Thursday, April 15, 2010

പതിവുപോലെ മറ്റൊരു വിഷു കൂടി..


പതിവുപോലെ മറ്റൊരു വിഷു കൂടി ആഘോഷിക്കുകയാണ് നമ്മള്‍. എന്താണ് വിഷു എന്ന് ആരും അന്വേഷിക്കാറില്ല. കണി വെയ്ക്കുക. അത് രാവിലെ കാണുക. പിന്നെ കൈനീട്ടം വാങ്ങുക... കൊടുക്കുക ... ഇതൊക്കെ തന്നെയാണ് പരിപാടികള്‍. അല്ലേ.

വിഷു നമ്മുടെ ഈ കൊച്ചു കേരളത്തിന്‍റെ പുതുവര്‍ഷ പിറവി ആണെന്ന് പറയപ്പെടുന്നു. അതായത് നമ്മുടെ കൊല്ലവര്‍ഷം തുടങ്ങുന്ന AD. 825 ല്‍ പകലും രാത്രിയും തുല്യമായിരുന്ന ദിവസം ആയിരുന്നു ഏപ്രില്‍ 15. അന്ന് പുതുവര്‍ഷ ദിവസമായി രേഖപ്പെടുത്തുകയും ചെയ്തു. അതങ്ങനെ ആണ് വിഷു പുതുവര്‍ഷം ആയത്. അപ്പോള്‍ ചിങ്ങം എന്താണ്?

സത്യത്തില്‍ ചിങ്ങമാസം കേരളത്തിലെ കൊയ്ത്തു നടക്കുന്ന സമയം ആയിരുന്നു. ഓണം എന്നത് കൊയ്ത്തിനോട് അനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങളും. അതല്ലാതെ ചിങ്ങം 1 നു ജ്യോതിശാസ്ത്രപരമായി യാതൊരു പ്രത്യേകതയും ഇല്ല. എന്നാല്‍ മേടം 1 എന്നത് പകലും രാത്രിയും തുല്യമായ ദിവസം ആണ്. പുതുവര്‍ഷം ആയി മേടം 1 തിരഞ്ഞെടുക്കാന്‍ തന്നെ കാരണം അതാണ്‌. നമ്മള്‍ വിഷു ദിവസത്തില്‍ ചെയ്യുന്ന കര്‍മങ്ങളുടെ ഫലം ആ വര്‍ഷം മുഴുവന്‍ അനുഭവിക്കും എന്നാണ് പറയപ്പെടുന്നത്‌. അതുകൊണ്ടുതന്നെ എല്ലാരും അതിരാവിലെ കണി കാണുകയും, കൈനീട്ടം നല്‍കുകയും അമ്പലത്തില്‍ പോകുകയും അങ്ങനെ നല്ല നല്ല കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നു.

(അന്നത്തെ ദിവസം മാത്രം നല്ലത് ചെയ്താല്‍ മതിയല്ലോ - നമ്മളൊക്കെ ആരാ മക്കള്‍.. - അടുത്ത ദിവസം മുതല്‍ തനി കയ്യിലിരുപ്പു കാണിക്കും!)

മേടം 1 എന്നത് പകലും രാത്രിയും തുല്യമായ ദിവസം ആണെന്ന് പറഞ്ഞല്ലോ. അതായത് AD 825 ലെ ഏപ്രില്‍ 15 നു പകലും രാത്രിയും തുല്യം ആയിരുന്നു. ഈ ദിവസത്തിന് പറയുന്ന പേരാണ് "വിഷുവം". സൂര്യന്‍ ഈ ദിവസത്തില്‍ തെക്ക് നിന്നും വടക്കോട്ട്‌ മുറിച്ചു കടക്കുന്നു. അതായതും സൂര്യം തെക്കിനും വടക്കിനും നടുവില്‍. അതുകൊണ്ടാണ് പകലും രാത്രിയും ഒരുപോലെ ആകുന്നതും. പക്ഷെ, കറങ്ങുന്ന ഏതൊരു വസ്തുവിനും ഉള്ള ഒരു സ്വഭാവം ഉണ്ട് - അതിനു "Precession" എന്ന് പറയും. അത് കാരണം വിഷുവം പതുക്കെ പതുക്കെ മാറും. അങ്ങനെ, ഇപ്പോള്‍, 1185 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, യഥാര്‍ത്ഥ വിഷുവം വരുന്നത് മാര്‍ച്ച്‌ 20 നു ആണ്. പക്ഷെ, നമ്മള്‍ മലയാളികള്‍ ഇപ്പോഴും പഴയതുപോലെ മേടം ഒന്നിന് വിഷുവം ആഘോഷിക്കുന്നു. യഥാര്‍ത്ഥ വിഷുവം കടന്നുപോയിട്ടു പിന്നെയും 20 ദിവസങ്ങള്‍ കഴിഞ്ഞാണ് നമ്മുടെ ആഘോഷം.

ഇനി, ഇതുപോലെ തന്നെ സൂര്യന്‍ വടക്ക് നിന്നും തിരികെ തെക്കോട്ട്‌ മുറിച്ചു കടക്കുന്ന മറ്റൊരു ദിവസം ഉണ്ടാകണമല്ലോ. അതാണ്‌ പത്താമുദയം എന്ന പേരില്‍ നാം ആഘോഷിക്കുന്നത്.

ഇതൊക്കെ പറഞ്ഞു ബോറടിപ്പിച്ചോ? വാനനിരീക്ഷണം എന്‍റെ ജീവിതത്തില്‍ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്. ആകാശത്തെയും അതിലെ സ്വര്‍ണ മുത്തുകളെയും ഗ്രഹങ്ങളേയും ഒക്കെ പഠിക്കാനും നിരീക്ഷിക്കാനും ഒരുപാട് ഇഷ്ടമാണ് എനിക്ക്. "Stellarium" എന്ന സോഫ്റ്റ്‌വെയര്‍ എന്‍റെ ഏറ്റവും പ്രിയപ്പെട്ട സോഫ്റ്റ്‌വെയര്‍ ആണ്. ആകാശത്തിലെ നക്ഷത്രങ്ങളെ കുറിച്ച് ഒരുപാട് അറിയാന്‍ ശ്രമിക്കാറുണ്ട്. കുഞ്ഞ് നാളിലെ  തന്നെ ഈ സ്വഭാവം തുടങ്ങിയത് കാരണം ഇന്ന് ലോകത്തില്‍ എവിടെ പോയാലും നക്ഷത്രങ്ങളെ നോക്കി നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്ന ദിശയും സമയവും പറയാന്‍ കഴിയും. ചിലപ്പോ കമ്പം കേറുമ്പോള്‍ കൂടെ നില്‍ക്കുന്നവനെ ഇതൊക്കെ പഠിപ്പിക്കാന്‍ ശ്രമിച്ചു തല്ലു വാങ്ങാറുണ്ട്.

എന്തായാലും വിഷുവിനു ഇതൊക്കെ ഒന്ന് പറഞ്ഞു എന്നെ ഉള്ളു.

പിന്നെ, ഇന്നലെ ഏപ്രില്‍ 14 ആയിരുന്നു. കൃത്യം 98 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ടൈറ്റാനിക് മുങ്ങി താഴുന്നത്. ആ സ്വപ്ന സൗധം അറ്റ്‌ലാന്റിക് സമുദ്രത്തിന്‍റെ ആഴങ്ങളിലേക്ക് പോയത് 1912 ഏപ്രില്‍ 14 നു ആയിരുന്നു. അതിന്‍റെ ആദ്യ യാത്രയില്‍ തന്നെ അത് ആഴങ്ങളിലേക്ക് പോയി...

ടൈറ്റാനിക് ഒരു പ്രണയ കാവ്യം ആക്കി മാറ്റിയത് ജെയിംസ്‌ കാമറൂണ്‍ ആണ്. ഇന്ന് ടൈറ്റാനിക് എന്ന് പറയുമ്പോള്‍ താജ് മഹല്‍ പോലെ ഒരു പ്രണയ പ്രതീകം ആണ്. അതൊക്കെ എന്തായാലും, ടൈറ്റാനിക് പോലെ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു കപ്പല്‍ ഉണ്ടാകില്ല. ആ ദുരന്ത നായികയുടെ ഓര്‍മ്മകള്‍ മിന്നിമറയുന്ന ദിവസം കൂടി കടന്നു പോകുന്നു.

ഈ വിഷു പുലരിയില്‍ എന്താണ് നിങ്ങളുടെ തീരുമാനങ്ങള്‍? ആരെങ്കിലുമൊക്കെ നന്നാകാന്‍ തീരുമാനിച്ചോ? എങ്കില്‍ ഒരു വാക്ക് പറയണം കേട്ടോ...

എല്ലാവര്‍ക്കും വിഷു ആശംസകള്‍....

വരുന്നത് നല്ലൊരു പുതുവര്‍ഷം ആയിരിക്കട്ടെ....! ആശംസകള്‍...!

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...