Wednesday, February 17, 2010

(ലേഖനം) കൂട്ടുകാരും നമ്മുടെ സ്വഭാവ രൂപീകരണവും...

പ്രിയപ്പെട്ട കൂട്ടുകാരെ,

എനിക്കും നിങ്ങള്‍ക്കും എല്ലാര്‍ക്കും സ്വന്തമായ ഒരു "അത്ഭുതം" ഉണ്ട്. എന്താണെന്നല്ലേ? നമ്മുടെയൊക്കെ കൂട്ടുകാര്‍ തന്നെയാണ്. കൂട്ടുകാര്‍ അഥവാ "friends" എന്ന് നമ്മള്‍ പറയുന്ന നമ്മുടെ സഹജീവികള്‍. നമുക്ക് അവരെല്ലാം കൂട്ടുകാര്‍ ആകുന്നതുപോലെ തന്നെ അവര്‍ക്ക് നമ്മളും ഒരു "കൂട്ടുകാരന്‍" അല്ലെങ്കില്‍ ഒരു "കൂട്ടുകാരി" ആണ്. പരസ്പരം സന്തോഷങ്ങളും വിഷമങ്ങളും ഒക്കെ പങ്കുവെയ്ക്കാന്‍. അതുപോലെ എന്തെങ്കിലും ആപത്തു വരുമ്പോള്‍ നമ്മളെ സഹായിക്കാന്‍. അങ്ങനെ പോകുന്നു കൂട്ടുകാരുടെ റോള്‍.

ഇപ്പോള്‍ ഞാന്‍ ഇതൊക്കെ പറയുന്നത് എന്തിനാണ് എന്നാണോ?

ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തില്‍ കൂട്ടുകാരുടെ പങ്കിനെ കുറിച്ചാണ്. ഇത് വെറും നിസ്സാരമായ ഒരു കാര്യമല്ല. അതെ, ഒരാളുടെ അച്ഛനും അമ്മയും തന്നെയാണ് അയാളുടെ സ്വഭാവത്തിന്റെ അടിസ്ഥാനം തീര്‍ക്കുന്നത്. പിന്നെ വരുന്ന ബാല്യവും കൌമാരവും ഒക്കെ അച്ഛനെയും അമ്മയേക്കാളും ഏറെ ഒരു വ്യക്തിയെ സ്വാധീനിക്കുന്നത് തീര്‍ച്ചയായും അയാളുടെ കൂട്ടുകാര്‍ തന്നെയാണ്. ആ കൂട്ടുകെട്ടിലുള്ള കൂട്ടുകാരുടെ സ്വഭാവം അനുസരിച്ചാണ് ആ കുട്ടിയുടെയും സ്വഭാവം രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ, ബാല്യകാലം മുതല്‍ക്കേ സ്വന്തം കുഞ്ഞിന്‍റെ കൂട്ടുകെട്ടുകള്‍ നന്നായി മനസിലാക്കേണ്ടതും അതിനനുസരിച്ച് കൂട്ടുകാരെ തിരഞ്ഞെടുക്കേണ്ടതും, തിരഞ്ഞെടുക്കാന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടതും ഏതൊരു അച്ഛന്റെയും അമ്മയുടെയും കടമയാണ്. നെല്ലും പതിരും പോയിട്ട് "നെല്ല്" എന്താണെന്നുപോലും തിരിച്ചറിയാന്‍ പാകമാകാത്ത കുഞ്ഞു മനസുകളെ നേരായ വഴിക്ക് നടത്താന്‍ ആണല്ലോ അച്ഛന്റെയും അമ്മയുടെയും കടമ. (സോറി, അച്ഛന്‍ എന്നും വെള്ളമടിച്ചു വന്നു തെറിവിളിക്കുന്ന വീട്ടിലെ കുഞ്ഞിന്‍റെ കാര്യം പറഞ്ഞിട്ട് കാര്യമില്ല, അതിനു അവന്‍റെ അച്ഛനെ തന്നെ പറയണം.)

ഒന്ന് ഓര്‍ത്തു നോക്കു, നിങ്ങളുടെ കുഞ്ഞ് ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നു. അവന്‍റെ അടുത്തിരിക്കുന്ന കുട്ടി സ്ഥിരമായി വീട്ടില്‍ നിന്നും സിഗരറ്റ് കൊണ്ടുവന്നു അവന്‍റെ മുന്‍പില്‍ വെച്ച് വലിക്കുന്നു. നിങ്ങളുടെ കുഞ്ഞ് സ്ഥിരമായി ഇത് കണ്ട് വീട്ടില്‍ വന്നു അച്ഛനോട് "സിസര്‍ ഫില്‍ടര്‍" ചോദിക്കുന്നു. അച്ഛന്‍ ദേഷ്യം വന്നു തല്ലുന്നു. അമ്മ അവന്‍റെ ചെവിക്കു പിടിച്ചു കിഴുക്കി എറിയുന്നു. അവന്‍ ദേഷ്യത്തില്‍ പിറ്റേന്ന് പോയി കൂട്ടുകാരനോട് സിഗരെറ്റ്‌ കടം വാങ്ങി പുകവലിക്കുന്നു. പിന്നെ ഇതൊരു ശീലമാകുന്നു. എങ്ങനെയുണ്ട്?

പക്ഷെ, അച്ഛനോട് സിഗരെറ്റ്‌ ചോദിക്കുമ്പോള്‍ ദേഷ്യപ്പെടാതെ അവനോടു കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചു എല്ലാം മനസിലാക്കുകയും, അവനെ കാര്യമായി ഉപദേശിക്കുകയും, ആ കൂട്ടുകാരനോടുള്ള കൂട്ട് പതുക്കെ അകലാനും സഹായിച്ചാലോ? അവന്‍ പിന്നെ പുകവലിക്കുമോ? ഇല്ല.

കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതില്‍ വരുന്ന പിഴവ് ചിലപ്പോള്‍ നമ്മുടെ ഒരു ജന്മം മുഴുവനും നശിപ്പിക്കാം. ചിലര്‍ എല്ലാരോടും കൂട്ടുകൂടുന്നു. ചിലര്‍ വളരെ കുറച്ചു ആളുകളോട് മാത്രം കൂട്ട് കൂടുന്നു. അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമാണ്. പക്ഷെ ആ കൂട്ട് നല്ലതാകണമെന്നു മാത്രം. കൌമാരം ആകുമ്പോഴേക്കും മിക്കവര്‍ക്കും അച്ഛനെയും അമ്മയേക്കാളും അടുപ്പം കൂട്ടുകാരോട് ആയിരിക്കും. ചോരത്തിളപ്പിന്റെയും എടുത്തുചാട്ടത്തിന്റെയും ഈ പ്രായത്തില്‍ കൂട്ടുകാര്‍ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗം തന്നെയാണ്. ഞാന്‍ എന്ത് കാണിച്ചാലും എന്‍റെ കൂട്ടുകാര്‍ കൂടെ ഉണ്ടാകും എന്നൊക്കെ ഉള്ള ചിന്തകള്‍ ഒരുപക്ഷെ അപകടത്തിലേക്ക് അവരെ നയിക്കും. അതൊക്കെ സ്വയം മനസിലാക്കി കൂട്ടുകാരെയും, അവരുടെ അഭിപ്രായങ്ങളെയും വിവേകപൂര്‍വ്വം നേരിടുന്നവന്‍ ആണ് വിജയി.

കൌമാരം കടക്കുമ്പോഴേക്കും സ്വഭാവ രൂപീകരണം ഏതാണ്ട് പൂര്‍ത്തിയാകും. പിന്നെ ജീവിതത്തിലേക്കുള്ള യാത്ര ആരംഭിക്കും. അവന്‍ പഠിച്ചത് കള്ളന്‍റെ സ്വഭാവം ആണെങ്ങില്‍ അവന്‍ കള്ളം കാണിച്ചു ജീവിക്കും, കൂടുതല്‍ കള്ളന്മാരെ കണ്ടുപിടിക്കും. അവന്‍ പഠിച്ചത് നല്ല സ്വഭാവം ആണെങ്ങില്‍ അവന്‍ നല്ലതുപോലെ ജീവിക്കും, പിന്നെ നല്ല നല്ല കൂട്ടുകെട്ടുകളും കണ്ടെത്തുകായും ചെയ്യും.

ഒരാളുടെ സ്വഭാവത്തില്‍ പ്രധാനമായി എനിക്ക് തോന്നുന്നത് കുറച്ചു കാര്യങ്ങള്‍ ആണ്, അത് ഞാന്‍ പറയാം.

സാമൂഹ്യജീവി ആയി ജീവിക്കാനുള്ള കഴിവ്, മറ്റുള്ളവര്‍ക്ക് സഹായം ചെയ്യാനുള്ള മനോഭാവം, മറ്റുള്ളവരോട് ആദരവും ബഹുമാനവും കാണിക്കാനുള്ള അറിവ്, അഹങ്കാരമില്ലായ്മ, പിന്നെ, ദു:ശീലങ്ങള്‍ക്ക്‌ അടിമപ്പെടാതിരിക്കാനുള്ള മനസ്.

ഇതൊക്കെ ഏതൊരു മനുഷ്യനും ഉണ്ടാകേണ്ട ഗുണങ്ങള്‍ ആണ്. ഇന്നത്തെ അണുകുടുംബ ജീവിതത്തിലും "ഫ്ലാറ്റ്" സംസ്കാരങ്ങളിലും "സാമൂഹികത" എന്നൊരു വികാരം നഷ്ട്ടപെടുന്നോ എന്ന് സംശയം ഉണ്ട്. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ആളുകള്‍. അയല്‍ക്കാരുടെ പേര് പോലും അറിയാത്തവര്‍, പരസ്പര സഹകരണം ഇല്ലാത്തവര്‍... ഇങ്ങനെയൊക്കെ ഒരുപാട് കേട്ടിട്ടും വായിച്ചിട്ടുമുണ്ട്. എന്തായാലും എന്‍റെ കൂട്ടുകാരില്‍ അങ്ങനെയുള്ള സ്വാര്‍ത്ഥ കുടുംബങ്ങള്‍ ഞാന്‍ കണ്ടിട്ടില്ല. ഒരുപക്ഷെ തിരുവനന്തപുരത്തോ, അല്ലെങ്കില്‍ കേരളത്തിലോ തന്നെ അങ്ങനെ അധികം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഉണ്ടെങ്കില്‍ തന്നെ അത് വളരെ കുറഞ്ഞ ശതമാനം ആയിരിക്കാം.

സഹായ മനോഭാവം നല്ലതാണ്. പക്ഷെ അത് കൂടിപ്പോയാല്‍ മറ്റുള്ളവര്‍ നമ്മളെ ചൂഷണം ചെയ്യും. അതുകൊണ്ട്, സഹായമൊക്കെ വേണ്ട സമയത്ത്, വേണ്ടതുപോലെ, ആലോചിച്ചു ചെയ്യാനുള്ള കഴിവ് നമ്മുക്ക് ഉണ്ടാകണം. ഇപ്പോള്‍ എനിക്ക് ഓര്‍മ വരുന്നത്, ഈയിടെ ഇറങ്ങിയ "പാസ്സഞ്ചര്‍" എന്നാ ശ്രീനിവാസന്‍ ചിത്രമാണ്. എല്ലാരും കണ്ടിരിക്കേണ്ട ഒരു സിനിമ. അതിലെ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രം നമുക്ക് ചില പാഠങ്ങള്‍ പകര്‍ന്നു തരുന്നുണ്ട്. അത് എന്നെന്നും ഓര്‍ത്തുവയ്ക്കാനും, നടപ്പിലാക്കാനും ഉള്ള ചില പാഠങ്ങള്‍ ആണ്.

മറ്റുള്ളവരോട് ആദരവോടെയും ബഹുമാനത്തോടെയും പെരുമാറുന്ന വ്യക്തിക്ക് സമൂഹത്തില്‍ എന്നും ഉന്നതമായ ഒരു സ്ഥാനം തന്നെയാണുള്ളത്. ഈ പാഠങ്ങള്‍ പഠിക്കേണ്ടത് വീട്ടില്‍ നിന്നും സ്കൂളില്‍ നിന്നുമാണ്.

എത്രത്തോളം ഉയര്‍ന്നാലും അഹങ്കാരം പിന്നെയും പിന്നെയും ഉയരും. അവര്‍ക്ക് സമൂഹം മനസ്സില്‍ ഒരു പ്രത്യേക സ്ഥാനം തന്നെ നല്‍കും. ഒരു പ്രത്യേക സ്നേഹം ഉണ്ടാകും. ഇപ്പൊ ഓര്‍മവരുന്നത്  ISRO മുന്‍ചെയര്‍മാന്‍ ആയിരുന്ന ജി.മാധവന്‍ നായര്‍ ആണ്. അദ്ദേഹത്തിന്‍റെ എളിമ ഒരുപാടുപേര്‍ ചര്‍ച്ചാവിഷയം ആക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഞാനും കൂട്ടുകാരും പലപ്പോഴും അദ്ദേഹത്തെക്കുറിച്ച് പറയാറുണ്ട്‌. എത്ര വലിയ പ്രൊജക്റ്റ്‌ ആയാലും, അത് വിജയിക്കുമ്പോള്‍, ചാനലുകാര്‍ ചാടി വീഴുമ്പോള്‍, കൂടെ വര്‍ക്ക് ചെയ്ത മറ്റുള്ള ശാസ്ത്രജ്ഞരെ പിടിച്ചു ക്യാമറക്ക്‌ മുന്നില്‍ നിര്‍ത്തുന്ന അദ്ദേഹത്തെ സമ്മതിക്കുക തന്നെ വേണം. മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ആ അവസരത്തില്‍ ക്യാമറ പൊതിഞ്ഞു നില്‍ക്കുമായിരുന്നു. ഇതുപോലെ, ഉയരങ്ങളില്‍ എത്തിയിട്ടും അഹങ്കാരം തൊട്ടു തീണ്ടാത്ത വളരെ കുറച്ചുപേരെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. വേണമെങ്കില്‍ ചില പേരുകള്‍ പറയാം - രജനി കാന്ത്, കമലഹാസന്‍, അബ്ദുല്‍കലാം, അങ്ങനെ...

ദു:ശീലങ്ങള്‍ക്ക്‌ അടിമപ്പെടുന്നതിനു കാരണങ്ങള്‍ പലതാണ്; കൂട്ടുകാര്‍, നൈരാശ്യങ്ങള്‍, ഒറ്റപ്പെടല്‍, അങ്ങനെ പലതും. എനിക്ക് തോന്നുന്നു, നല്ല മനസുള്ള കുറെ കൂട്ടുകാര്‍ ഉണ്ടെങ്കില്‍ ഇങ്ങനെ ഒരു ദു:ശീലത്തിനും അടിമപ്പെടില്ല. നല്ല കൂട്ടുകാര്‍ ഉണ്ടെങ്കില്‍ ഒറ്റപ്പെടല്‍ ഇല്ല, നൈരാശ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ആശ്വസിപ്പിക്കുകയും ചെയ്യും. അപ്പോഴേക്കും മനസിന്‍റെ താളം തെറ്റാതെ തിരിച്ചുവരാന്‍ കഴിയും - പുതൊരു ജീവിതത്തിലേക്ക്.

സത്യം പറയട്ടെ, ഈ ലേഖനം ഇത്രയും വലുതായി എഴുതണമെന്നു ഒരിക്കലും വിചാരിച്ചതല്ല. ഇങ്ങനെ ഒരെണ്ണം എഴുതാന്‍ എനിക്ക് പ്രചോദനമായത് എന്‍റെ കൂട്ടുകാരന്‍ അരവിന്ദ് ആണ്. അവന്‍റെ ഒരു നല്ല സ്വഭാവം ഞാന്‍ എന്‍റെ ജീവിതത്തിലേക്കും പകര്‍ത്തി. ഞാന്‍ മുന്‍പൊക്കെ പുതിയ പുതിയ ആളുകളോട് അധികം ഇടപഴകില്ലായിരുന്നു. പക്ഷെ അരവിന്ദ് എല്ലാരോടും സന്തോഷത്തോടെ, കാര്യമായി സംസാരിക്കും. കുറേക്കാലം മുതലേ പരിചയമുള്ളതുപോലെ ഒരു ബന്ധം അവന്‍ അവിടെ സൃഷ്ട്ടിക്കും. അത് അവന്‍റെ ഒരു നല്ല സ്വഭാവമാണ്. ഇങ്ങനെ വ്യക്തി ബന്ധങ്ങള്‍ സൃഷ്ടിക്കുന്നത് വളരെ നല്ലതാണ് - കാരണം - അവരൊക്കെ നമ്മുടെ ജീവിതത്തില്‍ മറ്റൊരിക്കല്‍ പ്രയോജനപ്പെടും; അല്ലെങ്കില്‍, അങ്ങനെ നല്ലൊരു വ്യക്തിബന്ധം ഉണ്ടാകുമ്പോള്‍ അവിടെ ചതിക്കുള്ള സാധ്യത കുറയുന്നു. ഉദാഹരണത്തിന്,  നമ്മള്‍ സ്ഥിരം പോകുന്ന ഒരു ചായക്കടയിലെ കടക്കാരനോട് നല്ലൊരു വ്യക്തിബന്ധം ഉണ്ടാക്കിയാല്‍ പിന്നെ അയാള്‍ നമുക്ക് അറിഞ്ഞുകൊണ്ട് കഴിഞ്ഞമാസം ഉണ്ടാക്കിയ പരിപ്പുവട തരില്ല. പകരം പുതിയത് തന്നെ തരും. അതുപോലെ, പെട്ടെന്ന് ഓടിക്കേറി ചെന്ന് രണ്ടു ബജി കടം ചോദിക്കാം. പിന്നെ പൈസ കൊടുത്താല്‍ മതി. (പക്ഷെ, കൊടുക്കണം. ഇല്ലെങ്കില്‍ കളി മാറും.)

അവന്‍ എന്‍റെ കൂടുകാരന്‍ ആയപ്പോള്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് അവന്‍റെ ഈ സ്വഭാവം  ആണ്. അത് ഞാന്‍ എന്‍റെ ജീവിതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിച്ചു. അത് എനിക്ക് നല്ലത് മാത്രമാണ് തന്നത്.

ഈയിടെ തിരുവനന്തപുരം G.P.O യില്‍ ഒരു സ്പീഡ് പോസ്റ്റ്‌ അയക്കാന്‍ പോയപ്പോള്‍ അവിടെ ഒരാളെ കണ്ടു. അങ്ങോട്ട്‌ കേറി പരിചയപ്പെട്ടു. അവിടെ 24 വര്‍ഷമായി സര്‍വീസ് ഉള്ള ഒരാള്‍. അയാളോട് കമ്പനി ആയി. അപ്പോഴാണ്‌ ഓര്‍ത്തത്, എനിക്ക് ഇതുപോലെ പലയിടത്തും കമ്പനി കിട്ടിയതിന്‍റെ ക്രെഡിറ്റ്‌ അരവിന്ദിന് അല്ലേ...? അപ്പോള്‍ അവനെക്കുറിച്ച് എല്ലാരും അറിയണമെന്ന്. അങ്ങനെ ആണ് ഇവിടെ എഴുതാന്‍ തുടങ്ങിയത്.

വെറും മൂന്നോ നാലോ ഖണ്ഡിക എഴുതാന്‍ ആണ് വിചാരിച്ചത്. പക്ഷെ നീണ്ടുപോയി. ഇടയ്ക്കു ഞാന്‍ തുടങ്ങിയ വിഷയത്തില്‍ നിന്നും വ്യതിചലിച്ചോ എന്നും തോന്നുന്നു... എന്തായാലും പറയാന്‍ ഉദ്ദേശിച്ചത് ഇത്രേയുള്ളൂ - നല്ല കൂട്ടുകാരും, അവരുടെ നല്ല സ്വഭാവങ്ങളും നമ്മള്‍ നമ്മുടെ ജീവിതത്തില്‍ സ്വീകരിക്കുക. സമൂഹത്തില്‍ നല്ലതുപോലെ ജെവിക്കുക.

ഇതൊക്കെ വായിച്ചു ബോറടിച്ചെങ്കില്‍ സോറി കേട്ടോ...

വീണ്ടും കാണുംവരെ ബൈ....!

Wednesday, February 03, 2010

ഇന്റര്‍നെറ്റ്‌ വന്നേ.... ഹോയ്...

ഹാവൂ,

അങ്ങനെ അവസാനം എന്‍റെ പുതിയ വീട്ടില്‍ ഇന്റര്‍നെറ്റ്‌ കടന്നു വന്നു. ഇപ്പോഴാണ് കിട്ടിയത്. ഇപ്പൊ എന്തോ ഒരു ആശ്വാസം പോലെ. ബ്ലോഗില്‍ വല്ലപ്പോഴും എന്തെങ്കിലുമൊക്കെ എഴുതിയില്ലെങ്കില്‍ ഒരു വിമ്മിട്ടമാണ്.

ഒരിക്കലും കണ്ടിട്ടില്ലാത്ത, പക്ഷെ നല്ലതുപോലെ സ്നേഹിക്കാന്‍ അറിയാവുന്ന ഒരുപാട് സുഹൃത്തുക്കളെ നേടിത്തന്ന ബ്ലോഗ്‌ സമൂഹം കൈവിട്ടു പോകുന്നതുപോലെ തോന്നും. ആ സുഹൃദ് വലയത്തില്‍ ഒരുപാട് നിലയിലുള്ള ആളുകള്‍ ഉണ്ട്. പല പല രുചിഭേദങ്ങള്‍ ഉള്ളവര്‍ ഉണ്ട്. മറുനാടന്‍ മലയാളികള്‍, കവിത എഴുതുന്നവര്‍, ചിത്രം വരക്കുന്നവര്‍, വിദ്യാര്‍ഥികള്‍... ഇവരെല്ലാം അവരുടെ തിരക്കേറിയ ദിവസത്തില്‍ ഒരു നിമിഷമെങ്കിലും ഒരുമിച്ചു കൂടുന്ന ഒരു കൂടാരം ആണ് ഈ ബൂലോഗം. ഇവിടത്തെ ഒരു അംഗം ആകുമ്പോള്‍ ഒരു പ്രത്യേക അനുഭൂതി തന്നെയാണ് മനസിന്‌ കിട്ടുന്നത്. നമ്മള്‍ അറിയാത്ത, നമ്മളെ അറിയാത്ത, പരസ്പരം സ്നേഹിക്കുന്ന കുറെ ആളുകള്‍. ലിപികളിലൂടെ മാത്രം പരസ്പരം അറിയുന്ന ആളുകള്‍. അങ്ങനെ ഒരു ലോകമാണ് "ബൂലോകം"

ഇനി എന്തായാലും ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ടാകും.

ഇന്റര്‍നെറ്റ്‌ കിട്ടുമ്പോള്‍ ബ്ലോഗില്‍ എഴുതാനായി കുറെ വിഷയങ്ങള്‍ കഴിഞ്ഞ കുറെ കാലമായി ഡയറിയില്‍ കുറിച്ചിട്ടിട്ടുണ്ട്‌. അതൊക്കെ ഇനി എഴുതണം. തല്‍ക്കാലം വിട.

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...