Showing posts with label സാഹിത്യം. Show all posts
Showing posts with label സാഹിത്യം. Show all posts

Saturday, October 27, 2012

(മിനിക്കഥ) - അഞ്ചു വര്‍ഷങ്ങള്‍


"പെട്ടെന്നൊരു ദിവസം കണ്ണ് തുറന്നു നോക്കുമ്പോള്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് എത്തി എന്ന് കരുതുക... അപ്പോള്‍ എന്താകും ചെയ്യുക?"

"എന്ത്????!!!" - ആ ചോദ്യം കേട്ട രാഹുല്‍ ഒരു ഞെട്ടലോടെ എഴുനേറ്റു. ലൈറ്റ്‌ ഇട്ടു. കണ്ണുകള്‍ തിരുമ്മി, കിടക്കയിലേക്ക് നോക്കി ... ഇല്ല, ആരുമില്ല. വെറുതെ തോന്നിയതാകും. സമയം നോക്കിയപ്പോള്‍ അതിരാവിലെ രണ്ട് മണി. എഴുനേറ്റ് പോയി ലാപ്ടോപ് ഓണ്‍ ചെയ്തു. കുറച്ചു പാട്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇട്ടു രാഹുല്‍ തിരികെ കട്ടിലില്‍ വന്നു കിടന്നു.

രാവിലെ എഴുനേറ്റ് അതിവേഗം തന്നെ ഓഫീസില്‍ പോകാന്‍ റെഡി ആയി. ഇന്ന് തന്റെ കരിയറിലെ ആദ്യത്തെ പ്രൊജക്റ്റ്‌ കമ്പ്ലീറ്റ്‌ ചെയ്യാനുള്ള ദിവസമാണ്. നേരത്തെ എത്തണം.

Wednesday, October 10, 2012

പുസ്തകവിചാരം : മധുപാലിന്‍റെ "ഫേസ്ബുക്ക്" ( നോവല്‍ )


"ഫേസ്ബുക്ക്" എന്ന നോവല്‍ 

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് ചലച്ചിത്രതാരവും, സംവിധായകനും, കഥാകൃത്തുമായ മധുപാല്‍ രചിച്ച "ഫേസ്ബുക്ക്" എന്ന നോവല്‍ പുറത്തിറങ്ങിയത്. മാതൃഭൂമി ബുക്സ്‌ ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവതരണത്തിലെ വ്യത്യസ്തത കൊണ്ടും, തലക്കെട്ടിലെ ആകര്‍ഷണം കൊണ്ടുമാണ് ഈ നോവല്‍ വാങ്ങാന്‍ തീരുമാനിച്ചത്. അങ്ങനെ തിരുവനന്തപുരത്ത് കനകക്കുന്നില്‍ നടന്ന മാതൃഭൂമി ബുക്സ്‌ഫെസ്റ്റില്‍ പ്രസ്തുത "ഫേസ്ബുക്ക്" വാങ്ങാനുള്ള അവസരം ഉണ്ടായി. വായിച്ചു കഴിഞ്ഞപ്പോള്‍ അതെക്കുറിച്ച് എന്തെങ്കിലും പറയണമല്ലോ.

ഫേസ്ബുക്ക് - നോവല്‍ - മധുപാല്‍


അതിരിക്കട്ടെ, എന്താണ് ഇത്ര പ്രത്യേകത?

നേരത്തെ പറഞ്ഞതുപോലെ, അവതരണത്തിലെ വ്യത്യസ്തത കൊണ്ടാണ് നോവല്‍ ശ്രദ്ധേയമാകുന്നത്. യഥാര്‍ത്ഥ ഫേസ്ബുക്കില്‍ കണ്ടുമുട്ടുന്ന, എന്നാല്‍ പരസ്പരം നേരിട്ട് കണ്ടിട്ടില്ലാത്ത ഒരുകൂട്ടം ആളുകളുടെ വാള്‍ പോസ്റ്റുകളും, അതിനെ തുടര്‍ന്ന് വരുന്ന കമന്റുകളും, തുടര്‍ പോസ്റ്റുകളും, പ്രൈവറ്റ് മെസ്സജുകളും ഒക്കെയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

Tuesday, September 18, 2012

(ചെറുകഥ) - "ഓ! മരണത്തിന്‍റെ തേരാളി, അല്ലെ?"

ആരുടേയും ഹൃദയത്തില്‍ ഒരു ഞെട്ടലുണ്ടാക്കുന്ന ആ സ്ഥിരം ശബ്ദത്തോടെ ഒരു ആംബുലന്‍സ് മെഡിക്കല്‍ കോളേജിന്റെ അത്യാഹിത വിഭാഗത്തിന് മുന്നില്‍ പാഞ്ഞെത്തി. ആംബുലന്‍സ് നിര്‍ത്തിയതും ആശുപത്രിയുടെ ഉള്ളില്‍ നിന്നും രണ്ടു നഴ്സുമാരും അറ്റന്‍ഡര്‍മാരും ഒരു സ്ട്രെച്ചറുമായി എത്തിയിരുന്നു. വര്‍ഷങ്ങളായി ഇതേ രംഗം അവര്‍ക്ക് മുന്നില്‍ ആവര്‍ത്തിക്കുന്നത്കൊണ്ടാകാം, നിര്‍വികാരതയോടെ അവര്‍ ആംബുലന്‍സ് നോക്കി നിന്നു. അതിനുള്ളില്‍ നിന്നും പുറത്തു വരുന്നത് ജീവനുള്ളതോ ഇല്ലാത്തതോ എന്ന് മാത്രം അറിയണം.

പെട്ടെന്ന് ഒരു അറ്റന്‍ഡര്‍ ആംബുലന്‍സിന്റെ ഡോര്‍ വലിച്ചു തുറന്നു. ഉള്ളില്‍ നിന്നും സ്ട്രെച്ചര്‍ പിടിച്ചു പുറത്തെടുത്തു - ചോരയില്‍ കുളിച്ച ഒരു പെണ്‍കുട്ടി - അനക്കമില്ലാതെ കിടക്കുന്നു. കൂടെ അച്ഛനും അമ്മയും എന്ന് തോന്നിക്കുന്ന, പ്രായമുള്ള രണ്ടുപേര്‍. അതെ, അച്ഛനും അമ്മയും ആയിരിക്കണം, അവര്‍ ആ പെണ്‍കുട്ടിയെ നോക്കി നിലവിളിച്ചു കരയുന്നുണ്ടായിരുന്നു.

നഴ്സുമാരുടെ സഹായത്തോടെ അവര്‍ ആ പെണ്‍കുട്ടിയെ സ്ട്രെച്ചറില്‍ കിടത്തി ഉള്ളിലേക്ക് കൊണ്ടുപോയി. നഴ്സുമാര്‍ ആ പെണ്‍കുട്ടിയുടെ ശരീരത്തിലെ ചോര തുടച്ചുനീക്കാന്‍ തുടങ്ങി. അപ്പോഴേക്കും ഡോക്ടര്‍ വന്നു.

Tuesday, August 28, 2012

ഓണാശംസകള്‍ - ഒപ്പം മലയാളത്തിലെ ആദ്യകാല ഓണപ്പാട്ടുകളും

അങ്ങനെ വീണ്ടും ഒരു ഓണം കൂടി വന്നെത്തി. പതിവുപോലെ, വസന്തത്തിന്റെയും പൂക്കളുടെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഒക്കെ ഉത്സവം തന്നെയാണ് ഓണം. ജാതിമത ഭേദങ്ങള്‍ ഒന്നുമില്ലാതെ നാമെല്ലാം കോളേജിലും ഓഫീസിലും വീടുകളിലും നാട്ടിലും പറമ്പിലും (പറമ്പിലോ? ആ അത് തന്നെ!) ഒക്കെ ഓണം ആഘോഷിക്കുന്നു. ഓണക്കാലത്തെ സന്തോഷം ഒന്ന് വേറെ തന്നെ.

സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ കണ്ടെത്തിയത് - ഓരോ ഓണത്തിനും നമ്മള്‍ ഓരോ ക്ലാസില്‍ ആയിരിക്കും. ഈ ഓണത്തിന് അഞ്ചാം ക്ലാസില്‍ ആണെങ്കില്‍ അടുത്ത ഓണം ആഘോഷിക്കുന്നത് ആറാം ക്ലാസില്‍ .. അങ്ങനെ ഇതുവരെ എത്തി. ഓരോ ഓണവും ഓരോ വര്‍ഷങ്ങള്‍ പിന്നിലാക്കിയാണ് എത്തുന്നതെന്ന് പലപ്പോഴും തോന്നാറില്ല. അല്ലെ.

പ്രിയപ്പെട്ട വായനക്കാര്‍ക്ക് ഈ പൊന്നോണത്തിന് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ :-)

Friday, August 10, 2012

(ചെറുകഥ) - "മുഖം വ്യക്തമല്ല"

"അളിയാ ദേ നോക്കെടാ, സൂപ്പര്‍ ആയിട്ടുണ്ട്‌ അല്ലേ?"

ജോബി തന്റെ കയ്യിലെ മൊബൈലില്‍ ഒരു വീഡിയോ ക്ലിപ്പ് പ്ലേ ചെയ്തു രാജേഷിനെ കാണിച്ചുകൊണ്ട് പറഞ്ഞു. രാവിലെ ഓഫീസില്‍ വന്ന ശേഷം ചായ കുടിക്കാന്‍ വേണ്ടി പുറത്തിറങ്ങിയതാണ് രണ്ടുപേരും.

കൌതുകത്തോടെ രാജേഷ് മൊബൈല്‍ വാങ്ങി നോക്കി.

"ഓ കൊള്ളാം, പക്ഷെ മുഖം വ്യക്തമല്ല... ഒന്ന് കളഞ്ഞിട്ടു പോടേയ്, വല്ല എച്ച്.ഡി. യും ഉണ്ടെങ്കില്‍ കാണിക്ക്..." - രാജേഷ് പുച്ഛത്തോടെ പറഞ്ഞു.

അപ്പോഴേക്കും അവരുടെ സീനിയര്‍ ആയ സുനില്‍ അവരുടെ നേരെ നടന്നുവന്നു. വന്നപാടെ സുനില്‍ ചോദിച്ചു - "ആരുടെ മുഖമാടാ വ്യക്തമല്ലാത്തത്???"

Sunday, July 29, 2012

(കുഞ്ഞുകഥ) - മഴയെ സ്നേഹിച്ച പെണ്‍കുട്ടി

മഴയെ സ്നേഹിച്ച പെണ്‍കുട്ടി.

ഓരോ തവണ മഴ പൊഴിയുമ്പോഴും അവള്‍ മതിമറന്നു സന്തോഷിച്ചു. ഓരോ തുള്ളി മഴയും അവളുടെ മനസ്സില്‍ ആയിരം മുത്തുകള്‍ വാരി വിതറി. മഴയില്‍ നനഞ്ഞു നില്‍ക്കാന്‍ അവളുടെ മനസ് എപ്പോഴും തുടിച്ചു. മഴ വരുന്നതും കാത്തു അവള്‍ പലപ്പോഴും മാനത്തു നോക്കിയിരുന്നു; സമയം പോകുന്നതറിയാതെ. അതെ, അവള്‍ മഴയെ അത്രയേറെ പ്രണയിക്കുകയായിരുന്നു.

മഴയെ സ്നേഹിച്ച പെണ്‍കുട്ടി, അവളെ ഒരു രാജകുമാരന്‍ പ്രണയിച്ചു.

പക്ഷെ അവള്‍ക്കു അപ്പോഴും ഇഷ്ടം മഴയോടായിരുന്നു. മഴയെ തനിക്കു സ്വന്തമാക്കണമെന്നു അവള്‍ കൂട്ടുകാരോടും ബന്ധുജനങ്ങളോടും പറഞ്ഞു. പക്ഷെ, "മഴയെ വരിക്കുകയോ? അതെങ്ങനെ?" എന്നുപറഞ്ഞു അവരെല്ലാം അവളെ കളിയാക്കി. മഴയെ അല്ലാതെ മറ്റാരെയും പ്രണയിക്കാന്‍ അവള്‍ക്കു കഴിയുമായിരുന്നില്ല.

Sunday, July 22, 2012

(ചെറുകഥ) - ദൈവത്തിന്‍റെ പൂച്ച!

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്...
അതായത് ... 2010 ലെ ഒരു മാര്‍ച്ച്‌ മാസം.

പതിവുപോലെ ജോലി കഴിഞ്ഞു ഓഫീസില്‍ നിന്നും വീട്ടിലേക്കുള്ള യാത്രയാണ് രംഗം. വൈകുന്നേരങ്ങളില്‍ എല്ലാപേരും ഓഫീസ്‌ വിട്ടു വരുന്ന സമയം ആയതിനാല്‍ ട്രാഫിക്‌ ജാം ഉറപ്പാണ്. മിക്കവാറും ജാമില്‍ പെട്ടാല്‍ പിന്നെ ചുറ്റുമുള്ള വാഹനങ്ങളുടെ നമ്പര്‍ കൂട്ടിയെടുക്കല്‍, വാഹനങ്ങളില്‍ ചെയ്തിട്ടുള്ള അലങ്കാരപ്പണികള്‍ ആസ്വദിക്കല്‍, ചുറ്റുമുള്ള കടകളുടെ മുന്നിലെ കണ്ണാടിപ്പെട്ടിയിലെ ലഡ്ഡു, ജിലേബി മുതലായവ നോക്കി വെള്ളമിറക്കല്‍, ബൈക്കില്‍ പെട്രോള്‍ ഉണ്ടോ എന്ന് കുലുക്കി നോക്കുക മുതലായവയാണ് ഒരു ടൈം പാസ്‌ ഉള്ളത്.

അന്നും പതിവുപോലെ ഒരു "ജാം" ദിവസം. മുന്നില്‍ നില്‍ക്കുന്ന പോലീസുകാരന്‍ വളരെ കഷ്ടപ്പെട്ട് വാഹനങ്ങള്‍ ഓരോന്നായി ജാമില്‍ നിന്നും ഊരിയൂരി വിടുകയാണ്. എതിരെ വരുന്ന വണ്ടികള്‍ പോകുന്നുണ്ട്. ഞാന്‍ അങ്ങനെ പതിയെ നീങ്ങുമ്പോള്‍, അതാ എന്റെ വലതു ഭാഗത്തുള്ള ട്രാക്കില്‍ ഒരു കാഴ്ച.

ഒരു പെണ്‍കുട്ടി ഹോണ്ടാ ആക്ടീവയില്‍ ആടിയാടി വരുന്നു... ഇപ്പൊ വീഴും... വീഴില്ല... എന്നപോലെയാണ് വരവ്. കൌതുകത്തോടെ ആ പെണ്കുട്ടിയെ നോക്കി നിന്നു. (അല്ലേലും നോക്കി നില്‍ക്കാന്‍ ഇതുപോലെ എന്തെങ്കിലും കിട്ടിയാല്‍ മതിയല്ലോ!) അപ്പോഴേക്കും ഹാന്‍ഡില്‍ വെട്ടിച്ചു വെട്ടിച്ചു ബാലന്‍സ് തെറ്റി നിന്ന ആ പെണ്‍കുട്ടിയുടെ അരികിലൂടെ വേറൊരുത്തന്‍ ബൈക്കില്‍ ഊളിയിട്ടു വന്നു "ശര്ര്‍ ..." എന്നപോലെ ഒറ്റ പാച്ചില്‍ ! അത് കണ്ടതും അവളുടെ ബാലന്‍സ് തെറ്റി റോഡിലേക്ക് മറിഞ്ഞു വീണു. കൂടെ ആക്ടീവയും.

ഞാന്‍ കിട്ടിയ അവസരം പാഴാക്കാതെ എന്‍റെ ബൈക്ക്‌ സ്റാന്‍ഡില്‍ ഇട്ടു വെച്ചിട്ട് ഡിവൈഡര്‍ ചാടിക്കടന്നു ആ പെണ്‍കുട്ടിയെ തറയില്‍ നിന്നും കൈപിടിച്ച് എഴുനേല്‍പ്പിച്ചു. വേറൊരാള്‍ വന്ന് അവളുടെ സ്കൂട്ടര്‍ എടുത്തു നേരെ വെച്ചു.

അവളെ എഴുനേല്‍പ്പിച്ച പാടെ എന്‍റെ മുഖത്ത് നോക്കി ആക്രോശിച്ചു - "എന്താടോ തന്‍റെ  മുഖത്ത് കണ്ണില്ലേ? എവിടെ നോക്കിയാ ഈ ചീറിക്കോണ്ട് പോകുന്നത്?"

എനിക്ക് ഒന്നും മനസിലായില്ല. ഞാന്‍ ഇതിനെ രക്ഷിക്കാന്‍ പോയതാണോ പ്രശ്നം? അതോ ദേഹത്ത് പിടിച്ചത് ആണോ കുഴപ്പം? അയ്യേ, അതിനു ഞാന്‍ വേറെ ഒന്നും വിചാരിച്ചിട്ട് അല്ലല്ലോ പിടിച്ചത്... രക്ഷിക്കാന്‍ അല്ലെ!!!

അവള്‍ പിന്നേം പറയുന്നു - "എടോ, ഒരു ബൈക്ക്‌ കിട്ടിയാല്‍ പിന്നെ എല്ലാം ആയി എന്ന് വിചാരിക്കരുത്... മറ്റുള്ളവര്‍ക്കും കൂടി റോഡില്‍ യാത്ര ചെയ്യാനുള്ളതാ..."

അപ്പോഴേക്കും റോഡിന്റെ മറുഭാഗത്ത് ഒരു ബഹളം. ഞാന്‍ റോഡിനു നടുവില്‍ പാര്‍ക്ക്‌ ചെയ്ത എന്‍റെ ബൈക്ക്‌ ആണ് ഇപ്പോള്‍ ജാം ഉണ്ടാക്കുന്നത്‌ ! അതിനു പിന്നാലെ കിടക്കുന്ന കുറെ കാറുകള്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കുന്നു. അതാ എന്‍റെ ബൈക്ക്‌ ലക്ഷ്യമാക്കി പോലീസ് വരുന്നു. ദൈവമേ!

ഇനി പോലീസ്‌ വന്ന് പരിശോധന വല്ലതും നടത്തി എനിക്ക് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നു കണ്ടുപിടിച്ചാല്‍ പിന്നെ പിഴ, പഴി, ധനനഷ്ടം, മാനഹാനി, ആകെ പണിയാകും. അതുകൊണ്ട് ആ പെണ്‍കുട്ടിയുടെ താങ്ക്സ് കേള്‍ക്കാന്‍ പോലും നില്‍ക്കാതെ ഞാന്‍ പെട്ടെന്ന് തന്നെ ഓടിവന്നു ബൈക്കില്‍ ചാടിക്കയറി. അപ്പോഴേക്കും നേരത്തെ ഹോണ്‍ മുഴക്കിയവന്മാര്‍ എന്നെ തുറിച്ചു നോക്കുന്നു.

"ഒരു പെണ്‍കുട്ടി മറിഞ്ഞു വീണത്‌ കണ്ടിട്ട് നിനക്കൊന്നും വിഷമം ഇല്ലെടാ തെണ്ടികളെ..." എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു യാത്ര തുടര്‍ന്നു. ഇടയ്ക്കു ആ പെണ്‍കുട്ടിയെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ അവള്‍ എന്നെ നോക്കുന്നത് കണ്ടു.

കുറേക്കഴിഞ്ഞാണ് അവളുടെ ആക്രോശം എന്തിനായിരുന്നു എന്നെനിക്ക് മനസിലായത്. ഞാനാണ് ആ ബൈക്കില്‍ ചീറിപ്പാഞ്ഞു ചെന്ന് അവള്‍ടെ ബാലന്‍സ് തെറ്റിച്ചു തള്ളിയിട്ടത് എന്ന് അവള്‍ വിചാരിച്ചുകാണും! പക്ഷെ ഇനി എങ്ങനാ ഒന്ന് പറഞ്ഞു മനസിലാക്കുക..! ആ പോട്ട്...! റോഡ്‌ ആകുമ്പോ ഇതുപോലെ പലതും കേള്‍ക്കേണ്ടിവരും... പോട്ട് പോട്ട്..!

***       ****       ****

കുറച്ചു കാലങ്ങള്‍ക്കു ശേഷം.
കൃത്യമായി പറഞ്ഞാല്‍ 2010 ജൂണ്‍ മാസം.

അന്നൊരു ഞായറാഴ്ച ആയിരുന്നു. മിക്കവാറും ഞായറാഴ്ചകളില്‍ കൂട്ടുകാരുടെ കൂടെ കറങ്ങി നടക്കാറുണ്ട്. ജോലിക്കിടയില്‍ കിട്ടുന്ന അവധി ദിനങ്ങള്‍ ആസ്വദിക്കുക എന്നതാണ് നമ്മുടെ നയം. അങ്ങനെ അന്നും ഒരു സിനിമ ഒക്കെ കണ്ടു കൂട്ടുകാരുടെ വീട്ടിലൊക്കെ പോയി ചെറിയ ക്രിക്കറ്റ്‌ ഒക്കെ കളിച്ചു. (എനിക്ക് പണ്ടേ ക്രിക്കറ്റ്‌ കളിയോട് താല്പര്യം ഇല്ലാത്തതുകൊണ്ട് എനിക്കായിരിക്കും എന്‍റെ ടീമിലെ ആദ്യ ബാറ്റിംഗ്. ആദ്യ ബോളില്‍ തന്നെ ഞാന്‍ ഔട്ട്‌ ആയാല്‍ പിന്നെ ബാക്കിയുള്ളവര്‍ക്ക് നല്ലപോലെ പ്ലാന്‍ ചെയ്തു കളിക്കാമല്ലോ!)

ഏകദേശം ഇരുട്ടിത്തുടങ്ങിയപ്പോള്‍ ഞാന്‍ വീട്ടിലേക്കു യാത്രയായി. കണ്ണാടി പോലത്തെ കേശവദാസപുരം - വെഞ്ഞാറമൂട് എം.സി റോഡില്‍ ചീറിപ്പാഞ്ഞു ബൈക്ക്‌ ഓടിക്കാന്‍ തോന്നുമെങ്കിലും നിങ്ങള്‍ കരുതിയതുപോലെ ഞാന്‍ ചീറിപ്പാഞ്ഞില്ല. കാരണം കെ. എസ്. ആര്‍ .ടി. സി യോടുള്ള ഭയഭക്തി ബഹുമാനവും, മരുഭൂമിയിലെ മരുപ്പച്ച പോലെ അപ്രതീക്ഷിതമായി അവിടവിടെ കാണപ്പെടുന്ന ഗട്ടറും തന്നെയാണ്. അതുകൊണ്ട് അധികം വേഗത്തിലല്ലാതെ ഒരു നാല്‍പ്പത് - അമ്പതു പിടിച്ചു ബൈക്ക്‌ ഓടിക്കുകയാണ്.

പക്ഷെ, എത്രയൊക്കെ സൂക്ഷിച്ചാലും, ലവനുണ്ടല്ലോ ലവന്‍ - "വിധി" എന്ന് എല്ലാരും പറയുന്ന അവന്‍ - അത് പൂച്ചയായും വരും!

ഒരു വളവില്‍ ചരിഞ്ഞു വളഞ്ഞു വരുകയാണ്. വളവില്‍ ചരിയുമ്പോള്‍ ഒക്കെ പണ്ട് സ്കൂളില്‍ ലളിത ടീച്ചര്‍ പഠിപ്പിച്ച "സെന്ററിഫ്യൂഗല്‍ ഫോഴ്സ്" ഓര്‍മവരും. അങ്ങനെ ഓര്‍ത്ത്‌ വളഞ്ഞതും എവിടെന്നോ ഒരു പൂച്ച മുന്നിലേക്ക്‌ ചാടി വീണു. റോഡിനു ഇരുവശവും ശ്രദ്ധയോടെ നോക്കി റോഡ്‌ മുറിച്ചുകടക്കുന്ന പട്ടികളെ പലപ്പോഴും കണ്ടിട്ടുണ്ട്. അതിന്റെ അത്രപോലും ബുദ്ധിയില്ലാത്ത ഈ പൂച്ച എന്‍റെ ബാലന്‍സ് തെറ്റിച്ചു എന്നെയും എന്‍റെ ബൈക്കിനെയും റോഡില്‍ തള്ളിയിട്ടു!

കുറെ ആളുകള്‍ ഓടിവന്നു എന്നെ പൊക്കിയെടുത്തു. കയ്യിലൊക്കെ നല്ലതുപോലെ പെയിന്റ് പോയി. കുനിഞ്ഞു നോക്കിയപ്പോള്‍ ജീന്‍സ്‌ കീറിയ കാല്‍മുട്ടില്‍ നിന്നും ചോര ധാര ധാരയായി...! അതുവരെ "ഏയ്‌ എനിക്ക് ഒന്നുമില്ല..." എന്ന് പറഞ്ഞു നിന്ന എന്‍റെ സകല ധൈര്യവും ചോര്‍ന്നുപോയി. കാല്‍മുട്ടിന് നല്ല വേദനയും. പൊട്ടലോ മറ്റോ ഉണ്ടോന്ന് കൂടി നിന്നവര് സംശയം പ്രകടിപ്പിച്ചപ്പോള്‍ ഇനി ജീവിച്ചിട്ടു കാര്യമില്ലേ എന്നൊക്കെ തോന്നി!

അങ്ങനെ ഒരു കാറില്‍ ഞാന്‍ ആശുപത്രിയില്‍ എത്തി.

ഡോക്ടര്‍ വന്ന് നോക്കി. എക്സ്-റേ, സ്കാനിംഗ്‌, റേഡിയോ ടെസ്റ്റ്‌, യൂറിന്‍ ടെസ്റ്റ്‌, ബ്ലഡ്‌ ടെസ്റ്റ്‌, എലിസ ടെസ്റ്റ്‌ മുതലായ എന്തൊക്കെയോ ടെസ്റ്റുകള്‍ നടത്തി. ഈ സമയത്ത് ഞാന്‍ വീട്ടിലും കൂട്ടുകാരോടും സംഗതി വിളിച്ചു പറഞ്ഞിട്ട് അവിടത്തെ കട്ടിലില്‍ കിടന്നു.

അപ്പോഴേക്കും ഒരു നേഴ്സ് വന്ന് എന്‍റെ മുറിവ് കെട്ടാന്‍ തുടങ്ങി. അല്ലെങ്കിലും ഈ നേഴ്സ് സുന്ദരിമാരുള്ള ഹോസ്പിറ്റലില്‍ ഒരിക്കലെങ്കിലും പോയിക്കിടക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്! ഞാന്‍ ആ നേഴ്സിന്റെ മുഖത്തെക്ക് നോക്കി. ആ നേഴ്സ് എന്‍റെ മുഖത്തേക്കും നോക്കി.

എവിടെയോ കണ്ടു മറന്ന ഒരു മുഖം പോലെ എനിക്ക് തോന്നി. എവിടെയാ, ഓര്‍ക്കുന്നില്ല. ആ, ചിലപ്പോള്‍ വെറുതെ തോന്നുന്നതാകും.

പക്ഷെ... അതെ, സംഗതി നിങ്ങള്‍ ഊഹിച്ചതുപോലെ തന്നെ! കഥയുടെ ഒന്നാം ഭാഗത്ത് ഞാന്‍ റോഡില്‍ "തള്ളിയിട്ട" അവള്‍ ഇല്ലേ? അത് തന്നെ കക്ഷി!!!

അവള്‍ക്ക് എന്നെ കണ്ടപ്പോള്‍ മനസിലായി. "അന്ന് കഴക്കൂട്ടം ജങ്ങ്ഷനില്‍ വെച്ച്... ട്രാഫിക്‌ ജാമില്‍ ... ഹോണ്ട ആക്ടീവ... മറിഞ്ഞു വീണപ്പോ... പിടിച്ചു എഴുനേല്‍പ്പിച്ച ആളല്ലേ???" - അവള്‍ ചോദിച്ചു.

അപ്പോഴാണ്‌ സംഗതി എനിക്കും ക്ലിക്കിയത് !!! അന്ന് എന്നെ ചീറിക്കടിച്ച അവള്‍ അല്ലെ ഇത്? ഇന്ന് എന്നെ കുത്തിവെച്ചു ദേഷ്യം തീര്‍ക്കുമോ???

"എന്നോട് ക്ഷമിക്കണം, അന്ന് നിങ്ങളാണ് തള്ളിയിട്ടത് എന്നുകരുതിയാണ് അങ്ങനെ ദേഷ്യപ്പെട്ടത്... നിങ്ങളല്ല എന്ന് പിന്നെയാണ് മനസിലായത്... പെട്ടെന്നുള്ള ദേഷ്യത്തില്‍ അറിയാതെ എന്തൊക്കെയോ പറഞ്ഞതാണ്... സോറി" - അവള്‍ പറഞ്ഞു.

ഹമ്പടാ, എന്നെ തെറ്റിദ്ധരിക്കാന്‍ ഞാന്‍ പറഞ്ഞോ? എന്നിട്ടിപ്പോ സോറി ആണത്രേ സോറി! അടുത്ത കുറച്ചു കാലത്തേക്ക് അവളാണല്ലോ കുത്തിവെപ്പും മരുന്നും തരേണ്ടത്... അത് മാത്രമല്ല ഇനിയും പല ആവശ്യങ്ങള്‍ക്കായി ഈ ആശുപത്രിയില്‍ വരേണ്ടിവരും... അതൊക്കെ ഓര്‍ത്ത്‌ ഞാന്‍ പിന്നെ അധികം മിണ്ടാന്‍ പോയില്ല. അല്ല പിന്നെ!

***       ****       ****

പിന്നെയും കാലം കടന്നുപോയി.

രണ്ടു ആഴ്ചകള്‍ക്ക് മുന്‍പ്.
കൃത്യമായി പറഞ്ഞാല്‍ 2012 ജൂലൈ.

നേരത്തെ പറഞ്ഞതുപോലെ, അതേ ആശുപത്രിയില്‍ വീണ്ടും എത്തി.
ഇത്തവണ എന്‍റെ ഭാര്യയേയും കൊണ്ട് ഞാന്‍ വന്നതാണ്. വീട്ടുകാര്‍ കൂടെയുണ്ട്.

ഭാര്യയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചു. സിനിമയിലൊക്കെ കാണുന്നതുപോലെ ഞാന്‍ ലേബര്‍ റൂമിനു പുറത്തു ടെന്‍ഷന്‍ അടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയാണ്. പുകവലി ശീലം അല്ലാത്തതുകൊണ്ട് സിനിമയിലെ സീന്‍ പോലെ ചുണ്ടിലും വിരലിലുമായി മാറി മാറി പുകയുന്ന സിഗരറ്റ് ഇല്ല കേട്ടോ.

സമയം കടന്നു പോകുംതോറും ടെന്‍ഷന്‍ കൂടി വരുകയാണ്... ഒപ്പം മനസ് വിടാതെ പ്രാര്‍ഥിച്ചു വീട്ടുകാരും കൂടെയുണ്ട്... മാത്രമല്ല, കടിഞ്ഞൂല്‍ പ്രസവം ആണ്.

കുറച്ചു കഴിഞ്ഞപ്പോള്‍ ലേബര്‍ റൂമിന്റെ വാതില്‍ മെല്ലെ തുറന്നു ഒരു നേഴ്സ് പുറത്തേക്ക് നോക്കി. ഞങ്ങളെല്ലാരും ആകാംക്ഷയോടെ അവരുടെ മുഖത്തേക്ക് നോക്കി. പെട്ടെന്ന് അവര്‍ എന്നോടായി പറഞ്ഞു - "ഭാര്യ നിങ്ങളെ വിളിക്കുന്നു"

ഞാന്‍ ആകെ ടെന്‍ഷന്‍ ആയി. "എന്തെങ്കിലും കുഴപ്പം?" എന്ന് ചോദിച്ചുകൊണ്ട് ഞാന്‍ അകത്തേക്ക് കടന്നു. കൂടെ വീടുകാര്‍ വാതിലിലേക്ക് വന്നതും "ഒരാള്‍ മാത്രം മതി" എന്ന് പരുക്കന്‍ ശബ്ദത്തില്‍ പറഞ്ഞുകൊണ്ട് അവര്‍ വാതില്‍ അടച്ചു. എനിക്ക് കയ്യില്‍ ഇടാന്‍ ഒരു ജോഡി ഗ്ലൌസ് തന്നു. ഒപ്പം ഒരു പച്ച തൊപ്പിയും. ഞാന്‍ രണ്ടും ധരിച്ചു ഉള്ളിലേക്ക് കടന്നു.

അവള്‍ ബെഡില്‍ കിടക്കുകയാണ്... ഞാന്‍ പതിയെ അവളുടെ അടുത്തെത്തി. അവളുടെ കൈകളില്‍ പിടിച്ചതും അവള്‍ കണ്ണുകള്‍ തുറന്നു.

"ഏട്ടാ..." - അവള്‍ വിളിച്ചു. അവളുടെ കണ്ണുകളില്‍ തിളക്കം.

"പറയെടാ..." - ഞാന്‍ പറഞ്ഞു.

"ഏട്ടാ, ഏട്ടന്‍ ആഗ്രഹിച്ചതുപോലെ, നമുക്കൊരു സുന്ദരി വാവയെ കിട്ടി..." - സന്തോഷത്തോടെ അവള്‍ അത് പറഞ്ഞപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു.

ഞാന്‍ അവളുടെ കൈകള്‍ മുറുകെ പിടിച്ചു. അവളുടെ നെറ്റിയില്‍ ഞാന്‍ അമര്‍ത്തി ചുംബിച്ചു. സന്തോഷം കൊണ്ട് അവളുടെ കണ്ണുകള്‍ നിറയുന്നത് എനിക്ക് കാണാമായിരുന്നു. ഒരു ജന്മത്തിന്റെ കാത്തിരുപ്പ്... ഞങ്ങളുടെ മകള്‍ !

തൊട്ടിലില്‍ കിടത്തിയിരിക്കുന്ന എന്‍റെ ചോരയെ, ഞങ്ങളുടെ കുഞ്ഞിനെ, ഞാന്‍ നോക്കി. കൌതുകത്തോടെ ഞാന്‍ വിളിച്ചു - "മോളെ..."

കുഞ്ഞിനെ ഇപ്പോള്‍ എടുക്കാന്‍ പറ്റില്ലെന്ന് നേഴ്സ് പറഞ്ഞു. അത് മാത്രമല്ല, ഞാന്‍ കൂടുതല്‍ സമയം അവിടെ നില്‍ക്കുന്നത് ഇന്‍ഫെക്ഷന് കാരണമാകും എന്ന് പറഞ്ഞു. പുറത്തു കാത്തു നിന്നാല്‍ മതിയെന്ന് അവര്‍ പറഞ്ഞു.

ഞാന്‍ അവളെ നോക്കി ചിരിച്ചു. പുറത്തു നില്‍ക്കാം എന്ന് പറഞ്ഞ് തിരിഞ്ഞതും അവള്‍ എന്‍റെ കയ്യില്‍ പിടിച്ചു. എന്തോ പറയാനെന്നപോലെ.

"ഏട്ടാ, നമ്മുടെ മോള്‍ ... അവള്‍ക്കും നമുക്കൊരു ഹോണ്ട ആക്ടീവ വാങ്ങണ്ടേ?"

ഞാന്‍ ചിരിച്ചു. "അതേ... വേണം... വാങ്ങാം..." - ഞാന്‍ പറഞ്ഞുകൊണ്ട് ലേബര്‍ റൂമിനു പുറത്തേക്കിറങ്ങി.

പുറത്തിറങ്ങിയ എന്നെ എല്ലാപേരും കൂടി വളഞ്ഞു. എല്ലാപേര്‍ക്കും വിശേഷം അറിയാന്‍ തിടുക്കമായി. പക്ഷെ എന്‍റെ മനസ് വേറെ എവിടെയോ ആയിരുന്നു.

ഞാന്‍ ആലോചിച്ചു - അതേ, അത് ദൈവത്തിന്‍റെ പൂച്ചയായിരുന്നു!

 

Tuesday, July 10, 2012

(മിനിക്കഥ) "മോനെ, മനസ്സില്‍ ലഡ്ഡു പൊട്ടി!"

ശംഖുമുഖം ബീച്ചിലെ സാമാന്യം തിരക്കേറിയ ഒരു സായാഹ്നം.

കയ്യില്‍ ഒരു പൊതി കപ്പലണ്ടിയുമായി നമ്മുടെ കഥാനായകന്‍ മണലിലൂടെ നടക്കുകയാണ്. പേര് മനു. കുറേകാലം ബാംഗ്ലൂര്‍ ആയിരുന്നു. ഇപ്പൊ തിരുവനന്തപുരത്ത് ഒരു സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുന്നു.

മുന്‍പ് ഇതുപോലെ വായിനോക്കി കപ്പലണ്ടി തിന്നു നടക്കുമ്പോള്‍ കപ്പലണ്ടിയാണെന്ന് കരുതി ഒരു കല്ലെടുത്ത് കടിച്ച് പണി കിട്ടിയതുകൊണ്ട് ഇപ്പോള്‍ പൊതിയില്‍ നിന്നും എടുക്കുന്നത് കപ്പലണ്ടി തന്നെയാണ് എന്ന് ഉറപ്പുവരുത്തിയേ വായിലേക്കിടുള്ളൂ.

ശംഖുമുഖം തീരത്ത്‌ ശില്പി കാനായി കുഞ്ഞിരാമന്‍ കൊത്തിവെച്ച ജലകന്യകയെ നോക്കി അവന്‍ കുറേനേരം എന്തോ ആലോചിച്ചു നിന്നു. ഈ ലോകത്തില്‍ അവന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മനോഹരമായ ശില്‍പം! സായാഹ്നത്തിന്റെ ചുവപ്പില്‍ ജലകന്യകയ്ക്ക് അഴക്‌ കൂടിയോ എന്നൊരു സംശയം. അതിന്‍റെ തലയില്‍ ഇരിക്കുന്ന കാക്കയെ അവന്‍ അസൂയയോടെ നോക്കി. അടുത്ത തവണ ഇങ്ങോട്ട് വരുമ്പോള്‍ ഒരു തോക്കും കൊണ്ട് വരണം - ഒരൊറ്റ കാക്കയെ പോലും അവളെ തൊടാന്‍ അനുവദിക്കരുത്! അല്ല പിന്നെ!

പിന്നെ പതിയെ കടലില്‍ ബിയര്‍ പോലെ പതയുന്ന തിരകളെ ലക്ഷ്യമാക്കി അവന്‍ നടന്നു.

തീരത്തെ നനഞ്ഞ മണലില്‍ ചവിട്ടി നടക്കുമ്പോള്‍ പതിയുന്ന കാല്‍പ്പാടുകള്‍ നോക്കി അവന്‍ അങ്ങനെ പോകുമ്പോള്‍ ... പെട്ടെന്നാണ് അവന്‍റെ കണ്ണുകള്‍ ഒരു മുഖത്ത് ഉടക്കിയത് - "അത്... അത്... അശ്വതി അല്ലെ?! അതെ! അശ്വതി!!" - വേറാരുമല്ല, അവന്‍റെ പഴയ പ്രണയിനി!

കോളേജില്‍ രണ്ടുകൊല്ലം ജൂനിയര്‍ ആയിരുന്നു അവള്‍ . കുറേക്കാലം കോളേജില്‍ "ലൈനടിച്ചു" നടന്നതാണ്. ഒരിക്കല്‍ കോളേജിലെ സ്റെപ്പിനു താഴെനിന്നും ടീച്ചര്‍മാര്‍ രണ്ടിനേം കയ്യോടെ പൊക്കി. സംഗതി വീട്ടിലെത്തിച്ചു ആകെ നാറ്റിച്ചു കുളമാക്കി. അന്ന് മനസില്ലാ മനസോടെ പിരിഞ്ഞതാണ് രണ്ടുപേരും. അവന്‍ കോളേജ് വിട്ടു ബാംഗ്ലൂര്‍ പോയതിനുശേഷം അവളെ കണ്ടിട്ടില്ല. അവള്‍ ഇതാ വീണ്ടും!

ഒരുപക്ഷെ ദൈവം തന്നെ തിരുവനന്തപുരത്ത് തിരികെ എത്തിച്ചത് അവളെ ജീവിതത്തിലേക്ക് വിളിക്കാന്‍ വേണ്ടി ആയിരിക്കാം അല്ലെ???

"മോനെ... മനസ്സില്‍ ലഡ്ഡു പൊട്ടി!"

അവന്‍ അല്പം സ്പീഡില്‍ നടന്ന് അവളുടെ അടുത്തെത്തി, വിളിച്ചു - "അശ്വതീ... അച്ചൂ...!"

വിളികേട്ടതും അശ്വതി തിരിഞ്ഞുനോക്കി. അവനെ കണ്ടതും അവളുടെ മുഖം വിടര്‍ന്നു. "മന്വേട്ടാ... നിങ്ങളോ? എന്താ ഇവിടെ?" - അവള്‍ ചോദിച്ചു.

"ഒന്നുമില്ല അച്ചൂ... വെറുതെ കറങ്ങാന്‍ ... ആട്ടെ, എന്തുണ്ട് വിശേഷം? നിന്‍റെ കല്യാണം??"

"കല്യാണമൊന്നും ആയില്ല ഏട്ടാ..."

മോനെ... മനസ്സില്‍ മറ്റൊരു ലഡ്ഡു പൊട്ടി!!!

"വീടുകാര്‍ കല്യാണമൊന്നും ആലോചിക്കുന്നില്ലെ അച്ചൂ?"

"ഇല്ലാ.. അവര്‍ കല്യാണം ഒന്നും ആലോചിക്കുന്നില്ല..."

മോനെ...!!! വീണ്ടും വീണ്ടും ലഡ്ഡു പൊട്ടുന്നൂ...!!!

"അപ്പൊ... കല്യാണം കഴിക്കണ്ടേ???"

(അവള്‍ നാണത്തോടെ) - "ഹും... വേണം!"

ഇത്തവണ തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്‌ ലഡ്ഡു കൊണ്ടാണോ നടത്തുന്നത് എന്ന് അവന്‍ സംശയിച്ചു. അത്രക്കും ലഡ്ഡു അവന്‍റെ മനസ്സില്‍ പൊട്ടുന്നുണ്ടായിരുന്നു.

നാണം കൊണ്ട് ചുവന്ന അവളുടെ കവിളുകള്‍ക്ക് മുന്നില്‍ ചുവന്ന സൂര്യന്‍ ഒന്നുമല്ല എന്ന് മനുവിന് തോന്നി. അവളുടെ കരിയെഴുതിയ കണ്ണുകളില്‍ തിളങ്ങുന്നത് എന്താണ്?!

"അച്ചൂ...! അച്ചൂ....!" - അല്പം ദൂരെയായി ഒരു വിളി കേട്ടു. അശ്വതി അങ്ങോട്ടേക്ക് നോക്കി.

അതാ ഒരാള്‍ കയ്യില്‍ രണ്ടു ഐസ്ക്രീമുമായി വരുന്നു. അവര്‍ക്കുനേരെയാണ് അയാള്‍ വരുന്നത്.

അടുത്തെത്തിയതും അയാള്‍ ഒരു ഐസ്ക്രീം അശ്വതിക്ക് നേരെ നീട്ടി. അശ്വതി അത് വാങ്ങി. ഇതെല്ലാം കണ്ടു വായും തുറന്നു നിന്ന മനുവിന്റെ നേരെ അയാളുടെ കണ്ണുകള്‍ നീണ്ടു.

"ആരാ അച്ചൂ ഇത്?" - കനത്ത ശബ്ദത്തില്‍ അയാളുടെ ചോദ്യം.

"ഓഹ്, അതോ, അത്.. കോളേജില്‍ സീനിയര്‍ ആയി പഠിച്ചിരുന്ന ചേട്ടനാണ്. പേര് മനു. പുള്ളിക്കാരന്റെ കല്യാണം ആയത്രേ! അത് പറഞ്ഞുകൊണ്ട് നില്‍ക്കുവാരുന്നു" - അവള്‍ പറഞ്ഞു.

അടുത്തതായി പൊട്ടാന്‍ വന്ന ലഡ്ഡു എട്ടുനിലയില്‍ ചീറ്റിപ്പോയി.

"വാവ്വ്...! കണ്ഗ്രാട്സ് മിസ്ടര്‍ മനു! വീ വിഷ് യൂ എ വെരി വെരി ഹാപ്പി മാരീഡ് ലൈഫ്! എന്ജോയ്യ് ...!" - അയാള്‍ മനുവിന്റെ കൈപിടിച്ച് കുലുക്കിക്കൊണ്ട് പറഞ്ഞു.

ആ കുലുക്കത്തില്‍ ഭൂമി മൊത്തത്തില്‍ കുലുങ്ങുന്നതായി മനുവിന് തോന്നി. "വീ" വിഷ് യൂ... അവിടെയാണ് മനുവിന്‍റെ ശ്രദ്ധ ഉടക്കിയത്. അയാള്‍ "വീ" എന്ന് പറയണമെങ്കില്‍ ... അയാള്‍ അച്ചുവിന്‍റെ...?

"മനു ചേട്ടാ, ഇത് ആനന്ദ്‌ മേനോന്‍, ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ്. അടുത്ത മാസം ഞങ്ങളുടെ എന്‍ഗേജ്മെന്‍റ് ആണ്. ചേട്ടന്‍ വരുമല്ലോ?" - അശ്വതി പറഞ്ഞു.

"ഓ... ആ... എ... ആ.... വരാം വരാം..." - ഒരു കൃത്രിമ ചിരി മുഖത്ത് വരുത്താന്‍ പ്രയാസപ്പെട്ടുകൊണ്ട് മനു പറഞ്ഞൊപ്പിച്ചു.

"ക്കേ, സീ യു ഗൈന്‍ മിസ്റ്റര്‍ മനൂ!...! ബൈ..!" - അതും പറഞ്ഞു അയാള്‍ അവളുടെ പുറകിലൂടെ കൈ ചുറ്റി അവളുടെ അരക്കെട്ടില്‍ മുറുകെ പിടിച്ചതു കണ്ടപ്പോള്‍ മനുവിന്‍റെ വയറ്റിനകത്ത് എന്തോ ഒരു മുറുക്കം അനുഭവപ്പെട്ടു.

അവര്‍ ഒരുമിച്ചു തോളോട് തോള്‍ ചേര്‍ന്ന് ദൂരേക്ക്‌ നടന്നകലുമ്പോള്‍ മനുവിന്‍റെ മനസിലാണോ അതോ ശംഖുമുഖം കടലിലാണോ കൂടുതല്‍ തിരയിളക്കം എന്ന് കണ്ഫ്യൂഷന്‍ .

അടുത്ത മാസം അവളുടെ എന്‍ഗേജ്മെന്‍റ്??? അപ്പൊ കല്യാണമൊന്നും ആലോചിക്കുന്നില്ല എന്ന് അവള്‍ പറഞ്ഞത്? മനു അവളുമായുള്ള സംഭാഷണം ഒന്ന് റീവൈന്‍ഡ് ചെയ്തുനോക്കി. അതെ. അതെയതെ. അവള്‍ ഇപ്പൊ കണ്ട ആജാനുബാഹുവായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായി ഇഷ്ട്ടത്തിലായി വീട്ടുകാര്‍ സമ്മതിച്ച് നടത്തുന്ന വിവാഹം ആണെങ്കില്‍ പിന്നെന്തിനാ വീട്ടുകാര്‍ വേറെ വിവാഹം ആലോചിക്കുന്നത്...! കൂടുതല്‍ ഒന്നും ആലോചിക്കാതെ ചാടിക്കേറി ലഡ്ഡു പൊട്ടിച്ച താനല്ലേ മണ്ടന്‍ ?

"പുല്ല്... അപ്പൊ ഞാന്‍ മനസ്സില്‍ പൊട്ടിച്ച ലഡ്ഡു മുഴുവനും വേസ്റ്റ് ആയല്ലോ..." എന്ന് പിറുപിറുത്തുകൊണ്ട് മനു ആ മണലില്‍ ആഞ്ഞു ചവിട്ടി.

പൊട്ടാതെ ബാക്കിവന്ന ലഡ്ഡു എല്ലാംകൂടി ഭദ്രമായി മനസിന്‍റെ ഒരു മൂലയില്‍ ഒതുക്കി അവന്‍ നടന്നു... തന്‍റെ അടുത്ത ലഡ്ഡുവിന് തിരി കൊളുത്താനുള്ള ആളെ അവന്‍റെ കണ്ണുകള്‍ തിരഞ്ഞുകൊണ്ടേയിരുന്നു.

അങ്ങ് ദൂരെ, പകല് മുഴുവന്‍ എരിഞ്ഞുനിന്ന സൂര്യന്‍ പതിയെ കടലിലേക്ക്‌ താഴുന്നുണ്ടായിരുന്നു.

 

Sunday, July 01, 2012

പ്രിയസുഹൃത്തെ, നിന്‍റെ പ്രണയിനി സന്തുഷ്ടയാണ്.

അവന്‍ ഞങ്ങളെയെല്ലാം വിട്ടുപിരിഞ്ഞിട്ട് ഇന്ന് അഞ്ച് വര്ഷം തികയുകയാണ്. എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു അവന്‍. ഓരോ നിമിഷവും ചിരിക്കുന്ന, ചിരിപ്പിക്കുന്ന മനസായിരുന്നു അവന്. സുഹൃത്തെ, നീ ഇപ്പോഴും എന്‍റെ മനസ്സില്‍ ജീവിക്കുകയാണ്. നിന്റെ ഹൃദയം ഇപ്പോഴും എന്‍റെ ഉള്ളില്‍ തുടിക്കുന്നുണ്ട്. അത് നില്‍ക്കുമ്പോള്‍, ഞാനും നിന്റെ അടുത്തെത്തും.

---------------------------------------------

ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2003 - അന്ന് ഞങ്ങളെല്ലാം പ്ലസ്‌-ടു വിനു ചേര്‍ന്ന സമയം. അവിടെയാണ് ഞാന്‍ വിശാഖിനെ (യഥാര്‍ത്ഥ പേരല്ല) ആദ്യമായി കാണുന്നത്. ആദ്യമായാണ് പലരെയും കാണുന്നത്. പരസ്പരം വീടും സ്ഥലവും പത്താം ക്ലാസ്സ്‌ പഠിച്ച സ്കൂളും ഒക്കെ ചോദിച്ചാണ് ഞങ്ങളുടെ ആദ്യ ദിവസങ്ങള്‍ കടന്നുപോയത്. മറ്റാരെയും പോലെ ഒരു അപരിചിതന്‍ മാത്രമായിരുന്നു വിശാഖ്‌ എനിക്ക്. എന്‍റെ തൊട്ടു മുന്നിലെ ബെഞ്ചിലാണ് അവന്‍ ഇരുന്നത്. സ്വാഭാവികമായും കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ പലരും പരിചിതരായി. പിന്നെ ഞങ്ങള്‍ക്കിടയില്‍ പല വിഷയങ്ങളും സംഭാഷണങ്ങളും കടന്നുവന്നു.

വിശാഖും ഞാനും പല കാര്യങ്ങളിലും ഒരേ അഭിപ്രായക്കാര്‍ ആണെന്ന് ഞങ്ങള്‍ പതിയെ പതിയെ കണ്ടെത്തി. ഏതാണ്ട് സമാഭിപ്രായങ്ങളും ചിന്തകളും ഒക്കെയുള്ള ആളുകള്‍ കൂട്ടാകുന്നതുപോലെ, ഞാനും വിശാഖും പിന്നെ കുറച്ചു നല്ല കൂട്ടുകാരുമുള്ള ഒരു ചെറിയ "കൂട്ടം" തന്നെ ഞങ്ങള്‍ കണ്ടെത്തി. "കണ്ടെത്തി" എന്നല്ല, അതൊക്കെ അങ്ങനെ സംഭവിച്ചു എന്നുവേണം പറയാന്‍.

പല സ്ഥലങ്ങളില്‍ ജീവിച്ച ആളുകള്‍ ഏതോ ഒരു നിമിത്തം പോലെ ഒരിടത്ത് വന്നു ഒന്നുചേരുന്നതും, പരസ്പരം തിരിച്ചറിയുന്നതും, സുഹൃത്തുക്കള്‍ ആകുന്നതുമൊക്കെ ഒരു അത്ഭുതമാണ്. വിധിയുടെ ഒരുതരം മായാജാലം.

അങ്ങനെ വളരെ മനോഹരമായി ഞങ്ങളുടെ സൌഹൃദം പൂത്തുലഞ്ഞു സുഗന്ധം പരത്തി മുന്നോട്ടു പോകുന്നു. അന്ന് സ്കൂള്‍ വിട്ടാല്‍ പിന്നെ സംസാരിക്കാന്‍ ഇന്നത്തെ പോലെ ഫേസ്ബുക്കും ചാറ്റും മൊബൈലും ഒന്നുമില്ല. ആകെ ലാന്‍ഡ്‌ലൈന്‍ മാത്രം. അതായിരുന്നു അന്നത്തെ ഞങ്ങളുടെ "സോഷ്യല്‍ നെറ്റ്‌വര്‍ക്ക്". ഉച്ചക്ക് മീന്‍ പൊരിച്ചത് ഷെയര്‍ ചെയ്തു കഴിച്ചതും, ഉച്ച ഭക്ഷണം കഴിച്ചിട്ട് സ്ഥിരമായി അടുത്ത കടയില്‍ കയറി സിപ്‌-അപ്പ്‌ വാങ്ങിയതുമൊക്കെ ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍ക്കുന്നു. മനോഹരമായി ലവ് ലെറ്റര്‍ എഴുതാനും, അത് ആരുമറിയാതെ വല്ലവരുടെം ബാഗില്‍ ഇട്ടു അവരെ വട്ടാക്കാനും, ചൂയിന്ഗം ഊതിവീര്‍പ്പിച്ചു ബലൂണ്‍ പോലെ പൊട്ടിക്കാനുമൊക്കെ അവന് വല്യ ഇഷ്ടമായിരുന്നു. എപ്പോഴും സന്തോഷം മാത്രം. വിശാഖിന്റെ കൂടെ നടന്നാല്‍ സമയം പോകുന്നതെ അറിയില്ല!

വിശാഖിനെ ലൈന്‍ ഇടാന്‍ പെണ്‍കുട്ടികള്‍ പലരും ശ്രമിച്ചു. പക്ഷെ നടന്നില്ല. ഞങ്ങളുടെ വിശാഖേയ്‌, ആളു അത്രപെട്ടെന്നൊന്നും വലയുന്ന ടൈപ്പ് അല്ലായിരുന്നു. അവന്‍ പെണ്കുട്ട്യോളുടെ സൌന്ദര്യമോ കാശോ ഒന്നും കൊണ്ട് വീഴില്ല. ഞങ്ങളില്‍ പലരും നോക്കി കൊതിച്ച പല സുന്ദരിമാരും അവന്‍റെ പുറകെ നടന്നു വട്ടായതാണ് ഞങ്ങള്‍ കണ്ടത്. അവന്‍റെ സ്ഥാനത്ത് വേറെ വല്ലോരും ആയിരുന്നെങ്കില്‍ ഇതിനോടകം മിനിമം അഞ്ച് ലൈന്‍ എങ്കിലും പിടിച്ചേനെ എന്ന് ഞങ്ങള്‍ പറയുമായിരുന്നു!

എപ്പോഴും ചിരിയും കളിയും സന്തോഷവുമായി നടക്കുന്ന ഒരു കൌമാരക്കാരനോട് അതേ പ്രായമുള്ള ഏതു പെണ്‍കുട്ടിക്കും തോന്നാവുന്ന ഒരു ഇഷ്ടം - അതായിരുന്നു ഞങ്ങളുടെ കൂടെ പഠിച്ച ആതിരയെ (യഥാര്‍ത്ഥ പേരല്ല) അവനിലേക്ക് അടുപ്പിച്ചത്. ആതിരയ്ക്ക് അവനോടു കടുത്ത സൌഹൃദമാണോ അതോ പ്രണയമാണോ എന്നറിയാന്‍ വയ്യ. പക്ഷെ എനിക്ക് ഒന്നറിയാം, വിശാഖിന് അവളോട്‌ "എന്തോ ഒരിത്" തോന്നുന്നുണ്ട്... എന്നാലും അതൊന്നും വല്യ കാര്യമാക്കാതെ ഞങ്ങളുടെ സൌഹൃദം മുന്നോട്ടു പോയി. ഒപ്പം തന്നെ അവന്‍റെ "എന്തോ ഒരിതും" അവളുടെ "സ്നേഹവും" മുന്നോട്ടു തന്നെ പൊയ്ക്കൊണ്ടിരുന്നു.

പതിയെ പതിയെ അവന്‍ ഞങ്ങളുടെ കൈവിട്ടു അവള്‍ടെ കൂടെ പോകുമോ എന്നൊരു ഭയം ഞങ്ങള്‍ക്കുണ്ടായിരുന്നു. ആ ഭയത്തിനു ആദ്യത്തെ അപ്രൂവല്‍ കൊടുത്തുകൊണ്ട് അത് സംഭവിച്ചു - "വിശാഖ്‌ ലവ്സ് ആതിര" ...!

സൌന്ദര്യം, പണം - ഇതൊന്നിലും വീഴാത്ത അവന്‍ വീണത്‌ ആതിരയുടെ മനസ് കണ്ടിട്ടാണോ? ആയിരിക്കണം. അവള്‍ വെറുമൊരു ഒരു പൊട്ടിപെണ്ണ് ഒന്നുമല്ല. അവള്‍ക്ക് അവളുടെതായ കുറെ അഭിപ്രായങ്ങളും മറ്റും ഉണ്ട്. രാഷ്ട്രീയം ആയാലും കവിത ആയാലും അവള്‍ക്ക് നല്ല ഗ്രാഹ്യം ഉണ്ട്. നന്നായി നൃത്തം ചെയ്യുന്ന അവള്‍ കുറച്ചൊക്കെ എഴുതുകയും ചെയ്തിരുന്നു (എന്ന് അവന്‍ പറഞ്ഞു ഞങ്ങള്‍ക്കുള്ള അറിവാണ്). അവളുടെ മുന്നില്‍ തര്‍ക്കിക്കാന്‍ നിന്നാല്‍ പണി കിട്ടും. എന്നാല്‍ വിശാഖിന് ഇത്തരം കാര്യങ്ങളില്‍ വല്യ താല്പര്യവുമാണ്. മനപ്പൊരുത്തം തിരിച്ചറിഞ്ഞ അവര്‍ പരസ്പരം സ്നേഹിക്കാനും തുടങ്ങി.

ആതിര അതോടെ വല്യ പുള്ളിയായി. കാര്യം മറ്റൊന്നുമല്ല - വിശാഖ്‌ പ്രണയിക്കുന്ന ആ ഭാഗ്യവതി ആതിര ആണല്ലോ എന്ന അസൂയ ആണ് മറ്റു പെണ്‍കുട്ടികള്‍ക്ക്. അവന്‍റെ ചെറിയൊരു സൌഹൃദം എങ്കിലും കൊതിക്കാത്ത പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നില്ല, അപോ പിന്നെ അവന്‍റെ പ്രണയിനിയുടെ കാര്യമോ! അവള്‍ ആണ് ലോകത്തെ ഏറ്റവും ഭാഗ്യവതി!

ആതിരയുടെയും വിശാഖിന്റെയും പ്രണയം വളര്‍ന്നു. ഞങ്ങളോടുള്ള സൌഹൃദത്തിനിടയില്‍ അവളോടുള്ള പ്രണയം പങ്കിടാന്‍ അവന്‍ ബുദ്ധിമുട്ടുന്നത് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. സുഹൃത്തുക്കളും ആതിരയും അവനു വളരെ വിലപ്പെട്ടതാണ്. രണ്ടും അവനു ഒഴിവാക്കാന്‍ പറ്റാത്തതും. അവന്‍ സമാധാനമായി ഒന്ന് പ്രണയിച്ചോട്ടെ എന്ന് കരുതി ഞങ്ങള്‍ മുങ്ങാന്‍ ശ്രമിച്ചപ്പോള്‍ അത് കണ്ടുപിടിച്ചു "എനിക്ക് പ്രേമിക്കാന്‍ വേണ്ടി നീയൊക്കെ ഒഴിഞ്ഞുമാറും അല്ലേടാ?" എന്ന് ചോദിച്ചവനാണ് അവന്‍. എന്തായാലും, അവര്‍ തമ്മിലുള്ള ഇഷ്ടം ഞങ്ങളുടെ സൌഹൃദത്തില്‍ വിള്ളല്‍ വീഴ്ത്തിയില്ല എന്നത് വളരെ നല്ലൊരു കാര്യമായിരുന്നു.

കാലം പിന്നെയും കടന്നുപോയി. പ്ലസ്‌-ടു കഴിഞ്ഞ ഞങ്ങള്‍ പലവഴിക്കായി പിരിഞ്ഞു. ആതിരയും വിശാഖും ഞാനും എഞ്ചിനീയറിംഗിന് ചേര്‍ന്നു. മൂന്നുപേര്‍ക്കും മൂന്നു കോളേജില്‍ ആണ് അഡ്മിഷന്‍ കിട്ടിയത്. അപ്പോഴേക്കും ഞങ്ങള്‍ക്കെല്ലാം മൊബൈലും ആയി. പിന്നെ മൊബൈല്‍ വഴിയായിരുന്നു വിളിയും സംസാരവും. ഞങ്ങള്‍ ആദ്യവര്ഷം പഠിക്കുമ്പോള്‍ ആണ് "ഓര്‍ക്കുട്ട്" അറിയപ്പെട്ടു തുടങ്ങുന്നത്. പിന്നെ ഞങ്ങള്‍ ഓര്‍ക്കുട്ടില്‍ ചേക്കേറി. അവിടെയും ഞങ്ങളുടെ സൌഹൃദവും അവന്‍റെ പ്രണയവും തകൃതിയായി പോകുന്നുണ്ട്. പഠനവും സപ്ലികളും എല്ലാം അറിയുന്ന എഞ്ചിനീയറിംഗ് ലോകം. അവിടെയും വിശാഖിനെ ചാക്കിടാന്‍ പെണ്‍കുട്ടികള്‍ ശ്രമിച്ചെന്ന് കേട്ടു. പക്ഷെ ആതിരയെ വിട്ടു അവനു യാതൊരു കളിയുമില്ല എന്ന് ഞങ്ങള്‍ക്കെല്ലാം ഉറപ്പായിരുന്നു.

ഞങ്ങള്‍ എഞ്ചിനീയറിംഗ് രണ്ടാം വര്ഷം ആയപ്പോള്‍ അവനൊരു ബൈക്ക്‌ വാങ്ങി. ഇനി നിങ്ങള്‍ക്ക്‌ ഊഹിക്കാം.

ഒരുദിവസം നല്ല മഴയുള്ള രാത്രിയില്‍ ശംഖുംമുഖം എയര്‍പോര്‍ട്ട് റോഡിലൂടെ ബൈക്കില്‍ വരുകയായിരുന്നു അവന്‍. ഒരിക്കലും പരിധി വിട്ട സ്പീഡില്‍ അവന്‍ ഓടിക്കില്ല. അതിനുള്ള വിവേകമൊക്കെ അവനുണ്ട്. പക്ഷെ നനഞ്ഞ റോഡും എതിരെ വന്ന വണ്ടികളുടെ ഹെഡ്ലൈറ്റും അവന്‍റെ നിയന്ത്രണം തെറ്റിച്ചു. വിധിയുടെ വിളി പോലെ, ബൈക്ക്‌ കൈവിട്ട അവന്‍ റോഡിലേക്ക് തെന്നി വീണു. ഹെല്‍മെറ്റ്‌ വെച്ചിരുന്നെങ്കില്‍പ്പോലും തലയില്‍ നല്ല ഇടി ഏറ്റിരുന്നു. റോഡില്‍ രക്തം വാര്‍ന്നു കിടന്ന അവനെ പെട്ടെന്ന് തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചു.

രണ്ടു ദിവസം കഴിഞ്ഞാണ് അവനു ബോധം വീണത്‌. തലയ്ക്കു ഏറ്റ ഇടിയില്‍ തലച്ചോറിനു ക്ഷതമുണ്ടെന്നും ശരീരത്തിന്‍റെ വലതുഭാഗം സ്വാധീനം ഇല്ലായെന്നും ഡോക്ടര്‍ പറഞ്ഞു. ചിലപ്പോള്‍ ആളുകളെ തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. അതു മാത്രമല്ല, അധികം സംസാരിക്കാന്‍ കഴിയില്ല. ഞങ്ങള്‍ക്ക് അതൊരു വലിയ ഷോക്കായിരുന്നു. ഞാനും കുറച്ചു കൂട്ടുകാരും ആശുപത്രിയില്‍ അവനെ പോയി കണ്ടു. അവന്‍റെ അമ്മയും അച്ഛനും അനിയനും ഒരുപാട് കരയുന്നുണ്ടായിരുന്നു. ബൈക്ക്‌ വാങ്ങിക്കൊടുക്കാന്‍ തോന്നിയ നിമിഷത്തെ ശപിച്ച് അവന്‍റെ അമ്മ പലപ്പോഴായി പൊട്ടിക്കരഞ്ഞുകൊണ്ടിരുന്നു.

എത്രയൊക്കെ തിരിച്ചറിയാന്‍ കഴിയാതിരുന്നാലും എന്നെ അവന്‍ തിരിച്ചറിഞ്ഞേ പറ്റുള്ളൂ. എനിക്ക് അവനെ തിരികെ വേണം. എനിക്ക് മാത്രമല്ല, അവനെ മാത്രം സ്വപ്നം കണ്ടു കാത്തിരിക്കുന്ന ഒരു പെണ്ണുണ്ട്. അവള്‍ക്കും അവനെ തിരികെ വേണം.

അടുത്ത ദിവസം ഞാനും ആതിരയും കൂടി അവനെ കാണാന്‍ പോയി. കട്ടിലില്‍ കിടക്കുമ്പോഴും അവന്‍റെ മുഖത്ത് ചിരി ഉണ്ട്. ഞങ്ങളെ കണ്ടതും ആ ചിരി മങ്ങിയതുപോലെ തോന്നി. അവന്‍ ഞങ്ങളെ ആദ്യമായി കാണുന്നതുപോലെ. ആതിരയും എന്നെയും മാറിമാറി നോക്കി. ആതിര അവനെ കണ്ടതും വല്ലാതെ കരഞ്ഞു തുടങ്ങി. അവള്‍ അവന്‍റെ കൈ പിടിച്ചു ചേര്‍ത്തുവെച്ചു കരഞ്ഞു. തിരികെ വരാന്‍ അവനോടു കേണപേക്ഷിച്ചു. പക്ഷെ വിശാഖിന്റെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവുമില്ല. ഒരുപക്ഷെ അവന്‍ അവളെ ഭയക്കുന്നതുപോലെ തോന്നി.

അവന്‍ പതിയെ പതിയെ ചോദിച്ചു - "ആരാ....? ന്തിനാ ന്‍റെ കൈ പിടിക്കണേ?"

ആതിരയുടെ മനസ്സില്‍ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു.

"എന്താടാ നീ ചോദിച്ചേ? ഞാന്‍ ആരാന്നോ? നിന്‍റെ ആതിയെ നിനക്ക് അറിയില്ലെടാ?" - അത് ചോദിക്കുമ്പോള്‍ അവളുടെ കണ്ണുനീര്‍ അവന്‍റെ നെഞ്ചില്‍ ഇറ്റ് വീഴുന്നത് കണ്ടു.

"ഇല്ല.. ആരാ?.. ആരാ?" - ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവന്‍ ചോദിച്ചു. അവന്‍റെ മുഖത്ത് യാതൊരു വ്യത്യാസവുമില്ല. അവന്‍റെ കണ്ണുകള്‍ എന്റെ നേരെ നീണ്ടു.

ആതിര നിയന്ത്രണം വിട്ടു കരയാന്‍ തുടങ്ങി. കരച്ചില്‍ ഉച്ചത്തിലായപ്പോള്‍ നഴ്സ് വന്നു പുറത്തു നില്‍ക്കാന്‍ പറഞ്ഞു. ഞാന്‍ ആതിരയെ കൂട്ടി പുറത്തേക്കിറങ്ങി. അവളുടെ കരച്ചിലില്‍ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നു എനിക്കറിയില്ല. നിസ്സഹായനായി അവളുടെ കണ്ണുനീര്‍ നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. കുറേനേരം അവള്‍ കരഞ്ഞു. എന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. പക്ഷെ ഈ സമയത്ത് ഞാനും കൂടി കരഞ്ഞാല്‍ പിന്നെ ആതിര എന്ത് ചെയ്യും? എന്തൊക്കെയോ പറഞ്ഞു ഞാന്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

വിശാഖ്‌ ഇപ്പോള്‍ ആരെയും തിരിച്ചറിയാത്തത് ആണെന്നും, കുറച്ചുനാള്‍ കഴിഞ്ഞ് എല്ലാം മാറുമെന്നും ഞാന്‍ കൊടുത്ത വാക്കില്‍ അവള്‍ വീട്ടിലേക്കു പോയി.

പിന്നെയും രണ്ടു മാസത്തോളം ആതിരയും ഞാനും അവനെ സ്ഥിരമായി കാണാന്‍ പോയിരുന്നു. എന്തൊക്കെ ചെയ്തിട്ടും പറഞ്ഞിട്ടും ഞങ്ങളെ അവന്‍ തിരിച്ചറിയുന്നില്ല. അച്ഛനെയും അമ്മയെയും മാത്രമാണ് അവനു തിരിച്ചറിയാന്‍ പറ്റുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു.

ഇനി ഒരിക്കലും എന്റെ പഴയ വിശാഖിനെ തിരിച്ചുകിട്ടില്ല എന്ന സത്യം ഞാന്‍ മനസിലാക്കി. എനിക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അപ്പോള്‍ ആതിരയുടെ കാര്യം ഊഹിക്കാമല്ലോ. അവള്‍ പരീക്ഷകളില്‍ പരാജയപ്പെടാന്‍ തുടങ്ങി. അവള്‍ പഠനത്തില്‍ പിന്നോട്ട് പോവുകയാണെന്ന് മനസിലാക്കി. പക്ഷെ ആര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും!

രണ്ടു മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ അവനെ വീണ്ടും കാണാന്‍ പോയി. ഇപ്പോഴും വലിയ മാറ്റമൊന്നും ഇല്ലാന്ന് ഡോക്ടര്‍ പറഞ്ഞു. റൂമില്‍ ഞാനും അവനും മാത്രമായപ്പോള്‍ ഞാന്‍ അവന്‍റെ കട്ടിലിനടുത്തു പോയിരുന്നു. അവന്‍റെ കൈപിടിച്ച് ഞാന്‍ അങ്ങനെ ഇരുന്നു.

"ഡാ വിഷ്ണൂ, ഇനി നീ ആതിയെ ഇങ്ങോട്ട് കൊണ്ട് വരരുത് പ്ലീസ്‌...." - അത് അവന്‍റെ വായില്‍ നിന്ന് തന്നെയാണ് വീണത്‌!

ഞാന്‍ ഞെട്ടിപ്പോയി. എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവന്‍ എന്നെ തിരിച്ചറിഞ്ഞു. പെട്ടെന് തന്നെ ഡോക്ടറിനെ വിളിക്കാന്‍ ആണ് തോന്നിയത്, പക്ഷെ ഞാന്‍ അപ്പോഴാണ്‌ അത് ശ്രദ്ധിച്ചത് - ഇത്രയും നാള്‍ ആതിരയും അവന്‍ തിരിച്ചറിഞ്ഞിരുന്നു!

"എടാ വിശാഖാ, എന്താടാ നീ പറയുന്നേ? നീ അവളെ തിരിച്ചറിയാത്ത പോലെ അഭിനയിക്കുകയാണോ? നീ പറയെടാ... എനിക്ക് ഇപ്പൊ അറിയണം..."

അവന്‍റെ മുഖത്ത് മൌനം മാത്രം.

"എടാ, എടാ, നിന്‍റെ വിഷ്ണു അല്ലേടാ ചോദിക്കുന്നത്? നീ എന്തിനാ നിന്‍റെ ആതിയെ ഒഴിവാക്കാന്‍ ശ്രമിക്കുന്നത്? നിനക്ക് എന്താടാ? പറ വിശാഖാ..."

അവന്‍റെ കണ്ണുകളില്‍ കണ്ണീരിന്‍റെ തിളക്കം ഞാന്‍ കണ്ടു. അവന്‍ പറഞ്ഞു:

"ദേഹം തളര്‍ന്നു കിടക്കുന്ന ന്നെ ഇഷ്ടപെട്ട് സ്വീകരിച്ച് ജീവിതത്തില്‍ എനിക്കുവേണ്ടി അവള്‍ കഷ്ടപെടുന്നത് നിക്ക് സഹിക്കില്ലടാ... അവള്‍ നല്ല കുട്ട്യാ. അവള്‍ക്ക് എന്നെക്കാള്‍ നല്ലൊരു ആളെ കിട്ടണം... അതിനു ഞാന്‍ അവളെ ഒഴിവാക്കിയേ പറ്റുള്ളൂ..."

"അതിനു നീയെന്തിനാ അവളെ തിരിച്ചറിയാത്തത് പോലെ അഭിനയിച്ചത്...? അവളോട്‌ കാര്യം പറഞ്ഞാല്‍ പോരെ?" - എനിക്ക് അങ്ങനെ ചോദിക്കാനാണ് തോന്നിയത്.

"ഡാ, ഞാന്‍ അവളെ തിരിച്ചറിയുന്നുണ്ടെന്നു അവള്‍ക്ക് മനസിലായാല്‍ പിന്നെയും പിന്നെയും അവള്‍ എന്നെ സ്നേഹിക്കും. വേണ്ട വിഷ്ണൂ... അവള് ഇനി എന്നെ സ്നേഹിക്കണ്ട... അവള്‍ക്ക് വരാന്‍ പോകുന്ന നല്ലൊരു ജീവിതത്തില്‍ എന്നോടുള്ള സ്നേഹം ഒരിക്കലും ഒരു തടസമാകാന്‍ പാടില്ല."

വിശാഖ്‌ എന്ന വ്യക്തിയുടെ സ്ഥാനത്ത് ഞാന്‍ അപ്പോള്‍ കണ്ടത് ദൈവത്തെയാണ്. ഇത്രയും സ്നേഹം മനസ്സില്‍ കൊണ്ടുനടക്കുന്ന മനുഷ്യര്‍ ഈ ലോകത്ത് വേറെ ഉണ്ടാകുമോ? ഈശ്വരാ, നീ എന്തിനാണ് എന്‍റെ വിശാഖിനോട് ഇങ്ങനെ ചെയ്തത്? അവന്‍ എന്ത് തെറ്റാണ് നിന്നോട് ചെയ്തത്? ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചതോ? കുറെ സുഹൃത്തുക്കളെ സ്നേഹിച്ചതോ? എന്‍റെ കണ്ണുകള്‍ നനയുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.

ഞാന്‍ റൂമിനു പുറത്തിറങ്ങി ബാല്‍ക്കണിയില്‍ നിന്ന് ദൂരേക്ക്‌ നോക്കി നിന്നു. അവനു പകരമായി എന്‍റെ ജീവന്‍ എടുത്തുകൂടായിരുന്നോ എന്ന് ദൈവത്തോട് ചോദിച്ചു ഞാന്‍. എനിക്കറിയാം അവന്‍ ആതിരയെ എന്തുമാത്രം സ്നേഹിച്ചിരുന്നെന്ന്‍. അവനും അവളും ഒരുമിച്ചു കാണാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു.

എനിക്ക് തോന്നി, ദൈവത്തിന് വിശാഖിന്റെയും ആതിരയുടെയും സ്നേഹത്തോട് അസൂയ ആയിരുന്നെന്ന്.

---------------------------------------------

ആ സംഭവത്തിനു ശേഷം കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഹോസ്പിറ്റലില്‍ നിന്നൊരു വിളി വന്നു. വിശാഖിന്റെ തലച്ചോറില്‍ ഇന്‍ഫെക്ഷന്‍ ആയത്രേ! ഞാന്‍ ആദ്യമേ അവന്റെയടുത്ത് ഓടിയെത്തി. അവനെ കാണാന്‍ ആരെയും അനുവദിച്ചില്ല. സീരിയസ് ആണെന്ന് കേട്ടപ്പോള്‍ എനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. കരഞ്ഞു ഡോക്ടറുടെ കാലു പിടിച്ചു ഞാന്‍ അവനെ കാണാന്‍ അനുമതി വാങ്ങിച്ചു.

ചുറ്റും മരുന്ന് നിറച്ച കുഴലുകളും വയറുകളും കുറെയധികം യന്ത്ര സാമഗ്രികളും; അതിനു നടുവില്‍ പച്ച നിറമുള്ള പുതപ്പില്‍ എന്‍റെ വിശാഖന്‍ കിടക്കുകയാണ്. അവനു എന്നോട് എന്തോ പറയാനുണ്ടെന്ന് എന്‍റെ മനസ് പറഞ്ഞു. ഞാന്‍ അവന്‍റെ അടുത്തേക്ക്‌ പോയി. പ്ലസ്‌-ടു ക്ലാസുകളില്‍ ചിരിയുടെ പൂമഴ വിതറിയ എന്‍റെ വിശാഖന്‍ ആണ് ഈ കട്ടിലില്‍ വാടിയ പൂവുപോലെ കിടക്കുന്നതെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എന്‍റെ കണ്ണുകള്‍ നിറഞ്ഞു.

"വിശാഖാ...?" - ഇടറുന്ന തൊണ്ടയില്‍ എന്‍റെ ശബ്ദം തടഞ്ഞു നിന്നു.

മെല്ലെ കണ്ണുകള്‍ തുറന്ന അവന്‍ എന്നെ നോക്കി ചിരിച്ചു.

"ഡാ... നിക്ക് തല വല്ലാണ്ട് വേദനിക്കുന്നെടാ..."

അറിയാതെ ഞാന്‍ പൊട്ടിക്കരഞ്ഞു. രോഗിയെ ഇമോഷണല്‍ ആക്കരുതെന്നു ഡോക്ടറിന്റെ കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നതുകൊണ്ട് തിരിഞ്ഞു നിന്നു കര്ചീഫ്‌ എടുത്തു കണ്ണുനീര്‍ തുടച്ചു ഞാന്‍ അവനു നേരെ തിരിഞ്ഞു.

"പറ വിശാഖാ..."

അവന്‍റെ തൊണ്ടയില്‍ നിന്നും ശബ്ദം വരുന്നുണ്ടായിരുന്നില്ല. എന്നാലും അവന്‍ പറഞ്ഞത് എനിക്ക് മനസിലായി.

"എടാ വിഷ്ണൂ... ഞാന്‍ അധികകാലം പോകുമെന്ന് തോന്നണില്ല... നിക്ക് ആതിയെ കാണാന്‍ തോന്നുന്നെടാ..."

എനിക്ക് അവന്‍റെ കൈകള്‍ പിടിച്ചു ചേര്‍ന്നു നിന്നു കരയണമെന്നുണ്ടായിരുന്നു. പക്ഷെ അവനെ തൊടാന്‍ പോലും അനുവാദമില്ല എനിക്ക്.

ഡോക്ടര്‍ വന്നു എന്നെ നോക്കി പുറത്തേക്ക് പോകാന്‍ ആംഗ്യം കാണിച്ചു. എനിക്ക് ഇനി അവനെ ഇതുപോലെ കാണാന്‍ കഴിയില്ലാന്നു മനസിലായി. നാല് വര്‍ഷങ്ങള്‍ നീണ്ട സൌഹൃദം വിട ചോദിക്കുന്നതുപോലെ തോന്നി.

"വിഷ്ണൂ, അവളെ നല്ലോരാള്‍ക്ക് കൊടുക്കണം... അവള് സന്തോഷമായിട്ട് ജീവിക്കണം... എന്നിട്ട് മാത്രമേ നീ എന്നെ കാണാന്‍ വരാവൂ..."

പിന്നെ അവിടെ നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഞാന്‍ തിരികെ വീട്ടിലെത്തി മുറിയടച്ച് കട്ടിലില്‍ കിടന്നു തലയിണയില്‍ മുഖമമര്‍ത്തി വിങ്ങിപ്പൊട്ടി.

പിറ്റേന്ന് അവന്‍റെ മരണവാര്‍ത്തയാണ് എന്നെ വിളിച്ചുണര്‍ത്തിയത്. ഞാന്‍ പോയില്ല. എനിക്ക് അവന്‍റെ ശരീരം കാണാന്‍ തോന്നീല്ല. അത്രതന്നെ. അവന്‍റെ ചടങ്ങുകള്‍ക്കൊന്നും ഞാന്‍ പോയില്ല. എനിക്ക് ഒന്നും കാണാന്‍ വയ്യ. ആളുകളുടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയാനും എനിക്ക് വയ്യ.

ആ ഷോക്കില്‍ നിന്നും കരകയറാന്‍ ഒത്തിരി സമയമെടുത്തു. അപ്പോഴെല്ലാം കോളേജില്‍ ഞാന്‍ ഒരു ഭ്രാന്തനെപ്പോലെ ആണ് പെരുമാറിയിരുന്നത്. ആര്‍ക്കും പിടികൊടുക്കാത്ത ഒരു ഭ്രാന്തനെപ്പോലെ. പിന്നെ എങ്ങനെയോ ഞാന്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തി.

അവന്‍റെ മരണവാര്‍ത്ത ആതിരയെ ആകെ പിടിച്ചുലച്ചു. അവള്‍ ഒരുപാട് നാളുകള്‍ ഭക്ഷണം കഴിക്കാതെ പിന്നിട്ടു. അവളുടെ വീട്ടില്‍ അവരുടെ പ്രണയം അറിയാമായിരുന്നോ എന്ന് എനിക്കറിയില്ല. പരീക്ഷകളില്‍ തോറ്റ അവള്‍ പതിയെ പതിയെ സങ്കടത്തില്‍ നിന്നും കരകയറാന്‍ തുടങ്ങി... പിന്നെ അവള്‍ എല്ലാം മറന്നു പഠിത്തത്തില്‍ ശ്രദ്ധയൂന്നി. പഠനം കഴിഞ്ഞ് ജോലിയും ആയി. മറ്റൊരാളെ അവള്‍ വിവാഹം കഴിച്ചു. ഇന്ന് അവള്‍ ഒരു അമ്മയാണ്. സന്തോഷത്തോടെ അവള്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു.

---------------------------------------------

പ്രിയ സുഹൃത്തെ, ഇതൊന്നും എഴുതണമെന്ന് കരുതിയതല്ല. പക്ഷെ ഇത്രയും കാലം ഞാന്‍ മനസ്സില്‍ കൊണ്ടുനടന്ന ഭാരം ഇവിടെ ഇറക്കി വെക്കുകയാണ്. നിന്‍റെ സ്നേഹം എല്ലാരും തിരിച്ചറിയണമെന്ന് തോന്നി. എഴുതിവെച്ചു.

ഈ രാത്രിയില്‍ തെളിഞ്ഞ ആകാശത്തേക്ക് നോക്കുമ്പോള്‍ നിന്നില്‍ എനിക്ക് കാണാം, നിന്‍റെ ആതിയുടെ സന്തോഷത്തിന്റെ തിളക്കം... അതെ സുഹൃത്തെ... നീ ആഗ്രഹിച്ചതുപോലെ, അവള്‍ ഇന്ന് സന്തുഷ്ടയാണ്.

നിനക്ക് ഇനിയും തിളങ്ങാം.

 

 

Wednesday, June 27, 2012

ഒരു ബള്‍ബിന്‍റെ ആത്മകഥ - അഥവാ നമ്മുടെയൊക്കെ ജീവിതം.

ഇതൊരു ബള്‍ബിന്‍റെ ആത്മകഥയാണ്. അവനെ തല്‍ക്കാലം നമുക്ക്‌ കുഞ്ഞുമോന്‍ എന്ന് വിളിക്കാം.

വളരെ പ്രശസ്തമായ ഒരു ബള്‍ബ്‌ കമ്പനിയുടെ ഫാക്ടറിയില്‍ നിന്നും പളപളാ മിന്നുന്ന പളുങ്ക് ശരീരവും ലോകത്തിനു വെളിച്ചമേകാന്‍ വെമ്പുന്ന മനസുമായി കുഞ്ഞുമോന്‍ പുറത്തിറങ്ങി. മനുഷ്യന്‍ ഭയക്കുന്ന ഇരുട്ടിനെ കീറിമുറിച്ചു പ്രകാശം പരത്തുവാന്‍ അവനു ധൃതിയായിരുന്നു. പരുപരുപ്പുള്ള പേപ്പര്‍ കുപ്പായമണിഞ്ഞ് നമ്മുടെ കുഞ്ഞുമോന്‍ അവന്‍റെ ലക്ഷ്യസ്ഥാനത്തേക്ക് പ്രതീക്ഷയോടെ യാത്രയായി. യാത്രയുടെ അവസാനം കുഞ്ഞുമോന്‍ ഒരു ഇലക്ട്രിക്‌ കടയുടെ അലമാരിയില്‍ എത്തിപ്പെട്ടു. തന്നെ ദത്തെടുക്കാന്‍ വരുന്ന ആളെയും കാത്തു കുഞ്ഞുമോന്‍ നാളുകള്‍ ചിലവഴിച്ചു. കൂടെയുള്ള ബള്‍ബുകള്‍ ഒക്കെയും കുഞ്ഞുമോനോട് യാത്രപറഞ്ഞു പിരിയുമ്പോള്‍ തന്‍റെ നമ്പര്‍ ഉടനെ വരും എന്നോര്‍ത്ത് കുഞ്ഞുമോന്‍ പ്രതീക്ഷയോടെ കാത്തിരുന്നു.

ഒരുനാള്‍ സ്ഥലത്തെ പ്രമാണി ഒരു ബള്‍ബ്‌ വാങ്ങാനെത്തി. ആ പ്രദേശത്തെ ഏറ്റവും വലുതും ഭംഗിയേറിയതുമായ അദ്ദേഹത്തിന്‍റെ മണിമാളികയുടെ ഭാഗമാകാന്‍ ആ ഇലക്ട്രിക്‌ കടയിലെ ഓരോരോ സാധനങ്ങളും കൊതിച്ചിരുന്നു. ഇത്തവണ അദ്ദേഹത്തിനു വേണ്ടത് ഒരു ബള്‍ബ്‌ ആണ്. കടയിലെ ബള്‍ബുകള്‍ ഓരോന്നായി അദ്ദേഹത്തിന്‍റെ കൂടെ പോകാന്‍ ആഗ്രഹിച്ചു പ്രാര്‍ഥിച്ചു. കുഞ്ഞുമോന്‍റെ മുജ്ജന്മത്തിലെ പുണ്യങ്ങള്‍ കാരണമാകാം, ഇത്തവണ ആരെയും കൊതിപ്പിക്കുന്ന ആ നറുക്ക് വീണത്‌ കുഞ്ഞുമോനാണ്. അങ്ങനെ കുഞ്ഞുമോന്‍ ആ പ്രമാണിയുടെ വീട്ടിലേക്ക് യാത്രയായി.

കുഞ്ഞുമോന് പ്രമാണി സ്ഥാനം നല്‍കിയത് തന്‍റെ സ്വീകരണമുറിയിലാണ്. ആ നാട്ടിലെ ആരും കൊതിക്കുന്ന ആ സ്വീകരണമുറി. കരിവീട്ടിയില്‍ കടഞ്ഞെടുത്ത ദിവാന്‍ കോട്ടും സോഫകളും. ഇളം പിങ്ക് നിറമുള്ള ചുവരുകളില്‍ ശ്രദ്ധയോടെ തൂക്കിയ രവിവര്‍മ ചിത്രങ്ങള്‍. ജനാലകളില്‍ ഇളംകാറ്റില്‍ ഓളംവെട്ടുന്ന, പട്ടിന്റെ മിനുസമുള്ള കര്‍ട്ടന്‍. മുറിയുടെ ഒരു മൂലയില്‍ അതിഥികളെയാകെ കോരിത്തരിപ്പിക്കുന്ന വിധം ഒരു സുന്ദരിയുടെ ദാരുശില്പം. മിനുസമുള്ള വെളുത്ത മാര്‍ബിള്‍ ആ മുറിയുടെ മാറ്റ് കൂട്ടിയിരുന്നു. ഇതെല്ലാം കണ്ടപ്പോള്‍ കുഞ്ഞുമോന് സന്തോഷം സഹിക്കാന്‍ കഴിഞ്ഞില്ല. ഇന്ന്, ഈ നിമിഷം മുതല്‍ ഈ മുറിയെ പ്രകാശപൂരിതമാക്കുന്നത് താനാണല്ലോ എന്നോര്‍ത്തപ്പോള്‍ കുഞ്ഞുമോന് അഭിമാനവും, തെല്ല് അഹംഭാവവും തോന്നി.

അങ്ങനെ ആ സ്വീകരണമുറിയെ പ്രകാശം ചാര്‍ത്തി കുഞ്ഞുമോന്‍ സന്തോഷത്തോടെ നാളുകള്‍ പിന്നിട്ടു. മറ്റു ബള്‍ബുകള്‍ക്ക് ഒന്നും കിട്ടാത്ത അപൂര്‍വസൗഭാഗ്യം സ്വന്തമായതില്‍ ആദ്യമാദ്യം അഭിമാനം കൊണ്ട കുഞ്ഞുമോന്‍ പതിയെ പതിയെ അഹങ്കാരത്തിലേക്ക് വഴുതിവീഴാന്‍ തുടങ്ങി.

കാലം പിന്നെയും കടന്നുപോയി.

അങ്ങനെയിരിക്കെ ഒരു ദിവസം വൈകുന്നേരം മാനം കറുക്കാന്‍ തുടങ്ങി. കാര്‍മേഘങ്ങള്‍ ആ നാടിനെ രാത്രിക്ക് മുന്‍പേ ഇരുട്ടണിയിച്ചു. നല്ലതോതില്‍ വീശിയടിച്ച കാറ്റ് ആ സ്ഥലത്തെയാകെ പിടിച്ചുലയ്ച്ചു.. പതിയെ കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഇടിവെട്ടാന്‍ തുടങ്ങി. രാത്രിയെ പകലാക്കുന്നവിധം മിന്നലടിച്ചു. പതിവുപോലെ തന്നെ, മാനം കറുത്തപ്പോള്‍ കറണ്ടും ചാഞ്ചാടാന്‍ തുടങ്ങി. ഇതിനെയെല്ലാം തൃണവല്‍ഗണിച്ച് നെഞ്ചും വിരിച്ചു മിന്നലിനെ നേരിടാന്‍ തന്നെ കുഞ്ഞുമോന്‍ തീരുമാനിച്ചു.

പക്ഷെ പ്രകൃതിയുണ്ടോ കാണുന്നു കുഞ്ഞുമോന്റെ വീര്യം ??!!!

അടുത്ത മിന്നലില്‍ കുഞ്ഞുമോന്‍റെ ഫിലമെന്‍റ് പൊട്ടി. അതുവരെ പ്രകാശം പരത്തിനിന്ന കുഞ്ഞുമോന്‍ കണ്ണടച്ചു. അത് കുഞ്ഞുമോന്‍റെ ജീവിതത്തിലെ ആദ്യത്തെ ഞെട്ടലായിരുന്നു. ഒന്ന് പൊട്ടിക്കരയാന്‍ തോന്നിയെങ്കിലും തന്‍റെ കരച്ചില്‍ കേള്‍ക്കാനോ തന്നെ ആശ്വസിപ്പിക്കാനോ ആരും ഇല്ലെന്നുള്ള സത്യം മനസിലാക്കിയപ്പോള്‍ കുഞ്ഞുമോന്‍ സങ്കടമെല്ലാം ഉള്ളിലൊതുക്കി. ഇനി താന്‍ എത്തിപ്പൊടാന്‍ പോകുന്ന ചവറുകൂനയെ ഓര്‍ത്ത്‌ കുഞ്ഞുമോന്‍റെ മനസ് വിങ്ങാന്‍ തുടങ്ങി.

എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.

ഫ്യൂസായ കുഞ്ഞുമോനെ കയ്യിലെടുത്തു നോക്കിയ പ്രമാണി കുഞ്ഞുമോനെ മേല്‍പ്പോട്ടാക്കി രണ്ടുമൂന്നുതവണ കറക്കുകയും കുലുക്കുകയും ചെയ്തു. അപ്പോഴേക്കും പൊട്ടിയ ഫിലമെന്‍റ് എങ്ങനെയോ കുടുങ്ങി ഒന്നുചേര്‍ന്നു. കുഞ്ഞുമോനെ തിരികെ ഹോള്‍ഡറില്‍ ഇട്ടിട്ട് സ്വിച്ച് ഇട്ടതും, അതാ കുഞ്ഞുമോന്‍ വീണ്ടും പ്രകാശിക്കുന്നു! തനിക്ക്‌ ഈ കിട്ടിയത് രണ്ടാം ജന്മം! കുഞ്ഞുമോന്‍ സകല ബള്‍ബ്‌ ദൈവങ്ങളോടും നന്ദി പറഞ്ഞു. വീണ്ടും, പഴയപോലെ കുഞ്ഞുമോന്‍ ആ സ്വീകരണമുറിയെ പ്രകാശിപ്പിച്ചു.
പിന്നെയും കാലം കുറെ കടന്നുപോയി.

കുഞ്ഞുമോന്‍ പലതിനും സാക്ഷിയായി. പിരിവുകാരെ കാണുമ്പോള്‍ തന്‍റെ ഉടമസ്ഥന്‍ ഒളിക്കുന്നതും, അവിടത്തെ പെണ്‍കുട്ടിയെ പലരും പെണ്ണുകാണാന്‍ വന്നതും, ഉടമയുടെ മകന്‍ രഹസ്യമായി കാമുകിക്ക് മെസ്സേജ് അയക്കുന്നതും, ഉടമയുടെ ഭാര്യയും അമ്മയും കൂടി കണ്ണീര്‍ സീരിയലുകള്‍ കണ്ടു കണ്ണീര്‍ വാര്‍ക്കുന്നതും, അങ്ങനെ പലതും കുഞ്ഞുമോന്‍ നല്‍കിയ വെളിച്ചത്തില്‍ ആയിരുന്നു. എണ്ണപ്പെട്ട നാളുകള്‍ മാത്രമേ തനിക്ക്‌ ആയുസ്സുള്ളൂ എന്നറിയാമെങ്കിലും കുഞ്ഞുമോന്‍ പിന്നെയും അഹങ്കാരിയായി മാറി.
പക്ഷെ, ആയുസിനും ഉണ്ടല്ലോ അതിരും വരമ്പും എല്ലാം.

അങ്ങനെ ഒരുനാള്‍ കുഞ്ഞുമോന്‍ കണ്ണുകള്‍ എന്നെന്നേക്കുമായി അടച്ചു. പ്രകാശമില്ലാത്ത കുഞ്ഞുമോനെ ഇനി ആര്‍ക്കുവേണം! കുഞ്ഞുമോനെ പ്രമാണി വീടിനു പിന്നിലെ കുപ്പയിലേക്ക് വലിച്ചെറിഞ്ഞു. ആ കുപ്പത്തൊട്ടി നേരെ എത്തിയത് കോര്‍പ്പറേഷന്‍ വക ചവറു സംസ്കരണ കേന്ദ്രത്തില്‍. ചവറുകള്‍ പൊടിച്ചു ചെറു തരികള്‍ ആക്കി ഉരുക്കിയെടുത്തു വീണ്ടും ഉപകരണങ്ങള്‍ നിര്‍മിക്കുകയാണ് അവിടെ. ചവറു കൂനയില്‍ തന്‍റെ മരണവും കാത്ത് കുഞ്ഞുമോന്‍ കിടന്നു.

രമ്യഹര്‍മ്യത്തിലെ സ്വീകരണമുറിയില്‍ നിന്നും അഴുകിയമര്‍ന്ന ചവറുകൂനയിലേക്ക്.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ ചെറിയ ചെറിയ തരികളായി ഉരുകിത്തീരും എന്ന് കുഞ്ഞുമോന് അറിയാം. ഇത് തന്‍റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ കുഞ്ഞുമോന് കിട്ടുന്ന അവസാന അവസരം. അവന്‍ ഓര്‍ത്തു - താന്‍ പകലന്തിയോളം പ്രകാശം പരത്തിയപ്പോള്‍ ആളുകള്‍ സന്തോഷിച്ചു. അതില്‍ താന്‍ അഹങ്കരിച്ചു. ഫിലമെന്‍റ് ഒന്ന് പൊട്ടിയപ്പോള്‍പോലും സഹായിക്കാന്‍ ആളുണ്ടായി. എന്നാല്‍ ഇനി ഉപയോഗമില്ല എന്ന് മനസിലായപ്പോള്‍ കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞു‍. ആര്‍ക്കും വേണ്ടാതെ ഒരു പാഴ്ജന്മമായി മാറി! ഇനി മരണത്തിനു മാത്രമേ തന്നെ രക്ഷിക്കാന്‍ കഴിയുള്ളൂ. അങ്ങനെ, ജീവിതത്തിന്‍റെ അന്ത്യനിമിഷങ്ങള്‍ അവന്‍ എണ്ണിയെണ്ണി കഴിച്ചുകൂട്ടി.

ഇനിയാണ് സംഗതി മാറുന്നത്!

ആ പരിസരത്തു കളിച്ചു നില്‍ക്കുകയായിരുന്നു കുറെ നാടോടി കുട്ടികള്‍. അതില്‍ ഒരുവന്‍ വന്നു ചവറുകൂനയില്‍ കുറേനേരം നോക്കിനിന്നു. എന്നിട്ടോ, ഒരു നീണ്ട കമ്പെടുത്തു നമ്മുടെ കുഞ്ഞുമോനെ തോണ്ടി ചവറുകൂനയ്ക്ക് പുറത്തേക്കിട്ടു. അപ്രതീക്ഷിതമായി മറ്റൊരാള്‍ കയ്യടക്കിയപ്പോള്‍ കുഞ്ഞുമോന്‍ ഒന്ന് ഞെട്ടി. അതും വൃത്തിയില്ലാത്ത ഒരു ചെറുക്കന്‍. അടുത്ത ഏതു നിമിഷവും ഈ ചെറുക്കന്‍ തന്നെ വലിച്ചെറിഞ്ഞു പൊട്ടിക്കാം എന്ന ഭീതിയില്‍ കുഞ്ഞുമോന്‍ കരഞ്ഞു.

ആ ബാലന്‍ കുഞ്ഞുമോനെ കൊണ്ടുപോയത് അവന്‍റെ കുടിലിലേക്ക് ആണ്. അവന്‍ ഒരു ആണിയെടുത്തു കുഞ്ഞുമോന്റെ പുറകില്‍ ഒരു ദ്വാരമിട്ടു. മരണത്തെ കാത്തിരുന്ന കുഞ്ഞുമോന് ഈ വേദന നിസാരമായിരുന്നു. അവന്‍ കുഞ്ഞുമോന്റെ അകത്തേക്ക് മണ്ണെണ്ണ ഒഴിച്ചു. പിന്നെ ആ ദ്വാരത്തിലൂടെ ഒരു തിരിയും കടത്തിവെച്ചു. എന്നിട്ട് കുഞ്ഞുമോനെ ആ കുടിലിന്‍റെ മുന്നിലുള്ള കല്‍തൂണില്‍ വെച്ചു. അന്ന് രാത്രിയായപ്പോള്‍ ആ ബാലന്‍ വന്നു കുഞ്ഞുമോന്‍റെ തിരി കൊളുത്തി. കുഞ്ഞുമോന്‍ ഇപ്പോള്‍ ഒരു മണ്ണെണ്ണ വിളക്കായി പ്രകാശിക്കാന്‍ തുടങ്ങി. ആ കുടിലും കുടിലില്‍ ഉള്ളവരുടെ സന്തോഷവും ദുഖവും എല്ലാം കുഞ്ഞുമോന്‍ നേരിട്ട് കണ്ടു. മഴയും വെയിലും കൊള്ളാതെ ആ നാടോടികള്‍ കുഞ്ഞുമോനെ സംരക്ഷിച്ചു. കുപ്പയ്ക്കുള്ളില്‍ നിന്നും തന്നെ കണ്ടെത്തി വീണ്ടുമൊരു ജന്മം നല്‍കിയ ആ "വൃത്തിയില്ലാത്ത" ചെറുക്കനോട് കുഞ്ഞുമോന്‍ അറിയാതെ നന്ദി പറഞ്ഞു.

അങ്ങനെ, ആ "മൂന്നാം ജന്മത്തില്‍" കുഞ്ഞുമോന്‍ വീണ്ടും പ്രകാശം പരത്താന്‍ തുടങ്ങി.
ഇത്തവണ തന്നെ തിരിച്ചറിയുന്ന, സംരക്ഷിക്കുന്ന ചിലരുടെ കൂടെ!

 

Tuesday, May 01, 2012

മനോഹരമായ രണ്ടു പാട്ടുകള്‍ കൂടി...

പാട്ടു കേള്‍ക്കാന്‍ ഇഷ്ടപെടാത്തവര്‍ ആരുണ്ട്‌? നമ്മളെല്ലാരും നല്ല നല്ല പാട്ടുകള്‍ ആസ്വദിക്കുന്ന കൂട്ടത്തിലാണ്.. അല്ലേ? പലര്‍ക്കും പലതരം പാട്ടുകളോടാണ് താല്പര്യം. ചിലര്‍ക്ക് മെലഡി, ക്ലാസിക്കല്‍ ഒക്കെ ആണ് ഇഷ്ടം. മറ്റു ചിലര്‍ക്കോ, അടിച്ചുപൊളി, ഡപ്പാംകൂത്ത് അങ്ങനെയുള്ള പാട്ടുകള്‍ ആണ് ഇഷ്ടം.

എന്തൊക്കെ ആയാലും, നല്ല പാട്ടുകള്‍ കേട്ടാല്‍ നമ്മളെല്ലാം ആസ്വദിക്കും... സംഗീതത്തിനു നമ്മുടെ മാനസികാവസ്ഥ വളരെവേഗം മാറ്റിമറിക്കാനുള്ള ഒരു അപാരമായ കഴിവുണ്ട്. ചിലപ്പോഴൊക്കെ ഒരു അടിച്ചുപൊളി പാട്ട് കേള്‍ക്കുമ്പോള്‍ നമ്മള്‍ തന്നെ സ്വയം ഒരു ഭീമാകാരമായ സ്റ്റേജില്‍ നിന്ന് പാടുന്നതായും ആളുകളെല്ലാം നമ്മെ ആരാധനയോടെ നോക്കുന്നതായുമൊക്കെ സ്വപ്നം കാണാറില്ലേ??? മറ്റു ചിലപ്പോള്‍ മടി പിടിച്ചു കട്ടിലില്‍ കിടക്കുമ്പോള്‍ ഒരു മനോഹരമായ മെലഡി കേട്ടാല്‍ എവിടുന്നോ ഒരു ഉണര്‍വ് കിട്ടുന്നത് കാണാം.

പ്രണയിക്കുന്നവരുടെ കൂടെ എപ്പോഴും കാണും അവരുടെ മാത്രം സ്വകാര്യമായ ഒരു നൂറ്റമ്പത്‌ പാട്ടുകള്‍. കൂട്ടുകാരിയെ കാണാന്‍ കൊതിക്കുമ്പോള്‍ ഒരു പാട്ട്, പിണങ്ങിയിരിക്കുമ്പോള്‍ മറ്റൊരു പാട്ട് - അതും കൂട്ടുകാരി നമ്മുടെ മുഖത്ത് നോക്കി പാടുന്നതായി തന്നെ തോന്നും - പിന്നെ വിരഹത്തില്‍ നൊമ്പരപ്പെടുത്തുന്ന പാട്ടുകള്‍... അങ്ങനെ എത്രയെത്ര വിധത്തില്‍ സംഗീതം നമ്മളെ മറ്റൊരു മായാലോകത്തില്‍ എത്തിക്കുന്നു അല്ലേ...?

ഇത്രയുമൊക്കെ പറഞ്ഞുവന്നത്, എനിക്ക് വളരെയധികം പ്രിയപ്പെട്ട രണ്ടു പാട്ടുകള്‍ ഷെയര്‍ ചെയ്യാന്‍ വേണ്ടി ആണ്. ഇത് രണ്ടും ഫീമെയില്‍ ഗാനങ്ങള്‍ ആണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട കുറെ പാട്ടുകള്‍ ശേഖരിച്ച് "Female Romantics" എന്നൊരു ഫോള്‍ഡറില്‍ സൂക്ഷിച്ചിട്ടുണ്ട്. എത്ര കേട്ടാലും മതിവരില്ല എന്നതാണ് അവയുടെ പ്രത്യേകത. മിക്കവാറും ഉറങ്ങാന്‍ കിടക്കുന്നത് തന്നെ ഈ ഫോള്‍ഡര്‍ ചെവിയിലേക്ക് തിരുകിക്കൊണ്ടാണ്. അതിലെ "വാര്‍മഴവില്ലേ...(മിഴിരണ്ടിലും)" എന്ന ഗാനം ആണ് ആണ് ഇപ്പോഴത്തെ എന്‍റെ പ്രധാന ഉറക്കഗുളിക.

ഇനി ഇന്നത്തെ രണ്ടു പാട്ടിലേക്ക് കടക്കാം. ഈ രണ്ടു പാട്ടുകള്‍ മാത്രമായി ഷെയര്‍ ചെയ്യാന്‍ കാരണമുണ്ട്. ഇവ രണ്ടും അധികം പ്രശസ്തമായ ചിത്രങ്ങളില്‍ ഉള്ളതല്ല. അതുകൊണ്ടുതന്നെ അധികമാരും കേട്ടുകാണാന്‍ വഴിയില്ല. പക്ഷെ കേട്ടാലും കേട്ടാലും മതിവരാത്ത ഈ രണ്ടു പാട്ടുകള്‍ നിങ്ങളും കേള്‍ക്കണം എന്ന് തോന്നി, അതുകൊണ്ട് ഷെയര്‍ ചെയ്യുകയാണ്...

 

1. "വെറുതെ ഇനിയും കാത്തു നില്‍പ്പൂ..."

ചിത്രം - അറിഞ്ഞുകൂടാ.
രചന - അറിയില്ല.
സംഗീതം - അതും അറിയില്ല.
ആലാപനം - അറിയില്ല.

പിന്നെ എന്തോന്ന് അറിയാം എന്ന് ചോദിച്ചാല്‍ പറയാനുള്ളത് - അതിമനോഹരമായ ഒരു പാട്ടാണ് ഇതെന്നു അറിയാം. പണ്ട് പണ്ട് 2002 ല്‍ "മീശമാധവന്‍ " എന്ന ചിത്രത്തിന്‍റെ പാട്ടുകള്‍ വന്ന കാസറ്റില്‍ നിന്ന് കളഞ്ഞു കിട്ടിയ പാട്ടാണ്. ആരൊക്കെയാണ് ഈ പാട്ടിന്‍റെ പിന്നിലുള്ളത് എന്ന് ഇന്നും അറിയില്ല. ഗൂഗിളില്‍ നോക്കിയിട്ടും കിട്ടുന്നില്ല.

ഏറ്റവും ആകര്‍ഷിച്ചത്, പാടുന്ന ശബ്ദവും, വരികളും, പിന്നെ ആ ബാക്ക്ഗ്രൗണ്ടില്‍ കേള്‍ക്കുന്ന വയലിന്‍ (അതോ ഓര്‍ഗന്‍ എന്നാണോ?) ശബ്ദവും ആണ്. പാട്ട് കേള്‍ക്കുമ്പോള്‍ മനോഹരമായ, മഞ്ഞുമൂടിക്കിടക്കുന്ന ഏതോ പുല്‍മേട്ടില്‍, മങ്ങിയ വെളിച്ചത്തില്‍ നിന്നു പാടുന്ന ഒരു മൂഡ്‌ ആണ്...

(പാട്ടിന്‍റെ പിന്നിലുള്ള ആളുകള്‍ ആരെന്നു അറിയാത്തതുകൊണ്ട് ഈ പാട്ട് നിങ്ങള്‍ക്ക്‌ കേള്‍ക്കാന്‍ വേണ്ടി പതുക്കെ പൊക്കിയെടുത്തു സൌണ്ട്ക്ലൌഡില്‍ ഇട്ടിട്ടുണ്ട്. ആരോടും പറയണ്ടാ ട്ടോ...?)

വരികള്‍ കൂടി പങ്കുവെയ്ക്കാം. വായിച്ചുനോക്കൂ... എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ഈ പാട്ട്?

"വെറുതെ ഇനിയും കാത്തു നില്‍പ്പൂ
വിരഹ സന്ധ്യേ നിന്‍ പാട്ടു ഞാന്‍
ദൂരെയെങ്ങോ മറഞ്ഞു നീയും
വിലോലമായ്‌ നീ മൊഴിഞ്ഞ വാക്കും
പരിഭവങ്ങള്‍ പറഞ്ഞ മഴയും.

(വെറുതെയിനിയും...)

രാത്രിമേഘം പെയ്തൊഴിഞ്ഞു
രാഗവേണുവില്‍ ഹിന്ദോളമായി...
മണ്‍ചെരാതിന്‍ നാളമെല്ലാം
മിഴിയണഞ്ഞു നിശബ്ദമായ്...
തനിയെനില്‍ക്കും എന്‍ നെഞ്ചിലെ
കിളികരഞ്ഞു അരുണാര്‍ദ്രമായ്...
മടങ്ങിവരുമോ തൂവല്‍നിലാവേ...

(വെറുതെയിനിയും...)

മൂടല്‍മഞ്ഞില്‍ മാഞ്ഞുപോയി
സ്നേഹതാരം പോല്‍ നിന്മുഖം...
ഓര്‍മനീറും ജന്മമായി
ഇവിടെയിനിയും ഞാന്‍ മാത്രമായി...
വിരല്‍തലോടും നിന്‍വീണയില്‍
വിദുരമായി ശ്രീരാഗവും...
മടങ്ങിവരുമോ കാവല്‍നിലാവേ...

(വെറുതെയിനിയും...)"

സൌണ്ട്ക്ലൌഡില്‍ ഈ പാട്ട് കേള്‍ക്കാം -Listen at SoundCloud



 

2. "ഏതോ ജനുവരി മാസം..."

ചിത്രം - ഓര്‍ക്കുക വല്ലപ്പോഴും (ചിത്രത്തിന്‍റെ പേരാണ് - അഥവാ പേര് മറന്നാലും ഓര്‍ക്കും!)
രചന - ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം - എം.ജയചന്ദ്രന്‍
ആലാപനം - അറിയില്ല :-(

മുന്‍പൊരിക്കല്‍ ഏതോ എഫ്.എമ്മില്‍ കേട്ടതാണ് ഈ പാട്ട്. കേള്‍ക്കുന്ന പാട്ട് ഏതു ചിത്രത്തിലേത് ആണെന്ന് പറയുന്ന പരിപാടി അവര്‍ക്ക്‌ ഇല്ലല്ലോ... അതുമല്ല, പാട്ടിന്‍റെ രണ്ടു അറ്റവും മുറിച്ചുമാറ്റി ആണ് കേള്‍പ്പിക്കുന്നത്. എന്തായാലും, ഒറ്റ തവണ കേട്ടപ്പോള്‍ തന്നെ പാട്ട് മനസ്സില്‍ കയറിക്കൂടി. "ഏതോ ജനുവരി മാസം" എന്ന വരികള്‍ മനസ്സില്‍നിന്നു പോകുന്നില്ല... ഏതു ചിത്രമെന്നോ, ഒന്നും അറിയില്ലതന്നെ.

നമ്മുടെ സങ്കടം കേള്‍ക്കാന്‍ ഗൂഗിള്‍ തയ്യാറായിരുന്നു. വരികള്‍ പറഞ്ഞുതീരുംമുന്‍പേ ഗൂഗിള്‍ പാട്ടിനെ പൊക്കിയെടുത്തു എന്‍റെ കയ്യില്‍ ഇട്ടുതന്നു. അത് ഞാന്‍ സുരക്ഷിതമായി എന്‍റെ ഫോള്‍ഡറില്‍ നിക്ഷേപിച്ചു. അന്നുമുതല്‍ ഇന്ന് ഈ നിമിഷം വരെയും എന്‍റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്നാണ് "ഏതോ ജനുവരി മാസം". നിങ്ങളും കേട്ടുനോക്കുന്നില്ലേ?

ഈ പാട്ടും സൌണ്ട്ക്ലൌഡില്‍ ഉണ്ട്. കേള്‍ക്കാം -- Listen at SoundCloud



 

അതെ, ഈ രണ്ടു പാട്ടുകൊണ്ട് തീരുന്നതല്ല സംഗീതം, അത് ഇനിയും ഇനിയും ഒരുപാട് ദൂരത്തില്‍ പരന്നു കിടക്കുന്നു... പണ്ട് ആരാരോ പറഞ്ഞപോലെ, "കേട്ട പാട്ടുകള്‍ മധുരതരം, കേള്‍ക്കാത്ത പാട്ടുകള്‍ അതിമധുരം" (പറഞ്ഞത് തെറ്റിയോ??? സംശയം ഉണ്ട്). എന്തായാലും, പുതിയ കാലം ആണ്, കോപ്പിയടി പാട്ടുകള്‍ ഒരുപാട് ഒരുപാട് ഉണ്ട്, അതിനിടയില്‍ ഇതുപോലെ അപൂര്‍വം ചില പാട്ടുകള്‍ആരുമറിയാതെ "കുപ്പയ്ക്കുള്ളിലെ മാണിക്യമായി" ആരുമറിയാതെ കടന്നുപോകുന്നു.

നിങ്ങള്‍ക്കും ഇതുപോലെ അധികം ആരും ശ്രദ്ധിക്കാത്ത, എന്നാല്‍ മനോഹരമായ ഗാനങ്ങള്‍ അറിയാമായിരിക്കുമല്ലോ... അവയെല്ലാം ഷെയര്‍ ചെയ്യുക... നമുക്കെല്ലാം ഒരുമിച്ചു ആസ്വദിക്കാം...!

Monday, December 13, 2010

ഒരു സ്വപ്നം - അസൂയ നിറഞ്ഞ സ്വപ്നം.

ഇന്നലെ - ഡിസംബര്‍ 12 നു പതിനൊന്നു മണിക്കൂര്‍ നീണ്ട പോണ്ടി-തിരുവനന്തപുരം കാര്‍ യാത്ര കഴിഞ്ഞു തളര്‍ന്നു അവശനായി പനിയും പിടിച്ചു രാത്രി പന്ത്രണ്ടു മണിക്ക് കോളേജിലെ ഹോസ്റ്റലില്‍ തിരികെ എത്തുന്നു. ഉറക്കം തലയ്ക്കു പിടിച്ചു കട്ടിലിലേക്ക് മറിഞ്ഞു വീണു.

 അവിടെയാണ് സംഭവങ്ങളുടെ തുടക്കം.

ഉറങ്ങി കുറെ നേരം കഴിഞ്ഞപ്പോള്‍ .. ഞാനും കോളേജില്‍ എന്‍റെ കൂടെ പഠിച്ച കൂട്ടുകാരും ഒരു വിവാഹത്തില്‍ നില്‍ക്കുകയാണ്. ആരുടെയാണ് വിവാഹം എന്നാണോ? മിഥുന്‍ മോഹന്‍ എം.ജി - നമ്മുടെ പ്രിയപ്പെട്ട ക്ളാസ് മേറ്റ്‌, സുഹൃത്ത്. അവന്‍റെ വിവാഹം അടിച്ചു പൊളിക്കാന്‍ വന്നതാണ് നമ്മളെല്ലാം. വധു ഒരുങ്ങുന്നുണ്ട്. ഞങ്ങള്‍ വധുവിനെ കണ്ടിട്ടില്ല. അവന്‍ നമ്മളോടൊക്കെ കാര്യം പറഞ്ഞു നിന്നിട്ട് മണ്ഡപത്തിലേക്ക് കയറി.

പതുക്കെ വധു വന്നു. വധു അവന്‍റെ അടുത്തിരുന്നു.

അപ്പോഴാണ്‌ നമ്മളെല്ലാം ഒരു കാര്യം ശ്രദ്ധിച്ചത് - വധു ആരാണെന്നോ? - ദീപിക പദുകോണ്‍ ..!!!

പണ്ടാരം!!! ദീപിക പദുകോണ്‍ ആണോ അവന്‍റെ വധു? ഇതൊക്കെ എപ്പോ സംഭവിച്ചു? എങ്ങനെ സംഭവിച്ചു? കാണുന്നതൊക്കെ സത്യമാണോ ഈശ്വരാ? അതൊരു സ്വപ്നമല്ല എന്ന് ഞങ്ങള്‍ മനസിലാക്കി. അതെ, അത് ദീപിക പദുകോണ്‍ തന്നെ. കൂടുതല്‍ സുന്ദരിയായി, മിഥുന്റെ കൂടെ കതിര്‍മണ്ഡപത്തില്‍ ഇരിക്കുന്ന ദീപികയെ കണ്ടതും നമ്മുടെ ഉള്ളിലെ അസൂയ ഉണര്‍ന്നു... അവനോടു അടക്കാനാവാത്ത അസൂയ.

കല്യാണം കഴിഞ്ഞു ഫോട്ടോ സെഷന്‍ തുടങ്ങി. ദീപിക പദുകോണ്‍ അവന്‍റെ മടിയില്‍ തല വെച്ചു ചാരി കിടക്കുന്നതും, മിഥുന്‍ അവളുടെ തോളത്തു കയ്യിട്ടു നില്‍ക്കുന്നതും, അവന്‍ അവളുടെ കാതില്‍ സ്വകാര്യം പറയുന്നതും... ഓഹ്...!!!! എല്ലാം കൂടി കണ്ടപ്പോള്‍ നമുക്കങ്ങോട്ടു അസൂയ മൂത്ത് തുടങ്ങി... അസഹനീയമാം വിധം അസൂയ മൂത്ത് നമ്മള്‍ പുറത്തേക്കിറങ്ങി...

പിന്നെ സ്വയം ആശ്വസിപ്പിക്കാന്‍ എല്ലാരോടും പോയി "കണ്ടോ കണ്ടോ..? അവന്‍ നമ്മുടെ പയ്യനാണ്... നമ്മുടെ കൂടെ ഇരുന്നു പഠിച്ചതാണ്..." എന്നൊക്കെ പറയാന്‍ തുടങ്ങി.

അപ്പോഴേക്കും ദീപികയും മിഥുനും കൂടി ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു... അവര്‍ അടുത്തെത്തിയതും ക്ളൈമാക്സില്‍ കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയത് പോലെ ശൂന്യം...

ഒന്നും മനസിലായില്ല.

പിന്നെ മനസിലായി, ഞാന്‍ അതിരാവിലെ ഒരു സ്വപ്നം കാണുന്നതായിരുന്നു!

അതിരാവിലെ കാണുന്ന സ്വപ്നം ഫലിക്കുമെങ്കില്‍ മിക്കവാറും ദീപിക പദുകോണ്‍ മിഥുന്റെ തലയില്‍ തന്നെ!!!

ഡാ എം.ജീ, നിനക്ക് നൂറായിരം വിവാഹ ആശംസകള്‍ ...!!!

Tuesday, December 07, 2010

ഡിസംബര്‍ ... നീ സുന്ദരിയാണ് ...

ഡിസംബര്‍ ... പുലര്‍കാല മഞ്ഞിന്‍റെ കുളിരുള്ള തണുത്ത ഡിസംബര്‍ ... ജീവിതത്തില്‍ കുറെയേറെ പ്രതീക്ഷകള്‍ നല്‍കിയ ഒരു വര്‍ഷത്തിന്റെ അവസാനം ... ഇനിയും കൂടുതല്‍ പ്രതീക്ഷകള്‍ സമ്മാനിച്ചുകൊണ്ട് മറ്റൊരു വര്‍ഷത്തിലേക്കുള്ള കാല്‍ വെയ്പ്പിനുള്ള ഡിസംബര്‍ ... നീ സുന്ദരിയാണ്. മൂടല്‍ മഞ്ഞും കൊഴിഞ്ഞു വീണ ഇലക്കൂട്ടങ്ങളും മഞ്ഞിലൂടെ ഉദയ സൂര്യനെ നോക്കി നില്‍ക്കുന്ന കുഞ്ഞുപൂവും ഇണക്കുരുവികളുടെ ഗാനവും നിനക്ക് മാത്രം സ്വന്തം. നീ സുന്ദരിയാണ് ഡിസംബര്‍ ....

(എങ്ങനെ ഉണ്ട് ...? അതാണ്‌ സാഹിത്യം...!)

ഈ വര്‍ഷം ജീവിതത്തില്‍ എന്തൊക്കെ ഉണ്ടായി? അതൊക്കെ കണ്ടുപിടിക്കണം. അതിനുള്ള സമയം കൂടിയാണ് ഓരോ ഡിസംബര്‍ മാസവും.

അടുത്ത വര്‍ഷത്തേക്ക് പുതിയ പുതിയ പ്രതിജ്ഞകള്‍ എടുക്കാനുള്ള സമയം ആണ് ഡിസംബര്‍ (ആ പ്രതിജ്ഞകള്‍ തെറ്റിക്കാനുള്ള മാസം ആണ് "ജനുവരി")

ഈ കഴിയാന്‍ പോകുന്ന വര്‍ഷത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ... 
വിദ്യാര്‍ത്ഥിയില്‍ നിന്നും ഒരു അദ്ധ്യാപകന്‍ ആകുന്നു, ഒരു കൂട്ടം നല്ല വിദ്യാര്‍ഥികളെ കിട്ടുന്നു,
കൂട്ടുകാരൊക്കെ പല പല സ്ഥലങ്ങളില്‍ ജോലിക്ക് കയറുന്നു, അവരുടെ കൂടെ കറങ്ങുന്നു,
കോളേജില്‍ മാഗസിന്‍ എഡിറ്റര്‍ ആകുന്നു, ന്യൂസ്‌ ലെറ്റര്‍ എഡിറ്റര്‍ ആകുന്നു, നാഷണല്‍ സെമിനാറിന്റെ പ്രിന്റ്‌ ഡിസൈനര്‍ ആകുന്നു,
കോളേജില്‍ രണ്ടു തവണ ഐ.എസ്.ടി.ഇ. ട്രെയിനിംഗ് പങ്കെടുക്കുന്നു,
കുട്ടികളുടെ കൂടെ ടൂര്‍ പോകുന്നു, അതൊക്കെ ആസ്വദിക്കുന്നു,
ഒരു ക്യാമറ സ്വന്തമാക്കുന്നു, മൊബൈല്‍ വാങ്ങുന്നു,
കുറെ സിനിമകള്‍ കാണുന്നു, കുറെ പുതിയ അനുഭവ പാഠങ്ങള്‍ നേടുന്നു,
ആദ്യമായി ഗോള്‍ഫ് ബോള്‍ വാങ്ങുന്നു, അതിനെ ഹൃദയത്തോട് ചേര്‍ത്ത് സൂക്ഷിക്കുന്നു,
1000 ട്വീറ്റ് തികയ്ക്കുന്നു, ഫേസ് ബുക്കില്‍ അക്കൗണ്ട്‌ തുടങ്ങുന്നു,
പോണ്ടിച്ചേരിയില്‍ പോയി ഫുഡ്‌ പോയിസണ്‍ അടിച്ചു പണ്ടാരമടങ്ങി കിടക്കുന്നു,
കൂട്ടുകാരുടെ കൂടെ പിറന്നാള്‍ ആഘോഷിക്കുന്നു,
പിന്നെ ഇതാ ബ്ളോഗ് എഴുതുന്നു...

നഷ്ടങ്ങളുടെ കണക്ക് എടുത്താല്‍ ...? ഏറ്റവും പ്രത്യക്ഷമായ നഷ്ടം എന്‍റെ വാച്ച് ആണ്. ബംഗ്ളൂരില്‍ നിന്നും 70 രൂപ കൊടുത്ത് ഒരു വാച്ച് വാങ്ങി. അത് വാങ്ങിയപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന വാച്ച് ഓട്ടം നിര്‍ത്തി (അസൂയ) .. പിന്നെ പുതിയ വാച്ച് ആയിരുന്നു കൂടെ. 70 രൂപയുടെ വാച്ച് 70 ദിവസം തികയും മുന്‍പേ തന്നെ അതിന്‍റെ തനിനിറം കാണിച്ചു - അതിന്‍റെ കണ്ണാടി പൊട്ടി. എന്നാലും സാരമില്ല, പോകുന്നത് വരെ പോകുമല്ലോ എന്ന് കരുതി കെട്ടി. പിന്നെ ഒരു ദിവസം ഞാന്‍ ചിപ്സ് തിന്നു കഴിഞ്ഞു നോക്കുമ്പോള്‍ സെക്കന്റ്‌ സൂചി ഇളകി എന്‍റെ പാന്റില്‍ കോര്‍ത്തിരികുന്നു. അങ്ങനെ അത് പോയി. ഇനി രണ്ടു സൂചി മാത്രം. രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോള്‍ സ്ട്രാപ്പിലെ പിന്‍ ഊരി എവിടെയോ പോയി. വീട്ടിലെത്തുമ്പോള്‍ പിന്‍ ഇല്ലാത്ത സ്ട്രാപ്. അടുത്ത ദിവസം സ്ട്രപ്പിന്റെ അറ്റത്തുള്ള റിംഗ് പോയി.
ആ പാവം ഇപ്പൊ വെറുതെ ഇരിക്കുകയാണ്. ആകെ രണ്ടു സൂചിയും, കെട്ടാന്‍ പറ്റാത്ത സ്ട്രാപ്പും മാത്രം ബാക്കി. എന്നാലും അത് കൃത്യമായി കറങ്ങുന്നുണ്ട് ... ആ കാര്യത്തില്‍ നോ വിട്ടുവീഴ്ച.

അടുത്ത വര്‍ഷത്തേക്ക് ഞാന്‍ പ്രതീക്ഷിക്കുന്ന ഒരു കാര്യം ഉണ്ട് - അടുത്ത വര്‍ഷം എങ്കിലും "കിലുക്കം" സിനിമ കാണണം. ജീവിതത്തില്‍ ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. കേള്‍ക്കുന്നവര്‍ കളിയാക്കും. ടി.വിയില്‍ വരുമ്പോള്‍ ഒന്നുകില്‍ മറക്കും, അല്ലെങ്കില്‍ കറണ്ട് പോകും, അതുമല്ലെങ്ങില്‍ ഞാന്‍ ഉറങ്ങിപ്പോകും. ഡി.വി.ഡി വാങ്ങാന്‍ എവിടെ പോയാലും ഒരേ മറുപടി - "അയ്യോ ഒരു പത്തു മിനുട്ട് മുന്‍പാണ് ലാസ്റ്റ് ഡി.വി.ഡി പോയത്" എന്ന്. ഇനി ഞാന്‍ ഒന്ന് തീരുമാനിച്ചു - ഞാന്‍ സ്വന്തമായി വാങ്ങുന്ന ഡി.വി.ഡി ഇട്ടു മാത്രമേ ഞാന്‍ കിലുക്കം കാണുള്ളൂ. കട്ടായം.

കൂടുതല്‍ പ്രതീക്ഷകളും പ്രതിജ്ഞകളും പിന്നാലെ....

അതുവരേക്കും ബൈ...!

Monday, June 28, 2010

എന്‍റെ സുഹൃത്തിന്‍റെ കവിത....!

വീണ്ടും ഒരു കവിത വരുന്നു, ഇത് എന്‍റെ കവിത അല്ല, എന്‍റെ ഒരു പ്രിയ സുഹൃത്തിന്‍റെ കവിത.

പതിവുപോലെ, വാക്കുകള്‍ തപ്പിയെടുത്തു കൂട്ടിച്ചേര്‍ത്തു നാല് വരികളില്‍ നിരത്തുന്ന എന്‍റെ ട്രിക്ക് അല്ല ഇത്. ഇത് എന്‍റെ ഒരു പ്രിയ സുഹൃത്തിന്‍റെ സ്വന്തം കവിത ആണ്. ഞാന്‍ ബ്ലോഗില്‍ "കവിതകള്‍" എഴുതിയത് കണ്ടപ്പോള്‍ പാവം തോന്നിയ ഒരു സുഹൃത്ത് ആണ് എനിക്ക് ഈ കവിത മെയില്‍ ആയി അയച്ചു തന്നത്. ആ കവിത എല്ലാരും കാണണമെന്ന് എനിക്ക് തോന്നി. ബ്ലോഗില്‍ ഇടട്ടെ എന്ന് ചോദിച്ചപ്പോള്‍ പേര് വെളിപ്പെടുത്താതെ മാത്രമേ ഇടാവൂ എന്ന് പറഞ്ഞു. (അതുകൊണ്ട് അദ്ദേഹത്തെ തല്‍ക്കാലം "തങ്കു" എന്ന് വിളിക്കാം.)

കവിത അല്പം വിഷാദം ചാലിച്ചെഴുതിയതാണ്. ഒറ്റപ്പെട്ട മനസ് തങ്കുവിനു സമ്മാനിച്ചതാകണം ഈ വരികള്‍. അത് ഞാന്‍ ഇവിടെ എഴുതട്ടെ.

-------------------------------------------------------------------------------------------

"എന്തിന്നെനറിയാതെ വഴുതി വീഴുമൊരാ-
വിഷാദത്തിന്‍ ചുഴിയില്‍ എന്‍ 
മനസ് തേങ്ങി, ഒരു കൂട്ടിനായ്,
വ്യര്‍ത്ഥമെന്നറിഞ്ഞിട്ടും..."

-------------------------------------------------------------------------------------------
എഴുതിയത്: ഞാനല്ല, എന്‍റെ സുഹൃത്ത് "തങ്കു"

-------------------------------------------------------------------------------------------

എന്തായാലും തങ്കു റോക്ക്സ്...!

ഈ കവിതയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എഴുതണം കേട്ടോ. തങ്കു അത് അനോണിമസ് ആയി വായിക്കും. തങ്കുവിനു കൂടുതല്‍ കൂടുതല്‍ എഴുതുവാന്‍ അതൊരു പ്രചോദനം ആകും.

Sunday, October 26, 2008

ഒരു മിനിക്കഥ...

ഇന്നലെ രാവിലെ പല്ലു തേച്ചുകൊണ്ട് നിന്നപ്പോള്‍ ചെറിയ മഴ പെയ്തു. അപ്പോള്‍ ഞാന്‍ ഒരു കുടയെടുത്തു. പെട്ടെന്ന് എന്‍റെ മനസിലേക്ക് എവിടെ നിന്നോ ഒരു കഥ കയറിവന്നു. ഒരു മിനിക്കഥ. അത് ഞാന്‍ ഇവിടെ എഴുതുന്നു...

നട്ടുച്ചക്ക് പൊരിവെയിലത്ത് ഞാന്‍ നടക്കുകയായിരുന്നു...
വിധി എന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു...
മനസ് വെന്തുരുകുകയായിരുന്നതുകൊണ്ട് വെയിലിന്‍റെ ചൂട് ഏറ്റില്ല.
വിധിക്ക് സഹിച്ചില്ല.
പെട്ടെന്ന് വെയില്‍ മാറി മഴ തുടങ്ങി... ഞാന്‍ കുടയെടുത്തു നിവര്‍ത്തിപ്പിടിച്ചു.
വിധിയെ തോല്‍പ്പിച്ചു എന്ന് കരുതി. പക്ഷെ വിധി അങ്ങനെ തോറ്റു തരില്ലല്ലോ...
പെട്ടെന്ന് ഒരു കാറ്റു വന്ന് എന്‍റെ കുട തലകീഴായി മറിച്ചു കളഞ്ഞു...
എങ്കില്‍ പിന്നെ മഴ നനയാം എന്ന് തന്നെ കരുതി ആ കുട ഞാന്‍ വലിച്ചെറിഞ്ഞു.
പിന്നെ ഞാന്‍ ആ മഴയത്ത് ഒരു കൂസലുമില്ലാതെ നടന്നു...
വിധിക്ക് അസൂയ മൂത്ത് വരുകയാണെന്ന് തോന്നുന്നു...
അതാ, മഴ മാറി വീണ്ടും പൊരിവെയില്‍.
ഇപ്പൊ ഞാന്‍ വിധിയെ നേരിടാന്‍ തന്നെ തീരുമാനിച്ചു.. ഇനി അത് ഇഷ്ട്ടമുള്ളത് ചെയ്യട്ടെ.
ഞാന്‍ ഉറച്ച മനസോടെ നേരിടും എന്ന് തീരുമാനിച്ചു...
പൊടുന്നനെ വിധി എന്‍റെ കാല്‍ക്കല്‍ വന്ന് വീണു...
"ഞാന്‍ കീഴടങ്ങി" എന്നൊരു തേങ്ങലും...
ഇനി ഞാന്‍ തീരുമാനിക്കും... ഹ ഹ ഹ...


ഇതാണ് എന്‍റെ കഥ. ജീവിതത്തിന്‍റെ ഒരു ചെറിയ പാഠം ഈ കഥയില്‍ ഉണ്ട്.. എന്താ അത്?

Wednesday, September 24, 2008

അന്നൊരിക്കല്‍, വീണ്ടുമൊരു ഒന്നുചേരല്‍...

വര്‍ഷം 2025. നവംബര്‍ മാസത്തിലെ ഒരു വൈകുന്നേരം. മോഹന്‍ദാസ്‌ കോളേജ് കാമ്പസ്. അവിടെ കാമ്പസിന് മുന്നില്‍ ഒരു പൂത്ത മരം.. തറയില്‍ പൂക്കള്‍ പരവതാനി വിരിച്ചതുപോലെ കിടക്കുന്നു. അവിടെ കുറെ കാറുകള്‍, അവിടെ കുറച്ചു കുടുംബങ്ങള്‍ നില്‍ക്കുന്നുണ്ട്‌ ... ആരും അപരിചിതരായ മുഖങ്ങള്‍ അല്ല. എല്ലാരുടെയും മുഖം ഓര്‍മയുണ്ട്... പക്ഷെ ആരൊക്കെയാണെന്ന് പേരു പറയാന്‍ പറ്റുന്നില്ല. എന്നാലും അവരെല്ലാം ഏറെ മാറിപ്പോയി എന്ന് പറയാം. ഓരോരുത്തരും മറ്റുള്ളവരെ കാണുമ്പോള്‍ അത്ഭുതപ്പെടുന്നുണ്ട്...

2009 പാസ്-ഔട്ട് കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ചിന്‍റെ റീയൂണിയന്‍ ആണ് അന്ന് രാത്രി നടക്കാന്‍ പോകുന്നത്. ഒരു‌പാട് കാലങ്ങള്‍ക്കു ശേഷം ആ ക്ലാസ്സിലെ കൂട്ടുകാര്‍ ഒന്നിച്ചുകൂടുകയാണ്.. അന്ന് പഠിക്കുന്ന സമയത്തു കുറെയേറെ പിരിയാനാകാത്ത കൂട്ടുകെട്ടുകള്‍ ഉണ്ടായിരുന്നു... പക്ഷെ കാലം കഴിഞ്ഞപ്പോള്‍ ഓരോരുത്തര്‍ക്കും സ്വന്തം ജീവിതത്തിന്‍റെ യാത്രയിലേക്ക് വഴിതിരഞ്ഞു പോകേണ്ടിവന്നു.. അവിടെ ഒരു ജീവിതത്തില്‍ ഏറ്റവും സന്തോഷം നല്കിയ കൂട്ടുകാരുമായി പിരിയേണ്ടിവന്നു. പക്ഷെ, നമ്മുടെയെല്ലാം മനസിലെ സ്നേഹബന്ധങ്ങള്‍ മായ്ക്കാന്‍ കാലത്തിനു പോലും കഴിയില്ല. അവിടെ എത്തിയവരില്‍ പഴയ ബെസ്റ്റ് ഫ്രണ്ട്സ് എല്ലാരും ഒരുമിച്ചുകൂടി സന്തോഷിക്കുന്നുണ്ടായിരുന്നു.

സമയം കടന്നുപോകുകയാണ്... പലരും വരുന്നതേയുള്ളൂ... മിക്കവാറും എല്ലാ പെണ്‍കുട്ടികളുടെയും കുടുംബവും ഉണ്ട്... അവരുടെയൊക്കെ മക്കള്‍ ഇപ്പൊ +2 നും 10 ലുമൊക്കെ പഠിക്കുന്നു. സത്യം പറഞ്ഞാല്‍ മിക്ക പെണ്‍കുട്ടികളെയും തിരിച്ചറിയാന്‍ വയ്യ. ആണ്‍കുട്ടികള്‍ മിക്കവാറും വലിയ പുരുഷകേസരിമാരായി വലിയ വലിയ സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നു. അവരുടെയെല്ലാം കല്യാണം കഴിഞ്ഞു . മിക്കവരും ഭാര്യക്കൊപ്പം ആണ് വന്നത്. അവരുടെ കൂടെ കുഞ്ഞുകുട്ടികളും ഉണ്ട്. പിന്നെ പഴയ ടീച്ചേഴ്സ് വരുന്നു... അതില്‍ പലരുടെയും മുടി നരച്ചുതുടങ്ങി.. അവരുടെ മക്കളും കൂടെയുണ്ട്. എല്ലാരും കൂടി ആയപ്പോള്‍ ആകെ ബഹളം. പണ്ടു പഠിക്കുന്ന കാലത്തു അവരോട് ഉടക്കിയവരും ഇവിടെ ഇന്നു വന്നിട്ടുണ്ട്. അവരൊക്കെ അന്ന് കാണിച്ച പരിപാടികള്‍ ഓര്‍ത്ത്‌ ചിരിക്കുന്നുണ്ടായിരുന്നു...

അന്ന് പഠിക്കുന്ന കാലത്തു പ്രണയിച്ചു നടന്നവരും അവിടെ എത്തിയിട്ടുണ്ട്. ചില പ്രണയങ്ങള്‍ വിവാഹത്തില്‍ എത്തിയപ്പോള്‍ മറ്റു ചിലര്‍ക്ക് അത് വെറുമൊരു നൊമ്പരപ്പെടുത്തുന്ന ഓര്‍മ മാത്രമായി. കാലത്തിനു പിന്നിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ തങ്ങള്‍ പണ്ടു ഒളിച്ചും പതുങ്ങിയും, പിന്നെ പരസ്യമായും പ്രണയിച്ചു നടന്ന ആ രംഗങ്ങള്‍ പലരുടെയും ഓര്‍മയില്‍ വന്നു.. അതൊക്കെ ഒരു ചിരിയില്‍ ഒതുക്കി അവര്‍ മറ്റുള്ളവരെ നോക്കിക്കൊണ്ടിരുന്നു... ഇപ്പൊ ഏകദേശം എല്ലാപേരും എത്തി.. ഇനി ആരെങ്കിലും ഉണ്ടോ? അവരെല്ലാം ചുറ്റും നോക്കാന്‍ തുടങ്ങി. ഇല്ല, എല്ലാ കൂട്ടുകാരും ഉണ്ട്. പഴയ അദ്ധ്യാപകര്‍ എല്ലാരും ഉണ്ട്... ഇനി നമുക്കു പാര്‍ട്ടി തുടങ്ങാം...

എല്ലാരും അവിടെ മെയിന്‍ ബ്ലോക്കിന് മുകളിലത്തെ നിലയിലുള്ള ഹാളിലേക്ക് നടന്നു. പുറത്തു ഇരുട്ട് വീണു തുടങ്ങി. ആ പഴയ സുഹൃത്തുക്കള്‍ അല്ലാതെ വേറെ ആരും ആ പരിസരത്ത് ഇല്ല. സുഖമുള്ള ഒരു തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. അവര്‍ ആ പടികള്‍ കയറുമ്പോള്‍ പഴയ കാലം ഓര്‍മിച്ചു.. ഒരുപാടു തവണ സെമിനാര്‍, ആര്‍ട്സ്, ക്വിസ് എന്നൊക്കെ പറഞ്ഞു ആ പടികള്‍ കയറിയതാണ്. ഇന്നു അതൊക്കെ ഓര്‍ക്കുമ്പോള്‍ മനസ് തുടിക്കുന്നു. പുറത്തെ തണുപ്പ് കൂടുമ്പോഴും അവരുടെ മനസ്സില്‍ ഊഷ്മളമായ ഓര്‍മ്മകള്‍ ആണ്...

ആ ഹാളിലേക്ക് എല്ലാരും കയറി. കുറച്ചുപേര്‍ സ്റ്റേജില്‍ ഇരിക്കുന്നു. പഴയ കിടിലങ്ങള്‍ തന്നെ. അവരൊക്കെ ആകെ മാറി. മീറ്റിംഗ് തുടങ്ങി. അപ്പോള്‍ അതാ ഒരു വിശിഷ്ടാതിഥി വരുന്നു... നമ്മുടെ പഴയ പ്രിന്‍സിപ്പാള്‍. എല്ലാപേരും എഴുന്നേറ്റു നിന്നു. ഇപ്പൊ നല്ല പ്രായം ഉണ്ട്. മുടി മുഴുവനും നരച്ചു. പ്രായത്തിന്‍റെ തളര്‍ച്ച ഉണ്ടെങ്ങിലും പഴയ കുട്ടികളെ വീണ്ടും കണ്ടപ്പോള്‍ ഉള്ള സന്തോഷം അവരുടെ മുഖത്ത് പ്രതിഫലിച്ചിരുന്നു... അവര്‍ എല്ലാരെയും സന്തോഷത്തോടെ അഭിസംബോധന ചെയ്തു. പഠിക്കുമ്പോള്‍ അവരുടെ കണ്‍വെട്ടത്തു പെടാതെ ഓടി ഒളിച്ചിരുന്ന കാര്യമൊക്കെ ഓര്‍ത്തപ്പോള്‍ എല്ലാരുടെയും മനസ്സില്‍ ചിരി പടര്‍ന്നു.

അപ്പോഴേക്കും ആരോ പറഞ്ഞു പഴയ കൂട്ടുകാര്‍ എല്ലാം ഒരിക്കല്‍ കൂടി ഒരുമിച്ചിരുന്നു കാണണം എന്ന്. അപ്പോള്‍ തന്നെ എല്ലാരും ആവേശത്തോടെ ചാടി എഴുന്നേറ്റു. അവരുടെ കുടുംബം മുഴുവനും ഒരുവശത്ത് ഇരുന്നു. പഴയ കൂട്ടുകാര്‍ എല്ലാരും കൂടി മറുവശത്തും. സത്യം പറഞ്ഞാല്‍ ആ കാഴ്ച വല്ലാത്ത ഒരു അനുഭൂതി തന്നെ. ഇത്തരം ഒരു കൂടിച്ചേരല്‍ എന്ത് വലിയ സന്തോഷമാണ്.. അപ്പോള്‍ വീണ്ടും ഒരു നിര്‍ദേശം - പഴയ സ്റ്റാഫ് അഡ്വൈസേഴ്സ് സ്റ്റേജില്‍ കയറി നമ്മുടെയെല്ലാം പേരു പറയണം.. എന്തായിത്? ഇപ്പൊ എല്ലാരും അവരുടെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകാന്‍ തുടങ്ങിയോ? പാവം രമ്യ ടീച്ചറും സരിത ടീച്ചറും. അവര്‍ ചിരിച്ചുകൊണ്ട് എഴുനേറ്റു. അവിടെ കൂടിയിരുന്നവരെല്ലാം കൂടി അവരെ രണ്ടുപേരെയും അല്‍ഭുതത്തോടെ നോക്കാന്‍ തുടങ്ങി. അവരുടെയൊക്കെ മാറ്റം എല്ലാരെയും അല്‍ഭുതപ്പെടുത്തി. പഠിക്കുമ്പോള്‍ അവരുമായൊക്കെ കൊമ്പ് കോര്‍ത്ത പലരും ഇപ്പൊ ചിരിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞുപോയ ആ കാലം വീണ്ടും തിരിച്ചുകിട്ടിയെങ്ങില്‍ എന്ന് അവര്‍ ഓര്ത്തു... ഇല്ല. തിരിച്ചുകിട്ടാത്തതുകൊണ്ടാണല്ലൊ ആ ഓര്‍മ്മകള്‍ ഇത്രയധികം സുന്ദരമായിരിക്കുന്നത്... മരിക്കുവോളം ആ ഓര്‍മ്മകള്‍ മനസ്സില്‍ നില്‍ക്കണം..

രമ്യ ടീച്ചറും സരിത ടീച്ചറും കൂടി സ്റ്റേജില്‍ കയറി. താഴെ ഇരിക്കുന്നവരുടെ മുഖങ്ങള്‍ കണ്ടപ്പോള്‍ അവര്‍ ഒന്നു ഞെട്ടിയോ എന്നൊരു സംശയം... കുറച്ചുപേരുടെ പേരുകള്‍ അവര്‍ക്ക് പറയാന്‍ കഴിഞ്ഞു . പിന്നെയും ഓര്‍ത്ത് ഓര്‍ത്ത് അവര്‍ കുറേക്കൂടി പറഞ്ഞു. പിന്നെ അവര്‍ തിരിച്ചു പോയി കസേരകളില്‍ ഇരുന്നു. പിന്നെ അടുത്ത ഊഴം പഠിക്കുന്ന കാലത്തു നമ്മുടെയെല്ലാം പ്രിയപ്പെട്ടവര്‍ ആയിരുന്ന രമ്യ സൗമ്യ ടീച്ചേഴ്സ് ആണ്. അവരെ ഇപ്പൊ തിരിച്ചറിയാന്‍ പറ്റുന്നില്ല. പണ്ടു രണ്ടുപേരെയും കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റുമായിരുന്നു. കാലം ഒരുപാടു കടന്നുപോയത് കൊണ്ടാകും... എന്നാലും ഒരുദിവസം കൂടി അവരുടെ ക്ലാസ്സില്‍ ഇരിക്കാന്‍ എല്ലാരും ഒന്നു കൊതിച്ചു. മനസ്സില്‍ ആഗ്രഹം മാത്രമല്ലേ ഉള്ളൂ.. അത് ഇനി എങ്ങനെ സത്യമാകും...?

അന്ന് രാത്രി എല്ലാരും ഹോസ്റ്റലില്‍ നിന്നിട്ട്, പിറ്റേന്ന് 16 വര്‍ഷം മുന്‍പത്തെ പോലെ എല്ലാരും ക്ലാസ്സിലേക്ക് പോകാനുള്ള പ്ലാന്‍ ആയിരുന്നു. രാത്രി ഏറെ വൈകി കളിയും ചിരിയും തന്നെ. ആ വിശാലമായ ക്യാമ്പസ്സില്‍ ആ പഴയ ബാച്ച് മാത്രം. അവര്‍ അവരുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കാന്‍ തുടങ്ങി... മിക്കവാറും ഇപ്പൊ കുറേപേര്‍ കരയാന്‍ തുടങ്ങും... അത്രയ്ക്ക് വികാരഭരിതമാണ് ഇപ്പൊ ആ ഹാള്‍. പ്രണയിച്ചു നടന്നു പിന്നെ പിരിഞ്ഞവര്‍ ഇപ്പൊ എന്തൊക്കെയോ പറയണം എന്ന വെമ്പലോടെ നില്‍പ്പുണ്ടായിരുന്നു. അതാ ഒരു ചെറിയ കരച്ചില്‍ - ആരാണ് കരയുന്നത്?

രാത്രി 9 ആയപ്പോള്‍ എല്ലാരും ഹോസ്റ്റെലിലേക്ക് നടന്നു. പഴയ അടിപൊളി ഗ്രൂപ്സ് എല്ലാം ഒരുമിച്ചു.. ഒരുപാടു നാളുകള്‍ക്കു ശേഷം. എന്നാലും ഇപ്പൊ പഴയപോലെ അടിച്ചുപൊളിക്കാന്‍ പറ്റില്ല. കാരണം കുടുംബം കൂടെ ഉണ്ട്. എന്നാലും ഗ്രൂപ്സ് എല്ലാം ഒരുമിച്ചപ്പോള്‍ പഴയ കാലം ഓര്‍മയിലേക്ക് വന്നു. പിന്നെ അന്നത്തെ അനുഭവങ്ങളും വീരകൃത്യങ്ങളും എല്ലാം പറയാന്‍ തുടങ്ങി. രാത്രി വൈകിയിട്ടും ഹോസ്റ്റെലില്‍ ബഹളം അവസാനിച്ചില്ല. അവരൊന്നും ഇന്നു ഉറങ്ങില്ലേ? കുറേക്കാലം കഴിഞ്ഞു വീണ്ടും ഒരുമിച്ചു കൂടുന്നതല്ലേ.. അവര്ക്കു പറയാന്‍, പങ്കുവയ്ക്കാന്‍ ഒരുപാടു ഉണ്ട്...

പിറ്റേന്ന്, 2025 നവംബര്‍ 23, ഒരു മനോഹരമായ ഞായറാഴ്ച.

ഇന്നു എല്ലാരും ഒരുമിച്ചു പഴയപോലെ ക്ലാസ്സിലേക്ക് പോവുകയാണ്. ഇന്നു ക്യാമ്പസ്സില്‍ വേറെ ആരുമില്ല. ഞായറാഴ്ച ആയതുകൊണ്ടുതന്നെ വേറെ ആരുടേയും ബഹളവുമില്ല. ക്ലാസ്സ് തുടങ്ങുന്നത് 8.30 നാണ്. അത്ഭുതമെന്നു പറയാം, എല്ലാരും കൃത്യസമയത്തിന് മുന്‍പേ ക്ലാസ്സില്‍ എത്തിയിരിക്കുന്നു. അന്ന് സ്ഥിരമായി താമസിച്ചുവരുന്നവര്‍ ഇന്നു മാത്രം നേരത്തെ എത്തിയോ? അത്ഭുതം! നമ്മുടെ അവസാന ക്ലാസ്സ് നടന്ന റൂമില്‍ തന്നെയാണ് ഇപ്പോഴും ഒരുമിക്കുന്നത്. അന്ന് ഇരുന്നപോലെ തന്നെ ആണ് ഇന്നും ഇരിക്കുന്നത്. കുടുംബത്തെ ക്ലാസ്സിലേക്ക് കൊണ്ടുവന്നില്ല. ഇവിടെ നമ്മുടെ ആഘോഷങ്ങള്‍ക്ക് ഒരു ശല്യം ആകേണ്ട എന്ന് കരുതി! ഇപ്പൊ ആ ക്ലാസ്സ് റൂമില്‍ പഴയ ബാച്ചും അന്നത്തെ ടീച്ചേഴ്സും മാത്രം. വേറെ ആരുമില്ല. ഇപ്പൊ നമ്മുടെയെല്ലാം പ്രായം കുറയാന്‍ തുടങ്ങിയതുപോലെ.. പഴയ ഓര്‍മ്മകള്‍ വന്നു...

ക്ലാസ്സ് തുടങ്ങുമ്പോള്‍ ആരോ ഒരാള്‍ പഴയ അറ്റെന്‍ഡന്‍സ് ഷീറ്റ് എടുത്തു. എന്നിട്ട് പഴയ ക്ലാസ്സ് നമ്പര്‍ ഓര്‍ത്തു ഓരോരുത്തരും ഹാജര്‍ വിളിക്കാന്‍ പറഞ്ഞു. ഉടനെ ഒരു കൂട്ടച്ചിരി ഉയര്ന്നു... ആദ്യം തന്നെ അജിത്ത് എഴുനേറ്റു "one" വിളിച്ചു. അവനെ കണ്ട എല്ലാരും അല്‍ഭുതപ്പെട്ടു. പഴയ കളിയും തമാശയുമെല്ലാം കുറഞ്ഞു ഗൌരവത്തോടെ ഉള്ള ഒരു കുടുംബനാഥന്‍ ആയിരിക്കുന്നു അവന്‍. പിന്നെ ഓരോരുത്തരായി നമ്പര്‍ വിളിക്കാന്‍ തുടങ്ങി. പെണ്‍കുട്ടികള്‍ എല്ലാരും മാറി. കളിയും ചിരിയുമെല്ലാം ഒരുപാടു കുറഞ്ഞു. എല്ലാരും വീട്ടമ്മമാരുടെ റോള്‍ ഏറ്റെടുത്തപ്പോള്‍ പിന്നെ കൂട്ടുകാരുമൊത്ത് കൂടാനും കളിക്കാനും ചിരിക്കാനും ഒന്നും അവസരം കിട്ടിയിട്ടില്ല. അതുമല്ല, അന്ന് പഠിക്കുന്ന സമയത്തു ആണ്‍കുട്ടികളും പെണ്‍കുട്ടികളും എന്ന വ്യത്യാസം ഇല്ലാതെ ആയിരുന്നു ക്ലാസ്സില്‍. പക്ഷെ ഇപ്പോള്‍ അതെല്ലാം മാറി. നോക്കണേ, കാലം എന്തുമാത്രം മാറ്റിക്കളഞ്ഞു ഈ മനസുകള്‍... ആഘോഷങ്ങളുടെ 4 വര്‍ഷങ്ങള്‍ എല്ലാം കവര്‍ന്നെടുത്തുകൊണ്ടാണ് സമയം പോയത്. പിന്നെ ജീവിക്കാന്‍ വേണ്ടിയുള്ള തിരക്കിലായിരുന്നു...

അവസാനം 3 വിഷ്ണുമാരും ഒരുമിച്ചു നമ്പര്‍ വിളിച്ചു. വിഷ്ണു മേനോന്‍ ഒരുപാടു മാറി. വിഷ്ണു നിര്‍മലും മാറി. ഇനി ആരാണ് മാറാത്തതായി? എല്ലാരും നമ്പര്‍ വിളിച്ചു കഴിഞ്ഞപ്പോ പലരുടെയും കണ്ണ് നിറഞ്ഞുവോ എന്ന് തോന്നി...

ഇനി ടീച്ചേഴ്സ് വന്നു അവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കണം എന്ന് ആരോ പറഞ്ഞു. അങ്ങനെ, അവര്‍ ഓരോരുത്തരും മുന്നോട്ടു വന്നു. കഴിഞ്ഞ കാലത്തിലെ രസകരമായ അനുഭവങ്ങള്‍ പറയാന്‍ തുടങ്ങി. ഇടക്കിടെ ചിരി കേള്‍ക്കാം. പിന്നെ അവര്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍ നമ്മുടെ ഊഴമായി. പലര്‍ക്കും പറയാന്‍ വേദനിപ്പിക്കുന്ന ഓര്‍മകളും ഉണ്ടായിരുന്നു. എന്നാലും കുറച്ചുപേര്‍ ഒന്നും പറയില്ല എന്ന വാശിയില്‍ ആയിരുന്നു. അവരെ അങ്ങനെ വെറുതെ വിടാന്‍ ആരും തയ്യാറായിരുന്നില്ല. അവരെ പൊക്കി വിടാന്‍ പഴയ കാലത്തു കാണിച്ച ഉത്സാഹം വീണ്ടും വന്നു.. അതുംകൂടി ആയപ്പോ എല്ലാരുടെയും ആവേശം കൂടി. ഇപ്പൊ ആ ക്ലാസ്സ് 16 വര്‍ഷം പിന്നിലേക്കു തിരിച്ചുപോയി... പിന്നെ പഴയതുപോലെ കൂട്ടത്തോടെ ബഹളം തുടങ്ങി. ഈ അവസരം തന്നെ മുതലാക്കി രമ്യ ടീച്ചര്‍ പഴയതുപോലെ "എല്ലാരും മിണ്ടാതിരിക്കൂ" എന്ന് ഉറക്കെ പറഞ്ഞു. അപ്പൊ പെട്ടെന്ന് ആ റൂം നിശ്ശബ്ദമായി. എല്ലാരും രമ്യ ടീച്ചറിന്‍റെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി. രണ്ടു നിമിഷം അങ്ങനെ... എല്ലാരും നിശ്ശബ്ദരായി... പെട്ടെന്ന് പടക്കം പൊട്ടിച്ചതുപോലെ കൂട്ടച്ചിരി ഉയര്‍ന്നു. ആ കൂട്ടച്ചിരിയില്‍ രമ്യ ടീച്ചറും പങ്കുചേര്‍ന്നു. അങ്ങനെ ഞങ്ങള്‍ അവിടെ ആഘോഷിച്ചു.

ഇന്റര്‍വെല്‍ സമയം ആയപ്പോള്‍ ആരും തിരിച്ചുപോയില്ല. അവിടെ തന്നെ നിന്നു. പഴയ ഒരുപാടു പിണക്കങ്ങളും മറ്റും ഓര്‍ത്തു. അതൊക്കെ ഓര്‍ക്കുമ്പോള്‍ അവരുടെ മനസ്സില്‍ നഷ്ടത്തിന്‍റെ നൊമ്പരങ്ങളാണ്‌. അന്ന് 4 വര്‍ഷം വെറുതെ ആവശ്യമില്ലാതെ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പിണങ്ങി, പിന്നെ പഠനം കഴിയുന്നതുവരെയും പരസ്പരം മിണ്ടാതിരുന്നു കാലം കഴിച്ചുകൂട്ടിയത് ഓര്‍ക്കുമ്പോള്‍ ഇപ്പൊ ദു:ഖം തോന്നുന്നു. അങ്ങനെ പിണങ്ങേണ്ട പ്രശ്നം ഒന്നും ഇല്ലായിരുന്നു എന്ന് ഇപ്പൊ എല്ലാര്‍ക്കും തോന്നുന്നു. ഇനി എന്തുപറയാന്‍? കാലം ഒരുപാടു കഴിഞ്ഞു . കാലം മായ്ക്കാത്ത മുറിവുകള്‍ ഇല്ല എന്ന് പറയാറുണ്ട്. ഇപ്പൊ ആര്‍ക്കും ആരോടും ഒരു പിണക്കവുമില്ല. അന്ന് പിണങ്ങിയവരൊക്കെ ഇപ്പൊ കെട്ടിപ്പിടിച്ചു നില്ക്കുന്നത് കാണാമായിരുന്നു...

അന്ന് ടീച്ചേഴ്സിനോട് അടിയുണ്ടാക്കിയവരെല്ലാം ഇപ്പൊ നോക്കിയപ്പോ ആ ടീച്ചേഴ്സിനോട് ചെന്നു നിന്നു വളരെ കാര്യമായി സംസാരിക്കുന്നു..! അന്ന് അറിവില്ലാത്ത കാലത്തു ഒരു ആവേശത്തിന്‍റെ പുറത്തു ചെയ്തതാണെന്നും മറ്റും ആരൊക്കെയോ വലിയ കാര്യമായി പറയുന്നതു കേട്ടു. അതൊക്കെ കേട്ട അവര്‍ ചിരിക്കുന്നുണ്ടായിരുന്നു. എന്നാലും കാലത്തിന്റെ കഴിവ് അപാരം തന്നെ...!

അങ്ങനെ ചിരിയും ബഹളവും മറ്റുമായി നമ്മള്‍ അടിച്ചുപൊളിച്ചു. ഉച്ച ഭക്ഷണം കഴിക്കാന്‍ സമയം ആയി. പക്ഷെ ആര്‍ക്കും ഒരു തിരക്കുമില്ല. അന്ന് ക്ലാസ്സ് സമയത്തു ഉച്ചഭക്ഷണം കഴിക്കാന്‍ വേണ്ടി സമയം എണ്ണി എണ്ണി നീക്കുമായിരുന്നു. ഇന്നു എല്ലാര്‍ക്കും എന്തുപറ്റി? അന്ന് ഉച്ചക്ക് ഭക്ഷണപ്പൊതി തുറക്കുമ്പോള്‍ തന്നെ നാലുവശത്ത് നിന്നും ഓരോരുത്തരായി ചാടിവീഴുമായിരുന്നു. ഇന്നു അതുപോലെ ആരെങ്കിലും ചെയ്യുമോ? എന്തായാലും ഭക്ഷണം റെഡി എന്ന് അവര്‍ വന്നു പറഞ്ഞതിന് ശേഷം ആയിരുന്നു ഞങ്ങള്‍ പോയത്.

പലര്‍ക്കും വീണ്ടും കണ്ടുമുട്ടിയതിന്‍റെ "എന്തോ ഒരു ഇത്" കാരണം ഭക്ഷണം കഴിക്കാന്‍ തോന്നിയില്ല. എന്നാലും ഫാമിലിയെ ഒഴിവാക്കി എല്ലാരും കൂടി ഒരുമിച്ചിരുന്നു പഴയതുപോലെ തന്നെ ഭക്ഷണം കഴിച്ചു. ആരും അടിപിടി കൂടാന്‍ വന്നില്ല. പിന്നെ എല്ലാരും ഭക്ഷണം കഴിഞ്ഞപ്പോ തിരിച്ചു ക്ലാസില്‍ എത്തി.

ഇനി അടുത്ത പരിപാടി നമ്മുടെ പഴയകാലത്തെ ഫോട്ടോകള്‍ കാണിക്കുന്നതായിരുന്നു. ആദ്യ സെമസ്റ്റര്‍ മുതലേ ഉള്ള ഫോട്ടോസ് കാണിച്ചു. പിന്നെ കുറെ വീഡിയോസ്. അന്ന് ക്ലാസ്സില്‍ കിടന്നു ബഹളം വയ്ക്കുന്നതും, അടികൂടുന്നതും, ഓണം ആഘോഷിക്കുന്നതും, ഓരോ പരിപാടികള്‍ അവതരിപ്പിക്കുന്നതും, ടൂറിനു പോയതുമെല്ലാം. അങ്ങനെ കുറെ സമയം അതെല്ലാം നോക്കി എല്ലാരും അല്‍ഭുതപ്പെട്ടിരുന്നു. അന്നത്തെ ചെറിയ ചെറിയ ഫ്രണ്ട്സ് ഗ്രൂപ്പുകളുടെ ഫോട്ടോസ് എല്ലാം കാണിച്ചു. അത് കാണുമ്പോള്‍ ഒരു കൊച്ചു കുഞ്ഞിനെ മഴവില്ല് കാണിക്കുമ്പോള്‍ ഉള്ളതുപോലെ ആയിരുന്നു. അത്രയ്ക്ക് അത്ഭുതമായിരുന്നു എല്ലാരുടെയും മുഖത്ത്.. കഴിഞ്ഞകാലം... അതൊക്കെ ഒരിക്കലും ഇനി തിരിച്ചുകിട്ടില്ല... അതൊക്കെ ഓര്‍ത്തപ്പോള്‍ വീണ്ടും ഒരു ചെറിയ ദു:ഖം... എല്ലാരെയും ഒരുമിച്ചു വീണ്ടും കാണാന്‍ കിട്ടിയ ഈ അവസരം... ഇനി എന്നാണു ഇതുപോലെ വീണ്ടും...?

പിന്നെ സമയം കുറേകൂടി കഴിഞ്ഞു ... സമയം വൈകുന്നേരം ആകുന്നു... എല്ലാരും ഒരുമിച്ചു കൂടിയിട്ടു ഇപ്പൊ 24 മണിക്കൂര്‍ ആകും... ഇതിനേക്കാള്‍ ഏറെ, അന്ന് നമ്മളെല്ലാം 4 വര്‍ഷങ്ങള്‍ ഒരുമിച്ചുകൂടിയതായിരുന്നു... അതൊക്കെ ഇന്നു ഓര്‍മ്മകള്‍ മാത്രമായി.. ഇനി ഇപ്പൊ ഈ 24 മണിക്കൂര്‍ മാത്രം. ഇനി അടുത്തത് ഒരു ഫോട്ടോ സെഷന്‍ ആണ് എന്ന് ആരോ പറഞ്ഞു. ഞങ്ങള്‍ എല്ലാരും റെഡി ആയി. പിന്നെ ഞങ്ങള്‍ അവിടത്തെ ഗ്രൗണ്ടില്‍ ഒരുമിച്ചു നിന്നു. ഒരാള്‍ വന്നു നമ്മുടെ ഫോട്ടോ എടുത്തു. അപ്പോഴേക്കും അവിടന്നും ഇവിടന്നുമായി കുറെയധികം ക്യാമറകള്‍ വന്നു. പിന്നെ അയാള്‍ എല്ലാത്തിലും ഫോട്ടോ എടുത്തു. ഫോട്ടോഗ്രാഫര്‍ ഫോട്ടോ എടുത്തു കഴിഞ്ഞു പോയപ്പോഴും എല്ലാരും ഒരുമിച്ചു തന്നെ നില്ക്കുന്നു.. എന്തുപറ്റി എല്ലാര്‍ക്കും? ആര്ക്കും പിരിയാന്‍ വയ്യ. ഒരു മടി... ഇനി അടുത്ത പരിപാടി കുടുംബത്തോടൊപ്പം വീടുകളിലേക്ക് തിരിച്ചു പോവുക എന്നതാണ്.

എല്ലാര്‍ക്കും എന്തോ ഒരു വിഷമം അനുഭവപ്പെട്ടു തുടങ്ങി.. ഞങ്ങള്‍ ഓര്‍ത്തു... 16 വര്‍ഷങ്ങള്‍ക്കു മുന്പേ, ഒരു ഓഗസ്റ്റ്‌ മാസം എല്ലാരും പിരിയുന്ന നേരത്ത് ഇതുപോലെ ഒരു വിഷമം എല്ലാര്‍ക്കും അനുഭവപ്പെട്ടിരുന്നു... പിരിയാന്‍ പോകുന്നതിന്‍റെ വിഷമം. എത്രകാലമാണ് നമ്മളെല്ലാം ഒരുമിച്ചു കൂടി ആഘോഷിച്ചിരുന്നത്.. അതുപോലെ ഈ കഴിഞ്ഞ ദിവസവും... ഇനി എന്നാണു വീണ്ടും ഇതുപോലെ ഒന്നിക്കുക? അറിയില്ല. ഒരുപക്ഷെ, സ്വന്തം കോളേജിലെ കൂട്ടുകാരെ പിരിയുന്നതാകും ഒരാളുടെ ജീവിതത്തിലെ ഏറ്റവും വിഷമം ഉള്ള കാര്യം... അതൊക്കെ അനുഭവിച്ചല്ലേ പറ്റൂ... അല്ലെ? അതാണല്ലോ ഈ കോളേജ് ലൈഫ്...

പിന്നെയും സമയം കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി കരച്ചില്‍ തുടങ്ങിയോ എന്ന് സംശയം.. ടീച്ചേഴ്സിനോട് യാത്ര പറയുമ്പോള്‍ ഉള്ളില്‍ ഒരു വിങ്ങല്‍ ഉണ്ടായിരുന്നു... എന്തുകൊണ്ടെന്ന് അറിയില്ല. പിന്നെ കൂട്ടുകാരോടൊക്കെ യാത്രപറഞ്ഞു ഓരോരുത്തരായി തിരിച്ചുപോകാന്‍ തുടങ്ങി.. ഫോണ്‍ വിളിക്കാം എന്നൊക്കെ എല്ലാരും പറയുന്നുണ്ടായിരുന്നു. പക്ഷെ ആരാണ് വിളിക്കുക? എല്ലാരും ജീവിതത്തിന്‍റെ തിരക്കുകളിലേക്ക് തിരിച്ചു പോകുകയാണ്... വീണ്ടും എന്ന് ഇതുപോലെ കണ്ടുമുട്ടും...? ആരും ഒന്നും പറഞ്ഞില്ല. ഇപ്പൊ ആര്‍ക്കും ഒന്നും സംസാരിക്കാന്‍ വയ്യ. എല്ലാരും കാറുകളില്‍ കയറുന്നു, പുറത്തു നോക്കി ബാക്കിയുള്ളവരെ കൈ വീശി കാണിക്കുന്നു, പിന്നെ പോകുന്നു... ജീവിതത്തിലേക്ക്... കാലത്തിലേക്ക് പോകുകയാണ് എല്ലാരും...

വീണ്ടും ഒരു ഒത്തുചേരല്‍ പ്രതീക്ഷിച്ചുകൊണ്ട് എല്ലാരും യാത്രയായി... ഇനിയും കാണാം എന്ന പ്രതീക്ഷയോടെ...

Monday, September 01, 2008

ലാപ്ടോപ് സിനിമയിലെ പാട്ടു കേട്ടോ...?

എന്‍റെ ജന്‍മം എവിടേയ്ക്കോ... അറിയില്ല.... എന്നാലും എനിക്ക് ചിന്തിച്ചുകൂടാ എന്നൊന്നുമില്ലല്ലോ... ഞാന്‍ ആലോചിക്കുകയാണ്... എന്തുമാത്രം ദൂരം നാമെല്ലാം സഞ്ചരിച്ചു... എന്തെല്ലാം നേടി... ഒരായിരം ബന്ധങ്ങള്‍... അതിലേറെ എന്നെ മാറ്റിയത് ഞാന്‍ നേടിയ അനുഭവങ്ങള്‍ ആണ്...

ഇപ്പോള്‍ ഞാന്‍ പാട്ടു കേട്ടുകൊണ്ടിരിക്കുകയാണ്... "ലാപ്ടോപ്" എന്ന പുതിയ ചിത്രത്തിലെ പാട്ടുകള്‍... ഒരുപാടു നാളുകള്‍ക്കു ശേഷം ആണ് ഇത്രയധികം എന്‍റെ ഹൃദയത്തെ സ്പര്‍ശിച്ച പാട്ടുകള്‍ ഞാന്‍ കേള്‍ക്കുന്നത്... "ഏതോ ജലശംഖില്‍" എന്ന ഗാനം ഞാന്‍ ഒരുപാടു തവണ കേട്ടു. ഇപ്പോഴും കേള്‍ക്കുന്നു. ഒരുപാട് ഇഷ്ടമായി എനിക്ക് ആ ഗാനം... തികച്ചും ആര്‍ദ്രമായ പ്രണയത്തിന്‍റെ ആവിഷ്കാരം ആണ് ആ കവിത. സത്യത്തില്‍ ലാപ്ടോപ്പിലെ എല്ലാ ഗാനങ്ങളും ഒരു പ്രത്യേക മനസ്ഥിതിയില്‍ ഉള്ള കവിതകള്‍ ആണ്. "ഏതോ ജലശംഖില്‍" വളരെ വളരെ മനോഹരമായ ഒരു കവിത ആണ്. നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കണം എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം...

എന്നാലും ആ കവിതയുടെ ഭംഗി കാരണം അതിന്‍റെ വരികള്‍ ഇവിടെ എഴുതാന്‍ ഞാന്‍ നിര്‍ബന്ധിതനാവുകയാണ്... എന്‍റെ പ്രണയാവിഷ്കാര വികാരഗതികള്‍ എന്നും എനിക്ക് അതീതമായിരുന്നു... ഇന്നും... എന്നെ അത് മറ്റൊരു ലോകത്തെത്തിക്കുകയാണ്...

ഏതോ ജലശംഖില്‍, കടലായ് നീ നിറയുന്നു...
മരുഭൂവില്‍ മഴനീര്‍ത്തും നനവായ് നീ പടരുന്നു...
പറയാനായ് കഴിയാതെ, പകരാനായ് മുതിരാതെ,
തിരതൂവും നെടുവീര്‍പ്പില്‍, കടലാഴും ശ്രുതിയായി...
വെറുതേ.... വെറുതേ...

പാതിരാക്കാറ്റില്‍ ഏകയായ്, പോയ്മറഞ്ഞുവോ സൗരഭം...
ഏറെ നേര്‍ത്തോരീ തെന്നലില്‍, ഉള്‍ക്കനല്‍പൂക്കള്‍ നീറിയോ...
എകാന്തമാം അടരുകളില്‍, നീര്‍ച്ചാലുപോല്‍ ഒഴുകിവരൂ...
ആത്മാവിലെ ഗിരിനിരയില്‍, നിന്നുള്ളിലെ വെയില്‍ വിതറൂ...
ആഴങ്ങളിലൂടെ, നീളും വേരായ് പടരുമോ...

ഏതോ ജലശംഖില്‍, കടലായ് നീ നിറയുന്നു...
മരുഭൂവില്‍ മഴനീര്‍ത്തും നനവായ്...

ശ്യാമരാവിന്‍റെ കൈകളായ്, പേലവങ്ങളീ ചില്ലകള്‍...
ദൂരതാരക ജ്യോതിയാല്‍, കണ്ണുനീര്‍ക്കണം മായ്ക്കുവാന്‍...
കാതോര്‍ക്കുവാന്‍ പ്രിയമൊഴി, ശ്വാസങ്ങളാല്‍ പൊതിയു നീ,
ആരക്തമായി സന്ധ്യകള്‍, സ്നേഹാതുരം മറയുകയായ്,
കാണാമുറിവില്‍ ഹിമമായി നീ വീഴുമോ...

ഏതോ ജലശംഖില്‍, കടലായ് നീ നിറയുന്നു...
മരുഭൂവില്‍ മഴനീര്‍ത്തും നനവായ് നീ പടരുന്നു...
പറയാനായ് കഴിയാതെ, പകരാനായ് മുതിരാതെ,
തിരതൂവും നെടുവീര്‍പ്പില്‍, കടലാഴും ശ്രുതിയായി...
വെറുതെ.... വെറുതെ... വെറുതെ... വെറുതെ

ഈ കവിത കേള്‍ക്കുമ്പോള്‍ ഞാന്‍ പരിസരം മറക്കുകയാണ്... ഏതോ അനന്തമായ ഒരു വികാരത്തില്‍ ഞാന്‍ ലയിക്കുന്നു... എന്താണത്..? പ്രണയമാണോ..? നഷ്ടങ്ങളുടെ ഓര്‍മകളാണോ...? എന്‍റെ മനസ്സില്‍ പ്രണയത്തിന്‍റെ ഒരു തുള്ളി നീരെങ്കിലും അവശേഷിക്കുന്നുണ്ടാകും... അതുകൊണ്ടാണല്ലോ ഈ കവിത എന്നെ വികാരങ്ങളുടെ ഉയരങ്ങളില്‍ എത്തിക്കുന്നത്...

ഈ കവിതകളുടെ സംഗീതം തികച്ചും എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത തന്നെയാണ്. വരികള്‍ക്ക് ഇണങ്ങുന്ന, വളരെ സുന്ദരമായ സംഗീതം. എങ്ങനെ നോക്കിയാലും, ഈ കവിത ഈ ദിവസങ്ങളില്‍ എന്‍റെ വികാരങ്ങളെ നിയന്ത്രിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. ഞാന്‍ അതില്‍ ലയിക്കുകയാണ്... ആസ്വദിക്കുകയാണ്... ഞാന്‍ എവിടെയാണ്...?

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...