Sunday, March 28, 2010

എന്‍റെ കവിത

ഇന്ന് മറ്റൊരു മനോഹരമായ ഞായറാഴ്ച. വീട്ടില്‍ ഇരുന്നു ഗൂഗിളില്‍ കയറി സെര്‍ച്ച്‌ ചെയ്തും മറ്റുള്ളോരുടെ ഓര്‍ക്കുട്ട് പ്രൊഫൈല്‍ നോക്കിയും സമയം നീങ്ങുമ്പോള്‍ ഒരു പഴയ ചിന്ത മനസ്സില്‍ വന്നു - എന്‍റെ "കവിത" - അത് ബ്ലോഗില്‍ എഴുതിയാലോ എന്ന്. എന്നാല്‍ എഴുതാം എന്ന് തീരുമാനിച്ചു.

എന്‍റെ കവിത എന്ന് കേള്‍ക്കുമ്പോള്‍ ഞാന്‍ ഒരു കവി ആണെന്ന് തെറ്റിദ്ധരിക്കരുത്. ഞാന്‍ ഇതുവരെ പ്രസിദ്ധപ്പെടുത്താത്ത ഈ "അമൂല്യരത്നം" ഇന്ന് പുറംലോകം കാണുകയാണ്. എന്‍റെ സാഹിത്യ സൃഷ്ട്ടി (ഹാ ഹാ..... അയ്യോ... തമാശ....) ഇന്ന് ഇവിടെ റിലീസ് ചെയ്യുകയാണ്.

ഇനി ഈ കവിത എഴുതാനുണ്ടായ സാഹചര്യം പറയാം.

കോളേജില്‍ ഞാന്‍ ബി.ടെക് ആദ്യവര്‍ഷം പഠിക്കുമ്പോഴാണ് ഈ കവിത എഴുതുന്നത്‌. കൃത്യമായി പറഞ്ഞാല്‍ 2005 നവംബര്‍ മാസത്തില്‍. അന്ന് ഞാന്‍ ഈ പേപ്പര്‍ മടക്കി ചുരുട്ടി ബുക്കിനകത്ത്‌ ഒളിപ്പിച്ചതാണ്. പിന്നെ ഇടയ്ക്കിടെ എടുത്തു നോക്കി വായിച്ചു ചിരിക്കാറുണ്ട്. ഇനി അത് എല്ലാരും വായിച്ചു ചിരിക്കട്ടെ.

അന്ന് എന്നെ കെമിസ്ട്രി പഠിപ്പിക്കുന്ന ടീച്ചര്‍ ആണ് കവിത. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല അധ്യാപകരില്‍ ഒരാള്‍. ഞാന്‍ പലപ്പോഴും മാതൃക ആക്കാന്‍ ആഗ്രഹിച്ചിട്ടുള്ള ഒരു നല്ല അധ്യാപിക.

ഒരുദിവസം കവിത ടീച്ചര്‍ എല്ലാരോടും ഫീഡ്ബാക്ക് എഴുതാന്‍ പറഞ്ഞു. ക്ലാസ്സിനെ കുറിച്ചും, പഠിപ്പിക്കുന്ന രീതിയെ കുറിച്ചും ഒക്കെ അഭിപ്രായം എഴുതി കൊടുക്കണം. ഒരു പേപ്പറില്‍ എഴുതി മടക്കി കൊടുക്കണം, നമ്മുടെ പേരൊന്നും വയ്ക്കണ്ട എന്നും പറഞ്ഞു.

"പേര് വയ്ക്കണ്ട" എന്ന് കേട്ടപ്പോള്‍ എന്‍റെ ഉള്ളിലെ ചെകുത്താന്‍ എഴുനേറ്റു... ആളറിയാതെ നിന്ന് ഓരോ ചട്ടമ്പിത്തരങ്ങള്‍  ഒപ്പിക്കാന്‍ എനിക്ക് വല്ലാത്ത താല്പര്യമാണ്... ഇത്തവണ എന്ത് കാണിച്ചുകൂട്ടണം എന്ന് ഞാന്‍ ആലോചിച്ചു. അപ്പോള്‍ കിട്ടിയതാണ് "കവിതക്ക് ഒരു കവിത" എന്ന ആശയം.

പിന്നെ വൈകിയില്ല, രണ്ടു പേപ്പര്‍ എടുത്തു. ഒന്നില്‍ ഇംഗ്ലീഷില്‍ ടീച്ചറിനെ കുറിച്ച് ഫീഡ്ബാക്ക് എഴുതി. മറ്റേതില്‍ നല്ലൊരു പടവും വരച്ചു, കൂടെ മലയാളത്തില്‍ ഒരു കവിതയും എഴുതി. "എന്‍റെ കവിത" എന്നായിരുന്നു ടൈറ്റില്‍. വരികള്‍ കൃത്യമായി ഓര്‍ക്കുന്നില്ല. ഏകദേശം - "പ്രിയ കവിതേ, നീയെന്‍റെ ജീവന്‍റെ കവിത" - എന്നൊക്കെ ആയിരുന്നു വരികള്‍. എന്നിട്ട് രണ്ടു പേപ്പറും ഒരുമിച്ചു വരാതെ രണ്ടു തവണ ആയി കൊടുത്തു. അതെല്ലാം വാങ്ങി കവിത ടീച്ചര്‍ പോയി.

പിറ്റേന്ന് കവിത ടീച്ചര്‍ വന്നിട്ട് ഫീട്ബാക്കിന്‍റെ കാര്യം പറഞ്ഞു. എന്നിട്ട് എന്നെ നോക്കി പറഞ്ഞു - "വിഷ്ണു, കവിത കൊള്ളാം കേട്ടോ" എന്ന്. ഞാന്‍ ഒന്ന് കിടുങ്ങി. "എന്‍റെ ദൈവമേ....!!!!" എന്നൊരു നിലവിളി... ഞാന്‍ ആണ് കവിത എഴുതിയതെന്നു എങ്ങനെ മനസിലായി? ആരോ എന്നെ ഒറ്റിക്കൊടുത്തു.... ഹോ... കഴുതകള്‍... ക്ലാസ്സ്‌ നിറയെ കഴുതകള്‍...

പിന്നെ എല്ലാരും എന്നോട് ചോദിച്ചു ഞാന്‍ കവിതയൊക്കെ എഴുതാറുണ്ടോ എന്ന്. കോളേജില്‍ വന്നതല്ലേ ഉള്ളു, എല്ലാര്‍ക്കും എല്ലാരെയും അറിയില്ലല്ലോ... ഞാന്‍ ഒന്ന് "മിനുങ്ങി". എന്നാല്‍ പിന്നെ കവിത എഴുതിയാലോ എന്നൊരു അതിമോഹം മനസ്സില്‍ കടന്നുകൂടി. അങ്ങനെ, എം.ടി.വാസുദേവന്‍ നായര്‍ സാര്‍ പറഞ്ഞതുപോലെ, എന്‍റെ മനസ്സില്‍ ഒരു കവിത അലയടിക്കാന്‍ തുടങ്ങി. ഒരു കവിതയുടെ തന്തു മനസ്സില്‍ കിടന്നു പിടഞ്ഞില്ല എങ്കിലും, കവിത എഴുതണമെന്നുള്ള അതിമോഹം എന്നെ ഒരു കവിതയില്‍ കൊണ്ടെത്തിച്ചു. അങ്ങനെയാണ് ഈ കവിത എഴുതുന്നത്‌.

ആദ്യത്തെ നാലുവരികള്‍ ആണ് ആദ്യം എഴുതിയത്. പിന്നെ കുറെനാള്‍ കഴിഞ്ഞാണ് ബാക്കി എഴുതുന്നത്‌. എഴുതുമ്പോള്‍ രണ്ടുപേര്‍ക്ക് അര്‍ത്ഥം അറിയാമായിരുന്നു - എനിക്കും ദൈവത്തിനും. ഇപ്പൊ ഒരാള്‍ക്ക്‌ മാത്രമേ അര്‍ത്ഥം അറിയൂ - ദൈവത്തിനു മാത്രം.

ഇതിനും ഞാന്‍ മറ്റൊരു ടൈറ്റില്‍ ആലോചിച്ചു മെനക്കെട്ടില്ല. ഞാന്‍ പേര് കൊടുത്തു - "എന്‍റെ കവിത" - അതിന്‍റെ കൂടെ ഒരു അടിക്കുറിപ്പും - "അര്‍ത്ഥം മറന്നുപോയി" . ആ കവിത ഇന്ന് ഇവിടെ റിലീസ് ചെയ്യട്ടെ.

"എന്‍റെ കവിത"


ചിന്താരത്നമായി വിരിയുന്ന കവിതേ,
നീയെന്നില്‍ നിറയ്ക്കുന്നിതായിരം പൂക്കള്‍.
ആയിരം പൂക്കളായി വിരിയുന്ന സ്വപ്നമോ,
ആരിലും കുടികൊള്ളും ആത്മ സാമ്രാജ്യമോ...

മനസിന്‍റെ പാതയിലൊരുമിച്ചു വന്നു നാം,
മനസിന്‍റെ മനസിലെ മനസുകള്‍ കൈമാറി,
നീണ്ടുപോകുന്നൊരീ യാത്രയില്‍ വീണ്ടും
കണ്ടുമുട്ടുമെന്നോര്‍ത്തു പിരിഞ്ഞു നാം.

ഇന്നലെയെന്‍റെയീ ജന്മമുറങ്ങുമ്പോഴും,
ഇന്നെന്‍റെ സ്വന്തമീ വര്‍ണ്ണമുറങ്ങുമ്പോഴും,
നാളെയീ ജീവന്‍റെ താളമുറങ്ങുമ്പോഴും,
എന്നെന്നുമെന്‍സ്വന്തം നീ മാത്രം നീ മാത്രം.



പ്രിയ വായനക്കാരെ, ഇതൊക്കെ വായിച്ചിട്ട് എനിക്കിട്ടു രണ്ടു തരണമെന്ന് തോന്നുന്നെങ്കില്‍, അതൊക്കെ ഫീഡ്ബാക്ക് ആയി എഴുതണം. പക്ഷെ ഞാന്‍ ചെയ്തമാതിരി അനോണിമസ് ആയി കവിത എഴിതിയേച്ചു പോകരുത് കേട്ടോ...


വീണ്ടും കാണുന്നതുവരെ ബൈ...!

Thursday, March 25, 2010

ആത്മഹത്യ...!

( പ്രിയപ്പെട്ടവരേ, ഇത് എന്‍റെ ആത്മഹത്യാ കുറിപ്പ് അല്ല. ഉടനെയൊന്നും ഒരു ആത്മഹത്യ എന്‍റെ പ്ലാനില്‍ ഇല്ല. അതുകൊണ്ട് ഇത് എന്‍റെ ആത്മഹത്യാകുറിപ്പ് ആണെന്ന് കരുതി വായിക്കാന്‍ വന്നവരോട് "സോറി" കേട്ടോ... )

ഈ നീണ്ട കാലത്തെ ജീവിതത്തിനിടയില്‍ ഒരു തവണ എങ്കിലും ആത്മഹത്യ ചെയ്യണം എന്ന് തോന്നാത്തവര്‍ വിരളം ആണ്... അല്ലേ? എനിക്കും തോന്നിയിട്ടുണ്ട്. നിങ്ങള്‍ക്കും തോന്നിയിട്ടുണ്ട്. "ഇല്ല" എന്ന് പറയാന്‍ പറ്റുന്നവര്‍ ഒരു മനുഷ്യജീവി ആണോ എന്ന് സംശയമുണ്ട്‌ കേട്ടോ...!

ആത്മഹത്യ ചെയ്യാന്‍ ഒരുവനെ (അല്ലെങ്കില്‍ ഒരുവളെ) പ്രേരിപ്പിക്കുന്നത് ആഗ്രഹിച്ചത്‌ കിട്ടാതാവുന്ന അവസരത്തില്‍ ആണ്. നിരാശ എന്ന വികാരം ആണ് ആത്മഹത്യയുടെ പ്രേരണ. എന്‍റെ അറിവില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ഉണ്ടാക്കുന്ന ചില സംഭവങ്ങള്‍ ഇവയാണ് -

1. പരീക്ഷക്ക് പ്രതീക്ഷിച്ച മാര്‍ക്ക്‌ കിട്ടതാവുക - അല്ലെങ്കില്‍ തോല്‍വി.
2. സ്നേഹിച്ച പെണ്‍കുട്ടി അല്ലെങ്കില്‍ പുരുഷന്‍ കൈവിട്ടു പോകുന്നത്.
3. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍.

മുകളില്‍ പറഞ്ഞവ കൂടാതെ ഒരുപാട് കാരണങ്ങള്‍ ഇനിയും ഉണ്ട്. ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍.

ഞാന്‍ പലേടത്തും കണ്ടിട്ടുള്ള ഒരു കാര്യമാണ് - "ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല" - എന്ന രീതിയിലുള്ള വലിയ വലിയ ലേഖനങ്ങളും ഉപദേശങ്ങളും. അല്ലെങ്കിലും, ഒരു പ്രതിഫലവും വാങ്ങാതെ ചിലരൊക്കെ സൌജന്യമായി വിതരണം ചെയ്യുന്ന ഒരു വസ്തു ആണ് "ഉപദേശം".

ഈ ഉപദേശികള്‍ ഒക്കെയും വലിയ വായില്‍ പറയാറുണ്ട്‌, "ആത്മഹത്യ എന്നത് ഭീരുക്കള്‍ക്ക് മാത്രം ഉള്ളതാണ്", "ആത്മഹത്യ ഒരുതരം ഒളിച്ചോട്ടം ആണ്"... എന്നൊക്കെ. എനിക്ക് ഒരു കാര്യമേ ചോദിക്കാനുള്ളു - ഈ ഉപദേശികള്‍ ഒരുദിവസം ജോലി കഴിഞ്ഞു വീട്ടില്‍ എത്തുന്നു - അപ്പോള്‍ വീട് തീപിടിച്ചു നശിച്ചിരിക്കുന്നു, സ്നേഹമയി ആയിരുന്ന ഭാര്യയും, പ്രിയപ്പെട്ട കുഞ്ഞുങ്ങളും മരിച്ചുപോയിരിക്കുന്നു, ജീവിതകാലം കൊണ്ട് സമ്പാദിച്ച സ്വത്തുക്കള്‍ മുഴുവനും തീ കൊണ്ടുപോയി. ഒന്ന് ആശ്വസിപ്പിക്കാന്‍ ആരുമില്ല. ഒറ്റപ്പെട്ട ഒരു അവസ്ഥ. ഇങ്ങനെ ഒരു അവസ്ഥയില്‍ പിടിച്ചു നില്‍ക്കാന്‍ ഈ ഉപദേശിക്കു  കഴിയുമോ? ഒരു നിമിഷമെങ്കിലും അയാള്‍ മരണത്തെ കുറിച്ച് ചിന്തിക്കില്ലേ?

ഇങ്ങനെയൊക്കെ ഞാന്‍ പറയുമ്പോള്‍ നിങ്ങള്‍ക്ക് തോന്നും ഞാന്‍ ആത്മഹത്യയെ സപ്പോര്‍ട്ട് ചെയ്യുകയാണോ എന്ന്. അങ്ങനെ അല്ല.

ഞാന്‍ ഉദ്ദേശിക്കുന്നത് ഇതാണ് - ഒരാള്‍ ആത്മഹത്യ ചെയ്യണമെന്നു വിചാരിക്കുമ്പോള്‍ അയാളുടെ മാനസികനില എന്താണെന്ന് നമ്മള്‍ മനസിലാക്കണം, അയാളെ നമ്മള്‍ ആശ്വസിപ്പിക്കണം, അയാള്‍ക്ക്‌ ജീവിതത്തില്‍ പ്രതീക്ഷകള്‍ നല്‍കണം, ജീവിതത്തിന്‍റെ പാതയിലേക്ക് തിരികെ കൊണ്ടുവരണം.

സ്നേഹിച്ച പെണ്‍കുട്ടിയെ മറ്റൊരാള്‍ സ്വന്തമാക്കുന്നത് ആര്‍ക്കും സഹിക്കാന്‍ കഴിയില്ല. അങ്ങനെ ഒരു അവസ്ഥയില്‍ ഒരാള്‍ എന്തായാലും ആത്മഹത്യയെ കുറിച്ച് ചിന്തിക്കും. ഈ അവസ്ഥ അല്പം അപകടകരമാണ്. ഈ മാനസികാവസ്ഥയില്‍ ഇതു നിമിഷവും അയാള്‍ മരിക്കാം. പക്ഷെ, ഈ അവസ്ഥയില്‍ നിന്നും അല്പം ഒരു ആശ്വാസം കിട്ടിയാല്‍ പിന്നെ അവിടെ ആത്മഹത്യക്കുള്ള സാധ്യത വളരെ കുറയും. പിന്നെ തിരികെ ജീവിതത്തിലേക്ക്. പക്ഷെ ഇങ്ങനെ ആത്മഹത്യയില്‍ നിന്നും ഒരാളെ തിരികെ ജീവിതത്തില്‍ കൊണ്ടുവരാന്‍ അയാളുടെ മനസ് അറിയുന്ന ഒരു സുഹൃത്തിന് മാത്രമേ കഴിയൂ. അത് ചിലര്‍ക്ക് സ്വന്തം കൂട്ടുകാര്‍ ആകാം, ചിലര്‍ക്ക് അത് മാതാപിതാക്കള്‍ ആകാം, ചിലര്‍ക്ക് ഒരുപക്ഷെ അതൊരു കൌണ്‍സിലര്‍ ആകാം.

ആകെ അറിയാനുള്ളത് ഇതാണ് - ആത്മഹത്യ എന്ന ചിന്തയില്‍ നിന്നും മനസിനെ മാറ്റുക, ജീവിതത്തില്‍ തിരികെ എത്തിക്കുക. ഇത് ഒരു സുഹൃത്തിന്‍റെ കടമ ആണ്.

( പത്രങ്ങളില്‍ കാണാറുണ്ട്‌, കാമുകിയും കാമുകനും ഒരുമിച്ചു ആത്മഹത്യ ചെയ്തു എന്ന്. ഒരുപാട് സ്നേഹിച്ചിട്ടു ഒരിക്കലും ഒരുമിക്കാന്‍ വീട്ടുകാര്‍ സമ്മതിച്ചില്ലെങ്കില്‍ പിന്നെ വേറെ എന്താണ് ചെയ്യേണ്ടത്? ജീവിതത്തില്‍ മറ്റെന്തിനെക്കാളും സ്നേഹത്തിനു വിലകൊടുക്കുന്നവര്‍ ആണ് ഇങ്ങനെ ഒരു സാഹസം ചെയ്യുക. അവരുടെ പ്രണയത്തിന് മരണത്തിനും അപ്പുറം ഒരു ലോകമുണ്ട് - അവരുടേത് മാത്രമായ ഒരു ലോകം. അവിടേക്കാണ് അവര്‍ പോകുന്നതും. അവരെ പിന്തിരിപ്പിക്കാന്‍ പ്രയാസവുമാണ്.)

ഒന്ന് ഓര്‍ത്തു നോക്കൂ, ഒരാള്‍ ആത്മഹത്യാക്കുറിപ്പ് എഴുതുമ്പോള്‍ അയാളുടെ മനസിലെ വികാരം എന്തായിരിക്കും? "ആത്മഹത്യ ഒന്നിനും പരിഹാരമല്ല" എന്നും, "ആത്മഹത്യ ഒളിച്ചോട്ടം ആണ്" എന്നുമൊക്കെ ചിന്തിക്കാന്‍ ആരെങ്കിലും മിനക്കെടുമോ? "തൂങ്ങുമ്പോള്‍ കയര്‍ പൊട്ടി താഴെ വീണു കയ്യും കാലും ഓടിയുമോ എന്തോ" എന്നൊക്കെ ആയിരിക്കും അയാളുടെ ചിന്ത. ആ നേരത്ത് അയാള്‍ക്ക് പ്രതീക്ഷയുടെ നാളം പകരാന്‍ രണ്ടാമതൊരാള്‍ തന്നെ വേണം. അല്ലാതെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ഒരാളും സ്വയം പിന്മാറാന്‍ ശ്രമിക്കില്ല. അതുകൊണ്ട് തന്നെ, മുകളില്‍ പറഞ്ഞ ഉപദേശങ്ങള്‍ ഒരിക്കലും മരണം കാത്തുനില്‍ക്കുന്നവന് ഉപകാരപ്പെടുകയുമില്ല.

ആത്മഹത്യക്ക് കാരണം നിരാശ ആണ്. അപ്പൊ നിരാശയ്ക്ക് കാരണം എന്താണ്?

"ആഗ്രഹങ്ങള്‍ ആണ് നിരാശയ്ക്ക് കാരണം" - ഇത് പരക്കെ വ്യാപകമായ മറ്റൊരു ഉപദേശം. ആഗ്രഹങ്ങള്‍ ഇല്ലാതെ എന്തോന്ന് ജീവിതം? ഒരുപക്ഷെ ആഗ്രഹങ്ങള്‍ ആണ് നമ്മെ പല വിജയങ്ങളിലും എത്തിക്കുന്നത്. ആഗ്രഹങ്ങള്‍ നല്ലതാണ്, പക്ഷെ അത് "അത്യാഗ്രഹങ്ങള്‍" ആകുമ്പോള്‍ സംഗതി മാറും. അപ്പോള്‍ കളി വേറെ.

ഒരുപാട് നല്ല നല്ല കൂട്ടുകാര്‍ - മനസ് തുറന്നു എല്ലാം പറയാവുന്ന കൂട്ടുകാര്‍ ഉണ്ടെങ്കില്‍ ആത്മഹത്യക്ക് സാധ്യത വളരെ കുറവാണ്. അങ്ങനെയുള്ള കൂട്ടുകാരെ കിട്ടുക എന്നത് ഒരു ഭാഗ്യമാണ്.

അതുകൊണ്ട്, ഞാന്‍ പറയട്ടെ - നിങ്ങള്‍ ജീവിതത്തില്‍ ഓരോന്ന് ആഗ്രഹിക്കുക. സ്വപ്നം കാണുക. അത് സഫലമാക്കാന്‍ ശ്രമിക്കുക, സഫലമായില്ലെങ്കില്‍ ആത്മഹത്യ ചെയ്യാന്‍ തോന്നാം, സ്വയം നിയന്ത്രിക്കാന്‍ പറ്റിയാല്‍ രക്ഷപ്പെടുക, അല്ലെങ്കില്‍ ഒരു സുഹൃത്തിനോട് മനസ് തുറന്നു എല്ലാം പറഞ്ഞിട്ട് ആത്മഹത്യക്ക് തയ്യാറെടുക്കുക. അടുത്ത ആഴചയില്‍ ആത്മഹത്യ പ്ലാന്‍ ചെയ്യുക. അതുവരെ കാത്തിരിക്കുക. അതിനിടയില്‍ നിങ്ങളുടെ സുഹൃത്ത് നിങ്ങളെ ജീവിതത്തിലേക്ക് കൊണ്ടുവരും - ഉറപ്പ്.

Wednesday, March 17, 2010

ബൈനറി സെര്‍ച്ചും, പിന്നെ ഒരു മാജിക്കും.

അങ്ങനെ, കോളേജിലെ അധ്യാപന ജീവിതം ഭംഗിയായി പോകുകയാണ്. ഇതിനിടെ രസകരമായ പലതും ഉണ്ടായി. ഞാന്‍ ഒരു മാജിക് കാണിച്ചു കുട്ടികളെയെല്ലാം അത്ഭുതപ്പെടുത്തി എന്നതാണ് ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്ന ഒരു സംഭവം, ഒരുപക്ഷെ, ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു സംഭവം.

ഞാന്‍ പഠിപ്പിക്കുന്ന വിഷയം "Datastructures " ആണ്. അതില്‍ ഒരു സെര്‍ച്ചിംഗ് പഠിക്കാനുണ്ട്. ബൈനറി സെര്‍ച്ച്‌ എന്ന് പറയും. അത് ചുരുക്കി പറഞ്ഞാല്‍ ഇങ്ങനെ - നമ്മള്‍ ഒന്ന് മുതല്‍ നൂറു വരെ എഴുതുന്നു എന്ന് കരുതുക. അതില്‍ ഞാന്‍ 75 കണ്ടുപിടിക്കണം. അതിനായി ആദ്യം ഈ ലിസ്റ്റ് രണ്ടായി പകുത്തെടുക്കുക. അപ്പോള്‍ നടുവില്‍ 50 . ഇനി, നമ്മള്‍ കണ്ടുപിടിക്കേണ്ട സംഖ്യ ഈ 50 നെക്കാള്‍ വലുതാണോ എന്ന് നോക്കുക. ആണെങ്കില്‍ ഇനി നമ്മള്‍ രണ്ടാമത്തെ പകുതി മാത്രം പരിഗണിച്ചാല്‍ മതി. ആദ്യത്തെ പകുതി ഉപേക്ഷിക്കുന്നു. ഇനി രണ്ടാമത്തെ പകുതി വീണ്ടും പകുത്തെടുത്തു ഈ ക്രിയകള്‍ ആവര്‍ത്തിക്കുന്നു. അങ്ങനെ വളരെ പെട്ടെന്ന് നമുക്ക് കണ്ടുപിടിക്കേണ്ട സംഖ്യ കണ്ടുപിടിക്കാം. ഇതാണ് ബൈനറി സെര്‍ച്ച്‌.

ഇനി, ക്ലാസ്സില്‍ ഞാന്‍ ഇത് എല്ലാര്‍ക്കും മനസിലാകുന്ന വിധത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ബോര്‍ഡില്‍ A മുതല്‍ Z  വരെ എഴുതി. എന്നിട്ട് ഒരു പെണ്‍കുട്ടിയോട് എഴുനേറ്റു മനസ്സില്‍ ഒരു അക്ഷരം വിചാരിക്കാന്‍ പറഞ്ഞു. ഞാന്‍ അത് കണ്ടുപിടിക്കാന്‍ പോവുകയാണ് എന്നും പറഞ്ഞു.

എന്നിട്ട് ഞാന്‍ നോക്കി. ആ ലിസ്റ്റ് ഇനി രണ്ടായി പകുത്തെടുക്കണം. ആ ലിസ്റ്റില്‍ ഒത്ത നടുവില്‍ വരുന്നത് M ആണ്, ഞാന്‍ അതില്‍ M നു നേരെ ഒരു വട്ടം വരച്ചിട്ടു ആ കുട്ടിയോട് ചോദിച്ചു - "M  ആണോ വിചാരിച്ചത്?"

എങ്ങനെ ആണെന്ന് അറിയില്ല. ആ കുട്ടി വിചാരിച്ചതും M തന്നെ ആയിരുന്നു....!!! ആ കുട്ടി വിടര്‍ന്ന കണ്ണുകളോടെ "അതെ" എന്ന് ഉത്തരം പറഞ്ഞു.

എല്ലാരും ഒന്ന് ഞെട്ടി. ഞാന്‍ വളരെ വലിയൊരു അത്ഭുതം കാണിച്ചതുപോലെ...! പിന്നെ ഒരു നിമിഷം നിശ്ശബ്ദം. പിന്നെ എല്ലാരും കൂടി നിരന്നു നിരന്നു കയ്യടി...!!! മാജിക്‌ കാണിക്കുമ്പോള്‍ മജീഷ്യന് കിട്ടുന്ന കയ്യടി പോലെ...!!! എന്തായാലും ഞാന്‍ ഒന്നും മിണ്ടിയില്ല. എനിക്കും ഇത് തികച്ചും അപ്രതീക്ഷിതം ആയിരുന്നു. പിന്നെ ഞാന്‍ അല്‍പനേരം ഗമയില്‍ ആയിരുന്നു.

എന്തായാലും, കോളേജില്‍ ഇത്ര വലിയൊരു കയ്യടി നേടുന്നത് ആദ്യമായിട്ടാണെന്ന് തോന്നുന്നു. ഞാന്‍ ഓര്‍ക്കുന്നത് മജീഷ്യന്‍ മുതുകാടിനെയും ഒക്കെ ആണ്. അവരൊക്കെ കയ്യടി വാങ്ങുന്ന സന്തോഷം ഞാനും അനുഭവിച്ചു - മനപൂര്‍വം അല്ലെങ്കിലും!

ഈ സംഭവം ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്ന് തന്നെയാണ്. മിക്കവരുടെയും ജീവിതത്തില്‍ ഇതുപോലെ കയ്യടികള്‍ വീണുകിട്ടിയ സംഭവങ്ങള്‍ ഉണ്ടാകും അല്ലേ... അതൊക്കെ കേള്‍ക്കാന്‍ ഒരു രസം! കാണാനും.

വീണ്ടും കാണുംവരെ ബൈ...!

Tuesday, March 02, 2010

കോളേജില്‍ തിരികെ - അദ്ധ്യാപനം - പുതിയൊരു ലോകത്തേക്ക് ...

അങ്ങനെ, ഇന്ന്, ഈ മനോഹരമായ മാര്‍ച്ച്‌ 1 നു ഞാന്‍ എന്‍റെ കോളേജില്‍ തിരികെ എത്തി. ഇത്തവണ അദ്ധ്യാപകന്‍ ആയിട്ടാണ്. പുതിയൊരു രൂപത്തില്‍, പുതിയൊരു ഭാവത്തില്‍.

എനിക്ക് വളരെയധികം ഇഷ്ടമുള്ള ഒരു മേഖല ആണ് അദ്ധ്യാപനം - എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ - കാരണങ്ങള്‍ ഒരുപാടുണ്ട്. ചിലതൊക്കെ പറയാം.

എന്‍റെ ജീവിതത്തില്‍ ഒരുപാട് നല്ല നല്ല കാര്യങ്ങള്‍ പറഞ്ഞുതന്ന, എന്നെ ജീവിതത്തില്‍ ഇതുവരെ എത്തിച്ചതില്‍ മുഖ്യ പങ്ക് എന്‍റെ അദ്ധ്യാപകര്‍ക്ക് തന്നെയാണ്. വീട്ടുകാര്‍ കഴിഞ്ഞാല്‍ നമുക്ക് ഏറ്റവും കൂടുതല്‍ അറിവ് പകര്‍ന്നു തരുന്നത് അധ്യാപകര്‍ ആണ്. മാതാ-പിതാ-ഗുരു-ദൈവം. മാതാവ് പിതാവിനെയും, പിതാവ് ഗുരുവിനെയും, ഗുരു ദൈവത്തെയും കാട്ടിക്കൊടുക്കുന്നു എന്നൊരു സാരം. ഗുരു കാട്ടിക്കൊടുക്കുന്ന ആ ദൈവം "അറിവ്" തന്നെയാണ്. ആ അറിവ് ഉപയോഗിച്ചാണല്ലോ ജീവിതത്തിന്‍റെ പടവുകള്‍ കയറുന്നതും, ദൈവത്തിലേക്ക് എത്തുന്നതും.

ഗുരു എന്നത് വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനം തന്നെയാണ്. ഉത്തരവാദിത്വമുള്ള ഒരു തൊഴില്‍. ആ പ്രധാനപ്പെട്ട സ്ഥാനം കാക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു.

പിന്നെ, പഠിക്കുന്നത് എന്താണ്, അത് ജീവിതത്തില്‍ എന്തിനുവേണ്ടിയാണ് പഠിക്കുന്നത് എന്നൊക്കെ അധികം ആരും പറഞ്ഞു കേട്ടിട്ടില്ല. അതുകൊണ്ട് തന്നെ, ഞാന്‍ ആരെയെങ്കിലും എന്തെങ്കിലും പഠിപ്പിക്കുമ്പോള്‍ അത് ജീവിതത്തില്‍ എവിടെ ആണ് ഉപയോഗപ്പെടുക എന്ന് കൂടി പഠിപ്പിക്കും എന്ന് ഉറപ്പിച്ചിരുന്നു.

ഒരു ഇംഗ്ലീഷ് പഴമൊഴി ആണ് ഓര്‍മ വരുന്നത് -

"Give a man a fish; you have fed him for today. Teach a man to fish; and you have fed him for a lifetime"

ഒരു മനുഷ്യന് നിങ്ങള്‍ ഒരു മീനിനെ പിടിച്ചു നല്‍കുന്നു. അപ്പോള്‍ നിങ്ങള്‍ ആ മനുഷ്യന്‍റെ അന്നത്തെ വിശപ്പ്‌ മാറ്റുന്നു. അടുത്ത ദിവസം അയാള്‍ ഒറ്റക്ക് ആകുമ്പോള്‍?
പക്ഷെ, നിങ്ങള്‍ അയാളെ മീന്‍ പിടിക്കാന്‍ പഠിപ്പിക്കുന്നു. അങ്ങനെ ആണെങ്കില്‍ നിങ്ങള്‍ അയാളുടെ ജീവിതകാലത്തെ മുഴുവന്‍ വിശപ്പും മാറ്റുകയാണ്. നാളെ നിങ്ങള്‍ പോകുമ്പോള്‍ അയാള്‍ സ്വയം മീന്‍ പിടിച്ച് വിശപ്പ്‌ മാറ്റും.

ഈ പറഞ്ഞ വാക്കുകള്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച ഒന്നാണ്. അതിനുള്ളിലെ അര്‍ത്ഥം ഉള്‍ക്കൊള്ളുക. അത് അദ്ധ്യാപനത്തില്‍ ഏറ്റവും വിലപ്പെട്ട ഒരു പാഠം തന്നെയാണ്.

ഇങ്ങനെയുള്ള കുറെ കാര്യങ്ങള്‍ എന്നെ ഈ മേഖലയിലേക്ക് പലപ്പോഴും ആകര്‍ഷിച്ചിരുന്നു. അപ്പോഴാണ്‌ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ പാര്‍ട്ട്‌-ടൈം കോഴ്സ് ലെ ഗസ്റ്റ് ലക്ചറര്‍ ആകാന്‍ അവസരം കിട്ടിയത്. അതിനൊപ്പം തന്നെ ഞാന്‍ പഠിച്ച കോളേജില്‍ അവസരം കിട്ടുകയും ചെയ്തു.

ഇന്ന് ആദ്യത്തെ ദിവസം ആയിരുന്നു. ക്ലാസ്സ്‌ എടുക്കുകയും ചെയ്തു. എന്തായാലും പഠിച്ച കോളേജില്‍ തന്നെ പഠിപ്പിക്കാന്‍ കഴിഞ്ഞത് വേറിട്ട ഒരു അനുഭവം ആയി മാറുകയായിരുന്നു. ഇനി കൂടുതല്‍ കൂടുതല്‍ അനുഭവങ്ങളും പ്രതീക്ഷകളുമായി മുന്നോട്ട്....

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...