Saturday, January 24, 2009

എന്‍റെ പ്രിയപ്പെട്ട പാട്ടുകള്‍...

എല്ലാര്‍ക്കും കാണും കുറെ ഇഷ്ടപ്പെട്ട പാട്ടുകള്‍, അല്ലേ? പാട്ടുകള്‍ ഇഷ്ടപ്പെടാന്‍ കാരണങ്ങള്‍ പലതാണ്. അതിന്‍റെ സംഗീതം, വരികള്‍, അങ്ങനെ ഒരുപാട്...

എനിക്കും ഉണ്ട് കുറെ ഇഷ്ടപ്പെട്ട പാട്ടുകള്‍. അതെല്ലാം ഇവിടെ എഴുതുകയാണ്...

1. കാണുമ്പോള്‍ പറയാമോ...
(ഇഷ്ടം |2001| - കെ.എസ്.ചിത്ര, യേശുദാസ്, കൈതപ്രം, മോഹന്‍ സിതാര | സിബി മലയില്‍)
- പ്രിയപ്പെട്ടവര്‍ പാടുമ്പോള്‍ ആ പാട്ട് നമുക്കും പ്രിയപ്പെട്ടതാകുന്നു.

2. സുഖമാണീ നിലാവ്...
(നമ്മള്‍ |2002| - ജ്യോത്സ്ന, വിധു പ്രതാപ്,(വരികള്‍ ആരെന്നു അറിയില്ല), മോഹന്‍ സിതാര | കമല്‍)
- എന്തൊരു അടിപൊളി പാട്ടാണ്...!! മനസ്സില്‍ അല്പമെങ്കിലും പ്രണയം സൂക്ഷിക്കുന്ന എല്ലാരും ഈ പാട്ട് ഇഷ്ടപ്പെടും. ഉറപ്പ്...! പിന്നെ, സംഗീതം ഇഷ്ടപ്പെടുന്ന ആരും ഈ പാട്ട് കേട്ടിരുന്നുപോകും... എന്‍റെ അറിവില്‍ തന്നെ ഈ പാട്ട് ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. വര്‍ണിക്കാന്‍ കഴിയാത്ത അത്ഭുതം ആണ് ഈ പാട്ട്.

3. ഏതോ ജലശംഖില്‍...
(മൈ മദേഴ്സ് ലാപ്ടോപ് |2008| - സോണിയ, റഫീഖ് അഹമ്മദ്, ശ്രീവല്‍സന്‍. ജെ. മേനോന്‍ | രൂപേഷ് പോള്‍)
- ഞാന്‍ എന്നെന്നും ഇഷ്ടപ്പെടുന്ന ഒരു പാട്ട്. വരികളില്‍ നിറയെ ജീവന്‍റെ തുടിപ്പുകള്‍ എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞ ഒരു പാട്ട്. സോണിയ അത് വളരെ മനോഹരമായി പാടിയിരിക്കുന്നു. റഫീഖ് ആദ്യമായി സിനിമയില്‍ വന്നതാണ് എന്ന് കേട്ടു. നന്നായി എഴുതിയിരിക്കുന്നു. സംഗീതം വളരെ മനോഹരം. ഒരുപാട് ഇഷ്ടമാണ് ഈ പാട്ട്.

4. പൂങ്കുയിലേ, പൂങ്കുയിലേ...
(ആല്‍ബം: കോഫി @ എം.ജി.റോഡ് |2008| - ദിവ്യ.എസ്.മേനോന്‍ [ബ്ലോഗ്], വിനീത് ശ്രീനിവാസന്‍, ഷാന്‍ റഹ്‌മാന്‍ | വിനീത് ശ്രീനിവാസന്‍)
- എന്‍റെ ഏറ്റവും വലിയ സുഹൃത്തിന് ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്ന പാട്ട്. ഈ പാട്ടിന്‍റെ വരികള്‍ക്ക് എന്‍റെ ജീവിതവുമായി വളരെ സാമ്യമുണ്ട്‌. അല്ല, എന്‍റെ ജീവിതം തന്നെയാണ് ആ വരികളില്‍ പ്രതിഫലിക്കുന്നത്. നമ്മുടെ ജീവിതത്തിലേക്ക് ചിലര്‍ കടന്നുവരുമ്പോള്‍ നമ്മുടെ ജീവിതം വല്ലാതെ മാറും. അത് തന്നെയാണ് ഈ പാട്ടില്‍ വിനീത് കാണിച്ചു തരുന്നത്. മനോഹരമായ വരികള്‍. ഗായിക ദിവ്യ വളരെ മനോഹരമായി പാടിയിരിക്കുന്നു. തികച്ചും പ്രണയം തുളുമ്പുന്ന ശബ്ദം (സുജാതയെ പോലെ). കേട്ടപ്പോള്‍ ഒരുപാട് ഇഷ്ടം തോന്നി ഈ പാട്ടിനോട്. സ്വന്തം ജീവിതം പ്രതിഫലിക്കുന്ന എന്തും ആരും ഇഷ്ടപ്പെടും അല്ലേ?

5. വാനമ്പാടി ആരെ തേടുന്നു നീ...
(ആല്‍ബം: നിലാവിന്‍റെ കയ്യൊപ്പ് |2003| - സുജാത, എം.ജി.ശ്രീകുമാര്‍, എസ്.രമേശന്‍ നായര്‍, മനു രമേശന്‍)
- ഈ പാട്ട്‌ എനിക്ക് ഒരുപാട് ഇഷ്ടമാണ്. തികച്ചും മനോഹരമായ വരികള്‍. സ്നേഹത്തിന്‍റെ പ്രതിഫലനം. പ്രണയത്തിന്‍റെ ആവിഷ്കാരം. അച്ഛന്‍റെ വരികള്‍ക്ക് മകന്‍ മനു അതിമനോഹരമായി സംഗീതം നല്‍കിയിരിക്കുന്നു. ഞാന്‍ എന്‍റെ ഏകാന്ത നിമിഷങ്ങളില്‍ കണ്ണുമടച്ചിരുന്നു ഈ പാട്ട്‌ കേള്‍ക്കും. എന്‍റെ മനസ് അപ്പോള്‍ അതിമനോഹര പ്രണയത്തിന്‍റെ ഏതോ ഒരു ലോകത്തില്‍ എത്തും. എന്തു രസമാണ് അത്..! സുജാതയുടെ സ്വതസിദ്ധമായ ആ പ്രണയം തുളുമ്പുന്ന, നാണം നിറഞ്ഞ പെണ്‍കുട്ടിയുടെ ശബ്ദം ഈ ഗാനത്തിന് മാറ്റുരയ്ക്കുന്നു. എം.ജിയും നന്നായി പാടി. മൊത്തത്തില്‍ ഈ ഗാനം ഒരു ഉല്‍സവം പോലെ തന്നെയാണ് എന്ന് പറയാതെ വയ്യ. ഈ ആല്‍ബത്തിലെ എല്ലാ പാട്ടുകളും മനോഹരമാണ്... നിങ്ങള്‍ ഈ ആല്‍ബം മുഴുവന്‍ കേള്‍ക്കണം എന്നാണു എന്‍റെ അഭിപ്രായം...

6. ചിത്രമണിക്കാട്ടില്‍ ...
(സിംഫണി |2004| - കൈതപ്രം, ദീപക് ദേവ് | ഐ.വി.ശശി)
- ദീപക് ചേട്ടന്‍റെ സംഗീതം ഒരു പ്രത്യേകതയുള്ളതാണ്. വളരെ ടെക്നിക്കല്‍ ആയിട്ടാണ് അദ്ദേഹം സംഗീതം ചെയ്യുന്നത്. എനിക്ക് ദീപക് ദേവിന്‍റെ എല്ലാ പാട്ടുകളും ഇഷ്ടമാണ്. "ചിത്രമണിക്കാട്ടില്‍..." വളരെ ഇഷ്ടപ്പെട്ട ഒന്നാണ്. അതിന്‍റെ മനോഹരവും അര്‍ത്ഥമുള്ളതുമായ വരികള്‍, സംഗീതം, അങ്ങനെ എല്ലാം. (കാണാന്‍ കൊള്ളില്ല). ഞാന്‍ എന്‍റെ ആദ്യ മൊബൈല്‍ വാങ്ങിയത് 2008 ഫെബ്രുവരി ആണ്. അന്ന് ഞാന്‍ ആദ്യമായി കമ്പ്യൂട്ടറില്‍ കണക്ട് ചെയ്ത ഫോണില്‍ ഈ പാട്ടും സ്റ്റോര്‍ ചെയ്തു. അത് പിന്നെ റിങ്ങ് ടോണ്‍ ആയിട്ട് കേട്ടപ്പോള്‍ പാട്ടിന്‍റെ തുടക്കത്തിലെ മ്യൂസിക് നന്നായി ഇഷ്ടപ്പെട്ടു. (അടുത്ത ആഴ്ച കഴിയുമ്പോള്‍ ഫോണിന്‍റെ ഒന്നാമത്തെ ജന്മദിനം ആണ്). ഇന്നും, ഇപ്പോഴും എന്‍റെ റിങ്ങ് ടോണ്‍ ഈ പാട്ട് തന്നെയാണ്.

ഇനിയും കുറച്ചു പാട്ടുകള്‍ കൂടിയുണ്ട്. ഈ പറഞ്ഞ പാട്ടുകള്‍ കഴിഞ്ഞു വരുന്നവ. ആ പാട്ടുകളുടെ എല്ലാ വിവരങ്ങളും അറിയില്ല. എന്നാലും ഇവിടെ എഴുതാം...

ചെന്താര്‍ മിഴി... (പെരുമഴക്കാലം |2007| - കമല്‍),
നീയെന്‍ സുന്ദരി... (സത്യം |2004| - വിനയന്‍),
തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായി... (രസികന്‍ |2004| - ലാല്‍ ജോസ്)
തങ്കത്തിങ്കള്‍ താരൊളിയെ... (ലങ്ക | 2006 | - സാജന്‍)

ഇനിയും വരും... ഇനിയും ഗാനങ്ങള്‍ വരും, കാതിലും മനസിലും തേന്‍മഴ പെയ്യിക്കാന്‍...

Wednesday, January 21, 2009

കോളേജില്‍ പോയില്ലാ... ബോറടി...

ഇല്ല. കോളേജില്‍ പോയില്ല. പ്രൊജക്റ്റ്‌ ചെയ്യുന്നു. 19 മുതല്‍ ക്ലാസ്സ് തുടങ്ങി. ക്ലാസ്സ് അല്ല, അറ്റന്റന്‍സ് തുടങ്ങി.

ഇപ്പൊ കോളേജില്‍ പോകാതെ വല്ലാതെ ബോറടി... ഒരു രസമില്ല. കോളേജില്‍ പോയി എല്ലാരോടും കൂടി അടിപിടി കൂടി തമാശ പറഞ്ഞു രസിക്കാമായിരുന്നു...

ഇനി എന്നാണു കോളേജിലേക്ക്... എന്നെങ്ങിലും പോകണം, എല്ലാരും ഒരുമിച്ചു കൂടണം... എന്നിട്ട് ആഘോഷിക്കണം... കോളേജ് ലൈഫ്.. തീരാറായി... ഇനി കുറച്ചു ദിവസങ്ങള്‍ മാത്രം...

കാത്തിരിക്കാം......

Monday, January 12, 2009

പുതു വര്‍ഷം... ജീവിതം ahead...!

2009 ഇങ്ങെത്തി, അതിനിടെ 12 ദിവസങ്ങളും കടന്നു പോയി... നോക്കണേ, കാലം കടന്നു പോകുന്ന ഒരു സ്പീഡ്...!

പലപ്പോഴും കേട്ടിട്ടുണ്ട്, ഇപ്പൊ സമയത്തിന് "ഭയങ്കര" സ്പീഡ് ആണ് എന്ന്. എന്താ, അത് സത്യമാണോ? പണ്ടും ഇന്നും നമ്മുടെ ക്ലോക്ക് ഒരേ സ്പീഡില്‍ തന്നെയല്ലേ പോകുന്നത്? അതെ. പിന്നെ എന്താ?

നമ്മുടെ ജീവിതം ഫാസ്റ്റ് ആയി. അതാണ്‌ കാരണം.

ഇനി നാളെ കോളേജില്‍ രജിസ്ട്രേഷന്‍ ചെയ്യാന്‍ പോകണം. അവസാന സെമസ്റ്റര്‍ ആണ്. നോക്കിക്കോ, ഈ സെമസ്റ്ററില്‍ ഞാന്‍ 100% ഹാജര്‍ വാങ്ങും. കഴിഞ്ഞ തവണയൊക്കെ കിട്ടിയില്ല. ഇനി എത്ര പനി പിടിച്ചാലും ഞാന്‍ പോകും... കോളേജ് മുഴുവന്‍ പനി പകര്‍ന്നു പിടിച്ചാലും സാരമില്ല. അയ്യട... അങ്ങനെ ഇപ്പൊ ഹാജര്‍ കുറവായി പ്രശ്നം ഉണ്ടാകണ്ടല്ലോ... ഹാ...

പിന്നെ പുതിയ പണികള്‍ തരപ്പെടുത്തണം... ഈ വര്‍ഷം മുതല്‍ സ്വന്തം ജീവിതത്തിന്‍റെ വഴികള്‍ കണ്ടെത്തണം... ഹാ, ജീവിതം, ahead!

Friday, January 02, 2009

സ്വാഗതം 2009...!

അങ്ങനെ ഒരു പുതിയ വര്‍ഷം കൂടി പിറന്നു വീണു. 2009. ഇനി ഈ വര്‍ഷം അടിപൊളിയാക്കണം. സ്വപ്നങ്ങളും പ്രതീക്ഷകളും മാത്രമാണ് എല്ലാരുടെയും മനസ്സില്‍ നിറയെ... അതൊക്കെ സഫലമാകട്ടെ എന്ന് തന്നെ വിചാരിക്കാം.

ഇന്നു ജനുവരി 2. ഇന്നു ഒത്തിരി സന്തോഷിക്കുകയായിരുന്നു. നല്ല രസമുള്ള ഒരു ദിവസം. ഏറെ ഇഷ്ട്ടപ്പെട്ടു. എന്താണ് കാരണം...? കോളേജില്‍ പോയതുകൊണ്ടാകും അല്ലേ?

ഇനി കുറച്ചു പരീക്ഷകള്‍ കൂടി ബാക്കിയുണ്ട്... (തലകുത്തിനിന്നു) പഠിക്കണമല്ലോ... (ഈ നല്ല ദിവസത്തിലാണോ സുഹൃത്തെ പരീക്ഷക്കാര്യം... എന്ന് ഒരു ചോദ്യം മനസ്സില്‍ ഉണ്ടോ? ഞങ്ങള്‍ക്ക് അതൊരു ശീലമായിപ്പോയി... ഓണവും വിഷുവും പരീക്ഷയുമൊക്കെ ഒരുപോലെ തന്നെ... ഹൊ...)

എന്തൊക്കെയാണ് നിങ്ങളുടെ പുതുവര്‍ഷ പ്രതിജ്ഞകള്‍? എനിക്ക് ഒന്നുമില്ല കേട്ടോ...

വീണ്ടും കാണാം... അതുവരേക്കും ബൈ...

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...