Monday, April 23, 2012

22 വയസുള്ള കോട്ടയംകാരി - അത് കലക്കി...!

ഈ ഏപ്രില്‍ 22 നു ഞാനും കൂട്ടുകാരും കൂടി 22 ഫീമെയില്‍ കോട്ടയം കാണാന്‍ തീരുമാനിച്ചു. ടിക്കറ്റ്‌ നേരത്തെ ഓണ്‍ലൈന്‍ ആയി ബുക്ക്‌ ചെയ്തതുകൊണ്ട് തിരുവനന്തപുരം കൈരളിയില്‍ സീറ്റ്‌ കിട്ടി. രാവിലത്തെ ഷോ കാണാന്‍ കൈരളിയില്‍ ചെന്ന് കയറുമ്പോള്‍ വമ്പന്‍ തിരക്ക്‌. സ്ത്രീകളുടെ ക്യൂ ടിക്കറ്റ്‌ കൌണ്ടറില്‍ നിന്നും പുറത്തേക്കിറങ്ങി വളഞ്ഞു പുളഞ്ഞു തിരികെ തീയേറ്ററിന്റെ ഉള്ളില്‍ ആണ്  അവസാനിച്ചത്.

ബാല്‍ക്കണിയില്‍ ഞങ്ങള്‍ ഉള്‍പ്പെടെ വളരെ ചുരുക്കം ആണുങ്ങള്‍ മാത്രം. തൊണ്ണൂറ്റി അഞ്ചു ശതമാനവും പെണ്ണുങ്ങള്‍ തന്നെയാണ് ഈ ചിത്രത്തിന്‍റെ പ്രേക്ഷകര്‍. ഷോ കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍  അടുത്ത ഷോ കാണാന്‍ നില്‍ക്കുന്ന ആളുകളുടെ തിരക്ക് കണ്ട് "കേരളത്തില്‍ ഇത്രയധികം സ്ത്രീകള്‍ ഉണ്ടോ" എന്നുപോലും ഞാന്‍ സംശയിച്ചു!

ഇനി ചിത്രത്തെ കുറിച്ച് പറയാം.

ടെസ്സ കെ അബ്രഹാം എന്ന കോട്ടയംകാരി നേഴ്സിന്റെ ബാംഗ്ലൂര്‍ ജീവിതത്തിന്‍റെ കഥയാണ് ഇതെന്നും എല്ലാവര്ക്കും ഇതിനോടകം തന്നെ അറിയാമല്ലോ, അവള്‍ നേരിടുന്ന ദുരനുഭവങ്ങളുടെ കഥ. ചിത്രം കണ്ട് തിരികെ പോരുമ്പോള്‍ ടെസ്സ ആയിരുന്നു മനസ് നിറയെ. അത്രയും ഭംഗിയായി, പക്വമായി ചിത്രം അനുഭവപ്പെട്ടു. (ഒരുപാട് വലിയ പാരഗ്രഫ് ആയി എഴുതിയാല്‍ വായിക്കാന്‍ പ്രയാസം
ആയതുകൊണ്ട്  ഓരോരോ "പോയിന്‍റ്" ആയിട്ട് പറയാം)

സംവിധായകന്‍ ആഷിഖ്‌ അബു

  • മറ്റു മുതിര്‍ന്ന സംവിധായകര്‍ പോലും ഇതുവരെ പറയാത്ത ഇത്രയും "ഭീകരമായ" ഒരു കഥ പറയാന്‍ ഈ ചെറുപ്പത്തിലേ ആഷിഖ്‌ അബു കാണിച്ച ധൈര്യം സമ്മതിക്കണം.

  • സോഷ്യല്‍ മീഡിയ എന്നത് മാര്‍ക്കറ്റിംഗ് നടത്താന്‍ വളരെ വളരെ ശക്തമായ ഒരു മാധ്യമം ആണെന്ന് തിരിച്ചറിഞ്ഞ് ആ വഴിയിലൂടെ നീങ്ങി. അത് കാലത്തിനനുസരിച്ചുള്ള "ബുദ്ധിയും വിവേകവും" ആണ്.


റിമ കല്ലിംഗല്‍

  • ഇത്രയും ശക്തമായ ഈ കഥാപാത്രം അവതരിപ്പിക്കാന്‍ കാണിച്ച ധൈര്യം - അത് സമ്മതിച്ചേ പറ്റുള്ളൂ.

  • ടെസ്സയെ വളരെ വളരെ മനോഹരമായും പക്വമായും അവതരിപ്പിച്ചിരിക്കുന്നു - ഒരു നടി എന്ന നിലയില്‍ റീമയുടെ കരിയറില്‍ ഇത് എന്നും എന്നും ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. സിനിമ തീര്‍ന്നാലും ടെസ്സ അബ്രഹാം മനസ് വിട്ടു പോകില്ല... അത് റീമയുടെ അഭിനയത്തിന്‍റെ മികവാണ്.


ഫഹദ്‌ ഫാസില്‍

  • ഒരു സ്ത്രീ പക്ഷ ചിത്രത്തില്‍ ഇത്തരത്തില്‍ ഒരു റോള്‍ ചെയ്യാന്‍ ഫഹദ്‌ തയ്യാറായി എന്നത് നല്ലൊരു കാര്യമാണ്.


22 Female Kottayam എന്ന ചിത്രം

  • സൂപ്പര്‍ താരങ്ങളും "തമ്പുരാന്‍" മോഡല്‍ ചിത്രങ്ങളും പോയിരുന്നു കണ്ടു കയ്യടിക്കാന്‍ ഇനി മലയാളികളെ കിട്ടില്ല എന്നതിന് നല്ലൊരു തെളിവാണ് ഈ ചിത്രം കാണാനുള്ള ജനത്തിരക്ക്‌ കാണിക്കുന്നത്.

  • മലയാള സിനിമ മൊത്തത്തില്‍ ഒരു പുതിയ പാതയില്‍ ആണ് - പച്ചയായ ജീവിതം ആണ് ഇപ്പോള്‍ ഇറങ്ങിയ പല ചിത്രങ്ങളും പറയുന്നത്. അതില്‍ ഒന്നാണ് 22FK.


ചില അപവാദങ്ങള്‍ ചിത്രത്തെ കുറിച്ച് പലയിടത്തും വായിക്കുകയും കേള്‍ക്കുകയും ചെയ്തിരുന്നു.
പക്ഷെ, ചിത്രം കണ്ടുകഴിഞ്ഞപ്പോള്‍ എന്‍റെ അഭിപ്രായങ്ങള് ഇങ്ങനെയാണ് ‍:

  • ഇത് ഒരിക്കലും ഒരു "ഫെമിനിസ്റ്റ്‌" ചിത്രം അല്ല, മറിച്ച് സ്ത്രീകളുടെ പ്രശ്നങ്ങള്‍ തുറന്നു കാട്ടുന്ന ഒരു ചിത്രം ആണ്.

  • കോട്ടയത്ത്‌ നിന്നും നഴ്സിംഗ് പഠിക്കാന്‍ പോകുന്ന എല്ലാ പെണ്‍കുട്ടികളും കണ്ടവന്മാരുടെ കൂടെ പോകുന്നവര്‍ ആണെന്ന് ചിത്രം പറയുന്നില്ല. മറിച്ച്, ഇമ്മാതിരി ദുരനുഭവങ്ങള്‍ നേരിടുന്ന അനേകം പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമാണ് ചിത്രത്തിലെ ടെസ്സ, ആ കുട്ടി ഒരു നഴ്സ് ആണ് എന്ന് മാത്രം.

  • "ടെസ്സ അവള്‍ക്ക് വിസ ശെരിയാക്കി കൊടുത്തതുകൊണ്ട് "പ്രത്യുപകാരം" ആയിട്ടാണ് സിറിളിന്റെ കൂടെ പോയത്‌" എന്നൊരു അഭിപ്രായം കേട്ടു. എനിക്ക് മനസിലായിടത്തോളം, ടെസ്സ അവനെ സത്യമായും ആത്മാര്‍ഥമായും സ്നേഹിച്ചത് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ആദ്യമേ അവള്‍ കന്യക അല്ല എന്ന സത്യം അവനോടു തുറന്നു പറഞ്ഞതും. അല്ലെങ്കില്‍പ്പിന്നെ ആ സത്യം അവള്‍ക്കു തുറന്നു പറയേണ്ട ആവശ്യമില്ലല്ലോ!

  • ടെസ്സ എന്ന ഒറ്റ പെണ്‍കുട്ടിയുടെ വെറുമൊരു പ്രതികാരത്തിന്റെ കഥ മാത്രം അല്ല ഈ ചിത്രം. അതിനേക്കാളുപരി, ഇത്തരത്തില്‍ പീഡനം അനുഭവിക്കുന്ന ലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ ഒരു പ്രതിരൂപം ആണ്  ടെസ്സ അബ്രഹാം.

  • ആണുങ്ങളെ കമന്റ് അടിക്കുന്ന പെണ്ണുങ്ങള്‍ ഉണ്ടോ എന്ന ചോദ്യം - തീര്‍ച്ചയായും ഉണ്ട് എന്നതാണ് ഉത്തരം, കാരണം, ആണുങ്ങളെ പോലെ തന്നെ പെണ്ണുങ്ങളും വായിനോക്കും, കമന്റ്  അടിക്കുകയും ചെയ്യും, പക്ഷെ നമ്മളെ പോലെ മൈക്ക്‌ വെച്ച് മൂന്നു കിലോമീറ്റര്‍ ദൂരത്തില്‍ കേള്‍ക്കുംവിധം "അളിയാ ദേ ഒരു പെണ്ണ്" എന്ന് വിളിക്കില്ല എന്ന് മാത്രം. (സ്ത്രീ സുഹൃത്തുക്കള്‍ ഉള്ള ആണുങ്ങള്‍ ഒരിക്കലും ഇമ്മാതിരി ചോദ്യം ചോദിക്കില്ല!)

  • കുടുംബത്തോടെ കാണാന്‍ പറ്റിയ ചിത്രം അല്ല എന്നത് സത്യം തന്നെ. എല്ലാ ചിത്രങ്ങളും കുടുംബത്തോടെ കാണാന്‍ ഉള്ളത് അല്ലല്ലോ. എല്ലാ പുസ്തകങ്ങളും കുടുംബത്തോടെ വായിക്കാന്‍ പറ്റിയവ  ആണോ? അല്ലല്ലോ? "പുസ്തകം" പോലെ ഒരു മാധ്യമം ആണ് സിനിമയും. അത്രേയുള്ളൂ.

  • മോശമായ സംഭാഷണങ്ങള്‍ ആണ് ചിത്രത്തില്‍ എന്ന് ഞാന്‍ കരുതുന്നില്ല, കാരണം, ഇപ്പൊ എല്ലാരും ഇങ്ങനെ ഒക്കെ തന്നെ അല്ലെ സംസാരിക്കുന്നത്? അത് സിനിമയില്‍ വരുമ്പോള്‍ മാത്രം കുറ്റം പറയേണ്ട ആവശ്യം ഇല്ലല്ലോ.

  • --- (ബാക്കി വരുന്ന മുറയ്ക്ക് ചേര്‍ക്കുന്നതാണ്) ---


അവസാന വാക്ക്

ചുരുക്കി പറഞ്ഞാല്‍, പെണ്‍കുട്ടികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന, വളരെ നല്ല ഒരു ചിത്രം തന്നെയാണ് 22 ഫീമെയില്‍ കോട്ടയം. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാ ചെറുപ്പക്കാരും ഉറപ്പായും കണ്ടിരിക്കേണ്ട ഒരു ചിത്രം.

ഈ ചിത്രം കണ്ടു കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ടെസ്സ അബ്രഹാം നിങ്ങളുടെ കൂടെ വന്നിട്ടുണ്ടെങ്കില്‍, ഉറപ്പായും നിങ്ങള്‍ ജീവിതത്തില്‍ എവിടെയോ ഒരു ടെസ്സയെ കണ്ടിട്ടുണ്ട്, അല്ലെങ്കില്‍ അറിഞ്ഞിട്ടുണ്ട്, അവള്‍ക്കു വേണ്ടി നിങ്ങള്‍ പ്രാര്‍ഥിച്ചിട്ടുണ്ട്..!

Saturday, April 14, 2012

എന്താണ് പി.എസ്.സി പരീക്ഷകളുടെ ഉദ്ദേശ്യം...? എനിക്ക് അങ്ങട് മനസിലാകുന്നില്ല...!

(വര്‍ഷങ്ങളായി എന്‍റെ മനസ്സില്‍ നിലനില്‍ക്കുന്ന ഉത്തരം കിട്ടാത്ത ഒരു ചോദ്യത്തിന്‍റെ ഉത്തരം തേടിയുള്ള ഒരു പോസ്റ്റ്‌ ആണ് ഇത്. ഇതിന്‍റെ ഉത്തരം അഥവാ ന്യായീകരണം നിങ്ങള്‍ക്ക്‌ അറിയാമെങ്കില്‍ എന്‍റെ അറിവില്ലായ്മയെ ക്ഷമിച്ചു പറഞ്ഞു തരുക.)

പതിനെട്ടു വയസു കഴിഞ്ഞത് മുതലേ കേള്‍ക്കുന്നതാണ് പി.എസ്.സി ടെസ്റ്റ്‌ എന്ന്... സര്‍ക്കാര്‍ ജോലി നേടണമെങ്കില്‍ പി.എസ്.സി ടെസ്റ്റ്‌ എഴുതണമെന്നും അതിനു നന്നായി പഠിക്കണമെന്നും പിന്നീട് മനസിലാക്കുന്നു. പക്ഷെ മനസിലാകാത്തത് മറ്റൊരു കാര്യമാണ്.

താഴെ പറയുന്നവ പല എല്‍.ഡി.ക്ലര്‍ക്ക്‌, ഫയര്‍മാന്‍ പരീക്ഷകളില്‍ നിന്നും എടുത്ത ചില ചോദ്യങ്ങള്‍ ആണ്.

- അമേരിക്കയിലെ ഏത് പട്ടണത്തിലാണ് തോമസ്‌ അല്‍വ എഡിസണ്‍ ജനിച്ചത്‌ ?
- 1792 ലെ ശ്രീരംഗ പട്ടണം ഉടമ്പടി ആരൊക്കെ തമ്മിലായിരുന്നു ?
- കേരളത്തിലെ ആദ്യ റോക്ക് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നതെവിടെ ?
- വിവിധയിനം മണ്ണുകളെ കുറിച്ചുള്ള പഠനം?
- How many times the sun is bigger than the earth?
- തമിഴ് നാട്ടിലെ ക്ഷേത്രങ്ങളുടെ പ്രത്യേകതയായ ഗോപുരങ്ങള്‍ ആരുടെ കാലത്താണ് നിലവില്‍ വന്നത്?
- ചൈന മാന്‍ എന്ന പദം ബന്ധപെട്ടിരികുന്ന കളി ?
മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശെരിയായ ഉത്തരം നല്‍കിയാല്‍ മാത്രമേ സര്‍ക്കാര്‍ ജോലി കിട്ടുള്ളൂ.

എനിക്ക് മനസിലാകാത്തത് - മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ അറിഞ്ഞാല്‍ അത് ആ ജോലിയില്‍ എന്തെങ്കിലും ഉപയോഗം ഉണ്ടായിട്ടാണോ ഇതൊക്കെ ചോദിക്കുന്നത്? പിന്നെ, ഇതെല്ലാം അറിയാവുന്ന ഒരാള്‍ ആ ജോലിക്ക് കയറിയാല്‍ പൊതു ജനങ്ങള്‍ക്ക് അതി മഹത്തരമായ സേവനം നല്‍കും എന്നാണോ?

ക്ലര്‍ക്ക്‌ ആകുന്ന വ്യക്തിക്ക് സാമാന്യ ലോക വിജ്ഞാനവും അതിന്‍റെ കൂടെ ആ ജോലിയില്‍ ചെയ്യേണ്ടിവരുന്ന കാര്യങ്ങളിലും ഉള്ള അറിവ് അല്ലെ പരിശോധിക്കേണ്ടത്? ക്ലറിക്കല്‍ ജോലി ചെയ്യുന്ന ഡിപ്പാര്‍ട്ട്മെന്‍റ് എന്തൊക്കെ പ്രവര്‍ത്തനം ആണ് ചെയ്യുന്നതെന്നും, അവിടത്തെ നടപടിക്രമങ്ങള്‍ എന്തൊക്കെ എന്നും അയാള്‍ക്ക് അറിയാമോ എന്നല്ലേ പരിശോധിക്കാനുള്ളത്? അല്ലാതെ സൂര്യന് ഭൂമിയുടെ എത്ര വലിപ്പം ഉണ്ടെന്നും, എഡിസന്‍ അമേരിക്കയില്‍ എവിടെ ജനിച്ചെന്നും, തമിഴ്നാട്ടിലെ അഞ്ചാം നൂറ്റാണ്ടിലെ രാജാവിന്‍റെ രണ്ടാമത്തെ മകന്‍റെ ഭാര്യ ആരെന്നുമൊക്കെ അറിയാമോ എന്ന് പരീക്ഷ നടത്തി പരിശോധിക്കുന്നത് എന്ത് ഉദ്ദേശത്തിലാണ്? ഓര്‍മശക്തി ഉള്ളവന് മാത്രം സര്‍ക്കാര്‍ ജോലി എന്നാണോ?

ഈ ചോദ്യത്തിന് എനിക്ക് ഒരിക്കല്‍ കിട്ടിയ മറുപടി ഇതാണ് - "ലക്ഷക്കണക്കിന് ആളുകള്‍ പരീക്ഷ എഴുതാന്‍ ഉണ്ടല്ലോ, അവരെ അളക്കുവാന്‍ എന്തെങ്കിലും ഒരു മാനദണ്ഡം വേണ്ടേ...?"

അങ്ങനെയെങ്കില്‍, ഇതുമാതിരി പടിച്ചിട്ടോ അറിഞ്ഞിട്ടോ ജോലിസ്ഥലത്ത് ഉപകരിക്കാത്ത ചോദ്യങ്ങള്‍ എടുത്തു കളഞ്ഞിട്ട് ജോലിയില്‍ ഉപകരിക്കുന്ന അറിവുകള്‍ മാത്രം ചോദിച്ചാല്‍ പോരെ? ചരിത്രം മുഴുവന്‍ അരച്ച് കലക്കി കുടിച്ചിട്ട് പരീക്ഷ പാസായി സര്‍വേയര്‍ ആയി ജോലിക്ക് കേറുന്ന ആളിന് ചരിത്രം കൊണ്ട് ഒരു ഉപയോഗവും ഉണ്ടാകാന്‍ പോകുന്നില്ല. മറിച്ചു ഒരു വലിയ ഭൂമി തെറ്റില്ലാതെ അളക്കാന്‍ കഴിഞ്ഞാല്‍ അയാളുടെ ജോലിയില്‍ ഉപയോഗം ഉണ്ട്.

എനിക്ക് പറയാനുള്ളത് ഇതാണ് - പൊതുജനങ്ങളെ സേവിക്കാന്‍ വേണ്ടി സര്‍ക്കാര്‍ സര്‍വീസിലേക്ക് ആളുകളെ തിരഞ്ഞെടുക്കുമ്പോള്‍ ഉപയോഗമുള്ള രീതിയില്‍ പരീക്ഷ നടത്തി തിരഞ്ഞെടുക്കുക. അല്ലാതെ എഴുതുന്നവര്‍ക്കോ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കോ യാതൊരു ഉപയോഗവുമില്ലാതെ ഇങ്ങനെ പരീക്ഷ നടത്തരുത്.

വാല്‍ക്കഷ്ണം: എഴുത്ത് പരീക്ഷയില്‍ അങ്ങനെ ചരിത്രവും മറ്റു പുലബന്ധം പോലുമില്ലാത്ത വിഷയങ്ങളും പഠിക്കുന്നതില്‍ എന്തെങ്കിലും ഉപയാഗം ഉണ്ടെന്നാണ് എങ്കില്‍, ഇനിമുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ ചരിത്രവും ഭൂമിശാസ്ത്രവും ജ്യാമിതിയും ബീജഗണിതവും കൂടി ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.

 

Monday, April 09, 2012

ചില മൊബൈല്‍ കഥകള്‍ ...

മൊബൈല്‍ ഇന്ന് ജീവിതത്തിന്‍റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായി മാറിയിരിക്കുകയാണ്. "കാണം വിറ്റും കണക്ഷന്‍ എടുക്കുന്ന" ഒരു കാലത്തിലാണ് നാം ഇന്ന് ജീവിക്കുന്നത് തന്നെ. നമുക്ക് ചുറ്റും കാണുന്നവരില്‍ നിന്നും മൊബൈല്‍ ഇല്ലാത്തവരെ കണ്ടുപിടിക്കാന്‍ പ്രയാസം തന്നെ!



മൊബൈല്‍ ഫോണ്‍ പലപ്പോഴും പല തമാശകള്‍ക്കും വഴി വെക്കാറുണ്ട്. അത്തരത്തില്‍ എന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ചില രസകരമായ മൊബൈല്‍ സംഭവങ്ങള്‍ ഇവിടെ പറയാം.

 

***     ***    ***     ***

 

കോളേജില്‍ എന്‍റെ കൂടെ ജോലി ചെയ്തിരുന്ന ഗോമതി ആണ് ഈ കഥയിലെ ഇര. ഒരിക്കല്‍ ഞാന്‍ ഗോമതിയുടെ മൊബൈല്‍ പതുക്കെ അടിച്ചുമാറ്റി അതില്‍ എന്‍റെ കോണ്ടാക്റ്റ് നെയിം മാറ്റി "Airtel" എന്നാക്കി. അന്ന് ഞാന്‍ ഗോമതിക്ക് ഒരു മെസ്സേജ് അയച്ചു. അത് കാണുന്നത് ഇങ്ങനെ:

Message From: Airtel
Body: "Please pay your Airtel bill immediately. Otherwise your connection will be terminated without any further notice"

പാവം ഗോമതി ഒന്നും മനസിലാകാതെ നിന്നു. തന്‍റെ prepaid മൊബൈലില്‍ ബില്‍ ഉണ്ടോ എന്ന് സംശയിച്ചു. പിന്നെ പതുക്കെ സംഭവം മറന്നു. എന്‍റെ കോണ്ടാക്റ്റ് നെയിം മാറ്റിയ കാര്യം ഞാനും  മറന്നു.

കുറച്ചു നാള്‍ കഴിഞ്ഞു ഒരു ദിവസം ഉച്ചക്ക് ഞാന്‍ ഗോമാതിക്ക് മെസ്സേജ് അയച്ചു. അത് ഗോമതി കാണുന്നത് ഇങ്ങനെ:

Message From: Airtel
Body: "Food kazhikkaan varunno????"

ഇത്തവണ ഗോമതിക്ക് കാര്യം മനസിലായി. വടി ആയത് ഞാന്‍ ..!

 

***     ***    ***     ***
ഇതുപോലെ തന്നെ ബ്ലൂടൂത്ത്‌ നെയിം മാറ്റുന്നതും ഒരു ക്രൂര വിനോദം ആയിരുന്നു. ഒരിക്കല്‍ ഞാന്‍ ഗോമതിയുടെ ഫോണില്‍ ബ്ലൂടൂത്ത്‌ നെയിം മാറ്റി. വളരെ നാളുകള്‍ക്ക്‌ ശേഷം ഗോമതി ആ ഭീകര സത്യം തിരിച്ചറിഞ്ഞു - തന്‍റെ ഫോണ്‍ ബ്ലൂടൂത്ത്‌ ഓണ്‍ ആക്കി മറ്റുള്ളവര്‍ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ കാണുന്ന "komalan vadakara" എന്ന് പേരുള്ള ഡിവൈസ് തന്‍റെ സ്വന്തം ഫോണ്‍ തന്നെ ആണെന്ന്!!!
പാവം, അത് കാരണം പുള്ളിക്കാരിക്ക് വളരെ പ്രിയപ്പെട്ട ഏതൊക്കെയോ പാട്ടുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയാതെ നഷ്ടമായി...!

എന്‍റെ കൂട്ടുകാരന്‍ മിഥുന്‍ മോഹന്‍റെ ബ്ലൂടൂത്ത്‌ നെയിം ഞാന്‍ മാറ്റിയത് "kaattumooppan" എന്നായിരുന്നു. ഇത് അവന്‍ പഠിപ്പിക്കുന്ന പൊളിടെക്നിക്കില്‍ ആരൊക്കെയോ കാണുകയും, അവനു കാട്ടുമൂപ്പന്‍ എന്ന് പേര് വീഴുകയും ചെയ്തു എന്ന് ഒരു കഥ. സത്യമാണോ എന്തോ...!

 

***     ***    ***     ***

 

എന്‍റെ സുഹൃത്ത് സുഭാഷ്‌ ഒരിക്കല്‍ ചെയ്തത് വളരെ ഭീകരമായിരുന്നു. ഞങ്ങള്‍ എല്ലാരും കൂടി "കംബൈന്‍ സ്റ്റഡി" നടത്താന്‍ ദിലീപിന്‍റെ വീട്ടില്‍ പോവുകയും അവിടെ വെച്ച് കംബൈന്‍ സ്റ്റഡി വളരെ വേഗം "കംബൈന്‍ സ്ലീപ്" ആയി പുരോഗമികുകയും ചെയ്യുന്നു. ആ സമയത്ത് ഒരു കള്ളനെപോലെ സുഭാഷ്‌ മാത്രം ഉണര്‍ന്നിരുന്നു "പഠിക്കുന്നു". പാവം, പഠിക്കട്ടെ, ശല്യം ചെയ്യണ്ടാന്നു കരുതി.

പിറ്റേന്ന് ആണ് സുഭാഷിന്റെ "പഠനം" എന്താണെന്ന് മനസിലായത്. അവന്‍ ഞങ്ങളില്‍ പലരുടെയും ഫോണ്‍ എടുത്തു കൂട്ടുകാരുടെയും കാമുകിമാരുടെയും ശത്രുക്കളുടെയും നമ്പരുകള്‍ തമ്മില്‍ മാറ്റി.  ആരൊക്കെ ആരൊക്കെയാണ് എന്ന് അറിയാതെ ഓരോരുത്തര്‍ക്കായി അമളി പറ്റി തുടങ്ങിയപ്പോള്‍ ആണ് സംഭവം പുറത്തായത്.

പക്ഷെ, ആരുടെയൊക്കെ പേരുകളും നമ്പരുകളും ആണ് മാറ്റിയതെന്ന് സുഭാഷ്‌ ഒരു ലിസ്റ്റ് എഴുതി വെച്ചിരുന്നത് കൊണ്ട് കുറെ യുദ്ധങ്ങള്‍ ഒഴിവായിക്കിട്ടി!

 

***     ***    ***     ***

 

റിംഗ്ടോണ്‍ പലപ്പോഴും തമാശകള്‍ ഒപ്പിക്കാറുണ്ട്. മണിച്ചിത്രത്താഴില്‍ നാഗവള്ളി വരുമ്പോള്‍ കേള്‍ക്കുന്ന ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ ആണ് വിഷ്ണു മേനോന്‍ കുറച്ചുകാലം റിംഗ്ടോണ്‍ ആയി ഉപയോഗിച്ചത്. ഒരിക്കല്‍ അവന്‍റെ വീട്ടില്‍ രാത്രി പവര്‍ കട്ട്‌ സമയത്ത് ആരോ അവന്‍റെ ഫോണില്‍ വിളിച്ചു, ഇരുട്ടത്ത് വളരെ ഉച്ചത്തില്‍ പ്രസ്തുത റിംഗ്ടോണ്‍ കേട്ട് പാവം മേനോന്‍ പേടിച്ചുപോയി എന്ന് പറഞ്ഞു കേട്ടു. പക്ഷെ അവന്‍ അത് സമ്മതിക്കുന്നില്ല എന്നുള്ളത് മറ്റൊരു നഗ്നസത്യം.

സുഭാഷിന്റെ റിംഗ്ടോണ്‍ ആയി പൂച്ച കരയുന്ന ശബ്ദം കുറേകാലം ഉണ്ടായിരുന്നു. ഒരിക്കല്‍ നമ്മുടെ ഒരു കൂട്ടുകാരിയുടെ അച്ഛനുമായി വളരെ ഗൌരവമേറിയ ചര്‍ച്ച നടത്തുകയാണ് ഞങ്ങള്‍. പെട്ടെന്ന്  സുഭാഷിന്റെ പോക്കറ്റില്‍ നിന്നും പൂച്ച കരയുന്ന ശബ്ദം. ഞങ്ങള്‍ക്ക് കാര്യം മനസിലായി. പക്ഷെ കൂട്ടുകാരിയുടെ അച്ഛന്‍ ഒന്ന് ഞെട്ടി. ആ സംഭവം ചിരിക്കാന്‍ ഒരുപാട് വക നല്‍കി...!

 

***     ***    ***     ***
മൊബൈലില്‍ അലാറം വയ്ക്കുമ്പോള്‍ ഒരു നൂറു അബദ്ധങ്ങള്‍ പറ്റാറുണ്ട്. അതില്‍ ചിലത് പറയട്ടെ.

1. അലാറം സെറ്റ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് രാവിലെ 5 മണിക്ക്, അലാറം വയ്ക്കുന്നതോ, 5pm നും.
2. അലാറം സെറ്റ്‌ ചെയ്യുന്നു, എന്നിട്ട് അലാറം ടോണ്‍ ആയി "silent" തിരഞ്ഞെടുക്കുന്നു... ആര് കേള്‍ക്കാന്‍!!!
3. ചിലപ്പോള്‍ മൊബൈലില്‍ 24 മണിക്കൂര്‍ സമയം ആയിരിക്കും. അപ്പോഴും അബദ്ധം ഉണ്ടാകാറുണ്ട് - ഉച്ചക്ക് 3 മണിക്ക് അലാറം വെയ്ക്കും, അലാറം അടിക്കുന്നതോ, അതി രാവിലെ 3 മണിക്കും.

പിന്നെ എന്‍റെ, അല്ല, എല്ലാരുടെയും ഒരു അനുഭവം ആണ് - ഏതെങ്കിലും ഒരു പാട്ട് വെറുക്കണോ...? ആ പാട്ട് നിങ്ങളുടെ രാവിലത്തെ അലാറം ടോണ്‍ ആയി സെറ്റ്‌ ചെയ്യുക. ഒരാഴ്ചക്കുള്ളില്‍ നിങ്ങള്‍  ആ പാട്ട് വെറുത്തിരിക്കും. (ഞാന്‍ അങ്ങനെ വെറുത്തു പോയ ഒരു പാട്ടാണ് "മിന്നാമിന്നിക്കൂട്ടം" ചിത്രത്തിലെ "മിഴി തമ്മില്‍ പുണരുന്ന നേരം..." എന്ന പാട്ട്)

 

***     ***    ***     ***

 

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെക്കുമ്പോള്‍ പറ്റുന്ന അബദ്ധങ്ങള്‍ വേറെ ചിലതുണ്ട്, അതും കൂടി പറയണമല്ലോ.

1. ചാര്‍ജര്‍ പ്ലഗ്ഗില്‍ കുത്തി, മൊബൈലിലും കണക്റ്റ്‌ ചെയ്തു, പക്ഷെ പ്ലഗ്ഗിന്റെ സ്വിച്ച് ഓണ്‍ ചെയ്യാന്‍ മറന്നെന്നു മനസിലാകുന്നത് 3 മണിക്കൂര്‍ കഴിഞ്ഞാകും.
2. ഇത്തവണ സ്വിച്ച് ഓണ്‍ ചെയ്തു... പക്ഷെ പിന്നീട് മനസിലാകും ചാര്‍ജര്‍ മൊബൈലില്‍ കണക്ട് ചെയ്യാന്‍ മറന്നു എന്ന്...!!! എങ്ങനെ ദേഷ്യം വരാതിരിക്കും!
3. ഇത്തവണ എല്ലാം കൊടുത്തിട്ടുണ്ട്‌, എല്ലാം ഓക്കേ ആണ്... പക്ഷെ.... പക്ഷെ... വീട്ടില്‍ കറന്റ്‌ ഇല്ല....!!! #@*&@&^#(@

 

***     ***    ***     ***

 

മൊബൈല്‍ ഫോണ്‍ ഇല്ലാത്തവരായി ഇന്ന് വളരെ ചുരുക്കം പേര്‍ മാത്രം. നിങ്ങള്‍ക്കും ഉണ്ട് മൊബൈല്‍ ഫോണ്‍. അപ്പൊ നിങ്ങള്‍ക്കും ഇതുപോലെ മണ്ടത്തരങ്ങളും തമാശകളും ഉണ്ടായിട്ടുണ്ടോ? നിങ്ങള്‍ ആരെയൊക്കെ പറ്റിച്ചിട്ടുണ്ട്...? അതൊക്കെ ഇവിടെ ഷെയര്‍ ചെയ്തോളു...!

Sunday, April 08, 2012

പുതിയൊരു ലോകത്തേക്ക് സ്വാഗതം.... "വിഷ്ണുലോകം"

പ്രിയപ്പെട്ട വായനക്കാരെ, ബ്ലോഗ്ഗര്‍ സുഹൃത്തുക്കളെ, മലയാളം ഇഷ്ടപെടുകയും വായിക്കുകയും, വായന ആസ്വദിക്കുകയും ചെയ്യുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ പുതിയ ബ്ലോഗ്‌ ലോകത്തേക്ക് സ്വാഗതം. ഞാന്‍ വിഷ്ണു, അപ്പോള്‍ ഇത് "വിഷ്ണുലോകം" ....

മുന്‍പ് ഞാന്‍ ഗൂഗിള്‍ ബ്ലോഗ്ഗറില്‍ എഴുതിക്കൊണ്ടിരുന്ന ബ്ലോഗ്‌ ഇപ്പോള്‍ സ്വന്തമായി ഒരു ഡൊമൈന്‍ നാമം സ്വീകരിച്ചു സ്വതന്ത്രമാവുകയാണ്. പുതിയ ബ്ലോഗ്‌ ഹോസ്റ്റ് ചെയ്യാന്‍ സ്ഥലം തന്നതിന് എന്‍റെ വിദ്യാര്‍ഥികള്‍ ആയ അരുണ്‍, അനീഷ്‌ എന്നിവരോടും അവരുടെ കമ്പനി ആയ HelloInfinity.com നും ആദ്യമേ നന്ദി പറയട്ടെ. വേര്‍ഡ്പ്രസ്സ് ഉപയോഗിക്കുന്നതിലെ ചില സംശയങ്ങള്‍ തീര്‍ത്തു തന്നതിന് മറ്റൊരു വിദ്യാര്‍ഥി ആയ ആഘോഷ് ബാബുവിനും നന്ദി. മലയാളം ബ്ലോഗ്‌ എന്ന് മനസ്സില്‍ വിചാരിക്കുമ്പോള്‍ ആദ്യമേ മനസ്സില്‍ വരുന്ന പേരാണ് "നിരക്ഷരന്‍ " - എഴുത്തും വായനയും അറിയില്ലെങ്കിലും പുള്ളിക്കാരന്‍ മലയാള ബൂലോകത്തെ വളരെ പ്രശസ്തന്‍ ആണ്. അദ്ദേഹം എപ്പോഴും ഒരു പ്രചോദനം തന്നെയാണ്. ബൂലോകത്തിലെ "നിരക്ഷരന്‍ " ആയ മനോജേട്ടനും ഈ അവസരത്തില്‍ നന്ദി...!

പിന്നെ പഴയ ബ്ലോഗ്‌ സ്ഥിരമായി വായിക്കുകയും, അതില്‍ കമന്റ്‌ ഇടുകയും ചെയ്യുന്ന വായനക്കാരോടും സ്നേഹം പ്രകടിപ്പിക്കുന്നു. നിങ്ങളെ പോലുള്ള വായനക്കാര്‍ ആണ് എന്നും എഴുതുമ്പോള്‍ ഒരു പ്രചോദനം.

മുന്‍പത്തെ പോലെ ഇടയ്ക്കിടെ മുങ്ങാതെ, സ്ഥിരമായി എഴുതണം എന്ന് ആഗ്രഹം ഉണ്ട്. മിക്കവാറും ഞാന്‍ എഴുതുക രസകരമായ ജീവിത മുഹൂര്‍ത്തങ്ങള്‍ ആയിരിക്കും.... വായിക്കുന്നവര്‍ക്കും ഒരു രസം തോന്നണ്ടേ??? അനുഭവങ്ങള്‍ , യാത്രകള്‍ , ചലച്ചിത്രങ്ങളെയും പാട്ടുകളേയും കുറിച്ചുള്ള അഭിപ്രായങ്ങള്‍ , തമാശകള്‍ , ചിത്രങ്ങള്‍ , കഥകള്‍ അങ്ങനെ വായിക്കുന്നവരെ ആകര്‍ഷിക്കുന്ന എന്തും ഇവിടെ എഴുതുന്നതാണ്... :-)

ഒരു നല്ല ദിനം ആശംസിച്ചുകൊണ്ട്, അടുത്ത പോസ്റ്റിനു വേണ്ടിയുള്ള തയ്യാറെടുപ്പിലെക്ക്....!

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...