Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Thursday, August 30, 2012

റണ്‍ ബേബി റണ്‍ - ഒരു നല്ല എന്റര്‍ടെയിനര്‍ ചിത്രം



ജോഷി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ഓണച്ചിത്രം - റണ്‍ ബേബി റണ്‍ - ഇന്ന് ഈ മനോഹരമായ തിരുവോണ ദിവസം തീയേറ്ററില്‍ എത്തി. "സീനിയേഴ്സ്" എന്ന മുഴുനീള തമാശ ചിത്രത്തിന്‍റെ കഥ എഴുതിയ സച്ചി-സേതു ടീമിലെ സച്ചിയുടെതാണ് കഥ.

ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഉണ്ടായ ചിത്രം ആയതിനാല്‍ പതിവ് "ഹീറോയിസം", "ഒറ്റയടിക്ക് മുപ്പതു പേരെ വീഴ്ത്തല്‍" മുതലായ നമ്പരുകള്‍ ഉണ്ടാകുമെന്ന് ഓര്‍ത്താണ് ആദ്യമേ പോകണ്ടാന്നു കരുതിയത്‌ . ആരെങ്കിലുമൊക്കെ പോയി കണ്ടിട്ട് വന്നു റിവ്യൂ പറഞ്ഞിട്ട് പോയാല്‍ മതിയല്ലോ. മാത്രവുമല്ല, ഇപ്പൊ വന്ന "താപ്പാന"യും "മരുമകനും" ഒക്കെ അത്ര പോരാ എന്നും കേട്ടിരുന്നു.

Thursday, June 21, 2012

വടക്കുനോക്കിയന്ത്രം റീമേക്ക് - ക്യാമറ, സംവിധാനം: അമല്‍ നീരദ്.

(മുന്‍കുറിപ്പ്: ഇതൊരു റീമേക്ക് തിരക്കഥ ആണ്. "ബിഗ്‌-ബി", "സാഗര്‍ ഏലിയാസ് ജാക്കി", "അന്‍വര്‍", "ബാച്ചിലര്‍ പാര്‍ടി" മുതലായ ചിത്രങ്ങളുടെ അതെ ശൈലിയില്‍ തന്നെ ഈ തിരക്കഥ മനസ്സില്‍ കണ്ടു സ്ലോ..ഓ..ഓ..മോഷനില് വാ..വാ..വാ...വാവാ..വാ..യിക്കുക! എന്നാലെ സംവിധാ..ധാധാധാധാ....യാകാന്‍ ഉദ്ദേശിച്ച ആ ഒരു "ഫീ..ഫീ..ഈ..ഈ..ഈഈഈ...ല്" കിട്ടുള്ളൂ.)

--- സീന്‍ ഒന്ന് ---

സമയം ഉച്ചനേരം.
വീടിനു പുറകുവശം.
സീനില്‍ : തളത്തില്‍ ദിനേശന്‍, ശോഭ.

(ശോഭ തുണി അലക്കുന്നു. ക്യാമറ നേരെ കട്ട്‌ ചെയ്തു ശോഭയുടെ മുന്നില്‍. ശോഭ ഒരു ഷര്‍ട്ട് എടുത്തു കുടയുന്നു. ഷര്‍ട്ട് മുകളിലേക്ക് സ്ലോ...ഓ..ഓ..ഓ..മോഷനില്‍ പോകുന്നു... ഷര്‍ട്ട് മുകളിലെത്താന്‍ രണ്ടു മിനിറ്റ്. പെട്ടെന്ന് ഷര്‍ട്ട് സ്പീഡില്‍ ഉലഞ്ഞു.. ടപ്പ്..! വീണ്ടും സ്ലോമോഷനില്‍ താഴേക്ക്... വെള്ളത്തിന്‍റെ തുള്ളികള്‍ ചിതര്‍ .. ര്‍ ര്‍ ര്‍ ര്‍ ര്‍ .. റി തെറിക്കുന്നതു കാണാം. ഓരോ തുള്ളിയും ഫ്രെയിമില്‍ നിന്ന് എണ്ണിഎടുക്കാം. ഒരു മൂന്നു മിനിറ്റ് കൂടി വെള്ളത്തുള്ളികള്‍ സ്ലോ..ഓ..ഓ..ഓ..മോഷനില്‍ ഇഴഞ്ഞശേഷം ഒരു മിന്നല്‍ പോലെ ഒറ്റ. നിമി. കൊ. അപ്ര.)

(പുറകിലെ വാഴത്തോട്ടത്തില്‍ ശോഭയുടെ ഭര്‍ത്താവ് തളത്തില്‍ ദിനേശന്‍ ... പ്രസ്സില്‍ നിന്നും ഓ..ഓ..ഓ..ഓ...ഓ..ഓ..ഓ..ഓടി വരുകയാണ്. ക്യാമറ വാഴകള്‍ക്കിടയിലൂടെ ദിനേശന് സമാന്തരമായി ട്രോളിയില്‍ ഇഴയുന്നു... ദിനേശന്റെ കാലുകള്‍ തറയില്‍ നിന്നും പൊങ്ങിയാല്‍ പിന്നെ ദിനേശന്‍ സ്ലോ..ഓ..ഓ..ഓ..മോഷനില്‍ ആണ്... വീണ്ടും കാലുകള്‍ തറയില്‍ എത്താന്‍ മിനിമം അഞ്ചു മിനിറ്റ് എങ്കിലും വേണം. അതിനിടെ ക്യാമറ ദിനേശന്റെ മുഖത്ത് നിന്നും ഊര്‍ന്നുവീഴുന്ന രണ്ടു വിയര്‍പ്പ്തുള്ളികള്‍ അള്‍ട്രാ സൂം ചെയ്തു കാണിക്കുന്നു. ദിനേശന്‍ തറയില്‍ കാല്‍ വെക്കുമ്പോള്‍ എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ്‌ ചെയ്യുന്നതുപോലെ പൊടി പാറുന്നത് സ്ലോമോഷനില്‍ കാണിക്കുന്നു...)

-- (ഇതുവരെ കാണിക്കാന്‍ പതിനഞ്ചു മിനിറ്റ്)

ശോഭയെ അടുത്തേക്ക്‌ വിളിച്ചിട്ട് തളത്തില്‍ ദിനേശന്‍: "ശോ..ശോ..ശോഭേ, എനിക്ക്..ക്ക്..ക്ക്.. ഒരുപാട് തമാ..ആ..ആ..ആ..ആ..ആ..ശകള്‍ പറയാനറിയാം. ഇപ്പൊ പ്രസ്സി..സ്സിസ്സിസ്സി..സ്സിസ്സി..സ്സിസ്സി..സ്സില് വെച്ചു തോന്നിയ ഒരെണ്ണ..ണ്ണ..ണ്ണണ്ണണ്ണം പറയാം!"

"ഹോട്ട..ട്ട..ട്ട..ട്ട..ലാണെന്ന് കരുതി ബാ..ബാര്‍ബര്‍ ഷോപ്പി..പ്പി...പ്പിപ്പിപ്പിപ്പി...ല് കയറിയ വൃ..വൃ..വൃ..വൃദ്ധന്‍ - എന്തൊക്കെയുണ്ട്..ണ്ട്..ണ്ട്....ണ്ട്ണ്ട്ണ്ട്ണ്ട്???"
"അപ്പൊ..പ്പോ..പ്പോ..പ്പോള്‍ ബാര്‍ബര്‍ - കട്ടി..ട്ടി..ട്ടി..ട്ടിട്ടിട്ടിട്ടിട്ടിട്ടിംഗും ഷേവിങ്ങും..."
"അപ്പൊ..പ്പോ..പ്പോ...പ്പോ..പ്പോള്‍ വൃ..വൃ..വൃദ്ധന്‍ - എന്നാല്‍ രണ്ടു..ണ്ടുണ്ടുണ്ടുണ്ടുണ്ടുണ്ടു...ണ്ടും ഓരോ പ്ലേറ്റ് പോര..ട്ടെട്ടെട്ടെട്ടെട്ടെട്ടെട്ടെ!!!!"

"ഹാ.ഹാ...ഹാ...ഹാഹാഹാഹാ...ഹാ... ഹാ...!!"

(ശോഭയുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഇല്ല)

ദിനേശന്‍ (സ്ലോ..ഓ..ഓ..ഓ..മോഷന്‍ ചമ്മലോടെ) : "ആഹ്.. ശോഭ...ഭ..ഭ..ഭക്ക് തമാശ ശരിക്ക് അങ്ങ..ങ്ങങ്ങങ്ങങ്ങങ്ങട് മനസി..സി..സില്ലാ അല്ലെ?"

(ബാക്ക്ഗ്രൌണ്ടില്‍ പാട്ട് കേള്‍ക്കുന്നു: "കറുത്ത..ത്ത..ത്ത...ത്തത്തത്തത്ത പെണ്ണെ... കരിങ്കുഴലീ..ലീ..ലീ..ലീ..ലീ.. നിനക്കൊരുത്തന്‍ കിഴ..ഴഴഴഴ..ക്കുദിച്ചു..")

ശോഭ (സ്ലോ..ഓ..ഓ..ഓ..മോഷന്‍ ചിരിയോടെ) : "ദിനേശേ..ട്ടാട്ടാ... പ്രകാ..ശ..ശശശ..ന്‍ നന്നായി പാ..ആ..ആ..ആടും.. എന്തൊരു രസ..സ..സസസസ..മാണെന്നോ കേള്‍ക്കാന്‍!"

ദിനേശന്‍ (സ്ലോ..ഓ..ഓ..ഓ..മോഷന്‍ ദേഷ്യത്തോടെ) : "ഓ ഞങ്ങള് കുടുംബത്തോടെ..ടെ..ടെടെടെടെ പാട്ടുകാരാ..രാരാരാണ്... എന്‍റെ അച്ഛ..ച്ഛച്ഛച്ഛച്ഛച്ഛച്ഛച്ഛന്‍ പാടും, ഞാനും പാടും, കുറ..റ..റ..ച്ചൊക്കെ അവനും പാടും"

ശോഭ (വീണ്ടും സ്ലോ..ഓ..ഓ..ഓ..മോഷന്‍ ചിരിയോടെ) : "അതിനു..നു..നു..നു ദിനേശേട്ടന്‍ ബാത്രൂ..ത്രൂത്രൂത്രൂത്രൂത്രൂത്രൂത്രൂത്രൂമില് പോലും പാടു..ടുടുടു..ടുന്നത് ഞാന്‍ കേട്ടിട്ടില്ലല്ലോ?"

(ചമ്മി നില്‍ക്കുന്ന ദിനേശന്റെ മുഖത്തേക്ക് ബഹിരാകാശത്ത് നിന്നും ക്യാമറ സൂം ചെയ്യുന്നു.)

 

--- സീന്‍ രണ്ട് ---

വീടിനു മുന്‍വശം.
സീനില്‍: തളത്തില്‍ ദിനേശന്‍, പ്രകാശന്‍.

(തറയില്‍ എന്തോ കത്തുന്നു. തീ ആളി ആളിപ്പറക്കുന്നു... ക്യാമറ മുകളില്‍ നിന്നും തീയിലേക്ക് ഇറങ്ങിവരുന്നു. തീ ജ്വാലകള്‍ സ്ലോ..ഓ.ഓ..ഓ..മോ..ഷനില്‍ ഉയര്‍ന്നു കത്തുന്നു. തീയുടെ ഉള്ളില്‍ നിന്നും ക്യാമറ പുറത്തേക്ക് കടക്കുമ്പോള്‍ പ്രകാശന്റെ മുഖം കാണാം. ക്യാമറ നേരെ സൂം-ഔട്ട്‌ ചെയ്തു സ്ലോ-മോഷനില്‍ പുറകിലേക്ക് നീങ്ങുമ്പോള്‍ കാണുന്നത് വീടിന്‍റെ മുന്നിലിരുന്നു സ്ലോമോഷനില്‍ പറങ്കിയണ്ടി ചുടുന്ന പ്രകാശനെ ആണ്.)

(പമ്മി പമ്മി ഡബിള്‍ സ്ലോമോഷനില്‍ സീനിലേക്ക് കടന്നുവരുകയാണ് ദിനേശന്‍. മൂന്നു വ്യത്യസ്ത ക്യാമറകള്‍ ഒരേസമയം മൂന്നു വശങ്ങളില്‍ നിന്നായി ദിനേശനെ ഷൂട്ട്‌ ചെയ്യുന്നു. സ്ക്രീനില്‍ മൂന്നു ക്യാമറയില്‍ നിന്നുമുള്ള രംഗങ്ങള്‍ ഒറ്റ ഫ്രെയിമില്‍ മൂന്നു ചതുരങ്ങള്‍ക്കുള്ളില്‍ വരണം.)

ദിനേശന്‍ (അള്‍ട്രാ സ്ലോമോഷനില്‍): "നിര്‍ ര്‍ ര്‍ ര്‍ ത്തെ ടാടാടാടാടാടാടാടാ"

(പ്രസ്തുത "നിര്‍ത്തെടാ" വിളി അഞ്ചു തവണ അഞ്ച് ആങ്കിളില്‍ നിന്നും സ്ലോമോഷനില്‍ റിപ്പീറ്റ്‌ ചെയ്തു കാണിക്കുന്നു)

ദിനേശന്‍ (സ്ലോമോഷനില്‍ ദേഷ്യത്തോടെ): "നീയാരാടാ യേ.....ശുദാസോ? ആരാ.....ടാ നിന്‍റെ കരിങ്കുഴലി??? കേറി പോടാ അലവലാതീ"

(പ്രകാശന്‍ ഓടുന്നു... ക്യാമറ പുറകെ ഓടുന്നു... പ്രകാശന്റെ ഓരോ ചുവടും ക്യാമറ ഒപ്പുന്നു. ഓരോ ചുവടിലും പാറുന്ന പൊടി പ്രേക്ഷകരുടെ കണ്ണിലേക്ക്‌ വീഴുന്നു)


--- ശുഭം ---

ഈ പറഞ്ഞ രണ്ടു സീനുകള്‍ അര-മുക്കാല്‍ മണിക്കൂറില്‍ ഒതുക്കിയാല്‍ പിന്നെ അഞ്ചു മിനിറ്റ് നീളമുള്ള രണ്ടു പാട്ടുകളും ഇരുപതു മിനിറ്റ് നീളമുള്ള ആക്ഷനും ചേര്‍ത്ത് ഒരു മണിക്കൂര്‍ ആക്കാം. ഇതില്‍ ആക്ഷന് സ്കോപ്പ് ഇല്ലെന്ന് തോന്നേണ്ട. ദിനേശനും പ്രകാശനും തമ്മില്‍ ഒരു ചെറിയ കശപിശ ഉണ്ടാക്കിയാല്‍ ഒരു ആക്ഷന് സ്കോപ്പ് ആയി. പതിനഞ്ചു മിനിറ്റ് ആക്ഷന്‍ കഴിഞ്ഞ് അവര്‍ വീണ്ടും ഒന്നായിക്കോട്ടേ.

ഹാവൂ, ഇപ്പൊ ഒരു മണിക്കൂര്‍ സീന്‍ ആയി. ഇനി ബാക്കി ഒന്നര മണിക്കൂര്‍ കാണിക്കാനുള്ളത് കൂടി എഴുതണം.

Tuesday, May 01, 2012

മനോഹരമായ രണ്ടു പാട്ടുകള്‍ കൂടി...

പാട്ടു കേള്‍ക്കാന്‍ ഇഷ്ടപെടാത്തവര്‍ ആരുണ്ട്‌? നമ്മളെല്ലാരും നല്ല നല്ല പാട്ടുകള്‍ ആസ്വദിക്കുന്ന കൂട്ടത്തിലാണ്.. അല്ലേ? പലര്‍ക്കും പലതരം പാട്ടുകളോടാണ് താല്പര്യം. ചിലര്‍ക്ക് മെലഡി, ക്ലാസിക്കല്‍ ഒക്കെ ആണ് ഇഷ്ടം. മറ്റു ചിലര്‍ക്കോ, അടിച്ചുപൊളി, ഡപ്പാംകൂത്ത് അങ്ങനെയുള്ള പാട്ടുകള്‍ ആണ് ഇഷ്ടം.

എന്തൊക്കെ ആയാലും, നല്ല പാട്ടുകള്‍ കേട്ടാല്‍ നമ്മളെല്ലാം ആസ്വദിക്കും... സംഗീതത്തിനു നമ്മുടെ മാനസികാവസ്ഥ വളരെവേഗം മാറ്റിമറിക്കാനുള്ള ഒരു അപാരമായ കഴിവുണ്ട്. ചിലപ്പോഴൊക്കെ ഒരു അടിച്ചുപൊളി പാട്ട് കേള്‍ക്കുമ്പോള്‍ നമ്മള്‍ തന്നെ സ്വയം ഒരു ഭീമാകാരമായ സ്റ്റേജില്‍ നിന്ന് പാടുന്നതായും ആളുകളെല്ലാം നമ്മെ ആരാധനയോടെ നോക്കുന്നതായുമൊക്കെ സ്വപ്നം കാണാറില്ലേ??? മറ്റു ചിലപ്പോള്‍ മടി പിടിച്ചു കട്ടിലില്‍ കിടക്കുമ്പോള്‍ ഒരു മനോഹരമായ മെലഡി കേട്ടാല്‍ എവിടുന്നോ ഒരു ഉണര്‍വ് കിട്ടുന്നത് കാണാം.

പ്രണയിക്കുന്നവരുടെ കൂടെ എപ്പോഴും കാണും അവരുടെ മാത്രം സ്വകാര്യമായ ഒരു നൂറ്റമ്പത്‌ പാട്ടുകള്‍. കൂട്ടുകാരിയെ കാണാന്‍ കൊതിക്കുമ്പോള്‍ ഒരു പാട്ട്, പിണങ്ങിയിരിക്കുമ്പോള്‍ മറ്റൊരു പാട്ട് - അതും കൂട്ടുകാരി നമ്മുടെ മുഖത്ത് നോക്കി പാടുന്നതായി തന്നെ തോന്നും - പിന്നെ വിരഹത്തില്‍ നൊമ്പരപ്പെടുത്തുന്ന പാട്ടുകള്‍... അങ്ങനെ എത്രയെത്ര വിധത്തില്‍ സംഗീതം നമ്മളെ മറ്റൊരു മായാലോകത്തില്‍ എത്തിക്കുന്നു അല്ലേ...?

ഇത്രയുമൊക്കെ പറഞ്ഞുവന്നത്, എനിക്ക് വളരെയധികം പ്രിയപ്പെട്ട രണ്ടു പാട്ടുകള്‍ ഷെയര്‍ ചെയ്യാന്‍ വേണ്ടി ആണ്. ഇത് രണ്ടും ഫീമെയില്‍ ഗാനങ്ങള്‍ ആണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട കുറെ പാട്ടുകള്‍ ശേഖരിച്ച് "Female Romantics" എന്നൊരു ഫോള്‍ഡറില്‍ സൂക്ഷിച്ചിട്ടുണ്ട്. എത്ര കേട്ടാലും മതിവരില്ല എന്നതാണ് അവയുടെ പ്രത്യേകത. മിക്കവാറും ഉറങ്ങാന്‍ കിടക്കുന്നത് തന്നെ ഈ ഫോള്‍ഡര്‍ ചെവിയിലേക്ക് തിരുകിക്കൊണ്ടാണ്. അതിലെ "വാര്‍മഴവില്ലേ...(മിഴിരണ്ടിലും)" എന്ന ഗാനം ആണ് ആണ് ഇപ്പോഴത്തെ എന്‍റെ പ്രധാന ഉറക്കഗുളിക.

ഇനി ഇന്നത്തെ രണ്ടു പാട്ടിലേക്ക് കടക്കാം. ഈ രണ്ടു പാട്ടുകള്‍ മാത്രമായി ഷെയര്‍ ചെയ്യാന്‍ കാരണമുണ്ട്. ഇവ രണ്ടും അധികം പ്രശസ്തമായ ചിത്രങ്ങളില്‍ ഉള്ളതല്ല. അതുകൊണ്ടുതന്നെ അധികമാരും കേട്ടുകാണാന്‍ വഴിയില്ല. പക്ഷെ കേട്ടാലും കേട്ടാലും മതിവരാത്ത ഈ രണ്ടു പാട്ടുകള്‍ നിങ്ങളും കേള്‍ക്കണം എന്ന് തോന്നി, അതുകൊണ്ട് ഷെയര്‍ ചെയ്യുകയാണ്...

 

1. "വെറുതെ ഇനിയും കാത്തു നില്‍പ്പൂ..."

ചിത്രം - അറിഞ്ഞുകൂടാ.
രചന - അറിയില്ല.
സംഗീതം - അതും അറിയില്ല.
ആലാപനം - അറിയില്ല.

പിന്നെ എന്തോന്ന് അറിയാം എന്ന് ചോദിച്ചാല്‍ പറയാനുള്ളത് - അതിമനോഹരമായ ഒരു പാട്ടാണ് ഇതെന്നു അറിയാം. പണ്ട് പണ്ട് 2002 ല്‍ "മീശമാധവന്‍ " എന്ന ചിത്രത്തിന്‍റെ പാട്ടുകള്‍ വന്ന കാസറ്റില്‍ നിന്ന് കളഞ്ഞു കിട്ടിയ പാട്ടാണ്. ആരൊക്കെയാണ് ഈ പാട്ടിന്‍റെ പിന്നിലുള്ളത് എന്ന് ഇന്നും അറിയില്ല. ഗൂഗിളില്‍ നോക്കിയിട്ടും കിട്ടുന്നില്ല.

ഏറ്റവും ആകര്‍ഷിച്ചത്, പാടുന്ന ശബ്ദവും, വരികളും, പിന്നെ ആ ബാക്ക്ഗ്രൗണ്ടില്‍ കേള്‍ക്കുന്ന വയലിന്‍ (അതോ ഓര്‍ഗന്‍ എന്നാണോ?) ശബ്ദവും ആണ്. പാട്ട് കേള്‍ക്കുമ്പോള്‍ മനോഹരമായ, മഞ്ഞുമൂടിക്കിടക്കുന്ന ഏതോ പുല്‍മേട്ടില്‍, മങ്ങിയ വെളിച്ചത്തില്‍ നിന്നു പാടുന്ന ഒരു മൂഡ്‌ ആണ്...

(പാട്ടിന്‍റെ പിന്നിലുള്ള ആളുകള്‍ ആരെന്നു അറിയാത്തതുകൊണ്ട് ഈ പാട്ട് നിങ്ങള്‍ക്ക്‌ കേള്‍ക്കാന്‍ വേണ്ടി പതുക്കെ പൊക്കിയെടുത്തു സൌണ്ട്ക്ലൌഡില്‍ ഇട്ടിട്ടുണ്ട്. ആരോടും പറയണ്ടാ ട്ടോ...?)

വരികള്‍ കൂടി പങ്കുവെയ്ക്കാം. വായിച്ചുനോക്കൂ... എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ഈ പാട്ട്?

"വെറുതെ ഇനിയും കാത്തു നില്‍പ്പൂ
വിരഹ സന്ധ്യേ നിന്‍ പാട്ടു ഞാന്‍
ദൂരെയെങ്ങോ മറഞ്ഞു നീയും
വിലോലമായ്‌ നീ മൊഴിഞ്ഞ വാക്കും
പരിഭവങ്ങള്‍ പറഞ്ഞ മഴയും.

(വെറുതെയിനിയും...)

രാത്രിമേഘം പെയ്തൊഴിഞ്ഞു
രാഗവേണുവില്‍ ഹിന്ദോളമായി...
മണ്‍ചെരാതിന്‍ നാളമെല്ലാം
മിഴിയണഞ്ഞു നിശബ്ദമായ്...
തനിയെനില്‍ക്കും എന്‍ നെഞ്ചിലെ
കിളികരഞ്ഞു അരുണാര്‍ദ്രമായ്...
മടങ്ങിവരുമോ തൂവല്‍നിലാവേ...

(വെറുതെയിനിയും...)

മൂടല്‍മഞ്ഞില്‍ മാഞ്ഞുപോയി
സ്നേഹതാരം പോല്‍ നിന്മുഖം...
ഓര്‍മനീറും ജന്മമായി
ഇവിടെയിനിയും ഞാന്‍ മാത്രമായി...
വിരല്‍തലോടും നിന്‍വീണയില്‍
വിദുരമായി ശ്രീരാഗവും...
മടങ്ങിവരുമോ കാവല്‍നിലാവേ...

(വെറുതെയിനിയും...)"

സൌണ്ട്ക്ലൌഡില്‍ ഈ പാട്ട് കേള്‍ക്കാം -Listen at SoundCloud



 

2. "ഏതോ ജനുവരി മാസം..."

ചിത്രം - ഓര്‍ക്കുക വല്ലപ്പോഴും (ചിത്രത്തിന്‍റെ പേരാണ് - അഥവാ പേര് മറന്നാലും ഓര്‍ക്കും!)
രചന - ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം - എം.ജയചന്ദ്രന്‍
ആലാപനം - അറിയില്ല :-(

മുന്‍പൊരിക്കല്‍ ഏതോ എഫ്.എമ്മില്‍ കേട്ടതാണ് ഈ പാട്ട്. കേള്‍ക്കുന്ന പാട്ട് ഏതു ചിത്രത്തിലേത് ആണെന്ന് പറയുന്ന പരിപാടി അവര്‍ക്ക്‌ ഇല്ലല്ലോ... അതുമല്ല, പാട്ടിന്‍റെ രണ്ടു അറ്റവും മുറിച്ചുമാറ്റി ആണ് കേള്‍പ്പിക്കുന്നത്. എന്തായാലും, ഒറ്റ തവണ കേട്ടപ്പോള്‍ തന്നെ പാട്ട് മനസ്സില്‍ കയറിക്കൂടി. "ഏതോ ജനുവരി മാസം" എന്ന വരികള്‍ മനസ്സില്‍നിന്നു പോകുന്നില്ല... ഏതു ചിത്രമെന്നോ, ഒന്നും അറിയില്ലതന്നെ.

നമ്മുടെ സങ്കടം കേള്‍ക്കാന്‍ ഗൂഗിള്‍ തയ്യാറായിരുന്നു. വരികള്‍ പറഞ്ഞുതീരുംമുന്‍പേ ഗൂഗിള്‍ പാട്ടിനെ പൊക്കിയെടുത്തു എന്‍റെ കയ്യില്‍ ഇട്ടുതന്നു. അത് ഞാന്‍ സുരക്ഷിതമായി എന്‍റെ ഫോള്‍ഡറില്‍ നിക്ഷേപിച്ചു. അന്നുമുതല്‍ ഇന്ന് ഈ നിമിഷം വരെയും എന്‍റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്നാണ് "ഏതോ ജനുവരി മാസം". നിങ്ങളും കേട്ടുനോക്കുന്നില്ലേ?

ഈ പാട്ടും സൌണ്ട്ക്ലൌഡില്‍ ഉണ്ട്. കേള്‍ക്കാം -- Listen at SoundCloud



 

അതെ, ഈ രണ്ടു പാട്ടുകൊണ്ട് തീരുന്നതല്ല സംഗീതം, അത് ഇനിയും ഇനിയും ഒരുപാട് ദൂരത്തില്‍ പരന്നു കിടക്കുന്നു... പണ്ട് ആരാരോ പറഞ്ഞപോലെ, "കേട്ട പാട്ടുകള്‍ മധുരതരം, കേള്‍ക്കാത്ത പാട്ടുകള്‍ അതിമധുരം" (പറഞ്ഞത് തെറ്റിയോ??? സംശയം ഉണ്ട്). എന്തായാലും, പുതിയ കാലം ആണ്, കോപ്പിയടി പാട്ടുകള്‍ ഒരുപാട് ഒരുപാട് ഉണ്ട്, അതിനിടയില്‍ ഇതുപോലെ അപൂര്‍വം ചില പാട്ടുകള്‍ആരുമറിയാതെ "കുപ്പയ്ക്കുള്ളിലെ മാണിക്യമായി" ആരുമറിയാതെ കടന്നുപോകുന്നു.

നിങ്ങള്‍ക്കും ഇതുപോലെ അധികം ആരും ശ്രദ്ധിക്കാത്ത, എന്നാല്‍ മനോഹരമായ ഗാനങ്ങള്‍ അറിയാമായിരിക്കുമല്ലോ... അവയെല്ലാം ഷെയര്‍ ചെയ്യുക... നമുക്കെല്ലാം ഒരുമിച്ചു ആസ്വദിക്കാം...!

Monday, April 23, 2012

22 വയസുള്ള കോട്ടയംകാരി - അത് കലക്കി...!

ഈ ഏപ്രില്‍ 22 നു ഞാനും കൂട്ടുകാരും കൂടി 22 ഫീമെയില്‍ കോട്ടയം കാണാന്‍ തീരുമാനിച്ചു. ടിക്കറ്റ്‌ നേരത്തെ ഓണ്‍ലൈന്‍ ആയി ബുക്ക്‌ ചെയ്തതുകൊണ്ട് തിരുവനന്തപുരം കൈരളിയില്‍ സീറ്റ്‌ കിട്ടി. രാവിലത്തെ ഷോ കാണാന്‍ കൈരളിയില്‍ ചെന്ന് കയറുമ്പോള്‍ വമ്പന്‍ തിരക്ക്‌. സ്ത്രീകളുടെ ക്യൂ ടിക്കറ്റ്‌ കൌണ്ടറില്‍ നിന്നും പുറത്തേക്കിറങ്ങി വളഞ്ഞു പുളഞ്ഞു തിരികെ തീയേറ്ററിന്റെ ഉള്ളില്‍ ആണ്  അവസാനിച്ചത്.

ബാല്‍ക്കണിയില്‍ ഞങ്ങള്‍ ഉള്‍പ്പെടെ വളരെ ചുരുക്കം ആണുങ്ങള്‍ മാത്രം. തൊണ്ണൂറ്റി അഞ്ചു ശതമാനവും പെണ്ണുങ്ങള്‍ തന്നെയാണ് ഈ ചിത്രത്തിന്‍റെ പ്രേക്ഷകര്‍. ഷോ കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍  അടുത്ത ഷോ കാണാന്‍ നില്‍ക്കുന്ന ആളുകളുടെ തിരക്ക് കണ്ട് "കേരളത്തില്‍ ഇത്രയധികം സ്ത്രീകള്‍ ഉണ്ടോ" എന്നുപോലും ഞാന്‍ സംശയിച്ചു!

ഇനി ചിത്രത്തെ കുറിച്ച് പറയാം.

ടെസ്സ കെ അബ്രഹാം എന്ന കോട്ടയംകാരി നേഴ്സിന്റെ ബാംഗ്ലൂര്‍ ജീവിതത്തിന്‍റെ കഥയാണ് ഇതെന്നും എല്ലാവര്ക്കും ഇതിനോടകം തന്നെ അറിയാമല്ലോ, അവള്‍ നേരിടുന്ന ദുരനുഭവങ്ങളുടെ കഥ. ചിത്രം കണ്ട് തിരികെ പോരുമ്പോള്‍ ടെസ്സ ആയിരുന്നു മനസ് നിറയെ. അത്രയും ഭംഗിയായി, പക്വമായി ചിത്രം അനുഭവപ്പെട്ടു. (ഒരുപാട് വലിയ പാരഗ്രഫ് ആയി എഴുതിയാല്‍ വായിക്കാന്‍ പ്രയാസം
ആയതുകൊണ്ട്  ഓരോരോ "പോയിന്‍റ്" ആയിട്ട് പറയാം)

സംവിധായകന്‍ ആഷിഖ്‌ അബു

  • മറ്റു മുതിര്‍ന്ന സംവിധായകര്‍ പോലും ഇതുവരെ പറയാത്ത ഇത്രയും "ഭീകരമായ" ഒരു കഥ പറയാന്‍ ഈ ചെറുപ്പത്തിലേ ആഷിഖ്‌ അബു കാണിച്ച ധൈര്യം സമ്മതിക്കണം.

  • സോഷ്യല്‍ മീഡിയ എന്നത് മാര്‍ക്കറ്റിംഗ് നടത്താന്‍ വളരെ വളരെ ശക്തമായ ഒരു മാധ്യമം ആണെന്ന് തിരിച്ചറിഞ്ഞ് ആ വഴിയിലൂടെ നീങ്ങി. അത് കാലത്തിനനുസരിച്ചുള്ള "ബുദ്ധിയും വിവേകവും" ആണ്.


റിമ കല്ലിംഗല്‍

  • ഇത്രയും ശക്തമായ ഈ കഥാപാത്രം അവതരിപ്പിക്കാന്‍ കാണിച്ച ധൈര്യം - അത് സമ്മതിച്ചേ പറ്റുള്ളൂ.

  • ടെസ്സയെ വളരെ വളരെ മനോഹരമായും പക്വമായും അവതരിപ്പിച്ചിരിക്കുന്നു - ഒരു നടി എന്ന നിലയില്‍ റീമയുടെ കരിയറില്‍ ഇത് എന്നും എന്നും ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. സിനിമ തീര്‍ന്നാലും ടെസ്സ അബ്രഹാം മനസ് വിട്ടു പോകില്ല... അത് റീമയുടെ അഭിനയത്തിന്‍റെ മികവാണ്.


ഫഹദ്‌ ഫാസില്‍

  • ഒരു സ്ത്രീ പക്ഷ ചിത്രത്തില്‍ ഇത്തരത്തില്‍ ഒരു റോള്‍ ചെയ്യാന്‍ ഫഹദ്‌ തയ്യാറായി എന്നത് നല്ലൊരു കാര്യമാണ്.


22 Female Kottayam എന്ന ചിത്രം

  • സൂപ്പര്‍ താരങ്ങളും "തമ്പുരാന്‍" മോഡല്‍ ചിത്രങ്ങളും പോയിരുന്നു കണ്ടു കയ്യടിക്കാന്‍ ഇനി മലയാളികളെ കിട്ടില്ല എന്നതിന് നല്ലൊരു തെളിവാണ് ഈ ചിത്രം കാണാനുള്ള ജനത്തിരക്ക്‌ കാണിക്കുന്നത്.

  • മലയാള സിനിമ മൊത്തത്തില്‍ ഒരു പുതിയ പാതയില്‍ ആണ് - പച്ചയായ ജീവിതം ആണ് ഇപ്പോള്‍ ഇറങ്ങിയ പല ചിത്രങ്ങളും പറയുന്നത്. അതില്‍ ഒന്നാണ് 22FK.


ചില അപവാദങ്ങള്‍ ചിത്രത്തെ കുറിച്ച് പലയിടത്തും വായിക്കുകയും കേള്‍ക്കുകയും ചെയ്തിരുന്നു.
പക്ഷെ, ചിത്രം കണ്ടുകഴിഞ്ഞപ്പോള്‍ എന്‍റെ അഭിപ്രായങ്ങള് ഇങ്ങനെയാണ് ‍:

  • ഇത് ഒരിക്കലും ഒരു "ഫെമിനിസ്റ്റ്‌" ചിത്രം അല്ല, മറിച്ച് സ്ത്രീകളുടെ പ്രശ്നങ്ങള്‍ തുറന്നു കാട്ടുന്ന ഒരു ചിത്രം ആണ്.

  • കോട്ടയത്ത്‌ നിന്നും നഴ്സിംഗ് പഠിക്കാന്‍ പോകുന്ന എല്ലാ പെണ്‍കുട്ടികളും കണ്ടവന്മാരുടെ കൂടെ പോകുന്നവര്‍ ആണെന്ന് ചിത്രം പറയുന്നില്ല. മറിച്ച്, ഇമ്മാതിരി ദുരനുഭവങ്ങള്‍ നേരിടുന്ന അനേകം പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമാണ് ചിത്രത്തിലെ ടെസ്സ, ആ കുട്ടി ഒരു നഴ്സ് ആണ് എന്ന് മാത്രം.

  • "ടെസ്സ അവള്‍ക്ക് വിസ ശെരിയാക്കി കൊടുത്തതുകൊണ്ട് "പ്രത്യുപകാരം" ആയിട്ടാണ് സിറിളിന്റെ കൂടെ പോയത്‌" എന്നൊരു അഭിപ്രായം കേട്ടു. എനിക്ക് മനസിലായിടത്തോളം, ടെസ്സ അവനെ സത്യമായും ആത്മാര്‍ഥമായും സ്നേഹിച്ചത് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ആദ്യമേ അവള്‍ കന്യക അല്ല എന്ന സത്യം അവനോടു തുറന്നു പറഞ്ഞതും. അല്ലെങ്കില്‍പ്പിന്നെ ആ സത്യം അവള്‍ക്കു തുറന്നു പറയേണ്ട ആവശ്യമില്ലല്ലോ!

  • ടെസ്സ എന്ന ഒറ്റ പെണ്‍കുട്ടിയുടെ വെറുമൊരു പ്രതികാരത്തിന്റെ കഥ മാത്രം അല്ല ഈ ചിത്രം. അതിനേക്കാളുപരി, ഇത്തരത്തില്‍ പീഡനം അനുഭവിക്കുന്ന ലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ ഒരു പ്രതിരൂപം ആണ്  ടെസ്സ അബ്രഹാം.

  • ആണുങ്ങളെ കമന്റ് അടിക്കുന്ന പെണ്ണുങ്ങള്‍ ഉണ്ടോ എന്ന ചോദ്യം - തീര്‍ച്ചയായും ഉണ്ട് എന്നതാണ് ഉത്തരം, കാരണം, ആണുങ്ങളെ പോലെ തന്നെ പെണ്ണുങ്ങളും വായിനോക്കും, കമന്റ്  അടിക്കുകയും ചെയ്യും, പക്ഷെ നമ്മളെ പോലെ മൈക്ക്‌ വെച്ച് മൂന്നു കിലോമീറ്റര്‍ ദൂരത്തില്‍ കേള്‍ക്കുംവിധം "അളിയാ ദേ ഒരു പെണ്ണ്" എന്ന് വിളിക്കില്ല എന്ന് മാത്രം. (സ്ത്രീ സുഹൃത്തുക്കള്‍ ഉള്ള ആണുങ്ങള്‍ ഒരിക്കലും ഇമ്മാതിരി ചോദ്യം ചോദിക്കില്ല!)

  • കുടുംബത്തോടെ കാണാന്‍ പറ്റിയ ചിത്രം അല്ല എന്നത് സത്യം തന്നെ. എല്ലാ ചിത്രങ്ങളും കുടുംബത്തോടെ കാണാന്‍ ഉള്ളത് അല്ലല്ലോ. എല്ലാ പുസ്തകങ്ങളും കുടുംബത്തോടെ വായിക്കാന്‍ പറ്റിയവ  ആണോ? അല്ലല്ലോ? "പുസ്തകം" പോലെ ഒരു മാധ്യമം ആണ് സിനിമയും. അത്രേയുള്ളൂ.

  • മോശമായ സംഭാഷണങ്ങള്‍ ആണ് ചിത്രത്തില്‍ എന്ന് ഞാന്‍ കരുതുന്നില്ല, കാരണം, ഇപ്പൊ എല്ലാരും ഇങ്ങനെ ഒക്കെ തന്നെ അല്ലെ സംസാരിക്കുന്നത്? അത് സിനിമയില്‍ വരുമ്പോള്‍ മാത്രം കുറ്റം പറയേണ്ട ആവശ്യം ഇല്ലല്ലോ.

  • --- (ബാക്കി വരുന്ന മുറയ്ക്ക് ചേര്‍ക്കുന്നതാണ്) ---


അവസാന വാക്ക്

ചുരുക്കി പറഞ്ഞാല്‍, പെണ്‍കുട്ടികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന, വളരെ നല്ല ഒരു ചിത്രം തന്നെയാണ് 22 ഫീമെയില്‍ കോട്ടയം. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാ ചെറുപ്പക്കാരും ഉറപ്പായും കണ്ടിരിക്കേണ്ട ഒരു ചിത്രം.

ഈ ചിത്രം കണ്ടു കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ടെസ്സ അബ്രഹാം നിങ്ങളുടെ കൂടെ വന്നിട്ടുണ്ടെങ്കില്‍, ഉറപ്പായും നിങ്ങള്‍ ജീവിതത്തില്‍ എവിടെയോ ഒരു ടെസ്സയെ കണ്ടിട്ടുണ്ട്, അല്ലെങ്കില്‍ അറിഞ്ഞിട്ടുണ്ട്, അവള്‍ക്കു വേണ്ടി നിങ്ങള്‍ പ്രാര്‍ഥിച്ചിട്ടുണ്ട്..!

Tuesday, December 07, 2010

ഡിസംബര്‍ ... നീ സുന്ദരിയാണ് ...

ഡിസംബര്‍ ... പുലര്‍കാല മഞ്ഞിന്‍റെ കുളിരുള്ള തണുത്ത ഡിസംബര്‍ ... ജീവിതത്തില്‍ കുറെയേറെ പ്രതീക്ഷകള്‍ നല്‍കിയ ഒരു വര്‍ഷത്തിന്റെ അവസാനം ... ഇനിയും കൂടുതല്‍ പ്രതീക്ഷകള്‍ സമ്മാനിച്ചുകൊണ്ട് മറ്റൊരു വര്‍ഷത്തിലേക്കുള്ള കാല്‍ വെയ്പ്പിനുള്ള ഡിസംബര്‍ ... നീ സുന്ദരിയാണ്. മൂടല്‍ മഞ്ഞും കൊഴിഞ്ഞു വീണ ഇലക്കൂട്ടങ്ങളും മഞ്ഞിലൂടെ ഉദയ സൂര്യനെ നോക്കി നില്‍ക്കുന്ന കുഞ്ഞുപൂവും ഇണക്കുരുവികളുടെ ഗാനവും നിനക്ക് മാത്രം സ്വന്തം. നീ സുന്ദരിയാണ് ഡിസംബര്‍ ....

(എങ്ങനെ ഉണ്ട് ...? അതാണ്‌ സാഹിത്യം...!)

ഈ വര്‍ഷം ജീവിതത്തില്‍ എന്തൊക്കെ ഉണ്ടായി? അതൊക്കെ കണ്ടുപിടിക്കണം. അതിനുള്ള സമയം കൂടിയാണ് ഓരോ ഡിസംബര്‍ മാസവും.

അടുത്ത വര്‍ഷത്തേക്ക് പുതിയ പുതിയ പ്രതിജ്ഞകള്‍ എടുക്കാനുള്ള സമയം ആണ് ഡിസംബര്‍ (ആ പ്രതിജ്ഞകള്‍ തെറ്റിക്കാനുള്ള മാസം ആണ് "ജനുവരി")

ഈ കഴിയാന്‍ പോകുന്ന വര്‍ഷത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ... 
വിദ്യാര്‍ത്ഥിയില്‍ നിന്നും ഒരു അദ്ധ്യാപകന്‍ ആകുന്നു, ഒരു കൂട്ടം നല്ല വിദ്യാര്‍ഥികളെ കിട്ടുന്നു,
കൂട്ടുകാരൊക്കെ പല പല സ്ഥലങ്ങളില്‍ ജോലിക്ക് കയറുന്നു, അവരുടെ കൂടെ കറങ്ങുന്നു,
കോളേജില്‍ മാഗസിന്‍ എഡിറ്റര്‍ ആകുന്നു, ന്യൂസ്‌ ലെറ്റര്‍ എഡിറ്റര്‍ ആകുന്നു, നാഷണല്‍ സെമിനാറിന്റെ പ്രിന്റ്‌ ഡിസൈനര്‍ ആകുന്നു,
കോളേജില്‍ രണ്ടു തവണ ഐ.എസ്.ടി.ഇ. ട്രെയിനിംഗ് പങ്കെടുക്കുന്നു,
കുട്ടികളുടെ കൂടെ ടൂര്‍ പോകുന്നു, അതൊക്കെ ആസ്വദിക്കുന്നു,
ഒരു ക്യാമറ സ്വന്തമാക്കുന്നു, മൊബൈല്‍ വാങ്ങുന്നു,
കുറെ സിനിമകള്‍ കാണുന്നു, കുറെ പുതിയ അനുഭവ പാഠങ്ങള്‍ നേടുന്നു,
ആദ്യമായി ഗോള്‍ഫ് ബോള്‍ വാങ്ങുന്നു, അതിനെ ഹൃദയത്തോട് ചേര്‍ത്ത് സൂക്ഷിക്കുന്നു,
1000 ട്വീറ്റ് തികയ്ക്കുന്നു, ഫേസ് ബുക്കില്‍ അക്കൗണ്ട്‌ തുടങ്ങുന്നു,
പോണ്ടിച്ചേരിയില്‍ പോയി ഫുഡ്‌ പോയിസണ്‍ അടിച്ചു പണ്ടാരമടങ്ങി കിടക്കുന്നു,
കൂട്ടുകാരുടെ കൂടെ പിറന്നാള്‍ ആഘോഷിക്കുന്നു,
പിന്നെ ഇതാ ബ്ളോഗ് എഴുതുന്നു...

നഷ്ടങ്ങളുടെ കണക്ക് എടുത്താല്‍ ...? ഏറ്റവും പ്രത്യക്ഷമായ നഷ്ടം എന്‍റെ വാച്ച് ആണ്. ബംഗ്ളൂരില്‍ നിന്നും 70 രൂപ കൊടുത്ത് ഒരു വാച്ച് വാങ്ങി. അത് വാങ്ങിയപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന വാച്ച് ഓട്ടം നിര്‍ത്തി (അസൂയ) .. പിന്നെ പുതിയ വാച്ച് ആയിരുന്നു കൂടെ. 70 രൂപയുടെ വാച്ച് 70 ദിവസം തികയും മുന്‍പേ തന്നെ അതിന്‍റെ തനിനിറം കാണിച്ചു - അതിന്‍റെ കണ്ണാടി പൊട്ടി. എന്നാലും സാരമില്ല, പോകുന്നത് വരെ പോകുമല്ലോ എന്ന് കരുതി കെട്ടി. പിന്നെ ഒരു ദിവസം ഞാന്‍ ചിപ്സ് തിന്നു കഴിഞ്ഞു നോക്കുമ്പോള്‍ സെക്കന്റ്‌ സൂചി ഇളകി എന്‍റെ പാന്റില്‍ കോര്‍ത്തിരികുന്നു. അങ്ങനെ അത് പോയി. ഇനി രണ്ടു സൂചി മാത്രം. രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോള്‍ സ്ട്രാപ്പിലെ പിന്‍ ഊരി എവിടെയോ പോയി. വീട്ടിലെത്തുമ്പോള്‍ പിന്‍ ഇല്ലാത്ത സ്ട്രാപ്. അടുത്ത ദിവസം സ്ട്രപ്പിന്റെ അറ്റത്തുള്ള റിംഗ് പോയി.
ആ പാവം ഇപ്പൊ വെറുതെ ഇരിക്കുകയാണ്. ആകെ രണ്ടു സൂചിയും, കെട്ടാന്‍ പറ്റാത്ത സ്ട്രാപ്പും മാത്രം ബാക്കി. എന്നാലും അത് കൃത്യമായി കറങ്ങുന്നുണ്ട് ... ആ കാര്യത്തില്‍ നോ വിട്ടുവീഴ്ച.

അടുത്ത വര്‍ഷത്തേക്ക് ഞാന്‍ പ്രതീക്ഷിക്കുന്ന ഒരു കാര്യം ഉണ്ട് - അടുത്ത വര്‍ഷം എങ്കിലും "കിലുക്കം" സിനിമ കാണണം. ജീവിതത്തില്‍ ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. കേള്‍ക്കുന്നവര്‍ കളിയാക്കും. ടി.വിയില്‍ വരുമ്പോള്‍ ഒന്നുകില്‍ മറക്കും, അല്ലെങ്കില്‍ കറണ്ട് പോകും, അതുമല്ലെങ്ങില്‍ ഞാന്‍ ഉറങ്ങിപ്പോകും. ഡി.വി.ഡി വാങ്ങാന്‍ എവിടെ പോയാലും ഒരേ മറുപടി - "അയ്യോ ഒരു പത്തു മിനുട്ട് മുന്‍പാണ് ലാസ്റ്റ് ഡി.വി.ഡി പോയത്" എന്ന്. ഇനി ഞാന്‍ ഒന്ന് തീരുമാനിച്ചു - ഞാന്‍ സ്വന്തമായി വാങ്ങുന്ന ഡി.വി.ഡി ഇട്ടു മാത്രമേ ഞാന്‍ കിലുക്കം കാണുള്ളൂ. കട്ടായം.

കൂടുതല്‍ പ്രതീക്ഷകളും പ്രതിജ്ഞകളും പിന്നാലെ....

അതുവരേക്കും ബൈ...!

Friday, July 23, 2010

കാലങ്ങള്‍ നീണ്ട ആഗ്രഹം സഫലമായപ്പോള്‍...

കഴിഞ്ഞ വെള്ളിയാഴ്ച, എന്‍റെ ഒരു ആഗ്രഹം സഫലമാവുകയായിരുന്നു. ഒന്നര വര്‍ഷമായി മനസ്സില്‍ കൊണ്ട് നടന്നിരുന്ന ഒരു "വലിയ" ആഗ്രഹം. ഹേയ്, ഇത് പ്രണയം പോലെ ഒന്നും അല്ല കേട്ടോ...

2008 ലാണ് ഈ ആഗ്രഹം മനസ്സില്‍ കടന്നുകൂടിയത്. കൃത്യമായി പറഞ്ഞാല്‍ 2008 ഡിസംബര്‍. അന്ന് എന്‍റെ ഒരു സുഹൃത്തിന് ന്യൂ ഇയര്‍ ഗിഫ്റ്റ് വാങ്ങാന്‍ ആണ് കവടിയാര്‍ ഉള്ള "സ്റ്റൈല്‍ പ്ലസ്‌" എന്ന വമ്പന്‍ ഷോപ്പിംഗ്‌ സെന്‍ററില്‍ പോയത്. ആദ്യമായി കയറിയതുകൊണ്ട് അവിടെ കണ്ടതെല്ലാം അത്ഭുതത്തോടെ നോക്കി നടക്കുകയായിരുന്നു. അവിടെയും ഇവിടെയും മുകളിലും താഴെയും എല്ലാം ഒരു എക്സിബിഷന്‍ പോലെ നോക്കി നടന്നു. എന്നിട്ട് ഗിഫ്റ്റ് വാങ്ങി. പിന്നെയും കറങ്ങി നടന്നപ്പോള്‍ ആണ് ആ സാധനം എന്‍റെ കണ്ണില്‍ പെട്ടത്. അതിന്‍റെ അടുത്ത് ഞാന്‍ പോയി, കയ്യിലെടുത്തു നോക്കി, അന്ന് ആ സാധനം എന്‍റെ മനസ്സില്‍ കയറിക്കൂടിയതാണ്... പിന്നെ പോയില്ല.

അതിനോട് എന്തോ ഒരു ഇഷ്ടം... ഒരു അഭിനിവേശം... ഒരു ആവേശം... അടക്കാനാകാത്ത ആഗ്രഹം... കാരണം ഇന്നും അറിയില്ല, ഇപ്പോഴും അറിയില്ല. ഒരുപക്ഷെ അതിനെ കാണുമ്പോള്‍ ഉള്ള "ഓമനത്തം" ആയിരിക്കാം. അല്ലെങ്കില്‍ കൊച്ചു കുഞ്ഞുങ്ങളെ  കൈക്കുമ്പിളില്‍ എടുക്കുമ്പോള്‍ ഉള്ള ഒരു സ്നേഹം ഇല്ലേ, അതുപോലെ എന്തോ ഒന്ന്. മറ്റൊരു സാധനം കണ്ടിട്ടും തോന്നാത്ത ഇഷ്ടം ആണ് തോന്നിയത്.

ഞാന്‍ അതിന്‍റെ വില നോക്കി. 45 രൂപ ആണ് വില. ഈ സാധനം അവിടെ മാത്രമേ ഉള്ളു എന്ന് എന്‍റെ കൂടെ വന്ന അശ്വിന്‍ പറഞ്ഞു. അന്ന് വാങ്ങാന്‍ തോന്നി. പക്ഷെ, അന്നൊക്കെ വീടിനു പുറത്തിറങ്ങുമ്പോള്‍ ആകെ പത്തു രൂപ നോട്ടുമായി ആണ് സിറ്റിയില്‍ കറങ്ങാന്‍ പോകുന്നത്. പിശുക്കന്മാര്‍ ആയിരുന്നു നമ്മളെല്ലാരും. അതുകൊണ്ടുതന്നെ അന്ന് വാങ്ങാന്‍ പറ്റിയില്ല. പിന്നെ എന്‍റെ മനസ്സില്‍ കയറിയ ആ അത്ഭുതവസ്തു പിന്നെയൊരിക്കല്‍ സ്വന്തമാക്കണം എന്ന ആഗ്രഹത്തോടെ അവിടുന്ന് പടിയിറങ്ങി. പിന്നെ കാലം പോകുന്നു... നീണ്ട (അത്രക്കും നീണ്ടതല്ലെങ്കിലും) ഒന്നര വര്‍ഷം...

ഇനി പറഞ്ഞു പറ്റിക്കുന്നില്ല.

സസ്പെന്‍സ് പൊളിക്കുകയാണ്. പേര് പറയുമ്പോള്‍ കളിയാക്കരുത് പ്ലീസ്... ഓരോരുത്തര്‍ക്കും ഓരോരോ ഇഷ്ടങ്ങള്‍ അല്ലേ, ചിലര്‍ക്ക് മയില്‍‌പ്പീലി, ചിലര്‍ക്ക് പിച്ചാത്തി, ചിലര്‍ക്ക് സ്റ്റാമ്പ്‌... അതുപോലെ എനിക്ക് ഇതിനോട് ഇഷ്ടം തോന്നി... അതാ...

എന്താണെന്നോ അത്? ഗോള്‍ഫ് കളിക്കുന്ന ബോള്‍.

കേട്ടിട്ട് ആര്‍ക്കേലും എനിക്ക് അടി തരാന്‍ തോന്നിയാലും അത്ഭുതമില്ല. കാരണം, ഇത്തിരിപ്പോന്ന ആ വെള്ള പന്തില്‍ കൌതുകം തോന്നാന്‍ എന്താണുള്ളത്? ഒന്നുമില്ല എന്ന്... അല്ലേ...



എന്‍റെ മനസ്സില്‍ ഗോള്‍ഫ് ബോള്‍ എന്തുകൊണ്ടോ ഒരു അത്ഭുതവും കൌതുകവും തന്നെയാണ്. ചെറിയ വെളുത്ത, നിറയെ കുഞ്ഞ് കുഞ്ഞ് കുഴികള്‍ ഉള്ള പന്ത്. അതില്‍ തട്ടുമ്പോള്‍ ഉള്ള ശബ്ദം വളരെ മനോഹരമാണ്. അതിന്‍റെ തിളക്കം, ഓമനത്തം, എല്ലാം കൊണ്ടും "മൊത്തത്തില്‍ ഒരു അത്ഭുതം."

ഇനി ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍, അതായത് കഴിഞ്ഞ ആഴ്ച.

വീണ്ടും ഞാന്‍ സ്റ്റൈല്‍ പ്ലസില്‍ പോവുകയാണ്. ഒരാളുടെ കല്യാണം കൂടാന്‍ പോയിട്ട് വരുന്ന വഴിക്ക് ഞാന്‍ "exclusive" ആയിട്ട് സ്റ്റൈല്‍ പ്ലസില്‍ കയറുന്നു. ഇന്ന് ഗോള്‍ഫ് ബോള്‍ വാങ്ങാന്‍ ഉറപ്പിച്ചു തന്നെയുള്ള പോക്കാണ്. അതും രാത്രി 9 ആയപ്പോള്‍. കട അടയ്ക്കാന്‍ തുടങ്ങുകയാണ്. ഞാന്‍ മാത്രം ചെന്ന് കയറുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു ബില്ലിംഗ് ക്ലോസ് ചെയ്തെന്ന്.

"എനിക്ക് ഗോള്‍ഫ് ബോള്‍ വേണം" - ഞാന്‍ പറഞ്ഞു.

ഉടനെ തന്നെ അവര്‍ "വരൂ സര്‍... ബില്ലിംഗ് താഴെ ഉണ്ട്... സാറിനു ഏത് ആണ് വേണ്ടത്...?" എന്നൊക്കെ ചോദിച്ചു വളരെ ബഹുമാനത്തോടെ എന്നെ വിളിച്ചു.

"സര്‍" എന്ന വിളി കേട്ടപ്പോള്‍ എനിക്കൊരു സംശയം, ഞാന്‍ പഠിപ്പിക്കുന്ന ആള്‍ ആണെന്ന് അവര്‍ക്കെങ്ങനെ മനസിലായി? ചിലപ്പോ അവര്‍ക്ക് ആളുകളെ കണ്ടാല്‍ മനസിലാകുമായിരിക്കും എന്ന് ഞാന്‍ "ഊഹിച്ചു".

ഞാന്‍ അവരുടെ കൂടെ പോയി. ഇത്തവണ ഗോള്‍ഫ് ബോള്‍ മൂന്നെണ്ണം ഉള്ള പാക്കറ്റ് ആയിട്ടാണ് കണ്ടത്. ഒരു പാക്കറ്റ് 150 രൂപ. അതായത് ഒരു ബോള്‍ 50 രൂപ. ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ അഞ്ചു രൂപ കൂടിയതാണോ?

പിന്നെ ഞാന്‍ ഒരു പാക്കറ്റ് ഗോള്‍ഫ് ബോള്‍ വാങ്ങി. ആരും ഇല്ലാത്ത ആ രാത്രിയിലെ അവസാന കസ്റ്റമര്‍ ഞാന്‍ ആയിരുന്നോ?

വളരെ ബഹുമാനത്തോടെ അവിടത്തെ പയ്യന്‍ എന്നെ കൊണ്ടുപോയി ബില്‍ ഒക്കെ ഇട്ടു, പൈസ വാങ്ങി ബാക്കി തിരികെ തന്നു. പിന്നെ എന്നെ പുറത്തു പോകുന്ന വാതിലിലേക്ക് നയിക്കുകയാണ്.

അപ്പോള്‍ അവന്‍ എന്നോടൊരു ചോദ്യം - "സര്‍... ഗോള്‍ഫ് ലിങ്ക്സില്‍ പോകാറുണ്ടോ?"

ഞാന്‍ അത്ഭുതത്തോടെ പറഞ്ഞു - "അയ്യോ, ഞാന്‍ ഗോള്‍ഫ് കളിക്കാറില്ല, ഇത് കൌതുകം തോന്നിയപ്പോള്‍ ഷോകേസില്‍ വയ്ക്കാന്‍ വാങ്ങിയതാണ്..."

പെട്ടെന്ന് ആ പയ്യന്‍റെ മുഖത്തൊരു ഭാവമാറ്റം; എന്തോ അബദ്ധം പറ്റിയ മാതിരി ഒരു ജാള്യത. അപ്പോഴാണ്‌ "സര്‍" വിളിയുടെ പിന്നിലെ കാരണം മനസിലായത്. ഞാന്‍ സ്ഥിരമായി ഗോള്‍ഫ് ലിങ്ക്സില്‍ പോകുന്ന ഏതോ ഒരു കൂടിയ വമ്പന്‍ "പുലി" ആണെന്ന് ഇഷ്ടന്‍ കരുതിയെന്ന് തോന്നുന്നു... അതാകണം ആ ബഹുമാനം.

എന്തായാലും ഞാന്‍ അവന്‍റെ ജാള്യത കണ്ടതായി ഭാവിച്ചില്ല. ഒരു "ബൈ" പറഞ്ഞു ഞാന്‍ പുറത്തിറങ്ങി. പിന്നെ തിരികെ.


വീട്ടില്‍ എത്തിയിട്ട് ഒരെണ്ണം ഞാന്‍ ഷോകേസില്‍ വെച്ചു. മൂന്നു നാല് സ്ഥലത്തൊക്കെ മാറ്റി മാറ്റി വെച്ചു, തിരിച്ചും മറിച്ചും വെച്ചു. ഒരെണ്ണം എപ്പോഴും എന്‍റെ കൂടെ ബാഗില്‍ ഉണ്ടാകും.

ഇപ്പോള്‍ ഞാന്‍ ഈ പോസ്റ്റ്‌ എഴുതുമ്പോള്‍ എന്‍റെ അടുത്ത് ഇരിക്കുകയാണ് ഗോള്‍ഫ് ബോള്‍. അതിനെ തൊട്ടു തലോടി രസം തന്നെ.

ഇപ്പൊ ഗോള്‍ഫ് കളിയെ കുറിച്ചൊക്കെ റിസര്‍ച്ച് നടത്തുകയാണ് പതിവ് പരിപാടി. ഒരു സിനിമ കണ്ടു - "The Best Game Ever Played" (2004) - ഗോള്‍ഫ് കളി ആണ് അതിന്‍റെ മുഖ്യവിഷയം. കൂടുതല്‍ ഒന്നും മനസിലായില്ലെങ്കിലും കണ്ടുകൊണ്ടിരുന്നു. കൊള്ളാം. പിന്നെ ഗോള്‍ഫ് ബോള്‍ കമ്പനികള്‍, അവയുടെ നിര്‍മാണം, ഗോള്‍ഫ് ക്ലബ്‌... അങ്ങനെ പലവഴിക്കും റിസര്‍ച്ച് ആണ്. എങ്ങനെയെങ്കിലും ഗോള്‍ഫ് കളിക്കണം എന്നൊരു ആഗ്രഹവും...! ആഗ്രഹങ്ങള്‍ക്ക് കുറവില്ലല്ലോ!

ഗോള്‍ഫ് ബോള്‍ സ്വന്തമാക്കിയ ഈ കഥ പറഞ്ഞു തീരുമ്പോള്‍ ഇനി അടുത്ത് പറയാന്‍ മനസ്സില്‍ വരുന്നത് പാലേരിമാണിക്യം സിനിമയുടെ കഥയാണ്. സിനിമയുടെ കഥ അല്ല, സിനിമയെ കുറിച്ചുള്ള കഥ. അത് അടുത്ത തവണത്തെ ബ്ലോഗ്‌ പോസ്റ്റില്‍.

അതുവരേക്കും ബൈ!

Monday, May 03, 2010

ഒരാഴ്ചത്തെ സംഭവ ബഹുലമായ ജീവിതം...

ബ്ലോഗില്‍ അവസാനത്തെ പോസ്റ്റ്‌ എഴുതിയിട്ട് കുറച്ചു നാളായി... അതായത് 10 ദിവസങ്ങള്‍... ഈ പത്തു ദിവസങ്ങളില്‍ എന്തൊക്കെ ഉണ്ടായി എന്ന് എഴുതാം എന്നാണ് വിചാരിക്കുന്നത്... അല്ലാതെ ചുമ്മാ മനുഷ്യനെ ബോറടിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ എഴുതിയിട്ട് കാര്യമില്ല... (എഴുതി എഴുതി എനിക്കും ബോറടിക്കില്ലേ... അല്ല പിന്നെ...!)

കഴിഞ്ഞ ഒരാഴ്ച നടന്ന സംഭവങ്ങളില്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന കുറച്ചൊക്കെ പറയാം. അതില്‍ സിനിമ, പാട്ടുകള്‍, സംഭവങ്ങള്‍ എന്നൊക്കെ ഗ്രൂപ്പ്‌ ആക്കി പറയുന്നതാവും ഉചിതം...

ആദ്യമായി പാട്ടുകള്‍ പറയാം...

കഴിഞ്ഞ ഒരാഴ്ചയില്‍ കുറെ കുറെ പുതിയ പാട്ടുകള്‍ പരിചയപ്പെട്ടു. എന്നാലും വളരെ ആകര്‍ഷിച്ച ചില പാട്ടുകള്‍ പറയണമല്ലോ...

1 - പ്രാണനാഥന്‍ എനിക്ക് നല്‍കിയ... (remix) ചിത്രം:കടാക്ഷം (2010)

"പ്രാണനാഥന്‍ എനിക്ക് നല്‍കിയ..." ഈ പാട്ടിനെ കുറിച്ച് മലയാളികളോട് പറയേണ്ട ആവശ്യം ഇല്ല. ഈ പാട്ട് കേട്ടിട്ടില്ലാത്ത ഒരാള്‍ പോലും ഉണ്ടാകില്ല. ഇരയിമ്മന്‍ തമ്പി എഴുതിയ വരികള്‍, ദേവരാജന്‍ മാസ്റ്റര്‍ ഈണം പകര്‍ന്നു 1973 ല്‍ പുറത്തിറങ്ങിയ "ഏണിപ്പടികള്‍" എന്ന ചിത്രത്തിലേതാണ്‌. അന്ന് അത് പാടുന്നത് മാധുരി ആണ്. വളരെ അര്‍ത്ഥം നിറഞ്ഞ വരികള്‍ ആയതുകൊണ്ട് തന്നെ ഈ ഗാനം അന്ന് ആകാശവാണിയില്‍ നിരോധിച്ചതും ആണ്.
ഇന്ന്, 37 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, ആ പാട്ട് വീണ്ടും പുനര്‍ജനിക്കുകയാണ്. 2010 ല്‍ ഇറങ്ങുന്ന "കടാക്ഷം" എന്ന സുരേഷ് ഗോപി ചിത്രത്തില്‍ ആണ് ഈ പാട്ട് വീണ്ടും എത്തുന്നത്‌. സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ആണ് പഴയ ഈ ക്ലാസ്സിക്‌ എടുത്തു പുതുക്കി മലയാളികള്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. സംഗീതം മാറിയില്ല എങ്കിലും പുതിയ തലമുറയില്‍ എത്തിക്കുമ്പോള്‍ ചെയ്യേണ്ടതായ ചില മിനുക്ക്‌ പണികള്‍ ചെയ്തിട്ടുണ്ട്. ചിത്ര ആണ് പാടുന്നത്.
കഴിഞ്ഞ ആഴ്ച ഈ പാട്ട് കേള്‍ക്കാന്‍ ഇടയായി. ആദ്യത്തെ തവണ കേട്ടപ്പോള്‍ തന്നെ ഞാന്‍ ആ പാട്ടില്‍ ലയിച്ചുപോയി. അതി ഗംഭീരം!!!! പിന്നെ പിന്നെ ഒരുപാട് തവണ തുടര്‍ച്ചയായി കേട്ടു. ചിത്ര ഈ പാട്ട് ഒരുപാട് മനോഹരമായാണ് പാടിയത്. ചിത്രക്ക് ആയിരം ആയിരം ആശംസകള്‍...! നിങ്ങളും ഈ പാട്ട് കേള്‍ക്കണം... കേട്ടോ.

2 - നിലാമഴ... (ആല്‍ബം:ഹാര്‍ട്ട്‌ ബീറ്റ്സ് :: ബാലഭാസ്കര്‍)

പാട്ട് പുതിയതല്ല. പക്ഷെ ഞാന്‍ കേള്‍ക്കുന്നത് ആദ്യമായാണ്‌. ഇതും ചിത്ര പാടിയത് തന്നെയാണ്. എന്‍റെ ഒരു സുഹൃത്ത് ആണ് ഈ പാട്ടിനെ കുറിച്ച് എന്നോട് പറഞ്ഞത്. ടീവിയില്‍ കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടു എന്നും, ഞാന്‍ അത് കേള്‍ക്കണമെന്നും പറഞ്ഞു. പിന്നെ എവിടെയൊക്കെയോ തപ്പി പിടിച്ചു കണ്ടുപിടിച്ചു. കേട്ടപ്പോള്‍ കൊള്ളാം. നല്ല രസമുള്ള ഒരു പാട്ടാണ്. വരികളും കൊള്ളാം.

3 - പൂനിലാ മഴ നനയും... (ബോണസ് ട്രാക്ക്: ചോട്ടാമുംബൈ) 2007 

ഈ പാട്ടും പുതിയതല്ല. പക്ഷെ ഇത് മുന്‍പൊന്നും കൂടുതല്‍ ശ്രദ്ധിച്ചിട്ടില്ല. ഈയിടെ ആണ് ഈ പാട്ട് കണ്ടപ്പോള്‍ ഏതാണെന്ന് അറിയാനായി നോക്കിയത്. ചോട്ടാ മുബൈ എന്ന ചിത്രത്തിന്‍റെ ഓഡിയോ സി.ഡി.യില്‍ ആണ് ഈ പാട്ട് വന്നത്. സിനിമയില്‍ കണ്ടിട്ടില്ല. വയലാര്‍ ശരത് എഴുതിയ അതി മനോഹരമായ വരികള്‍ക്ക് രാഹുല്‍ രാജ് ആണ് അതിനൊപ്പം മനോഹരമായ ഈണം നല്‍കിയിട്ടുള്ളത്. ഞാന്‍ ഇത് ഇവിടെ എഴുതുന്നതും ഈ പാട്ട് കേട്ടുകൊണ്ടാണ്. പാട്ട് പാടിയത് സംഗീത്, സംഗീത എന്നിവര്‍ ചേര്‍ന്നാണ്. രണ്ടു പേരും വളരെ വളരെ നന്നായി പാടിയിരിക്കുന്നു. ഈ പാട്ട് കേള്‍ക്കുമ്പോള്‍ അറിയാതെ ഏതോ ഒരു അദൃശ്യ പ്രണയത്തിലേക്ക് മനസ് അറിയാതെ ഇറങ്ങി പോവുകയാണ്.. എന്‍റെ മനസ് ഏതോ ഒരു ലോകത്തേക്ക് പാറുകയാണ്... മനസ് നിറയെ അനുഭൂതിയുടെ തേന്‍ നിറയ്ക്കുന്ന ഒരു അപൂര്‍വ സുന്ദര ഗാനം... (ഇനിയും കുറെ പറയണം, പക്ഷെ വാക്കുകള്‍ കിട്ടുന്നില്ല..) നിങ്ങളും ഈ പാട്ട് കേള്‍ക്കണം. തീര്‍ച്ചയായും കേള്‍ക്കണം.

ഇതൊക്കെ ആണ് ഞാന്‍ ഈ ആഴ്ചയില്‍ അടുത്തറിഞ്ഞ മലയാളം പാട്ടുകള്‍. രണ്ടുമൂന്നു ഇംഗ്ലീഷ് പാട്ടുകള്‍ കൂടി ഉണ്ട്. അതില്‍ മറക്കാന്‍ പറ്റാത്ത ഒന്നാണ് "21 Guns" എന്ന പാട്ട്. GreenDay എന്ന റോക്ക് ബാന്‍ഡ് പോയ വര്‍ഷം പുറത്തിറക്കിയ "21st Century Breakdown" എന്ന ആല്‍ബത്തിലെ ഒരു പാട്ടാണ് ഇത്. ഈ ആല്‍ബം ആണ് ഏറ്റവും മികച്ച റോക്ക് ആല്‍ബത്തിനുള്ള കഴിഞ്ഞ വര്‍ഷത്തെ ഗ്രാമ്മി അവാര്‍ഡ്‌ വാങ്ങിയത്. കേള്‍ക്കാന്‍ കൊല്ലം. നല്ല രസമുണ്ട്. പിന്നെ Lady GaGa (Telephone), Beyonce (Halo, All the single ladies) അങ്ങനെ കുറെ... അതൊക്കെ കേള്‍ക്കാന്‍ ഒരു രസം...

ഇനി ഞാന്‍ കണ്ട രണ്ടു പ്രധാന സിനിമകള്‍ - ഋതു, നീലത്താമര.

ഋതു - ഈ സിനിമ വര്‍ണിക്കാന്‍ ഒരു പോസ്റ്റ്‌ തന്നെ വേണം. എന്നാലും ഞാന്‍ കുറച്ചു കാര്യങ്ങള്‍ പറയാം.

ആദ്യമായി ഇത്തരമൊരു സിനിമ ചെയ്ത ശ്യാമപ്രസാദിന് അഭിനന്ദനങ്ങള്‍. പുതിയ കാലഘട്ടത്തിന്‍റെ പ്രയാണം അപ്പടി മനസിലാക്കി അതിന്‍റെ ആത്മാവ് ഉള്‍ക്കൊണ്ടുകൊണ്ട് ഇത്തരമൊരു ചിത്രം ചെയ്യാന്‍ അപാര കഴിവ് തന്നെ വേണം. അത്രയ്ക്ക് സുന്ദരമായാണ് ഋതു അദ്ദേഹം കൈകാര്യം ചെയ്തിട്ടുള്ളത്.

ഐ ടി മേഖലയിലെ യുവത്വത്തിന്‍റെ കഥയാണ് ഋതു എന്ന ചിത്രത്തിന്‍റെ പ്രമേയം. ഐ ടി യില്‍ വലിയൊരു കരിയര്‍ കെട്ടിപ്പടുക്കുവാന്‍ വെമ്പല്‍ കൊള്ളുന്ന യുവത്വം. പണം മാത്രം മുന്നില്‍ കണ്ട് രാപകല്‍ ഇല്ലാതെ നെട്ടോട്ടം ഓടുന്ന യുവത്വം. ഈ തിരക്കില്‍ അവരില്‍ ഭൂരിഭാഗവും തങ്ങള്‍ക്കു പിന്നില്‍ നഷ്ടപെടുന്ന മനോഹരമായ ജീവിതത്തെയും ബന്ധങ്ങളെയും ഒന്നും തന്നെ കാണുന്നില്ല. ഒടുവില്‍ ഒരുപാട് ദൂരങ്ങള്‍ കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ ഉണ്ടാകുന്ന ഭീതിജനകമായ നഷ്ടപ്പെടലുകളുടെ തിരിച്ചറിവ്... ഇങ്ങനെയൊക്കെ മുന്നേറുന്ന ഒരു അതി മനോഹരമായ ചിത്രം ആണ് ഋതു.

ഋതുക്കള്‍ മാറുന്നു. പക്ഷെ നമ്മളോ?  - ഈ ചോദ്യത്തിന്‍റെ ഉത്തരം കൂടിയാണ് ഈ ചിത്രം.

എന്‍റെ അഭിപ്രായത്തില്‍, ഐ ടി മേഖലയില്‍ ജോലി തിരഞ്ഞെടുക്കുന്ന ഓരോരുത്തരും ഈ ചിത്രം തീര്‍ച്ചയായും കാണുക തന്നെ വേണം. നമ്മുടെ മനസ്സില്‍ നമ്മള്‍ പോലും അറിയാതെ കാത്തു സൂക്ഷിക്കുന്ന സ്നേഹവും പ്രണയവും സൌഹൃദങ്ങളും ഒന്നും നഷ്ടപ്പെടാതിരിക്കട്ടെ. മാനുഷിക മൂല്യങ്ങളും ബന്ധങ്ങളും എന്നെന്നും നിലനില്‍ക്കട്ടെ...

പിന്നെ ഞാന്‍ കാത്തിരുന്നു കണ്ടത് - നീലത്താമര - കണ്ട് കഴിഞ്ഞപ്പോള്‍ വേണ്ടായിരുന്നു എന്ന് തോന്നി... പാവം ഞാന്‍... വെറുതെ സമയം കളഞ്ഞു... ഇനി പറഞ്ഞിട്ട് എന്താ???

പ്രതീക്ഷിച്ച അത്രയും വിടര്‍ന്ന താമര അല്ലായിരുന്നു കുഞ്ഞിമാളുവിന്റെ നീലത്താമര. സംഭവം പഴയ വീഞ്ഞ് തന്നെ. വ്യത്യാസം ഒന്നേയുള്ളൂ - ക്യാമറ പുതിയത്, ടെക്നോളജി പുതിയത്.

എം.ടി സാറിന്‍റെ തിരക്കഥ കണ്ടുകൊണ്ടിരിക്കാം. പക്ഷെ, സിനിമ കണ്ട് കഴിയുമ്പോള്‍ നമുക്ക് അതില്‍ നിന്നും എന്തെങ്കിലും കിട്ടിയ ഒരു ഫീലിംഗ് ഉണ്ടാകില്ല. വെറുതെ രണ്ടു മണിക്കൂര്‍ തള്ളി നീക്കിയ ഒരു മടുത്ത പ്രതീതി ആണ് ഉണ്ടായത്. രണ്ടാമത് ഒന്നുകൂടി കാണാന്‍ തോന്നാത്ത ഒരു സിനിമ. അതുകൊണ്ട് ഇനി കാണാന്‍ പ്ലാന്‍ ഇല്ല.

സിനിമയൊക്കെ കഴിഞ്ഞു, ഇനി മറ്റു ചില കാര്യങ്ങള്‍.

കോളേജിലെ ക്ലാസ്സ്‌ കഴിഞ്ഞു. കുട്ടികള്‍ക്ക് സ്റ്റഡി ലീവ് ആയതുകൊണ്ട് അധ്യാപകര്‍ക്ക് മറ്റു ചില ചുമതലകള്‍ ആണ്. എനിക്ക് കിട്ടിയത് ലൈബ്രറി ബുക്കുകള്‍ വെരിഫൈ ചെയ്യാനുള്ള ഡ്യൂട്ടി ആണ്. മൊത്തം വരുന്ന 18500 ബുക്കില്‍ എനിക്ക് കിട്ടിയത് സാഹിത്യം അടങ്ങുന്ന 3000 ബുക്കുകള്‍ എണ്ണുന്ന ചുമതല ആണ്. സാഹിത്യം ആയതുകൊണ്ട് ബോറടിക്കാതെ 4 ദിവസം കൊണ്ട് സംഗതി നടന്നു.

ആദ്യം ഇത്രേം ബുക്കുകള്‍ കണ്ട് കണ്ണ് തള്ളി. എങ്കിലും ഒരു അറ്റത്തു നിന്നും ഓരോന്നായി എടുത്തു തുടങ്ങിയപ്പോള്‍ രസമായി. ഇതുവരെ കേട്ടിട്ടില്ലാത്ത നിരവധി നിരവധി കാര്യങ്ങള്‍ അടങ്ങുന്ന അനവധി അനവധി ബുക്കുകള്‍... സാഹിത്യം, കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, പഠനങ്ങള്‍... അങ്ങനെ പോകുന്നു ഓരോരോ വിഷയങ്ങള്‍...

ബുക്കുകള്‍ എന്നുമ്പോള്‍ ഞാന്‍ പണ്ട് എവിടെയോ വായിച്ചത് ഓര്‍ത്തു - പണ്ട് ഏതോ രാജാവ് പറഞ്ഞത്രേ, അദ്ദേഹം രാജാവ് അല്ലായിരുന്നെങ്കില്‍ ഒരു വലിയ ലൈബ്രറിയിലെ കാവല്‍ക്കാരന്‍ ആകുമായിരുന്നു എന്ന്... (രാജാവിന്‍റെ പേര് മറന്നു)

ഓഹോ, രാജാവിനു ബുക്ക്‌ വായിക്കാന്‍ ഇത്ര ആര്‍ത്തി ആണോ?

ആര്‍ത്തി അല്ല, ചിലര്‍ അങ്ങനെ ആണ്, ഒരുപാട് ഒരുപാട് വായിക്കും. എന്ത് കിട്ടിയാലും വായിക്കും. എന്നാലും ഞാന്‍ ഓര്‍ത്തു, നമുക്ക് താല്പര്യം ഇല്ലാത്തത് നമ്മള്‍ എങ്ങനെ ആണ് വായിക്കുന്നത്? ചിലപ്പോ വെറുതെ രസത്തിനു വായിക്കുമായിരിക്കും അല്ലേ...

പിന്നെ പോയ വാരം ഒരു മനോഹരമായ ഹര്‍ത്താല്‍ കൂടി ആഘോഷിച്ചു. വിലക്കയറ്റത്തിന് എതിരെ നടത്തിയ ഹര്‍ത്താല്‍. അന്നേ ദിവസം പാര്‍ട്ടിക്കാര്‍ ട്രെയിന്‍ തടഞ്ഞും കടകമ്പോളങ്ങള്‍ അടപ്പിച്ചും ഹര്‍ത്താല്‍ ആഘോഷിച്ചു. ജനങ്ങള്‍ വീട്ടിലിരുന്നു ടിവിയില്‍ വിവിധ ജ്വല്ലറികള്‍ സ്പോണ്‍സര്‍ ചെയ്ത "ഹര്‍ത്താല്‍ ദിന പ്രത്യേക" പരിപാടികള്‍ ആസ്വദിച്ചു. (അതിനിടെ മറ്റൊരു കോമഡി - ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലില്‍ വാര്‍ത്ത വായിച്ച ആള്‍ ഹര്‍ത്താല്‍ റിപ്പോര്‍ട്ട്‌ പറഞ്ഞു തീര്‍ത്തത് ഇങ്ങനെ ആണ് - "അടുത്ത ഹര്‍ത്താല്‍ ദിനത്തിലും ഇതേ കാര്യങ്ങള്‍ തന്നെ പറയാമെന്ന പ്രതീക്ഷയോടെ മറ്റു വാര്‍ത്തകള്‍ തുടരുന്നു...")

എന്തായാലും ഹര്‍ത്താല്‍ വന്‍ വിജയം ആയിരുന്നു. ഇപ്പൊ നിത്യോപയോഗ സാധനങ്ങള്‍ എല്ലാം കടയില്‍ ചെന്നാല്‍ പൈസ കൊടുക്കാതെ കിട്ടും.

എന്തായാലും ഇനി അടുത്ത ഹര്‍ത്താല്‍ ദിനം ആഘോഷിക്കാന്‍ ജനങ്ങളും ചാനലുകാരും തയ്യാറെടുക്കുകയാണ്. സ്ഥിരമായി ഹര്‍ത്താല്‍ നടത്തി ജനജീവിതം ദുസ്സഹമാക്കുന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് ഉടന്‍ തന്നെ ഒരു ഹര്‍ത്താല്‍ നടത്താന്‍ സാധ്യത ഉണ്ടെന്നു കേള്‍ക്കുന്നു.

ഇതൊക്കെ ആണ് പോയ ഒരാഴ്ചത്തെ പ്രധാന വിശേഷങ്ങള്‍. ഇനി വീണ്ടും കാണാം.

അതുവരേക്കും ബൈ...!

Sunday, August 23, 2009

ഓണം വന്നു. ഇന്ന് അത്തം.

ഓണം വരുന്ന കാര്യം മറന്നോ?

അതെ, ഇന്നു അത്തം ആണ്. ഇന്നു മുതല്‍ പൂക്കളം ഇട്ടു തുടങ്ങണം. ഇനി ഓരോ ദിവസവും പൂക്കളം ഇടണം. പത്തു ദിവസം. ഓരോ ദിവസവും പുതിയ ഒരു ഇനം പൂവ് കൂടി ഇടണം. ഇന്നു ഒരു ഇനം പൂവ്. നാളെ രണ്ടെണ്ണം. പിന്നെ മൂന്നു, നാല്.... അങ്ങനെ പത്താം നാള്‍ തിരുവോണം. അന്ന് നമ്മളെയെല്ലാം കാണാന്‍ മാവേലി തമ്പുരാന്‍ വരും.

(ഒരു കാര്യം ഓര്‍ക്കുന്നു... ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ക്ലാസ്സില്‍ വല്ലപ്പോഴും മാത്രം പോകുന്ന എന്നെ അന്ന് കൂട്ടുകാര്‍ "മാവേലി" എന്ന് വിളിക്കുമായിരുന്നു. അന്ന് അതിന്‍റെ അര്‍ത്ഥം അറിയില്ലായിരുന്നു എങ്കിലും ഇപ്പൊ അറിയാം..)

ഓണം എന്നും എല്ലാര്‍ക്കും ഒരു രസമുള്ള അനുഭവം തന്നെ ആണ് അല്ലേ? കുട്ടിക്കാലത്ത് പൂക്കളം ഇടുന്നതും തിരുവോണ നാളില്‍ പുത്തന്‍ ഓണക്കോടിയും അണിഞ്ഞു അമ്പലത്തില്‍ പോകുന്നതും ഊഞ്ഞാല്‍ ആടുന്നതും പന്ത് കളിക്കുന്നതും... ഓണസദ്യ കഴിക്കാന്‍ എന്തൊരു ഇഷ്ടമാണ്... നമുക്കെല്ലാം ഐശ്വര്യം മാത്രം സമ്മാനിച്ചുകൊണ്ട് ഒരു ഓണം കൂടി എത്തിപ്പോയി... ആഘോഷിക്കണ്ടേ? വേണം.

ഇന്നു എന്‍റെ ജിമെയില്‍ തുറന്നപ്പോള്‍ ഒരു മെയില്‍ - ഓര്‍ക്കുട്ട് സ്ക്രാപ്പ് കിട്ടുമ്പോള്‍ വരുന്ന മെയില്‍ ഇല്ലേ? - അത് തന്നെ. അയച്ചത് ശ്രീധീഷ് സര്‍. (അദ്ദേഹത്തിന്‍റെ പേരിന്‍റെ അര്‍ത്ഥം എന്താണെന്ന് ഇപ്പോഴും അറിയില്ല...) എന്നെ കോളേജില്‍ പഠിപ്പിച്ച സര്‍ ആണ്. അദ്ദേഹത്തിന് എന്തോ ഒരു ഓപ്പറേഷന്‍ ആണെന്ന് കേട്ടിരുന്നു. അത് എന്താണെന്ന് ഞാന്‍ ഒരു സ്ക്രാപ്പ് അയച്ചു. ഇന്നു മറുപടി കണ്ടു. മുട്ടില്‍ എന്തോ ഒരു പൊട്ടല്‍. (cartilage എന്ന് പറഞ്ഞു. ഞാന്‍ വിക്കിപീഡിയ തപ്പിയാണ് അര്‍ത്ഥം കണ്ടുപിടിച്ചത്.. പാവം ഞാന്‍..!)

എന്‍റെ ബ്ലോഗ് അദ്ദേഹം വായിച്ചു എന്ന് പറഞ്ഞു... ഹായ്‌, അപ്പോള്‍ ഞാന്‍ ഇവിടെ ഇങ്ങനെ എഴുതുന്നതൊക്കെ വായിക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ട് അല്ലേ..? സന്തോഷമായി... :)

കഴിഞ്ഞയാഴ്ച ഞാനും മിഥുനും കൂടി "പുതിയ മുഖം" കണ്ടു. ഇഷ്ടപ്പെട്ടു. ദീപന്‍ എന്നൊരു പുതിയ സംവിധായകന്‍ കൂടി മലയാളത്തിലേക്ക് കടന്നു വരുകയാണ്. ആദ്യത്തെ ചിത്രം കൊള്ളാം. നന്നായിട്ടുണ്ട് കേട്ടോ. ഈ സിനിമ പ്രിഥ്വിരാജിന്‍റെ കൂടെ "പുതിയ" മുഖം ആണ്. (ഈ ബ്ലോഗില്‍ നേരത്തെ ഞാന്‍ എഴുതിയ "തിരക്കഥ" യിലും ഇപ്പൊ എഴുതുന്ന "പുതിയ മുഖം" ലും അഭിനയിക്കുന്നത് പ്രിഥ്വിരാജും പ്രിയാമണിയും ആണെന്നത് യാദൃശ്ചികം...)

ഇന്റര്‍വെല്‍ വരെ അല്പം ഇഴയുന്ന സിനിമ ആണ്. എന്നാല്‍ ഇന്റര്‍വെല്‍ കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ സീറ്റില്‍ നിന്നും എഴുനേറ്റു നിന്നു മാത്രമെ കാണൂ.. അത്രയ്ക്ക് ഉദ്വേഗ ജനകമാണ് ചിത്രം. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ "excellent thriller". ഒന്നുകൂടി കാണാന്‍ അവസരം കിട്ടിയാല്‍ കാണാം. എന്തായാലും പുതിയ പുതിയ പ്രതിഭകള്‍ക്ക് ആശംസകള്‍.

ഓണം ഇങ്ങെത്തി. നല്ലൊരു ഓണം ആകട്ടെ ഇക്കൊല്ലവും എന്ന് നമുക്കു പ്രാര്‍ത്ഥിക്കാം. എല്ലാര്‍ക്കും എന്‍റെ ഓണാശംസകള്‍...!

Tuesday, August 11, 2009

തിരക്കഥ വെറുമൊരു സിനിമ അല്ല...

രാജ്യം മുഴുവനും പന്നിപ്പനി പിടിപെട്ടിരിക്കുന്നു. ഞാന്‍ ഒരു ഗ്രാമവാസി ആണ്. പന്നിപ്പനി അല്ലെങ്കിലും വേറെ എന്തോ ഒരു പനി എനിക്കും പിടിപെട്ടു... അത് പന്നിപ്പനി അല്ല എന്ന് ഞാന്‍ തന്നെ ആണ് തീരുമാനിച്ചത്... (ഈശ്വരാ, ഇതു പന്നിപ്പനി ആകല്ലേ...) എന്തായാലും ഡോക്ടറിനെ കാണാന്‍ ഇതുവരെ പോയില്ല. പോയാല്‍ അടുത്ത രണ്ടു മാസത്തേക്ക് കഞ്ഞിക്ക് പകരം തിന്നു വിശപ്പ്‌ മാറ്റാന്‍ ഒരു പാട്ട ഗുളിക കിട്ടും. അതിന്‍റെ ചിലവോ, അടുത്ത മൂന്നു മാസത്തേക്ക് കഞ്ഞി വെയ്ക്കാനുള്ള പൈസ ആകും. അതുകൊണ്ട് ഞാന്‍ തല്‍ക്കാലം പാരസെറ്റമോള്‍ കഴിച്ചു പിടിച്ചു നില്ക്കുന്നു. എന്തിനാ വെറുതെ ചിലവുണ്ടാക്കി വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത്? അല്ലെ?

ഇന്നു പനി ഉണ്ടായിരുന്നു. കിടക്കാന്‍ വയ്യാത്തതുകൊണ്ട് എഴുനേറ്റിരുന്നു. എന്തെങ്കിലും ചെയ്യണം എന്ന് തോന്നി. അപ്പോഴാണ്‌ തിരക്കഥ എന്ന ചിത്രത്തിന്‍റെ കാര്യം ഓര്‍ത്തത്‌. കുറച്ചു നാള്‍ മുന്‍പ് മിഥുന്‍ അത് കണ്ടു വളരെ ഇഷ്ടമായി എന്ന് പറഞ്ഞു. കുറേകാലം കഴിഞ്ഞു വീണ്ടും ഒരു നൊമ്പരപ്പെടുത്തുന്ന ചിത്രം കണ്ടു എന്ന് അവന്‍ പറഞ്ഞു. എനിക്കും കാണാന്‍ തോന്നി, പക്ഷെ സമയം കിട്ടിയില്ല. രണ്ടു ദിവസം മുന്‍പ് ഐഡിയ ഏര്‍പ്പെടുത്തിയ ഒരു അവാര്‍ഡ്‌ പരിപാടിയില തിരക്കഥ കുറെ അവാര്‍ഡ്‌ വാങ്ങിക്കൂട്ടി എന്ന് ന്യൂസ് വന്നു. അപ്പോള്‍ തിരക്കഥ കാണണം എന്ന് ഉറച്ചു. ഇന്നു പനി പിടിച്ചത് അത് കാണാന്‍ ഒരു അവസരമായി.

കണ്ടു. തിരക്കഥ കണ്ടു. അതിനെ കുറിച്ചു പറയട്ടെ?

എങ്ങനെ തുടങ്ങണം, എവിടെ തുടങ്ങണം എന്ന് അറിയില്ല. പക്ഷെ, ഒന്നു അറിയാം. "തിരക്കഥ" ഒരു സിനിമ മാത്രമല്ല. അതിനും അപ്പുറം എന്തൊക്കെയോ ആണ്. ഒരു നല്ല കലാസൃഷ്ടി. അതിന്‍റെ സംവിധാനം രഞ്ജിത്ത് ആണ്. ആദ്യമേ, ഇത്തരമൊരു അത്ഭുത ചിത്രം തന്നതിന് അദ്ദേഹത്തിന് ആയിരം ആശംസകള്‍.

ഒരു ഫ്ലാഷ് ബാക്ക് ആണ് ഈ കഥ. സ്നേഹിക്കാന്‍ വേണ്ടി അടുക്കുന്ന രണ്ടു മനസുകള്‍. പരസ്പരം ഒരുപാടു സ്നേഹിക്കുന്നു. പിന്നെ എന്തോ ഒരു തെറ്റിധാരണയില്‍ അകലുന്നു. പിന്നെ പതിനാറു വര്‍ഷങ്ങള്‍ കഴിഞ്ഞു വീണ്ടും കാണുമ്പോള്‍... ആ തെറ്റിദ്ധാരണ പരസ്പരം മനസിലാക്കുന്നു. ആ നിമിഷത്തില്‍ അവള്‍ മരണത്തോട് അടുക്കുകയാണ്. കാന്‍സര്‍ പിടിപെട്ടു അവള്‍ മരണത്തെ വരിക്കാന്‍ തയ്യാറായി നില്ക്കുന്നു. അപ്പോഴാണ്‌ അയാള്‍ വരുന്നതും, സത്യം എല്ലാം പരസ്പരം പറയുന്നതും. പിന്നെ അവര്‍ ഒറ്റയ്ക്ക് അവരുടെ പ്രണയം ആരംഭിച്ച മലമുകളിലെ ആ clouds end എന്ന വീട്ടിലേക്ക് പോകുകയാണ്. അവിടെ എത്തുമ്പോള്‍ അവരുടെ മനസ് ശൂന്യമാണ്. കഴിഞ്ഞ പതിനാറു വര്‍ഷങ്ങള്‍ അവര്‍ക്കിടയില്‍ അകലം മാത്രം വിതച്ചാണ് കടന്നുപോയത്. അവള്‍ അപ്പോള്‍ അവന്‍റെ മടിയില്‍ കിടന്നു "എനിക്ക് മരിക്കണ്ട" എന്ന് പറയുകയാണ്‌.. പക്ഷെ വിധി എന്താകും? ആ ചോദ്യം പ്രേക്ഷകര്‍ക്ക്‌ നല്കി സിനിമ അവിടെ അവസാനിക്കുന്നു. ആ ചോദ്യം ഒരു നൊമ്പരമായി എല്ലാരുടെയും മനസ്സില്‍ നിറയും...

മാളവിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയാമണി ആ കഥാപാത്രം ഒത്തിരി നന്നായി ചെയ്തിട്ടുണ്ട്. പലപ്പോഴും അഭിനയത്തില്‍ ഒത്തിരി പ്രത്യേകതകള്‍ കണ്ടു. ഒരുപാടു നന്നായിരിക്കുന്നു. അതുപോലെ അജയ് എന്ന കഥാപാത്രം അവതരിപ്പിച്ച അനൂപ്‌ മേനോന്‍. പുതുമുഖ താരം ആയിരുന്നു എങ്കിലും അദ്ദേഹം ഒരു വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ടു പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. നല്ല ഒരു ശബ്ദം കൂടി അദ്ദേഹത്തിനുണ്ട്. പിന്നെ പുതിയ തലമുറയിലെ സംവിധായകന്‍റെ റോള്‍ അവതരിപ്പിച്ച പ്രിഥ്വിരാജ്, സംവൃത അവരെല്ലാം പതിവു പോലെ തന്നെ, അവരുടേതായ ഒരു ശൈലിയില്‍ കഥാപാത്രം ചെയ്തു. പ്രിഥ്വിരാജ് അതില്‍ ഒരു പ്രധാന റോള്‍ ആണ് ചെയ്യുന്നത്. അത് നന്നായി ചെയ്തിട്ടുണ്ട്.

എന്തായാലും ഒത്തിരി നല്ല ചിത്രമാണ്. എല്ലാരും കാണണം. അതിലെ അഭിനയം, കഥ പറയുന്ന ശൈലി, ശരത് ചെയ്ത പാട്ടുകള്‍... എല്ലാം കൊണ്ടും ഒരു അത്ഭുത ചിത്രം.

Thursday, February 05, 2009

മകന്‍റെ അച്ഛന്‍...!

കഴിഞ്ഞ ഞായറാഴ്ച ഞാനും അച്ചുവും അഞ്ജുവും കൂടി തിരുവനന്തപുരം രമ്യയില്‍ സിനിമ കാണാന്‍ പോയി. വെറും സിനിമ അല്ല, ഒരു അടിപൊളി സിനിമ. "മകന്‍റെ അച്ഛന്‍"... സത്യം പറയാല്ലോ, നാളുകള്‍ക്കു ശേഷം വീണ്ടുമൊരു അടിപൊളി കുടുംബചിത്രം കാണുകയാണ്.

നമ്മുടെയെല്ലാം പ്രിയപ്പെട്ട ആ വലിയ പ്രതിഭ - ശ്രീനിവാസന്‍ - ഈ ചിത്രത്തില്‍ തിളങ്ങുകയാണ്. വിനീത് അച്ഛനോടൊപ്പം തന്നെ തിളങ്ങുന്ന ഒരു താരം ആയി ഉയരുകയാണ്... ഇതിനോടകം തന്നെ വിനീത് ആലാപനത്തിലും, ഗാനരചനയിലും, അതുപോലെ തന്നെ അഭിനയത്തിലും കഴിവ് തെളിയിച്ചതാണ്. ഈ ചിത്രത്തിലും വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സുഹാസിനി വളരെ നന്നായി ആ അമ്മ റോള്‍ ചെയ്തിട്ടുണ്ട്.

ഒരു നല്ല തീം തന്നെ സംവിധായകന്‍ തിരഞ്ഞെടുത്തു. സ്വന്തം മക്കളെ എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ "തല്ലിപ്പഴുപ്പിക്കുന്ന" ഒരു അച്ഛന്‍. അച്ഛനെ ഒരു ശത്രുവിനെ പോലെ കാണുന്ന മകന്‍. ഇവര്‍ക്ക് രണ്ടുപേര്‍ക്കുമിടയില്‍ ജീവിക്കുന്ന ഒരു അമ്മ. ഇതെല്ലാം വളരെ നന്നായി ചെയ്തിരിക്കുന്നു. കുടുംബസമേതം കണ്ട് ആസ്വദിക്കാന്‍ ഒരു നല്ല ചിത്രം.

എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു രംഗം പറയാം. വിനീതിനെ അവന്‍റെ കൂടെ പഠിക്കുന്ന ഒരു പെണ്‍കുട്ടി അവരുടെ ക്ലാസ്സ് തീരുന്ന ദിവസം പ്രണയാഭ്യര്‍ത്ഥന നടത്തുന്ന രംഗം. അതിന് വിനീത് പറയുന്ന മറുപടി വളരെ നന്നായിരിക്കുന്നു. അത് സത്യം പറഞാല്‍ പുതു തലമുറയുടെ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടാണ് ചൂണ്ടിക്കാട്ടുന്നത്. പണ്ടുള്ളവര്‍ പറയുന്നപോലെ അല്ല, പുതു തലമുറ വളരെ "സെലക്ടീവ്" ആണ്. ജീവിതത്തെക്കുറിച്ച് ഉറച്ച കാഴ്ചപ്പാട് ഉള്ളവരാണ് അവര്‍. അവരുടെ ജീവിതം അവര്‍ തന്നെ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ മിക്കവാറും വീട്ടുകാര്‍ അതിന് തടയിടുമ്പോള്‍ വീട്ടില്‍ അടിയാകുന്നു, അവര്‍ ഒന്നുകില്‍ സ്വന്തം ജീവിതം തേടി പോകുന്നു, അല്ലെങ്കില്‍ ജീവിതം വീട്ടുകാര്‍ക്ക് മുന്നില്‍ ഹോമിച്ചു വിധിക്ക് മുന്നില്‍ കീഴടങ്ങുന്നു.

മൊത്തത്തില്‍ ഒരു നല്ല ചിത്രം തന്നെയാണ്. കുടുംബസമേതം കാണേണ്ട ഒരു ചിത്രം. അവര്‍ പറയുന്നപോലെ തന്നെ, "ഇനിയും ജനിക്കാനിരിക്കുന്ന അച്ഛന്മാര്‍ക്കു" വേണ്ടിയാണ് ഈ ചിത്രം...

Saturday, January 24, 2009

എന്‍റെ പ്രിയപ്പെട്ട പാട്ടുകള്‍...

എല്ലാര്‍ക്കും കാണും കുറെ ഇഷ്ടപ്പെട്ട പാട്ടുകള്‍, അല്ലേ? പാട്ടുകള്‍ ഇഷ്ടപ്പെടാന്‍ കാരണങ്ങള്‍ പലതാണ്. അതിന്‍റെ സംഗീതം, വരികള്‍, അങ്ങനെ ഒരുപാട്...

എനിക്കും ഉണ്ട് കുറെ ഇഷ്ടപ്പെട്ട പാട്ടുകള്‍. അതെല്ലാം ഇവിടെ എഴുതുകയാണ്...

1. കാണുമ്പോള്‍ പറയാമോ...
(ഇഷ്ടം |2001| - കെ.എസ്.ചിത്ര, യേശുദാസ്, കൈതപ്രം, മോഹന്‍ സിതാര | സിബി മലയില്‍)
- പ്രിയപ്പെട്ടവര്‍ പാടുമ്പോള്‍ ആ പാട്ട് നമുക്കും പ്രിയപ്പെട്ടതാകുന്നു.

2. സുഖമാണീ നിലാവ്...
(നമ്മള്‍ |2002| - ജ്യോത്സ്ന, വിധു പ്രതാപ്,(വരികള്‍ ആരെന്നു അറിയില്ല), മോഹന്‍ സിതാര | കമല്‍)
- എന്തൊരു അടിപൊളി പാട്ടാണ്...!! മനസ്സില്‍ അല്പമെങ്കിലും പ്രണയം സൂക്ഷിക്കുന്ന എല്ലാരും ഈ പാട്ട് ഇഷ്ടപ്പെടും. ഉറപ്പ്...! പിന്നെ, സംഗീതം ഇഷ്ടപ്പെടുന്ന ആരും ഈ പാട്ട് കേട്ടിരുന്നുപോകും... എന്‍റെ അറിവില്‍ തന്നെ ഈ പാട്ട് ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. വര്‍ണിക്കാന്‍ കഴിയാത്ത അത്ഭുതം ആണ് ഈ പാട്ട്.

3. ഏതോ ജലശംഖില്‍...
(മൈ മദേഴ്സ് ലാപ്ടോപ് |2008| - സോണിയ, റഫീഖ് അഹമ്മദ്, ശ്രീവല്‍സന്‍. ജെ. മേനോന്‍ | രൂപേഷ് പോള്‍)
- ഞാന്‍ എന്നെന്നും ഇഷ്ടപ്പെടുന്ന ഒരു പാട്ട്. വരികളില്‍ നിറയെ ജീവന്‍റെ തുടിപ്പുകള്‍ എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞ ഒരു പാട്ട്. സോണിയ അത് വളരെ മനോഹരമായി പാടിയിരിക്കുന്നു. റഫീഖ് ആദ്യമായി സിനിമയില്‍ വന്നതാണ് എന്ന് കേട്ടു. നന്നായി എഴുതിയിരിക്കുന്നു. സംഗീതം വളരെ മനോഹരം. ഒരുപാട് ഇഷ്ടമാണ് ഈ പാട്ട്.

4. പൂങ്കുയിലേ, പൂങ്കുയിലേ...
(ആല്‍ബം: കോഫി @ എം.ജി.റോഡ് |2008| - ദിവ്യ.എസ്.മേനോന്‍ [ബ്ലോഗ്], വിനീത് ശ്രീനിവാസന്‍, ഷാന്‍ റഹ്‌മാന്‍ | വിനീത് ശ്രീനിവാസന്‍)
- എന്‍റെ ഏറ്റവും വലിയ സുഹൃത്തിന് ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്ന പാട്ട്. ഈ പാട്ടിന്‍റെ വരികള്‍ക്ക് എന്‍റെ ജീവിതവുമായി വളരെ സാമ്യമുണ്ട്‌. അല്ല, എന്‍റെ ജീവിതം തന്നെയാണ് ആ വരികളില്‍ പ്രതിഫലിക്കുന്നത്. നമ്മുടെ ജീവിതത്തിലേക്ക് ചിലര്‍ കടന്നുവരുമ്പോള്‍ നമ്മുടെ ജീവിതം വല്ലാതെ മാറും. അത് തന്നെയാണ് ഈ പാട്ടില്‍ വിനീത് കാണിച്ചു തരുന്നത്. മനോഹരമായ വരികള്‍. ഗായിക ദിവ്യ വളരെ മനോഹരമായി പാടിയിരിക്കുന്നു. തികച്ചും പ്രണയം തുളുമ്പുന്ന ശബ്ദം (സുജാതയെ പോലെ). കേട്ടപ്പോള്‍ ഒരുപാട് ഇഷ്ടം തോന്നി ഈ പാട്ടിനോട്. സ്വന്തം ജീവിതം പ്രതിഫലിക്കുന്ന എന്തും ആരും ഇഷ്ടപ്പെടും അല്ലേ?

5. വാനമ്പാടി ആരെ തേടുന്നു നീ...
(ആല്‍ബം: നിലാവിന്‍റെ കയ്യൊപ്പ് |2003| - സുജാത, എം.ജി.ശ്രീകുമാര്‍, എസ്.രമേശന്‍ നായര്‍, മനു രമേശന്‍)
- ഈ പാട്ട്‌ എനിക്ക് ഒരുപാട് ഇഷ്ടമാണ്. തികച്ചും മനോഹരമായ വരികള്‍. സ്നേഹത്തിന്‍റെ പ്രതിഫലനം. പ്രണയത്തിന്‍റെ ആവിഷ്കാരം. അച്ഛന്‍റെ വരികള്‍ക്ക് മകന്‍ മനു അതിമനോഹരമായി സംഗീതം നല്‍കിയിരിക്കുന്നു. ഞാന്‍ എന്‍റെ ഏകാന്ത നിമിഷങ്ങളില്‍ കണ്ണുമടച്ചിരുന്നു ഈ പാട്ട്‌ കേള്‍ക്കും. എന്‍റെ മനസ് അപ്പോള്‍ അതിമനോഹര പ്രണയത്തിന്‍റെ ഏതോ ഒരു ലോകത്തില്‍ എത്തും. എന്തു രസമാണ് അത്..! സുജാതയുടെ സ്വതസിദ്ധമായ ആ പ്രണയം തുളുമ്പുന്ന, നാണം നിറഞ്ഞ പെണ്‍കുട്ടിയുടെ ശബ്ദം ഈ ഗാനത്തിന് മാറ്റുരയ്ക്കുന്നു. എം.ജിയും നന്നായി പാടി. മൊത്തത്തില്‍ ഈ ഗാനം ഒരു ഉല്‍സവം പോലെ തന്നെയാണ് എന്ന് പറയാതെ വയ്യ. ഈ ആല്‍ബത്തിലെ എല്ലാ പാട്ടുകളും മനോഹരമാണ്... നിങ്ങള്‍ ഈ ആല്‍ബം മുഴുവന്‍ കേള്‍ക്കണം എന്നാണു എന്‍റെ അഭിപ്രായം...

6. ചിത്രമണിക്കാട്ടില്‍ ...
(സിംഫണി |2004| - കൈതപ്രം, ദീപക് ദേവ് | ഐ.വി.ശശി)
- ദീപക് ചേട്ടന്‍റെ സംഗീതം ഒരു പ്രത്യേകതയുള്ളതാണ്. വളരെ ടെക്നിക്കല്‍ ആയിട്ടാണ് അദ്ദേഹം സംഗീതം ചെയ്യുന്നത്. എനിക്ക് ദീപക് ദേവിന്‍റെ എല്ലാ പാട്ടുകളും ഇഷ്ടമാണ്. "ചിത്രമണിക്കാട്ടില്‍..." വളരെ ഇഷ്ടപ്പെട്ട ഒന്നാണ്. അതിന്‍റെ മനോഹരവും അര്‍ത്ഥമുള്ളതുമായ വരികള്‍, സംഗീതം, അങ്ങനെ എല്ലാം. (കാണാന്‍ കൊള്ളില്ല). ഞാന്‍ എന്‍റെ ആദ്യ മൊബൈല്‍ വാങ്ങിയത് 2008 ഫെബ്രുവരി ആണ്. അന്ന് ഞാന്‍ ആദ്യമായി കമ്പ്യൂട്ടറില്‍ കണക്ട് ചെയ്ത ഫോണില്‍ ഈ പാട്ടും സ്റ്റോര്‍ ചെയ്തു. അത് പിന്നെ റിങ്ങ് ടോണ്‍ ആയിട്ട് കേട്ടപ്പോള്‍ പാട്ടിന്‍റെ തുടക്കത്തിലെ മ്യൂസിക് നന്നായി ഇഷ്ടപ്പെട്ടു. (അടുത്ത ആഴ്ച കഴിയുമ്പോള്‍ ഫോണിന്‍റെ ഒന്നാമത്തെ ജന്മദിനം ആണ്). ഇന്നും, ഇപ്പോഴും എന്‍റെ റിങ്ങ് ടോണ്‍ ഈ പാട്ട് തന്നെയാണ്.

ഇനിയും കുറച്ചു പാട്ടുകള്‍ കൂടിയുണ്ട്. ഈ പറഞ്ഞ പാട്ടുകള്‍ കഴിഞ്ഞു വരുന്നവ. ആ പാട്ടുകളുടെ എല്ലാ വിവരങ്ങളും അറിയില്ല. എന്നാലും ഇവിടെ എഴുതാം...

ചെന്താര്‍ മിഴി... (പെരുമഴക്കാലം |2007| - കമല്‍),
നീയെന്‍ സുന്ദരി... (സത്യം |2004| - വിനയന്‍),
തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായി... (രസികന്‍ |2004| - ലാല്‍ ജോസ്)
തങ്കത്തിങ്കള്‍ താരൊളിയെ... (ലങ്ക | 2006 | - സാജന്‍)

ഇനിയും വരും... ഇനിയും ഗാനങ്ങള്‍ വരും, കാതിലും മനസിലും തേന്‍മഴ പെയ്യിക്കാന്‍...

Wednesday, September 24, 2008

അന്നൊരിക്കല്‍, വീണ്ടുമൊരു ഒന്നുചേരല്‍...

വര്‍ഷം 2025. നവംബര്‍ മാസത്തിലെ ഒരു വൈകുന്നേരം. മോഹന്‍ദാസ്‌ കോളേജ് കാമ്പസ്. അവിടെ കാമ്പസിന് മുന്നില്‍ ഒരു പൂത്ത മരം.. തറയില്‍ പൂക്കള്‍ പരവതാനി വിരിച്ചതുപോലെ കിടക്കുന്നു. അവിടെ കുറെ കാറുകള്‍, അവിടെ കുറച്ചു കുടുംബങ്ങള്‍ നില്‍ക്കുന്നുണ്ട്‌ ... ആരും അപരിചിതരായ മുഖങ്ങള്‍ അല്ല. എല്ലാരുടെയും മുഖം ഓര്‍മയുണ്ട്... പക്ഷെ ആരൊക്കെയാണെന്ന് പേരു പറയാന്‍ പറ്റുന്നില്ല. എന്നാലും അവരെല്ലാം ഏറെ മാറിപ്പോയി എന്ന് പറയാം. ഓരോരുത്തരും മറ്റുള്ളവരെ കാണുമ്പോള്‍ അത്ഭുതപ്പെടുന്നുണ്ട്...

2009 പാസ്-ഔട്ട് കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ചിന്‍റെ റീയൂണിയന്‍ ആണ് അന്ന് രാത്രി നടക്കാന്‍ പോകുന്നത്. ഒരു‌പാട് കാലങ്ങള്‍ക്കു ശേഷം ആ ക്ലാസ്സിലെ കൂട്ടുകാര്‍ ഒന്നിച്ചുകൂടുകയാണ്.. അന്ന് പഠിക്കുന്ന സമയത്തു കുറെയേറെ പിരിയാനാകാത്ത കൂട്ടുകെട്ടുകള്‍ ഉണ്ടായിരുന്നു... പക്ഷെ കാലം കഴിഞ്ഞപ്പോള്‍ ഓരോരുത്തര്‍ക്കും സ്വന്തം ജീവിതത്തിന്‍റെ യാത്രയിലേക്ക് വഴിതിരഞ്ഞു പോകേണ്ടിവന്നു.. അവിടെ ഒരു ജീവിതത്തില്‍ ഏറ്റവും സന്തോഷം നല്കിയ കൂട്ടുകാരുമായി പിരിയേണ്ടിവന്നു. പക്ഷെ, നമ്മുടെയെല്ലാം മനസിലെ സ്നേഹബന്ധങ്ങള്‍ മായ്ക്കാന്‍ കാലത്തിനു പോലും കഴിയില്ല. അവിടെ എത്തിയവരില്‍ പഴയ ബെസ്റ്റ് ഫ്രണ്ട്സ് എല്ലാരും ഒരുമിച്ചുകൂടി സന്തോഷിക്കുന്നുണ്ടായിരുന്നു.

സമയം കടന്നുപോകുകയാണ്... പലരും വരുന്നതേയുള്ളൂ... മിക്കവാറും എല്ലാ പെണ്‍കുട്ടികളുടെയും കുടുംബവും ഉണ്ട്... അവരുടെയൊക്കെ മക്കള്‍ ഇപ്പൊ +2 നും 10 ലുമൊക്കെ പഠിക്കുന്നു. സത്യം പറഞ്ഞാല്‍ മിക്ക പെണ്‍കുട്ടികളെയും തിരിച്ചറിയാന്‍ വയ്യ. ആണ്‍കുട്ടികള്‍ മിക്കവാറും വലിയ പുരുഷകേസരിമാരായി വലിയ വലിയ സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നു. അവരുടെയെല്ലാം കല്യാണം കഴിഞ്ഞു . മിക്കവരും ഭാര്യക്കൊപ്പം ആണ് വന്നത്. അവരുടെ കൂടെ കുഞ്ഞുകുട്ടികളും ഉണ്ട്. പിന്നെ പഴയ ടീച്ചേഴ്സ് വരുന്നു... അതില്‍ പലരുടെയും മുടി നരച്ചുതുടങ്ങി.. അവരുടെ മക്കളും കൂടെയുണ്ട്. എല്ലാരും കൂടി ആയപ്പോള്‍ ആകെ ബഹളം. പണ്ടു പഠിക്കുന്ന കാലത്തു അവരോട് ഉടക്കിയവരും ഇവിടെ ഇന്നു വന്നിട്ടുണ്ട്. അവരൊക്കെ അന്ന് കാണിച്ച പരിപാടികള്‍ ഓര്‍ത്ത്‌ ചിരിക്കുന്നുണ്ടായിരുന്നു...

അന്ന് പഠിക്കുന്ന കാലത്തു പ്രണയിച്ചു നടന്നവരും അവിടെ എത്തിയിട്ടുണ്ട്. ചില പ്രണയങ്ങള്‍ വിവാഹത്തില്‍ എത്തിയപ്പോള്‍ മറ്റു ചിലര്‍ക്ക് അത് വെറുമൊരു നൊമ്പരപ്പെടുത്തുന്ന ഓര്‍മ മാത്രമായി. കാലത്തിനു പിന്നിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ തങ്ങള്‍ പണ്ടു ഒളിച്ചും പതുങ്ങിയും, പിന്നെ പരസ്യമായും പ്രണയിച്ചു നടന്ന ആ രംഗങ്ങള്‍ പലരുടെയും ഓര്‍മയില്‍ വന്നു.. അതൊക്കെ ഒരു ചിരിയില്‍ ഒതുക്കി അവര്‍ മറ്റുള്ളവരെ നോക്കിക്കൊണ്ടിരുന്നു... ഇപ്പൊ ഏകദേശം എല്ലാപേരും എത്തി.. ഇനി ആരെങ്കിലും ഉണ്ടോ? അവരെല്ലാം ചുറ്റും നോക്കാന്‍ തുടങ്ങി. ഇല്ല, എല്ലാ കൂട്ടുകാരും ഉണ്ട്. പഴയ അദ്ധ്യാപകര്‍ എല്ലാരും ഉണ്ട്... ഇനി നമുക്കു പാര്‍ട്ടി തുടങ്ങാം...

എല്ലാരും അവിടെ മെയിന്‍ ബ്ലോക്കിന് മുകളിലത്തെ നിലയിലുള്ള ഹാളിലേക്ക് നടന്നു. പുറത്തു ഇരുട്ട് വീണു തുടങ്ങി. ആ പഴയ സുഹൃത്തുക്കള്‍ അല്ലാതെ വേറെ ആരും ആ പരിസരത്ത് ഇല്ല. സുഖമുള്ള ഒരു തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. അവര്‍ ആ പടികള്‍ കയറുമ്പോള്‍ പഴയ കാലം ഓര്‍മിച്ചു.. ഒരുപാടു തവണ സെമിനാര്‍, ആര്‍ട്സ്, ക്വിസ് എന്നൊക്കെ പറഞ്ഞു ആ പടികള്‍ കയറിയതാണ്. ഇന്നു അതൊക്കെ ഓര്‍ക്കുമ്പോള്‍ മനസ് തുടിക്കുന്നു. പുറത്തെ തണുപ്പ് കൂടുമ്പോഴും അവരുടെ മനസ്സില്‍ ഊഷ്മളമായ ഓര്‍മ്മകള്‍ ആണ്...

ആ ഹാളിലേക്ക് എല്ലാരും കയറി. കുറച്ചുപേര്‍ സ്റ്റേജില്‍ ഇരിക്കുന്നു. പഴയ കിടിലങ്ങള്‍ തന്നെ. അവരൊക്കെ ആകെ മാറി. മീറ്റിംഗ് തുടങ്ങി. അപ്പോള്‍ അതാ ഒരു വിശിഷ്ടാതിഥി വരുന്നു... നമ്മുടെ പഴയ പ്രിന്‍സിപ്പാള്‍. എല്ലാപേരും എഴുന്നേറ്റു നിന്നു. ഇപ്പൊ നല്ല പ്രായം ഉണ്ട്. മുടി മുഴുവനും നരച്ചു. പ്രായത്തിന്‍റെ തളര്‍ച്ച ഉണ്ടെങ്ങിലും പഴയ കുട്ടികളെ വീണ്ടും കണ്ടപ്പോള്‍ ഉള്ള സന്തോഷം അവരുടെ മുഖത്ത് പ്രതിഫലിച്ചിരുന്നു... അവര്‍ എല്ലാരെയും സന്തോഷത്തോടെ അഭിസംബോധന ചെയ്തു. പഠിക്കുമ്പോള്‍ അവരുടെ കണ്‍വെട്ടത്തു പെടാതെ ഓടി ഒളിച്ചിരുന്ന കാര്യമൊക്കെ ഓര്‍ത്തപ്പോള്‍ എല്ലാരുടെയും മനസ്സില്‍ ചിരി പടര്‍ന്നു.

അപ്പോഴേക്കും ആരോ പറഞ്ഞു പഴയ കൂട്ടുകാര്‍ എല്ലാം ഒരിക്കല്‍ കൂടി ഒരുമിച്ചിരുന്നു കാണണം എന്ന്. അപ്പോള്‍ തന്നെ എല്ലാരും ആവേശത്തോടെ ചാടി എഴുന്നേറ്റു. അവരുടെ കുടുംബം മുഴുവനും ഒരുവശത്ത് ഇരുന്നു. പഴയ കൂട്ടുകാര്‍ എല്ലാരും കൂടി മറുവശത്തും. സത്യം പറഞ്ഞാല്‍ ആ കാഴ്ച വല്ലാത്ത ഒരു അനുഭൂതി തന്നെ. ഇത്തരം ഒരു കൂടിച്ചേരല്‍ എന്ത് വലിയ സന്തോഷമാണ്.. അപ്പോള്‍ വീണ്ടും ഒരു നിര്‍ദേശം - പഴയ സ്റ്റാഫ് അഡ്വൈസേഴ്സ് സ്റ്റേജില്‍ കയറി നമ്മുടെയെല്ലാം പേരു പറയണം.. എന്തായിത്? ഇപ്പൊ എല്ലാരും അവരുടെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകാന്‍ തുടങ്ങിയോ? പാവം രമ്യ ടീച്ചറും സരിത ടീച്ചറും. അവര്‍ ചിരിച്ചുകൊണ്ട് എഴുനേറ്റു. അവിടെ കൂടിയിരുന്നവരെല്ലാം കൂടി അവരെ രണ്ടുപേരെയും അല്‍ഭുതത്തോടെ നോക്കാന്‍ തുടങ്ങി. അവരുടെയൊക്കെ മാറ്റം എല്ലാരെയും അല്‍ഭുതപ്പെടുത്തി. പഠിക്കുമ്പോള്‍ അവരുമായൊക്കെ കൊമ്പ് കോര്‍ത്ത പലരും ഇപ്പൊ ചിരിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞുപോയ ആ കാലം വീണ്ടും തിരിച്ചുകിട്ടിയെങ്ങില്‍ എന്ന് അവര്‍ ഓര്ത്തു... ഇല്ല. തിരിച്ചുകിട്ടാത്തതുകൊണ്ടാണല്ലൊ ആ ഓര്‍മ്മകള്‍ ഇത്രയധികം സുന്ദരമായിരിക്കുന്നത്... മരിക്കുവോളം ആ ഓര്‍മ്മകള്‍ മനസ്സില്‍ നില്‍ക്കണം..

രമ്യ ടീച്ചറും സരിത ടീച്ചറും കൂടി സ്റ്റേജില്‍ കയറി. താഴെ ഇരിക്കുന്നവരുടെ മുഖങ്ങള്‍ കണ്ടപ്പോള്‍ അവര്‍ ഒന്നു ഞെട്ടിയോ എന്നൊരു സംശയം... കുറച്ചുപേരുടെ പേരുകള്‍ അവര്‍ക്ക് പറയാന്‍ കഴിഞ്ഞു . പിന്നെയും ഓര്‍ത്ത് ഓര്‍ത്ത് അവര്‍ കുറേക്കൂടി പറഞ്ഞു. പിന്നെ അവര്‍ തിരിച്ചു പോയി കസേരകളില്‍ ഇരുന്നു. പിന്നെ അടുത്ത ഊഴം പഠിക്കുന്ന കാലത്തു നമ്മുടെയെല്ലാം പ്രിയപ്പെട്ടവര്‍ ആയിരുന്ന രമ്യ സൗമ്യ ടീച്ചേഴ്സ് ആണ്. അവരെ ഇപ്പൊ തിരിച്ചറിയാന്‍ പറ്റുന്നില്ല. പണ്ടു രണ്ടുപേരെയും കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റുമായിരുന്നു. കാലം ഒരുപാടു കടന്നുപോയത് കൊണ്ടാകും... എന്നാലും ഒരുദിവസം കൂടി അവരുടെ ക്ലാസ്സില്‍ ഇരിക്കാന്‍ എല്ലാരും ഒന്നു കൊതിച്ചു. മനസ്സില്‍ ആഗ്രഹം മാത്രമല്ലേ ഉള്ളൂ.. അത് ഇനി എങ്ങനെ സത്യമാകും...?

അന്ന് രാത്രി എല്ലാരും ഹോസ്റ്റലില്‍ നിന്നിട്ട്, പിറ്റേന്ന് 16 വര്‍ഷം മുന്‍പത്തെ പോലെ എല്ലാരും ക്ലാസ്സിലേക്ക് പോകാനുള്ള പ്ലാന്‍ ആയിരുന്നു. രാത്രി ഏറെ വൈകി കളിയും ചിരിയും തന്നെ. ആ വിശാലമായ ക്യാമ്പസ്സില്‍ ആ പഴയ ബാച്ച് മാത്രം. അവര്‍ അവരുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കാന്‍ തുടങ്ങി... മിക്കവാറും ഇപ്പൊ കുറേപേര്‍ കരയാന്‍ തുടങ്ങും... അത്രയ്ക്ക് വികാരഭരിതമാണ് ഇപ്പൊ ആ ഹാള്‍. പ്രണയിച്ചു നടന്നു പിന്നെ പിരിഞ്ഞവര്‍ ഇപ്പൊ എന്തൊക്കെയോ പറയണം എന്ന വെമ്പലോടെ നില്‍പ്പുണ്ടായിരുന്നു. അതാ ഒരു ചെറിയ കരച്ചില്‍ - ആരാണ് കരയുന്നത്?

രാത്രി 9 ആയപ്പോള്‍ എല്ലാരും ഹോസ്റ്റെലിലേക്ക് നടന്നു. പഴയ അടിപൊളി ഗ്രൂപ്സ് എല്ലാം ഒരുമിച്ചു.. ഒരുപാടു നാളുകള്‍ക്കു ശേഷം. എന്നാലും ഇപ്പൊ പഴയപോലെ അടിച്ചുപൊളിക്കാന്‍ പറ്റില്ല. കാരണം കുടുംബം കൂടെ ഉണ്ട്. എന്നാലും ഗ്രൂപ്സ് എല്ലാം ഒരുമിച്ചപ്പോള്‍ പഴയ കാലം ഓര്‍മയിലേക്ക് വന്നു. പിന്നെ അന്നത്തെ അനുഭവങ്ങളും വീരകൃത്യങ്ങളും എല്ലാം പറയാന്‍ തുടങ്ങി. രാത്രി വൈകിയിട്ടും ഹോസ്റ്റെലില്‍ ബഹളം അവസാനിച്ചില്ല. അവരൊന്നും ഇന്നു ഉറങ്ങില്ലേ? കുറേക്കാലം കഴിഞ്ഞു വീണ്ടും ഒരുമിച്ചു കൂടുന്നതല്ലേ.. അവര്ക്കു പറയാന്‍, പങ്കുവയ്ക്കാന്‍ ഒരുപാടു ഉണ്ട്...

പിറ്റേന്ന്, 2025 നവംബര്‍ 23, ഒരു മനോഹരമായ ഞായറാഴ്ച.

ഇന്നു എല്ലാരും ഒരുമിച്ചു പഴയപോലെ ക്ലാസ്സിലേക്ക് പോവുകയാണ്. ഇന്നു ക്യാമ്പസ്സില്‍ വേറെ ആരുമില്ല. ഞായറാഴ്ച ആയതുകൊണ്ടുതന്നെ വേറെ ആരുടേയും ബഹളവുമില്ല. ക്ലാസ്സ് തുടങ്ങുന്നത് 8.30 നാണ്. അത്ഭുതമെന്നു പറയാം, എല്ലാരും കൃത്യസമയത്തിന് മുന്‍പേ ക്ലാസ്സില്‍ എത്തിയിരിക്കുന്നു. അന്ന് സ്ഥിരമായി താമസിച്ചുവരുന്നവര്‍ ഇന്നു മാത്രം നേരത്തെ എത്തിയോ? അത്ഭുതം! നമ്മുടെ അവസാന ക്ലാസ്സ് നടന്ന റൂമില്‍ തന്നെയാണ് ഇപ്പോഴും ഒരുമിക്കുന്നത്. അന്ന് ഇരുന്നപോലെ തന്നെ ആണ് ഇന്നും ഇരിക്കുന്നത്. കുടുംബത്തെ ക്ലാസ്സിലേക്ക് കൊണ്ടുവന്നില്ല. ഇവിടെ നമ്മുടെ ആഘോഷങ്ങള്‍ക്ക് ഒരു ശല്യം ആകേണ്ട എന്ന് കരുതി! ഇപ്പൊ ആ ക്ലാസ്സ് റൂമില്‍ പഴയ ബാച്ചും അന്നത്തെ ടീച്ചേഴ്സും മാത്രം. വേറെ ആരുമില്ല. ഇപ്പൊ നമ്മുടെയെല്ലാം പ്രായം കുറയാന്‍ തുടങ്ങിയതുപോലെ.. പഴയ ഓര്‍മ്മകള്‍ വന്നു...

ക്ലാസ്സ് തുടങ്ങുമ്പോള്‍ ആരോ ഒരാള്‍ പഴയ അറ്റെന്‍ഡന്‍സ് ഷീറ്റ് എടുത്തു. എന്നിട്ട് പഴയ ക്ലാസ്സ് നമ്പര്‍ ഓര്‍ത്തു ഓരോരുത്തരും ഹാജര്‍ വിളിക്കാന്‍ പറഞ്ഞു. ഉടനെ ഒരു കൂട്ടച്ചിരി ഉയര്ന്നു... ആദ്യം തന്നെ അജിത്ത് എഴുനേറ്റു "one" വിളിച്ചു. അവനെ കണ്ട എല്ലാരും അല്‍ഭുതപ്പെട്ടു. പഴയ കളിയും തമാശയുമെല്ലാം കുറഞ്ഞു ഗൌരവത്തോടെ ഉള്ള ഒരു കുടുംബനാഥന്‍ ആയിരിക്കുന്നു അവന്‍. പിന്നെ ഓരോരുത്തരായി നമ്പര്‍ വിളിക്കാന്‍ തുടങ്ങി. പെണ്‍കുട്ടികള്‍ എല്ലാരും മാറി. കളിയും ചിരിയുമെല്ലാം ഒരുപാടു കുറഞ്ഞു. എല്ലാരും വീട്ടമ്മമാരുടെ റോള്‍ ഏറ്റെടുത്തപ്പോള്‍ പിന്നെ കൂട്ടുകാരുമൊത്ത് കൂടാനും കളിക്കാനും ചിരിക്കാനും ഒന്നും അവസരം കിട്ടിയിട്ടില്ല. അതുമല്ല, അന്ന് പഠിക്കുന്ന സമയത്തു ആണ്‍കുട്ടികളും പെണ്‍കുട്ടികളും എന്ന വ്യത്യാസം ഇല്ലാതെ ആയിരുന്നു ക്ലാസ്സില്‍. പക്ഷെ ഇപ്പോള്‍ അതെല്ലാം മാറി. നോക്കണേ, കാലം എന്തുമാത്രം മാറ്റിക്കളഞ്ഞു ഈ മനസുകള്‍... ആഘോഷങ്ങളുടെ 4 വര്‍ഷങ്ങള്‍ എല്ലാം കവര്‍ന്നെടുത്തുകൊണ്ടാണ് സമയം പോയത്. പിന്നെ ജീവിക്കാന്‍ വേണ്ടിയുള്ള തിരക്കിലായിരുന്നു...

അവസാനം 3 വിഷ്ണുമാരും ഒരുമിച്ചു നമ്പര്‍ വിളിച്ചു. വിഷ്ണു മേനോന്‍ ഒരുപാടു മാറി. വിഷ്ണു നിര്‍മലും മാറി. ഇനി ആരാണ് മാറാത്തതായി? എല്ലാരും നമ്പര്‍ വിളിച്ചു കഴിഞ്ഞപ്പോ പലരുടെയും കണ്ണ് നിറഞ്ഞുവോ എന്ന് തോന്നി...

ഇനി ടീച്ചേഴ്സ് വന്നു അവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കണം എന്ന് ആരോ പറഞ്ഞു. അങ്ങനെ, അവര്‍ ഓരോരുത്തരും മുന്നോട്ടു വന്നു. കഴിഞ്ഞ കാലത്തിലെ രസകരമായ അനുഭവങ്ങള്‍ പറയാന്‍ തുടങ്ങി. ഇടക്കിടെ ചിരി കേള്‍ക്കാം. പിന്നെ അവര്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍ നമ്മുടെ ഊഴമായി. പലര്‍ക്കും പറയാന്‍ വേദനിപ്പിക്കുന്ന ഓര്‍മകളും ഉണ്ടായിരുന്നു. എന്നാലും കുറച്ചുപേര്‍ ഒന്നും പറയില്ല എന്ന വാശിയില്‍ ആയിരുന്നു. അവരെ അങ്ങനെ വെറുതെ വിടാന്‍ ആരും തയ്യാറായിരുന്നില്ല. അവരെ പൊക്കി വിടാന്‍ പഴയ കാലത്തു കാണിച്ച ഉത്സാഹം വീണ്ടും വന്നു.. അതുംകൂടി ആയപ്പോ എല്ലാരുടെയും ആവേശം കൂടി. ഇപ്പൊ ആ ക്ലാസ്സ് 16 വര്‍ഷം പിന്നിലേക്കു തിരിച്ചുപോയി... പിന്നെ പഴയതുപോലെ കൂട്ടത്തോടെ ബഹളം തുടങ്ങി. ഈ അവസരം തന്നെ മുതലാക്കി രമ്യ ടീച്ചര്‍ പഴയതുപോലെ "എല്ലാരും മിണ്ടാതിരിക്കൂ" എന്ന് ഉറക്കെ പറഞ്ഞു. അപ്പൊ പെട്ടെന്ന് ആ റൂം നിശ്ശബ്ദമായി. എല്ലാരും രമ്യ ടീച്ചറിന്‍റെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി. രണ്ടു നിമിഷം അങ്ങനെ... എല്ലാരും നിശ്ശബ്ദരായി... പെട്ടെന്ന് പടക്കം പൊട്ടിച്ചതുപോലെ കൂട്ടച്ചിരി ഉയര്‍ന്നു. ആ കൂട്ടച്ചിരിയില്‍ രമ്യ ടീച്ചറും പങ്കുചേര്‍ന്നു. അങ്ങനെ ഞങ്ങള്‍ അവിടെ ആഘോഷിച്ചു.

ഇന്റര്‍വെല്‍ സമയം ആയപ്പോള്‍ ആരും തിരിച്ചുപോയില്ല. അവിടെ തന്നെ നിന്നു. പഴയ ഒരുപാടു പിണക്കങ്ങളും മറ്റും ഓര്‍ത്തു. അതൊക്കെ ഓര്‍ക്കുമ്പോള്‍ അവരുടെ മനസ്സില്‍ നഷ്ടത്തിന്‍റെ നൊമ്പരങ്ങളാണ്‌. അന്ന് 4 വര്‍ഷം വെറുതെ ആവശ്യമില്ലാതെ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പിണങ്ങി, പിന്നെ പഠനം കഴിയുന്നതുവരെയും പരസ്പരം മിണ്ടാതിരുന്നു കാലം കഴിച്ചുകൂട്ടിയത് ഓര്‍ക്കുമ്പോള്‍ ഇപ്പൊ ദു:ഖം തോന്നുന്നു. അങ്ങനെ പിണങ്ങേണ്ട പ്രശ്നം ഒന്നും ഇല്ലായിരുന്നു എന്ന് ഇപ്പൊ എല്ലാര്‍ക്കും തോന്നുന്നു. ഇനി എന്തുപറയാന്‍? കാലം ഒരുപാടു കഴിഞ്ഞു . കാലം മായ്ക്കാത്ത മുറിവുകള്‍ ഇല്ല എന്ന് പറയാറുണ്ട്. ഇപ്പൊ ആര്‍ക്കും ആരോടും ഒരു പിണക്കവുമില്ല. അന്ന് പിണങ്ങിയവരൊക്കെ ഇപ്പൊ കെട്ടിപ്പിടിച്ചു നില്ക്കുന്നത് കാണാമായിരുന്നു...

അന്ന് ടീച്ചേഴ്സിനോട് അടിയുണ്ടാക്കിയവരെല്ലാം ഇപ്പൊ നോക്കിയപ്പോ ആ ടീച്ചേഴ്സിനോട് ചെന്നു നിന്നു വളരെ കാര്യമായി സംസാരിക്കുന്നു..! അന്ന് അറിവില്ലാത്ത കാലത്തു ഒരു ആവേശത്തിന്‍റെ പുറത്തു ചെയ്തതാണെന്നും മറ്റും ആരൊക്കെയോ വലിയ കാര്യമായി പറയുന്നതു കേട്ടു. അതൊക്കെ കേട്ട അവര്‍ ചിരിക്കുന്നുണ്ടായിരുന്നു. എന്നാലും കാലത്തിന്റെ കഴിവ് അപാരം തന്നെ...!

അങ്ങനെ ചിരിയും ബഹളവും മറ്റുമായി നമ്മള്‍ അടിച്ചുപൊളിച്ചു. ഉച്ച ഭക്ഷണം കഴിക്കാന്‍ സമയം ആയി. പക്ഷെ ആര്‍ക്കും ഒരു തിരക്കുമില്ല. അന്ന് ക്ലാസ്സ് സമയത്തു ഉച്ചഭക്ഷണം കഴിക്കാന്‍ വേണ്ടി സമയം എണ്ണി എണ്ണി നീക്കുമായിരുന്നു. ഇന്നു എല്ലാര്‍ക്കും എന്തുപറ്റി? അന്ന് ഉച്ചക്ക് ഭക്ഷണപ്പൊതി തുറക്കുമ്പോള്‍ തന്നെ നാലുവശത്ത് നിന്നും ഓരോരുത്തരായി ചാടിവീഴുമായിരുന്നു. ഇന്നു അതുപോലെ ആരെങ്കിലും ചെയ്യുമോ? എന്തായാലും ഭക്ഷണം റെഡി എന്ന് അവര്‍ വന്നു പറഞ്ഞതിന് ശേഷം ആയിരുന്നു ഞങ്ങള്‍ പോയത്.

പലര്‍ക്കും വീണ്ടും കണ്ടുമുട്ടിയതിന്‍റെ "എന്തോ ഒരു ഇത്" കാരണം ഭക്ഷണം കഴിക്കാന്‍ തോന്നിയില്ല. എന്നാലും ഫാമിലിയെ ഒഴിവാക്കി എല്ലാരും കൂടി ഒരുമിച്ചിരുന്നു പഴയതുപോലെ തന്നെ ഭക്ഷണം കഴിച്ചു. ആരും അടിപിടി കൂടാന്‍ വന്നില്ല. പിന്നെ എല്ലാരും ഭക്ഷണം കഴിഞ്ഞപ്പോ തിരിച്ചു ക്ലാസില്‍ എത്തി.

ഇനി അടുത്ത പരിപാടി നമ്മുടെ പഴയകാലത്തെ ഫോട്ടോകള്‍ കാണിക്കുന്നതായിരുന്നു. ആദ്യ സെമസ്റ്റര്‍ മുതലേ ഉള്ള ഫോട്ടോസ് കാണിച്ചു. പിന്നെ കുറെ വീഡിയോസ്. അന്ന് ക്ലാസ്സില്‍ കിടന്നു ബഹളം വയ്ക്കുന്നതും, അടികൂടുന്നതും, ഓണം ആഘോഷിക്കുന്നതും, ഓരോ പരിപാടികള്‍ അവതരിപ്പിക്കുന്നതും, ടൂറിനു പോയതുമെല്ലാം. അങ്ങനെ കുറെ സമയം അതെല്ലാം നോക്കി എല്ലാരും അല്‍ഭുതപ്പെട്ടിരുന്നു. അന്നത്തെ ചെറിയ ചെറിയ ഫ്രണ്ട്സ് ഗ്രൂപ്പുകളുടെ ഫോട്ടോസ് എല്ലാം കാണിച്ചു. അത് കാണുമ്പോള്‍ ഒരു കൊച്ചു കുഞ്ഞിനെ മഴവില്ല് കാണിക്കുമ്പോള്‍ ഉള്ളതുപോലെ ആയിരുന്നു. അത്രയ്ക്ക് അത്ഭുതമായിരുന്നു എല്ലാരുടെയും മുഖത്ത്.. കഴിഞ്ഞകാലം... അതൊക്കെ ഒരിക്കലും ഇനി തിരിച്ചുകിട്ടില്ല... അതൊക്കെ ഓര്‍ത്തപ്പോള്‍ വീണ്ടും ഒരു ചെറിയ ദു:ഖം... എല്ലാരെയും ഒരുമിച്ചു വീണ്ടും കാണാന്‍ കിട്ടിയ ഈ അവസരം... ഇനി എന്നാണു ഇതുപോലെ വീണ്ടും...?

പിന്നെ സമയം കുറേകൂടി കഴിഞ്ഞു ... സമയം വൈകുന്നേരം ആകുന്നു... എല്ലാരും ഒരുമിച്ചു കൂടിയിട്ടു ഇപ്പൊ 24 മണിക്കൂര്‍ ആകും... ഇതിനേക്കാള്‍ ഏറെ, അന്ന് നമ്മളെല്ലാം 4 വര്‍ഷങ്ങള്‍ ഒരുമിച്ചുകൂടിയതായിരുന്നു... അതൊക്കെ ഇന്നു ഓര്‍മ്മകള്‍ മാത്രമായി.. ഇനി ഇപ്പൊ ഈ 24 മണിക്കൂര്‍ മാത്രം. ഇനി അടുത്തത് ഒരു ഫോട്ടോ സെഷന്‍ ആണ് എന്ന് ആരോ പറഞ്ഞു. ഞങ്ങള്‍ എല്ലാരും റെഡി ആയി. പിന്നെ ഞങ്ങള്‍ അവിടത്തെ ഗ്രൗണ്ടില്‍ ഒരുമിച്ചു നിന്നു. ഒരാള്‍ വന്നു നമ്മുടെ ഫോട്ടോ എടുത്തു. അപ്പോഴേക്കും അവിടന്നും ഇവിടന്നുമായി കുറെയധികം ക്യാമറകള്‍ വന്നു. പിന്നെ അയാള്‍ എല്ലാത്തിലും ഫോട്ടോ എടുത്തു. ഫോട്ടോഗ്രാഫര്‍ ഫോട്ടോ എടുത്തു കഴിഞ്ഞു പോയപ്പോഴും എല്ലാരും ഒരുമിച്ചു തന്നെ നില്ക്കുന്നു.. എന്തുപറ്റി എല്ലാര്‍ക്കും? ആര്ക്കും പിരിയാന്‍ വയ്യ. ഒരു മടി... ഇനി അടുത്ത പരിപാടി കുടുംബത്തോടൊപ്പം വീടുകളിലേക്ക് തിരിച്ചു പോവുക എന്നതാണ്.

എല്ലാര്‍ക്കും എന്തോ ഒരു വിഷമം അനുഭവപ്പെട്ടു തുടങ്ങി.. ഞങ്ങള്‍ ഓര്‍ത്തു... 16 വര്‍ഷങ്ങള്‍ക്കു മുന്പേ, ഒരു ഓഗസ്റ്റ്‌ മാസം എല്ലാരും പിരിയുന്ന നേരത്ത് ഇതുപോലെ ഒരു വിഷമം എല്ലാര്‍ക്കും അനുഭവപ്പെട്ടിരുന്നു... പിരിയാന്‍ പോകുന്നതിന്‍റെ വിഷമം. എത്രകാലമാണ് നമ്മളെല്ലാം ഒരുമിച്ചു കൂടി ആഘോഷിച്ചിരുന്നത്.. അതുപോലെ ഈ കഴിഞ്ഞ ദിവസവും... ഇനി എന്നാണു വീണ്ടും ഇതുപോലെ ഒന്നിക്കുക? അറിയില്ല. ഒരുപക്ഷെ, സ്വന്തം കോളേജിലെ കൂട്ടുകാരെ പിരിയുന്നതാകും ഒരാളുടെ ജീവിതത്തിലെ ഏറ്റവും വിഷമം ഉള്ള കാര്യം... അതൊക്കെ അനുഭവിച്ചല്ലേ പറ്റൂ... അല്ലെ? അതാണല്ലോ ഈ കോളേജ് ലൈഫ്...

പിന്നെയും സമയം കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി കരച്ചില്‍ തുടങ്ങിയോ എന്ന് സംശയം.. ടീച്ചേഴ്സിനോട് യാത്ര പറയുമ്പോള്‍ ഉള്ളില്‍ ഒരു വിങ്ങല്‍ ഉണ്ടായിരുന്നു... എന്തുകൊണ്ടെന്ന് അറിയില്ല. പിന്നെ കൂട്ടുകാരോടൊക്കെ യാത്രപറഞ്ഞു ഓരോരുത്തരായി തിരിച്ചുപോകാന്‍ തുടങ്ങി.. ഫോണ്‍ വിളിക്കാം എന്നൊക്കെ എല്ലാരും പറയുന്നുണ്ടായിരുന്നു. പക്ഷെ ആരാണ് വിളിക്കുക? എല്ലാരും ജീവിതത്തിന്‍റെ തിരക്കുകളിലേക്ക് തിരിച്ചു പോകുകയാണ്... വീണ്ടും എന്ന് ഇതുപോലെ കണ്ടുമുട്ടും...? ആരും ഒന്നും പറഞ്ഞില്ല. ഇപ്പൊ ആര്‍ക്കും ഒന്നും സംസാരിക്കാന്‍ വയ്യ. എല്ലാരും കാറുകളില്‍ കയറുന്നു, പുറത്തു നോക്കി ബാക്കിയുള്ളവരെ കൈ വീശി കാണിക്കുന്നു, പിന്നെ പോകുന്നു... ജീവിതത്തിലേക്ക്... കാലത്തിലേക്ക് പോകുകയാണ് എല്ലാരും...

വീണ്ടും ഒരു ഒത്തുചേരല്‍ പ്രതീക്ഷിച്ചുകൊണ്ട് എല്ലാരും യാത്രയായി... ഇനിയും കാണാം എന്ന പ്രതീക്ഷയോടെ...

Monday, September 01, 2008

ലാപ്ടോപ് സിനിമയിലെ പാട്ടു കേട്ടോ...?

എന്‍റെ ജന്‍മം എവിടേയ്ക്കോ... അറിയില്ല.... എന്നാലും എനിക്ക് ചിന്തിച്ചുകൂടാ എന്നൊന്നുമില്ലല്ലോ... ഞാന്‍ ആലോചിക്കുകയാണ്... എന്തുമാത്രം ദൂരം നാമെല്ലാം സഞ്ചരിച്ചു... എന്തെല്ലാം നേടി... ഒരായിരം ബന്ധങ്ങള്‍... അതിലേറെ എന്നെ മാറ്റിയത് ഞാന്‍ നേടിയ അനുഭവങ്ങള്‍ ആണ്...

ഇപ്പോള്‍ ഞാന്‍ പാട്ടു കേട്ടുകൊണ്ടിരിക്കുകയാണ്... "ലാപ്ടോപ്" എന്ന പുതിയ ചിത്രത്തിലെ പാട്ടുകള്‍... ഒരുപാടു നാളുകള്‍ക്കു ശേഷം ആണ് ഇത്രയധികം എന്‍റെ ഹൃദയത്തെ സ്പര്‍ശിച്ച പാട്ടുകള്‍ ഞാന്‍ കേള്‍ക്കുന്നത്... "ഏതോ ജലശംഖില്‍" എന്ന ഗാനം ഞാന്‍ ഒരുപാടു തവണ കേട്ടു. ഇപ്പോഴും കേള്‍ക്കുന്നു. ഒരുപാട് ഇഷ്ടമായി എനിക്ക് ആ ഗാനം... തികച്ചും ആര്‍ദ്രമായ പ്രണയത്തിന്‍റെ ആവിഷ്കാരം ആണ് ആ കവിത. സത്യത്തില്‍ ലാപ്ടോപ്പിലെ എല്ലാ ഗാനങ്ങളും ഒരു പ്രത്യേക മനസ്ഥിതിയില്‍ ഉള്ള കവിതകള്‍ ആണ്. "ഏതോ ജലശംഖില്‍" വളരെ വളരെ മനോഹരമായ ഒരു കവിത ആണ്. നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കണം എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം...

എന്നാലും ആ കവിതയുടെ ഭംഗി കാരണം അതിന്‍റെ വരികള്‍ ഇവിടെ എഴുതാന്‍ ഞാന്‍ നിര്‍ബന്ധിതനാവുകയാണ്... എന്‍റെ പ്രണയാവിഷ്കാര വികാരഗതികള്‍ എന്നും എനിക്ക് അതീതമായിരുന്നു... ഇന്നും... എന്നെ അത് മറ്റൊരു ലോകത്തെത്തിക്കുകയാണ്...

ഏതോ ജലശംഖില്‍, കടലായ് നീ നിറയുന്നു...
മരുഭൂവില്‍ മഴനീര്‍ത്തും നനവായ് നീ പടരുന്നു...
പറയാനായ് കഴിയാതെ, പകരാനായ് മുതിരാതെ,
തിരതൂവും നെടുവീര്‍പ്പില്‍, കടലാഴും ശ്രുതിയായി...
വെറുതേ.... വെറുതേ...

പാതിരാക്കാറ്റില്‍ ഏകയായ്, പോയ്മറഞ്ഞുവോ സൗരഭം...
ഏറെ നേര്‍ത്തോരീ തെന്നലില്‍, ഉള്‍ക്കനല്‍പൂക്കള്‍ നീറിയോ...
എകാന്തമാം അടരുകളില്‍, നീര്‍ച്ചാലുപോല്‍ ഒഴുകിവരൂ...
ആത്മാവിലെ ഗിരിനിരയില്‍, നിന്നുള്ളിലെ വെയില്‍ വിതറൂ...
ആഴങ്ങളിലൂടെ, നീളും വേരായ് പടരുമോ...

ഏതോ ജലശംഖില്‍, കടലായ് നീ നിറയുന്നു...
മരുഭൂവില്‍ മഴനീര്‍ത്തും നനവായ്...

ശ്യാമരാവിന്‍റെ കൈകളായ്, പേലവങ്ങളീ ചില്ലകള്‍...
ദൂരതാരക ജ്യോതിയാല്‍, കണ്ണുനീര്‍ക്കണം മായ്ക്കുവാന്‍...
കാതോര്‍ക്കുവാന്‍ പ്രിയമൊഴി, ശ്വാസങ്ങളാല്‍ പൊതിയു നീ,
ആരക്തമായി സന്ധ്യകള്‍, സ്നേഹാതുരം മറയുകയായ്,
കാണാമുറിവില്‍ ഹിമമായി നീ വീഴുമോ...

ഏതോ ജലശംഖില്‍, കടലായ് നീ നിറയുന്നു...
മരുഭൂവില്‍ മഴനീര്‍ത്തും നനവായ് നീ പടരുന്നു...
പറയാനായ് കഴിയാതെ, പകരാനായ് മുതിരാതെ,
തിരതൂവും നെടുവീര്‍പ്പില്‍, കടലാഴും ശ്രുതിയായി...
വെറുതെ.... വെറുതെ... വെറുതെ... വെറുതെ

ഈ കവിത കേള്‍ക്കുമ്പോള്‍ ഞാന്‍ പരിസരം മറക്കുകയാണ്... ഏതോ അനന്തമായ ഒരു വികാരത്തില്‍ ഞാന്‍ ലയിക്കുന്നു... എന്താണത്..? പ്രണയമാണോ..? നഷ്ടങ്ങളുടെ ഓര്‍മകളാണോ...? എന്‍റെ മനസ്സില്‍ പ്രണയത്തിന്‍റെ ഒരു തുള്ളി നീരെങ്കിലും അവശേഷിക്കുന്നുണ്ടാകും... അതുകൊണ്ടാണല്ലോ ഈ കവിത എന്നെ വികാരങ്ങളുടെ ഉയരങ്ങളില്‍ എത്തിക്കുന്നത്...

ഈ കവിതകളുടെ സംഗീതം തികച്ചും എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത തന്നെയാണ്. വരികള്‍ക്ക് ഇണങ്ങുന്ന, വളരെ സുന്ദരമായ സംഗീതം. എങ്ങനെ നോക്കിയാലും, ഈ കവിത ഈ ദിവസങ്ങളില്‍ എന്‍റെ വികാരങ്ങളെ നിയന്ത്രിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. ഞാന്‍ അതില്‍ ലയിക്കുകയാണ്... ആസ്വദിക്കുകയാണ്... ഞാന്‍ എവിടെയാണ്...?

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...