Sunday, March 06, 2022

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത്ത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.
    
ചോദ്യം: ആഗോളതലത്തിൽ രണ്ടാഴ്ചത്തേക്ക് ഒരു രൂപത്തിലും വൈദ്യുതി ലഭ്യമല്ലാത്ത ഒരു സാഹചര്യം നിങ്ങൾക്ക് സങ്കല്പിക്കാമോ? എന്താണ് പ്രശ്‌നങ്ങൾ, അവ എങ്ങനെ കൈകാര്യം ചെയ്യാം? 

സങ്കൽപ്പിക്കാൻ പോലുമാകാത്ത ഒരു അവസ്ഥ! എന്നാലും ഒന്ന് സങ്കൽപ്പിച്ചു നോക്കട്ടെ. നിലവിൽ ചാർജ് ചെയ്തു വെച്ചിട്ടുള്ള മൊബൈൽ ഫോണുകൾ എല്ലാം ചാർജ് തീർന്നുവെന്നും, പവർ ബാങ്കോ, അല്ലെങ്കിൽ ജനറേറ്റർ മുതലായ യാതൊരു വിധത്തിലുമുള്ള വൈദ്യുതിസ്രോതസുകൾ പ്രവർത്തനം ഇല്ലാ എന്ന് തന്നെ കരുതാം. കറന്റ് പോയ ദിവസം മുതൽ സംഭവിക്കാവുന്ന കാര്യങ്ങൾ ഇതൊക്കെ ആയിരിക്കാം: 

രണ്ടാഴ്ച കൊണ്ട് വൈദ്യുതി വരില്ല എന്ന് സങ്കൽപ്പിച്ചു മുന്നോട്ട് പോകാം. 

മൊബൈൽ ഫോണിൽ ചാർജ് ഉണ്ടായാൽ പോലും നെറ്റ്‌വർക്ക് പ്രവർത്തനരഹിതമായതുകൊണ്ട് യാതൊരു കാര്യവുമില്ല. മാത്രവുമല്ല, ഏതാനും ദിവസങ്ങളിൽ മൊബൈൽ ഫോണുകൾ ചാർജ് തീർന്ന് ഉപയോഗശൂന്യമാകും. 

ആളുകൾ രാവിലെ എഴുന്നേൽക്കുമ്പോൾ പൈപ്പിൽ വെള്ളമില്ലാത്തതുകൊണ്ടു കിണറിൽ നിന്നും/അല്ലെങ്കിൽ അടുത്തുള്ള കുളം/തോട്/പുഴ പോലുള്ള ജലാശയങ്ങളിൽ നിന്നും വെള്ളം കോരി പ്രഭാതകർമങ്ങൾ ചെയ്യുന്നു. ഒരുപക്ഷേ കുളി ഒഴിവാക്കിയേക്കാം. നഗരങ്ങളിൽ പൈപ്പ് വെള്ളത്തെ ആശ്രയിച്ചു കഴിയുന്ന, സ്വന്തമായി വീട്ടിൽ കിണർ ഇല്ലാത്തവർ പെട്ടുപോകുന്ന അവസ്ഥയാണ് ഉള്ളത്. ദിവസങ്ങളോളം വെള്ളമില്ലാതെ ആളുകൾ കുടുങ്ങിയേക്കാം. അവർ വെള്ളത്തിന് വേണ്ടി നെട്ടോട്ടം ആയിരിക്കും. 

വാഹങ്ങളിൽ ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പുകൾ പ്രവർത്തനം ഇല്ലാത്തതുകൊണ്ട് വാഹനങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉപയോഗശൂന്യം ആകും. സൈക്കിൾ ഉള്ളവർ അതുമെടുത്ത് വെള്ളം തേടി യാത്രതിരിക്കും. അല്ലാത്തവർ കാൽനടയായി വെള്ളം തേടി യാത്രയാകും. ഒടുവിൽ വെള്ളം ഒരുവിധം സംഘടിപ്പിച്ചു വീട്ടിൽ എത്തിയാൽ അടുത്തത് പാചകം ചെയ്യാനുള്ള ഓട്ടം ആണ്. പാചകവാതകം തീർന്നവർ അതില്ലാതെ ബുദ്ധിമുട്ടും. ഉള്ളവരുടെ പാചകവാതകം ഏതാനും ദിവസങ്ങൾക്കുള്ളിൽ തീരും. പിന്നെ വിറക് ഇല്ലാത്തവർ വിറകിനായി ഒരുപക്ഷെ വീട്ടിലെ ഫർണീച്ചർ ഒക്കെ വെട്ടി പൊളിച്ചു കത്തിച്ചേക്കാം. തീപ്പെട്ടി ഇല്ലാത്തവർ ചിലപ്പോ ലെൻസ് ഉപയോഗിച്ചോ, അല്ലെങ്കിൽ പ്രാചീന രീതിയിൽ കല്ലുകൾ ഉപയോഗിച്ചോ തീ ഉണ്ടാക്കാം. തീപ്പെട്ടിയും ലൈറ്ററും ഒക്കെ ഏതാനും ദിവസങ്ങൾക്കുള്ളിൽ തീരും. പിന്നെ തീ കിട്ടാത്തവർ അവർ സ്റ്റോക്ക് ചെയ്തിട്ടുള്ള പച്ചക്കറികൾ / ഇലവർഗങ്ങൾ / മറ്റുള്ള വസ്തുക്കൾ ഒക്കെ പാചകം ചെയ്യാതെ പച്ചയ്ക്ക് തിന്നാൻ തുടങ്ങും. 

ഇതേ സമയത്ത് തന്നെ മറ്റൊരു കൂട്ടം ആളുകൾ സൈക്കിളിൽ, അല്ലെങ്കിൽ കാൽനടയായി കടകളിൽ പോയി സാധനം വാങ്ങാൻ ശ്രമിക്കും. വാങ്ങാൻ എത്തുന്നവരുടെ ആധിക്യം കാരണം കടയിലെ സാധനങ്ങൾ പെട്ടെന്ന് തീരുകയും ചെയ്യും. പുതിയ സ്റ്റോക്ക് എത്തിക്കാൻ വാഹനങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് സ്റ്റോക്ക് ഉടനെ എത്തില്ല എന്ന് മനസ്സിലാക്കുമ്പോൾ ആളുകൾ കടകൾ കൊള്ളയടിക്കാൻ തുടങ്ങും. വലിയ അളവിൽ ഭക്ഷണങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണുകൾ ഒക്കെ വ്യാപകമായി കൊള്ളയടിക്കപ്പെടും. ഭക്ഷണത്തിനായുള്ള കൊള്ളയടി പതിയെ പടർന്നു പിടിച്ചു ചുറ്റുമുള്ള ഫലവൃക്ഷങ്ങളും കായ്കനികളും എല്ലാം കൊള്ളയടിക്കപ്പെടും. മറ്റുള്ളവരുടെ കയ്യിലെ ഭക്ഷണം തട്ടിപ്പറിക്കാൻ പരസ്പരം പോരടിക്കുകയും പരസ്പരം കൊല്ലാനും തുടങ്ങും. 

ഇതിനിടെ ഒരുകൂട്ടർ ബുദ്ധിപരമായി തീ ഉണ്ടാക്കും. ലെൻസ് ഉപയോഗിച്ചോ അല്ലെങ്കിൽ കല്ലുകൾ ഉരച്ചോ ആയിരിക്കാം. തീ ഉണ്ടാക്കിക്കഴിയുമ്പോൾ അവർ അടുത്തതായി കണ്ണിൽ കാണുന്ന മൃഗങ്ങളെ ഒക്കെ കൊന്നു ചുട്ടുതിന്നാൻ തുടങ്ങും. കോഴി ഫാമുകൾ, ആട് ഫാമുകൾ ഒക്കെ മൊത്തത്തിൽ കൊള്ളയടിക്കപ്പെടും. കയ്യിൽ കിട്ടുന്ന നാൽക്കാലികളെ ഒക്കെ കൊന്ന് ചുട്ടുതിന്നാൻ തുടങ്ങും. കടൽത്തീരങ്ങളിൽ താമസമുള്ളവർ വള്ളങ്ങളുമായി കടലിൽ പോയി മീൻ പിടിച്ചു കൊണ്ടുവരും. കരയിൽ എത്തുന്നതിനു മുന്നേ തന്നെ അവയും കൊള്ളയടിക്കപ്പെടും. 

ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടിയുള്ള പോരാട്ടം മൂലം ധാരാളം ആളുകൾ കൊല്ലപ്പെടുകയും കൊടും പട്ടിണി മൂലം ധാരാളം ആളുകൾ മരിച്ചു വീഴുകയും ചെയ്യും. 

ഇതിനോടകം തന്നെ ഗവർമെന്റുകൾ ഇതിനൊരു പ്രതിവിധി ആരായാൻ തുടങ്ങുകയും, ടാങ്കുകളിൽ ശേഖരിച്ചിട്ടുള്ള പെട്രോൾ/ഡീസൽ ഒക്കെ കൈകൊണ്ട് തന്നെ വാഹനങ്ങളിൽ കോരി നിറച്ചു പരമാവധി സ്ഥലങ്ങളിലേക്ക് ഭക്ഷണം എത്തിക്കുകയും ചെയ്യും. എന്നിരുന്നാലും ഫാക്ടറികൾ പ്രവർത്തനം ഇല്ലാത്തതുകൊണ്ട് സംസ്കരിച്ച ഭക്ഷണത്തിന്റെ (ഉദാ: ബിസ്കറ്റ്) ലഭ്യത വൈകാതെ കുറയുകയും, പകരം പരമാവധി കിട്ടാവുന്ന അസംസ്കൃത ധാന്യം/ഇലകൾ (ഉദാ: ചോളം, ചീര) നേരിട്ട് പാകം ചെയ്തു കഴിക്കുകയും ചെയ്യും. പതിയെ നിലവിലുള്ള സ്റ്റോക്ക് ഡീസൽ/പെട്രോൾ ഇന്ധനങ്ങൾ തീർന്നുകഴിയുമ്പോൾ ഗവർമെന്റുകളുടെ നിലനിൽപ്പ് തന്നെ ഇല്ലാതാവുകയും ജനം പരിപൂർണമായും നിയന്ത്രണാതീതം ആകുകയും ചെയുന്നു. 

പ്രകൃതി പതിയെ "survival of the fittest" അഥവാ "പ്രകൃതി നിർദ്ധാരണം" (natural selection) എന്ന അവസ്ഥയിലേക്ക് കടക്കുന്നു. കൃഷി ഇല്ലാത്ത, ഉപഭോക്തൃസംസ്കാരം മാത്രമുള്ള ഭാഗങ്ങളിൽ വലിയതോതിൽ ആളുകൾ ഭക്ഷണം കിട്ടാതെ മരണപ്പെടും. കൃഷിയുള്ള സ്ഥലങ്ങളിൽ മരണത്തോത് കുറവായിരിക്കും. ആ ഭാഗത്ത് കുറെയധികം ആളുകൾ ജീവനോടെ മുന്നോട്ടു പോകും. 

ഈയൊരു അവസ്ഥയിൽ ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ ആളുകൾക്ക് തങ്ങളുടെ ചുറ്റിനും നടക്കുന്ന കാര്യങ്ങൾ അല്ലാതെ ദൂരദേശത്ത് എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നറിയാൻ കഴിയാത്ത ഒരു അവസ്ഥ ആയിരിക്കും. അവരവർ താമസിക്കുന്ന ചുറ്റുപാടിനെക്കുറിച്ചു മാത്രം അറിയാൻ കഴിയുന്ന ഒരു "കൂപമണ്ഡൂക"ത്തിന്റെ അവസ്ഥയാകും മനുഷ്യർക്ക്. അടുത്ത് വരുന്ന തലമുറയ്ക്ക് "അമേരിക്ക" എന്നതൊക്കെ അവരുടെ മാതാപിതാക്കൾ പറഞ്ഞുള്ള അറിവ് മാത്രമായിരിക്കും. 

പിന്നീട് ചരിത്രത്തിൽ എങ്ങനെയാണോ വിവിധ സംസ്കാരങ്ങൾ ഉടലെടുത്തത്, അതുപോലെ ആളുകൾ കൂട്ടമായി താമസിച്ചു കൃഷിയിലൂടെ ഭക്ഷണം കണ്ടെത്തി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ തുടങ്ങും. ലോകത്തിന്റെ പല ഭാഗത്തായി ഒറ്റപ്പെട്ടു കിടക്കുന്ന വിവിധ കാർഷിക സംസ്കാരങ്ങൾ ഉയർന്നുവരും. ഇപ്പോഴത്തെ ഔപചാരിക വിദ്യാഭ്യാസം അപ്പോൾ ഉണ്ടാകണമെന്നില്ല. ഇപ്പോൾ വൈദ്യുതിയെക്കുറിച്ചും, അവയുടെ ഉപയോഗം, എങ്ങനെ യന്ത്രങ്ങൾ പ്രവർത്തിക്കുന്നു മുതലായ കാര്യങ്ങൾ ഒന്നും പുതിയ തലമുറയിലെ ആളുകൾ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുമെന്ന് കരുതാൻ വയ്യ. 

 --- 

ഇതിനിടയിൽ എപ്പോഴെങ്കിലും ആ അറ്റുപോയ വൈദ്യുതബന്ധം തിരികെ വരുന്നു എന്ന് കരുതുക. ഏത് സമയത്താണ് വൈദ്യുതി വരുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ. 

ആദ്യത്തെ ആഴ്ചകളിൽ ആണെങ്കിൽ വലിയ പ്രശ്നമില്ല. ഒരു വർഷം കഴിഞ്ഞിട്ടാണ് വൈദ്യുതി വരുന്നതെങ്കിൽ തിരികെ പഴയ അവസ്ഥയിൽ എത്താൻ കുറച്ചു നാളുകൾ എടുക്കും. 

10 വർഷത്തിന് ശേഷം ആണ് വൈദ്യുതി വരുന്നതെങ്കിൽ ഏതാനും വർഷങ്ങൾ കഴിഞ്ഞാകും മനുഷ്യൻ പഴയ അവസ്ഥയിലേക്ക് എത്തുക. 

എന്നാലോ, 50 കൊല്ലം കഴിഞ്ഞാണ് വൈദ്യുതി വരുന്നത് എങ്കിൽ, അന്നത്തെ തലമുറയിൽ കുറേപ്പേർ അതെന്താണെന്നറിയാതെ തൊട്ടുനോക്കി ഷോക്കടിച്ചു മരണപ്പെടും. പിന്നെ കുറേ ആളുകൾ നിലവിലുള്ള വൈദ്യുതി യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ പഠിക്കുകയും, അത് കാർഷികാവശ്യങ്ങൾക്കായി ഉപയോഗിക്കുകയും, പതിയെ ഒരു വ്യാവസായിക അടിസ്ഥാനത്തിലുള്ള കൃഷിരീതികൾ തുടങ്ങുകയും, പിന്നെ മികച്ച രീതിയിൽ ജീവിതം ഉയർന്നു വരുകയും ചെയ്യും. പക്ഷെ അപ്പോഴും അവർക്ക് ഇന്റർനെറ്റ്, കമ്പ്യൂട്ടർ ഒക്കെ ഉപയോഗിക്കാൻ അറിയണമെന്നില്ല. അപ്പോഴും അവർ പുറംലോകവുമായി ബന്ധമില്ലാത്ത മണ്ഡൂകങ്ങൾ തന്നെ ആയിരിക്കും. ഇലക്ട്രോണിക്സ് പുസ്തകങ്ങൾ ഒക്കെ വായിച്ചും പരീക്ഷങ്ങൾ നടത്തിയും പതിയെ പതിയെ വാർത്താവിനിമയ സംവിധാനങ്ങൾ രൂപപ്പെടുത്തിയെടുക്കും, അങ്ങനെ കുറച്ചധികം വർഷങ്ങൾ കൊണ്ട് മനുഷ്യൻ [ഇന്നത്തെ നിലയിൽ അല്ലെങ്കിലും] ഒരു മെച്ചപ്പെട്ട ജീവിതം ഉണ്ടാക്കിയെടുക്കും. 

ഒരു 100-200 കൊല്ലം കഴിഞ്ഞു വൈദ്യുതി വന്നാൽ, അത് എന്താണെന്നോ, എന്തിനാണ് ഉപയോഗിക്കുന്നതെന്നോ തിരിച്ചറിയാൻ മനുഷ്യന് വർഷങ്ങൾ വേണ്ടിവന്നേക്കാം. ആ സമയത്തും വായിക്കാൻ അറിവുള്ള പുതിയ തലമുറയിലെ ചിലർ വൈദ്യുതിയെക്കുറിച്ചു പ്രതിപാദിക്കുന്ന പഴയ പുസ്തകങ്ങൾ വായിച്ചു പഠിച്ചു വൈദ്യുതിയെ തങ്ങളുടെ വരുതിയിലാക്കാൻ ശ്രമിക്കും. പുസ്തകങ്ങളിൽ പറയുന്നതുപോലെ യന്ത്രങ്ങൾ ഉണ്ടാക്കിയെടുക്കാനും വൈദ്യുതി ഉപയോഗിച്ച് അവ പ്രവർത്തിപ്പിക്കാനും ശ്രമിക്കും. എന്നാലോ, അക്ഷരങ്ങളെക്കുറിച്ചു അറിയാത്തവർ അപ്പോഴേക്കും അവരുടെ പൂർവികരുടെ കഥകൾ ഒരു അത്ഭുതമായി പറഞ്ഞു നടക്കും. അവർ അവരുടെ പൂർവികർ പരന്ന തിളങ്ങുന്ന ഫലകത്തിൽ വിരലുകൾ ഉരസുമ്പോൾ ദൂരെയുള്ളവരെ കാണാൻ കഴിയുന്നതും, വലിയ യന്ത്രപ്പറവയിൽ കയറി പറന്നിരുന്നതും, പടുകൂറ്റൻ കെട്ടിടങ്ങൾ നിർമിച്ചതും, മാനത്തു കാണുന്ന ലോകത്തേക്ക് പോയതും എല്ലാം അന്നുണ്ടായിരുന്ന "വൈദ്യുതി" എന്ന ദൈവത്തിന്റെ സഹായത്തോടെ ആണെന്ന് പറഞ്ഞുപരത്തും. തങ്ങളുടെ ദൈവമായ വൈദ്യുതിയുമായി പരീക്ഷണങ്ങൾ നടത്തുന്നവരെ കൊന്നൊടുക്കും. വൈദ്യുതിദൈവത്തിന്റെ പേരിൽ പലയിടത്തും പല മതങ്ങളും പിന്നെ അതിന്റെ പേരിൽ യുദ്ധങ്ങളും, പുതിയ സാമ്രാജ്യങ്ങളും, വിപ്ലവങ്ങളും എല്ലാം ഉണ്ടാകും. അങ്ങനെ ലോകം മുന്നോട്ടു പൊയ്ക്കൊണ്ടേയിരിക്കും.

---
പ്രസ്തുത Quora ഉത്തരത്തിലേക്കുള്ള ലിങ്ക് ഇവിടെ.

1 comment:

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...