Showing posts with label കഥകള്‍. Show all posts
Showing posts with label കഥകള്‍. Show all posts

Monday, August 26, 2013

മകളുടെ പേര്



ഒരു ഞായറാഴ്ച ദിവസം. അവധി കിട്ടിയപ്പോള്‍ സഹധര്‍മ്മിണിയെയും മകളെയും കൂട്ടി ഒന്ന് പുറത്തേക്കിറങ്ങി. ഒരു സിനിമ കാണണം, പിന്നെ അത്യാവശ്യം ഷോപ്പിംഗ്‌ - ഇതായിരുന്നു പ്ലാന്‍ .

സിനിമ കാണാനായി കൈരളിയില്‍ എത്തിയപ്പോഴുണ്ട്‌ വലിയ തിരക്കാണ്. എന്നാല്‍ എനിക്ക് ഈ തിരക്കൊന്നും ഒരു പ്രശ്നമല്ല, ഭാര്യ കൂടെയുണ്ടല്ലോ! കുഞ്ഞിനെ എന്‍റെ കയ്യിലേക്ക് തന്നിട്ട് അവള്‍ സ്ത്രീകളുടെ വരിയില്‍ കയറി സ്ഥാനം പിടിച്ചു.

പെണ്‍കുട്ടികളെയും കൂട്ടി സിനിമ കാണാന്‍ പോകുന്നതിന്റെ ഏറ്റവും വലിയ നേട്ടം അതാണ്‌ - എത്ര തിരക്കുണ്ടെങ്കിലും സ്ത്രീകളുടെ ക്യൂവില്‍ ടിക്കറ്റ്‌ കിട്ടും!

Tuesday, February 12, 2013

ഏഴ് ഒറ്റവരി കഥകള്‍




1. അമ്മത്തൊട്ടില്‍
അമ്മത്തൊട്ടിലില്‍ ജീവിതം തുടങ്ങിയ പെണ്‍കുട്ടി പതിനാറ് വയസു തികയുന്നതിനു മുന്‍പേ അമ്മത്തൊട്ടിലിന്റെ പടവുകള്‍ വീണ്ടും കയറുമ്പോള്‍ കണ്ണുനീര്‍ വറ്റിയ അമ്മത്തൊട്ടിലും കാലവും മാത്രം സാക്ഷിയായി.

Monday, January 21, 2013

അനുഭവങ്ങള്‍ : ഡിസംബറിലെ പെണ്‍കുട്ടി


കുറച്ചു കാലങ്ങള്‍ക്കു മുന്‍പ്, ഡിസംബറിലെ ഒരു രാത്രി. സമയം പത്തുമണിയോട് അടുക്കുന്നു. പുറത്തു നല്ല തണുപ്പുണ്ട്. റോഡില്‍ എങ്ങും ആളനക്കം ഇല്ല.

അന്ന് ഞാന്‍ തിരുവനന്തപുരത്ത് നഗരത്തിലൂടെ കാറില്‍ യാത്ര ചെയ്യുകയാണ്. തണുപ്പ് കാരണം ഗ്ലാസ്‌ അടച്ചിരുന്നു.

പെട്ടെന്നൊരു ഫോണ്‍ കോള്‍ വന്നപ്പോള്‍ കാര്‍ റോഡിന്‍റെ അരികിലേക്ക് നിര്‍ത്തി ആ കോള്‍ അറ്റന്‍ഡ് ചെയ്തു. ഒരു സുഹൃത്തിന്‍റെ കോള്‍ ആണ്. അങ്ങനെ സംസാരിച്ചിരിക്കുമ്പോള്‍ ആണ് അത് സംഭവിച്ചത്:

ഒരു പെണ്‍കുട്ടി എവിടുന്നോ ഓടിവന്നു എന്‍റെ കാറിന്‍റെ ഡോര്‍ തുറന്നു അകത്ത് കയറി ഇരുന്നു! അവള്‍ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. മുഖത്തും നെറ്റിയിലും വിയര്‍പ്പ് തുള്ളികള്‍ തിളങ്ങുന്നു. ചുരിദാര്‍ ആണ് വേഷം. കാണാന്‍ തെറ്റില്ല. ദയനീയ ഭാവത്തോടെ എന്‍റെ മുഖത്ത് നോക്കി അവള്‍ അവളുടെ ഷാള്‍ പിടിച്ചു നേരെയിട്ടു.

Saturday, October 27, 2012

(മിനിക്കഥ) - അഞ്ചു വര്‍ഷങ്ങള്‍


"പെട്ടെന്നൊരു ദിവസം കണ്ണ് തുറന്നു നോക്കുമ്പോള്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് എത്തി എന്ന് കരുതുക... അപ്പോള്‍ എന്താകും ചെയ്യുക?"

"എന്ത്????!!!" - ആ ചോദ്യം കേട്ട രാഹുല്‍ ഒരു ഞെട്ടലോടെ എഴുനേറ്റു. ലൈറ്റ്‌ ഇട്ടു. കണ്ണുകള്‍ തിരുമ്മി, കിടക്കയിലേക്ക് നോക്കി ... ഇല്ല, ആരുമില്ല. വെറുതെ തോന്നിയതാകും. സമയം നോക്കിയപ്പോള്‍ അതിരാവിലെ രണ്ട് മണി. എഴുനേറ്റ് പോയി ലാപ്ടോപ് ഓണ്‍ ചെയ്തു. കുറച്ചു പാട്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇട്ടു രാഹുല്‍ തിരികെ കട്ടിലില്‍ വന്നു കിടന്നു.

രാവിലെ എഴുനേറ്റ് അതിവേഗം തന്നെ ഓഫീസില്‍ പോകാന്‍ റെഡി ആയി. ഇന്ന് തന്റെ കരിയറിലെ ആദ്യത്തെ പ്രൊജക്റ്റ്‌ കമ്പ്ലീറ്റ്‌ ചെയ്യാനുള്ള ദിവസമാണ്. നേരത്തെ എത്തണം.

Tuesday, September 18, 2012

(ചെറുകഥ) - "ഓ! മരണത്തിന്‍റെ തേരാളി, അല്ലെ?"

ആരുടേയും ഹൃദയത്തില്‍ ഒരു ഞെട്ടലുണ്ടാക്കുന്ന ആ സ്ഥിരം ശബ്ദത്തോടെ ഒരു ആംബുലന്‍സ് മെഡിക്കല്‍ കോളേജിന്റെ അത്യാഹിത വിഭാഗത്തിന് മുന്നില്‍ പാഞ്ഞെത്തി. ആംബുലന്‍സ് നിര്‍ത്തിയതും ആശുപത്രിയുടെ ഉള്ളില്‍ നിന്നും രണ്ടു നഴ്സുമാരും അറ്റന്‍ഡര്‍മാരും ഒരു സ്ട്രെച്ചറുമായി എത്തിയിരുന്നു. വര്‍ഷങ്ങളായി ഇതേ രംഗം അവര്‍ക്ക് മുന്നില്‍ ആവര്‍ത്തിക്കുന്നത്കൊണ്ടാകാം, നിര്‍വികാരതയോടെ അവര്‍ ആംബുലന്‍സ് നോക്കി നിന്നു. അതിനുള്ളില്‍ നിന്നും പുറത്തു വരുന്നത് ജീവനുള്ളതോ ഇല്ലാത്തതോ എന്ന് മാത്രം അറിയണം.

പെട്ടെന്ന് ഒരു അറ്റന്‍ഡര്‍ ആംബുലന്‍സിന്റെ ഡോര്‍ വലിച്ചു തുറന്നു. ഉള്ളില്‍ നിന്നും സ്ട്രെച്ചര്‍ പിടിച്ചു പുറത്തെടുത്തു - ചോരയില്‍ കുളിച്ച ഒരു പെണ്‍കുട്ടി - അനക്കമില്ലാതെ കിടക്കുന്നു. കൂടെ അച്ഛനും അമ്മയും എന്ന് തോന്നിക്കുന്ന, പ്രായമുള്ള രണ്ടുപേര്‍. അതെ, അച്ഛനും അമ്മയും ആയിരിക്കണം, അവര്‍ ആ പെണ്‍കുട്ടിയെ നോക്കി നിലവിളിച്ചു കരയുന്നുണ്ടായിരുന്നു.

നഴ്സുമാരുടെ സഹായത്തോടെ അവര്‍ ആ പെണ്‍കുട്ടിയെ സ്ട്രെച്ചറില്‍ കിടത്തി ഉള്ളിലേക്ക് കൊണ്ടുപോയി. നഴ്സുമാര്‍ ആ പെണ്‍കുട്ടിയുടെ ശരീരത്തിലെ ചോര തുടച്ചുനീക്കാന്‍ തുടങ്ങി. അപ്പോഴേക്കും ഡോക്ടര്‍ വന്നു.

Friday, August 10, 2012

(ചെറുകഥ) - "മുഖം വ്യക്തമല്ല"

"അളിയാ ദേ നോക്കെടാ, സൂപ്പര്‍ ആയിട്ടുണ്ട്‌ അല്ലേ?"

ജോബി തന്റെ കയ്യിലെ മൊബൈലില്‍ ഒരു വീഡിയോ ക്ലിപ്പ് പ്ലേ ചെയ്തു രാജേഷിനെ കാണിച്ചുകൊണ്ട് പറഞ്ഞു. രാവിലെ ഓഫീസില്‍ വന്ന ശേഷം ചായ കുടിക്കാന്‍ വേണ്ടി പുറത്തിറങ്ങിയതാണ് രണ്ടുപേരും.

കൌതുകത്തോടെ രാജേഷ് മൊബൈല്‍ വാങ്ങി നോക്കി.

"ഓ കൊള്ളാം, പക്ഷെ മുഖം വ്യക്തമല്ല... ഒന്ന് കളഞ്ഞിട്ടു പോടേയ്, വല്ല എച്ച്.ഡി. യും ഉണ്ടെങ്കില്‍ കാണിക്ക്..." - രാജേഷ് പുച്ഛത്തോടെ പറഞ്ഞു.

അപ്പോഴേക്കും അവരുടെ സീനിയര്‍ ആയ സുനില്‍ അവരുടെ നേരെ നടന്നുവന്നു. വന്നപാടെ സുനില്‍ ചോദിച്ചു - "ആരുടെ മുഖമാടാ വ്യക്തമല്ലാത്തത്???"

Sunday, July 29, 2012

(കുഞ്ഞുകഥ) - മഴയെ സ്നേഹിച്ച പെണ്‍കുട്ടി

മഴയെ സ്നേഹിച്ച പെണ്‍കുട്ടി.

ഓരോ തവണ മഴ പൊഴിയുമ്പോഴും അവള്‍ മതിമറന്നു സന്തോഷിച്ചു. ഓരോ തുള്ളി മഴയും അവളുടെ മനസ്സില്‍ ആയിരം മുത്തുകള്‍ വാരി വിതറി. മഴയില്‍ നനഞ്ഞു നില്‍ക്കാന്‍ അവളുടെ മനസ് എപ്പോഴും തുടിച്ചു. മഴ വരുന്നതും കാത്തു അവള്‍ പലപ്പോഴും മാനത്തു നോക്കിയിരുന്നു; സമയം പോകുന്നതറിയാതെ. അതെ, അവള്‍ മഴയെ അത്രയേറെ പ്രണയിക്കുകയായിരുന്നു.

മഴയെ സ്നേഹിച്ച പെണ്‍കുട്ടി, അവളെ ഒരു രാജകുമാരന്‍ പ്രണയിച്ചു.

പക്ഷെ അവള്‍ക്കു അപ്പോഴും ഇഷ്ടം മഴയോടായിരുന്നു. മഴയെ തനിക്കു സ്വന്തമാക്കണമെന്നു അവള്‍ കൂട്ടുകാരോടും ബന്ധുജനങ്ങളോടും പറഞ്ഞു. പക്ഷെ, "മഴയെ വരിക്കുകയോ? അതെങ്ങനെ?" എന്നുപറഞ്ഞു അവരെല്ലാം അവളെ കളിയാക്കി. മഴയെ അല്ലാതെ മറ്റാരെയും പ്രണയിക്കാന്‍ അവള്‍ക്കു കഴിയുമായിരുന്നില്ല.

Sunday, July 22, 2012

(ചെറുകഥ) - ദൈവത്തിന്‍റെ പൂച്ച!

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്...
അതായത് ... 2010 ലെ ഒരു മാര്‍ച്ച്‌ മാസം.

പതിവുപോലെ ജോലി കഴിഞ്ഞു ഓഫീസില്‍ നിന്നും വീട്ടിലേക്കുള്ള യാത്രയാണ് രംഗം. വൈകുന്നേരങ്ങളില്‍ എല്ലാപേരും ഓഫീസ്‌ വിട്ടു വരുന്ന സമയം ആയതിനാല്‍ ട്രാഫിക്‌ ജാം ഉറപ്പാണ്. മിക്കവാറും ജാമില്‍ പെട്ടാല്‍ പിന്നെ ചുറ്റുമുള്ള വാഹനങ്ങളുടെ നമ്പര്‍ കൂട്ടിയെടുക്കല്‍, വാഹനങ്ങളില്‍ ചെയ്തിട്ടുള്ള അലങ്കാരപ്പണികള്‍ ആസ്വദിക്കല്‍, ചുറ്റുമുള്ള കടകളുടെ മുന്നിലെ കണ്ണാടിപ്പെട്ടിയിലെ ലഡ്ഡു, ജിലേബി മുതലായവ നോക്കി വെള്ളമിറക്കല്‍, ബൈക്കില്‍ പെട്രോള്‍ ഉണ്ടോ എന്ന് കുലുക്കി നോക്കുക മുതലായവയാണ് ഒരു ടൈം പാസ്‌ ഉള്ളത്.

അന്നും പതിവുപോലെ ഒരു "ജാം" ദിവസം. മുന്നില്‍ നില്‍ക്കുന്ന പോലീസുകാരന്‍ വളരെ കഷ്ടപ്പെട്ട് വാഹനങ്ങള്‍ ഓരോന്നായി ജാമില്‍ നിന്നും ഊരിയൂരി വിടുകയാണ്. എതിരെ വരുന്ന വണ്ടികള്‍ പോകുന്നുണ്ട്. ഞാന്‍ അങ്ങനെ പതിയെ നീങ്ങുമ്പോള്‍, അതാ എന്റെ വലതു ഭാഗത്തുള്ള ട്രാക്കില്‍ ഒരു കാഴ്ച.

ഒരു പെണ്‍കുട്ടി ഹോണ്ടാ ആക്ടീവയില്‍ ആടിയാടി വരുന്നു... ഇപ്പൊ വീഴും... വീഴില്ല... എന്നപോലെയാണ് വരവ്. കൌതുകത്തോടെ ആ പെണ്കുട്ടിയെ നോക്കി നിന്നു. (അല്ലേലും നോക്കി നില്‍ക്കാന്‍ ഇതുപോലെ എന്തെങ്കിലും കിട്ടിയാല്‍ മതിയല്ലോ!) അപ്പോഴേക്കും ഹാന്‍ഡില്‍ വെട്ടിച്ചു വെട്ടിച്ചു ബാലന്‍സ് തെറ്റി നിന്ന ആ പെണ്‍കുട്ടിയുടെ അരികിലൂടെ വേറൊരുത്തന്‍ ബൈക്കില്‍ ഊളിയിട്ടു വന്നു "ശര്ര്‍ ..." എന്നപോലെ ഒറ്റ പാച്ചില്‍ ! അത് കണ്ടതും അവളുടെ ബാലന്‍സ് തെറ്റി റോഡിലേക്ക് മറിഞ്ഞു വീണു. കൂടെ ആക്ടീവയും.

ഞാന്‍ കിട്ടിയ അവസരം പാഴാക്കാതെ എന്‍റെ ബൈക്ക്‌ സ്റാന്‍ഡില്‍ ഇട്ടു വെച്ചിട്ട് ഡിവൈഡര്‍ ചാടിക്കടന്നു ആ പെണ്‍കുട്ടിയെ തറയില്‍ നിന്നും കൈപിടിച്ച് എഴുനേല്‍പ്പിച്ചു. വേറൊരാള്‍ വന്ന് അവളുടെ സ്കൂട്ടര്‍ എടുത്തു നേരെ വെച്ചു.

അവളെ എഴുനേല്‍പ്പിച്ച പാടെ എന്‍റെ മുഖത്ത് നോക്കി ആക്രോശിച്ചു - "എന്താടോ തന്‍റെ  മുഖത്ത് കണ്ണില്ലേ? എവിടെ നോക്കിയാ ഈ ചീറിക്കോണ്ട് പോകുന്നത്?"

എനിക്ക് ഒന്നും മനസിലായില്ല. ഞാന്‍ ഇതിനെ രക്ഷിക്കാന്‍ പോയതാണോ പ്രശ്നം? അതോ ദേഹത്ത് പിടിച്ചത് ആണോ കുഴപ്പം? അയ്യേ, അതിനു ഞാന്‍ വേറെ ഒന്നും വിചാരിച്ചിട്ട് അല്ലല്ലോ പിടിച്ചത്... രക്ഷിക്കാന്‍ അല്ലെ!!!

അവള്‍ പിന്നേം പറയുന്നു - "എടോ, ഒരു ബൈക്ക്‌ കിട്ടിയാല്‍ പിന്നെ എല്ലാം ആയി എന്ന് വിചാരിക്കരുത്... മറ്റുള്ളവര്‍ക്കും കൂടി റോഡില്‍ യാത്ര ചെയ്യാനുള്ളതാ..."

അപ്പോഴേക്കും റോഡിന്റെ മറുഭാഗത്ത് ഒരു ബഹളം. ഞാന്‍ റോഡിനു നടുവില്‍ പാര്‍ക്ക്‌ ചെയ്ത എന്‍റെ ബൈക്ക്‌ ആണ് ഇപ്പോള്‍ ജാം ഉണ്ടാക്കുന്നത്‌ ! അതിനു പിന്നാലെ കിടക്കുന്ന കുറെ കാറുകള്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കുന്നു. അതാ എന്‍റെ ബൈക്ക്‌ ലക്ഷ്യമാക്കി പോലീസ് വരുന്നു. ദൈവമേ!

ഇനി പോലീസ്‌ വന്ന് പരിശോധന വല്ലതും നടത്തി എനിക്ക് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നു കണ്ടുപിടിച്ചാല്‍ പിന്നെ പിഴ, പഴി, ധനനഷ്ടം, മാനഹാനി, ആകെ പണിയാകും. അതുകൊണ്ട് ആ പെണ്‍കുട്ടിയുടെ താങ്ക്സ് കേള്‍ക്കാന്‍ പോലും നില്‍ക്കാതെ ഞാന്‍ പെട്ടെന്ന് തന്നെ ഓടിവന്നു ബൈക്കില്‍ ചാടിക്കയറി. അപ്പോഴേക്കും നേരത്തെ ഹോണ്‍ മുഴക്കിയവന്മാര്‍ എന്നെ തുറിച്ചു നോക്കുന്നു.

"ഒരു പെണ്‍കുട്ടി മറിഞ്ഞു വീണത്‌ കണ്ടിട്ട് നിനക്കൊന്നും വിഷമം ഇല്ലെടാ തെണ്ടികളെ..." എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു യാത്ര തുടര്‍ന്നു. ഇടയ്ക്കു ആ പെണ്‍കുട്ടിയെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ അവള്‍ എന്നെ നോക്കുന്നത് കണ്ടു.

കുറേക്കഴിഞ്ഞാണ് അവളുടെ ആക്രോശം എന്തിനായിരുന്നു എന്നെനിക്ക് മനസിലായത്. ഞാനാണ് ആ ബൈക്കില്‍ ചീറിപ്പാഞ്ഞു ചെന്ന് അവള്‍ടെ ബാലന്‍സ് തെറ്റിച്ചു തള്ളിയിട്ടത് എന്ന് അവള്‍ വിചാരിച്ചുകാണും! പക്ഷെ ഇനി എങ്ങനാ ഒന്ന് പറഞ്ഞു മനസിലാക്കുക..! ആ പോട്ട്...! റോഡ്‌ ആകുമ്പോ ഇതുപോലെ പലതും കേള്‍ക്കേണ്ടിവരും... പോട്ട് പോട്ട്..!

***       ****       ****

കുറച്ചു കാലങ്ങള്‍ക്കു ശേഷം.
കൃത്യമായി പറഞ്ഞാല്‍ 2010 ജൂണ്‍ മാസം.

അന്നൊരു ഞായറാഴ്ച ആയിരുന്നു. മിക്കവാറും ഞായറാഴ്ചകളില്‍ കൂട്ടുകാരുടെ കൂടെ കറങ്ങി നടക്കാറുണ്ട്. ജോലിക്കിടയില്‍ കിട്ടുന്ന അവധി ദിനങ്ങള്‍ ആസ്വദിക്കുക എന്നതാണ് നമ്മുടെ നയം. അങ്ങനെ അന്നും ഒരു സിനിമ ഒക്കെ കണ്ടു കൂട്ടുകാരുടെ വീട്ടിലൊക്കെ പോയി ചെറിയ ക്രിക്കറ്റ്‌ ഒക്കെ കളിച്ചു. (എനിക്ക് പണ്ടേ ക്രിക്കറ്റ്‌ കളിയോട് താല്പര്യം ഇല്ലാത്തതുകൊണ്ട് എനിക്കായിരിക്കും എന്‍റെ ടീമിലെ ആദ്യ ബാറ്റിംഗ്. ആദ്യ ബോളില്‍ തന്നെ ഞാന്‍ ഔട്ട്‌ ആയാല്‍ പിന്നെ ബാക്കിയുള്ളവര്‍ക്ക് നല്ലപോലെ പ്ലാന്‍ ചെയ്തു കളിക്കാമല്ലോ!)

ഏകദേശം ഇരുട്ടിത്തുടങ്ങിയപ്പോള്‍ ഞാന്‍ വീട്ടിലേക്കു യാത്രയായി. കണ്ണാടി പോലത്തെ കേശവദാസപുരം - വെഞ്ഞാറമൂട് എം.സി റോഡില്‍ ചീറിപ്പാഞ്ഞു ബൈക്ക്‌ ഓടിക്കാന്‍ തോന്നുമെങ്കിലും നിങ്ങള്‍ കരുതിയതുപോലെ ഞാന്‍ ചീറിപ്പാഞ്ഞില്ല. കാരണം കെ. എസ്. ആര്‍ .ടി. സി യോടുള്ള ഭയഭക്തി ബഹുമാനവും, മരുഭൂമിയിലെ മരുപ്പച്ച പോലെ അപ്രതീക്ഷിതമായി അവിടവിടെ കാണപ്പെടുന്ന ഗട്ടറും തന്നെയാണ്. അതുകൊണ്ട് അധികം വേഗത്തിലല്ലാതെ ഒരു നാല്‍പ്പത് - അമ്പതു പിടിച്ചു ബൈക്ക്‌ ഓടിക്കുകയാണ്.

പക്ഷെ, എത്രയൊക്കെ സൂക്ഷിച്ചാലും, ലവനുണ്ടല്ലോ ലവന്‍ - "വിധി" എന്ന് എല്ലാരും പറയുന്ന അവന്‍ - അത് പൂച്ചയായും വരും!

ഒരു വളവില്‍ ചരിഞ്ഞു വളഞ്ഞു വരുകയാണ്. വളവില്‍ ചരിയുമ്പോള്‍ ഒക്കെ പണ്ട് സ്കൂളില്‍ ലളിത ടീച്ചര്‍ പഠിപ്പിച്ച "സെന്ററിഫ്യൂഗല്‍ ഫോഴ്സ്" ഓര്‍മവരും. അങ്ങനെ ഓര്‍ത്ത്‌ വളഞ്ഞതും എവിടെന്നോ ഒരു പൂച്ച മുന്നിലേക്ക്‌ ചാടി വീണു. റോഡിനു ഇരുവശവും ശ്രദ്ധയോടെ നോക്കി റോഡ്‌ മുറിച്ചുകടക്കുന്ന പട്ടികളെ പലപ്പോഴും കണ്ടിട്ടുണ്ട്. അതിന്റെ അത്രപോലും ബുദ്ധിയില്ലാത്ത ഈ പൂച്ച എന്‍റെ ബാലന്‍സ് തെറ്റിച്ചു എന്നെയും എന്‍റെ ബൈക്കിനെയും റോഡില്‍ തള്ളിയിട്ടു!

കുറെ ആളുകള്‍ ഓടിവന്നു എന്നെ പൊക്കിയെടുത്തു. കയ്യിലൊക്കെ നല്ലതുപോലെ പെയിന്റ് പോയി. കുനിഞ്ഞു നോക്കിയപ്പോള്‍ ജീന്‍സ്‌ കീറിയ കാല്‍മുട്ടില്‍ നിന്നും ചോര ധാര ധാരയായി...! അതുവരെ "ഏയ്‌ എനിക്ക് ഒന്നുമില്ല..." എന്ന് പറഞ്ഞു നിന്ന എന്‍റെ സകല ധൈര്യവും ചോര്‍ന്നുപോയി. കാല്‍മുട്ടിന് നല്ല വേദനയും. പൊട്ടലോ മറ്റോ ഉണ്ടോന്ന് കൂടി നിന്നവര് സംശയം പ്രകടിപ്പിച്ചപ്പോള്‍ ഇനി ജീവിച്ചിട്ടു കാര്യമില്ലേ എന്നൊക്കെ തോന്നി!

അങ്ങനെ ഒരു കാറില്‍ ഞാന്‍ ആശുപത്രിയില്‍ എത്തി.

ഡോക്ടര്‍ വന്ന് നോക്കി. എക്സ്-റേ, സ്കാനിംഗ്‌, റേഡിയോ ടെസ്റ്റ്‌, യൂറിന്‍ ടെസ്റ്റ്‌, ബ്ലഡ്‌ ടെസ്റ്റ്‌, എലിസ ടെസ്റ്റ്‌ മുതലായ എന്തൊക്കെയോ ടെസ്റ്റുകള്‍ നടത്തി. ഈ സമയത്ത് ഞാന്‍ വീട്ടിലും കൂട്ടുകാരോടും സംഗതി വിളിച്ചു പറഞ്ഞിട്ട് അവിടത്തെ കട്ടിലില്‍ കിടന്നു.

അപ്പോഴേക്കും ഒരു നേഴ്സ് വന്ന് എന്‍റെ മുറിവ് കെട്ടാന്‍ തുടങ്ങി. അല്ലെങ്കിലും ഈ നേഴ്സ് സുന്ദരിമാരുള്ള ഹോസ്പിറ്റലില്‍ ഒരിക്കലെങ്കിലും പോയിക്കിടക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്! ഞാന്‍ ആ നേഴ്സിന്റെ മുഖത്തെക്ക് നോക്കി. ആ നേഴ്സ് എന്‍റെ മുഖത്തേക്കും നോക്കി.

എവിടെയോ കണ്ടു മറന്ന ഒരു മുഖം പോലെ എനിക്ക് തോന്നി. എവിടെയാ, ഓര്‍ക്കുന്നില്ല. ആ, ചിലപ്പോള്‍ വെറുതെ തോന്നുന്നതാകും.

പക്ഷെ... അതെ, സംഗതി നിങ്ങള്‍ ഊഹിച്ചതുപോലെ തന്നെ! കഥയുടെ ഒന്നാം ഭാഗത്ത് ഞാന്‍ റോഡില്‍ "തള്ളിയിട്ട" അവള്‍ ഇല്ലേ? അത് തന്നെ കക്ഷി!!!

അവള്‍ക്ക് എന്നെ കണ്ടപ്പോള്‍ മനസിലായി. "അന്ന് കഴക്കൂട്ടം ജങ്ങ്ഷനില്‍ വെച്ച്... ട്രാഫിക്‌ ജാമില്‍ ... ഹോണ്ട ആക്ടീവ... മറിഞ്ഞു വീണപ്പോ... പിടിച്ചു എഴുനേല്‍പ്പിച്ച ആളല്ലേ???" - അവള്‍ ചോദിച്ചു.

അപ്പോഴാണ്‌ സംഗതി എനിക്കും ക്ലിക്കിയത് !!! അന്ന് എന്നെ ചീറിക്കടിച്ച അവള്‍ അല്ലെ ഇത്? ഇന്ന് എന്നെ കുത്തിവെച്ചു ദേഷ്യം തീര്‍ക്കുമോ???

"എന്നോട് ക്ഷമിക്കണം, അന്ന് നിങ്ങളാണ് തള്ളിയിട്ടത് എന്നുകരുതിയാണ് അങ്ങനെ ദേഷ്യപ്പെട്ടത്... നിങ്ങളല്ല എന്ന് പിന്നെയാണ് മനസിലായത്... പെട്ടെന്നുള്ള ദേഷ്യത്തില്‍ അറിയാതെ എന്തൊക്കെയോ പറഞ്ഞതാണ്... സോറി" - അവള്‍ പറഞ്ഞു.

ഹമ്പടാ, എന്നെ തെറ്റിദ്ധരിക്കാന്‍ ഞാന്‍ പറഞ്ഞോ? എന്നിട്ടിപ്പോ സോറി ആണത്രേ സോറി! അടുത്ത കുറച്ചു കാലത്തേക്ക് അവളാണല്ലോ കുത്തിവെപ്പും മരുന്നും തരേണ്ടത്... അത് മാത്രമല്ല ഇനിയും പല ആവശ്യങ്ങള്‍ക്കായി ഈ ആശുപത്രിയില്‍ വരേണ്ടിവരും... അതൊക്കെ ഓര്‍ത്ത്‌ ഞാന്‍ പിന്നെ അധികം മിണ്ടാന്‍ പോയില്ല. അല്ല പിന്നെ!

***       ****       ****

പിന്നെയും കാലം കടന്നുപോയി.

രണ്ടു ആഴ്ചകള്‍ക്ക് മുന്‍പ്.
കൃത്യമായി പറഞ്ഞാല്‍ 2012 ജൂലൈ.

നേരത്തെ പറഞ്ഞതുപോലെ, അതേ ആശുപത്രിയില്‍ വീണ്ടും എത്തി.
ഇത്തവണ എന്‍റെ ഭാര്യയേയും കൊണ്ട് ഞാന്‍ വന്നതാണ്. വീട്ടുകാര്‍ കൂടെയുണ്ട്.

ഭാര്യയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചു. സിനിമയിലൊക്കെ കാണുന്നതുപോലെ ഞാന്‍ ലേബര്‍ റൂമിനു പുറത്തു ടെന്‍ഷന്‍ അടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയാണ്. പുകവലി ശീലം അല്ലാത്തതുകൊണ്ട് സിനിമയിലെ സീന്‍ പോലെ ചുണ്ടിലും വിരലിലുമായി മാറി മാറി പുകയുന്ന സിഗരറ്റ് ഇല്ല കേട്ടോ.

സമയം കടന്നു പോകുംതോറും ടെന്‍ഷന്‍ കൂടി വരുകയാണ്... ഒപ്പം മനസ് വിടാതെ പ്രാര്‍ഥിച്ചു വീട്ടുകാരും കൂടെയുണ്ട്... മാത്രമല്ല, കടിഞ്ഞൂല്‍ പ്രസവം ആണ്.

കുറച്ചു കഴിഞ്ഞപ്പോള്‍ ലേബര്‍ റൂമിന്റെ വാതില്‍ മെല്ലെ തുറന്നു ഒരു നേഴ്സ് പുറത്തേക്ക് നോക്കി. ഞങ്ങളെല്ലാരും ആകാംക്ഷയോടെ അവരുടെ മുഖത്തേക്ക് നോക്കി. പെട്ടെന്ന് അവര്‍ എന്നോടായി പറഞ്ഞു - "ഭാര്യ നിങ്ങളെ വിളിക്കുന്നു"

ഞാന്‍ ആകെ ടെന്‍ഷന്‍ ആയി. "എന്തെങ്കിലും കുഴപ്പം?" എന്ന് ചോദിച്ചുകൊണ്ട് ഞാന്‍ അകത്തേക്ക് കടന്നു. കൂടെ വീടുകാര്‍ വാതിലിലേക്ക് വന്നതും "ഒരാള്‍ മാത്രം മതി" എന്ന് പരുക്കന്‍ ശബ്ദത്തില്‍ പറഞ്ഞുകൊണ്ട് അവര്‍ വാതില്‍ അടച്ചു. എനിക്ക് കയ്യില്‍ ഇടാന്‍ ഒരു ജോഡി ഗ്ലൌസ് തന്നു. ഒപ്പം ഒരു പച്ച തൊപ്പിയും. ഞാന്‍ രണ്ടും ധരിച്ചു ഉള്ളിലേക്ക് കടന്നു.

അവള്‍ ബെഡില്‍ കിടക്കുകയാണ്... ഞാന്‍ പതിയെ അവളുടെ അടുത്തെത്തി. അവളുടെ കൈകളില്‍ പിടിച്ചതും അവള്‍ കണ്ണുകള്‍ തുറന്നു.

"ഏട്ടാ..." - അവള്‍ വിളിച്ചു. അവളുടെ കണ്ണുകളില്‍ തിളക്കം.

"പറയെടാ..." - ഞാന്‍ പറഞ്ഞു.

"ഏട്ടാ, ഏട്ടന്‍ ആഗ്രഹിച്ചതുപോലെ, നമുക്കൊരു സുന്ദരി വാവയെ കിട്ടി..." - സന്തോഷത്തോടെ അവള്‍ അത് പറഞ്ഞപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു.

ഞാന്‍ അവളുടെ കൈകള്‍ മുറുകെ പിടിച്ചു. അവളുടെ നെറ്റിയില്‍ ഞാന്‍ അമര്‍ത്തി ചുംബിച്ചു. സന്തോഷം കൊണ്ട് അവളുടെ കണ്ണുകള്‍ നിറയുന്നത് എനിക്ക് കാണാമായിരുന്നു. ഒരു ജന്മത്തിന്റെ കാത്തിരുപ്പ്... ഞങ്ങളുടെ മകള്‍ !

തൊട്ടിലില്‍ കിടത്തിയിരിക്കുന്ന എന്‍റെ ചോരയെ, ഞങ്ങളുടെ കുഞ്ഞിനെ, ഞാന്‍ നോക്കി. കൌതുകത്തോടെ ഞാന്‍ വിളിച്ചു - "മോളെ..."

കുഞ്ഞിനെ ഇപ്പോള്‍ എടുക്കാന്‍ പറ്റില്ലെന്ന് നേഴ്സ് പറഞ്ഞു. അത് മാത്രമല്ല, ഞാന്‍ കൂടുതല്‍ സമയം അവിടെ നില്‍ക്കുന്നത് ഇന്‍ഫെക്ഷന് കാരണമാകും എന്ന് പറഞ്ഞു. പുറത്തു കാത്തു നിന്നാല്‍ മതിയെന്ന് അവര്‍ പറഞ്ഞു.

ഞാന്‍ അവളെ നോക്കി ചിരിച്ചു. പുറത്തു നില്‍ക്കാം എന്ന് പറഞ്ഞ് തിരിഞ്ഞതും അവള്‍ എന്‍റെ കയ്യില്‍ പിടിച്ചു. എന്തോ പറയാനെന്നപോലെ.

"ഏട്ടാ, നമ്മുടെ മോള്‍ ... അവള്‍ക്കും നമുക്കൊരു ഹോണ്ട ആക്ടീവ വാങ്ങണ്ടേ?"

ഞാന്‍ ചിരിച്ചു. "അതേ... വേണം... വാങ്ങാം..." - ഞാന്‍ പറഞ്ഞുകൊണ്ട് ലേബര്‍ റൂമിനു പുറത്തേക്കിറങ്ങി.

പുറത്തിറങ്ങിയ എന്നെ എല്ലാപേരും കൂടി വളഞ്ഞു. എല്ലാപേര്‍ക്കും വിശേഷം അറിയാന്‍ തിടുക്കമായി. പക്ഷെ എന്‍റെ മനസ് വേറെ എവിടെയോ ആയിരുന്നു.

ഞാന്‍ ആലോചിച്ചു - അതേ, അത് ദൈവത്തിന്‍റെ പൂച്ചയായിരുന്നു!

 

Tuesday, July 10, 2012

(മിനിക്കഥ) "മോനെ, മനസ്സില്‍ ലഡ്ഡു പൊട്ടി!"

ശംഖുമുഖം ബീച്ചിലെ സാമാന്യം തിരക്കേറിയ ഒരു സായാഹ്നം.

കയ്യില്‍ ഒരു പൊതി കപ്പലണ്ടിയുമായി നമ്മുടെ കഥാനായകന്‍ മണലിലൂടെ നടക്കുകയാണ്. പേര് മനു. കുറേകാലം ബാംഗ്ലൂര്‍ ആയിരുന്നു. ഇപ്പൊ തിരുവനന്തപുരത്ത് ഒരു സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുന്നു.

മുന്‍പ് ഇതുപോലെ വായിനോക്കി കപ്പലണ്ടി തിന്നു നടക്കുമ്പോള്‍ കപ്പലണ്ടിയാണെന്ന് കരുതി ഒരു കല്ലെടുത്ത് കടിച്ച് പണി കിട്ടിയതുകൊണ്ട് ഇപ്പോള്‍ പൊതിയില്‍ നിന്നും എടുക്കുന്നത് കപ്പലണ്ടി തന്നെയാണ് എന്ന് ഉറപ്പുവരുത്തിയേ വായിലേക്കിടുള്ളൂ.

ശംഖുമുഖം തീരത്ത്‌ ശില്പി കാനായി കുഞ്ഞിരാമന്‍ കൊത്തിവെച്ച ജലകന്യകയെ നോക്കി അവന്‍ കുറേനേരം എന്തോ ആലോചിച്ചു നിന്നു. ഈ ലോകത്തില്‍ അവന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മനോഹരമായ ശില്‍പം! സായാഹ്നത്തിന്റെ ചുവപ്പില്‍ ജലകന്യകയ്ക്ക് അഴക്‌ കൂടിയോ എന്നൊരു സംശയം. അതിന്‍റെ തലയില്‍ ഇരിക്കുന്ന കാക്കയെ അവന്‍ അസൂയയോടെ നോക്കി. അടുത്ത തവണ ഇങ്ങോട്ട് വരുമ്പോള്‍ ഒരു തോക്കും കൊണ്ട് വരണം - ഒരൊറ്റ കാക്കയെ പോലും അവളെ തൊടാന്‍ അനുവദിക്കരുത്! അല്ല പിന്നെ!

പിന്നെ പതിയെ കടലില്‍ ബിയര്‍ പോലെ പതയുന്ന തിരകളെ ലക്ഷ്യമാക്കി അവന്‍ നടന്നു.

തീരത്തെ നനഞ്ഞ മണലില്‍ ചവിട്ടി നടക്കുമ്പോള്‍ പതിയുന്ന കാല്‍പ്പാടുകള്‍ നോക്കി അവന്‍ അങ്ങനെ പോകുമ്പോള്‍ ... പെട്ടെന്നാണ് അവന്‍റെ കണ്ണുകള്‍ ഒരു മുഖത്ത് ഉടക്കിയത് - "അത്... അത്... അശ്വതി അല്ലെ?! അതെ! അശ്വതി!!" - വേറാരുമല്ല, അവന്‍റെ പഴയ പ്രണയിനി!

കോളേജില്‍ രണ്ടുകൊല്ലം ജൂനിയര്‍ ആയിരുന്നു അവള്‍ . കുറേക്കാലം കോളേജില്‍ "ലൈനടിച്ചു" നടന്നതാണ്. ഒരിക്കല്‍ കോളേജിലെ സ്റെപ്പിനു താഴെനിന്നും ടീച്ചര്‍മാര്‍ രണ്ടിനേം കയ്യോടെ പൊക്കി. സംഗതി വീട്ടിലെത്തിച്ചു ആകെ നാറ്റിച്ചു കുളമാക്കി. അന്ന് മനസില്ലാ മനസോടെ പിരിഞ്ഞതാണ് രണ്ടുപേരും. അവന്‍ കോളേജ് വിട്ടു ബാംഗ്ലൂര്‍ പോയതിനുശേഷം അവളെ കണ്ടിട്ടില്ല. അവള്‍ ഇതാ വീണ്ടും!

ഒരുപക്ഷെ ദൈവം തന്നെ തിരുവനന്തപുരത്ത് തിരികെ എത്തിച്ചത് അവളെ ജീവിതത്തിലേക്ക് വിളിക്കാന്‍ വേണ്ടി ആയിരിക്കാം അല്ലെ???

"മോനെ... മനസ്സില്‍ ലഡ്ഡു പൊട്ടി!"

അവന്‍ അല്പം സ്പീഡില്‍ നടന്ന് അവളുടെ അടുത്തെത്തി, വിളിച്ചു - "അശ്വതീ... അച്ചൂ...!"

വിളികേട്ടതും അശ്വതി തിരിഞ്ഞുനോക്കി. അവനെ കണ്ടതും അവളുടെ മുഖം വിടര്‍ന്നു. "മന്വേട്ടാ... നിങ്ങളോ? എന്താ ഇവിടെ?" - അവള്‍ ചോദിച്ചു.

"ഒന്നുമില്ല അച്ചൂ... വെറുതെ കറങ്ങാന്‍ ... ആട്ടെ, എന്തുണ്ട് വിശേഷം? നിന്‍റെ കല്യാണം??"

"കല്യാണമൊന്നും ആയില്ല ഏട്ടാ..."

മോനെ... മനസ്സില്‍ മറ്റൊരു ലഡ്ഡു പൊട്ടി!!!

"വീടുകാര്‍ കല്യാണമൊന്നും ആലോചിക്കുന്നില്ലെ അച്ചൂ?"

"ഇല്ലാ.. അവര്‍ കല്യാണം ഒന്നും ആലോചിക്കുന്നില്ല..."

മോനെ...!!! വീണ്ടും വീണ്ടും ലഡ്ഡു പൊട്ടുന്നൂ...!!!

"അപ്പൊ... കല്യാണം കഴിക്കണ്ടേ???"

(അവള്‍ നാണത്തോടെ) - "ഹും... വേണം!"

ഇത്തവണ തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്‌ ലഡ്ഡു കൊണ്ടാണോ നടത്തുന്നത് എന്ന് അവന്‍ സംശയിച്ചു. അത്രക്കും ലഡ്ഡു അവന്‍റെ മനസ്സില്‍ പൊട്ടുന്നുണ്ടായിരുന്നു.

നാണം കൊണ്ട് ചുവന്ന അവളുടെ കവിളുകള്‍ക്ക് മുന്നില്‍ ചുവന്ന സൂര്യന്‍ ഒന്നുമല്ല എന്ന് മനുവിന് തോന്നി. അവളുടെ കരിയെഴുതിയ കണ്ണുകളില്‍ തിളങ്ങുന്നത് എന്താണ്?!

"അച്ചൂ...! അച്ചൂ....!" - അല്പം ദൂരെയായി ഒരു വിളി കേട്ടു. അശ്വതി അങ്ങോട്ടേക്ക് നോക്കി.

അതാ ഒരാള്‍ കയ്യില്‍ രണ്ടു ഐസ്ക്രീമുമായി വരുന്നു. അവര്‍ക്കുനേരെയാണ് അയാള്‍ വരുന്നത്.

അടുത്തെത്തിയതും അയാള്‍ ഒരു ഐസ്ക്രീം അശ്വതിക്ക് നേരെ നീട്ടി. അശ്വതി അത് വാങ്ങി. ഇതെല്ലാം കണ്ടു വായും തുറന്നു നിന്ന മനുവിന്റെ നേരെ അയാളുടെ കണ്ണുകള്‍ നീണ്ടു.

"ആരാ അച്ചൂ ഇത്?" - കനത്ത ശബ്ദത്തില്‍ അയാളുടെ ചോദ്യം.

"ഓഹ്, അതോ, അത്.. കോളേജില്‍ സീനിയര്‍ ആയി പഠിച്ചിരുന്ന ചേട്ടനാണ്. പേര് മനു. പുള്ളിക്കാരന്റെ കല്യാണം ആയത്രേ! അത് പറഞ്ഞുകൊണ്ട് നില്‍ക്കുവാരുന്നു" - അവള്‍ പറഞ്ഞു.

അടുത്തതായി പൊട്ടാന്‍ വന്ന ലഡ്ഡു എട്ടുനിലയില്‍ ചീറ്റിപ്പോയി.

"വാവ്വ്...! കണ്ഗ്രാട്സ് മിസ്ടര്‍ മനു! വീ വിഷ് യൂ എ വെരി വെരി ഹാപ്പി മാരീഡ് ലൈഫ്! എന്ജോയ്യ് ...!" - അയാള്‍ മനുവിന്റെ കൈപിടിച്ച് കുലുക്കിക്കൊണ്ട് പറഞ്ഞു.

ആ കുലുക്കത്തില്‍ ഭൂമി മൊത്തത്തില്‍ കുലുങ്ങുന്നതായി മനുവിന് തോന്നി. "വീ" വിഷ് യൂ... അവിടെയാണ് മനുവിന്‍റെ ശ്രദ്ധ ഉടക്കിയത്. അയാള്‍ "വീ" എന്ന് പറയണമെങ്കില്‍ ... അയാള്‍ അച്ചുവിന്‍റെ...?

"മനു ചേട്ടാ, ഇത് ആനന്ദ്‌ മേനോന്‍, ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ്. അടുത്ത മാസം ഞങ്ങളുടെ എന്‍ഗേജ്മെന്‍റ് ആണ്. ചേട്ടന്‍ വരുമല്ലോ?" - അശ്വതി പറഞ്ഞു.

"ഓ... ആ... എ... ആ.... വരാം വരാം..." - ഒരു കൃത്രിമ ചിരി മുഖത്ത് വരുത്താന്‍ പ്രയാസപ്പെട്ടുകൊണ്ട് മനു പറഞ്ഞൊപ്പിച്ചു.

"ക്കേ, സീ യു ഗൈന്‍ മിസ്റ്റര്‍ മനൂ!...! ബൈ..!" - അതും പറഞ്ഞു അയാള്‍ അവളുടെ പുറകിലൂടെ കൈ ചുറ്റി അവളുടെ അരക്കെട്ടില്‍ മുറുകെ പിടിച്ചതു കണ്ടപ്പോള്‍ മനുവിന്‍റെ വയറ്റിനകത്ത് എന്തോ ഒരു മുറുക്കം അനുഭവപ്പെട്ടു.

അവര്‍ ഒരുമിച്ചു തോളോട് തോള്‍ ചേര്‍ന്ന് ദൂരേക്ക്‌ നടന്നകലുമ്പോള്‍ മനുവിന്‍റെ മനസിലാണോ അതോ ശംഖുമുഖം കടലിലാണോ കൂടുതല്‍ തിരയിളക്കം എന്ന് കണ്ഫ്യൂഷന്‍ .

അടുത്ത മാസം അവളുടെ എന്‍ഗേജ്മെന്‍റ്??? അപ്പൊ കല്യാണമൊന്നും ആലോചിക്കുന്നില്ല എന്ന് അവള്‍ പറഞ്ഞത്? മനു അവളുമായുള്ള സംഭാഷണം ഒന്ന് റീവൈന്‍ഡ് ചെയ്തുനോക്കി. അതെ. അതെയതെ. അവള്‍ ഇപ്പൊ കണ്ട ആജാനുബാഹുവായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായി ഇഷ്ട്ടത്തിലായി വീട്ടുകാര്‍ സമ്മതിച്ച് നടത്തുന്ന വിവാഹം ആണെങ്കില്‍ പിന്നെന്തിനാ വീട്ടുകാര്‍ വേറെ വിവാഹം ആലോചിക്കുന്നത്...! കൂടുതല്‍ ഒന്നും ആലോചിക്കാതെ ചാടിക്കേറി ലഡ്ഡു പൊട്ടിച്ച താനല്ലേ മണ്ടന്‍ ?

"പുല്ല്... അപ്പൊ ഞാന്‍ മനസ്സില്‍ പൊട്ടിച്ച ലഡ്ഡു മുഴുവനും വേസ്റ്റ് ആയല്ലോ..." എന്ന് പിറുപിറുത്തുകൊണ്ട് മനു ആ മണലില്‍ ആഞ്ഞു ചവിട്ടി.

പൊട്ടാതെ ബാക്കിവന്ന ലഡ്ഡു എല്ലാംകൂടി ഭദ്രമായി മനസിന്‍റെ ഒരു മൂലയില്‍ ഒതുക്കി അവന്‍ നടന്നു... തന്‍റെ അടുത്ത ലഡ്ഡുവിന് തിരി കൊളുത്താനുള്ള ആളെ അവന്‍റെ കണ്ണുകള്‍ തിരഞ്ഞുകൊണ്ടേയിരുന്നു.

അങ്ങ് ദൂരെ, പകല് മുഴുവന്‍ എരിഞ്ഞുനിന്ന സൂര്യന്‍ പതിയെ കടലിലേക്ക്‌ താഴുന്നുണ്ടായിരുന്നു.

 

Sunday, July 01, 2012

പ്രിയസുഹൃത്തെ, നിന്‍റെ പ്രണയിനി സന്തുഷ്ടയാണ്.

അവന്‍ ഞങ്ങളെയെല്ലാം വിട്ടുപിരിഞ്ഞിട്ട് ഇന്ന് അഞ്ച് വര്ഷം തികയുകയാണ്. എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു അവന്‍. ഓരോ നിമിഷവും ചിരിക്കുന്ന, ചിരിപ്പിക്കുന്ന മനസായിരുന്നു അവന്. സുഹൃത്തെ, നീ ഇപ്പോഴും എന്‍റെ മനസ്സില്‍ ജീവിക്കുകയാണ്. നിന്റെ ഹൃദയം ഇപ്പോഴും എന്‍റെ ഉള്ളില്‍ തുടിക്കുന്നുണ്ട്. അത് നില്‍ക്കുമ്പോള്‍, ഞാനും നിന്റെ അടുത്തെത്തും.

---------------------------------------------

ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2003 - അന്ന് ഞങ്ങളെല്ലാം പ്ലസ്‌-ടു വിനു ചേര്‍ന്ന സമയം. അവിടെയാണ് ഞാന്‍ വിശാഖിനെ (യഥാര്‍ത്ഥ പേരല്ല) ആദ്യമായി കാണുന്നത്. ആദ്യമായാണ് പലരെയും കാണുന്നത്. പരസ്പരം വീടും സ്ഥലവും പത്താം ക്ലാസ്സ്‌ പഠിച്ച സ്കൂളും ഒക്കെ ചോദിച്ചാണ് ഞങ്ങളുടെ ആദ്യ ദിവസങ്ങള്‍ കടന്നുപോയത്. മറ്റാരെയും പോലെ ഒരു അപരിചിതന്‍ മാത്രമായിരുന്നു വിശാഖ്‌ എനിക്ക്. എന്‍റെ തൊട്ടു മുന്നിലെ ബെഞ്ചിലാണ് അവന്‍ ഇരുന്നത്. സ്വാഭാവികമായും കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ പലരും പരിചിതരായി. പിന്നെ ഞങ്ങള്‍ക്കിടയില്‍ പല വിഷയങ്ങളും സംഭാഷണങ്ങളും കടന്നുവന്നു.

വിശാഖും ഞാനും പല കാര്യങ്ങളിലും ഒരേ അഭിപ്രായക്കാര്‍ ആണെന്ന് ഞങ്ങള്‍ പതിയെ പതിയെ കണ്ടെത്തി. ഏതാണ്ട് സമാഭിപ്രായങ്ങളും ചിന്തകളും ഒക്കെയുള്ള ആളുകള്‍ കൂട്ടാകുന്നതുപോലെ, ഞാനും വിശാഖും പിന്നെ കുറച്ചു നല്ല കൂട്ടുകാരുമുള്ള ഒരു ചെറിയ "കൂട്ടം" തന്നെ ഞങ്ങള്‍ കണ്ടെത്തി. "കണ്ടെത്തി" എന്നല്ല, അതൊക്കെ അങ്ങനെ സംഭവിച്ചു എന്നുവേണം പറയാന്‍.

പല സ്ഥലങ്ങളില്‍ ജീവിച്ച ആളുകള്‍ ഏതോ ഒരു നിമിത്തം പോലെ ഒരിടത്ത് വന്നു ഒന്നുചേരുന്നതും, പരസ്പരം തിരിച്ചറിയുന്നതും, സുഹൃത്തുക്കള്‍ ആകുന്നതുമൊക്കെ ഒരു അത്ഭുതമാണ്. വിധിയുടെ ഒരുതരം മായാജാലം.

അങ്ങനെ വളരെ മനോഹരമായി ഞങ്ങളുടെ സൌഹൃദം പൂത്തുലഞ്ഞു സുഗന്ധം പരത്തി മുന്നോട്ടു പോകുന്നു. അന്ന് സ്കൂള്‍ വിട്ടാല്‍ പിന്നെ സംസാരിക്കാന്‍ ഇന്നത്തെ പോലെ ഫേസ്ബുക്കും ചാറ്റും മൊബൈലും ഒന്നുമില്ല. ആകെ ലാന്‍ഡ്‌ലൈന്‍ മാത്രം. അതായിരുന്നു അന്നത്തെ ഞങ്ങളുടെ "സോഷ്യല്‍ നെറ്റ്‌വര്‍ക്ക്". ഉച്ചക്ക് മീന്‍ പൊരിച്ചത് ഷെയര്‍ ചെയ്തു കഴിച്ചതും, ഉച്ച ഭക്ഷണം കഴിച്ചിട്ട് സ്ഥിരമായി അടുത്ത കടയില്‍ കയറി സിപ്‌-അപ്പ്‌ വാങ്ങിയതുമൊക്കെ ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍ക്കുന്നു. മനോഹരമായി ലവ് ലെറ്റര്‍ എഴുതാനും, അത് ആരുമറിയാതെ വല്ലവരുടെം ബാഗില്‍ ഇട്ടു അവരെ വട്ടാക്കാനും, ചൂയിന്ഗം ഊതിവീര്‍പ്പിച്ചു ബലൂണ്‍ പോലെ പൊട്ടിക്കാനുമൊക്കെ അവന് വല്യ ഇഷ്ടമായിരുന്നു. എപ്പോഴും സന്തോഷം മാത്രം. വിശാഖിന്റെ കൂടെ നടന്നാല്‍ സമയം പോകുന്നതെ അറിയില്ല!

വിശാഖിനെ ലൈന്‍ ഇടാന്‍ പെണ്‍കുട്ടികള്‍ പലരും ശ്രമിച്ചു. പക്ഷെ നടന്നില്ല. ഞങ്ങളുടെ വിശാഖേയ്‌, ആളു അത്രപെട്ടെന്നൊന്നും വലയുന്ന ടൈപ്പ് അല്ലായിരുന്നു. അവന്‍ പെണ്കുട്ട്യോളുടെ സൌന്ദര്യമോ കാശോ ഒന്നും കൊണ്ട് വീഴില്ല. ഞങ്ങളില്‍ പലരും നോക്കി കൊതിച്ച പല സുന്ദരിമാരും അവന്‍റെ പുറകെ നടന്നു വട്ടായതാണ് ഞങ്ങള്‍ കണ്ടത്. അവന്‍റെ സ്ഥാനത്ത് വേറെ വല്ലോരും ആയിരുന്നെങ്കില്‍ ഇതിനോടകം മിനിമം അഞ്ച് ലൈന്‍ എങ്കിലും പിടിച്ചേനെ എന്ന് ഞങ്ങള്‍ പറയുമായിരുന്നു!

എപ്പോഴും ചിരിയും കളിയും സന്തോഷവുമായി നടക്കുന്ന ഒരു കൌമാരക്കാരനോട് അതേ പ്രായമുള്ള ഏതു പെണ്‍കുട്ടിക്കും തോന്നാവുന്ന ഒരു ഇഷ്ടം - അതായിരുന്നു ഞങ്ങളുടെ കൂടെ പഠിച്ച ആതിരയെ (യഥാര്‍ത്ഥ പേരല്ല) അവനിലേക്ക് അടുപ്പിച്ചത്. ആതിരയ്ക്ക് അവനോടു കടുത്ത സൌഹൃദമാണോ അതോ പ്രണയമാണോ എന്നറിയാന്‍ വയ്യ. പക്ഷെ എനിക്ക് ഒന്നറിയാം, വിശാഖിന് അവളോട്‌ "എന്തോ ഒരിത്" തോന്നുന്നുണ്ട്... എന്നാലും അതൊന്നും വല്യ കാര്യമാക്കാതെ ഞങ്ങളുടെ സൌഹൃദം മുന്നോട്ടു പോയി. ഒപ്പം തന്നെ അവന്‍റെ "എന്തോ ഒരിതും" അവളുടെ "സ്നേഹവും" മുന്നോട്ടു തന്നെ പൊയ്ക്കൊണ്ടിരുന്നു.

പതിയെ പതിയെ അവന്‍ ഞങ്ങളുടെ കൈവിട്ടു അവള്‍ടെ കൂടെ പോകുമോ എന്നൊരു ഭയം ഞങ്ങള്‍ക്കുണ്ടായിരുന്നു. ആ ഭയത്തിനു ആദ്യത്തെ അപ്രൂവല്‍ കൊടുത്തുകൊണ്ട് അത് സംഭവിച്ചു - "വിശാഖ്‌ ലവ്സ് ആതിര" ...!

സൌന്ദര്യം, പണം - ഇതൊന്നിലും വീഴാത്ത അവന്‍ വീണത്‌ ആതിരയുടെ മനസ് കണ്ടിട്ടാണോ? ആയിരിക്കണം. അവള്‍ വെറുമൊരു ഒരു പൊട്ടിപെണ്ണ് ഒന്നുമല്ല. അവള്‍ക്ക് അവളുടെതായ കുറെ അഭിപ്രായങ്ങളും മറ്റും ഉണ്ട്. രാഷ്ട്രീയം ആയാലും കവിത ആയാലും അവള്‍ക്ക് നല്ല ഗ്രാഹ്യം ഉണ്ട്. നന്നായി നൃത്തം ചെയ്യുന്ന അവള്‍ കുറച്ചൊക്കെ എഴുതുകയും ചെയ്തിരുന്നു (എന്ന് അവന്‍ പറഞ്ഞു ഞങ്ങള്‍ക്കുള്ള അറിവാണ്). അവളുടെ മുന്നില്‍ തര്‍ക്കിക്കാന്‍ നിന്നാല്‍ പണി കിട്ടും. എന്നാല്‍ വിശാഖിന് ഇത്തരം കാര്യങ്ങളില്‍ വല്യ താല്പര്യവുമാണ്. മനപ്പൊരുത്തം തിരിച്ചറിഞ്ഞ അവര്‍ പരസ്പരം സ്നേഹിക്കാനും തുടങ്ങി.

ആതിര അതോടെ വല്യ പുള്ളിയായി. കാര്യം മറ്റൊന്നുമല്ല - വിശാഖ്‌ പ്രണയിക്കുന്ന ആ ഭാഗ്യവതി ആതിര ആണല്ലോ എന്ന അസൂയ ആണ് മറ്റു പെണ്‍കുട്ടികള്‍ക്ക്. അവന്‍റെ ചെറിയൊരു സൌഹൃദം എങ്കിലും കൊതിക്കാത്ത പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നില്ല, അപോ പിന്നെ അവന്‍റെ പ്രണയിനിയുടെ കാര്യമോ! അവള്‍ ആണ് ലോകത്തെ ഏറ്റവും ഭാഗ്യവതി!

ആതിരയുടെയും വിശാഖിന്റെയും പ്രണയം വളര്‍ന്നു. ഞങ്ങളോടുള്ള സൌഹൃദത്തിനിടയില്‍ അവളോടുള്ള പ്രണയം പങ്കിടാന്‍ അവന്‍ ബുദ്ധിമുട്ടുന്നത് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. സുഹൃത്തുക്കളും ആതിരയും അവനു വളരെ വിലപ്പെട്ടതാണ്. രണ്ടും അവനു ഒഴിവാക്കാന്‍ പറ്റാത്തതും. അവന്‍ സമാധാനമായി ഒന്ന് പ്രണയിച്ചോട്ടെ എന്ന് കരുതി ഞങ്ങള്‍ മുങ്ങാന്‍ ശ്രമിച്ചപ്പോള്‍ അത് കണ്ടുപിടിച്ചു "എനിക്ക് പ്രേമിക്കാന്‍ വേണ്ടി നീയൊക്കെ ഒഴിഞ്ഞുമാറും അല്ലേടാ?" എന്ന് ചോദിച്ചവനാണ് അവന്‍. എന്തായാലും, അവര്‍ തമ്മിലുള്ള ഇഷ്ടം ഞങ്ങളുടെ സൌഹൃദത്തില്‍ വിള്ളല്‍ വീഴ്ത്തിയില്ല എന്നത് വളരെ നല്ലൊരു കാര്യമായിരുന്നു.

കാലം പിന്നെയും കടന്നുപോയി. പ്ലസ്‌-ടു കഴിഞ്ഞ ഞങ്ങള്‍ പലവഴിക്കായി പിരിഞ്ഞു. ആതിരയും വിശാഖും ഞാനും എഞ്ചിനീയറിംഗിന് ചേര്‍ന്നു. മൂന്നുപേര്‍ക്കും മൂന്നു കോളേജില്‍ ആണ് അഡ്മിഷന്‍ കിട്ടിയത്. അപ്പോഴേക്കും ഞങ്ങള്‍ക്കെല്ലാം മൊബൈലും ആയി. പിന്നെ മൊബൈല്‍ വഴിയായിരുന്നു വിളിയും സംസാരവും. ഞങ്ങള്‍ ആദ്യവര്ഷം പഠിക്കുമ്പോള്‍ ആണ് "ഓര്‍ക്കുട്ട്" അറിയപ്പെട്ടു തുടങ്ങുന്നത്. പിന്നെ ഞങ്ങള്‍ ഓര്‍ക്കുട്ടില്‍ ചേക്കേറി. അവിടെയും ഞങ്ങളുടെ സൌഹൃദവും അവന്‍റെ പ്രണയവും തകൃതിയായി പോകുന്നുണ്ട്. പഠനവും സപ്ലികളും എല്ലാം അറിയുന്ന എഞ്ചിനീയറിംഗ് ലോകം. അവിടെയും വിശാഖിനെ ചാക്കിടാന്‍ പെണ്‍കുട്ടികള്‍ ശ്രമിച്ചെന്ന് കേട്ടു. പക്ഷെ ആതിരയെ വിട്ടു അവനു യാതൊരു കളിയുമില്ല എന്ന് ഞങ്ങള്‍ക്കെല്ലാം ഉറപ്പായിരുന്നു.

ഞങ്ങള്‍ എഞ്ചിനീയറിംഗ് രണ്ടാം വര്ഷം ആയപ്പോള്‍ അവനൊരു ബൈക്ക്‌ വാങ്ങി. ഇനി നിങ്ങള്‍ക്ക്‌ ഊഹിക്കാം.

ഒരുദിവസം നല്ല മഴയുള്ള രാത്രിയില്‍ ശംഖുംമുഖം എയര്‍പോര്‍ട്ട് റോഡിലൂടെ ബൈക്കില്‍ വരുകയായിരുന്നു അവന്‍. ഒരിക്കലും പരിധി വിട്ട സ്പീഡില്‍ അവന്‍ ഓടിക്കില്ല. അതിനുള്ള വിവേകമൊക്കെ അവനുണ്ട്. പക്ഷെ നനഞ്ഞ റോഡും എതിരെ വന്ന വണ്ടികളുടെ ഹെഡ്ലൈറ്റും അവന്‍റെ നിയന്ത്രണം തെറ്റിച്ചു. വിധിയുടെ വിളി പോലെ, ബൈക്ക്‌ കൈവിട്ട അവന്‍ റോഡിലേക്ക് തെന്നി വീണു. ഹെല്‍മെറ്റ്‌ വെച്ചിരുന്നെങ്കില്‍പ്പോലും തലയില്‍ നല്ല ഇടി ഏറ്റിരുന്നു. റോഡില്‍ രക്തം വാര്‍ന്നു കിടന്ന അവനെ പെട്ടെന്ന് തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചു.

രണ്ടു ദിവസം കഴിഞ്ഞാണ് അവനു ബോധം വീണത്‌. തലയ്ക്കു ഏറ്റ ഇടിയില്‍ തലച്ചോറിനു ക്ഷതമുണ്ടെന്നും ശരീരത്തിന്‍റെ വലതുഭാഗം സ്വാധീനം ഇല്ലായെന്നും ഡോക്ടര്‍ പറഞ്ഞു. ചിലപ്പോള്‍ ആളുകളെ തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. അതു മാത്രമല്ല, അധികം സംസാരിക്കാന്‍ കഴിയില്ല. ഞങ്ങള്‍ക്ക് അതൊരു വലിയ ഷോക്കായിരുന്നു. ഞാനും കുറച്ചു കൂട്ടുകാരും ആശുപത്രിയില്‍ അവനെ പോയി കണ്ടു. അവന്‍റെ അമ്മയും അച്ഛനും അനിയനും ഒരുപാട് കരയുന്നുണ്ടായിരുന്നു. ബൈക്ക്‌ വാങ്ങിക്കൊടുക്കാന്‍ തോന്നിയ നിമിഷത്തെ ശപിച്ച് അവന്‍റെ അമ്മ പലപ്പോഴായി പൊട്ടിക്കരഞ്ഞുകൊണ്ടിരുന്നു.

എത്രയൊക്കെ തിരിച്ചറിയാന്‍ കഴിയാതിരുന്നാലും എന്നെ അവന്‍ തിരിച്ചറിഞ്ഞേ പറ്റുള്ളൂ. എനിക്ക് അവനെ തിരികെ വേണം. എനിക്ക് മാത്രമല്ല, അവനെ മാത്രം സ്വപ്നം കണ്ടു കാത്തിരിക്കുന്ന ഒരു പെണ്ണുണ്ട്. അവള്‍ക്കും അവനെ തിരികെ വേണം.

അടുത്ത ദിവസം ഞാനും ആതിരയും കൂടി അവനെ കാണാന്‍ പോയി. കട്ടിലില്‍ കിടക്കുമ്പോഴും അവന്‍റെ മുഖത്ത് ചിരി ഉണ്ട്. ഞങ്ങളെ കണ്ടതും ആ ചിരി മങ്ങിയതുപോലെ തോന്നി. അവന്‍ ഞങ്ങളെ ആദ്യമായി കാണുന്നതുപോലെ. ആതിരയും എന്നെയും മാറിമാറി നോക്കി. ആതിര അവനെ കണ്ടതും വല്ലാതെ കരഞ്ഞു തുടങ്ങി. അവള്‍ അവന്‍റെ കൈ പിടിച്ചു ചേര്‍ത്തുവെച്ചു കരഞ്ഞു. തിരികെ വരാന്‍ അവനോടു കേണപേക്ഷിച്ചു. പക്ഷെ വിശാഖിന്റെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവുമില്ല. ഒരുപക്ഷെ അവന്‍ അവളെ ഭയക്കുന്നതുപോലെ തോന്നി.

അവന്‍ പതിയെ പതിയെ ചോദിച്ചു - "ആരാ....? ന്തിനാ ന്‍റെ കൈ പിടിക്കണേ?"

ആതിരയുടെ മനസ്സില്‍ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു.

"എന്താടാ നീ ചോദിച്ചേ? ഞാന്‍ ആരാന്നോ? നിന്‍റെ ആതിയെ നിനക്ക് അറിയില്ലെടാ?" - അത് ചോദിക്കുമ്പോള്‍ അവളുടെ കണ്ണുനീര്‍ അവന്‍റെ നെഞ്ചില്‍ ഇറ്റ് വീഴുന്നത് കണ്ടു.

"ഇല്ല.. ആരാ?.. ആരാ?" - ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവന്‍ ചോദിച്ചു. അവന്‍റെ മുഖത്ത് യാതൊരു വ്യത്യാസവുമില്ല. അവന്‍റെ കണ്ണുകള്‍ എന്റെ നേരെ നീണ്ടു.

ആതിര നിയന്ത്രണം വിട്ടു കരയാന്‍ തുടങ്ങി. കരച്ചില്‍ ഉച്ചത്തിലായപ്പോള്‍ നഴ്സ് വന്നു പുറത്തു നില്‍ക്കാന്‍ പറഞ്ഞു. ഞാന്‍ ആതിരയെ കൂട്ടി പുറത്തേക്കിറങ്ങി. അവളുടെ കരച്ചിലില്‍ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നു എനിക്കറിയില്ല. നിസ്സഹായനായി അവളുടെ കണ്ണുനീര്‍ നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. കുറേനേരം അവള്‍ കരഞ്ഞു. എന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. പക്ഷെ ഈ സമയത്ത് ഞാനും കൂടി കരഞ്ഞാല്‍ പിന്നെ ആതിര എന്ത് ചെയ്യും? എന്തൊക്കെയോ പറഞ്ഞു ഞാന്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

വിശാഖ്‌ ഇപ്പോള്‍ ആരെയും തിരിച്ചറിയാത്തത് ആണെന്നും, കുറച്ചുനാള്‍ കഴിഞ്ഞ് എല്ലാം മാറുമെന്നും ഞാന്‍ കൊടുത്ത വാക്കില്‍ അവള്‍ വീട്ടിലേക്കു പോയി.

പിന്നെയും രണ്ടു മാസത്തോളം ആതിരയും ഞാനും അവനെ സ്ഥിരമായി കാണാന്‍ പോയിരുന്നു. എന്തൊക്കെ ചെയ്തിട്ടും പറഞ്ഞിട്ടും ഞങ്ങളെ അവന്‍ തിരിച്ചറിയുന്നില്ല. അച്ഛനെയും അമ്മയെയും മാത്രമാണ് അവനു തിരിച്ചറിയാന്‍ പറ്റുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു.

ഇനി ഒരിക്കലും എന്റെ പഴയ വിശാഖിനെ തിരിച്ചുകിട്ടില്ല എന്ന സത്യം ഞാന്‍ മനസിലാക്കി. എനിക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അപ്പോള്‍ ആതിരയുടെ കാര്യം ഊഹിക്കാമല്ലോ. അവള്‍ പരീക്ഷകളില്‍ പരാജയപ്പെടാന്‍ തുടങ്ങി. അവള്‍ പഠനത്തില്‍ പിന്നോട്ട് പോവുകയാണെന്ന് മനസിലാക്കി. പക്ഷെ ആര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും!

രണ്ടു മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ അവനെ വീണ്ടും കാണാന്‍ പോയി. ഇപ്പോഴും വലിയ മാറ്റമൊന്നും ഇല്ലാന്ന് ഡോക്ടര്‍ പറഞ്ഞു. റൂമില്‍ ഞാനും അവനും മാത്രമായപ്പോള്‍ ഞാന്‍ അവന്‍റെ കട്ടിലിനടുത്തു പോയിരുന്നു. അവന്‍റെ കൈപിടിച്ച് ഞാന്‍ അങ്ങനെ ഇരുന്നു.

"ഡാ വിഷ്ണൂ, ഇനി നീ ആതിയെ ഇങ്ങോട്ട് കൊണ്ട് വരരുത് പ്ലീസ്‌...." - അത് അവന്‍റെ വായില്‍ നിന്ന് തന്നെയാണ് വീണത്‌!

ഞാന്‍ ഞെട്ടിപ്പോയി. എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവന്‍ എന്നെ തിരിച്ചറിഞ്ഞു. പെട്ടെന് തന്നെ ഡോക്ടറിനെ വിളിക്കാന്‍ ആണ് തോന്നിയത്, പക്ഷെ ഞാന്‍ അപ്പോഴാണ്‌ അത് ശ്രദ്ധിച്ചത് - ഇത്രയും നാള്‍ ആതിരയും അവന്‍ തിരിച്ചറിഞ്ഞിരുന്നു!

"എടാ വിശാഖാ, എന്താടാ നീ പറയുന്നേ? നീ അവളെ തിരിച്ചറിയാത്ത പോലെ അഭിനയിക്കുകയാണോ? നീ പറയെടാ... എനിക്ക് ഇപ്പൊ അറിയണം..."

അവന്‍റെ മുഖത്ത് മൌനം മാത്രം.

"എടാ, എടാ, നിന്‍റെ വിഷ്ണു അല്ലേടാ ചോദിക്കുന്നത്? നീ എന്തിനാ നിന്‍റെ ആതിയെ ഒഴിവാക്കാന്‍ ശ്രമിക്കുന്നത്? നിനക്ക് എന്താടാ? പറ വിശാഖാ..."

അവന്‍റെ കണ്ണുകളില്‍ കണ്ണീരിന്‍റെ തിളക്കം ഞാന്‍ കണ്ടു. അവന്‍ പറഞ്ഞു:

"ദേഹം തളര്‍ന്നു കിടക്കുന്ന ന്നെ ഇഷ്ടപെട്ട് സ്വീകരിച്ച് ജീവിതത്തില്‍ എനിക്കുവേണ്ടി അവള്‍ കഷ്ടപെടുന്നത് നിക്ക് സഹിക്കില്ലടാ... അവള്‍ നല്ല കുട്ട്യാ. അവള്‍ക്ക് എന്നെക്കാള്‍ നല്ലൊരു ആളെ കിട്ടണം... അതിനു ഞാന്‍ അവളെ ഒഴിവാക്കിയേ പറ്റുള്ളൂ..."

"അതിനു നീയെന്തിനാ അവളെ തിരിച്ചറിയാത്തത് പോലെ അഭിനയിച്ചത്...? അവളോട്‌ കാര്യം പറഞ്ഞാല്‍ പോരെ?" - എനിക്ക് അങ്ങനെ ചോദിക്കാനാണ് തോന്നിയത്.

"ഡാ, ഞാന്‍ അവളെ തിരിച്ചറിയുന്നുണ്ടെന്നു അവള്‍ക്ക് മനസിലായാല്‍ പിന്നെയും പിന്നെയും അവള്‍ എന്നെ സ്നേഹിക്കും. വേണ്ട വിഷ്ണൂ... അവള് ഇനി എന്നെ സ്നേഹിക്കണ്ട... അവള്‍ക്ക് വരാന്‍ പോകുന്ന നല്ലൊരു ജീവിതത്തില്‍ എന്നോടുള്ള സ്നേഹം ഒരിക്കലും ഒരു തടസമാകാന്‍ പാടില്ല."

വിശാഖ്‌ എന്ന വ്യക്തിയുടെ സ്ഥാനത്ത് ഞാന്‍ അപ്പോള്‍ കണ്ടത് ദൈവത്തെയാണ്. ഇത്രയും സ്നേഹം മനസ്സില്‍ കൊണ്ടുനടക്കുന്ന മനുഷ്യര്‍ ഈ ലോകത്ത് വേറെ ഉണ്ടാകുമോ? ഈശ്വരാ, നീ എന്തിനാണ് എന്‍റെ വിശാഖിനോട് ഇങ്ങനെ ചെയ്തത്? അവന്‍ എന്ത് തെറ്റാണ് നിന്നോട് ചെയ്തത്? ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചതോ? കുറെ സുഹൃത്തുക്കളെ സ്നേഹിച്ചതോ? എന്‍റെ കണ്ണുകള്‍ നനയുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.

ഞാന്‍ റൂമിനു പുറത്തിറങ്ങി ബാല്‍ക്കണിയില്‍ നിന്ന് ദൂരേക്ക്‌ നോക്കി നിന്നു. അവനു പകരമായി എന്‍റെ ജീവന്‍ എടുത്തുകൂടായിരുന്നോ എന്ന് ദൈവത്തോട് ചോദിച്ചു ഞാന്‍. എനിക്കറിയാം അവന്‍ ആതിരയെ എന്തുമാത്രം സ്നേഹിച്ചിരുന്നെന്ന്‍. അവനും അവളും ഒരുമിച്ചു കാണാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു.

എനിക്ക് തോന്നി, ദൈവത്തിന് വിശാഖിന്റെയും ആതിരയുടെയും സ്നേഹത്തോട് അസൂയ ആയിരുന്നെന്ന്.

---------------------------------------------

ആ സംഭവത്തിനു ശേഷം കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഹോസ്പിറ്റലില്‍ നിന്നൊരു വിളി വന്നു. വിശാഖിന്റെ തലച്ചോറില്‍ ഇന്‍ഫെക്ഷന്‍ ആയത്രേ! ഞാന്‍ ആദ്യമേ അവന്റെയടുത്ത് ഓടിയെത്തി. അവനെ കാണാന്‍ ആരെയും അനുവദിച്ചില്ല. സീരിയസ് ആണെന്ന് കേട്ടപ്പോള്‍ എനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. കരഞ്ഞു ഡോക്ടറുടെ കാലു പിടിച്ചു ഞാന്‍ അവനെ കാണാന്‍ അനുമതി വാങ്ങിച്ചു.

ചുറ്റും മരുന്ന് നിറച്ച കുഴലുകളും വയറുകളും കുറെയധികം യന്ത്ര സാമഗ്രികളും; അതിനു നടുവില്‍ പച്ച നിറമുള്ള പുതപ്പില്‍ എന്‍റെ വിശാഖന്‍ കിടക്കുകയാണ്. അവനു എന്നോട് എന്തോ പറയാനുണ്ടെന്ന് എന്‍റെ മനസ് പറഞ്ഞു. ഞാന്‍ അവന്‍റെ അടുത്തേക്ക്‌ പോയി. പ്ലസ്‌-ടു ക്ലാസുകളില്‍ ചിരിയുടെ പൂമഴ വിതറിയ എന്‍റെ വിശാഖന്‍ ആണ് ഈ കട്ടിലില്‍ വാടിയ പൂവുപോലെ കിടക്കുന്നതെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എന്‍റെ കണ്ണുകള്‍ നിറഞ്ഞു.

"വിശാഖാ...?" - ഇടറുന്ന തൊണ്ടയില്‍ എന്‍റെ ശബ്ദം തടഞ്ഞു നിന്നു.

മെല്ലെ കണ്ണുകള്‍ തുറന്ന അവന്‍ എന്നെ നോക്കി ചിരിച്ചു.

"ഡാ... നിക്ക് തല വല്ലാണ്ട് വേദനിക്കുന്നെടാ..."

അറിയാതെ ഞാന്‍ പൊട്ടിക്കരഞ്ഞു. രോഗിയെ ഇമോഷണല്‍ ആക്കരുതെന്നു ഡോക്ടറിന്റെ കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നതുകൊണ്ട് തിരിഞ്ഞു നിന്നു കര്ചീഫ്‌ എടുത്തു കണ്ണുനീര്‍ തുടച്ചു ഞാന്‍ അവനു നേരെ തിരിഞ്ഞു.

"പറ വിശാഖാ..."

അവന്‍റെ തൊണ്ടയില്‍ നിന്നും ശബ്ദം വരുന്നുണ്ടായിരുന്നില്ല. എന്നാലും അവന്‍ പറഞ്ഞത് എനിക്ക് മനസിലായി.

"എടാ വിഷ്ണൂ... ഞാന്‍ അധികകാലം പോകുമെന്ന് തോന്നണില്ല... നിക്ക് ആതിയെ കാണാന്‍ തോന്നുന്നെടാ..."

എനിക്ക് അവന്‍റെ കൈകള്‍ പിടിച്ചു ചേര്‍ന്നു നിന്നു കരയണമെന്നുണ്ടായിരുന്നു. പക്ഷെ അവനെ തൊടാന്‍ പോലും അനുവാദമില്ല എനിക്ക്.

ഡോക്ടര്‍ വന്നു എന്നെ നോക്കി പുറത്തേക്ക് പോകാന്‍ ആംഗ്യം കാണിച്ചു. എനിക്ക് ഇനി അവനെ ഇതുപോലെ കാണാന്‍ കഴിയില്ലാന്നു മനസിലായി. നാല് വര്‍ഷങ്ങള്‍ നീണ്ട സൌഹൃദം വിട ചോദിക്കുന്നതുപോലെ തോന്നി.

"വിഷ്ണൂ, അവളെ നല്ലോരാള്‍ക്ക് കൊടുക്കണം... അവള് സന്തോഷമായിട്ട് ജീവിക്കണം... എന്നിട്ട് മാത്രമേ നീ എന്നെ കാണാന്‍ വരാവൂ..."

പിന്നെ അവിടെ നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഞാന്‍ തിരികെ വീട്ടിലെത്തി മുറിയടച്ച് കട്ടിലില്‍ കിടന്നു തലയിണയില്‍ മുഖമമര്‍ത്തി വിങ്ങിപ്പൊട്ടി.

പിറ്റേന്ന് അവന്‍റെ മരണവാര്‍ത്തയാണ് എന്നെ വിളിച്ചുണര്‍ത്തിയത്. ഞാന്‍ പോയില്ല. എനിക്ക് അവന്‍റെ ശരീരം കാണാന്‍ തോന്നീല്ല. അത്രതന്നെ. അവന്‍റെ ചടങ്ങുകള്‍ക്കൊന്നും ഞാന്‍ പോയില്ല. എനിക്ക് ഒന്നും കാണാന്‍ വയ്യ. ആളുകളുടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയാനും എനിക്ക് വയ്യ.

ആ ഷോക്കില്‍ നിന്നും കരകയറാന്‍ ഒത്തിരി സമയമെടുത്തു. അപ്പോഴെല്ലാം കോളേജില്‍ ഞാന്‍ ഒരു ഭ്രാന്തനെപ്പോലെ ആണ് പെരുമാറിയിരുന്നത്. ആര്‍ക്കും പിടികൊടുക്കാത്ത ഒരു ഭ്രാന്തനെപ്പോലെ. പിന്നെ എങ്ങനെയോ ഞാന്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തി.

അവന്‍റെ മരണവാര്‍ത്ത ആതിരയെ ആകെ പിടിച്ചുലച്ചു. അവള്‍ ഒരുപാട് നാളുകള്‍ ഭക്ഷണം കഴിക്കാതെ പിന്നിട്ടു. അവളുടെ വീട്ടില്‍ അവരുടെ പ്രണയം അറിയാമായിരുന്നോ എന്ന് എനിക്കറിയില്ല. പരീക്ഷകളില്‍ തോറ്റ അവള്‍ പതിയെ പതിയെ സങ്കടത്തില്‍ നിന്നും കരകയറാന്‍ തുടങ്ങി... പിന്നെ അവള്‍ എല്ലാം മറന്നു പഠിത്തത്തില്‍ ശ്രദ്ധയൂന്നി. പഠനം കഴിഞ്ഞ് ജോലിയും ആയി. മറ്റൊരാളെ അവള്‍ വിവാഹം കഴിച്ചു. ഇന്ന് അവള്‍ ഒരു അമ്മയാണ്. സന്തോഷത്തോടെ അവള്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു.

---------------------------------------------

പ്രിയ സുഹൃത്തെ, ഇതൊന്നും എഴുതണമെന്ന് കരുതിയതല്ല. പക്ഷെ ഇത്രയും കാലം ഞാന്‍ മനസ്സില്‍ കൊണ്ടുനടന്ന ഭാരം ഇവിടെ ഇറക്കി വെക്കുകയാണ്. നിന്‍റെ സ്നേഹം എല്ലാരും തിരിച്ചറിയണമെന്ന് തോന്നി. എഴുതിവെച്ചു.

ഈ രാത്രിയില്‍ തെളിഞ്ഞ ആകാശത്തേക്ക് നോക്കുമ്പോള്‍ നിന്നില്‍ എനിക്ക് കാണാം, നിന്‍റെ ആതിയുടെ സന്തോഷത്തിന്റെ തിളക്കം... അതെ സുഹൃത്തെ... നീ ആഗ്രഹിച്ചതുപോലെ, അവള്‍ ഇന്ന് സന്തുഷ്ടയാണ്.

നിനക്ക് ഇനിയും തിളങ്ങാം.

 

 

Wednesday, June 27, 2012

ഒരു ബള്‍ബിന്‍റെ ആത്മകഥ - അഥവാ നമ്മുടെയൊക്കെ ജീവിതം.

ഇതൊരു ബള്‍ബിന്‍റെ ആത്മകഥയാണ്. അവനെ തല്‍ക്കാലം നമുക്ക്‌ കുഞ്ഞുമോന്‍ എന്ന് വിളിക്കാം.

വളരെ പ്രശസ്തമായ ഒരു ബള്‍ബ്‌ കമ്പനിയുടെ ഫാക്ടറിയില്‍ നിന്നും പളപളാ മിന്നുന്ന പളുങ്ക് ശരീരവും ലോകത്തിനു വെളിച്ചമേകാന്‍ വെമ്പുന്ന മനസുമായി കുഞ്ഞുമോന്‍ പുറത്തിറങ്ങി. മനുഷ്യന്‍ ഭയക്കുന്ന ഇരുട്ടിനെ കീറിമുറിച്ചു പ്രകാശം പരത്തുവാന്‍ അവനു ധൃതിയായിരുന്നു. പരുപരുപ്പുള്ള പേപ്പര്‍ കുപ്പായമണിഞ്ഞ് നമ്മുടെ കുഞ്ഞുമോന്‍ അവന്‍റെ ലക്ഷ്യസ്ഥാനത്തേക്ക് പ്രതീക്ഷയോടെ യാത്രയായി. യാത്രയുടെ അവസാനം കുഞ്ഞുമോന്‍ ഒരു ഇലക്ട്രിക്‌ കടയുടെ അലമാരിയില്‍ എത്തിപ്പെട്ടു. തന്നെ ദത്തെടുക്കാന്‍ വരുന്ന ആളെയും കാത്തു കുഞ്ഞുമോന്‍ നാളുകള്‍ ചിലവഴിച്ചു. കൂടെയുള്ള ബള്‍ബുകള്‍ ഒക്കെയും കുഞ്ഞുമോനോട് യാത്രപറഞ്ഞു പിരിയുമ്പോള്‍ തന്‍റെ നമ്പര്‍ ഉടനെ വരും എന്നോര്‍ത്ത് കുഞ്ഞുമോന്‍ പ്രതീക്ഷയോടെ കാത്തിരുന്നു.

ഒരുനാള്‍ സ്ഥലത്തെ പ്രമാണി ഒരു ബള്‍ബ്‌ വാങ്ങാനെത്തി. ആ പ്രദേശത്തെ ഏറ്റവും വലുതും ഭംഗിയേറിയതുമായ അദ്ദേഹത്തിന്‍റെ മണിമാളികയുടെ ഭാഗമാകാന്‍ ആ ഇലക്ട്രിക്‌ കടയിലെ ഓരോരോ സാധനങ്ങളും കൊതിച്ചിരുന്നു. ഇത്തവണ അദ്ദേഹത്തിനു വേണ്ടത് ഒരു ബള്‍ബ്‌ ആണ്. കടയിലെ ബള്‍ബുകള്‍ ഓരോന്നായി അദ്ദേഹത്തിന്‍റെ കൂടെ പോകാന്‍ ആഗ്രഹിച്ചു പ്രാര്‍ഥിച്ചു. കുഞ്ഞുമോന്‍റെ മുജ്ജന്മത്തിലെ പുണ്യങ്ങള്‍ കാരണമാകാം, ഇത്തവണ ആരെയും കൊതിപ്പിക്കുന്ന ആ നറുക്ക് വീണത്‌ കുഞ്ഞുമോനാണ്. അങ്ങനെ കുഞ്ഞുമോന്‍ ആ പ്രമാണിയുടെ വീട്ടിലേക്ക് യാത്രയായി.

കുഞ്ഞുമോന് പ്രമാണി സ്ഥാനം നല്‍കിയത് തന്‍റെ സ്വീകരണമുറിയിലാണ്. ആ നാട്ടിലെ ആരും കൊതിക്കുന്ന ആ സ്വീകരണമുറി. കരിവീട്ടിയില്‍ കടഞ്ഞെടുത്ത ദിവാന്‍ കോട്ടും സോഫകളും. ഇളം പിങ്ക് നിറമുള്ള ചുവരുകളില്‍ ശ്രദ്ധയോടെ തൂക്കിയ രവിവര്‍മ ചിത്രങ്ങള്‍. ജനാലകളില്‍ ഇളംകാറ്റില്‍ ഓളംവെട്ടുന്ന, പട്ടിന്റെ മിനുസമുള്ള കര്‍ട്ടന്‍. മുറിയുടെ ഒരു മൂലയില്‍ അതിഥികളെയാകെ കോരിത്തരിപ്പിക്കുന്ന വിധം ഒരു സുന്ദരിയുടെ ദാരുശില്പം. മിനുസമുള്ള വെളുത്ത മാര്‍ബിള്‍ ആ മുറിയുടെ മാറ്റ് കൂട്ടിയിരുന്നു. ഇതെല്ലാം കണ്ടപ്പോള്‍ കുഞ്ഞുമോന് സന്തോഷം സഹിക്കാന്‍ കഴിഞ്ഞില്ല. ഇന്ന്, ഈ നിമിഷം മുതല്‍ ഈ മുറിയെ പ്രകാശപൂരിതമാക്കുന്നത് താനാണല്ലോ എന്നോര്‍ത്തപ്പോള്‍ കുഞ്ഞുമോന് അഭിമാനവും, തെല്ല് അഹംഭാവവും തോന്നി.

അങ്ങനെ ആ സ്വീകരണമുറിയെ പ്രകാശം ചാര്‍ത്തി കുഞ്ഞുമോന്‍ സന്തോഷത്തോടെ നാളുകള്‍ പിന്നിട്ടു. മറ്റു ബള്‍ബുകള്‍ക്ക് ഒന്നും കിട്ടാത്ത അപൂര്‍വസൗഭാഗ്യം സ്വന്തമായതില്‍ ആദ്യമാദ്യം അഭിമാനം കൊണ്ട കുഞ്ഞുമോന്‍ പതിയെ പതിയെ അഹങ്കാരത്തിലേക്ക് വഴുതിവീഴാന്‍ തുടങ്ങി.

കാലം പിന്നെയും കടന്നുപോയി.

അങ്ങനെയിരിക്കെ ഒരു ദിവസം വൈകുന്നേരം മാനം കറുക്കാന്‍ തുടങ്ങി. കാര്‍മേഘങ്ങള്‍ ആ നാടിനെ രാത്രിക്ക് മുന്‍പേ ഇരുട്ടണിയിച്ചു. നല്ലതോതില്‍ വീശിയടിച്ച കാറ്റ് ആ സ്ഥലത്തെയാകെ പിടിച്ചുലയ്ച്ചു.. പതിയെ കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഇടിവെട്ടാന്‍ തുടങ്ങി. രാത്രിയെ പകലാക്കുന്നവിധം മിന്നലടിച്ചു. പതിവുപോലെ തന്നെ, മാനം കറുത്തപ്പോള്‍ കറണ്ടും ചാഞ്ചാടാന്‍ തുടങ്ങി. ഇതിനെയെല്ലാം തൃണവല്‍ഗണിച്ച് നെഞ്ചും വിരിച്ചു മിന്നലിനെ നേരിടാന്‍ തന്നെ കുഞ്ഞുമോന്‍ തീരുമാനിച്ചു.

പക്ഷെ പ്രകൃതിയുണ്ടോ കാണുന്നു കുഞ്ഞുമോന്റെ വീര്യം ??!!!

അടുത്ത മിന്നലില്‍ കുഞ്ഞുമോന്‍റെ ഫിലമെന്‍റ് പൊട്ടി. അതുവരെ പ്രകാശം പരത്തിനിന്ന കുഞ്ഞുമോന്‍ കണ്ണടച്ചു. അത് കുഞ്ഞുമോന്‍റെ ജീവിതത്തിലെ ആദ്യത്തെ ഞെട്ടലായിരുന്നു. ഒന്ന് പൊട്ടിക്കരയാന്‍ തോന്നിയെങ്കിലും തന്‍റെ കരച്ചില്‍ കേള്‍ക്കാനോ തന്നെ ആശ്വസിപ്പിക്കാനോ ആരും ഇല്ലെന്നുള്ള സത്യം മനസിലാക്കിയപ്പോള്‍ കുഞ്ഞുമോന്‍ സങ്കടമെല്ലാം ഉള്ളിലൊതുക്കി. ഇനി താന്‍ എത്തിപ്പൊടാന്‍ പോകുന്ന ചവറുകൂനയെ ഓര്‍ത്ത്‌ കുഞ്ഞുമോന്‍റെ മനസ് വിങ്ങാന്‍ തുടങ്ങി.

എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.

ഫ്യൂസായ കുഞ്ഞുമോനെ കയ്യിലെടുത്തു നോക്കിയ പ്രമാണി കുഞ്ഞുമോനെ മേല്‍പ്പോട്ടാക്കി രണ്ടുമൂന്നുതവണ കറക്കുകയും കുലുക്കുകയും ചെയ്തു. അപ്പോഴേക്കും പൊട്ടിയ ഫിലമെന്‍റ് എങ്ങനെയോ കുടുങ്ങി ഒന്നുചേര്‍ന്നു. കുഞ്ഞുമോനെ തിരികെ ഹോള്‍ഡറില്‍ ഇട്ടിട്ട് സ്വിച്ച് ഇട്ടതും, അതാ കുഞ്ഞുമോന്‍ വീണ്ടും പ്രകാശിക്കുന്നു! തനിക്ക്‌ ഈ കിട്ടിയത് രണ്ടാം ജന്മം! കുഞ്ഞുമോന്‍ സകല ബള്‍ബ്‌ ദൈവങ്ങളോടും നന്ദി പറഞ്ഞു. വീണ്ടും, പഴയപോലെ കുഞ്ഞുമോന്‍ ആ സ്വീകരണമുറിയെ പ്രകാശിപ്പിച്ചു.
പിന്നെയും കാലം കുറെ കടന്നുപോയി.

കുഞ്ഞുമോന്‍ പലതിനും സാക്ഷിയായി. പിരിവുകാരെ കാണുമ്പോള്‍ തന്‍റെ ഉടമസ്ഥന്‍ ഒളിക്കുന്നതും, അവിടത്തെ പെണ്‍കുട്ടിയെ പലരും പെണ്ണുകാണാന്‍ വന്നതും, ഉടമയുടെ മകന്‍ രഹസ്യമായി കാമുകിക്ക് മെസ്സേജ് അയക്കുന്നതും, ഉടമയുടെ ഭാര്യയും അമ്മയും കൂടി കണ്ണീര്‍ സീരിയലുകള്‍ കണ്ടു കണ്ണീര്‍ വാര്‍ക്കുന്നതും, അങ്ങനെ പലതും കുഞ്ഞുമോന്‍ നല്‍കിയ വെളിച്ചത്തില്‍ ആയിരുന്നു. എണ്ണപ്പെട്ട നാളുകള്‍ മാത്രമേ തനിക്ക്‌ ആയുസ്സുള്ളൂ എന്നറിയാമെങ്കിലും കുഞ്ഞുമോന്‍ പിന്നെയും അഹങ്കാരിയായി മാറി.
പക്ഷെ, ആയുസിനും ഉണ്ടല്ലോ അതിരും വരമ്പും എല്ലാം.

അങ്ങനെ ഒരുനാള്‍ കുഞ്ഞുമോന്‍ കണ്ണുകള്‍ എന്നെന്നേക്കുമായി അടച്ചു. പ്രകാശമില്ലാത്ത കുഞ്ഞുമോനെ ഇനി ആര്‍ക്കുവേണം! കുഞ്ഞുമോനെ പ്രമാണി വീടിനു പിന്നിലെ കുപ്പയിലേക്ക് വലിച്ചെറിഞ്ഞു. ആ കുപ്പത്തൊട്ടി നേരെ എത്തിയത് കോര്‍പ്പറേഷന്‍ വക ചവറു സംസ്കരണ കേന്ദ്രത്തില്‍. ചവറുകള്‍ പൊടിച്ചു ചെറു തരികള്‍ ആക്കി ഉരുക്കിയെടുത്തു വീണ്ടും ഉപകരണങ്ങള്‍ നിര്‍മിക്കുകയാണ് അവിടെ. ചവറു കൂനയില്‍ തന്‍റെ മരണവും കാത്ത് കുഞ്ഞുമോന്‍ കിടന്നു.

രമ്യഹര്‍മ്യത്തിലെ സ്വീകരണമുറിയില്‍ നിന്നും അഴുകിയമര്‍ന്ന ചവറുകൂനയിലേക്ക്.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ ചെറിയ ചെറിയ തരികളായി ഉരുകിത്തീരും എന്ന് കുഞ്ഞുമോന് അറിയാം. ഇത് തന്‍റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ കുഞ്ഞുമോന് കിട്ടുന്ന അവസാന അവസരം. അവന്‍ ഓര്‍ത്തു - താന്‍ പകലന്തിയോളം പ്രകാശം പരത്തിയപ്പോള്‍ ആളുകള്‍ സന്തോഷിച്ചു. അതില്‍ താന്‍ അഹങ്കരിച്ചു. ഫിലമെന്‍റ് ഒന്ന് പൊട്ടിയപ്പോള്‍പോലും സഹായിക്കാന്‍ ആളുണ്ടായി. എന്നാല്‍ ഇനി ഉപയോഗമില്ല എന്ന് മനസിലായപ്പോള്‍ കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞു‍. ആര്‍ക്കും വേണ്ടാതെ ഒരു പാഴ്ജന്മമായി മാറി! ഇനി മരണത്തിനു മാത്രമേ തന്നെ രക്ഷിക്കാന്‍ കഴിയുള്ളൂ. അങ്ങനെ, ജീവിതത്തിന്‍റെ അന്ത്യനിമിഷങ്ങള്‍ അവന്‍ എണ്ണിയെണ്ണി കഴിച്ചുകൂട്ടി.

ഇനിയാണ് സംഗതി മാറുന്നത്!

ആ പരിസരത്തു കളിച്ചു നില്‍ക്കുകയായിരുന്നു കുറെ നാടോടി കുട്ടികള്‍. അതില്‍ ഒരുവന്‍ വന്നു ചവറുകൂനയില്‍ കുറേനേരം നോക്കിനിന്നു. എന്നിട്ടോ, ഒരു നീണ്ട കമ്പെടുത്തു നമ്മുടെ കുഞ്ഞുമോനെ തോണ്ടി ചവറുകൂനയ്ക്ക് പുറത്തേക്കിട്ടു. അപ്രതീക്ഷിതമായി മറ്റൊരാള്‍ കയ്യടക്കിയപ്പോള്‍ കുഞ്ഞുമോന്‍ ഒന്ന് ഞെട്ടി. അതും വൃത്തിയില്ലാത്ത ഒരു ചെറുക്കന്‍. അടുത്ത ഏതു നിമിഷവും ഈ ചെറുക്കന്‍ തന്നെ വലിച്ചെറിഞ്ഞു പൊട്ടിക്കാം എന്ന ഭീതിയില്‍ കുഞ്ഞുമോന്‍ കരഞ്ഞു.

ആ ബാലന്‍ കുഞ്ഞുമോനെ കൊണ്ടുപോയത് അവന്‍റെ കുടിലിലേക്ക് ആണ്. അവന്‍ ഒരു ആണിയെടുത്തു കുഞ്ഞുമോന്റെ പുറകില്‍ ഒരു ദ്വാരമിട്ടു. മരണത്തെ കാത്തിരുന്ന കുഞ്ഞുമോന് ഈ വേദന നിസാരമായിരുന്നു. അവന്‍ കുഞ്ഞുമോന്റെ അകത്തേക്ക് മണ്ണെണ്ണ ഒഴിച്ചു. പിന്നെ ആ ദ്വാരത്തിലൂടെ ഒരു തിരിയും കടത്തിവെച്ചു. എന്നിട്ട് കുഞ്ഞുമോനെ ആ കുടിലിന്‍റെ മുന്നിലുള്ള കല്‍തൂണില്‍ വെച്ചു. അന്ന് രാത്രിയായപ്പോള്‍ ആ ബാലന്‍ വന്നു കുഞ്ഞുമോന്‍റെ തിരി കൊളുത്തി. കുഞ്ഞുമോന്‍ ഇപ്പോള്‍ ഒരു മണ്ണെണ്ണ വിളക്കായി പ്രകാശിക്കാന്‍ തുടങ്ങി. ആ കുടിലും കുടിലില്‍ ഉള്ളവരുടെ സന്തോഷവും ദുഖവും എല്ലാം കുഞ്ഞുമോന്‍ നേരിട്ട് കണ്ടു. മഴയും വെയിലും കൊള്ളാതെ ആ നാടോടികള്‍ കുഞ്ഞുമോനെ സംരക്ഷിച്ചു. കുപ്പയ്ക്കുള്ളില്‍ നിന്നും തന്നെ കണ്ടെത്തി വീണ്ടുമൊരു ജന്മം നല്‍കിയ ആ "വൃത്തിയില്ലാത്ത" ചെറുക്കനോട് കുഞ്ഞുമോന്‍ അറിയാതെ നന്ദി പറഞ്ഞു.

അങ്ങനെ, ആ "മൂന്നാം ജന്മത്തില്‍" കുഞ്ഞുമോന്‍ വീണ്ടും പ്രകാശം പരത്താന്‍ തുടങ്ങി.
ഇത്തവണ തന്നെ തിരിച്ചറിയുന്ന, സംരക്ഷിക്കുന്ന ചിലരുടെ കൂടെ!

 

Saturday, June 09, 2012

ഒരു "മുടി"ഞ്ഞ പ്രണയം

സ്കൂള്‍ പഠന കാലത്തിനിടെ ഒരിക്കലെങ്കിലും "പ്രണയിക്കാത്ത" ആരുമുണ്ടാകില്ല. കൂടെ പഠിച്ച പെണ്‍കുട്ടിയോടോ, പയ്യനോടോ, അപ്പുറത്തെ ക്ലാസിലെ ജൂനിയറിനെയോ, എന്തിനേറെ പറയുന്നു, പഠിപ്പിക്കുന്ന ടീച്ചറിനോട് പോലും പ്രണയം തോന്നുന്ന കാലമാണ് ഹൈസ്കൂള്‍ കാലം. ആ പ്രായത്തില്‍ ഇത്തരം പ്രണയങ്ങള്‍ "വലിയ സംഭവം" ആണെന്ന് തോന്നിയേക്കാം. മിക്കവാറും സ്കൂള്‍ ജീവിതം അവസാനിക്കുമ്പോള്‍ ഇമ്മാതിരി പ്രണയങ്ങളും അവിടെവെച്ചു തന്നെ അവസാനിക്കാറാണ് പതിവ്. പിന്നീട് ജീവിതത്തില്‍ ഇതൊക്കെ ഓര്‍ക്കുമ്പോള്‍ തലയറഞ്ഞു ചിരിക്കാം എന്നതാണ് ഏറ്റവും വലിയ തമാശ.

ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ നടന്ന ഒരു "മുടി"ഞ്ഞ പ്രേമത്തിന്‍റെ കഥ പറയാം.

ഞങ്ങളുടെ ജൂനിയര്‍ ആയി പുതിയൊരു പെണ്‍കുട്ടി സ്കൂളില്‍ ചേര്‍ന്നു. വെളുത്തു സുന്ദരിയായ ഒരു പെണ്‍കുട്ടി. ആദ്യത്തെ നോട്ടത്തില്‍ തന്നെ ആ കുട്ടിയെ എല്ലാര്‍ക്കും വളരെയധികം "ഇഷ്ട്ടായി". അതെ, എനിക്കും "ഇഷ്ട്ടായി". അങ്ങനെ ആ കുട്ടിയോടുള്ള ഒരു "എന്തരോ ഒരു ഇത്" മനസ്സില്‍ അങ്ങനെ സൂക്ഷിച്ചിരിക്കുന്ന കാലം. ഒരിക്കല്‍ സുഗുണന്‍ മാഷിന്‍റെ മലയാളം ക്ലാസ്സ്‌.

സുഗുണന്‍ മാഷിന്‍റെ മലയാളം ക്ലാസ്സ്‌ ഒരു വല്ലാത്ത അനുഭൂതിയാണ്. പഠിക്കാനുള്ള പദ്യങ്ങളുടെയും കഥകളുടെയും ഓരോരോ വരികളുടേയും ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ പുതിയ പുതിയ അര്‍ത്ഥതലങ്ങള്‍ ഞങ്ങള്‍ക്ക് പറഞ്ഞുതരും. ഓ.എന്‍.വി കുറുപ്പിന്‍റെ ശിഷ്യനായിരുന്നു സുഗുണന്‍ മാഷ്‌. അതുകൊണ്ട്തന്നെ "ഭൂമിക്കൊരു ചരമഗീതം" പോലുള്ള പദ്യങ്ങള്‍ കവിയില്‍ നിന്നും നേരിട്ട് പഠിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതെല്ലാം ക്ലാസ്സില്‍ അതിമനോഹരമായി സുഗുണന്‍ മാഷ്‌ അവതരിപ്പിക്കും. നല്ല സൂപ്പര്‍ "ചൂരല്‍ക്കഷായം" ധാരാളം കിട്ടുമായിരുന്നെങ്കില്‍പ്പോലും മാഷിന്‍റെ ക്ലാസ്സിലിരിക്കാന്‍ ഓരോ വിദ്യാര്‍ത്ഥിക്കും ഇഷ്ടമായിരുന്നു.

അന്ന് സുഗുണന്‍ മാഷ്‌ ഏതോ പാഠഭാഗം പഠിപ്പിക്കുമ്പോള്‍ ഇങ്ങനെ ഒരു ഡയലോഗ് - "സീതാദേവിയുടെ മുടിയിഴകളോട്പോലും രാമന് പ്രണയം ആയിരുന്നു".

എന്ത്....???!!!

"മുടിയിഴകളെ പോലും പ്രണയിക്കുകയോ?" - ആ ഐഡിയ കൊള്ളാല്ലോ!

അങ്ങനെ എനിക്ക് ആ സുന്ദരിയുടെ "മുടിയിഴകളോട്" പ്രണയമായി. പതിയെ മനസിനുള്ളില്‍ ഒരു കല്യാണക്കുറി അച്ചുനിരത്താന്‍ തുടങ്ങി... മനസിനെ കല്യാണക്കുറി പ്രിന്‍റ് ചെയ്യാന്‍ വിട്ടിട്ട് അവളുടെ "മുടിയിഴകള്‍" എങ്ങനെ ഒപ്പിക്കാം എന്ന ചിന്തയിലായി ഞാന്‍. ആനവാല്‍ പറിക്കുന്നത്പോലെ പതുക്കെ പുറകെ ചെന്ന് രണ്ടു മുടി പിഴുതാലോ? വേണ്ട, അടികിട്ടും. രഹസ്യമായി പുറകെ ചെന്ന് കത്രിക കൊണ്ട് മുറിച്ചെടുത്ത് ഓടിയാലോ? വേണ്ട, അഥവാ മുടി മൊത്തത്തില്‍ മുറിഞ്ഞുപോയാല്‍ പിന്നെ എന്‍റെ പെട്ടിയില്‍ ആണിയടിച്ചാല്‍ മതി.

അപ്പോഴാണ്‌ ഒരു ദൈവദൂതനെ പോലെ, ഒരു ഹംസത്തെ പോലെ അവള്‍ വന്നത് - എന്‍റെ കൂടെ നഴ്സറി മുതല്‍ ഈ ക്ലാസ്സ്‌ വരെ കൂടെ പഠിക്കുന്ന, എന്‍റെ അയല്‍ക്കാരിയും കളിക്കൂട്ടുകാരിയും ആയ ആ "ദേവദൂതിക". പതിയെ അവളുടെയടുത്തു ചെന്ന് എന്‍റെ ആവശ്യം അറിയിച്ചു:

"ഡീ, എനിക്ക് ലവളുടെ രണ്ടു മുടി വേണം. ഒപ്പിച്ചു തരോ?"

"യെന്തര്..? മുടിയാ? നിനക്ക് എന്തെടെയ്‌ വട്ടാണാ...?" (തനി 'തിരോന്തരം' ശൈലിയില്‍)

"പോടീ... വട്ടൊന്നുമല്ല. പ്രണയം... അഗാധമായ പ്രണയം"

"പ്രണയമോ? പറ്റി! അതിന് നിനക്ക് അവളുടെ മുടി എന്തരിന്? വല്ല കൂടോത്രോം ചെയ്യാന്‍ തന്നേഡേയ്?"

"ഏയ്‌ അല്ലാന്നെ... സുഗുണന്‍ സാറ് പറഞ്ഞപോലെ എനിക്ക് അവളുടെ മുടിയിഴകളോട് അഗാധമായ പ്രണയം ആണെന്ന് തോന്നുന്നു... എനിക്ക് രണ്ടു മുടി വേണം സൂക്ഷിച്ചുവെക്കാന്‍"

"ഓ പിന്നേ! എനിക്ക് വേറെ പണിയില്ലാത്തപോലെ!"

"വെറുതെ വേണ്ട, സിപ്പപ്പ്‌ വാങ്ങിത്തരാം"

"ങാ എന്നാല്‍ നോക്കാം!"

അങ്ങനെ രണ്ടു സിപ്‌-അപ് വാങ്ങിക്കൊടുക്കാം എന്ന ധാരണയില്‍ ആ "ദേവദൂതിക" തന്‍റെ പ്ലാന്‍ തുടങ്ങി. ഇന്റര്‍വെല്‍ സമയം ആയപ്പോഴേക്കും അവള്‍ നേരെ "സുന്ദരിയുടെ" ക്ലാസിനു മുന്നിലെത്തി. "സുന്ദരിയെ" കൈകാണിച്ചു പുറത്തേക്ക് വിളിച്ചു. പിന്നേ പതിയെ കുശലാന്വേഷണങ്ങള്‍ തുടങ്ങി. ഇതെല്ലാം അല്പം ദൂരെനിന്നും ഞാന്‍ നിരീക്ഷിക്കുന്നുണ്ട്‌. "കിട്ടുമോ? കിട്ടൂല്ലേ? അതോ അവള്‍ ഇനി സംഗതി മൊത്തം കുളമാക്കുമോ?" തുടങ്ങിയ ചിന്തകള്‍ എന്‍റെ മനസ്സില്‍ അലയടിക്കാന്‍ തുടങ്ങി.

പതിയെ "ദേവദൂതിക" ആ "സുന്ദരിയുടെ" മുടിയിലൊക്കെ പിടിച്ചു തലോടാന്‍ തുടങ്ങി. ഇന്നത്തെ കാലം ആയിരുന്നെങ്കില്‍ ഏതാണ്ട് ഇതുപോലെ ആയിരിക്കും ഡയലോഗ് എന്ന് ഞാന്‍ ഊഹിക്കുന്നു - "ആഹാ, മുടി കൊള്ളാമല്ലോ.. നീ ധാത്രി ആണോ ഉപയോഗിക്കുന്നത്? ഞാന്‍ രണ്ടു സാമ്പിള്‍ എടുത്തോട്ടെ???". അങ്ങനെ മുടിയിഴകളെ തലോടലും സംഭാഷണവും നീണ്ടു. പെട്ടെന്ന് ക്ലാസ്സ്‌ തുടങ്ങുന്ന ബെല്‍ മുഴങ്ങി. "സുന്ദരി" ക്ലാസ്സിലേക്ക് കയറിയതും "ദേവദൂതിക" അവളുടെ മുടിയില്‍ കടന്നുപിടിച്ച് "ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ" എന്നമട്ടില്‍ രണ്ടുമൂന്നു മുടിയിഴകള്‍ ഇങ്ങു പറിച്ചെടുത്തു! എനിക്ക് "സുന്ദരിയുടെ" മുടിയിഴകള്‍ തന്നിട്ട് ഏതോ ഒരു ഭീകരദൌത്യം പൂര്‍ത്തിയാക്കിയ ഒരു ഭീകരന്റെ സന്തോഷത്തില്‍ സിപ്‌-അപ്പും പ്രതീക്ഷിച്ചു "ദേവദൂതിക" പോയി.

ഞാന്‍ ആ മുടിയിഴകള്‍ മലയാളം പുസ്തകത്തില്‍ മയില്‍പ്പീലി സൂക്ഷിക്കുന്നതുപോലെ സൂക്ഷിച്ചുവെച്ചു.

ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഈ "മുടി"ഞ്ഞ പ്രണയം മണ്ടത്തരം ആണെന്ന് മനസിലായി. അപ്പോഴേക്കും ചെറിയൊരു ചമ്മലോടെ ആ മുടിയിഴകള്‍ എങ്ങോട്ടോ ഞാന്‍ കളഞ്ഞു. പിന്നീടൊക്കെ ആ "സുന്ദരിയെ" കാണുമ്പോള്‍ ഒരുതരം ചമ്മല്‍ ആയിരുന്നു. "ദേവദൂതിക"യ്ക്ക് എന്നെ കളിയാക്കി ചിരിക്കാനുള്ള ഒരു വകയുമായി!

ഇന്ന്, പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം നില്‍ക്കുമ്പോള്‍, ആ പഴയ സ്കൂള്‍ പഠനകാലം ഒരുപാട് ചിരികള്‍ സമ്മാനിക്കുന്നു. അര്‍ത്ഥമറിയാതെ പ്രണയിക്കുന്നതും, അതിന്‍റെ പേരില്‍ തല്ലുകൂടുന്നതും, ഒരു നെല്ലിക്കയ്ക്ക് വേണ്ടി നെട്ടോട്ടം ഓടുന്നതുമൊക്കെ ഓര്‍ക്കാന്‍ രസമുള്ള ഓര്‍മ്മകള്‍ !

Thursday, May 24, 2012

വീടിനുള്ളിലെ ക്ഷുദ്രജീവികള്‍ ( ചില നടുക്കുന്ന ഓര്‍മ്മകള്‍ )

കുട്ടിക്കാലം മുതല്‍ മൂന്നു വര്‍ഷം മുന്‍പ് വരെ വേറൊരു ചെറിയ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. റോഡില്‍ നിന്നും ഒരു ചെറിയ ഇടവഴിയിലൂടെ ഒരുപാട് ഉള്ളിലായിട്ടാണ് ആ വീട്. ഗ്രാമപ്രദേശം ആയതിനാല്‍ അടുത്തകാലം വരെ അധികം അയല്‍വാസികളും ഉണ്ടായിരുന്നില്ല. മിക്കവാറും കാട് പിടിച്ച സ്ഥലം. കീരിയും പാമ്പും കുളക്കോഴിയും അടക്കം പല ജീവികളുടെയും ആവാസവ്യവസ്ഥ ആയിരുന്നു വീടിന്‍റെ പരിസരം.

പലപ്പോഴും ക്ഷുദ്രജീവികളെ പേടിച്ചാണ് സമയം കഴിച്ചുകൂട്ടിയത്. അത്തരം ചില ജീവികളുമായി നേരിട്ട് ഏറ്റുമുട്ടിയ അവസരങ്ങളും ധാരാളം. അതില്‍ മറക്കാനാവാത്ത ചിലത് പങ്കുവെക്കാം.

 

1. തറച്ചക്രം കളഞ്ഞുകിട്ടിയ കഥ.


അന്നെനിക്ക് പത്തു വയസു പ്രായം കാണും. വീട്ടില്‍ കറന്റ്‌ പോയ നേരം. മണ്ണെണ്ണവിളക്ക് പ്രകാശിക്കുന്നു. തീ കണ്ടാല്‍ അതില് പോയിരുന്നു കളിക്കുന്ന ഒരു പരിപാടി മിക്കവാറും എല്ലാര്‍ക്കും ഉണ്ടാകുമല്ലോ... അങ്ങനെ പത്രത്തിന്‍റെ ചുരുട്ടുകളും തീപ്പെട്ടിക്കോലുകളും കത്തിച്ച് സംതൃപ്തി അടഞ്ഞിരിക്കുകയാണ് ഞാന്‍ . അപ്പോഴാണ്‌ എന്തോ ഒരു സാധനം കണ്ടില്ലല്ലോ എന്ന് ഓര്‍ത്തത്.

ആ മുറിയുടെ ഒരു മൂലയില്‍ കുറെ സാധനങ്ങള്‍ കൂട്ടിയിട്ടിട്ടുണ്ട്. അതില്‍ എന്‍റെ കുറ്റിപ്പെന്‍സിലുകള്‍, വളപ്പൊട്ടുകള്‍, കളിപ്പാട്ടങ്ങളുടെ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങള്‍, സ്കൂള്‍ വിട്ടു പോരുന്ന വഴിയില്‍ അവിടുന്നും ഇവിടുന്നും പെറുക്കിയെടുത്ത അമൂല്യ വസ്തുക്കള്‍ അങ്ങനെ പലതും ഉണ്ട്. ഞാന്‍ ഇരുട്ടത്ത് അതിനിടയില്‍ പോയി കയ്യിട്ടു ഇളക്കിനോക്കി. ഞാന്‍ ഉദ്ദേശിച്ച സാധനം ഉണ്ടോ എന്ന് തപ്പുന്ന നേരത് വട്ടത്തിലുള്ള എന്തോ ഒന്ന് കയ്യില്‍ തടഞ്ഞു. ഇരുട്ടത്ത് അത് കയ്യിലെടുത്തു വിരലുകള്‍ കൊണ്ട് ഒരു പരിശോധന നടത്തി. സാധനം ഒരു തറച്ചക്രമാണ്. ദീപാവലി കഴിഞ്ഞപ്പോള്‍ അറിയാതെ അതിനിടയില്‍ പെട്ടുപോയതാകും.

എന്തായാലും നിനച്ചിരിക്കാതെ ഒരു തറച്ചക്രം കിട്ടിയതില്‍ ഞാന്‍ അതീവ സന്തുഷ്ടനായി. ആ "തറച്ചക്രവും" എടുത്തു ഞാന്‍ പതിയെ വെളിച്ചത്തിലേക്ക് വന്നു. പതിയെ ആ തറച്ചക്രം മണ്ണെണ്ണവിളക്കിന്‍റെ മങ്ങിയ വെളിച്ചത്തിലേക്ക് പിടിച്ചുനോക്കി. വെളിച്ചത്തില്‍ പിടിച്ചതും, എന്‍റെ തലയില്‍ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞതും, ഞാന്‍ "അയ്യോ" ന്ന് വിളിച്ചതും, ആ "തറച്ചക്രം" താഴേക്കിട്ടതും, എല്ലാം ഒരുമിച്ചു നടന്നു. എനിക്ക് കിട്ടിയ ആ "തറച്ചക്രം" വേറൊന്നുമല്ല - ഒരു മാടന്‍ തേരട്ട ചുരുണ്ട് കിടന്നതായിരുന്നു അത്! ചവറിനിടയില്‍ സ്വര്യവിഹാരം നടത്തിയ അട്ട ഞാന്‍ അതിനിടയ്ക്ക് കയ്യിട്ടുവാരുമ്പോള്‍ ചുരുണ്ടതാണ്. അതിനെയാണല്ലോ ഈശ്വരാ ഞാന്‍ തറച്ചക്രമാക്കിയത്!

പിന്നെ ജീവിതത്തില്‍ ഇന്നുവരെ, ദീപാവലിക്ക് വാങ്ങുന്ന ഒറിജിനല്‍ തറച്ചക്രം പോലും വിശദമായി നോക്കി അത് തേരട്ട അല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമേ ഞാന്‍ കൈവെക്കാറുള്ളൂ.

 

2. വിളിക്കാതെ കയറി വന്ന പാമ്പ്


വീട്ടില്‍ കറന്‍റ് കിട്ടുന്നതിനു വളരെ മുന്‍പ് സംഭവിച്ചതാണ്. രാത്രിയില്‍ ഉറങ്ങുന്നതിനു മുന്‍പായി വീടിനു മുന്നിലെ വാതില്‍ അടച്ചു കുറ്റിയിടാന്‍ പോയതാണ് അമ്മ. കുറെ കഴിഞ്ഞിട്ടും കാണുന്നില്ല. പോയി നോക്കുമ്പോള്‍ കാണുന്നത് വാതിലുമായി മല്‍പ്പിടിത്തം നടത്തുന്ന അമ്മയെയാണ്.

"തണുപ്പുകാലം അല്ലെ, വാതിലൊക്കെ വീര്‍ത്തിരിക്കുന്നതുകൊണ്ടാണ് വാതില്‍ അത്രപെട്ടെന്നൊന്നും അടയാത്തത്" - ഇതാണ് അമ്മയുടെ ന്യായീകരണം.

അച്ഛന്‍ മണ്ണെണ്ണവിളക്കും എടുത്തുവന്നു നോക്കുമ്പോള്‍ ആണ് അത് കണ്ടത് - വാതിലിന്‍റെ വിജാഗിരിയുടെ ഭാഗത്തുള്ള വിടവിലൂടെ ഒരുത്തന്‍ - ഒരു കുഞ്ഞു പാമ്പ്‌ - തലയിട്ടു നോക്കിയ നേരത്താണ് അമ്മ വാതില്‍ അടച്ചത്. അവന്‍ അവിടെയിരുന്നു ഞെരുങ്ങിയത് കാരണം വാതില്‍ അടയാത്തതാണ്. പക്ഷെ അത് അമ്മയോട് പറഞ്ഞാല്‍ അമ്മ പേടിച്ചു വാതിലില്‍ നിന്ന് കൈവിടും. കൈവിട്ടാല്‍ പാമ്പ് ചാടിവന്നു കയ്യില്‍കിട്ടുന്ന ആര്‍ക്കായാലും ഇട്ടു പണിതരും.

പിന്നെ പതുക്കെ അമ്മയോട് കാര്യം പറയാതെ "നീ വാതില്‍ അങ്ങനെ തന്നെ പിടിച്ചോ, ഞാന്‍ ഇപ്പ ശെരിയാക്കിത്തരാം" എന്ന് പറഞ്ഞു അച്ഛന്‍ പുറകിലെ വാതിലിലൂടെ പുറത്തിറങ്ങി മുന്‍വാതിലിനു പുറത്തുവന്നു ഒരു മടല് കൊണ്ട് ആ പാമ്പിനെ കുത്തിപ്പിടിച്ച ശേഷമാണ് അമ്മയോട് കാര്യം പറഞ്ഞത്. പ്രതീക്ഷിച്ചപോലെ, അമ്മ പിടിവിട്ടു, പാമ്പ് വാതിലിനിടയില്‍ നിന്നും റിലീസ് ആയി, പക്ഷെ അച്ഛന്‍റെ പിടിയിലുമായി.

ആ സംഭവത്തിന്‌ ശേഷം പലപ്പോഴും ഞാന്‍ ഓര്‍ക്കും - അമ്മ ആ സമയത്ത് വാതില്‍ അടച്ചില്ലായിരുന്നെങ്കില്‍ എന്ത് സംഭവിച്ചേനെ...?

 

3. പിന്നെയും പാമ്പുകള്‍ !


മേല്‍പ്പടി പാമ്പിന്‍റെ സംഭവത്തിന്‌ ശേഷം എപ്പോഴും വീട്ടില്‍ പാമ്പ് വല്ലതും ഉണ്ടോ എന്നൊരു പേടി ഉണ്ടായിരുന്നു. ആ ഒരു കാലഘട്ടത്തിലാണ് തിരുവനന്തപുരം മൃഗശാലയില്‍ പോകുന്നത്. അവിടത്തെ പാമ്പ് ശേഖരത്തില്‍ കുറെയധികം പാമ്പുകളെ കണ്ടു. അതില്‍ എന്നെ ഏറ്റവും പേടിപ്പിച്ചത് - ഒരു  കറിച്ചട്ടിയുടെ അടിയില്‍ ചുരുണ്ടിരിക്കുന്ന മൂര്‍ഖന്‍ ആണ്. കണ്ടാല്‍ പാമ്പ് ഉണ്ടെന്നു തോന്നുകേയില്ല. ചട്ടിയുടെ അടിയില്‍ ചുരുണ്ടിരിക്കുമ്പോള്‍ ചട്ടി ഒരു തിരുവയുടെ മുകളില്‍ എടുത്തുവെച്ചത്പോലെ.

പ്രസ്തുത "ചട്ടിപ്പാമ്പ്" എന്‍റെ തുടര്‍ന്നുള്ള രാത്രികള്‍ നിദ്രാവിഹീനങ്ങളാക്കി.

പിന്നീട് ആ വീട്ടിലെ ഇരുപതു വര്‍ഷത്തെ ജീവിതത്തിനിടയില്‍ വീടിനുള്ളില്‍ നിന്നും പലപ്പോഴായി കിട്ടിയത് മൂന്നു പാമ്പിന്‍ കുട്ടികളെ. ഇതൊക്കെ എങ്ങനെ വീട്ടിനുള്ളില്‍ എത്തുന്നു എന്ന് നോ ഐഡിയ. മൂന്നെണ്ണവും ശംഖുവരയന്‍ കുട്ടികള്‍ ആയിരുന്നു. നല്ല ഒന്നാന്തരം വിഷമുള്ള ഇനം. രണ്ടെണ്ണം അടുക്കളയില്‍ നിന്നും. ഒരെണ്ണം ഉത്തരത്തില്‍ നിന്നും. ആ ഒരെണ്ണം ഉത്തരത്തില്‍ കയറിപ്പറ്റിയത് എങ്ങനെ എന്നത് ഇന്നും ഉത്തരം മുട്ടിക്കുന്ന ഒരു ചോദ്യമാണ്.

 

4. തവളകള്‍ !


മഴക്കാലങ്ങളില്‍ വീടിനു ചുറ്റും തവളകള്‍ ആയിരുന്നു. ഇരുട്ട് വീഴുമ്പോള്‍ നാലുപാടുനിന്നും കേള്‍ക്കാം മധുരമനോഹര സംഗീതം. ഇതില്‍ ചിലരൊക്കെ വീടിനകത്തെ താമസിക്കുള്ളൂ. എല്ലാ മുറികളുടെയും മൂലകളില്‍ മിക്കപ്പോഴും ഒരു തവള വീതം കാണും. ഇവന്മാരെ പിടിക്കാന്‍വേണ്ടി കൊട്ടേഷന്‍ എടുത്തുകൊണ്ട് ചേരകളും വീടിനു ചുറ്റും അവസരം കാത്തു നടക്കുകയാണ്.

ഒരിക്കല്‍ അതിരാവിലെ ഞാന്‍ സ്കൂളില്‍ പോകാനിറങ്ങുമ്പോള്‍ അതാ മുറ്റത്തെ വാതില്‍ കടന്നു വരുന്നു ഒരു അതിഥി - ഒരു എമണ്ടന്‍ ചേര! അവന്‍റെ സ്വന്തം വീടുമാതിരി ആണ് വരവ്. എന്നെ നോക്കി "ഇയാള്‍ക്ക്‌ എന്താ ഹേ ഈ വീട്ടില്‍ കാര്യം" എന്ന് ചോദിക്കുന്ന മാതിരി ഒരു വരവ്. ഇത്തവണയും എന്‍റെ തലയില്‍ മിന്നല്‍പ്പിണര്‍ പാഞ്ഞു. ഞാന്‍ കിടന്നു നിലവിളിച്ചു. അവനു ചെവി ഉള്ളതുകൊണ്ടോ അതോ എന്‍റെ ഭീകരശബ്ദം തരംഗങ്ങളായി ഭൂമിയിലൂടെ കടന്നുചെന്ന് അവന്‍റെ ഓഡിയോ സെന്‍സറില്‍ തട്ടിയതുകൊണ്ടോ എന്നറിയില്ല, അവന്‍ വന്ന വരവിനു റിവേഴ്സ് ഇട്ടു പുറത്തേക്ക് പാഞ്ഞു.

 

പിന്നെയും പല ക്ഷുദ്രജീവികള്‍ കടന്നുവന്ന വീടാണ് അത്. വാവലുകള്‍, എലികള്‍ അങ്ങനെ പലതും.

കഴുക്കോലിന്‍റെ മുകളില്‍ നിന്നും സ്ഥിരം എലിക്കുഞ്ഞുങ്ങള്‍ മഴയായി വീഴുമായിരുന്നു. പെറ്റുവീണു ദിവസങ്ങള്‍ മാത്രം ആയവ. "ശിശുഹത്യ കൊടും പാപമാണ്" എന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് അവറ്റകളെ കൊല്ലാറില്ല. അതുകൊണ്ട് അല്‍പം ദൂരെ ഏതെങ്കിലും സ്ഥലത്ത് കൊണ്ടുപോയി ഒരു ചിരട്ടയിലാക്കി ആവശ്യത്തിന് ഭക്ഷണവും വെള്ളവും ചേര്‍ത്തു വെച്ചിരിക്കും. അഥവാ അതിനെ അന്വേഷിച്ചു അതിന്‍റെ അമ്മച്ചിയെങ്ങാന്‍ വന്നാലോ? പാവം, മക്കളെ വളര്‍ത്തി വലുതാക്കട്ടെ :-)

ഇനി എന്‍റെ സംശയം - ഇതിനെ "മനുഷ്യത്വം" എന്നാണോ അതോ "എലിത്വം" എന്നാണോ പറയുക?

Saturday, May 05, 2012

പച്ച നിറമുള്ള കാലുകളും, "ഹൃദയം പൊട്ടിയ" ചോരയും

സംഭവം നടന്നത് മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പാണ്.

രാവിലെ നല്ല മഴയുണ്ട്. പക്ഷെ അതുകൊണ്ട് ജോലിക്ക് പോകാതിരിക്കാന്‍ പറ്റില്ലല്ലോ... അങ്ങനെ മഴ അല്പമൊന്നു തോര്‍ന്നപ്പോള്‍ മഴക്കോട്ടും എടുത്ത്‌ ബൈക്കില്‍ ഓഫീസിലേക്ക്‌ യാത്രയായി.

കുറച്ചു ദൂരം എത്തിയപ്പോള്‍ എന്‍റെ ഒരു പഴയ സുഹൃത്ത്‌ സൈക്കിളില്‍ വരുന്നു. പുള്ളിക്കാരന്‍ ആണ് ആ പ്രദേശത്തെ പത്രവിതരണം കൈകാര്യം ചെയ്യുന്നത്. മഴ അല്പമൊന്നു തോര്‍ന്ന നേരം നോക്കി പത്രങ്ങള്‍ മുഴുവനും പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞു സൈക്കിളില്‍ വരുകയാണ്.

കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് അവനെ കാണുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ അവനെ കണ്ടപ്പോള്‍ വണ്ടി നിര്‍ത്തി. വെറുതെ കുശലം പറഞ്ഞു നില്‍ക്കുമ്പോള്‍ ആണ് അവന്‍റെ മുഖത്തെ വിഷാദഭാവം ഞാന്‍ ശ്രദ്ധിച്ചത്. കൂടുതല്‍ ഫോര്‍മാലിറ്റി ഒന്നും ഇല്ലാതെ അവന്‍ പതിയെ ചെരുപ്പ് ഊരി അവന്‍റെ കാല്‍പാദങ്ങള്‍ എന്നെ കാണിച്ചു.

ഞാന്‍ ഒന്ന് ഞെട്ടി. അവന്‍റെ കാല്‍വെള്ളയും പാദങ്ങളും മുഴുവനും പച്ച നിറം...!

രാവിലെ കുഴപ്പമൊന്നും ഇല്ലായിരുന്നു, ഇടയ്ക്ക് എപ്പോഴോ നോക്കിയപ്പോള്‍ ആണ് പച്ച നിറം ശ്രദ്ധയില്‍ പെട്ടത് എന്ന് അവന്‍ പറഞ്ഞു.

അതിരാവിലെ ഉണങ്ങാത്ത പത്രത്തില്‍ നിന്നും പച്ച മഷി വല്ലതും ആയതാണോ എന്ന് അന്വേഷിച്ചപ്പോള്‍ അല്ല എന്ന് അവന്‍ ഉറപ്പിച്ചു പറഞ്ഞു. അവന്‍ പത്രത്തില്‍ ഒന്നും ചവിട്ടിയില്ല, വീട്ടില്‍ നിന്നും ചെരുപ്പും ധരിച്ചാണ് രാവിലെ ഇറങ്ങിയതത്രേ...!

പിന്നെയും അവന്‍ കാലു കാണിച്ചിട്ട് ആ പച്ചനിറം തൊലിക്ക് ഉള്ളിലാണ് എന്നുകൂടി പറഞ്ഞതോടെ ഞാന്‍ ഇതെന്തോ ഒരു  മാരക രോഗമാണ് എന്ന് മനസ്സില്‍ ഉറപ്പിച്ചു. പലതരം മഴക്കാല രോഗങ്ങളെ കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. മണ്ണിര കടിച്ചാല്‍ ഇങ്ങനെ വരുമോ?? ഏയ്‌ ഇല്ല ഇല്ല... ഇനി കാലില്‍ മൊത്തം പായല്‍ പിടിച്ചതാണോ?? അങ്ങനെ ഉണ്ടാകുമോ???

"നീ എത്രയും വേഗം പോയി ഡോക്ടറിനെ കാണൂ" എന്ന് പറയാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ...

അവന്‍ ഡോക്ടറിനെ കാണുന്നതും മരുന്ന് കഴിക്കുന്നതും ചിന്തിച്ചു വിഷാദമൂകനായി നില്‍ക്കുമ്പോഴാണ് ഞാന്‍ അത് കണ്ടത് - ആ പച്ചനിറം അവന്‍റെ പാദങ്ങളില്‍ മാത്രമല്ല, കാലിന്‍റെ മുകളിലേക്ക് കയറിപ്പോവുകയാണ്... അപ്പോഴാണ്‌ അങ്ങനെയൊരു കാര്യം അവനും കാണുന്നത്...

എന്‍റെ കണ്ണുകള്‍ ആ കാലുകളുടെ മുകളിലേക്ക് നടന്നു കയറി... പതിയെ അവന്‍റെ പാതി നനഞ്ഞ "പച്ച നിറമുള്ള" ലുങ്കിയില്‍ ഉടക്കി നിന്നു. ട്വിസ്റ്റ്‌...! ട്വിസ്റ്റ്‌...! എന്ത് നിറമുള്ള ലുങ്കി...??? പച്ച നിറം... പച്ച  പച്ച...!!

അവന്‍റെ ജീവിതം തന്നെ നശിപ്പിക്കാന്‍ പോന്ന ആ "രോഗത്തിന്‍റെ" കാരണം മനസിലായത് അപ്പോഴാണ്‌!!!

പച്ച നിറമുള്ള പുതിയ ലുങ്കിയുടുത്ത് ചാറ്റല്‍മഴ നനഞ്ഞു നടക്കുമ്പോള്‍, ലുങ്കി നനഞ്ഞു പതിയെ പതിയെ അതിലെ നിറം ഇളകി ആശാന്‍റെ കാലില്‍ കൂടി ഊര്‍ന്നിറങ്ങി ചെരുപ്പില്‍ കിടന്നു പാദവും കാലും പച്ചനിറം ആയതാണ്...!!!

കാര്യം മനസിലായതോടെ അവനു ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷമായിരുന്നു...! പറ്റിയ അബദ്ധം ഓര്‍ത്തു ഞങ്ങള്‍ രണ്ടും ചിരിച്ചു.. പിന്നെ സന്തോഷത്തോടെ അവന്‍ അവന്‍റെ ജോലിയിലേക്ക്‌ പോയി.

അതിരാവിലെ ഒരു കൂട്ടുകാരന്‍റെ "ജീവന്‍ രക്ഷിക്കാന്‍ " കഴിഞ്ഞതില്‍ കൃതാര്‍ത്ഥനായി ഞാനും ഓഫീസിലേക്ക്‌ വിട്ടു!

***   ***   ***   ***   ***

ഈ സംഭവം കഴിഞ്ഞപ്പോള്‍ സാമ്യമുള്ള മറ്റൊരു സംഭവം ഓര്‍മവന്നു...

മുന്‍പ്, കോളേജില്‍ ജോലി ചെയ്തിരുന്നകാലത്ത് നടന്നത്.

ഒരിക്കല്‍ കോളേജില്‍ നിന്നും തിരികെ വീട്ടിലെത്തിയ ഞാന്‍ ഷര്‍ട്ട്‌ ഒക്കെ ഊരിക്കളഞ്ഞ ശേഷം കുളിക്കാന്‍ തയ്യാറായി അവിടെയും ഇവിടെയുമൊക്കെ കറങ്ങി നില്‍ക്കുന്ന നേരം. അതുവരെ പുറത്തെവിടെയോ നിന്ന അമ്മ എന്‍റെ അടുത്തേക്ക് വന്നിട്ട് ഒരു നിലവിളി...!

എന്‍റെ നെഞ്ച് ചൂണ്ടിക്കാട്ടി "ഡേയ് നിനക്കിത് എന്തുപറ്റി?" എന്നൊരു ചോദ്യവും.

അപ്പോഴാണ്‌ ഞാനും അത് കാണുന്നത് - എന്‍റെ നെഞ്ചിന്റെ ഇടതുഭാഗത് മൊത്തം ചോര...!!! ഹൃദയം പൊട്ടി ഒഴുകിയിറങ്ങിയ പോലെ...! കണ്ണാടിയില്‍ നോക്കിയപ്പോഴേക്കും എനിക്ക് നെഞ്ച് വേദന വരുന്നതുപോലെ ഒരു തോന്നല്‍... കൂടെ തൊലിപ്പുറത്ത് നല്ല നീറ്റലും.

"ദൈവമേ, ഇത്ര ചെറുപ്പത്തില്‍ തന്നെ എന്നെ ഒരു ഹാര്‍ട്ട് പേഷ്യന്റ്‌ ആക്കണോ???" എന്നുള്ള ചോദ്യമൊക്കെ ഒറ്റനിമിഷം കൊണ്ട് തലയില്‍ മിന്നി...!

പെട്ടെന്ന്‍ തന്നെ ആ ഞെട്ടലില്‍ നിന്നും എഴുനേറ്റു... നോക്കുമ്പോള്‍ ചോരയ്ക്ക് എന്തോ ഒരു പ്രത്യേക മണം... കാര്യം ഏതാണ്ട് പിടികിട്ടി... ഷര്‍ട്ട് എടുത്തു നോക്കുമ്പോള്‍ പോക്കറ്റിന് താഴോട്ടു മുഴുവനും അതേ "ചോര"...! കറുത്ത ഷര്‍ട്ട്‌ ആയതുകൊണ്ട് പെട്ടെന്ന് അറിയില്ല.

അതേ, നിങ്ങള്‍ ഊഹിച്ചത് തന്നെ. സ്ഥിരമായി ചുവന്നമഷി പേന ഉപയോഗിക്കുന്നതുകൊണ്ട് പോക്കറ്റില്‍ ഇപ്പോഴും ഒരു ചുവന്നമഷി പേന കാണും. അന്നും ഉണ്ടായിരുന്നു, ആരുടെയോ കയ്യില്‍നിന്നും കിട്ടിയ ഒരു ചുവന്നമഷി ജെല്‍ പേന. പോക്കറ്റില്‍ കുത്തി വെച്ചിരുന്നപ്പോള്‍ ഫിസിക്സിലെ ഏതൊക്കെയോ സിദ്ധാന്തങ്ങള്‍ അനുസരിച്ച് മഷി താഴോട്ടു ഒഴുകി എന്നെ "ചോരയില്‍ " കുളിപ്പിച്ചതാണ്...!

പക്ഷെ എനിക്ക് തോന്നിയ നീറ്റല്‍ ഉള്ളത് തന്നെ... അത് കഠിനമായി തോന്നിയത് ആ "ചോര" കണ്ടപ്പോഴാണെന്നു മാത്രം!

***   ***   ***   ***   ***

നിറങ്ങള്‍ കൊണ്ട് എന്തെല്ലാം കാര്യങ്ങള്‍...! ഏഴുനിറത്തില്‍ മഴവില്ല്, നിറങ്ങള്‍ ആഘോഷിക്കാന്‍ ഹോളി... അതിനിടയില്‍ ഇതുപോലെ "നിറം കലര്‍ന്ന" ചില രസമുള്ള ഓര്‍മകളും...!

Monday, April 09, 2012

ചില മൊബൈല്‍ കഥകള്‍ ...

മൊബൈല്‍ ഇന്ന് ജീവിതത്തിന്‍റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായി മാറിയിരിക്കുകയാണ്. "കാണം വിറ്റും കണക്ഷന്‍ എടുക്കുന്ന" ഒരു കാലത്തിലാണ് നാം ഇന്ന് ജീവിക്കുന്നത് തന്നെ. നമുക്ക് ചുറ്റും കാണുന്നവരില്‍ നിന്നും മൊബൈല്‍ ഇല്ലാത്തവരെ കണ്ടുപിടിക്കാന്‍ പ്രയാസം തന്നെ!



മൊബൈല്‍ ഫോണ്‍ പലപ്പോഴും പല തമാശകള്‍ക്കും വഴി വെക്കാറുണ്ട്. അത്തരത്തില്‍ എന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ചില രസകരമായ മൊബൈല്‍ സംഭവങ്ങള്‍ ഇവിടെ പറയാം.

 

***     ***    ***     ***

 

കോളേജില്‍ എന്‍റെ കൂടെ ജോലി ചെയ്തിരുന്ന ഗോമതി ആണ് ഈ കഥയിലെ ഇര. ഒരിക്കല്‍ ഞാന്‍ ഗോമതിയുടെ മൊബൈല്‍ പതുക്കെ അടിച്ചുമാറ്റി അതില്‍ എന്‍റെ കോണ്ടാക്റ്റ് നെയിം മാറ്റി "Airtel" എന്നാക്കി. അന്ന് ഞാന്‍ ഗോമതിക്ക് ഒരു മെസ്സേജ് അയച്ചു. അത് കാണുന്നത് ഇങ്ങനെ:

Message From: Airtel
Body: "Please pay your Airtel bill immediately. Otherwise your connection will be terminated without any further notice"

പാവം ഗോമതി ഒന്നും മനസിലാകാതെ നിന്നു. തന്‍റെ prepaid മൊബൈലില്‍ ബില്‍ ഉണ്ടോ എന്ന് സംശയിച്ചു. പിന്നെ പതുക്കെ സംഭവം മറന്നു. എന്‍റെ കോണ്ടാക്റ്റ് നെയിം മാറ്റിയ കാര്യം ഞാനും  മറന്നു.

കുറച്ചു നാള്‍ കഴിഞ്ഞു ഒരു ദിവസം ഉച്ചക്ക് ഞാന്‍ ഗോമാതിക്ക് മെസ്സേജ് അയച്ചു. അത് ഗോമതി കാണുന്നത് ഇങ്ങനെ:

Message From: Airtel
Body: "Food kazhikkaan varunno????"

ഇത്തവണ ഗോമതിക്ക് കാര്യം മനസിലായി. വടി ആയത് ഞാന്‍ ..!

 

***     ***    ***     ***
ഇതുപോലെ തന്നെ ബ്ലൂടൂത്ത്‌ നെയിം മാറ്റുന്നതും ഒരു ക്രൂര വിനോദം ആയിരുന്നു. ഒരിക്കല്‍ ഞാന്‍ ഗോമതിയുടെ ഫോണില്‍ ബ്ലൂടൂത്ത്‌ നെയിം മാറ്റി. വളരെ നാളുകള്‍ക്ക്‌ ശേഷം ഗോമതി ആ ഭീകര സത്യം തിരിച്ചറിഞ്ഞു - തന്‍റെ ഫോണ്‍ ബ്ലൂടൂത്ത്‌ ഓണ്‍ ആക്കി മറ്റുള്ളവര്‍ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ കാണുന്ന "komalan vadakara" എന്ന് പേരുള്ള ഡിവൈസ് തന്‍റെ സ്വന്തം ഫോണ്‍ തന്നെ ആണെന്ന്!!!
പാവം, അത് കാരണം പുള്ളിക്കാരിക്ക് വളരെ പ്രിയപ്പെട്ട ഏതൊക്കെയോ പാട്ടുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയാതെ നഷ്ടമായി...!

എന്‍റെ കൂട്ടുകാരന്‍ മിഥുന്‍ മോഹന്‍റെ ബ്ലൂടൂത്ത്‌ നെയിം ഞാന്‍ മാറ്റിയത് "kaattumooppan" എന്നായിരുന്നു. ഇത് അവന്‍ പഠിപ്പിക്കുന്ന പൊളിടെക്നിക്കില്‍ ആരൊക്കെയോ കാണുകയും, അവനു കാട്ടുമൂപ്പന്‍ എന്ന് പേര് വീഴുകയും ചെയ്തു എന്ന് ഒരു കഥ. സത്യമാണോ എന്തോ...!

 

***     ***    ***     ***

 

എന്‍റെ സുഹൃത്ത് സുഭാഷ്‌ ഒരിക്കല്‍ ചെയ്തത് വളരെ ഭീകരമായിരുന്നു. ഞങ്ങള്‍ എല്ലാരും കൂടി "കംബൈന്‍ സ്റ്റഡി" നടത്താന്‍ ദിലീപിന്‍റെ വീട്ടില്‍ പോവുകയും അവിടെ വെച്ച് കംബൈന്‍ സ്റ്റഡി വളരെ വേഗം "കംബൈന്‍ സ്ലീപ്" ആയി പുരോഗമികുകയും ചെയ്യുന്നു. ആ സമയത്ത് ഒരു കള്ളനെപോലെ സുഭാഷ്‌ മാത്രം ഉണര്‍ന്നിരുന്നു "പഠിക്കുന്നു". പാവം, പഠിക്കട്ടെ, ശല്യം ചെയ്യണ്ടാന്നു കരുതി.

പിറ്റേന്ന് ആണ് സുഭാഷിന്റെ "പഠനം" എന്താണെന്ന് മനസിലായത്. അവന്‍ ഞങ്ങളില്‍ പലരുടെയും ഫോണ്‍ എടുത്തു കൂട്ടുകാരുടെയും കാമുകിമാരുടെയും ശത്രുക്കളുടെയും നമ്പരുകള്‍ തമ്മില്‍ മാറ്റി.  ആരൊക്കെ ആരൊക്കെയാണ് എന്ന് അറിയാതെ ഓരോരുത്തര്‍ക്കായി അമളി പറ്റി തുടങ്ങിയപ്പോള്‍ ആണ് സംഭവം പുറത്തായത്.

പക്ഷെ, ആരുടെയൊക്കെ പേരുകളും നമ്പരുകളും ആണ് മാറ്റിയതെന്ന് സുഭാഷ്‌ ഒരു ലിസ്റ്റ് എഴുതി വെച്ചിരുന്നത് കൊണ്ട് കുറെ യുദ്ധങ്ങള്‍ ഒഴിവായിക്കിട്ടി!

 

***     ***    ***     ***

 

റിംഗ്ടോണ്‍ പലപ്പോഴും തമാശകള്‍ ഒപ്പിക്കാറുണ്ട്. മണിച്ചിത്രത്താഴില്‍ നാഗവള്ളി വരുമ്പോള്‍ കേള്‍ക്കുന്ന ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ ആണ് വിഷ്ണു മേനോന്‍ കുറച്ചുകാലം റിംഗ്ടോണ്‍ ആയി ഉപയോഗിച്ചത്. ഒരിക്കല്‍ അവന്‍റെ വീട്ടില്‍ രാത്രി പവര്‍ കട്ട്‌ സമയത്ത് ആരോ അവന്‍റെ ഫോണില്‍ വിളിച്ചു, ഇരുട്ടത്ത് വളരെ ഉച്ചത്തില്‍ പ്രസ്തുത റിംഗ്ടോണ്‍ കേട്ട് പാവം മേനോന്‍ പേടിച്ചുപോയി എന്ന് പറഞ്ഞു കേട്ടു. പക്ഷെ അവന്‍ അത് സമ്മതിക്കുന്നില്ല എന്നുള്ളത് മറ്റൊരു നഗ്നസത്യം.

സുഭാഷിന്റെ റിംഗ്ടോണ്‍ ആയി പൂച്ച കരയുന്ന ശബ്ദം കുറേകാലം ഉണ്ടായിരുന്നു. ഒരിക്കല്‍ നമ്മുടെ ഒരു കൂട്ടുകാരിയുടെ അച്ഛനുമായി വളരെ ഗൌരവമേറിയ ചര്‍ച്ച നടത്തുകയാണ് ഞങ്ങള്‍. പെട്ടെന്ന്  സുഭാഷിന്റെ പോക്കറ്റില്‍ നിന്നും പൂച്ച കരയുന്ന ശബ്ദം. ഞങ്ങള്‍ക്ക് കാര്യം മനസിലായി. പക്ഷെ കൂട്ടുകാരിയുടെ അച്ഛന്‍ ഒന്ന് ഞെട്ടി. ആ സംഭവം ചിരിക്കാന്‍ ഒരുപാട് വക നല്‍കി...!

 

***     ***    ***     ***
മൊബൈലില്‍ അലാറം വയ്ക്കുമ്പോള്‍ ഒരു നൂറു അബദ്ധങ്ങള്‍ പറ്റാറുണ്ട്. അതില്‍ ചിലത് പറയട്ടെ.

1. അലാറം സെറ്റ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് രാവിലെ 5 മണിക്ക്, അലാറം വയ്ക്കുന്നതോ, 5pm നും.
2. അലാറം സെറ്റ്‌ ചെയ്യുന്നു, എന്നിട്ട് അലാറം ടോണ്‍ ആയി "silent" തിരഞ്ഞെടുക്കുന്നു... ആര് കേള്‍ക്കാന്‍!!!
3. ചിലപ്പോള്‍ മൊബൈലില്‍ 24 മണിക്കൂര്‍ സമയം ആയിരിക്കും. അപ്പോഴും അബദ്ധം ഉണ്ടാകാറുണ്ട് - ഉച്ചക്ക് 3 മണിക്ക് അലാറം വെയ്ക്കും, അലാറം അടിക്കുന്നതോ, അതി രാവിലെ 3 മണിക്കും.

പിന്നെ എന്‍റെ, അല്ല, എല്ലാരുടെയും ഒരു അനുഭവം ആണ് - ഏതെങ്കിലും ഒരു പാട്ട് വെറുക്കണോ...? ആ പാട്ട് നിങ്ങളുടെ രാവിലത്തെ അലാറം ടോണ്‍ ആയി സെറ്റ്‌ ചെയ്യുക. ഒരാഴ്ചക്കുള്ളില്‍ നിങ്ങള്‍  ആ പാട്ട് വെറുത്തിരിക്കും. (ഞാന്‍ അങ്ങനെ വെറുത്തു പോയ ഒരു പാട്ടാണ് "മിന്നാമിന്നിക്കൂട്ടം" ചിത്രത്തിലെ "മിഴി തമ്മില്‍ പുണരുന്ന നേരം..." എന്ന പാട്ട്)

 

***     ***    ***     ***

 

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെക്കുമ്പോള്‍ പറ്റുന്ന അബദ്ധങ്ങള്‍ വേറെ ചിലതുണ്ട്, അതും കൂടി പറയണമല്ലോ.

1. ചാര്‍ജര്‍ പ്ലഗ്ഗില്‍ കുത്തി, മൊബൈലിലും കണക്റ്റ്‌ ചെയ്തു, പക്ഷെ പ്ലഗ്ഗിന്റെ സ്വിച്ച് ഓണ്‍ ചെയ്യാന്‍ മറന്നെന്നു മനസിലാകുന്നത് 3 മണിക്കൂര്‍ കഴിഞ്ഞാകും.
2. ഇത്തവണ സ്വിച്ച് ഓണ്‍ ചെയ്തു... പക്ഷെ പിന്നീട് മനസിലാകും ചാര്‍ജര്‍ മൊബൈലില്‍ കണക്ട് ചെയ്യാന്‍ മറന്നു എന്ന്...!!! എങ്ങനെ ദേഷ്യം വരാതിരിക്കും!
3. ഇത്തവണ എല്ലാം കൊടുത്തിട്ടുണ്ട്‌, എല്ലാം ഓക്കേ ആണ്... പക്ഷെ.... പക്ഷെ... വീട്ടില്‍ കറന്റ്‌ ഇല്ല....!!! #@*&@&^#(@

 

***     ***    ***     ***

 

മൊബൈല്‍ ഫോണ്‍ ഇല്ലാത്തവരായി ഇന്ന് വളരെ ചുരുക്കം പേര്‍ മാത്രം. നിങ്ങള്‍ക്കും ഉണ്ട് മൊബൈല്‍ ഫോണ്‍. അപ്പൊ നിങ്ങള്‍ക്കും ഇതുപോലെ മണ്ടത്തരങ്ങളും തമാശകളും ഉണ്ടായിട്ടുണ്ടോ? നിങ്ങള്‍ ആരെയൊക്കെ പറ്റിച്ചിട്ടുണ്ട്...? അതൊക്കെ ഇവിടെ ഷെയര്‍ ചെയ്തോളു...!

Saturday, May 14, 2011

ഒരു കഥ - "ഈ യാത്ര തുടരും..."

(കഴിഞ്ഞ ഓഗസ്റ്റില്‍ 20 രൂപ കൊടുത്തു ഒരു മഷിപ്പേന വാങ്ങിയപ്പോള്‍ വെറുതെ ഒരു ആവേശത്തിന് ഡയറിയില്‍ കുറിച്ച ഒരു കഥയാണ് ഇത്. മഷിപ്പേന ഉപയോഗിച്ച് എഴുതിയാല്‍ ഞാന്‍ ഒരു വലിയ എഴുത്തുകാരന്‍ ആയാലോ? അതിന്റെ ഒരു പരീക്ഷണം ആയിരുന്നു ഇത്...!!!!)ഈ യാത്ര തുടരും...
(കഥ)

അയാളൊരു വലിയ കടക്കാരന്‍ ആയിരുന്നു. സ്വന്തമായി പലചരക്ക് കട നടത്തി കടക്കാരന്‍ ആയതല്ല, പണം കടം വാങ്ങി കടക്കാരന്‍ ആയതാണ്. മകളുടെ വിവാഹം നടത്തി അയച്ചു. ഇപ്പൊ വീട്ടില്‍ ഏകാന്തവാസം. എന്നും വീട്ടുമുറ്റത്ത് കടം വീട്ടാനുള്ളവരുടെ ബഹളം ആണ്. എന്നും ഓരോരോ ഒഴികഴിവുകള്‍ പറഞ്ഞു തടിതപ്പും.

അന്നൊരു ദിവസം കഷ്ടകാലത്തിനു അയാള്‍ ലോട്ടറി എടുത്തു, അതിനു തന്നെ ഒന്നാം സമ്മാനം അടിക്കുകയും ചെയ്തു. പറഞ്ഞിട്ടെന്താ, പകുതി പണം പല പല നികുതികള്‍ ആയി തീര്‍ന്നു. ബാക്കി പകുതി കടം തന്ന ആളുകള്‍ പിടിച്ചുപറിച്ചുകൊണ്ട് പോയി. എല്ലാം കഴിഞ്ഞപ്പോള്‍ വീണ്ടും പഴയപോലെ കയ്യില്‍ പൂജ്യം മാത്രം ബാക്കി.

ഒരു കടക്കാരന്‍ ആയിരുന്നപ്പോള്‍ ഉണ്ടായിരുന്നു ആ ഒരു "ത്രില്‍ " നഷ്ടപെട്ട സത്യം അയാള്‍ മനസിലാക്കി. ഇപ്പോള്‍ തന്നെ ആരും തന്നെ "മൈന്‍ഡ്" ചെയ്യുന്നില്ല. അല്ലെങ്കില്‍ രാവിലെ എല്ലാരും വീട്ടുപടിക്കല്‍ വന്നു വരവ് വച്ചിട്ട് മാത്രമേ പോകുള്ളൂ.

ഒരു കടക്കാരന്റെ "ത്രില്‍ " പോയതോടെ അയാള്‍ ഇഹലോകവാസം വെടിയാന്‍ തീരുമാനിച്ചു. കടല്‍പ്പാലത്തില്‍ പോയി കടലില്‍ ചാടാന്‍ ആയിരുന്നു പ്ളാന്‍ . അങ്ങനെ അന്ന് തന്നെ അയാള്‍ കടല്‍പ്പാലത്തില്‍ കയറി ചാടാനോരുങ്ങുമ്പോള്‍..... അതാ തറയില്‍ എന്തോ ഒന്ന് തിളങ്ങുന്നു. കയ്യിലെടുത്തു നോക്കിയപ്പോള്‍ ഒരു സ്വര്‍ണ ലോക്കറ്റ്. അയാള്‍ക്ക സന്തോഷം സഹിക്കാന്‍ കഴിഞ്ഞില്ല. അതുമെടുത്തു ഒരു തട്ടാന്റെയടുത്തെക്ക് അയാള്‍ ഓടി.

പക്ഷെ, വിധി അയാള്‍ക്കിട്ടു വീണ്ടും നന്നായി "പണിഞ്ഞു". അത് സ്വര്‍ണം ആയിരുന്നില്ല. വെറും മുക്കുപണ്ടം. കാല്‍ കാശിനു കൊള്ളാത്ത മുക്കുപണ്ടം. നിരാശനായ അയാള്‍ വീണ്ടും ആത്മഹത്യ തന്നെ ശരണം എന്ന് തീരുമാനിച്ചു.

അടുത്ത ദിവസം റെയില്‍വേ പാളം ആണ് അയാള്‍ തിരഞ്ഞെടുത്തത്.

രാത്രി ആയപ്പോള്‍ നിലാവിന്റെ വെളിച്ചത്തില്‍ അയാള്‍ പാളത്തിലെത്തി. പാലത്തില്‍ കിടക്കാന്‍ കുനിഞ്ഞപ്പോള്‍ ആണ് പാറക്കഷ്ണങ്ങളുടെ ഇടയില്‍ എന്തോ ഒന്ന് തിളങ്ങുന്നത് അയാള്‍ കണ്ടത്. അതാ വീണ്ടുമൊരു സ്വര്‍ണ ലോക്കറ്റ്...!!!! പക്ഷെ ഇത്തവണ പറ്റിപ്പ് പരിപാടി നടപ്പില്ല എന്ന് അയാള്‍ ഉറപ്പിച്ചു. അയാള്‍ ആ സ്വര്‍ണ ലോക്കറ്റ് നോക്കുകപോലും ചെയ്തില്ല. പാളത്തില്‍ പറ്റിച്ചേര്‍ന്നു കിടക്കുമ്പോള്‍ ദൂരെ നിന്നും ട്രെയിന്‍ വരുന്ന ശബ്ദം.

ട്രെയിന്‍ ഒരു വമ്പന്‍ ഇരമ്പലോടെ കടന്നുപോയി. അയാളുടെ തലയില്‍ ആകെ ഒരു മരവിപ്പ്. കണ്ണില്‍ ഇരുട്ട് കയറുന്നു... പിന്നെയാണ് അയാള്‍ അറിയുന്നത്, ട്രെയിന്‍ കടന്നുപോയത് അപ്പുറത്തെ പാളത്തില്‍ കൂടി ആയിരുന്നു എന്ന്.

ഇത്തവണയും വിധി അയാള്‍ക്കിട്ടു പണിഞ്ഞു. ചതി... പറ്റിപ്പ്....

അകലെ നിന്നും ആരൊക്കെയോ വരുന്നത് അയാള്‍ കണ്ടു. പതുക്കെ എഴുനേറ്റു നേരത്തെ കണ്ട "തിളങ്ങുന്ന വസ്തു" കൈക്കലാക്കി അയാള്‍ അവിടെ നിന്നും സ്ഥലം വിട്ടു. വീട്ടിലെത്തി ഉറക്കവും തുടങ്ങി.

പിറ്റേന്ന് അയാള്‍ ആ ലോക്കറ്റ് എടുത്തുകൊണ്ട് തട്ടാന്റെ അടുത്തേക്ക് പോയി. ഇത്തവണ അത് സ്വര്‍ണം തന്നെ ആയിരുന്നു. സ്വര്‍ണം ആണെന്ന് കേട്ടതും അയാള്‍ ഞെട്ടി. ആ സ്വര്‍ണം കണ്ടിട്ടും എടുക്കാതിരുന്നത്..... ട്രെയിന്‍ പാളം മാറി പോയത്.... തിരിച്ചു പോരുമ്പോള്‍ ആ സ്വര്‍ണം എടുക്കാന്‍ തോന്നിയത്.... എല്ലാം ഒരു മായാജാലം പോലെ!

അയാള്‍ അന്ന് തന്നെ ആ ലോക്കറ്റ് എടുത്തു പട്ടണത്തിലെ സ്വര്‍ണ കടയില്‍ പോയി കൊടുത്തു. തിരികെ ധാരാളം പണം നിറച്ച സഞ്ചിയുമായി അയാള്‍ നാട്ടില്‍ തിരിച്ചെത്തി.

ഇപ്പോള്‍ ഈ പണം പിടിച്ചു വാങ്ങാന്‍ ആരുമില്ല. നികുതികള്‍ ഇല്ല, കടക്കാര്‍ ഇല്ല. എല്ലാം തന്റെ മാത്രം സ്വന്തം.

ഇത്രയുമായപ്പോള്‍ അയാള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുനേറ്റു. തന്റെ മകള്‍ക്ക് അഞ്ചു വയസല്ലേ ആയുള്ളൂ എന്ന് അയാള്‍ ഓര്‍ത്തു. മകള്‍ക്ക് വേണ്ടി ഇപ്പോഴേ വല്ലതും സമ്പാദിച്ചില്ലെങ്കില്‍ തന്റെ ഭാവി സ്വപ്നത്തില്‍ കണ്ടതുപോലെ ഭീകരം ആകും എന്ന ചിന്ത അയാളില്‍ നിറഞ്ഞു. ഭാവിയെക്കുറിച്ചുള്ള ഭാരിച്ച ചിന്തകളും പേറി അയാള്‍ അന്നത്തെ ദിനചര്യകള്‍ ആരംഭിച്ചു. മകള്‍ക്ക് വേണ്ടി സമ്പാദിക്കാന്‍ വീണ്ടും ഒരു ദിവസം... ഈ യാത്ര തുടരും...!


Monday, December 13, 2010

ഒരു സ്വപ്നം - അസൂയ നിറഞ്ഞ സ്വപ്നം.

ഇന്നലെ - ഡിസംബര്‍ 12 നു പതിനൊന്നു മണിക്കൂര്‍ നീണ്ട പോണ്ടി-തിരുവനന്തപുരം കാര്‍ യാത്ര കഴിഞ്ഞു തളര്‍ന്നു അവശനായി പനിയും പിടിച്ചു രാത്രി പന്ത്രണ്ടു മണിക്ക് കോളേജിലെ ഹോസ്റ്റലില്‍ തിരികെ എത്തുന്നു. ഉറക്കം തലയ്ക്കു പിടിച്ചു കട്ടിലിലേക്ക് മറിഞ്ഞു വീണു.

 അവിടെയാണ് സംഭവങ്ങളുടെ തുടക്കം.

ഉറങ്ങി കുറെ നേരം കഴിഞ്ഞപ്പോള്‍ .. ഞാനും കോളേജില്‍ എന്‍റെ കൂടെ പഠിച്ച കൂട്ടുകാരും ഒരു വിവാഹത്തില്‍ നില്‍ക്കുകയാണ്. ആരുടെയാണ് വിവാഹം എന്നാണോ? മിഥുന്‍ മോഹന്‍ എം.ജി - നമ്മുടെ പ്രിയപ്പെട്ട ക്ളാസ് മേറ്റ്‌, സുഹൃത്ത്. അവന്‍റെ വിവാഹം അടിച്ചു പൊളിക്കാന്‍ വന്നതാണ് നമ്മളെല്ലാം. വധു ഒരുങ്ങുന്നുണ്ട്. ഞങ്ങള്‍ വധുവിനെ കണ്ടിട്ടില്ല. അവന്‍ നമ്മളോടൊക്കെ കാര്യം പറഞ്ഞു നിന്നിട്ട് മണ്ഡപത്തിലേക്ക് കയറി.

പതുക്കെ വധു വന്നു. വധു അവന്‍റെ അടുത്തിരുന്നു.

അപ്പോഴാണ്‌ നമ്മളെല്ലാം ഒരു കാര്യം ശ്രദ്ധിച്ചത് - വധു ആരാണെന്നോ? - ദീപിക പദുകോണ്‍ ..!!!

പണ്ടാരം!!! ദീപിക പദുകോണ്‍ ആണോ അവന്‍റെ വധു? ഇതൊക്കെ എപ്പോ സംഭവിച്ചു? എങ്ങനെ സംഭവിച്ചു? കാണുന്നതൊക്കെ സത്യമാണോ ഈശ്വരാ? അതൊരു സ്വപ്നമല്ല എന്ന് ഞങ്ങള്‍ മനസിലാക്കി. അതെ, അത് ദീപിക പദുകോണ്‍ തന്നെ. കൂടുതല്‍ സുന്ദരിയായി, മിഥുന്റെ കൂടെ കതിര്‍മണ്ഡപത്തില്‍ ഇരിക്കുന്ന ദീപികയെ കണ്ടതും നമ്മുടെ ഉള്ളിലെ അസൂയ ഉണര്‍ന്നു... അവനോടു അടക്കാനാവാത്ത അസൂയ.

കല്യാണം കഴിഞ്ഞു ഫോട്ടോ സെഷന്‍ തുടങ്ങി. ദീപിക പദുകോണ്‍ അവന്‍റെ മടിയില്‍ തല വെച്ചു ചാരി കിടക്കുന്നതും, മിഥുന്‍ അവളുടെ തോളത്തു കയ്യിട്ടു നില്‍ക്കുന്നതും, അവന്‍ അവളുടെ കാതില്‍ സ്വകാര്യം പറയുന്നതും... ഓഹ്...!!!! എല്ലാം കൂടി കണ്ടപ്പോള്‍ നമുക്കങ്ങോട്ടു അസൂയ മൂത്ത് തുടങ്ങി... അസഹനീയമാം വിധം അസൂയ മൂത്ത് നമ്മള്‍ പുറത്തേക്കിറങ്ങി...

പിന്നെ സ്വയം ആശ്വസിപ്പിക്കാന്‍ എല്ലാരോടും പോയി "കണ്ടോ കണ്ടോ..? അവന്‍ നമ്മുടെ പയ്യനാണ്... നമ്മുടെ കൂടെ ഇരുന്നു പഠിച്ചതാണ്..." എന്നൊക്കെ പറയാന്‍ തുടങ്ങി.

അപ്പോഴേക്കും ദീപികയും മിഥുനും കൂടി ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു... അവര്‍ അടുത്തെത്തിയതും ക്ളൈമാക്സില്‍ കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയത് പോലെ ശൂന്യം...

ഒന്നും മനസിലായില്ല.

പിന്നെ മനസിലായി, ഞാന്‍ അതിരാവിലെ ഒരു സ്വപ്നം കാണുന്നതായിരുന്നു!

അതിരാവിലെ കാണുന്ന സ്വപ്നം ഫലിക്കുമെങ്കില്‍ മിക്കവാറും ദീപിക പദുകോണ്‍ മിഥുന്റെ തലയില്‍ തന്നെ!!!

ഡാ എം.ജീ, നിനക്ക് നൂറായിരം വിവാഹ ആശംസകള്‍ ...!!!

Thursday, May 27, 2010

ഒരു മാസത്തെ കഥകള്‍. ( മെയ്‌ 2010 )

ഹായ്, ഇത് ഒരു മാസത്തെ നീണ്ട ഇടവേള ആയിപ്പോയി. തിരക്കുകള്‍ കാരണം പലപ്പോഴും എഴുത്തില്‍ മടി തോന്നും. കുത്തിയിരുന്നു ടൈപ്പ് ചെയ്യാനൊരു മടി. മടി പിടിച്ചാല്‍ പിന്നെ ഒന്നുമേ നടക്കില്ല എന്നത് തിയറി ആണല്ലോ. പിന്നെയും ഉണ്ടല്ലോ, മടിയന്‍റെ മനസ് ചെകുത്താന്‍റെ പണിപ്പുര ആണെന്നൊക്കെ... പഴഞ്ചൊല്ലിനു ഒരു പഞ്ഞവുമില്ല.

ടേപ്പ് പാടുകയാണ്. (Now playing: ശരബിന്ദു മലര്‍ദീപ നാളം നീര്‍ത്തി‌...)

ഈ മാസത്തില്‍ അവസാനം എഴുതിയത് 3 നു ആണ്. അതിനു ശേഷം ഇപ്പോഴാണ് മടി മാറിയ ഒരു അവസരം വന്നത്. ഇന്ന് മടി പിടിക്കാന്‍ പറ്റില്ല. കാരണം നാളെ എന്‍റെ കുട്ടികളുടെ പരീക്ഷ ആണ്. (കുട്ടികള്‍ എന്നുവെച്ചാല്‍, ഞാന്‍ പഠിപ്പിക്കുന്ന കുട്ടികള്‍ ആണ് കേട്ടോ...) നാളെ എല്ലാപേര്‍ക്കും പരീക്ഷ എളുപ്പം ആകട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

ഇനി ഈ കഴിഞ്ഞ ഒരു മാസത്തെ കുറെ കഥകള്‍ പറയാം.

ഏറ്റവും "നോട്ടബിള്‍" ആയത് എന്‍റെ തൊട്ടുമുന്നില്‍ ഇരുന്നു പാട്ട് പാടുന്ന ടേപ്പ് ആണ്. ഒരു പഴയ മോഡല്‍ ആണ് സംഭവം. Panasonic RX-CW65 മോഡല്‍. ഒരു പത്തു പതിനഞ്ചു വര്‍ഷം മുന്‍പേ ഉള്ളത്. പണ്ടത്തെ ടേപ്പ് അറിയില്ലേ? നടുവില്‍ ഒരു കാസറ്റ് പ്ലെയര്‍. രണ്ടു വശത്തും വലിയ രണ്ടു സ്പീക്കര്‍. അത് തന്നെ. ഒരാളുടെ കയ്യില്‍ നിന്നും പുരാവസ്തു പോലെ അച്ഛന്‍ വാങ്ങിയത്. അത് കുറേകാലം അച്ഛന്‍ കൈവശപ്പെടുത്തി വെച്ചിരിക്കുകയായിരുന്നു. ഈ മാസം ഞാന്‍ അത് സ്വന്തമാക്കി. ഇപ്പൊ ലാപ്ടോപിലെ ഓഡിയോ നേരെ അതില്‍ കൊടുത്തു അതിന്‍റെ സ്പീക്കര്‍ ലാണ് കേള്‍ക്കുന്നത്.

ഓഡിയോ, പാട്ടുകള്‍, സംഗീതം ഒക്കെ കേള്‍ക്കുമ്പോള്‍ "sound perfection" വേണമെന്നത് എന്‍റെ ഒരു ആഗ്രഹമാണ്‌. കേള്‍ക്കുന്ന സ്പീക്കര്‍ ഫുള്‍ റേഞ്ച് ആയിരിക്കണം. ഒരു Woofer & Tweeter വേണം. മിനിമം 7 ബാന്‍ഡ് ഇക്വലൈസര്‍ വേണം. റൂമിന്‍റെ harmonics അനുസരിച്ച് ശബ്ദം നിയന്ത്രിക്കാന്‍ കഴിയണം. Output power നിയന്ത്രിക്കാന്‍ പറ്റണം. കേള്‍ക്കുന്ന ആമ്പ്ലിഫയറില്‍ +3dB വരെ ഉള്ള Logarithmic scale വേണം. മിനിമം 50W സൗണ്ട് പവര്‍ വേണം. (ഇതെല്ലാം എനിക്ക് അറിയാം എന്ന് കാണിക്കാന്‍ വേണ്ടി പറഞ്ഞതല്ല കേട്ടോ. ഇത്തരം കുറച്ചു കാര്യങ്ങളെ എനിക്ക് അറിയുള്ളു. ഇതൊക്കെ വെച്ച് കേള്‍ക്കുമ്പോള്‍ നല്ലതെന്ന് തോന്നുന്ന അവസ്ഥയില്‍ ആണ് ഞാന്‍ പാട്ട് കേള്‍ക്കുന്നത്. ഇനി, ഇങ്ങനെ ഉള്ള "ജാഡകള്‍" ഒന്നും ഇല്ലെങ്കില്‍ ശബ്ദം കേള്‍ക്കാന്‍ പറ്റുന്ന ഒരു സാദാ സ്പീക്കര്‍ ആയാലും മതി. അത്രേയുള്ളൂ...!!!)

ഇന്നത്തെ കിടിലം കിടിലം ഹോം തിയേറ്റര്‍ പോലും ഈ ടേപ്പിന്‍റെ അടുത്തൊന്നും വരില്ല. (എന്ന് ഒരു വെയിറ്റിനു ചുമ്മാ പറയാം!). കുറെനാള്‍ ഞാന്‍ അച്ഛന്‍റെ പുറകെ നടന്നു ചോദിച്ചു. ഒരു വിധത്തില്‍ വഴങ്ങുന്നില്ല. ഞാന്‍ അത് എടുത്തുകൊണ്ടു പോകും എന്നൊക്കെ പറഞ്ഞു. വീഴുന്നില്ല. നോ വഴി. അപ്പൊ പിന്നെ ഒരു 2.1 സ്പീക്കര്‍ വാങ്ങിയാലോ എന്ന് ആലോചിച്ചു തുടങ്ങി. Creative SBS A300 എന്നൊരു മോഡല്‍ ഞാന്‍ പലയിടത്തും കണ്ടു. കേട്ടപ്പോള്‍ കിടിലം. പലരോടും അഭിപ്രായം ചോദിച്ചപ്പോള്‍ നല്ല അഭിപ്രായം. [കല്യാണത്തിന് മുന്‍പ് പെണ്ണിനെ കുറിച്ച് നമ്മള്‍ പലരോടും അന്വേഷിക്കാറില്ലേ?? അതുപോലെ... ;-) ... ] വിലയും കുഴപ്പമില്ല. 1000 ആകും. വാങ്ങാമെന്ന തീരുമാനത്തിന്‍റെ അവസാന ഘട്ടം എത്തി. "നാളെ വാങ്ങാം" എന്ന നിലയില്‍ എത്തിയപ്പോള്‍ ആ അത്ഭുതം സംഭവിച്ചു - "ഈ ടേപ്പ് നീ എടുത്തു നിന്‍റെ റൂമില്‍ കൊണ്ടുവെയ്ക്കൂ" എന്ന് അച്ഛന്‍ പറഞ്ഞു. ഞാന്‍ അത്ഭുതപ്പെടാന്‍ ഒന്നും നിന്നില്ല. ചിലപ്പോള്‍ അച്ഛന്‍റെ മനസ് മാറിയാലോ? ഒറ്റയടിക്ക് ആ ടേപ്പ് ഞാന്‍ എന്‍റെ റൂമില്‍ എത്തിച്ചു. പിന്നെ എല്ലാം സെറ്റ് ചെയ്തു പാട്ട് തുടങ്ങി.



ടേപ്പ് അങ്ങനെ പാടുകയാണ്..... (Now playing: വണ്ണാത്തി പുഴയുടെ തീരത്ത്‌... [കളിയാട്ടം])

പിന്നീടാണ് കാര്യത്തിന്‍റെ കിടപ്പ് മനസിലായത്. അച്ഛന്‍ ഒരു document സ്കാന്‍ ചെയ്യാന്‍ വേണ്ടി സ്കാനര്‍ എടുത്തപ്പോള്‍ വയ്ക്കാന്‍ സ്ഥലമില്ല. അങ്ങനെ ടേപ്പിനെ കുടിയൊഴിപ്പിച്ചു അവിടെ ആണ് സ്കാനര്‍ വച്ചത്. ആ കുടിയൊഴിപ്പിച്ച ടേപ്പ് ആണ് ഇപ്പൊ എന്‍റെ റൂമില്‍. പാവം പാവം വിദ്വാന്‍. ഇപ്പൊ ഒറ്റക്കിരുന്നു കിടു കിടിലമായി സംഗീത മഴ പൊഴിക്കുന്നു. പഴയ ആളായതുകൊണ്ട് ഉള്ള പ്രശ്നമൊന്നും ഇല്ല. സൗണ്ട് അടിപൊളി. 65 Watts ധാരാളം. (സൗണ്ട് പവര്‍ എന്താണെന്ന് മനസിലാക്കാന്‍ എന്നെ സഹായിച്ച ലേഖനം - http://en.wikipedia.org/wiki/Sound_power - നിങ്ങളും വായിച്ചോളൂ)

ടേപ്പ്  പാടുന്നുണ്ട്... (Now playing: മിഴിയറിയാതെ വന്നു ... [നിറം])

അതിനിടെ അടുത്ത കുറെ കഥകള്‍....

കോളേജില്‍ നിന്നും നമ്മുടെ പ്രിയപ്പെട്ട ശ്രീദിഷ് സാര്‍ (നല്ല പേര്. ടൈപ്പ് ചെയ്തു മലയാളം ആക്കാന്‍ പ്രയാസം ആയതുകൊണ്ട് ഇനി "അദ്ദേഹം" എന്ന് സംബോധന... ;-D ....)  ഗേറ്റ് ടെസ്റ്റ്‌ വിജയകരമായി 99.3 percentile വാങ്ങി പാസ്‌ ആയി, അദ്ദേഹം ഉന്നത പഠനത്തിനായി IIT യിലേക്ക് നാളെ യാത്ര തിരിക്കുകയാണ്. അവിടെ ഒരു ടെസ്റ്റ്‌ കൂടി ഉണ്ട്. അത് എഴുതാനുള്ള യാത്ര ആണ്. അദ്ദേഹത്തെ കുറിച്ച് എഴുതാന്‍ ഒരു വലിയ പോസ്റ്റ്‌ തന്നെ ഇടണം. അതുകൊണ്ട് അത് ഇനി ഒരിക്കല്‍ ആകട്ടെ. ശെരിക്കും ഒരു "സംഭവം" ആണ് അദ്ദേഹം. ഇപ്പോള്‍ അദ്ദേഹത്തിനു ആശംസകള്‍....!

ടേപ്പ്  പാടുന്നുണ്ട്... (Now playing: മാന്തളിരിന്‍ പന്തലുണ്ടല്ലോ ... [സ്നേഹപൂര്‍വ്വം അന്ന])

നാളെ കുട്ടികളുടെ പരീക്ഷ ആണ്. എല്ലാരും പഠിക്കുന്നുണ്ടാകും. പഠിക്കണം. അവരൊക്കെ പഠിച്ചു നല്ല വലിയ നിലയില്‍ എത്തണം. എല്ലാര്‍ക്കും നല്ലത് വരണം.

ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്... ഒരുപാട് കാലം കഴിയുമ്പോള്‍, ഞാന്‍ പഠിപ്പിച്ച കുട്ടികളൊക്കെ വലിയ വലിയ ആളുകള്‍ ആയി ഉയര്‍ന്ന നിലയിലൊക്കെ ഇരിക്കുമ്പോള്‍ എന്നെ കാണുമ്പോള്‍ ഓര്‍ക്കുമോ? അന്ന് കുടുംബവും മക്കളുമൊക്കെ ആയി ജീവിതത്തിന്റെയും ജോലിയുടെയും തിരക്കുകളില്‍ കഴിയുന്ന അവരൊക്കെ എന്നെ കാണുമ്പോള്‍ "ഹായ് വിഷ്ണു സാര്‍..." എന്ന് വിളിച്ചുകൊണ്ടു ഓടി വരുമോ? വരുമായിരിക്കും. വരണം. അതാണ്‌ എന്‍റെ ആഗ്രഹം. കൊഴിഞ്ഞുപോയ കോളേജ് ജീവിതത്തിലെ മറക്കാത്ത ഓര്‍മ്മകള്‍ കൊണ്ടുനടക്കുന്ന കുറെയേറെ നല്ല മനസുകളെ അന്ന് ഞാന്‍ പ്രതീക്ഷിക്കും.

..... (Now playing: കാറ്റാടി തണലും ... [ക്ലാസ്സ്‌മേറ്റ്സ്]) ........

ഇനിയും കാലം മുന്നിലുണ്ട്... നാളെ എന്ത് എന്ന് അറിയാന്‍ കഴിയാത്ത ഒരു ലോകം മുന്നിലുണ്ട്.... നല്ലത് മാത്രം പ്രതീക്ഷിച്ചുകൊണ്ട്...

സ്നേഹത്തോടെ ഇന്ന് വിട...

Monday, May 03, 2010

ഒരാഴ്ചത്തെ സംഭവ ബഹുലമായ ജീവിതം...

ബ്ലോഗില്‍ അവസാനത്തെ പോസ്റ്റ്‌ എഴുതിയിട്ട് കുറച്ചു നാളായി... അതായത് 10 ദിവസങ്ങള്‍... ഈ പത്തു ദിവസങ്ങളില്‍ എന്തൊക്കെ ഉണ്ടായി എന്ന് എഴുതാം എന്നാണ് വിചാരിക്കുന്നത്... അല്ലാതെ ചുമ്മാ മനുഷ്യനെ ബോറടിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ എഴുതിയിട്ട് കാര്യമില്ല... (എഴുതി എഴുതി എനിക്കും ബോറടിക്കില്ലേ... അല്ല പിന്നെ...!)

കഴിഞ്ഞ ഒരാഴ്ച നടന്ന സംഭവങ്ങളില്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന കുറച്ചൊക്കെ പറയാം. അതില്‍ സിനിമ, പാട്ടുകള്‍, സംഭവങ്ങള്‍ എന്നൊക്കെ ഗ്രൂപ്പ്‌ ആക്കി പറയുന്നതാവും ഉചിതം...

ആദ്യമായി പാട്ടുകള്‍ പറയാം...

കഴിഞ്ഞ ഒരാഴ്ചയില്‍ കുറെ കുറെ പുതിയ പാട്ടുകള്‍ പരിചയപ്പെട്ടു. എന്നാലും വളരെ ആകര്‍ഷിച്ച ചില പാട്ടുകള്‍ പറയണമല്ലോ...

1 - പ്രാണനാഥന്‍ എനിക്ക് നല്‍കിയ... (remix) ചിത്രം:കടാക്ഷം (2010)

"പ്രാണനാഥന്‍ എനിക്ക് നല്‍കിയ..." ഈ പാട്ടിനെ കുറിച്ച് മലയാളികളോട് പറയേണ്ട ആവശ്യം ഇല്ല. ഈ പാട്ട് കേട്ടിട്ടില്ലാത്ത ഒരാള്‍ പോലും ഉണ്ടാകില്ല. ഇരയിമ്മന്‍ തമ്പി എഴുതിയ വരികള്‍, ദേവരാജന്‍ മാസ്റ്റര്‍ ഈണം പകര്‍ന്നു 1973 ല്‍ പുറത്തിറങ്ങിയ "ഏണിപ്പടികള്‍" എന്ന ചിത്രത്തിലേതാണ്‌. അന്ന് അത് പാടുന്നത് മാധുരി ആണ്. വളരെ അര്‍ത്ഥം നിറഞ്ഞ വരികള്‍ ആയതുകൊണ്ട് തന്നെ ഈ ഗാനം അന്ന് ആകാശവാണിയില്‍ നിരോധിച്ചതും ആണ്.
ഇന്ന്, 37 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, ആ പാട്ട് വീണ്ടും പുനര്‍ജനിക്കുകയാണ്. 2010 ല്‍ ഇറങ്ങുന്ന "കടാക്ഷം" എന്ന സുരേഷ് ഗോപി ചിത്രത്തില്‍ ആണ് ഈ പാട്ട് വീണ്ടും എത്തുന്നത്‌. സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ആണ് പഴയ ഈ ക്ലാസ്സിക്‌ എടുത്തു പുതുക്കി മലയാളികള്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. സംഗീതം മാറിയില്ല എങ്കിലും പുതിയ തലമുറയില്‍ എത്തിക്കുമ്പോള്‍ ചെയ്യേണ്ടതായ ചില മിനുക്ക്‌ പണികള്‍ ചെയ്തിട്ടുണ്ട്. ചിത്ര ആണ് പാടുന്നത്.
കഴിഞ്ഞ ആഴ്ച ഈ പാട്ട് കേള്‍ക്കാന്‍ ഇടയായി. ആദ്യത്തെ തവണ കേട്ടപ്പോള്‍ തന്നെ ഞാന്‍ ആ പാട്ടില്‍ ലയിച്ചുപോയി. അതി ഗംഭീരം!!!! പിന്നെ പിന്നെ ഒരുപാട് തവണ തുടര്‍ച്ചയായി കേട്ടു. ചിത്ര ഈ പാട്ട് ഒരുപാട് മനോഹരമായാണ് പാടിയത്. ചിത്രക്ക് ആയിരം ആയിരം ആശംസകള്‍...! നിങ്ങളും ഈ പാട്ട് കേള്‍ക്കണം... കേട്ടോ.

2 - നിലാമഴ... (ആല്‍ബം:ഹാര്‍ട്ട്‌ ബീറ്റ്സ് :: ബാലഭാസ്കര്‍)

പാട്ട് പുതിയതല്ല. പക്ഷെ ഞാന്‍ കേള്‍ക്കുന്നത് ആദ്യമായാണ്‌. ഇതും ചിത്ര പാടിയത് തന്നെയാണ്. എന്‍റെ ഒരു സുഹൃത്ത് ആണ് ഈ പാട്ടിനെ കുറിച്ച് എന്നോട് പറഞ്ഞത്. ടീവിയില്‍ കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടു എന്നും, ഞാന്‍ അത് കേള്‍ക്കണമെന്നും പറഞ്ഞു. പിന്നെ എവിടെയൊക്കെയോ തപ്പി പിടിച്ചു കണ്ടുപിടിച്ചു. കേട്ടപ്പോള്‍ കൊള്ളാം. നല്ല രസമുള്ള ഒരു പാട്ടാണ്. വരികളും കൊള്ളാം.

3 - പൂനിലാ മഴ നനയും... (ബോണസ് ട്രാക്ക്: ചോട്ടാമുംബൈ) 2007 

ഈ പാട്ടും പുതിയതല്ല. പക്ഷെ ഇത് മുന്‍പൊന്നും കൂടുതല്‍ ശ്രദ്ധിച്ചിട്ടില്ല. ഈയിടെ ആണ് ഈ പാട്ട് കണ്ടപ്പോള്‍ ഏതാണെന്ന് അറിയാനായി നോക്കിയത്. ചോട്ടാ മുബൈ എന്ന ചിത്രത്തിന്‍റെ ഓഡിയോ സി.ഡി.യില്‍ ആണ് ഈ പാട്ട് വന്നത്. സിനിമയില്‍ കണ്ടിട്ടില്ല. വയലാര്‍ ശരത് എഴുതിയ അതി മനോഹരമായ വരികള്‍ക്ക് രാഹുല്‍ രാജ് ആണ് അതിനൊപ്പം മനോഹരമായ ഈണം നല്‍കിയിട്ടുള്ളത്. ഞാന്‍ ഇത് ഇവിടെ എഴുതുന്നതും ഈ പാട്ട് കേട്ടുകൊണ്ടാണ്. പാട്ട് പാടിയത് സംഗീത്, സംഗീത എന്നിവര്‍ ചേര്‍ന്നാണ്. രണ്ടു പേരും വളരെ വളരെ നന്നായി പാടിയിരിക്കുന്നു. ഈ പാട്ട് കേള്‍ക്കുമ്പോള്‍ അറിയാതെ ഏതോ ഒരു അദൃശ്യ പ്രണയത്തിലേക്ക് മനസ് അറിയാതെ ഇറങ്ങി പോവുകയാണ്.. എന്‍റെ മനസ് ഏതോ ഒരു ലോകത്തേക്ക് പാറുകയാണ്... മനസ് നിറയെ അനുഭൂതിയുടെ തേന്‍ നിറയ്ക്കുന്ന ഒരു അപൂര്‍വ സുന്ദര ഗാനം... (ഇനിയും കുറെ പറയണം, പക്ഷെ വാക്കുകള്‍ കിട്ടുന്നില്ല..) നിങ്ങളും ഈ പാട്ട് കേള്‍ക്കണം. തീര്‍ച്ചയായും കേള്‍ക്കണം.

ഇതൊക്കെ ആണ് ഞാന്‍ ഈ ആഴ്ചയില്‍ അടുത്തറിഞ്ഞ മലയാളം പാട്ടുകള്‍. രണ്ടുമൂന്നു ഇംഗ്ലീഷ് പാട്ടുകള്‍ കൂടി ഉണ്ട്. അതില്‍ മറക്കാന്‍ പറ്റാത്ത ഒന്നാണ് "21 Guns" എന്ന പാട്ട്. GreenDay എന്ന റോക്ക് ബാന്‍ഡ് പോയ വര്‍ഷം പുറത്തിറക്കിയ "21st Century Breakdown" എന്ന ആല്‍ബത്തിലെ ഒരു പാട്ടാണ് ഇത്. ഈ ആല്‍ബം ആണ് ഏറ്റവും മികച്ച റോക്ക് ആല്‍ബത്തിനുള്ള കഴിഞ്ഞ വര്‍ഷത്തെ ഗ്രാമ്മി അവാര്‍ഡ്‌ വാങ്ങിയത്. കേള്‍ക്കാന്‍ കൊല്ലം. നല്ല രസമുണ്ട്. പിന്നെ Lady GaGa (Telephone), Beyonce (Halo, All the single ladies) അങ്ങനെ കുറെ... അതൊക്കെ കേള്‍ക്കാന്‍ ഒരു രസം...

ഇനി ഞാന്‍ കണ്ട രണ്ടു പ്രധാന സിനിമകള്‍ - ഋതു, നീലത്താമര.

ഋതു - ഈ സിനിമ വര്‍ണിക്കാന്‍ ഒരു പോസ്റ്റ്‌ തന്നെ വേണം. എന്നാലും ഞാന്‍ കുറച്ചു കാര്യങ്ങള്‍ പറയാം.

ആദ്യമായി ഇത്തരമൊരു സിനിമ ചെയ്ത ശ്യാമപ്രസാദിന് അഭിനന്ദനങ്ങള്‍. പുതിയ കാലഘട്ടത്തിന്‍റെ പ്രയാണം അപ്പടി മനസിലാക്കി അതിന്‍റെ ആത്മാവ് ഉള്‍ക്കൊണ്ടുകൊണ്ട് ഇത്തരമൊരു ചിത്രം ചെയ്യാന്‍ അപാര കഴിവ് തന്നെ വേണം. അത്രയ്ക്ക് സുന്ദരമായാണ് ഋതു അദ്ദേഹം കൈകാര്യം ചെയ്തിട്ടുള്ളത്.

ഐ ടി മേഖലയിലെ യുവത്വത്തിന്‍റെ കഥയാണ് ഋതു എന്ന ചിത്രത്തിന്‍റെ പ്രമേയം. ഐ ടി യില്‍ വലിയൊരു കരിയര്‍ കെട്ടിപ്പടുക്കുവാന്‍ വെമ്പല്‍ കൊള്ളുന്ന യുവത്വം. പണം മാത്രം മുന്നില്‍ കണ്ട് രാപകല്‍ ഇല്ലാതെ നെട്ടോട്ടം ഓടുന്ന യുവത്വം. ഈ തിരക്കില്‍ അവരില്‍ ഭൂരിഭാഗവും തങ്ങള്‍ക്കു പിന്നില്‍ നഷ്ടപെടുന്ന മനോഹരമായ ജീവിതത്തെയും ബന്ധങ്ങളെയും ഒന്നും തന്നെ കാണുന്നില്ല. ഒടുവില്‍ ഒരുപാട് ദൂരങ്ങള്‍ കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ ഉണ്ടാകുന്ന ഭീതിജനകമായ നഷ്ടപ്പെടലുകളുടെ തിരിച്ചറിവ്... ഇങ്ങനെയൊക്കെ മുന്നേറുന്ന ഒരു അതി മനോഹരമായ ചിത്രം ആണ് ഋതു.

ഋതുക്കള്‍ മാറുന്നു. പക്ഷെ നമ്മളോ?  - ഈ ചോദ്യത്തിന്‍റെ ഉത്തരം കൂടിയാണ് ഈ ചിത്രം.

എന്‍റെ അഭിപ്രായത്തില്‍, ഐ ടി മേഖലയില്‍ ജോലി തിരഞ്ഞെടുക്കുന്ന ഓരോരുത്തരും ഈ ചിത്രം തീര്‍ച്ചയായും കാണുക തന്നെ വേണം. നമ്മുടെ മനസ്സില്‍ നമ്മള്‍ പോലും അറിയാതെ കാത്തു സൂക്ഷിക്കുന്ന സ്നേഹവും പ്രണയവും സൌഹൃദങ്ങളും ഒന്നും നഷ്ടപ്പെടാതിരിക്കട്ടെ. മാനുഷിക മൂല്യങ്ങളും ബന്ധങ്ങളും എന്നെന്നും നിലനില്‍ക്കട്ടെ...

പിന്നെ ഞാന്‍ കാത്തിരുന്നു കണ്ടത് - നീലത്താമര - കണ്ട് കഴിഞ്ഞപ്പോള്‍ വേണ്ടായിരുന്നു എന്ന് തോന്നി... പാവം ഞാന്‍... വെറുതെ സമയം കളഞ്ഞു... ഇനി പറഞ്ഞിട്ട് എന്താ???

പ്രതീക്ഷിച്ച അത്രയും വിടര്‍ന്ന താമര അല്ലായിരുന്നു കുഞ്ഞിമാളുവിന്റെ നീലത്താമര. സംഭവം പഴയ വീഞ്ഞ് തന്നെ. വ്യത്യാസം ഒന്നേയുള്ളൂ - ക്യാമറ പുതിയത്, ടെക്നോളജി പുതിയത്.

എം.ടി സാറിന്‍റെ തിരക്കഥ കണ്ടുകൊണ്ടിരിക്കാം. പക്ഷെ, സിനിമ കണ്ട് കഴിയുമ്പോള്‍ നമുക്ക് അതില്‍ നിന്നും എന്തെങ്കിലും കിട്ടിയ ഒരു ഫീലിംഗ് ഉണ്ടാകില്ല. വെറുതെ രണ്ടു മണിക്കൂര്‍ തള്ളി നീക്കിയ ഒരു മടുത്ത പ്രതീതി ആണ് ഉണ്ടായത്. രണ്ടാമത് ഒന്നുകൂടി കാണാന്‍ തോന്നാത്ത ഒരു സിനിമ. അതുകൊണ്ട് ഇനി കാണാന്‍ പ്ലാന്‍ ഇല്ല.

സിനിമയൊക്കെ കഴിഞ്ഞു, ഇനി മറ്റു ചില കാര്യങ്ങള്‍.

കോളേജിലെ ക്ലാസ്സ്‌ കഴിഞ്ഞു. കുട്ടികള്‍ക്ക് സ്റ്റഡി ലീവ് ആയതുകൊണ്ട് അധ്യാപകര്‍ക്ക് മറ്റു ചില ചുമതലകള്‍ ആണ്. എനിക്ക് കിട്ടിയത് ലൈബ്രറി ബുക്കുകള്‍ വെരിഫൈ ചെയ്യാനുള്ള ഡ്യൂട്ടി ആണ്. മൊത്തം വരുന്ന 18500 ബുക്കില്‍ എനിക്ക് കിട്ടിയത് സാഹിത്യം അടങ്ങുന്ന 3000 ബുക്കുകള്‍ എണ്ണുന്ന ചുമതല ആണ്. സാഹിത്യം ആയതുകൊണ്ട് ബോറടിക്കാതെ 4 ദിവസം കൊണ്ട് സംഗതി നടന്നു.

ആദ്യം ഇത്രേം ബുക്കുകള്‍ കണ്ട് കണ്ണ് തള്ളി. എങ്കിലും ഒരു അറ്റത്തു നിന്നും ഓരോന്നായി എടുത്തു തുടങ്ങിയപ്പോള്‍ രസമായി. ഇതുവരെ കേട്ടിട്ടില്ലാത്ത നിരവധി നിരവധി കാര്യങ്ങള്‍ അടങ്ങുന്ന അനവധി അനവധി ബുക്കുകള്‍... സാഹിത്യം, കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, പഠനങ്ങള്‍... അങ്ങനെ പോകുന്നു ഓരോരോ വിഷയങ്ങള്‍...

ബുക്കുകള്‍ എന്നുമ്പോള്‍ ഞാന്‍ പണ്ട് എവിടെയോ വായിച്ചത് ഓര്‍ത്തു - പണ്ട് ഏതോ രാജാവ് പറഞ്ഞത്രേ, അദ്ദേഹം രാജാവ് അല്ലായിരുന്നെങ്കില്‍ ഒരു വലിയ ലൈബ്രറിയിലെ കാവല്‍ക്കാരന്‍ ആകുമായിരുന്നു എന്ന്... (രാജാവിന്‍റെ പേര് മറന്നു)

ഓഹോ, രാജാവിനു ബുക്ക്‌ വായിക്കാന്‍ ഇത്ര ആര്‍ത്തി ആണോ?

ആര്‍ത്തി അല്ല, ചിലര്‍ അങ്ങനെ ആണ്, ഒരുപാട് ഒരുപാട് വായിക്കും. എന്ത് കിട്ടിയാലും വായിക്കും. എന്നാലും ഞാന്‍ ഓര്‍ത്തു, നമുക്ക് താല്പര്യം ഇല്ലാത്തത് നമ്മള്‍ എങ്ങനെ ആണ് വായിക്കുന്നത്? ചിലപ്പോ വെറുതെ രസത്തിനു വായിക്കുമായിരിക്കും അല്ലേ...

പിന്നെ പോയ വാരം ഒരു മനോഹരമായ ഹര്‍ത്താല്‍ കൂടി ആഘോഷിച്ചു. വിലക്കയറ്റത്തിന് എതിരെ നടത്തിയ ഹര്‍ത്താല്‍. അന്നേ ദിവസം പാര്‍ട്ടിക്കാര്‍ ട്രെയിന്‍ തടഞ്ഞും കടകമ്പോളങ്ങള്‍ അടപ്പിച്ചും ഹര്‍ത്താല്‍ ആഘോഷിച്ചു. ജനങ്ങള്‍ വീട്ടിലിരുന്നു ടിവിയില്‍ വിവിധ ജ്വല്ലറികള്‍ സ്പോണ്‍സര്‍ ചെയ്ത "ഹര്‍ത്താല്‍ ദിന പ്രത്യേക" പരിപാടികള്‍ ആസ്വദിച്ചു. (അതിനിടെ മറ്റൊരു കോമഡി - ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലില്‍ വാര്‍ത്ത വായിച്ച ആള്‍ ഹര്‍ത്താല്‍ റിപ്പോര്‍ട്ട്‌ പറഞ്ഞു തീര്‍ത്തത് ഇങ്ങനെ ആണ് - "അടുത്ത ഹര്‍ത്താല്‍ ദിനത്തിലും ഇതേ കാര്യങ്ങള്‍ തന്നെ പറയാമെന്ന പ്രതീക്ഷയോടെ മറ്റു വാര്‍ത്തകള്‍ തുടരുന്നു...")

എന്തായാലും ഹര്‍ത്താല്‍ വന്‍ വിജയം ആയിരുന്നു. ഇപ്പൊ നിത്യോപയോഗ സാധനങ്ങള്‍ എല്ലാം കടയില്‍ ചെന്നാല്‍ പൈസ കൊടുക്കാതെ കിട്ടും.

എന്തായാലും ഇനി അടുത്ത ഹര്‍ത്താല്‍ ദിനം ആഘോഷിക്കാന്‍ ജനങ്ങളും ചാനലുകാരും തയ്യാറെടുക്കുകയാണ്. സ്ഥിരമായി ഹര്‍ത്താല്‍ നടത്തി ജനജീവിതം ദുസ്സഹമാക്കുന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് ഉടന്‍ തന്നെ ഒരു ഹര്‍ത്താല്‍ നടത്താന്‍ സാധ്യത ഉണ്ടെന്നു കേള്‍ക്കുന്നു.

ഇതൊക്കെ ആണ് പോയ ഒരാഴ്ചത്തെ പ്രധാന വിശേഷങ്ങള്‍. ഇനി വീണ്ടും കാണാം.

അതുവരേക്കും ബൈ...!

Wednesday, March 17, 2010

ബൈനറി സെര്‍ച്ചും, പിന്നെ ഒരു മാജിക്കും.

അങ്ങനെ, കോളേജിലെ അധ്യാപന ജീവിതം ഭംഗിയായി പോകുകയാണ്. ഇതിനിടെ രസകരമായ പലതും ഉണ്ടായി. ഞാന്‍ ഒരു മാജിക് കാണിച്ചു കുട്ടികളെയെല്ലാം അത്ഭുതപ്പെടുത്തി എന്നതാണ് ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്ന ഒരു സംഭവം, ഒരുപക്ഷെ, ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു സംഭവം.

ഞാന്‍ പഠിപ്പിക്കുന്ന വിഷയം "Datastructures " ആണ്. അതില്‍ ഒരു സെര്‍ച്ചിംഗ് പഠിക്കാനുണ്ട്. ബൈനറി സെര്‍ച്ച്‌ എന്ന് പറയും. അത് ചുരുക്കി പറഞ്ഞാല്‍ ഇങ്ങനെ - നമ്മള്‍ ഒന്ന് മുതല്‍ നൂറു വരെ എഴുതുന്നു എന്ന് കരുതുക. അതില്‍ ഞാന്‍ 75 കണ്ടുപിടിക്കണം. അതിനായി ആദ്യം ഈ ലിസ്റ്റ് രണ്ടായി പകുത്തെടുക്കുക. അപ്പോള്‍ നടുവില്‍ 50 . ഇനി, നമ്മള്‍ കണ്ടുപിടിക്കേണ്ട സംഖ്യ ഈ 50 നെക്കാള്‍ വലുതാണോ എന്ന് നോക്കുക. ആണെങ്കില്‍ ഇനി നമ്മള്‍ രണ്ടാമത്തെ പകുതി മാത്രം പരിഗണിച്ചാല്‍ മതി. ആദ്യത്തെ പകുതി ഉപേക്ഷിക്കുന്നു. ഇനി രണ്ടാമത്തെ പകുതി വീണ്ടും പകുത്തെടുത്തു ഈ ക്രിയകള്‍ ആവര്‍ത്തിക്കുന്നു. അങ്ങനെ വളരെ പെട്ടെന്ന് നമുക്ക് കണ്ടുപിടിക്കേണ്ട സംഖ്യ കണ്ടുപിടിക്കാം. ഇതാണ് ബൈനറി സെര്‍ച്ച്‌.

ഇനി, ക്ലാസ്സില്‍ ഞാന്‍ ഇത് എല്ലാര്‍ക്കും മനസിലാകുന്ന വിധത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ബോര്‍ഡില്‍ A മുതല്‍ Z  വരെ എഴുതി. എന്നിട്ട് ഒരു പെണ്‍കുട്ടിയോട് എഴുനേറ്റു മനസ്സില്‍ ഒരു അക്ഷരം വിചാരിക്കാന്‍ പറഞ്ഞു. ഞാന്‍ അത് കണ്ടുപിടിക്കാന്‍ പോവുകയാണ് എന്നും പറഞ്ഞു.

എന്നിട്ട് ഞാന്‍ നോക്കി. ആ ലിസ്റ്റ് ഇനി രണ്ടായി പകുത്തെടുക്കണം. ആ ലിസ്റ്റില്‍ ഒത്ത നടുവില്‍ വരുന്നത് M ആണ്, ഞാന്‍ അതില്‍ M നു നേരെ ഒരു വട്ടം വരച്ചിട്ടു ആ കുട്ടിയോട് ചോദിച്ചു - "M  ആണോ വിചാരിച്ചത്?"

എങ്ങനെ ആണെന്ന് അറിയില്ല. ആ കുട്ടി വിചാരിച്ചതും M തന്നെ ആയിരുന്നു....!!! ആ കുട്ടി വിടര്‍ന്ന കണ്ണുകളോടെ "അതെ" എന്ന് ഉത്തരം പറഞ്ഞു.

എല്ലാരും ഒന്ന് ഞെട്ടി. ഞാന്‍ വളരെ വലിയൊരു അത്ഭുതം കാണിച്ചതുപോലെ...! പിന്നെ ഒരു നിമിഷം നിശ്ശബ്ദം. പിന്നെ എല്ലാരും കൂടി നിരന്നു നിരന്നു കയ്യടി...!!! മാജിക്‌ കാണിക്കുമ്പോള്‍ മജീഷ്യന് കിട്ടുന്ന കയ്യടി പോലെ...!!! എന്തായാലും ഞാന്‍ ഒന്നും മിണ്ടിയില്ല. എനിക്കും ഇത് തികച്ചും അപ്രതീക്ഷിതം ആയിരുന്നു. പിന്നെ ഞാന്‍ അല്‍പനേരം ഗമയില്‍ ആയിരുന്നു.

എന്തായാലും, കോളേജില്‍ ഇത്ര വലിയൊരു കയ്യടി നേടുന്നത് ആദ്യമായിട്ടാണെന്ന് തോന്നുന്നു. ഞാന്‍ ഓര്‍ക്കുന്നത് മജീഷ്യന്‍ മുതുകാടിനെയും ഒക്കെ ആണ്. അവരൊക്കെ കയ്യടി വാങ്ങുന്ന സന്തോഷം ഞാനും അനുഭവിച്ചു - മനപൂര്‍വം അല്ലെങ്കിലും!

ഈ സംഭവം ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്ന് തന്നെയാണ്. മിക്കവരുടെയും ജീവിതത്തില്‍ ഇതുപോലെ കയ്യടികള്‍ വീണുകിട്ടിയ സംഭവങ്ങള്‍ ഉണ്ടാകും അല്ലേ... അതൊക്കെ കേള്‍ക്കാന്‍ ഒരു രസം! കാണാനും.

വീണ്ടും കാണുംവരെ ബൈ...!

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...