Wednesday, September 24, 2008

അന്നൊരിക്കല്‍, വീണ്ടുമൊരു ഒന്നുചേരല്‍...

വര്‍ഷം 2025. നവംബര്‍ മാസത്തിലെ ഒരു വൈകുന്നേരം. മോഹന്‍ദാസ്‌ കോളേജ് കാമ്പസ്. അവിടെ കാമ്പസിന് മുന്നില്‍ ഒരു പൂത്ത മരം.. തറയില്‍ പൂക്കള്‍ പരവതാനി വിരിച്ചതുപോലെ കിടക്കുന്നു. അവിടെ കുറെ കാറുകള്‍, അവിടെ കുറച്ചു കുടുംബങ്ങള്‍ നില്‍ക്കുന്നുണ്ട്‌ ... ആരും അപരിചിതരായ മുഖങ്ങള്‍ അല്ല. എല്ലാരുടെയും മുഖം ഓര്‍മയുണ്ട്... പക്ഷെ ആരൊക്കെയാണെന്ന് പേരു പറയാന്‍ പറ്റുന്നില്ല. എന്നാലും അവരെല്ലാം ഏറെ മാറിപ്പോയി എന്ന് പറയാം. ഓരോരുത്തരും മറ്റുള്ളവരെ കാണുമ്പോള്‍ അത്ഭുതപ്പെടുന്നുണ്ട്...

2009 പാസ്-ഔട്ട് കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ചിന്‍റെ റീയൂണിയന്‍ ആണ് അന്ന് രാത്രി നടക്കാന്‍ പോകുന്നത്. ഒരു‌പാട് കാലങ്ങള്‍ക്കു ശേഷം ആ ക്ലാസ്സിലെ കൂട്ടുകാര്‍ ഒന്നിച്ചുകൂടുകയാണ്.. അന്ന് പഠിക്കുന്ന സമയത്തു കുറെയേറെ പിരിയാനാകാത്ത കൂട്ടുകെട്ടുകള്‍ ഉണ്ടായിരുന്നു... പക്ഷെ കാലം കഴിഞ്ഞപ്പോള്‍ ഓരോരുത്തര്‍ക്കും സ്വന്തം ജീവിതത്തിന്‍റെ യാത്രയിലേക്ക് വഴിതിരഞ്ഞു പോകേണ്ടിവന്നു.. അവിടെ ഒരു ജീവിതത്തില്‍ ഏറ്റവും സന്തോഷം നല്കിയ കൂട്ടുകാരുമായി പിരിയേണ്ടിവന്നു. പക്ഷെ, നമ്മുടെയെല്ലാം മനസിലെ സ്നേഹബന്ധങ്ങള്‍ മായ്ക്കാന്‍ കാലത്തിനു പോലും കഴിയില്ല. അവിടെ എത്തിയവരില്‍ പഴയ ബെസ്റ്റ് ഫ്രണ്ട്സ് എല്ലാരും ഒരുമിച്ചുകൂടി സന്തോഷിക്കുന്നുണ്ടായിരുന്നു.

സമയം കടന്നുപോകുകയാണ്... പലരും വരുന്നതേയുള്ളൂ... മിക്കവാറും എല്ലാ പെണ്‍കുട്ടികളുടെയും കുടുംബവും ഉണ്ട്... അവരുടെയൊക്കെ മക്കള്‍ ഇപ്പൊ +2 നും 10 ലുമൊക്കെ പഠിക്കുന്നു. സത്യം പറഞ്ഞാല്‍ മിക്ക പെണ്‍കുട്ടികളെയും തിരിച്ചറിയാന്‍ വയ്യ. ആണ്‍കുട്ടികള്‍ മിക്കവാറും വലിയ പുരുഷകേസരിമാരായി വലിയ വലിയ സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നു. അവരുടെയെല്ലാം കല്യാണം കഴിഞ്ഞു . മിക്കവരും ഭാര്യക്കൊപ്പം ആണ് വന്നത്. അവരുടെ കൂടെ കുഞ്ഞുകുട്ടികളും ഉണ്ട്. പിന്നെ പഴയ ടീച്ചേഴ്സ് വരുന്നു... അതില്‍ പലരുടെയും മുടി നരച്ചുതുടങ്ങി.. അവരുടെ മക്കളും കൂടെയുണ്ട്. എല്ലാരും കൂടി ആയപ്പോള്‍ ആകെ ബഹളം. പണ്ടു പഠിക്കുന്ന കാലത്തു അവരോട് ഉടക്കിയവരും ഇവിടെ ഇന്നു വന്നിട്ടുണ്ട്. അവരൊക്കെ അന്ന് കാണിച്ച പരിപാടികള്‍ ഓര്‍ത്ത്‌ ചിരിക്കുന്നുണ്ടായിരുന്നു...

അന്ന് പഠിക്കുന്ന കാലത്തു പ്രണയിച്ചു നടന്നവരും അവിടെ എത്തിയിട്ടുണ്ട്. ചില പ്രണയങ്ങള്‍ വിവാഹത്തില്‍ എത്തിയപ്പോള്‍ മറ്റു ചിലര്‍ക്ക് അത് വെറുമൊരു നൊമ്പരപ്പെടുത്തുന്ന ഓര്‍മ മാത്രമായി. കാലത്തിനു പിന്നിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ തങ്ങള്‍ പണ്ടു ഒളിച്ചും പതുങ്ങിയും, പിന്നെ പരസ്യമായും പ്രണയിച്ചു നടന്ന ആ രംഗങ്ങള്‍ പലരുടെയും ഓര്‍മയില്‍ വന്നു.. അതൊക്കെ ഒരു ചിരിയില്‍ ഒതുക്കി അവര്‍ മറ്റുള്ളവരെ നോക്കിക്കൊണ്ടിരുന്നു... ഇപ്പൊ ഏകദേശം എല്ലാപേരും എത്തി.. ഇനി ആരെങ്കിലും ഉണ്ടോ? അവരെല്ലാം ചുറ്റും നോക്കാന്‍ തുടങ്ങി. ഇല്ല, എല്ലാ കൂട്ടുകാരും ഉണ്ട്. പഴയ അദ്ധ്യാപകര്‍ എല്ലാരും ഉണ്ട്... ഇനി നമുക്കു പാര്‍ട്ടി തുടങ്ങാം...

എല്ലാരും അവിടെ മെയിന്‍ ബ്ലോക്കിന് മുകളിലത്തെ നിലയിലുള്ള ഹാളിലേക്ക് നടന്നു. പുറത്തു ഇരുട്ട് വീണു തുടങ്ങി. ആ പഴയ സുഹൃത്തുക്കള്‍ അല്ലാതെ വേറെ ആരും ആ പരിസരത്ത് ഇല്ല. സുഖമുള്ള ഒരു തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. അവര്‍ ആ പടികള്‍ കയറുമ്പോള്‍ പഴയ കാലം ഓര്‍മിച്ചു.. ഒരുപാടു തവണ സെമിനാര്‍, ആര്‍ട്സ്, ക്വിസ് എന്നൊക്കെ പറഞ്ഞു ആ പടികള്‍ കയറിയതാണ്. ഇന്നു അതൊക്കെ ഓര്‍ക്കുമ്പോള്‍ മനസ് തുടിക്കുന്നു. പുറത്തെ തണുപ്പ് കൂടുമ്പോഴും അവരുടെ മനസ്സില്‍ ഊഷ്മളമായ ഓര്‍മ്മകള്‍ ആണ്...

ആ ഹാളിലേക്ക് എല്ലാരും കയറി. കുറച്ചുപേര്‍ സ്റ്റേജില്‍ ഇരിക്കുന്നു. പഴയ കിടിലങ്ങള്‍ തന്നെ. അവരൊക്കെ ആകെ മാറി. മീറ്റിംഗ് തുടങ്ങി. അപ്പോള്‍ അതാ ഒരു വിശിഷ്ടാതിഥി വരുന്നു... നമ്മുടെ പഴയ പ്രിന്‍സിപ്പാള്‍. എല്ലാപേരും എഴുന്നേറ്റു നിന്നു. ഇപ്പൊ നല്ല പ്രായം ഉണ്ട്. മുടി മുഴുവനും നരച്ചു. പ്രായത്തിന്‍റെ തളര്‍ച്ച ഉണ്ടെങ്ങിലും പഴയ കുട്ടികളെ വീണ്ടും കണ്ടപ്പോള്‍ ഉള്ള സന്തോഷം അവരുടെ മുഖത്ത് പ്രതിഫലിച്ചിരുന്നു... അവര്‍ എല്ലാരെയും സന്തോഷത്തോടെ അഭിസംബോധന ചെയ്തു. പഠിക്കുമ്പോള്‍ അവരുടെ കണ്‍വെട്ടത്തു പെടാതെ ഓടി ഒളിച്ചിരുന്ന കാര്യമൊക്കെ ഓര്‍ത്തപ്പോള്‍ എല്ലാരുടെയും മനസ്സില്‍ ചിരി പടര്‍ന്നു.

അപ്പോഴേക്കും ആരോ പറഞ്ഞു പഴയ കൂട്ടുകാര്‍ എല്ലാം ഒരിക്കല്‍ കൂടി ഒരുമിച്ചിരുന്നു കാണണം എന്ന്. അപ്പോള്‍ തന്നെ എല്ലാരും ആവേശത്തോടെ ചാടി എഴുന്നേറ്റു. അവരുടെ കുടുംബം മുഴുവനും ഒരുവശത്ത് ഇരുന്നു. പഴയ കൂട്ടുകാര്‍ എല്ലാരും കൂടി മറുവശത്തും. സത്യം പറഞ്ഞാല്‍ ആ കാഴ്ച വല്ലാത്ത ഒരു അനുഭൂതി തന്നെ. ഇത്തരം ഒരു കൂടിച്ചേരല്‍ എന്ത് വലിയ സന്തോഷമാണ്.. അപ്പോള്‍ വീണ്ടും ഒരു നിര്‍ദേശം - പഴയ സ്റ്റാഫ് അഡ്വൈസേഴ്സ് സ്റ്റേജില്‍ കയറി നമ്മുടെയെല്ലാം പേരു പറയണം.. എന്തായിത്? ഇപ്പൊ എല്ലാരും അവരുടെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകാന്‍ തുടങ്ങിയോ? പാവം രമ്യ ടീച്ചറും സരിത ടീച്ചറും. അവര്‍ ചിരിച്ചുകൊണ്ട് എഴുനേറ്റു. അവിടെ കൂടിയിരുന്നവരെല്ലാം കൂടി അവരെ രണ്ടുപേരെയും അല്‍ഭുതത്തോടെ നോക്കാന്‍ തുടങ്ങി. അവരുടെയൊക്കെ മാറ്റം എല്ലാരെയും അല്‍ഭുതപ്പെടുത്തി. പഠിക്കുമ്പോള്‍ അവരുമായൊക്കെ കൊമ്പ് കോര്‍ത്ത പലരും ഇപ്പൊ ചിരിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞുപോയ ആ കാലം വീണ്ടും തിരിച്ചുകിട്ടിയെങ്ങില്‍ എന്ന് അവര്‍ ഓര്ത്തു... ഇല്ല. തിരിച്ചുകിട്ടാത്തതുകൊണ്ടാണല്ലൊ ആ ഓര്‍മ്മകള്‍ ഇത്രയധികം സുന്ദരമായിരിക്കുന്നത്... മരിക്കുവോളം ആ ഓര്‍മ്മകള്‍ മനസ്സില്‍ നില്‍ക്കണം..

രമ്യ ടീച്ചറും സരിത ടീച്ചറും കൂടി സ്റ്റേജില്‍ കയറി. താഴെ ഇരിക്കുന്നവരുടെ മുഖങ്ങള്‍ കണ്ടപ്പോള്‍ അവര്‍ ഒന്നു ഞെട്ടിയോ എന്നൊരു സംശയം... കുറച്ചുപേരുടെ പേരുകള്‍ അവര്‍ക്ക് പറയാന്‍ കഴിഞ്ഞു . പിന്നെയും ഓര്‍ത്ത് ഓര്‍ത്ത് അവര്‍ കുറേക്കൂടി പറഞ്ഞു. പിന്നെ അവര്‍ തിരിച്ചു പോയി കസേരകളില്‍ ഇരുന്നു. പിന്നെ അടുത്ത ഊഴം പഠിക്കുന്ന കാലത്തു നമ്മുടെയെല്ലാം പ്രിയപ്പെട്ടവര്‍ ആയിരുന്ന രമ്യ സൗമ്യ ടീച്ചേഴ്സ് ആണ്. അവരെ ഇപ്പൊ തിരിച്ചറിയാന്‍ പറ്റുന്നില്ല. പണ്ടു രണ്ടുപേരെയും കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റുമായിരുന്നു. കാലം ഒരുപാടു കടന്നുപോയത് കൊണ്ടാകും... എന്നാലും ഒരുദിവസം കൂടി അവരുടെ ക്ലാസ്സില്‍ ഇരിക്കാന്‍ എല്ലാരും ഒന്നു കൊതിച്ചു. മനസ്സില്‍ ആഗ്രഹം മാത്രമല്ലേ ഉള്ളൂ.. അത് ഇനി എങ്ങനെ സത്യമാകും...?

അന്ന് രാത്രി എല്ലാരും ഹോസ്റ്റലില്‍ നിന്നിട്ട്, പിറ്റേന്ന് 16 വര്‍ഷം മുന്‍പത്തെ പോലെ എല്ലാരും ക്ലാസ്സിലേക്ക് പോകാനുള്ള പ്ലാന്‍ ആയിരുന്നു. രാത്രി ഏറെ വൈകി കളിയും ചിരിയും തന്നെ. ആ വിശാലമായ ക്യാമ്പസ്സില്‍ ആ പഴയ ബാച്ച് മാത്രം. അവര്‍ അവരുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കാന്‍ തുടങ്ങി... മിക്കവാറും ഇപ്പൊ കുറേപേര്‍ കരയാന്‍ തുടങ്ങും... അത്രയ്ക്ക് വികാരഭരിതമാണ് ഇപ്പൊ ആ ഹാള്‍. പ്രണയിച്ചു നടന്നു പിന്നെ പിരിഞ്ഞവര്‍ ഇപ്പൊ എന്തൊക്കെയോ പറയണം എന്ന വെമ്പലോടെ നില്‍പ്പുണ്ടായിരുന്നു. അതാ ഒരു ചെറിയ കരച്ചില്‍ - ആരാണ് കരയുന്നത്?

രാത്രി 9 ആയപ്പോള്‍ എല്ലാരും ഹോസ്റ്റെലിലേക്ക് നടന്നു. പഴയ അടിപൊളി ഗ്രൂപ്സ് എല്ലാം ഒരുമിച്ചു.. ഒരുപാടു നാളുകള്‍ക്കു ശേഷം. എന്നാലും ഇപ്പൊ പഴയപോലെ അടിച്ചുപൊളിക്കാന്‍ പറ്റില്ല. കാരണം കുടുംബം കൂടെ ഉണ്ട്. എന്നാലും ഗ്രൂപ്സ് എല്ലാം ഒരുമിച്ചപ്പോള്‍ പഴയ കാലം ഓര്‍മയിലേക്ക് വന്നു. പിന്നെ അന്നത്തെ അനുഭവങ്ങളും വീരകൃത്യങ്ങളും എല്ലാം പറയാന്‍ തുടങ്ങി. രാത്രി വൈകിയിട്ടും ഹോസ്റ്റെലില്‍ ബഹളം അവസാനിച്ചില്ല. അവരൊന്നും ഇന്നു ഉറങ്ങില്ലേ? കുറേക്കാലം കഴിഞ്ഞു വീണ്ടും ഒരുമിച്ചു കൂടുന്നതല്ലേ.. അവര്ക്കു പറയാന്‍, പങ്കുവയ്ക്കാന്‍ ഒരുപാടു ഉണ്ട്...

പിറ്റേന്ന്, 2025 നവംബര്‍ 23, ഒരു മനോഹരമായ ഞായറാഴ്ച.

ഇന്നു എല്ലാരും ഒരുമിച്ചു പഴയപോലെ ക്ലാസ്സിലേക്ക് പോവുകയാണ്. ഇന്നു ക്യാമ്പസ്സില്‍ വേറെ ആരുമില്ല. ഞായറാഴ്ച ആയതുകൊണ്ടുതന്നെ വേറെ ആരുടേയും ബഹളവുമില്ല. ക്ലാസ്സ് തുടങ്ങുന്നത് 8.30 നാണ്. അത്ഭുതമെന്നു പറയാം, എല്ലാരും കൃത്യസമയത്തിന് മുന്‍പേ ക്ലാസ്സില്‍ എത്തിയിരിക്കുന്നു. അന്ന് സ്ഥിരമായി താമസിച്ചുവരുന്നവര്‍ ഇന്നു മാത്രം നേരത്തെ എത്തിയോ? അത്ഭുതം! നമ്മുടെ അവസാന ക്ലാസ്സ് നടന്ന റൂമില്‍ തന്നെയാണ് ഇപ്പോഴും ഒരുമിക്കുന്നത്. അന്ന് ഇരുന്നപോലെ തന്നെ ആണ് ഇന്നും ഇരിക്കുന്നത്. കുടുംബത്തെ ക്ലാസ്സിലേക്ക് കൊണ്ടുവന്നില്ല. ഇവിടെ നമ്മുടെ ആഘോഷങ്ങള്‍ക്ക് ഒരു ശല്യം ആകേണ്ട എന്ന് കരുതി! ഇപ്പൊ ആ ക്ലാസ്സ് റൂമില്‍ പഴയ ബാച്ചും അന്നത്തെ ടീച്ചേഴ്സും മാത്രം. വേറെ ആരുമില്ല. ഇപ്പൊ നമ്മുടെയെല്ലാം പ്രായം കുറയാന്‍ തുടങ്ങിയതുപോലെ.. പഴയ ഓര്‍മ്മകള്‍ വന്നു...

ക്ലാസ്സ് തുടങ്ങുമ്പോള്‍ ആരോ ഒരാള്‍ പഴയ അറ്റെന്‍ഡന്‍സ് ഷീറ്റ് എടുത്തു. എന്നിട്ട് പഴയ ക്ലാസ്സ് നമ്പര്‍ ഓര്‍ത്തു ഓരോരുത്തരും ഹാജര്‍ വിളിക്കാന്‍ പറഞ്ഞു. ഉടനെ ഒരു കൂട്ടച്ചിരി ഉയര്ന്നു... ആദ്യം തന്നെ അജിത്ത് എഴുനേറ്റു "one" വിളിച്ചു. അവനെ കണ്ട എല്ലാരും അല്‍ഭുതപ്പെട്ടു. പഴയ കളിയും തമാശയുമെല്ലാം കുറഞ്ഞു ഗൌരവത്തോടെ ഉള്ള ഒരു കുടുംബനാഥന്‍ ആയിരിക്കുന്നു അവന്‍. പിന്നെ ഓരോരുത്തരായി നമ്പര്‍ വിളിക്കാന്‍ തുടങ്ങി. പെണ്‍കുട്ടികള്‍ എല്ലാരും മാറി. കളിയും ചിരിയുമെല്ലാം ഒരുപാടു കുറഞ്ഞു. എല്ലാരും വീട്ടമ്മമാരുടെ റോള്‍ ഏറ്റെടുത്തപ്പോള്‍ പിന്നെ കൂട്ടുകാരുമൊത്ത് കൂടാനും കളിക്കാനും ചിരിക്കാനും ഒന്നും അവസരം കിട്ടിയിട്ടില്ല. അതുമല്ല, അന്ന് പഠിക്കുന്ന സമയത്തു ആണ്‍കുട്ടികളും പെണ്‍കുട്ടികളും എന്ന വ്യത്യാസം ഇല്ലാതെ ആയിരുന്നു ക്ലാസ്സില്‍. പക്ഷെ ഇപ്പോള്‍ അതെല്ലാം മാറി. നോക്കണേ, കാലം എന്തുമാത്രം മാറ്റിക്കളഞ്ഞു ഈ മനസുകള്‍... ആഘോഷങ്ങളുടെ 4 വര്‍ഷങ്ങള്‍ എല്ലാം കവര്‍ന്നെടുത്തുകൊണ്ടാണ് സമയം പോയത്. പിന്നെ ജീവിക്കാന്‍ വേണ്ടിയുള്ള തിരക്കിലായിരുന്നു...

അവസാനം 3 വിഷ്ണുമാരും ഒരുമിച്ചു നമ്പര്‍ വിളിച്ചു. വിഷ്ണു മേനോന്‍ ഒരുപാടു മാറി. വിഷ്ണു നിര്‍മലും മാറി. ഇനി ആരാണ് മാറാത്തതായി? എല്ലാരും നമ്പര്‍ വിളിച്ചു കഴിഞ്ഞപ്പോ പലരുടെയും കണ്ണ് നിറഞ്ഞുവോ എന്ന് തോന്നി...

ഇനി ടീച്ചേഴ്സ് വന്നു അവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കണം എന്ന് ആരോ പറഞ്ഞു. അങ്ങനെ, അവര്‍ ഓരോരുത്തരും മുന്നോട്ടു വന്നു. കഴിഞ്ഞ കാലത്തിലെ രസകരമായ അനുഭവങ്ങള്‍ പറയാന്‍ തുടങ്ങി. ഇടക്കിടെ ചിരി കേള്‍ക്കാം. പിന്നെ അവര്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍ നമ്മുടെ ഊഴമായി. പലര്‍ക്കും പറയാന്‍ വേദനിപ്പിക്കുന്ന ഓര്‍മകളും ഉണ്ടായിരുന്നു. എന്നാലും കുറച്ചുപേര്‍ ഒന്നും പറയില്ല എന്ന വാശിയില്‍ ആയിരുന്നു. അവരെ അങ്ങനെ വെറുതെ വിടാന്‍ ആരും തയ്യാറായിരുന്നില്ല. അവരെ പൊക്കി വിടാന്‍ പഴയ കാലത്തു കാണിച്ച ഉത്സാഹം വീണ്ടും വന്നു.. അതുംകൂടി ആയപ്പോ എല്ലാരുടെയും ആവേശം കൂടി. ഇപ്പൊ ആ ക്ലാസ്സ് 16 വര്‍ഷം പിന്നിലേക്കു തിരിച്ചുപോയി... പിന്നെ പഴയതുപോലെ കൂട്ടത്തോടെ ബഹളം തുടങ്ങി. ഈ അവസരം തന്നെ മുതലാക്കി രമ്യ ടീച്ചര്‍ പഴയതുപോലെ "എല്ലാരും മിണ്ടാതിരിക്കൂ" എന്ന് ഉറക്കെ പറഞ്ഞു. അപ്പൊ പെട്ടെന്ന് ആ റൂം നിശ്ശബ്ദമായി. എല്ലാരും രമ്യ ടീച്ചറിന്‍റെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി. രണ്ടു നിമിഷം അങ്ങനെ... എല്ലാരും നിശ്ശബ്ദരായി... പെട്ടെന്ന് പടക്കം പൊട്ടിച്ചതുപോലെ കൂട്ടച്ചിരി ഉയര്‍ന്നു. ആ കൂട്ടച്ചിരിയില്‍ രമ്യ ടീച്ചറും പങ്കുചേര്‍ന്നു. അങ്ങനെ ഞങ്ങള്‍ അവിടെ ആഘോഷിച്ചു.

ഇന്റര്‍വെല്‍ സമയം ആയപ്പോള്‍ ആരും തിരിച്ചുപോയില്ല. അവിടെ തന്നെ നിന്നു. പഴയ ഒരുപാടു പിണക്കങ്ങളും മറ്റും ഓര്‍ത്തു. അതൊക്കെ ഓര്‍ക്കുമ്പോള്‍ അവരുടെ മനസ്സില്‍ നഷ്ടത്തിന്‍റെ നൊമ്പരങ്ങളാണ്‌. അന്ന് 4 വര്‍ഷം വെറുതെ ആവശ്യമില്ലാതെ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പിണങ്ങി, പിന്നെ പഠനം കഴിയുന്നതുവരെയും പരസ്പരം മിണ്ടാതിരുന്നു കാലം കഴിച്ചുകൂട്ടിയത് ഓര്‍ക്കുമ്പോള്‍ ഇപ്പൊ ദു:ഖം തോന്നുന്നു. അങ്ങനെ പിണങ്ങേണ്ട പ്രശ്നം ഒന്നും ഇല്ലായിരുന്നു എന്ന് ഇപ്പൊ എല്ലാര്‍ക്കും തോന്നുന്നു. ഇനി എന്തുപറയാന്‍? കാലം ഒരുപാടു കഴിഞ്ഞു . കാലം മായ്ക്കാത്ത മുറിവുകള്‍ ഇല്ല എന്ന് പറയാറുണ്ട്. ഇപ്പൊ ആര്‍ക്കും ആരോടും ഒരു പിണക്കവുമില്ല. അന്ന് പിണങ്ങിയവരൊക്കെ ഇപ്പൊ കെട്ടിപ്പിടിച്ചു നില്ക്കുന്നത് കാണാമായിരുന്നു...

അന്ന് ടീച്ചേഴ്സിനോട് അടിയുണ്ടാക്കിയവരെല്ലാം ഇപ്പൊ നോക്കിയപ്പോ ആ ടീച്ചേഴ്സിനോട് ചെന്നു നിന്നു വളരെ കാര്യമായി സംസാരിക്കുന്നു..! അന്ന് അറിവില്ലാത്ത കാലത്തു ഒരു ആവേശത്തിന്‍റെ പുറത്തു ചെയ്തതാണെന്നും മറ്റും ആരൊക്കെയോ വലിയ കാര്യമായി പറയുന്നതു കേട്ടു. അതൊക്കെ കേട്ട അവര്‍ ചിരിക്കുന്നുണ്ടായിരുന്നു. എന്നാലും കാലത്തിന്റെ കഴിവ് അപാരം തന്നെ...!

അങ്ങനെ ചിരിയും ബഹളവും മറ്റുമായി നമ്മള്‍ അടിച്ചുപൊളിച്ചു. ഉച്ച ഭക്ഷണം കഴിക്കാന്‍ സമയം ആയി. പക്ഷെ ആര്‍ക്കും ഒരു തിരക്കുമില്ല. അന്ന് ക്ലാസ്സ് സമയത്തു ഉച്ചഭക്ഷണം കഴിക്കാന്‍ വേണ്ടി സമയം എണ്ണി എണ്ണി നീക്കുമായിരുന്നു. ഇന്നു എല്ലാര്‍ക്കും എന്തുപറ്റി? അന്ന് ഉച്ചക്ക് ഭക്ഷണപ്പൊതി തുറക്കുമ്പോള്‍ തന്നെ നാലുവശത്ത് നിന്നും ഓരോരുത്തരായി ചാടിവീഴുമായിരുന്നു. ഇന്നു അതുപോലെ ആരെങ്കിലും ചെയ്യുമോ? എന്തായാലും ഭക്ഷണം റെഡി എന്ന് അവര്‍ വന്നു പറഞ്ഞതിന് ശേഷം ആയിരുന്നു ഞങ്ങള്‍ പോയത്.

പലര്‍ക്കും വീണ്ടും കണ്ടുമുട്ടിയതിന്‍റെ "എന്തോ ഒരു ഇത്" കാരണം ഭക്ഷണം കഴിക്കാന്‍ തോന്നിയില്ല. എന്നാലും ഫാമിലിയെ ഒഴിവാക്കി എല്ലാരും കൂടി ഒരുമിച്ചിരുന്നു പഴയതുപോലെ തന്നെ ഭക്ഷണം കഴിച്ചു. ആരും അടിപിടി കൂടാന്‍ വന്നില്ല. പിന്നെ എല്ലാരും ഭക്ഷണം കഴിഞ്ഞപ്പോ തിരിച്ചു ക്ലാസില്‍ എത്തി.

ഇനി അടുത്ത പരിപാടി നമ്മുടെ പഴയകാലത്തെ ഫോട്ടോകള്‍ കാണിക്കുന്നതായിരുന്നു. ആദ്യ സെമസ്റ്റര്‍ മുതലേ ഉള്ള ഫോട്ടോസ് കാണിച്ചു. പിന്നെ കുറെ വീഡിയോസ്. അന്ന് ക്ലാസ്സില്‍ കിടന്നു ബഹളം വയ്ക്കുന്നതും, അടികൂടുന്നതും, ഓണം ആഘോഷിക്കുന്നതും, ഓരോ പരിപാടികള്‍ അവതരിപ്പിക്കുന്നതും, ടൂറിനു പോയതുമെല്ലാം. അങ്ങനെ കുറെ സമയം അതെല്ലാം നോക്കി എല്ലാരും അല്‍ഭുതപ്പെട്ടിരുന്നു. അന്നത്തെ ചെറിയ ചെറിയ ഫ്രണ്ട്സ് ഗ്രൂപ്പുകളുടെ ഫോട്ടോസ് എല്ലാം കാണിച്ചു. അത് കാണുമ്പോള്‍ ഒരു കൊച്ചു കുഞ്ഞിനെ മഴവില്ല് കാണിക്കുമ്പോള്‍ ഉള്ളതുപോലെ ആയിരുന്നു. അത്രയ്ക്ക് അത്ഭുതമായിരുന്നു എല്ലാരുടെയും മുഖത്ത്.. കഴിഞ്ഞകാലം... അതൊക്കെ ഒരിക്കലും ഇനി തിരിച്ചുകിട്ടില്ല... അതൊക്കെ ഓര്‍ത്തപ്പോള്‍ വീണ്ടും ഒരു ചെറിയ ദു:ഖം... എല്ലാരെയും ഒരുമിച്ചു വീണ്ടും കാണാന്‍ കിട്ടിയ ഈ അവസരം... ഇനി എന്നാണു ഇതുപോലെ വീണ്ടും...?

പിന്നെ സമയം കുറേകൂടി കഴിഞ്ഞു ... സമയം വൈകുന്നേരം ആകുന്നു... എല്ലാരും ഒരുമിച്ചു കൂടിയിട്ടു ഇപ്പൊ 24 മണിക്കൂര്‍ ആകും... ഇതിനേക്കാള്‍ ഏറെ, അന്ന് നമ്മളെല്ലാം 4 വര്‍ഷങ്ങള്‍ ഒരുമിച്ചുകൂടിയതായിരുന്നു... അതൊക്കെ ഇന്നു ഓര്‍മ്മകള്‍ മാത്രമായി.. ഇനി ഇപ്പൊ ഈ 24 മണിക്കൂര്‍ മാത്രം. ഇനി അടുത്തത് ഒരു ഫോട്ടോ സെഷന്‍ ആണ് എന്ന് ആരോ പറഞ്ഞു. ഞങ്ങള്‍ എല്ലാരും റെഡി ആയി. പിന്നെ ഞങ്ങള്‍ അവിടത്തെ ഗ്രൗണ്ടില്‍ ഒരുമിച്ചു നിന്നു. ഒരാള്‍ വന്നു നമ്മുടെ ഫോട്ടോ എടുത്തു. അപ്പോഴേക്കും അവിടന്നും ഇവിടന്നുമായി കുറെയധികം ക്യാമറകള്‍ വന്നു. പിന്നെ അയാള്‍ എല്ലാത്തിലും ഫോട്ടോ എടുത്തു. ഫോട്ടോഗ്രാഫര്‍ ഫോട്ടോ എടുത്തു കഴിഞ്ഞു പോയപ്പോഴും എല്ലാരും ഒരുമിച്ചു തന്നെ നില്ക്കുന്നു.. എന്തുപറ്റി എല്ലാര്‍ക്കും? ആര്ക്കും പിരിയാന്‍ വയ്യ. ഒരു മടി... ഇനി അടുത്ത പരിപാടി കുടുംബത്തോടൊപ്പം വീടുകളിലേക്ക് തിരിച്ചു പോവുക എന്നതാണ്.

എല്ലാര്‍ക്കും എന്തോ ഒരു വിഷമം അനുഭവപ്പെട്ടു തുടങ്ങി.. ഞങ്ങള്‍ ഓര്‍ത്തു... 16 വര്‍ഷങ്ങള്‍ക്കു മുന്പേ, ഒരു ഓഗസ്റ്റ്‌ മാസം എല്ലാരും പിരിയുന്ന നേരത്ത് ഇതുപോലെ ഒരു വിഷമം എല്ലാര്‍ക്കും അനുഭവപ്പെട്ടിരുന്നു... പിരിയാന്‍ പോകുന്നതിന്‍റെ വിഷമം. എത്രകാലമാണ് നമ്മളെല്ലാം ഒരുമിച്ചു കൂടി ആഘോഷിച്ചിരുന്നത്.. അതുപോലെ ഈ കഴിഞ്ഞ ദിവസവും... ഇനി എന്നാണു വീണ്ടും ഇതുപോലെ ഒന്നിക്കുക? അറിയില്ല. ഒരുപക്ഷെ, സ്വന്തം കോളേജിലെ കൂട്ടുകാരെ പിരിയുന്നതാകും ഒരാളുടെ ജീവിതത്തിലെ ഏറ്റവും വിഷമം ഉള്ള കാര്യം... അതൊക്കെ അനുഭവിച്ചല്ലേ പറ്റൂ... അല്ലെ? അതാണല്ലോ ഈ കോളേജ് ലൈഫ്...

പിന്നെയും സമയം കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി കരച്ചില്‍ തുടങ്ങിയോ എന്ന് സംശയം.. ടീച്ചേഴ്സിനോട് യാത്ര പറയുമ്പോള്‍ ഉള്ളില്‍ ഒരു വിങ്ങല്‍ ഉണ്ടായിരുന്നു... എന്തുകൊണ്ടെന്ന് അറിയില്ല. പിന്നെ കൂട്ടുകാരോടൊക്കെ യാത്രപറഞ്ഞു ഓരോരുത്തരായി തിരിച്ചുപോകാന്‍ തുടങ്ങി.. ഫോണ്‍ വിളിക്കാം എന്നൊക്കെ എല്ലാരും പറയുന്നുണ്ടായിരുന്നു. പക്ഷെ ആരാണ് വിളിക്കുക? എല്ലാരും ജീവിതത്തിന്‍റെ തിരക്കുകളിലേക്ക് തിരിച്ചു പോകുകയാണ്... വീണ്ടും എന്ന് ഇതുപോലെ കണ്ടുമുട്ടും...? ആരും ഒന്നും പറഞ്ഞില്ല. ഇപ്പൊ ആര്‍ക്കും ഒന്നും സംസാരിക്കാന്‍ വയ്യ. എല്ലാരും കാറുകളില്‍ കയറുന്നു, പുറത്തു നോക്കി ബാക്കിയുള്ളവരെ കൈ വീശി കാണിക്കുന്നു, പിന്നെ പോകുന്നു... ജീവിതത്തിലേക്ക്... കാലത്തിലേക്ക് പോകുകയാണ് എല്ലാരും...

വീണ്ടും ഒരു ഒത്തുചേരല്‍ പ്രതീക്ഷിച്ചുകൊണ്ട് എല്ലാരും യാത്രയായി... ഇനിയും കാണാം എന്ന പ്രതീക്ഷയോടെ...

Monday, September 22, 2008

ടൂര്‍ എത്തിയല്ലോ...

നമ്മുടെ കോളേജില്‍ നമ്മുടെ ക്ലാസ്സ് ടൂര്‍ എത്തി... ഡല്‍ഹി, മണാലി, കുളു, ഗോവ എന്നീ സ്ഥലങ്ങള്‍ ആണ് പോകുന്നത്.. സെപ്റ്റംബര്‍ 30 ന്.. പക്ഷെ ഒരു കുഴപ്പം... ഡല്‍ഹിയില്‍ ബോംബ്. മണാലിയില്‍ മണ്ണിടിച്ചില്‍.. ഇനി ഗോവയില്‍ എന്താണോ എന്തോ...

എന്തായാലും ഈ ടൂര്‍ അടിച്ചു പൊളിക്കണം... കാരണം നമ്മുടെ ബി.ടെക് കോഴ്സ് ഈ വര്‍ഷം കൂടിയേ ഉള്ളു... പരമാവധി അടിച്ചുപൊളിക്കണം എന്നാണു ഞങ്ങളുടെ പ്ലാന്‍. ഒരു റിസ്ക് എടുത്താണ് പോകുന്നത്.. ഇപ്പൊ ഡല്‍ഹിയൊക്കെ പോകാന്‍ പേടി... എന്നാലും പോകും.. ഞങ്ങള്‍ എല്ലാം ഒരുമിച്ചു പോകും.. എന്ത് വന്നാലും ഞങ്ങള്‍ ഒരുമിച്ചു നേരിടും...

പന്ത്രണ്ടു ദിവസം ആണ് ടൂര്‍. അപ്പൊ ഒത്തിരി സഹിക്കേണ്ടിയിരിക്കുന്നു... ല്ലേ? സാരമില്ല.. വീട്ടില്‍ നിന്നും ദൂരെ മാറി സ്വന്തം കൂട്ടുകാരെ മാത്രം ആശ്രയിച്ചു ഒറ്റപ്പെട്ടും മറ്റും കഴിയുമ്പോള്‍ "സഹിക്കുക്ക" എന്നതിനേക്കാള്‍ ഏറെ "അനുഭവിക്കുക" എന്നതിനാണ് പ്രാധാന്യം. അത് അനുഭവിച്ചു 12 ദിവസം കഴിഞ്ഞെത്തുമ്പോള്‍ നമ്മുടെ ഇടയിലുള്ള സുഹൃദ് ബന്ധങ്ങള്‍ ഒരുപാട് ഉറയ്ക്കും... ഇനി പിരിയാനും മടിയാകും... എന്തൊക്കെ വന്നാലും അടുത്ത ഓഗസ്റ്റ്‌ മാസം എല്ലാരും പിരിഞ്ഞല്ലേ പറ്റൂ... ഇങ്ങനെയൊക്കെ ആണ് നമ്മുടെ കോളേജ് ജീവിതം... വരുന്നു, ഒന്നു ചേരുന്നു, ആഘോഷിക്കുന്നു, കളിക്കുന്നു, ചിരിക്കുന്നു, പിണങ്ങുന്നു, ഇണങ്ങുന്നു, അടികൂടുന്നു, അവസാനം കണ്ണീരോടെ എല്ലാരും പിരിയുന്നു... സ്വന്തം ജീവിതത്തിന്റെ കൂടുതല്‍ ആഴങ്ങളിലേക്ക് എല്ലാരും പോകുന്നു... അപ്പോള്‍ ആരൊക്കെ വീണ്ടും പഴയകാലത്തേക്ക് തിരിഞ്ഞു നോക്കുമെന്ന് കാത്തിരുന്നു കാണാം...

എന്തായാലും ടൂര്‍ നന്നായി ആഘോഷിക്കണം. അത് കഴിഞ്ഞു ടൂര്‍ യാത്രാവിവരണം ബ്ലോഗില്‍ ഇടണം എന്നുണ്ട്... എനിക്ക് ഭാഗ്യം ഉണ്ടെങ്കില്‍ തിരികെ വന്നതിനു ശേഷം യാത്രാവിവരണം ഇടാം... (അതുകഴിഞ്ഞ് നമ്മുടെ എസ്.കെ.പൊറ്റെക്കാട് എന്‍റെ ബ്ലോഗ് കണ്ടാല്‍ ചിലപ്പോ എന്നെ തല്ലിക്കൊല്ലും... എന്‍റെ ഒരു യാത്രാവിവരണം..! ഹമ്പടാ..)

അപ്പോള്‍, ടൂര്‍ കഴിഞ്ഞു തിരികെ വരുന്നതുവരെ ഒരു ചെറിയ ഇടവേള കാണും.. തല്‍ക്കാലം ബൈ...

Tuesday, September 09, 2008

ഓണം വന്നേയ്....



ഇതാ വീണ്ടും ഒരു പൊന്നോണം കൂടി വരവായി... ഓണം നമുക്കെല്ലാര്‍ക്കും ഒരു അടിപൊളി അനുഭവം തന്നെ... അല്ലേ...? ഓണക്കളികള്‍, ഓണപ്പാട്ട്, ഓണസദ്യ അങ്ങനെ അങ്ങനെ ഒരുപാടു രസകരമായ അനുഭവങ്ങള്‍... കുട്ടിക്കാലത്തേക്ക് തിരിച്ചുപോകാനുള്ള ഒരു 'nostalgic' ഓര്‍മ കൂടിയാണ് ഓണം. എത്രയെത്ര അനുഭവങ്ങളും ഓര്‍മകളും ആണ് ഓരോ ഓണവും നമുക്കു തരുന്നത്...

ഞാന്‍ കണ്ടുപിടിച്ച ഒരു വലിയ 'അത്ഭുതം' പറയട്ടെ...? കളിയാക്കരുത്... പറയട്ടെ...? നമ്മള്‍ ഓരോ ഓണം ആഘോഷിക്കുമ്പോഴും നമ്മള്‍ ഓരോ ക്ലാസ്സുകളില്‍ ആയിരിക്കും... നമ്മള്‍ പോലും അറിയാതെ. എന്താ, അത്ഭുതം അല്ലേ?

എന്തൊക്കെ ആയാലും, ഓണം മാറിക്കൊണ്ടിരിക്കുകയാണ്, മലയാളിയും... അതെല്ലാം എല്ലാര്‍ക്കും അറിയാം. അതൊക്കെ പറഞ്ഞു ഞാന്‍ നിങ്ങളെ ബോറടിപ്പികുന്നില്ല... എനിക്ക് മറ്റുള്ളവരെ ബോറടിപ്പിക്കാന്‍ ഇഷ്ട്ടമേയല്ല...

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍... എന്ന് പറയുമ്പോള്‍ തീരുന്നതാണോ ഓണം...? ആണോ..? അല്ലേ...? ആണോ...? ഓണം ഒരു 'ഓണം' തന്നെയാണ്.. അത് വര്‍ണിക്കാന്‍ വാക്കുകള്‍ ഇല്ലല്ലോ...

അല്ലാ, സദ്യവട്ടങ്ങള്‍ ഒരുക്കിയോ...? ഇല്ലെങ്കില്‍ ഇവിടെ ബ്ലോഗ് വായിച്ചുകൊണ്ടിരിക്കാതെ വേഗം പോയി വേണ്ട പരിപാടികള്‍ ചെയ്യൂന്നേ... ഓണം നമുക്കു കഴിയുന്നതുപോലെയൊക്കെ ആഘോഷിക്കാം. എന്താ..

Monday, September 01, 2008

ലാപ്ടോപ് സിനിമയിലെ പാട്ടു കേട്ടോ...?

എന്‍റെ ജന്‍മം എവിടേയ്ക്കോ... അറിയില്ല.... എന്നാലും എനിക്ക് ചിന്തിച്ചുകൂടാ എന്നൊന്നുമില്ലല്ലോ... ഞാന്‍ ആലോചിക്കുകയാണ്... എന്തുമാത്രം ദൂരം നാമെല്ലാം സഞ്ചരിച്ചു... എന്തെല്ലാം നേടി... ഒരായിരം ബന്ധങ്ങള്‍... അതിലേറെ എന്നെ മാറ്റിയത് ഞാന്‍ നേടിയ അനുഭവങ്ങള്‍ ആണ്...

ഇപ്പോള്‍ ഞാന്‍ പാട്ടു കേട്ടുകൊണ്ടിരിക്കുകയാണ്... "ലാപ്ടോപ്" എന്ന പുതിയ ചിത്രത്തിലെ പാട്ടുകള്‍... ഒരുപാടു നാളുകള്‍ക്കു ശേഷം ആണ് ഇത്രയധികം എന്‍റെ ഹൃദയത്തെ സ്പര്‍ശിച്ച പാട്ടുകള്‍ ഞാന്‍ കേള്‍ക്കുന്നത്... "ഏതോ ജലശംഖില്‍" എന്ന ഗാനം ഞാന്‍ ഒരുപാടു തവണ കേട്ടു. ഇപ്പോഴും കേള്‍ക്കുന്നു. ഒരുപാട് ഇഷ്ടമായി എനിക്ക് ആ ഗാനം... തികച്ചും ആര്‍ദ്രമായ പ്രണയത്തിന്‍റെ ആവിഷ്കാരം ആണ് ആ കവിത. സത്യത്തില്‍ ലാപ്ടോപ്പിലെ എല്ലാ ഗാനങ്ങളും ഒരു പ്രത്യേക മനസ്ഥിതിയില്‍ ഉള്ള കവിതകള്‍ ആണ്. "ഏതോ ജലശംഖില്‍" വളരെ വളരെ മനോഹരമായ ഒരു കവിത ആണ്. നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കണം എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം...

എന്നാലും ആ കവിതയുടെ ഭംഗി കാരണം അതിന്‍റെ വരികള്‍ ഇവിടെ എഴുതാന്‍ ഞാന്‍ നിര്‍ബന്ധിതനാവുകയാണ്... എന്‍റെ പ്രണയാവിഷ്കാര വികാരഗതികള്‍ എന്നും എനിക്ക് അതീതമായിരുന്നു... ഇന്നും... എന്നെ അത് മറ്റൊരു ലോകത്തെത്തിക്കുകയാണ്...

ഏതോ ജലശംഖില്‍, കടലായ് നീ നിറയുന്നു...
മരുഭൂവില്‍ മഴനീര്‍ത്തും നനവായ് നീ പടരുന്നു...
പറയാനായ് കഴിയാതെ, പകരാനായ് മുതിരാതെ,
തിരതൂവും നെടുവീര്‍പ്പില്‍, കടലാഴും ശ്രുതിയായി...
വെറുതേ.... വെറുതേ...

പാതിരാക്കാറ്റില്‍ ഏകയായ്, പോയ്മറഞ്ഞുവോ സൗരഭം...
ഏറെ നേര്‍ത്തോരീ തെന്നലില്‍, ഉള്‍ക്കനല്‍പൂക്കള്‍ നീറിയോ...
എകാന്തമാം അടരുകളില്‍, നീര്‍ച്ചാലുപോല്‍ ഒഴുകിവരൂ...
ആത്മാവിലെ ഗിരിനിരയില്‍, നിന്നുള്ളിലെ വെയില്‍ വിതറൂ...
ആഴങ്ങളിലൂടെ, നീളും വേരായ് പടരുമോ...

ഏതോ ജലശംഖില്‍, കടലായ് നീ നിറയുന്നു...
മരുഭൂവില്‍ മഴനീര്‍ത്തും നനവായ്...

ശ്യാമരാവിന്‍റെ കൈകളായ്, പേലവങ്ങളീ ചില്ലകള്‍...
ദൂരതാരക ജ്യോതിയാല്‍, കണ്ണുനീര്‍ക്കണം മായ്ക്കുവാന്‍...
കാതോര്‍ക്കുവാന്‍ പ്രിയമൊഴി, ശ്വാസങ്ങളാല്‍ പൊതിയു നീ,
ആരക്തമായി സന്ധ്യകള്‍, സ്നേഹാതുരം മറയുകയായ്,
കാണാമുറിവില്‍ ഹിമമായി നീ വീഴുമോ...

ഏതോ ജലശംഖില്‍, കടലായ് നീ നിറയുന്നു...
മരുഭൂവില്‍ മഴനീര്‍ത്തും നനവായ് നീ പടരുന്നു...
പറയാനായ് കഴിയാതെ, പകരാനായ് മുതിരാതെ,
തിരതൂവും നെടുവീര്‍പ്പില്‍, കടലാഴും ശ്രുതിയായി...
വെറുതെ.... വെറുതെ... വെറുതെ... വെറുതെ

ഈ കവിത കേള്‍ക്കുമ്പോള്‍ ഞാന്‍ പരിസരം മറക്കുകയാണ്... ഏതോ അനന്തമായ ഒരു വികാരത്തില്‍ ഞാന്‍ ലയിക്കുന്നു... എന്താണത്..? പ്രണയമാണോ..? നഷ്ടങ്ങളുടെ ഓര്‍മകളാണോ...? എന്‍റെ മനസ്സില്‍ പ്രണയത്തിന്‍റെ ഒരു തുള്ളി നീരെങ്കിലും അവശേഷിക്കുന്നുണ്ടാകും... അതുകൊണ്ടാണല്ലോ ഈ കവിത എന്നെ വികാരങ്ങളുടെ ഉയരങ്ങളില്‍ എത്തിക്കുന്നത്...

ഈ കവിതകളുടെ സംഗീതം തികച്ചും എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത തന്നെയാണ്. വരികള്‍ക്ക് ഇണങ്ങുന്ന, വളരെ സുന്ദരമായ സംഗീതം. എങ്ങനെ നോക്കിയാലും, ഈ കവിത ഈ ദിവസങ്ങളില്‍ എന്‍റെ വികാരങ്ങളെ നിയന്ത്രിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. ഞാന്‍ അതില്‍ ലയിക്കുകയാണ്... ആസ്വദിക്കുകയാണ്... ഞാന്‍ എവിടെയാണ്...?

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...