Thursday, November 04, 2010

ഹൈദരാബാദ് ടൂര്‍ - ചെറിയൊരു യാത്രാ വിവരണം...

ഒരുപാട് നാളുകളായി എന്തെങ്കിലുമൊക്കെ എഴുതിയിട്ട്. ഒന്നും എഴുതാന്‍ സമയം കിട്ടാറില്ല എന്ന് പറയുന്നതിലും ഭേദം "മടി" ആണ് എന്ന് പറയുന്നതാകും... ചില സമയത്ത് തിരക്കുകളില്‍ പെട്ട് പോകാറുണ്ട്, അപ്പോഴൊക്കെ കിട്ടുന്ന സമയമൊക്കെ മറ്റു പല പരിപാടികളും ആയിരിക്കും. ബ്ളോഗ് എഴുതാന്‍ അല്പം ക്ഷമ വേണമല്ലോ.... !

ഹൈദരാബാദ് ടൂര്‍ കഴിഞ്ഞു വന്ന് യാത്രാ വിവരണം ഒക്കെ എഴുതണമെന്നു വിചാരിച്ചു. പക്ഷെ അതിന്‍റെ  വലിപ്പം ഓര്‍ക്കുമ്പോള്‍ എഴുതാന്‍ ഒരു മടി. അതാണ്‌ പിന്നെയും പിന്നെയും വൈകിയത് തന്നെ. എന്നാലും ചെറിയൊരു വിവരണം എഴുതണമല്ലോ...

എന്തായാലും അന്ന് ഞാന്‍ കൊണ്ടുപോയ ഡയറി യില്‍ ഒന്നും എഴുതാന്‍ കൂടി കഴിഞ്ഞില്ല. 30 പിള്ളാരെ, അതും പല പല തരം കുട്ടികളെ, ഒറ്റക്ക് നയിച്ച്‌ കൊണ്ട് പോകണം. ഷോപ്പിംഗ്‌ കണ്ടാല്‍ ചാടിവീഴുന്നവര്‍, ബസിനു പുറത്തു പോലും ഇറങ്ങാത്തവര്‍, അങ്ങനെ പലവിധം. പക്ഷെ, സത്യം പറയാല്ലോ, പിള്ളാരൊക്കെ നല്ല കുട്ടികള്‍ ആയിരുന്നു. അവരുടെതായ ഒരു "എന്ജോയ്മെന്റ്റ്" ഉണ്ടായിരുന്നു. ആരും കുഴപ്പക്കാര്‍ അല്ല, എനിക്ക് ആരും തലവേദന ഉണ്ടാക്കിയതുമില്ല. എല്ലാം വളരെ "smooth" ആയിരുന്നു.

ആദ്യത്തെ യാത്ര - ഹൈദരാബാദ് വരെയുള്ള ട്രെയിന്‍ യാത്ര - അനുഭവങ്ങളുടെ യാത്ര. കേരളം വിട്ടു പുറത്തു എത്തുമ്പോള്‍ പിന്നെ വഴിയേ പോകുന്ന പശുവും കാളയും പോലും ട്രെയിന്‍ യാത്രക്കാരാകും. ഭിക്ഷക്കാര്‍, ഭരണ ഘടനയില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുള്ള ഹിജടകള്‍ അങ്ങനെ പലതും. (പ്രത്യേക പരിഗണന ഉള്ളതുകൊണ്ട് തന്നെ അവരെ ആരും ഉപദ്രവിക്കില്ല എന്ന് അവര്‍ക്കറിയാം. അത് മുതലെടുത്ത്‌ കാണിക്കുന്ന ശല്യം സഹിക്കാവുന്നതിലും അപ്പുറമാണ്.)

ഹൈദരാബാദില്‍ ഏറ്റവും പ്രധാനമായി കാണേണ്ട ചിലതാണ് - ബിര്‍ള ടെമ്പിള്‍ , ഗോല്‍കൊണ്ട ഫോര്‍ട്ട്‌ , ചാര്‍മിനാര്‍ , റാമോജി ഫിലിം സിറ്റി എന്നിവ.

ഗോല്‍കൊണ്ട ഫോര്‍ട്ട്‌ ആണ് ഏറ്റവും വലിയ ആകര്‍ഷണം എന്ന് തോന്നിയത്. (ചാര്‍മിനാര്‍ ഒക്കെ സിഗരറ്റ് കവറില്‍ എങ്കിലും കണ്ടിട്ടുണ്ടായിരുന്നു...)

ഗോല്‍കൊണ്ട എന്നത് പുരാതന കാലത്ത് ഹൈദരാബാദ് രാജാവ് പണികഴിപ്പിച്ച ഒരു കോട്ട ആണ്. ഒരു കോട്ട അല്ല, ഒരു വലിയ മല നിറയെ കോട്ടകളും കൊട്ടാരങ്ങളും. കാലപ്പഴക്കം കൊണ്ട് പലതും നാശമായി. എന്നാലും ശാസ്ത്രവും ശില്പകലയും ഒരുമിച്ചു സമന്വയിപ്പിച്ച ഒരു നിര്‍മാണ ശൈലി ആണ് ഗോല്‍കൊണ്ട. ഒരു മണ്ഡപത്തിന് താഴെ നിന്ന് കൈകൊട്ടിയാല്‍ അത് ഏഴു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രതിഫലിക്കുന്ന പ്രതിഭാസം, താഴത്തെ നിലയില്‍ നില്‍ക്കുന്ന തോഴിമാര്‍ സംസാരിക്കുന്നത് മുകളിലത്തെ നിലയിലെ രാജാവിന്റെ മണിയറയില്‍ കേള്‍ക്കുന്ന മെക്കാനിസം, അങ്ങനെ പലതും പലതും. ഒരു പഴഞ്ചന്‍ കോട്ട കാണാന്‍ ആരും വരുന്നില്ല എന്ന് പറഞ്ഞു കുട്ടികള്‍ പിന്‍വാങ്ങാന്‍ നോക്കി. പക്ഷെ നിര്‍ബന്ധിച്ചു  പിടിച്ചു കയറ്റി. തുടക്കം മുതല്‍ അവസാനം വരെ നടന്നു കാണുമ്പോള്‍ കുട്ടികള്‍ ഒന്നേ പറയുന്നുള്ളൂ - "Wooowww!!!, Wooooowwww!!!!! Great....!!! Wonderful...!!!!", അവര്‍ തന്നെ പറഞ്ഞു, ഇത് മിസ്സ്‌ ആയിരുന്നെങ്ങില്‍ ജീവിതത്തില്‍ വലിയൊരു കാഴ്ച തന്നെ മിസ്സ്‌ ആയിരുന്നേനെ എന്ന്.

പിന്നെ ബിര്‍ള ടെമ്പിള്‍ കണ്ടു - അത് പൂര്‍ണമായും മാര്‍ബിള്‍ കൊണ്ട് നിര്‍മിച്ച ഒരു വലിയ അമ്പലം ആണ്. പുരാതനമായ ഒന്നും തന്നെ അല്ല, എന്നാലും, അതിന്‍റെ മനോഹരമായ ശില്പ ഭംഗി ആണ് നമ്മളെ ആകര്‍ഷിക്കുന്നത്. അതിന്‍റെ മുകളില്‍ നിന്നാല്‍ ഹൈദരാബാദ് മുഴുവനും കാണാം.

ഞാന്‍ ഇതിനു മുന്‍പ് കണ്ട ഒരു കാര്യം മാത്രമേ നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മിസ്സ്‌ ആകാതെ കാണണം എന്ന് പറഞ്ഞിട്ടുള്ളൂ - താജ് മഹല്‍ . ഇനി ആ ലിസ്റ്റില്‍ ഒരെണ്ണം കൂടി - "റാമോജി ഫിലിം സിറ്റി"

"ഭൂമിയില്‍ ഒരു സ്വര്‍ഗം ഉണ്ടെങ്കില്‍ അത് റാമോജി ഫിലിം സിറ്റി ആണെന്ന്" ആരോ പറഞ്ഞതുപോലെ ഓര്‍ക്കുന്നു. സത്യമാണ്. സ്വര്‍ഗ്ഗ തുല്യമാണ് അവിടത്തെ കാഴ്ചകള്‍ . നമ്മുടെ ഭാരതത്തില്‍ ഇത്രയും ഭംഗി ഉള്ള ഒരു സ്ഥലം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. കണ്ടു കണ്ണ് തള്ളി എന്നേ പറയാന്‍ കഴിയൂ.

പല മലയാളം സിനിമകളിലും കണ്ട സ്ഥലം ആണ്. (ഉദയനാണ് താരം ഓര്‍ക്കുന്നില്ലേ..?)

സിനിമ നിര്‍മാണത്തിന് വേണ്ടി റാമോജി റാവു 1996 ഇല്‍ തുടങ്ങിയ ഫിലിം സിറ്റി ഇന്ന് 2000 ഏക്കര്‍ സ്ഥലത്ത് വിശാലമായി പറന്നു കിടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റുഡിയോ ആണ് റാമോജി ഫിലിം സിറ്റി. അതിനകത്ത് പലതരം വീടുകള്‍ , കാട്, മലകള്‍ , പൂന്തോട്ടങ്ങള്‍ , പാര്‍ക്ക്, ഹോട്ടല്‍ , എന്നുവേണ്ട, നമുക്ക് എന്തൊക്കെ വേണമോ, അതിന്‍റെ എല്ലാം സെറ്റ് ഇട്ടിട്ടുണ്ട്. 400 രൂപ ടിക്കറ്റ്‌ എടുത്താല്‍ അവരുടെ തന്നെ ബസില്‍ നമ്മളെ കൊണ്ടുപോകും. പിന്നെ അവിടെ എവിടെയെങ്കിലും ഇറക്കി വിടും. നമുക്ക് ഇഷ്ടമുള്ളിടത്ത് പോകാം, കാണാം, എന്തും ചെയ്യാം. കേറിയാല്‍ പിന്നെ ഇറങ്ങാന്‍ തോന്നില്ല... അതാണ്‌ കുഴപ്പം..!

പിന്നെ തിരികെ ബാംഗ്ലൂര്‍ എത്തി, അവിടെ പ്രത്യേകിച്ച് കാണാന്‍ തന്നെ ഒന്നും ഇല്ല. "ഷോപ്പിംഗ്‌" തന്നെ ആണ് പരിപാടി.

പിന്നെ തിരികെ കേരളത്തിലേക്കുള്ള യാത്ര ആയിരുന്നു... ടൂര്‍ എല്ലാരും ആസ്വദിച്ചു എന്നത് തന്നെ വലിയൊരു സന്തോഷം ആയിരുന്നു...

ഇത്രയൊക്കെ എഴുതാന്‍ കഴിഞ്ഞല്ലോ... ആശ്വാസമായി...!

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...