വനിതകളുടെ കണ്ടുപിടുത്തങ്ങള്‍
നമ്മളെല്ലാം കുട്ടിക്കാലം മുതല്ക്കേ പഠിച്ചിട്ടുള്ള ശാസ്ത്രം മുഴുവനും പുരുഷജനങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ ആയിരുന്നു. എഡിസണ്, ഐന്‍സ്റീന്‍, ന്യൂട്ടന്, അങ്ങനെ നിരവധി അനവധി. ചുരുക്കം ചില സ്ത്രീജനങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ മാത്രമാണ് പഠിച്ചിട്ടുള്ളത്. അതിലൊന്നാണ് മാഡം ക്യൂറി കണ്ടുപിടിച്ച "റേഡിയം" - പക്ഷെ അതുതന്നെ, ഭര്‍ത്താവായ പിയറി ക്യൂറിയുടെ ഒപ്പമാണ് കണ്ടുപിടിച്ചതും.
അതുകൊണ്ട്തന്നെ, "പെണ്ണുങ്ങളെക്കൊണ്ട് എന്തെങ്കിലും പുതിയത് കണ്ടുപിടിക്കാന്‍ കഴിയില്ല" എന്നൊരു ധാരണയും നമുക്കുണ്ടാകാം. ന്നാല് അത് അങ്ങനെയല്ല കേട്ടോ... നമുക്ക് ചുറ്റും കാണുന്ന അനേകം വസ്തുക്കള്‍ സ്ത്രീകളുടെ കണ്ടുപിടുത്തങ്ങളായി ഉണ്ട്. അതില്‍ കുറെ സാധനങ്ങള്‍ ഞാന്‍ ലിസ്റ്റ് ചെയ്യാം. അത് നോക്കിയിട്ട് "ഓ, ഇതും ഒരു സ്ത്രീ കണ്ടുപിടിച്ചതോ?" എന്ന് അത്ഭുതം കുറുക :-)
- വട്ടത്തിലുള്ള അറക്കവാള്‍
- വൈദ്യുത ഹീറ്റര്‍
- ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്
- ഡയപ്പര്‍
- എന്‍ജിനുകളുടെ പുകക്കുഴല്‍
- കോബോള് പ്രോഗ്രാമ്മിംഗ് ഭാഷ
- ഡിഷ് വാഷര്‍
- വാഹനങ്ങളുടെ വൈപ്പര്‍
- വൈറ്റ്നര് എന്ന് അറിയപ്പെടുന്ന "തിരുത്ത് പേന"
- ചോക്ലേറ്റ് ചിപ്സ് ഇട്ട കുക്കീസ്
- കുത്തിവെപ്പിനുള്ള സിറിഞ്ച് (അയ്യോ!)
- പേപ്പര്‍ ക്യാരി ബാഗ്
- ലേസര്‍ പ്രിന്റര്‍. (ഇത് ഞാന്‍ ശെരിക്കും അത്ഭുതപ്പെട്ടു!)
ഇത് മാത്രമല്ല, ഇനിയും ലിസ്റ്റ് നീളും. മുകളില്‍ പറഞ്ഞ കണ്ടുപിടുത്തങ്ങളുടെ പിന്നിലുള്ള പൂര്‍ണരൂപത്തിലുള്ള കഥകള്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ പോയി വായിക്കാം.
(അവലംബം: How Stuff Works, FactMonster)
നീല നിറമുള്ള ഫേസ്ബുക്ക്

ഫേസ്ബുക്ക് തുറന്നുനോക്കിയാല്‍ കാണാം, അടിമുടി നീലനിറമാണ്. ലോഗോയില്‍ തുടങ്ങി, ഒരു ചെറു ബട്ടണ്‍ പോലും നീലമയം ആണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? കേട്ടാല്‍ ഒരുപക്ഷെ നിങ്ങള്‍ ഞെട്ടിയെക്കാം.
ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗിന് "വര്‍ണാന്ധത" എന്ന രോഗം ഉണ്ട്. അതായത് ചില നിറങ്ങള്‍ കാണാന്‍ കഴിയാത്ത ഒരുതരം രോഗാവസ്ഥ. സക്കര്‍ബര്‍ഗിന് ചുവപ്പും പച്ചയും കാണാന്‍ കഴിയില്ല. നീലനിറം ആണ് കൂടുതല്‍ നന്നായി കാണുന്നത്. അതുകൊണ്ടുതന്നെ ആദ്യമേ നീലനിറം തിരഞ്ഞെടുത്തു എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്.
(അവലംബം: CNN News Report, September 20, 2010)
പൊതുവായ ചില തെറ്റിദ്ധാരണകള്‍
യേശു ജനിച്ചത് ഡിസംബര്‍ 25 നു ആണെന്ന് ബൈബിളില്‍ പറയുന്നില്ല. പകരം സെപ്റ്റംബര്‍ മാസത്തോടു അടുത്ത എന്നോ ഒരു ദിവസമാണ്. പോപ് ജൂലിയസ് ഒന്നാമന് ആണത്രേ ഡിസംബര്‍ 25 അങ്ങനെ ആഘോഷിക്കാന്‍ പ്രഖ്യാപിച്ചത്.
അതുപോലെ തന്നെ ഉണ്ണിയേശുവിനെ കാണാന്‍ വന്നത് കൃത്യം "മൂന്നു രാജാക്കന്മാര്" ആണെന്നും പറയുന്നില്ല. പക്ഷെ അവര്‍ കൊണ്ടുവന്ന സമ്മാനങ്ങള്‍ മൂന്നെണ്ണം ആയിരുന്നു. അതില്‍നിന്നും ആയിരിക്കണം "മൂന്നു" രാജാക്കന്മാര് എന്ന തെറ്റിദ്ധാരണ ഉണ്ടായത്.
"വിലക്കപ്പെട്ട കനി" എന്നത് ഒരു ആപ്പിള്‍ ആണെന്ന് പരക്കെ ഒരു തെറ്റിധാരണ ഉണ്ട്; എന്നാല്‍ അങ്ങനെ ബൈബിളില്‍ പ്രതിപാദിക്കുന്നില്ല. പ്രസ്തുത തെറ്റിദ്ധാരണ ഉണ്ടായത് പഴയ ചിത്രകാരന്മാര് രചിച്ച ചിത്രങ്ങളില്‍ നിന്നുമാണ്.
ഇതുപോലുള്ള കുറെയധികം കൌതുകമുളവാക്കുന്ന, പൊതുവായ തെറ്റിധാരണകള്‍ വിക്കിപ്പീഡിയയില്‍ വായിക്കാം - http://en.wikipedia.org/wiki/List_of_common_misconceptions
ബാത്ത്റൂം സിങ്ങിംഗ് - അഥവാ കുളിമുറിയിലെ "ഗാനമേള"
അത്ഭുതപ്പെടണ്ട, നിങ്ങള്‍ മാത്രമല്ല, ഈ ലോകത്ത് മിക്ക ആളുകളും കുളിമുറിയില്‍ ഗാനാലാപനം നടത്തുന്നവരാണ്. കുളിമുറിയില്‍ പാടുന്നത് നാമെല്ലാം വളരെയധികം ഇഷ്ടപെടുന്നു എന്നത് ഒരു വലിയ "നഗ്ന"സത്യം തന്നെ.
ഇനി, എന്താണ് ഇതിനു പിന്നിലെ രഹസ്യം? കുളിമുറിയുടെ വലിപ്പക്കുറവ്, ചുവരുകളില്‍ പതിച്ചിട്ടുള്ള ടൈല്‍സ് - ഇത് രണ്ടുംകൂടി ചേരുമ്പോള്‍ നമ്മുടെ ശബ്ദം വളരെ മനോഹരമായി പ്രതിഫലിക്കുകയും ആസ്വാദ്യകരമായി അനുഭവപ്പെടുകയും ചെയ്യും. അതുപോലെതന്നെ മറ്റാരും കേള്‍ക്കാനില്ല എന്നുള്ള ധൈര്യവും. അതുകൊണ്ടാണ് നാമെല്ലാം കുളിമുറിയെ ഒരു "റെക്കോര്‍ഡിംഗ് സ്റ്റുഡിയോ" ആക്കി മാറ്റുന്നത്.
(അവലംബം: http://community.musiciansfriend.com/docs/DOC-1177?src=3SOSWXXA)
ചിലതരം പേടികള്‍
പേടി എന്ന വികാരം എല്ലാപെര്‍ക്കുമുണ്ട്. പക്ഷെ ചില പ്രത്യേകതരം "പേടികള്‍" അപൂര്‍വം ആളുകള്‍ക്ക് ഉണ്ടാകാറുണ്ട്. നമുക്കെല്ലാം സുപരിചിതമായ ഒന്നാണ് "ഹൈഡ്രോഫോബിയ" - അതായത് വെള്ളത്തോടുള്ള ഭയം. എന്നാല്‍ തികച്ചും അപ്രതീക്ഷിതവും അത്ഭുതകരവുമായ ചില "ഫോബിയകള്‍" ഇതാ:
- "Anatidaephobia" - എവിടെയോ ഒരു താറാവ് നമ്മെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നു എന്ന ഭയം.
- "Hippopotomonstrosesquipedaliophobia" - നീണ്ട വാക്കുകളോടുള്ള ഭയം. ഇതിന്റെ പേര് കേട്ടാല്‍ തന്നെ ആരും ഭയന്നുപോകും.
മറ്റു ഭയങ്ങള്‍ വിക്കിപീഡിയയില്‍ വായിക്കാം - http://en.wikipedia.org/wiki/List_of_phobias
"മഞ്ഞപ്പത്രം", "നീലച്ചിത്രം" - ചില നിറമുള്ള വാക്കുകള്‍
മുന്‍പൊക്കെ "മഞ്ഞപ്പത്രം" എന്ന വാക്ക് കേള്‍ക്കുമ്പോള്‍ മഞ്ഞനിറമുള്ള, അല്ലെങ്കില്‍ മങ്ങിയ പേപ്പറില്‍ അച്ചടിക്കുന്ന പത്രം എന്നാണ് ഞാന്‍ കരുതിയിരുന്നത്. പിന്നെ അത് "യെല്ലോ പേജസ്" എന്നറിയപ്പെടുന്ന ടെലിഫോണ്‍ ഡയറക്ടറി ആണോ എന്നും സംശയിച്ചു. പക്ഷെ "മഞ്ഞപ്പത്രം" എന്നാല്‍ ഇത് രണ്ടുമല്ല - വ്യക്തികളെയും സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളും വായനക്കാരെ "ഇക്കിളിപ്പെടുത്തുന്ന" വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന പത്രങ്ങളെയാണ് "മഞ്ഞപ്പത്രം" എന്ന് വിളിച്ചു പോരുന്നത്. വര്‍ഷം 1882 മുതല്ക്കേ തന്നെ ഈ പ്രയോഗം നിലവിലുണ്ട്.
1882 ല്‍ ന്യൂയോര്‍ക്കില്‍ രണ്ടു പത്രങ്ങള്‍ തമ്മില്‍ സര്‍ക്കുലേഷന്‍ വേണ്ടിയുള്ള മത്സരങ്ങള്‍ ആരംഭിച്ച കാലഘട്ടം. ഒരു പത്രത്തില്‍ ജോലി ചെയ്തിരുന്ന മിടുക്കന്മാരെ മറ്റേ പത്രം വമ്പന്‍ കാശുകൊടുത്തു ചാടിക്കുന്നത് പതിവായി. അതില്‍ പ്രശസ്ത പത്രപ്രവര്ത്തകന് ആയിരുന്ന പുലിസ്ടരിന്റെ പത്രമായ "ദി വേള്‍ഡ്" സ്ഥിരമായി "ദി യെല്ലോ കിഡ്" എന്ന പേരിലുള്ള ഒരു കാര്‍ടൂണ്‍ പ്രസിദ്ധീകരിച്ചു പോന്നു. ആ കാര്‍ടൂണ്‍ വരച്ചിരുന്ന കാര്‍ടൂണിസ്ടിനെ എതിരാളി പത്രം തട്ടിയെടുത്തു. ഇതില്‍ കലിപൂണ്ട പുലിസ്ടര്‍ അതിവേഗം മറ്റൊരു കാര്‍ടൂണിസ്ടിനെ കണ്ടെത്തുകയും പ്രസ്തുത "യെല്ലോ കിഡ്" തുടരുകയും ചെയ്തു. ക്രമേണ തരം താഴ്ന്ന മത്സരങ്ങളിലേക്ക് പത്രപ്രവര്‍ത്തനം നീങ്ങിയപ്പോള്‍ ആളുകള്‍ അതിനെ കളിയാക്കിക്കൊണ്ട് "യെല്ലോ ജേര്‍ണലിസം" അഥവാ "മഞ്ഞ പത്രപ്രവര്‍ത്തനം" എന്ന് വിളിച്ചുതുടങ്ങി. പിന്നീട് പത്രപ്രവര്‍ത്തന രംഗത്തെ സകല തരംതാഴലുകളും "മഞ്ഞ" ആയി.
(അവലംബം: "മാറുന്ന ലോകം മാറുന്ന മാധ്യമലോകം" - രാജേന്ദ്രന് എന്‍ .പി, മാതൃഭൂമി പബ്ലിഷേഴ്സ് (ISBN : 978-81-8264-711-4)
കൂടുതല്‍ വിശദമായി : മാതൃഭുമി ബുക്സ് വെബ്സൈറ്റിലെ ലേഖനം)
ഇതുപോലെ തന്നെ "നിറമുള്ള" മറ്റൊരു വാക്കാണ് "നീലച്ചിത്രം" - പ്രസ്തുത വാക്ക് കേള്‍ക്കാത്തവര്‍ വിരളം. ഇന്ത്യയില്‍ മാത്രമാണ് ഈ വാക്ക് ഉപയോഗിക്കുന്നതും. സാധനം എന്താണെന്ന് പറയേണ്ടതില്ലല്ലോ, അത് തന്നെ! പ്രസ്തുത വാക്കില്‍ എവിടുന്നാണ് "നീല" കടന്നുവന്നത് എന്നറിയുമോ? ആദ്യകാലങ്ങളിലെ ചിത്രങ്ങളില്‍ രാത്രിയും ഇരുട്ടുമൊക്കെ ചിത്രീകരിക്കുന്നത് പട്ടാപ്പകല്‍ തന്നെയായിരുന്നു. രാത്രിയുടെ "ഇരുട്ട്" തോന്നിക്കാന്‍ ക്യാമറയില്‍ നീല നിറമുള്ള ഫില്‍റ്റര്‍ ഇട്ടാണ് ചിത്രീകരിക്കുക. മേല്‍പ്പറഞ്ഞതരം ചിത്രങ്ങളിലും അഭിനേതാക്കളെ മനസിലാകാതിരിക്കുന്നതിനായി നീല നിറമുള്ള ഫില്‍റ്റര്‍ ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് അങ്ങനെയുള്ള ചിത്രങ്ങള്‍ക്ക് "നീലചിത്രം" എന്ന പേര് വീഴുകയായിരുന്നു.
(അവലംബം: വിക്കിപീഡിയ ലേഖനം)
ജന്തുലോകത്തെ ചില കൌതുകങ്ങള്‍
കടുവകളുടെ പുറത്തു കാണുന്ന വരകള്‍ അതിന്റെ രോമങ്ങളില്‍ മാത്രമല്ല, അതിന്റെ തൊലിപ്പുറത്തും ഉള്ളതാണ്. അതായത്, ഒരു കടുവയുടെ രോമം മുഴുവനും ഷേവ് ചെയ്തു കളഞ്ഞാലും അതിന്റെ വരകള്‍ അതേപടി അതിന്റെ പുറത്ത് ഉണ്ടാകും എന്നര്‍ത്ഥം. (അവലംബം: വിക്കിപീഡിയ ലേഖനം)
സീബ്രയുടെ പുറത്തുള്ളത് കറുത്ത വരകളോ അതോ വെളുത്ത വരകളോ? ഇത് പണ്ടുമുതലേ കേള്‍ക്കുന്ന ഒരു ചോദ്യമാണ്. സീബ്രയുടെ വയറിന്റെ അടിഭാഗം വെളുത്ത നിറം ആയതുകൊണ്ട് "വെളുത്ത ശരീരത്തില്‍ കറുത്ത വരകള്‍" എന്നാണ് പൊതുവേ വിശ്വസിച്ചിരുന്നത്. എന്നാല്‍, പഠനങ്ങള്‍ തെളിയിക്കുന്നത് സീബ്രയുടെ യഥാര്‍ത്ഥ നിറം കറുപ്പും, അതിനു മുകളിലായി വെളുത്ത വരകളും എന്നാണ്. (അവലംബം: വിക്കിപീഡിയ ലേഖനം)
നമ്മള് രുചിയോടെ കഴിക്കുന്ന ചോക്ലേറ്റ് പട്ടികള്‍ക്ക് വിഷമാണ് എന്നത് മറ്റൊരു കൌതുകം, അതിനേക്കാളുപരി അറിഞ്ഞിരിക്കേണ്ട ഒരു കാര്യവും. "തിയോബ്രോമിൻ വിഷബാധ" എന്നാണു ഇത് അറിയപ്പെടുക. ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള "തിയോബ്രോമിന്‍" എന്ന രാസവസ്തുവാണ് ഈ വിഷബാധക്ക് കാരണം. മനുഷ്യനെ ഈ വിഷം ബാധിക്കാറില്ല. പക്ഷെ നായ, പൂച്ച, കുതിര, എലി മുതലായ ജീവികള്‍ക്ക് "തിയോബ്രോമിൻ" വളരെയധികം ഹാനികരമാണ്. അതുകൊണ്ടുതന്നെ, ഇനി ചോക്ലേറ്റ് വാങ്ങുമ്പോള്‍ സ്നേഹത്തോടെ സ്വന്തം വളര്‍ത്തുനായക്ക് കൊടുക്കാതിരിക്കുക.
(അവലംബം: വിക്കിപീഡിയ - "തിയോബ്രോമിൻ വിഷബാധ" - ലേഖനം)
തല്ക്കാലം ഇത്രയും കൌതുകങ്ങള്‍ ആയിക്കോട്ടെ, ഇനിയും കിട്ടുന്ന ഓരോന്നായി പങ്കുവെക്കാം.
നിങ്ങളുടെ ശേഖരത്തിലും കാണുമല്ലോ ഇതുപോലുള്ള കൌതുകങ്ങള്‍? അവ ഷെയര്‍ ചെയ്യുക. ഒപ്പംതന്നെ അവ എവിടുന്നു കിട്ടി എന്നുള്ള ലിങ്ക് കൂടി ചേര്‍ക്കാന്‍ ഓര്‍ക്കുമല്ലോ :-)
Good Work.....!
ReplyDeleteനന്ദി ദേവാ, ഒരുപാട് വിഷയങ്ങളിലൂടെ ഉള്ള അറിവുകൾ തന്നു. കൂടാതെ അതിന്റെയൊക്കെ അഡ്രസ്സും. ആശംസകൾ.
ReplyDeleteGood one
ReplyDelete