പലപ്പോഴും ക്ഷുദ്രജീവികളെ പേടിച്ചാണ് സമയം കഴിച്ചുകൂട്ടിയത്. അത്തരം ചില ജീവികളുമായി നേരിട്ട് ഏറ്റുമുട്ടിയ അവസരങ്ങളും ധാരാളം. അതില്‍ മറക്കാനാവാത്ത ചിലത് പങ്കുവെക്കാം.
1. തറച്ചക്രം കളഞ്ഞുകിട്ടിയ കഥ.
അന്നെനിക്ക് പത്തു വയസു പ്രായം കാണും. വീട്ടില്‍ കറന്റ് പോയ നേരം. മണ്ണെണ്ണവിളക്ക് പ്രകാശിക്കുന്നു. തീ കണ്ടാല്‍ അതില്‍ പോയിരുന്നു കളിക്കുന്ന ഒരു പരിപാടി മിക്കവാറും എല്ലാര്ക്കും ഉണ്ടാകുമല്ലോ... അങ്ങനെ പത്രത്തിന്റെ ചുരുട്ടുകളും തീപ്പെട്ടിക്കോലുകളും കത്തിച്ച് സംതൃപ്തി അടഞ്ഞിരിക്കുകയാണ് ഞാന്‍ . അപ്പോഴാണ് എന്തോ ഒരു സാധനം കണ്ടില്ലല്ലോ എന്ന് ഓര്‍ത്തത്.
ആ മുറിയുടെ ഒരു മൂലയില്‍ കുറെ സാധനങ്ങള്‍ കൂട്ടിയിട്ടിട്ടുണ്ട്. അതില്‍ എന്റെ കുറ്റിപ്പെന്‍സിലുകള്‍, വളപ്പൊട്ടുകള്‍, കളിപ്പാട്ടങ്ങളുടെ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങള്‍, സ്കൂള്‍ വിട്ടു പോരുന്ന വഴിയില്‍ അവിടുന്നും ഇവിടുന്നും പെറുക്കിയെടുത്ത അമൂല്യ വസ്തുക്കള്‍ അങ്ങനെ പലതും ഉണ്ട്. ഞാന്‍ ഇരുട്ടത്ത് അതിനിടയില്‍ പോയി കയ്യിട്ടു ഇളക്കിനോക്കി. ഞാന്‍ ഉദ്ദേശിച്ച സാധനം ഉണ്ടോ എന്ന് തപ്പുന്ന നേരത് വട്ടത്തിലുള്ള എന്തോ ഒന്ന് കയ്യില്‍ തടഞ്ഞു. ഇരുട്ടത്ത് അത് കയ്യിലെടുത്തു വിരലുകള്‍ കൊണ്ട് ഒരു പരിശോധന നടത്തി. സാധനം ഒരു തറച്ചക്രമാണ്. ദീപാവലി കഴിഞ്ഞപ്പോള്‍ അറിയാതെ അതിനിടയില്‍ പെട്ടുപോയതാകും.
എന്തായാലും നിനച്ചിരിക്കാതെ ഒരു തറച്ചക്രം കിട്ടിയതില്‍ ഞാന്‍ അതീവ സന്തുഷ്ടനായി. ആ "തറച്ചക്രവും" എടുത്തു ഞാന്‍ പതിയെ വെളിച്ചത്തിലേക്ക് വന്നു. പതിയെ ആ തറച്ചക്രം മണ്ണെണ്ണവിളക്കിന്റെ മങ്ങിയ വെളിച്ചത്തിലേക്ക് പിടിച്ചുനോക്കി. വെളിച്ചത്തില്‍ പിടിച്ചതും, എന്റെ തലയില്‍ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞതും, ഞാന്‍ "അയ്യോ" ന്ന് വിളിച്ചതും, ആ "തറച്ചക്രം" താഴേക്കിട്ടതും, എല്ലാം ഒരുമിച്ചു നടന്നു. എനിക്ക് കിട്ടിയ ആ "തറച്ചക്രം" വേറൊന്നുമല്ല - ഒരു മാടന് തേരട്ട ചുരുണ്ട് കിടന്നതായിരുന്നു അത്! ചവറിനിടയില്‍ സ്വര്യവിഹാരം നടത്തിയ അട്ട ഞാന്‍ അതിനിടയ്ക്ക് കയ്യിട്ടുവാരുമ്പോള്‍ ചുരുണ്ടതാണ്. അതിനെയാണല്ലോ ഈശ്വരാ ഞാന്‍ തറച്ചക്രമാക്കിയത്!
പിന്നെ ജീവിതത്തില്‍ ഇന്നുവരെ, ദീപാവലിക്ക് വാങ്ങുന്ന ഒറിജിനല്‍ തറച്ചക്രം പോലും വിശദമായി നോക്കി അത് തേരട്ട അല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമേ ഞാന്‍ കൈവെക്കാറുള്ളൂ.
2. വിളിക്കാതെ കയറി വന്ന പാമ്പ്
വീട്ടില്‍ കറന്റ് കിട്ടുന്നതിനു വളരെ മുന്‍പ് സംഭവിച്ചതാണ്. രാത്രിയില്‍ ഉറങ്ങുന്നതിനു മുന്‍പായി വീടിനു മുന്നിലെ വാതില്‍ അടച്ചു കുറ്റിയിടാന്‍ പോയതാണ് അമ്മ. കുറെ കഴിഞ്ഞിട്ടും കാണുന്നില്ല. പോയി നോക്കുമ്പോള്‍ കാണുന്നത് വാതിലുമായി മല്‍പ്പിടിത്തം നടത്തുന്ന അമ്മയെയാണ്.
"തണുപ്പുകാലം അല്ലെ, വാതിലൊക്കെ വീര്‍ത്തിരിക്കുന്നതുകൊണ്ടാണ് വാതില്‍ അത്രപെട്ടെന്നൊന്നും അടയാത്തത്" - ഇതാണ് അമ്മയുടെ ന്യായീകരണം.
അച്ഛന് മണ്ണെണ്ണവിളക്കും എടുത്തുവന്നു നോക്കുമ്പോള്‍ ആണ് അത് കണ്ടത് - വാതിലിന്റെ വിജാഗിരിയുടെ ഭാഗത്തുള്ള വിടവിലൂടെ ഒരുത്തന് - ഒരു കുഞ്ഞു പാമ്പ് - തലയിട്ടു നോക്കിയ നേരത്താണ് അമ്മ വാതില്‍ അടച്ചത്. അവന് അവിടെയിരുന്നു ഞെരുങ്ങിയത് കാരണം വാതില്‍ അടയാത്തതാണ്. പക്ഷെ അത് അമ്മയോട് പറഞ്ഞാല്‍ അമ്മ പേടിച്ചു വാതിലില്‍ നിന്ന് കൈവിടും. കൈവിട്ടാല്‍ പാമ്പ് ചാടിവന്നു കയ്യില്‍കിട്ടുന്ന ആര്‍ക്കായാലും ഇട്ടു പണിതരും.
പിന്നെ പതുക്കെ അമ്മയോട് കാര്യം പറയാതെ "നീ വാതില്‍ അങ്ങനെ തന്നെ പിടിച്ചോ, ഞാന്‍ ഇപ്പ ശെരിയാക്കിത്തരാം" എന്ന് പറഞ്ഞു അച്ഛന് പുറകിലെ വാതിലിലൂടെ പുറത്തിറങ്ങി മുന്‍വാതിലിനു പുറത്തുവന്നു ഒരു മടല് കൊണ്ട് ആ പാമ്പിനെ കുത്തിപ്പിടിച്ച ശേഷമാണ് അമ്മയോട് കാര്യം പറഞ്ഞത്. പ്രതീക്ഷിച്ചപോലെ, അമ്മ പിടിവിട്ടു, പാമ്പ് വാതിലിനിടയില്‍ നിന്നും റിലീസ് ആയി, പക്ഷെ അച്ഛന്റെ പിടിയിലുമായി.
ആ സംഭവത്തിന് ശേഷം പലപ്പോഴും ഞാന്‍ ഓര്‍ക്കും - അമ്മ ആ സമയത്ത് വാതില്‍ അടച്ചില്ലായിരുന്നെങ്കില്‍ എന്ത് സംഭവിച്ചേനെ...?
3. പിന്നെയും പാമ്പുകള്‍ !
മേല്‍പ്പടി പാമ്പിന്റെ സംഭവത്തിന് ശേഷം എപ്പോഴും വീട്ടില്‍ പാമ്പ് വല്ലതും ഉണ്ടോ എന്നൊരു പേടി ഉണ്ടായിരുന്നു. ആ ഒരു കാലഘട്ടത്തിലാണ് തിരുവനന്തപുരം മൃഗശാലയില്‍ പോകുന്നത്. അവിടത്തെ പാമ്പ് ശേഖരത്തില്‍ കുറെയധികം പാമ്പുകളെ കണ്ടു. അതില്‍ എന്നെ ഏറ്റവും പേടിപ്പിച്ചത് - ഒരു കറിച്ചട്ടിയുടെ അടിയില്‍ ചുരുണ്ടിരിക്കുന്ന മൂര്‍ഖന്‍ ആണ്. കണ്ടാല്‍ പാമ്പ് ഉണ്ടെന്നു തോന്നുകേയില്ല. ചട്ടിയുടെ അടിയില്‍ ചുരുണ്ടിരിക്കുമ്പോള്‍ ചട്ടി ഒരു തിരുവയുടെ മുകളില്‍ എടുത്തുവെച്ചത്പോലെ.
പ്രസ്തുത "ചട്ടിപ്പാമ്പ്" എന്റെ തുടര്‍ന്നുള്ള രാത്രികള്‍ നിദ്രാവിഹീനങ്ങളാക്കി.
പിന്നീട് ആ വീട്ടിലെ ഇരുപതു വര്‍ഷത്തെ ജീവിതത്തിനിടയില്‍ വീടിനുള്ളില്‍ നിന്നും പലപ്പോഴായി കിട്ടിയത് മൂന്നു പാമ്പിന് കുട്ടികളെ. ഇതൊക്കെ എങ്ങനെ വീട്ടിനുള്ളില്‍ എത്തുന്നു എന്ന് നോ ഐഡിയ. മൂന്നെണ്ണവും ശംഖുവരയന്‍ കുട്ടികള്‍ ആയിരുന്നു. നല്ല ഒന്നാന്തരം വിഷമുള്ള ഇനം. രണ്ടെണ്ണം അടുക്കളയില്‍ നിന്നും. ഒരെണ്ണം ഉത്തരത്തില്‍ നിന്നും. ആ ഒരെണ്ണം ഉത്തരത്തില്‍ കയറിപ്പറ്റിയത് എങ്ങനെ എന്നത് ഇന്നും ഉത്തരം മുട്ടിക്കുന്ന ഒരു ചോദ്യമാണ്.
4. തവളകള്‍ !
മഴക്കാലങ്ങളില്‍ വീടിനു ചുറ്റും തവളകള്‍ ആയിരുന്നു. ഇരുട്ട് വീഴുമ്പോള്‍ നാലുപാടുനിന്നും കേള്‍ക്കാം മധുരമനോഹര സംഗീതം. ഇതില്‍ ചിലരൊക്കെ വീടിനകത്തെ താമസിക്കുള്ളൂ. എല്ലാ മുറികളുടെയും മൂലകളില്‍ മിക്കപ്പോഴും ഒരു തവള വീതം കാണും. ഇവന്മാരെ പിടിക്കാന്‍വേണ്ടി കൊട്ടേഷന്‍ എടുത്തുകൊണ്ട് ചേരകളും വീടിനു ചുറ്റും അവസരം കാത്തു നടക്കുകയാണ്.
ഒരിക്കല്‍ അതിരാവിലെ ഞാന്‍ സ്കൂളില്‍ പോകാനിറങ്ങുമ്പോള്‍ അതാ മുറ്റത്തെ വാതില്‍ കടന്നു വരുന്നു ഒരു അതിഥി - ഒരു എമണ്ടന്‍ ചേര! അവന്റെ സ്വന്തം വീടുമാതിരി ആണ് വരവ്. എന്നെ നോക്കി "ഇയാള്‍ക്ക് എന്താ ഹേ ഈ വീട്ടില്‍ കാര്യം" എന്ന് ചോദിക്കുന്ന മാതിരി ഒരു വരവ്. ഇത്തവണയും എന്റെ തലയില്‍ മിന്നല്‍പ്പിണര്‍ പാഞ്ഞു. ഞാന്‍ കിടന്നു നിലവിളിച്ചു. അവനു ചെവി ഉള്ളതുകൊണ്ടോ അതോ എന്റെ ഭീകരശബ്ദം തരംഗങ്ങളായി ഭൂമിയിലൂടെ കടന്നുചെന്ന് അവന്റെ ഓഡിയോ സെന്‍സറില്‍ തട്ടിയതുകൊണ്ടോ എന്നറിയില്ല, അവന് വന്ന വരവിനു റിവേഴ്സ് ഇട്ടു പുറത്തേക്ക് പാഞ്ഞു.
പിന്നെയും പല ക്ഷുദ്രജീവികള്‍ കടന്നുവന്ന വീടാണ് അത്. വാവലുകള്‍, എലികള്‍ അങ്ങനെ പലതും.
കഴുക്കോലിന്റെ മുകളില്‍ നിന്നും സ്ഥിരം എലിക്കുഞ്ഞുങ്ങള്‍ മഴയായി വീഴുമായിരുന്നു. പെറ്റുവീണു ദിവസങ്ങള്‍ മാത്രം ആയവ. "ശിശുഹത്യ കൊടും പാപമാണ്" എന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് അവറ്റകളെ കൊല്ലാറില്ല. അതുകൊണ്ട് അല്പം ദൂരെ ഏതെങ്കിലും സ്ഥലത്ത് കൊണ്ടുപോയി ഒരു ചിരട്ടയിലാക്കി ആവശ്യത്തിന് ഭക്ഷണവും വെള്ളവും ചേര്‍ത്തു വെച്ചിരിക്കും. അഥവാ അതിനെ അന്വേഷിച്ചു അതിന്റെ അമ്മച്ചിയെങ്ങാന്‍ വന്നാലോ? പാവം, മക്കളെ വളര്‍ത്തി വലുതാക്കട്ടെ :-)
ഇനി എന്റെ സംശയം - ഇതിനെ "മനുഷ്യത്വം" എന്നാണോ അതോ "എലിത്വം" എന്നാണോ പറയുക?
കിട്ടിയ തറചക്രം വിളക്കിൽ വച്ച് കത്തിക്കാതിരുന്നത് ഭാഗ്യം..!! ഓർമയിൽ മങ്ങാതെ കുട്ടിക്കാലാനുഭവങ്ങൾ ഹൃദ്യമായി..!!
ReplyDeleteസത്യം! ആ "തറചക്രം" കത്തിച്ചിരുന്നെങ്കില്‍ ഞാന്‍ മൃതിയടഞ്ഞു നരകത്തില്‍ ചെല്ലുമ്പോള്‍ അവര്‍ എന്നെ കമ്പിത്തിരിയോ മത്താപ്പോ ഒക്കെ ആക്കിയേനെ!
ReplyDeletesuper........
ReplyDeleteഇതെന്താ പാമ്പും തവളയും എല്ലാം ഒന്നിച്ച് ഓരോന്നോരോന്നായി കുറച്ചു കൂടി വിശദമാക്കി
ReplyDeleteഎഴുതരുതോ ദാ ഇതുപോലെ?
ചെറുപ്പത്തിലെന്നല്ല വലുതായിട്ടും പാമ്പുകളുടെ ഇടയില്‍
പെട്ട് ഓടിയാല്‍ നീങ്ങാത്ത സ്വപ്നങ്ങള്‍ കണ്ട് ഭയന്ന മറ്റൊരുവന്
എന്തായാലും തറചക്രം കലക്കി..സൂപ്പര്‍..
ReplyDeleteവായിച്ചു! ഇതുങ്ങളുടെ ഇടയില്‍ പിടിച്ചുനില്‍ക്കുക എന്നത് ഒരു കഴിവ് തന്നാണേ! ഒരെണ്ണം കിട്ടിയാല്‍ ആ ജന്മം പോയി!
ReplyDeleteഹോ ഇതെന്താ ഒരു കുഞ്ഞു മൃഗശാല തന്നെ ആണല്ലോ, ;)
ReplyDeleteവെറുതേ മനുഷ്യനെ പേടിപ്പിക്കാന്‍ ഓരോ കഥയുമായി ഇറങ്ങികോളും...
ReplyDeleteഞാന്‍ ബ്ലോഗ് വായന നിര്‍ത്തി.
അപ്പോള്‍ ഹോസ്റ്റിംഗ് സര്‍വീസ് നന്നായിട്ടൊക്കെ പോവുകല്ലേ? യേത്...??? :-) :-) :-)
ReplyDeleteവാതിലിനിടയിൽ പെട്ട പാമ്പ് കലക്കി.
ReplyDelete