Thursday, September 10, 2020

"കുടിവെള്ളം പലവിധം": ഒരു നവവധു.

വെള്ളം ഒരു വലിയ വിഷയം തന്നെ.

ജീവന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്ന്. ഈ ഭൂമിയുടെ നാലിൽ മൂന്നു ഭാഗവും വെള്ളം ആണെങ്കിലും ഉപയോഗയോഗ്യമായ ശുദ്ധജലം കുറവത്രേ. ഇനിയൊരു ലോകമഹായുദ്ധം ഉണ്ടെങ്കിൽ അത് വെള്ളത്തിനു വേണ്ടി ആയിരിക്കുമെന്ന് പലപ്പോഴും പറയാറുണ്ട്.

വെള്ളം പല സ്ഥലങ്ങളിലും പലവിധം ആണ് കാണപ്പെടുന്നത്. ഭൂമിശാസ്ത്രം അനുസരിച്ച് ആയിരിക്കാം ഇങ്ങനെ.

എന്റെ വീട് കുന്നുകളും പാറകളും നിറഞ്ഞ ഒരു സ്ഥലം ആണ്. ഇവിടെയുള്ള കിണറുകളിലെ വെള്ളം നല്ല തെളിഞ്ഞതും തണുപ്പുള്ളതും കുടിക്കാൻ സുഖമുള്ളതും ആണ്. സോപ്പ് നല്ലതുപോലെ പതയും. എന്നാൽ ഇവിടെ തന്നെയുള്ള കുഴൽ കിണറിലെ വെള്ളം അല്പം മങ്ങിയതും ചവർപ്പ് കലർന്നതും ആണ്. പാറയുടെ മണവും.

എന്നാൽ എന്റെ ഭാര്യയുടെ നാട്ടിൽ വെള്ളത്തിന് ചേറിന്റെ ഒരു നിറമാണ്. തീരദേശത്തോട് അടുത്തുകിടക്കുന്ന അവിടെ എല്ലാരും വാട്ടർ ടാങ്കിന്റെ ഔട്ട് ലെറ്റ് പൈപ്പിൽ വലിയ ഫിൽറ്ററുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ഫിൽറ്റർ ചെയ്ത വെള്ളമാണ് വീടുകളിൽ ഉപയോഗിക്കുക. സോപ്പ് പതയുമെങ്കിലും അത്ര എളുപ്പമല്ല.

ഇനി കഥയിലേക്ക് വരാം.

ഈ കഥയും കഥാപാത്രങ്ങളും തികച്ചും യാദൃശ്ചികമെന്ന് തോന്നുമെങ്കിലും ഒട്ടും സാങ്കല്പികമല്ല.

ആലപ്പുഴ ഹരിപ്പാട് വീടുള്ള ഒരു സുഹൃത്ത് എനിക്കുണ്ട്. പുള്ളിയുടെ വീട്ടിലെ കിണറിൽ നിന്നും എടുക്കുന്ന വെള്ളം ചേറ്‍ കലർന്നതാണ്. ഒരു ഇളം ചുവപ്പു നിറം. പുള്ളിയുടെ അടുക്കളയിൽ ഒരു ചെറിയ ഫിൽറ്റർ ഉള്ളതിനാൽ വീടിന് മൊത്തത്തിലായി വേറെ ഫിൽറ്റർ ഉണ്ടായിരുന്നില്ല. കുടിക്കാനും പാചകത്തിനും അടുക്കളയിലെ ചെറിയ ഫിൽറ്റർ ഉപയോഗിക്കും.

പുള്ളിയുടെ വിവാഹദിനം വൈകുന്നേരം ആണ് സംഭവങ്ങളുടെ തുടക്കം.

അദ്ദേഹത്തിന്റെ ഭാര്യയുടെ വീട് പത്തനംതിട്ടയിൽ ആണ്. നേരത്തെ ഞാൻ പറഞ്ഞതുപോലെ കുന്നുകളും പാറകളും ഒക്കെ ഉള്ള ഒരു ഭൂപ്രകൃതി. അവിടെ നല്ല ശുദ്ധമായ, തെളിമയുള്ള, രുചിയുള്ള വെള്ളം കുടിച്ചു വളർന്ന ഒരു പാവം യുവതി.

പ്രസ്തുത യുവതി, അഥവാ നവവധു, കല്യാണമൊക്കെ കഴിഞ്ഞു വൈകിട്ട് ഹരിപ്പാട് ഭർത്താവിന്റെ വീട്ടിൽ എത്തിച്ചേർന്നു. സ്വന്തം വീടും വീട്ടുകാരെയും പിരിഞ്ഞു വളരെ ദൂരെ, യാതൊരു പരിചയവുമില്ലാത്ത ഒരു വീട്ടിൽ എത്തി, അവിടെ മുഴുവനും അപരിചിതരുടെ ഇടയിൽ... ആ നവവധുവിന്‌ ആകെ ടെൻഷൻ ആയി. പുള്ളിക്കാരൻ ഇക്കാര്യം മനസിലാക്കി നവവധുവിന്റെ കൂടെ നിന്ന് ആശ്വസിപ്പിക്കുന്നുണ്ട്.

ഏതാണ്ട് ഇരുട്ട് വീണു. പുള്ളിയുടെ വീട്ടിൽ എത്തിയിരുന്ന ബന്ധുക്കൾ ഒക്കെ പതിയെ തിരിച്ചുപോകാൻ തുടങ്ങി.

കിട്ടിയ സമയത്ത് ഒന്ന് ഫ്രഷ് ആകാൻ വേണ്ടി ആ നവവധു വീടിന്റെ മുകളിലത്തെ നിലയിലേക്ക് പോയി. മണിയറയിലെ അറ്റാച്ഡ് ബാത്റൂമിന്റെ ഉള്ളിൽ കയറി പൈപ്പ് തുറന്നു.

പൈപ്പിൽ നിന്നും ചോര കലർന്ന വെള്ളം ധാര ധാരയായി വെളുത്ത് പളുങ്കുപോലത്തെ വാഷ് ബേസിനിലേക്ക് ഒഴുകുന്നു!

സിനിമയിൽ ഒക്കെ മാത്രം കണ്ടിട്ടുള്ള ഒരു കാഴ്ച! വധു ഒന്ന് ഞെട്ടി പിന്നോട്ട് ചാടി.

പലതരം ചിന്തകൾ തലയിൽ മിന്നി മാഞ്ഞു. 

മുകളിലത്തെ ടാങ്കിൽ ആരെയോ കൊന്ന് ഇട്ടിട്ടുണ്ട്! ഇതുപോലെ എന്നെയും കൊന്ന് ടാങ്കിൽ ഇടും! ഞാൻ എത്തിപ്പെട്ടത് ഒരു സീരിയൽ കില്ലറുടെ വീട്ടിലാണോ? അതുകൊണ്ടാണോ ഇവിടെ വന്ന ബന്ധുക്കൾ എന്നെ തികച്ചും അനുകമ്പയോടെ നോക്കിയത്? അല്ലെങ്കിൽ എങ്ങനെയാണ് പൈപ്പിൽ നിന്നും ചോര വരുക?

നവവധുവിനു ചെറിയ തലചുറ്റൽ പോലെ.

ഇപ്പൊ തന്നെ വീട്ടിൽ വിളിച്ചു പറഞ്ഞാലോ? അല്ലെങ്കിൽ വേണ്ട,വീട്ടിൽ പറഞ്ഞ കാര്യം ഭർത്താവ് അറിഞ്ഞാൽ ചിലപ്പോൾ വീട്ടുകാർ ഇവിടെ എത്തുന്നതിനു മുന്നേ തന്നെ എന്നെ കൊന്നു ടാങ്കിൽ ഇടും.

തൽക്കാലം ബുദ്ധിപരമായി നീങ്ങാം.

ഇന്ന് ഒന്നും അറിയാത്തതായി അഭിനയിക്കാം. നാളെ രാവിലെ പകൽ വെളിച്ചത്തിൽ എങ്ങനെയെങ്കിലും രക്ഷപ്പെടാം.

അങ്ങനെ ആ നവവധു അന്ന് രാത്രി ഒന്നും അറിയാത്തപോലെ ഭർത്താവിനൊപ്പം അന്തിയുറങ്ങാതെ തള്ളിനീക്കി.

അടുത്ത ദിവസം രാവിലെ ഉറക്കമെഴുനേറ്റ നവവധു ആ ടാങ്കിലെ ബോഡി കാണാൻ തന്നെ ഉറപ്പിച്ചു. പറ്റുമെങ്കിൽ രണ്ടു ഫോട്ടോസ് കൂടി എടുക്കണം, തെളിവ് വേണമല്ലോ. പതിയെ ടെറസിലേക്ക് നടന്നുപോകുന്ന ഭാര്യയെ ഭർത്താവ് തടഞ്ഞു നിർത്തി. വീടിനു മുകളിലേക്ക് പോകരുതെന്നും, പോയാൽ അപകടമാണെന്നും മുന്നറിയിപ്പ് കൊടുത്തു. ഇത് കൂടി ആയപ്പോൾ ആ നവവധുവിന്റെ തലയ്ക്കുള്ളിൽ ഒരു കൗണ്ട് ഡൌൺ സ്റ്റാർട്ട് ചെയ്തു.

രക്ഷപ്പെടാനുള്ള വഴികൾ പരതി അടുക്കളയിൽ എത്തിയ നവവധു കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ ആയിരുന്നു.

പൈപ്പിൽ നിന്നും വരുന്ന ചോര വെള്ളത്തിൽ പാത്രങ്ങൾ കഴുകുന്ന വീട്ടുകാർ! 

അതോടെ ഒന്ന് ഉറപ്പായി. താൻ എത്തിപ്പെട്ടത് ഒരു കംപ്ലീറ്റ് സൈക്കോ ഫാമിലിയിൽ ആണ്.

പിന്നെ "അച്ഛനെ കാണണം, അമ്മയെ കാണണം" എന്നൊക്കെ കരഞ്ഞുവിളിച്ച ആ നവവധു അന്ന് തന്നെ പത്തനംതിട്ടയിലെ തന്റെ സ്വന്തം വീട്ടിലെത്തി. 

നവവധു തന്റെ വീട്ടുകാരോട് വളരെ രഹസ്യമായി ഞെട്ടിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തി. എന്നാൽ ആർക്കും ഒരു ഞെട്ടലും ഉണ്ടാകാത്തത് ആ യുവതിയെ നിരാശയാക്കി. 

പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നും ഇല്ലാതെ  അവർ പതിയെ മകളെ അടുക്കളയുടെ പുറത്തുള്ള വാഴയുടെ അടുത്തേക്ക് മാറ്റി നിർത്തിയിട്ട് കാര്യങ്ങൾ പറഞ്ഞുകൊടുത്തു. 

ആ യുവതിക്ക് അതൊരു പുതിയ അറിവായിരുന്നു.

ഇപ്പോഴും ആ യുവതി ഇടയ്ക്കിടെ പറയും, "കുടിവെള്ളം പലവിധം".


6 comments:

  1. ഞാൻ എത്തിപ്പെട്ടത് ഒരു സീരിയൽ കില്ലറുടെ വീട്ടിലാണോ?

    ReplyDelete
  2. കുടിവെള്ളം പലവിധം...

    ReplyDelete
  3. സംഭവബഹുലമായ രണ്ടു ദിനങ്ങൾ...ചോരയുടെ നിറവും രാത്രയിയുടെ ഭീകരതയും..ആ പത്തനംതിട്ടക്കാരിയുടെ മാനസിക നില തെറ്റാതിരുന്നത് നന്നായി.
    മറ്റൊരു കാര്യം,
    വാഴയുടെ സാന്നിധ്യവും, അതിന്റെ പ്രസക്തിയും എനിക്ക് മാത്രം ആണോ മനസിലാകാത്തത് ?

    ReplyDelete
    Replies
    1. സംശയിക്കേണ്ട! അത് തന്നെ!

      Delete
  4. ഹ ഹ.... കിടുകിടിലൻ 🥰🥰🥰🥰

    ReplyDelete

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...