിച്ചു - മനപൂര്‍വം അല്ലെങ്കിലും!

ഈ സംഭവം ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്ന് തന്നെയാണ്. മിക്കവരുടെയും ജീവിതത്തില്‍ ഇതുപോലെ കയ്യടികള്‍ വീണുകിട്ടിയ സംഭവങ്ങള്‍ ഉണ്ടാകും അല്ലേ... അതൊക്കെ കേള്‍ക്കാന്‍ ഒരു രസം! കാണാനും.

വീണ്ടും കാണുംവരെ ബൈ...!

Wednesday, February 17, 2010

(ലേഖനം) കൂട്ടുകാരും നമ്മുടെ സ്വഭാവ രൂപീകരണവും...

പ്രിയപ്പെട്ട കൂട്ടുകാരെ,

എനിക്കും നിങ്ങള്‍ക്കും എല്ലാര്‍ക്കും സ്വന്തമായ ഒരു "അത്ഭുതം" ഉണ്ട്. എന്താണെന്നല്ലേ? നമ്മുടെയൊക്കെ കൂട്ടുകാര്‍ തന്നെയാണ്. കൂട്ടുകാര്‍ അഥവാ "friends" എന്ന് നമ്മള്‍ പറയുന്ന നമ്മുടെ സഹജീവികള്‍. നമുക്ക് അവരെല്ലാം കൂട്ടുകാര്‍ ആകുന്നതുപോലെ തന്നെ അവര്‍ക്ക് നമ്മളും ഒരു "കൂട്ടുകാരന്‍" അല്ലെങ്കില്‍ ഒരു "കൂട്ടുകാരി" ആണ്. പരസ്പരം സന്തോഷങ്ങളും വിഷമങ്ങളും ഒക്കെ പങ്കുവെയ്ക്കാന്‍. അതുപോലെ എന്തെങ്കിലും ആപത്തു വരുമ്പോള്‍ നമ്മളെ സഹായിക്കാന്‍. അങ്ങനെ പോകുന്നു കൂട്ടുകാരുടെ റോള്‍.

ഇപ്പോള്‍ ഞാന്‍ ഇതൊക്കെ പറയുന്നത് എന്തിനാണ് എന്നാണോ?

ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തില്‍ കൂട്ടുകാരുടെ പങ്കിനെ കുറിച്ചാണ്. ഇത് വെറും നിസ്സാരമായ ഒരു കാര്യമല്ല. അതെ, ഒരാളുടെ അച്ഛനും അമ്മയും തന്നെയാണ് അയാളുടെ സ്വഭാവത്തിന്റെ അടിസ്ഥാനം തീര്‍ക്കുന്നത്. പിന്നെ വരുന്ന ബാല്യവും കൌമാരവും ഒക്കെ അച്ഛനെയും അമ്മയേക്കാളും ഏറെ ഒരു വ്യക്തിയെ സ്വാധീനിക്കുന്നത് തീര്‍ച്ചയായും അയാളുടെ കൂട്ടുകാര്‍ തന്നെയാണ്. ആ കൂട്ടുകെട്ടിലുള്ള കൂട്ടുകാരുടെ സ്വഭാവം അനുസരിച്ചാണ് ആ കുട്ടിയുടെയും സ്വഭാവം രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ, ബാല്യകാലം മുതല്‍ക്കേ സ്വന്തം കുഞ്ഞിന്‍റെ കൂട്ടുകെട്ടുകള്‍ നന്നായി മനസിലാക്കേണ്ടതും അതിനനുസരിച്ച് കൂട്ടുകാരെ തിരഞ്ഞെടുക്കേണ്ടതും, തിരഞ്ഞെടുക്കാന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടതും ഏതൊരു അച്ഛന്റെയും അമ്മയുടെയും കടമയാണ്. നെല്ലും പതിരും പോയിട്ട് "നെല്ല്" എന്താണെന്നുപോലും തിരിച്ചറിയാന്‍ പാകമാകാത്ത കുഞ്ഞു മനസുകളെ നേരായ വഴിക്ക് നടത്താന്‍ ആണല്ലോ അച്ഛന്റെയും അമ്മയുടെയും കടമ. (സോറി, അച്ഛന്‍ എന്നും വെള്ളമടിച്ചു വന്നു തെറിവിളിക്കുന്ന വീട്ടിലെ കുഞ്ഞിന്‍റെ കാര്യം പറഞ്ഞിട്ട് കാര്യമില്ല, അതിനു അവന്‍റെ അച്ഛനെ തന്നെ പറയണം.)

ഒന്ന് ഓര്‍ത്തു നോക്കു, നിങ്ങളുടെ കുഞ്ഞ് ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നു. അവന്‍റെ അടുത്തിരിക്കുന്ന കുട്ടി സ്ഥിരമായി വീട്ടില്‍ നിന്നും സിഗരറ്റ് കൊണ്ടുവന്നു അവന്‍റെ മുന്‍പില്‍ വെച്ച് വലിക്കുന്നു. നിങ്ങളുടെ കുഞ്ഞ് സ്ഥിരമായി ഇത് കണ്ട് വീട്ടില്‍ വന്നു അച്ഛനോട് "സിസര്‍ ഫില്‍ടര്‍" ചോദിക്കുന്നു. അച്ഛന്‍ ദേഷ്യം വന്നു തല്ലുന്നു. അമ്മ അവന്‍റെ ചെവിക്കു പിടിച്ചു കിഴുക്കി എറിയുന്നു. അവന്‍ ദേഷ്യത്തില്‍ പിറ്റേന്ന് പോയി കൂട്ടുകാരനോട് സിഗരെറ്റ്‌ കടം വാങ്ങി പുകവലിക്കുന്നു. പിന്നെ ഇതൊരു ശീലമാകുന്നു. എങ്ങനെയുണ്ട്?

പക്ഷെ, അച്ഛനോട് സിഗരെറ്റ്‌ ചോദിക്കുമ്പോള്‍ ദേഷ്യപ്പെടാതെ അവനോടു കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചു എല്ലാം മനസിലാക്കുകയും, അവനെ കാര്യമായി ഉപദേശിക്കുകയും, ആ കൂട്ടുകാരനോടുള്ള കൂട്ട് പതുക്കെ അകലാനും സഹായിച്ചാലോ? അവന്‍ പിന്നെ പുകവലിക്കുമോ? ഇല്ല.

കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതില്‍ വരുന്ന പിഴവ് ചിലപ്പോള്‍ നമ്മുടെ ഒരു ജന്മം മുഴുവനും നശിപ്പിക്കാം. ചിലര്‍ എല്ലാരോടും കൂട്ടുകൂടുന്നു. ചിലര്‍ വളരെ കുറച്ചു ആളുകളോട് മാത്രം കൂട്ട് കൂടുന്നു. അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമാണ്. പക്ഷെ ആ കൂട്ട് നല്ലതാകണമെന്നു മാത്രം. കൌമാരം ആകുമ്പോഴേക്കും മിക്കവര്‍ക്കും അച്ഛനെയും അമ്മയേക്കാളും അടുപ്പം കൂട്ടുകാരോട് ആയിരിക്കും. ചോരത്തിളപ്പിന്റെയും എടുത്തുചാട്ടത്തിന്റെയും ഈ പ്രായത്തില്‍ കൂട്ടുകാര്‍ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗം തന്നെയാണ്. ഞാന്‍ എന്ത് കാണിച്ചാലും എന്‍റെ കൂട്ടുകാര്‍ കൂടെ ഉണ്ടാകും എന്നൊക്കെ ഉള്ള ചിന്തകള്‍ ഒരുപക്ഷെ അപകടത്തിലേക്ക് അവരെ നയിക്കും. അതൊക്കെ സ്വയം മനസിലാക്കി കൂട്ടുകാരെയും, അവരുടെ അഭിപ്രായങ്ങളെയും വിവേകപൂര്‍വ്വം നേരിടുന്നവന്‍ ആണ് വിജയി.

കൌമാരം കടക്കുമ്പോഴേക്കും സ്വഭാവ രൂപീകരണം ഏതാണ്ട് പൂര്‍ത്തിയാകും. പിന്നെ ജീവിതത്തിലേക്കുള്ള യാത്ര ആരംഭിക്കും. അവന്‍ പഠിച്ചത് കള്ളന്‍റെ സ്വഭാവം ആണെങ്ങില്‍ അവന്‍ കള്ളം കാണിച്ചു ജീവിക്കും, കൂടുതല്‍ കള്ളന്മാരെ കണ്ടുപിടിക്കും. അവന്‍ പഠിച്ചത് നല്ല സ്വഭാവം ആണെങ്ങില്‍ അവന്‍ നല്ലതുപോലെ ജീവിക്കും, പിന്നെ നല്ല നല്ല കൂട്ടുകെട്ടുകളും കണ്ടെത്തുകായും ചെയ്യും.

ഒരാളുടെ സ്വഭാവത്തില്‍ പ്രധാനമായി എനിക്ക് തോന്നുന്നത് കുറച്ചു കാര്യങ്ങള്‍ ആണ്, അത് ഞാന്‍ പറയാം.

സാമൂഹ്യജീവി ആയി ജീവിക്കാനുള്ള കഴിവ്, മറ്റുള്ളവര്‍ക്ക് സഹായം ചെയ്യാനുള്ള മനോഭാവം, മറ്റുള്ളവരോട് ആദരവും ബഹുമാനവും കാണിക്കാനുള്ള അറിവ്, അഹങ്കാരമില്ലായ്മ, പിന്നെ, ദു:ശീലങ്ങള്‍ക്ക്‌ അടിമപ്പെടാതിരിക്കാനുള്ള മനസ്.

ഇതൊക്കെ ഏതൊരു മനുഷ്യനും ഉണ്ടാകേണ്ട ഗുണങ്ങള്‍ ആണ്. ഇന്നത്തെ അണുകുടുംബ ജീവിതത്തിലും "ഫ്ലാറ്റ്" സംസ്കാരങ്ങളിലും "സാമൂഹികത" എന്നൊരു വികാരം നഷ്ട്ടപെടുന്നോ എന്ന് സംശയം ഉണ്ട്. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ആളുകള്‍. അയല്‍ക്കാരുടെ പേര് പോലും അറിയാത്തവര്‍, പരസ്പര സഹകരണം ഇല്ലാത്തവര്‍... ഇങ്ങനെയൊക്കെ ഒരുപാട് കേട്ടിട്ടും വായിച്ചിട്ടുമുണ്ട്. എന്തായാലും എന്‍റെ കൂട്ടുകാരില്‍ അങ്ങനെയുള്ള സ്വാര്‍ത്ഥ കുടുംബങ്ങള്‍ ഞാന്‍ കണ്ടിട്ടില്ല. ഒരുപക്ഷെ തിരുവനന്തപുരത്തോ, അല്ലെങ്കില്‍ കേരളത്തിലോ തന്നെ അങ്ങനെ അധികം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഉണ്ടെങ്കില്‍ തന്നെ അത് വളരെ കുറഞ്ഞ ശതമാനം ആയിരിക്കാം.

സഹായ മനോഭാവം നല്ലതാണ്. പക്ഷെ അത് കൂടിപ്പോയാല്‍ മറ്റുള്ളവര്‍ നമ്മളെ ചൂഷണം ചെയ്യും. അതുകൊണ്ട്, സഹായമൊക്കെ വേണ്ട സമയത്ത്, വേണ്ടതുപോലെ, ആലോചിച്ചു ചെയ്യാനുള്ള കഴിവ് നമ്മുക്ക് ഉണ്ടാകണം. ഇപ്പോള്‍ എനിക്ക് ഓര്‍മ വരുന്നത്, ഈയിടെ ഇറങ്ങിയ "പാസ്സഞ്ചര്‍" എന്നാ ശ്രീനിവാസന്‍ ചിത്രമാണ്. എല്ലാരും കണ്ടിരിക്കേണ്ട ഒരു സിനിമ. അതിലെ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രം നമുക്ക് ചില പാഠങ്ങള്‍ പകര്‍ന്നു തരുന്നുണ്ട്. അത് എന്നെന്നും ഓര്‍ത്തുവയ്ക്കാനും, നടപ്പിലാക്കാനും ഉള്ള ചില പാഠങ്ങള്‍ ആണ്.

മറ്റുള്ളവരോട് ആദരവോടെയും ബഹുമാനത്തോടെയും പെരുമാറുന്ന വ്യക്തിക്ക് സമൂഹത്തില്‍ എന്നും ഉന്നതമായ ഒരു സ്ഥാനം തന്നെയാണുള്ളത്. ഈ പാഠങ്ങള്‍ പഠിക്കേണ്ടത് വീട്ടില്‍ നിന്നും സ്കൂളില്‍ നിന്നുമാണ്.

എത്രത്തോളം ഉയര്‍ന്നാലും അഹങ്കാരം പിന്നെയും പിന്നെയും ഉയരും. അവര്‍ക്ക് സമൂഹം മനസ്സില്‍ ഒരു പ്രത്യേക സ്ഥാനം തന്നെ നല്‍കും. ഒരു പ്രത്യേക സ്നേഹം ഉണ്ടാകും. ഇപ്പൊ ഓര്‍മവരുന്നത്  ISRO മുന്‍ചെയര്‍മാന്‍ ആയിരുന്ന ജി.മാധവന്‍ നായര്‍ ആണ്. അദ്ദേഹത്തിന്‍റെ എളിമ ഒരുപാടുപേര്‍ ചര്‍ച്ചാവിഷയം ആക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഞാനും കൂട്ടുകാരും പലപ്പോഴും അദ്ദേഹത്തെക്കുറിച്ച് പറയാറുണ്ട്‌. എത്ര വലിയ പ്രൊജക്റ്റ്‌ ആയാലും, അത് വിജയിക്കുമ്പോള്‍, ചാനലുകാര്‍ ചാടി വീഴുമ്പോള്‍, കൂടെ വര്‍ക്ക് ചെയ്ത മറ്റുള്ള ശാസ്ത്രജ്ഞരെ പിടിച്ചു ക്യാമറക്ക്‌ മുന്നില്‍ നിര്‍ത്തുന്ന അദ്ദേഹത്തെ സമ്മതിക്കുക തന്നെ വേണം. മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ആ അവസരത്തില്‍ ക്യാമറ പൊതിഞ്ഞു നില്‍ക്കുമായിരുന്നു. ഇതുപോലെ, ഉയരങ്ങളില്‍ എത്തിയിട്ടും അഹങ്കാരം തൊട്ടു തീണ്ടാത്ത വളരെ കുറച്ചുപേരെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. വേണമെങ്കില്‍ ചില പേരുകള്‍ പറയാം - രജനി കാന്ത്, കമലഹാസന്‍, അബ്ദുല്‍കലാം, അങ്ങനെ...

ദു:ശീലങ്ങള്‍ക്ക്‌ അടിമപ്പെടുന്നതിനു കാരണങ്ങള്‍ പലതാണ്; കൂട്ടുകാര്‍, നൈരാശ്യങ്ങള്‍, ഒറ്റപ്പെടല്‍, അങ്ങനെ പലതും. എനിക്ക് തോന്നുന്നു, നല്ല മനസുള്ള കുറെ കൂട്ടുകാര്‍ ഉണ്ടെങ്കില്‍ ഇങ്ങനെ ഒരു ദു:ശീലത്തിനും അടിമപ്പെടില്ല. നല്ല കൂട്ടുകാര്‍ ഉണ്ടെങ്കില്‍ ഒറ്റപ്പെടല്‍ ഇല്ല, നൈരാശ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ആശ്വസിപ്പിക്കുകയും ചെയ്യും. അപ്പോഴേക്കും മനസിന്‍റെ താളം തെറ്റാതെ തിരിച്ചുവരാന്‍ കഴിയും - പുതൊരു ജീവിതത്തിലേക്ക്.

സത്യം പറയട്ടെ, ഈ ലേഖനം ഇത്രയും വലുതായി എഴുതണമെന്നു ഒരിക്കലും വിചാരിച്ചതല്ല. ഇങ്ങനെ ഒരെണ്ണം എഴുതാന്‍ എനിക്ക് പ്രചോദനമായത് എന്‍റെ കൂട്ടുകാരന്‍ അരവിന്ദ് ആണ്. അവന്‍റെ ഒരു നല്ല സ്വഭാവം ഞാന്‍ എന്‍റെ ജീവിതത്തിലേക്കും പകര്‍ത്തി. ഞാന്‍ മുന്‍പൊക്കെ പുതിയ പുതിയ ആളുകളോട് അധികം ഇടപഴകില്ലായിരുന്നു. പക്ഷെ അരവിന്ദ് എല്ലാരോടും സന്തോഷത്തോടെ, കാര്യമായി സംസാരിക്കും. കുറേക്കാലം മുതലേ പരിചയമുള്ളതുപോലെ ഒരു ബന്ധം അവന്‍ അവിടെ സൃഷ്ട്ടിക്കും. അത് അവന്‍റെ ഒരു നല്ല സ്വഭാവമാണ്. ഇങ്ങനെ വ്യക്തി ബന്ധങ്ങള്‍ സൃഷ്ടിക്കുന്നത് വളരെ നല്ലതാണ് - കാരണം - അവരൊക്കെ നമ്മുടെ ജീവിതത്തില്‍ മറ്റൊരിക്കല്‍ പ്രയോജനപ്പെടും; അല്ലെങ്കില്‍, അങ്ങനെ നല്ലൊരു വ്യക്തിബന്ധം ഉണ്ടാകുമ്പോള്‍ അവിടെ ചതിക്കുള്ള സാധ്യത കുറയുന്നു. ഉദാഹരണത്തിന്,  നമ്മള്‍ സ്ഥിരം പോകുന്ന ഒരു ചായക്കടയിലെ കടക്കാരനോട് നല്ലൊരു വ്യക്തിബന്ധം ഉണ്ടാക്കിയാല്‍ പിന്നെ അയാള്‍ നമുക്ക് അറിഞ്ഞുകൊണ്ട് കഴിഞ്ഞമാസം ഉണ്ടാക്കിയ പരിപ്പുവട തരില്ല. പകരം പുതിയത് തന്നെ തരും. അതുപോലെ, പെട്ടെന്ന് ഓടിക്കേറി ചെന്ന് രണ്ടു ബജി കടം ചോദിക്കാം. പിന്നെ പൈസ കൊടുത്താല്‍ മതി. (പക്ഷെ, കൊടുക്കണം. ഇല്ലെങ്കില്‍ കളി മാറും.)

അവന്‍ എന്‍റെ കൂടുകാരന്‍ ആയപ്പോള്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് അവന്‍റെ ഈ സ്വഭാവം  ആണ്. അത് ഞാന്‍ എന്‍റെ ജീവിതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിച്ചു. അത് എനിക്ക് നല്ലത് മാത്രമാണ് തന്നത്.

ഈയിടെ തിരുവനന്തപുരം G.P.O യില്‍ ഒരു സ്പീഡ് പോസ്റ്റ്‌ അയക്കാന്‍ പോയപ്പോള്‍ അവിടെ ഒരാളെ കണ്ടു. അങ്ങോട്ട്‌ കേറി പരിചയപ്പെട്ടു. അവിടെ 24 വര്‍ഷമായി സര്‍വീസ് ഉള്ള ഒരാള്‍. അയാളോട് കമ്പനി ആയി. അപ്പോഴാണ്‌ ഓര്‍ത്തത്, എനിക്ക് ഇതുപോലെ പലയിടത്തും കമ്പനി കിട്ടിയതിന്‍റെ ക്രെഡിറ്റ്‌ അരവിന്ദിന് അല്ലേ...? അപ്പോള്‍ അവനെക്കുറിച്ച് എല്ലാരും അറിയണമെന്ന്. അങ്ങനെ ആണ് ഇവിടെ എഴുതാന്‍ തുടങ്ങിയത്.

വെറും മൂന്നോ നാലോ ഖണ്ഡിക എഴുതാന്‍ ആണ് വിചാരിച്ചത്. പക്ഷെ നീണ്ടുപോയി. ഇടയ്ക്കു ഞാന്‍ തുടങ്ങിയ വിഷയത്തില്‍ നിന്നും വ്യതിചലിച്ചോ എന്നും തോന്നുന്നു... എന്തായാലും പറയാന്‍ ഉദ്ദേശിച്ചത് ഇത്രേയുള്ളൂ - നല്ല കൂട്ടുകാരും, അവരുടെ നല്ല സ്വഭാവങ്ങളും നമ്മള്‍ നമ്മുടെ ജീവിതത്തില്‍ സ്വീകരിക്കുക. സമൂഹത്തില്‍ നല്ലതുപോലെ ജെവിക്കുക.

ഇതൊക്കെ വായിച്ചു ബോറടിച്ചെങ്കില്‍ സോറി കേട്ടോ...

വീണ്ടും കാണുംവരെ ബൈ....!

Friday, May 01, 2009

കോളേജ് ജീവിതം തീര്‍ന്നു. ഇനി സ്വന്തം ജീവിതം...

4 വര്‍ഷം നീണ്ട മറ്റൊരു ജീവിത ഘട്ടം കൂടി കടന്നുപോകുന്നു. ഏതൊരാളിനും മനോഹരമായ ഒരു കാലം തന്നെയാണ് കോളേജ്. അല്ലേ?

ഇന്നലെ ഞങ്ങളുടെ final years' day ആയിരുന്നു. ബാക്കി എല്ലാ ബാച്ചും വളരെ നേരത്തെ "ആഘോഷം" നടത്തിയതുകൊണ്ട് അവരൊക്കെ മാന്യമായി സസ്പെന്‍ഷന്‍ വാങ്ങി വീട്ടിലിരുന്നു. നമ്മള്‍ മാത്രം ഉണ്ടായിരുന്നു കോളേജില്‍. എന്തൊരു രസമായിരുന്നു എന്നോ...? അടിച്ച് പൊളിച്ചു.

ഒത്തിരി അടുത്തിട്ട്‌ പിരിയുന്നതിന്‍റെ ഒരു വിഷമം നേരിട്ടു അനുഭവിച്ചാലേ മനസിലാകൂ... നമ്മളെല്ലാം രാവിലെ വന്നു നമ്മുടെ projector ഓണ്‍ ചെയ്തു പഴയ ഫോട്ടോസ്, വീഡിയോ എല്ലാം കാണിച്ചു. അതൊക്കെ കണ്ടപ്പോള്‍, 4 വര്‍ഷങ്ങള്‍ എത്ര പെട്ടെന്ന് പോയി എന്ന് ആലോചിച്ചു... വരുമ്പോള്‍ എല്ലാരേം കാണാന്‍ കൊച്ചു കുട്ടികള്‍. ഇപ്പോഴോ, എല്ലാരും വലിയ "അണ്ണന്മാരും" "ചേച്ചിമാരും" ആയിരിക്കുന്നു. 4 വര്‍ഷത്തെ കോളേജ് ലൈഫ് എല്ലാരുടെയും ജീവിതം മാറ്റിമറിച്ചിരിക്കുന്നു!

പിന്നെ നമ്മുടെ staff advisers വന്നു അവരുടെ വക ഒരു ചെറിയ ട്രീറ്റ്‌ തന്നു. അവര്‍ നമ്മളെ 3 വര്‍ഷം സഹിച്ചതിന് ഓസ്കാര്‍ കൊടുക്കണം... പിന്നെ നമ്മള്‍ അവര്‍ക്ക് നമ്മുടെ ഗ്രൂപ്പ് ഫോട്ടോ ഫ്രെയിം ചെയ്തത് സമ്മാനമായി കൊടുത്തു. പിന്നെ കിട്ടിയ ട്രീറ്റ്‌ പൊതി തുറന്നു തീറ്റ മത്സരം തുടങ്ങി.

പിന്നെ ഞാനും രൂപികയും കൂടി ക്യാമറ എടുത്തു പുറത്തേക്കിറങ്ങി. കോളേജ് വിജനമായത് കാരണം കോളേജ് മുഴുവനും ഓടി നടന്നു ഫോട്ടോ എടുക്കാന്‍ പറ്റി. കോളേജ് സ്റ്റോറില്‍ പോയി ഫോട്ടോ എടുത്തു. പിന്നെ സ്റ്റാഫ്‌ റൂമില്‍ എല്ലാം കേറി ഫോട്ടോ എടുത്തു, ലാബില്‍ കേറി... അങ്ങനെ കുറെ ഫോട്ടോസ്... പിന്നെ തിരികെ ക്ലാസ്സില്‍ എത്തി. അപ്പോഴേക്കും ചിക്കന്‍ ബിരിയാണി എത്തി. ഹായ്‌...!

പിന്നെ നമ്മുടെ ടീച്ചേഴ്സ് എല്ലാരും വന്നു. എല്ലാരും നമ്മളെപ്പറ്റി അഭിപ്രായങ്ങള്‍ ഒക്കെ പറഞ്ഞു. അതൊക്കെ കഴിഞ്ഞപ്പോള്‍ നമ്മളെല്ലാരും ഒരുമിച്ചു ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഒത്തിരി രസമായിരുന്നു. എന്തോ ഒരു തേങ്ങല്‍ കാരണം ഭക്ഷണം ഇറങ്ങാന്‍ ഒരു ബുദ്ധിമുട്ട് അനുഭവപ്പെട്ടു.

അത് കഴിഞ്ഞു എല്ലാരും കൈ കഴുകി തിരികെ എത്തി. പിന്നെ നമ്മുടെ ഗ്രൂപ്പ് ഫോട്ടോ പ്രിന്‍റ് ചെയ്ത t-shirt എടുത്തു. അല്ലാരും അതും ഇട്ടു ഒരു ഫോട്ടോ സെഷന്‍. പിന്നെ ആ ഷര്‍ട്ടില്‍ എല്ലാരും പരസ്പരം ഓട്ടോഗ്രാഫ് എഴുതി. അതൊക്കെ ശെരിക്കും രസമായിരുന്നു. ഇനി ഒരിക്കല്‍ പോലും തിരികെ കിട്ടാത്ത രസം...

പിന്നെ നമ്മള്‍ വരിവരിയായി ആ ക്ലാസ്സ് വിട്ടു. മെയിന്‍ ബ്ലോക്കില്‍ പോയി പ്രിന്‍സിപ്പാളിനെ കാണാന്‍. അവിടെ എത്തിയപ്പോ മാഡം വന്നു. ഞങ്ങളെയെല്ലാം സന്തോഷത്തോടെ wish ചെയ്തു. പിന്നെ ഞങ്ങളോട് ഒരുമിച്ചൊരു ഫോട്ടോ. പിന്നെ മാഡം കോളേജ് വിട്ടു. ഇപ്പോള്‍ നമ്മള്‍ മാത്രമായി ആ കോളേജില്‍...

പിന്നെ നേരെ അവിടത്തെ പുല്‍ത്തകിടിയില്‍ കേറി കുറെ ഫോട്ടോസ്. അതും കഴിഞ്ഞപ്പോള്‍ കണ്ണുകെട്ടി കളിച്ചു.
അത് കഴിഞ്ഞു എല്ലാരും കൂടി പടിയില്‍ ഒരുമിച്ചിരുന്നു. ഓരോരുത്തരായി കഴിഞ്ഞ 4 വര്‍ഷത്തെ ജീവിതത്തെ കുറിച്ചു പറയാന്‍ തുടങ്ങി. നല്ല മഴ തുടങ്ങി. ഞങ്ങള്‍ ബ്ലോക്കിന്‍റെ അകത്തു കയറി. പുറത്തു പെരുമഴ. നമ്മുടെയെല്ലാം മനസ്സില്‍ കണ്ണീര്‍ മഴ.

എല്ലാരും ആ‍ 4 വര്‍ഷത്തെ ഓര്‍മ്മകള്‍ പറയുകയാണ്‌... കുറേപേര്‍ ചെയ്ത തെറ്റുകള്‍ക്കൊക്കെ അവിടെ വച്ചു സോറി പറഞ്ഞു. കുറേപേര്‍ നല്ല നല്ല ഓര്‍മ്മകള്‍ പറഞ്ഞു...

സമയം പൊയ്ക്കൊണ്ടിരുന്നു. മഴ തോര്‍ന്നു. എന്നിട്ടും ആര്‍ക്കും വീട്ടില്‍ പോകാന്‍ തോന്നുന്നില്ല. അവസാനം എസ്റ്റേറ്റ്‌ മാനേജര്‍ വന്നു ഞങ്ങളെ ബ്ലോക്കിന് പുറത്തു പോകാന്‍ പറഞ്ഞു. പിന്നെ ആ ബ്ലോക്ക് പൂട്ടി. 6 മണി ആകുന്നതുവരെ നമ്മള്‍ ആ ബ്ലോക്കിന് പുറത്തു നിന്നു അനുഭവങ്ങളൊക്കെ പറഞ്ഞു. പിന്നെ എല്ലാരും പരസ്പരം കെട്ടിപ്പിടിച്ചു സന്തോഷത്തോടെ യാത്രയായി...

അങ്ങനെ ആ‍ കോളേജ് ജീവിതം അവിടെ അവസാനിച്ചു...

ഇനി ഇതുപോലൊരു കോളേജ് ജീവിതം ഉണ്ടാകില്ല. നമ്മളെല്ലാം ജീവിതത്തിലേക്ക് കടക്കുന്ന പ്രായത്തില്‍ ആണ് ഈ കോളേജില്‍ പഠിച്ചത്. അത് ജീവിതത്തിലെ ഒരുപാടു പാഠങ്ങള്‍ പഠിപ്പിച്ചു. ഒരുപാടു നല്ല സുഹൃത്തുക്കളെ കിട്ടി. പുതിയ ബന്ധങ്ങളും അനുഭവങ്ങളും... അങ്ങനെ ഒരു വലിയ യാത്രയുടെ അന്ത്യം ആയിരുന്നു ഇന്നലെ.

ഒരു ജീവിതത്തിലെ ഉത്സവ കാലം തന്നെയാണ് കോളേജ് ലൈഫ്... പറയാതെ പറ്റില്ല. അത്രയ്ക്ക് രസമായിരുന്നു...

പിന്നെ, എനിക്ക് എന്‍റെ ക്ലാസ്സിലെ 4 പേരെക്കുറിച്ച് പറയണം...

ഫ്രണ്ട്ഷിപ്പ് എന്നാല്‍ ഒരു വലിയ സംഭവം തന്നെയാണ് എന്ന് അവരെ കണ്ടപ്പോഴാണ് ഞാന്‍ മനസിലാക്കുന്നത്‌. പ്രണയം, വിരഹം, ദേഷ്യം, പക എന്നൊക്കെ ഒരുപാടു വികാരങ്ങള്‍ നാമെല്ലാം അനുഭവിച്ചിട്ടുണ്ട്. പക്ഷെ, "friendship" എന്നൊരു വികാരം കൂടി ഉണ്ടെന്നു അവര്‍ പഠിപ്പിച്ചു. എനിക്ക് തോന്നുന്നു, ഒരുപക്ഷെ പ്രണയത്തേക്കാള്‍ തീവ്രമായ ഒരു വികാരം ആണ് "friendship" എന്നത്.

സ്വന്തം ഫ്രണ്ട്സ് നു വേണ്ടി മരിക്കാന്‍ പോലും തയ്യാറാണ് അവര്‍. അവരെ ഫ്രണ്ട് ആയി കിട്ടുന്നവര്‍ വളരെ enjoy ചെയ്യും...

എനിക്ക് നേരിട്ടു അറിയാവുന്ന 3 പേര്‍ ആണ് ഇത്. വേറെ ആരെങ്കിലും ഇങ്ങനെ ഉണ്ടോ എന്ന് അറിയില്ല. ഉണ്ടാകും.

അവര്‍ - അശ്വതി.പി, അരവിന്ദ്, വിഷ്ണു മേനോന്‍.

അവര്‍ ജീവിതത്തില്‍ ഒരുപാടു നല്ല സുഹൃത്തുക്കളെ നേടട്ടെ... ആശംസകള്‍...

അടുത്ത വ്യക്തി - ഗോപാലിക. ഒരു അത്ഭുത വ്യക്തി തന്നെയാണ്. എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു കാരക്ടര്‍. ഒരുപാടു കുസൃതി ആണ് മനസ് നിറയെ. പിന്നെ ജീവിതത്തെ കുറിച്ചു വ്യക്തമായ കാഴ്ച്ചപ്പാടും. പിന്നെ, പുതിയ അറിവുകള്‍ നേടാനും അവ പ്രയോഗികമാക്കാനും അതീവ താല്‍പ്പര്യമാണ്. നമ്മുടെ ക്ലാസ്സില്‍ ഞാന്‍ കണ്ടിട്ടുള്ള, പുതിയ പുതിയ കാര്യങ്ങളെ കുറിച്ചു അറിവുള്ള ആകെ ഒരു പെണ്‍കുട്ടി. ഓരോരോ വേലത്തരങ്ങള്‍ ഒപ്പിച്ചു വെച്ചിട്ട് ഒന്നുമറിയാത്തപോലെ ഇരിക്കുന്നത് കാണാന്‍ തന്നെ ഒരു രസമാണ്. പേരു കൊണ്ടു മാത്രമല്ല, സ്വഭാവം കൊണ്ടും വ്യത്യസ്തയാണ് ഗോപു. ചിലപ്പോഴൊക്കെ അവളുടെ classmate ആയതില്‍ സന്തോഷം തോന്നും... അത്രയ്ക്ക് different തന്നെയാണ് ഗോപു. നമ്മുടെയെല്ലാം ഒരു അനിയത്തിയെ പോലെ. ഗോപുവിനും ആശംസകള്‍...

ഇനി കോളേജ് ലൈഫ് അധികമില്ല. പരീക്ഷ കൂടി കഴിയുമ്പോള്‍ എല്ലാം തീരുന്നു...

ഇനി യാത്ര ഇല്ല...

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...