Wednesday, February 25, 2009

കോഴ്സ് തീരാറായി... അലമ്പത്തനം തുടങ്ങി...

അതെ.. ക്ലാസ്സ് തീരാറായി.. കഴിഞ്ഞ 4 വര്‍ഷം ഒരുപാടു സുഹൃദ് ബന്ധങ്ങളും പുതിയ അനുഭവങ്ങളും നേടിത്തന്ന ഈ പ്രിയപ്പെട്ട കോളേജ് വിട്ടുപിരിയാന്‍ സമയം ആകുന്നു... ആ വിരഹ മുഹൂര്‍ത്തം അടുക്കുംതോറും എന്തോ ഒരു കനല്‍ മനസ്സില്‍ എരിയുകയാണ്... ഞങ്ങളെല്ലാം ഈ കോളേജ് വിട്ടു പോകും.. ഞങ്ങള്‍ സ്നേഹിച്ച, ഞങ്ങളെ സ്നേഹിച്ച ഇവിടത്തെ അദ്ധ്യാപകര്‍, കാന്‍റീന്‍, ലൈബ്രറി (അവിടെ കയറാറില്ല എന്നത് മറ്റൊരു സത്യം), പിന്നെ അവിടത്തെ മരച്ചുവട്ടിലെ ഒത്തുകൂടല്‍, തമാശ പറയല്‍, പരദൂഷണം... ക്ലാസ്സിലെ ബഹളങ്ങള്‍, പേപ്പറില്‍ ഓരോന്ന് എഴുതി കൈമാറി വിടുന്നത്, ക്ലാസ്സില്‍ ഉറക്കം... എല്ലാം അവസാനിക്കാന്‍ പോകുന്നു...

ഈ അവസാന ദിവസങ്ങള്‍ കോളേജില്‍ ബഹളം വെച്ചു തീര്‍ക്കാന്‍ ആണ് തീരുമാനം. ഞാന്‍ ഇപ്പൊ ഒന്നാം ക്ലാസ്സിലെ പോലെ ഒറ്റവര ബുക്കില്‍ ആണ് നോട്ട് എഴുതുന്നത്. പിന്നെ ക്ലാസ്സില്‍ ഞങ്ങളെല്ലാം ഭയങ്കര ബഹളം ആണ്... എന്നെന്നും ഓര്‍ത്തിരിക്കാന്‍... ഇനി ഓട്ടോഗ്രാഫ്, ഫോട്ടോ ഗ്രാഫ് ഒക്കെ ഉണ്ടായിരിക്കും... ഓര്‍ത്തിരിക്കാന്‍ എന്തെങ്ങിലുമൊക്കെ ചെയ്യണം എന്നുണ്ട്... ഞങ്ങളുടെ ബാച്ച് ഒരു ചെടി നട്ടിട്ടു പോയാലോ എന്നൊരു ചിന്ത ഉണ്ട്. പിന്നെ 2025 ലെ റീയൂണിയന് വരുമ്പോള്‍ അതൊരു മരമായി പൂത്തുലഞ്ഞു നില്‍ക്കണം... അത് കണ്ടു ഞങ്ങള്‍ക്കെല്ലാം സന്തോഷിക്കണം...

അധികം ദിവസങ്ങള്‍ ഇല്ല.. ഇനി എന്നാണു ഇതുപോലെ വീണ്ടും...?

Monday, February 16, 2009

അവസാന സെമസ്റ്റര്‍...

ഞങ്ങളുടെ കോളേജിലെ അവസാന സെമസ്റ്റര്‍ ക്ലാസ്സ് ഇന്നു തുടങ്ങി. ഇനി ഏപ്രില്‍ 12 വരെ മാത്രമെ ക്ലാസ്സ് ഉള്ളൂ. അത് കഴിഞ്ഞാല്‍ ഫൈനല്‍ എക്സാം, അതും കഴിഞ്ഞാല്‍ പിന്നെ എല്ലാരും പിരിയുന്നു.

എനിക്കറിയില്ല, ഈ പിരിയുന്ന കൂട്ടുകാര്‍ എല്ലാരും വീണ്ടും ഒരുമിച്ചു കൂടുമോ എന്ന്... ഒരുപക്ഷെ എല്ലാരും ജീവിതത്തിന്‍റെ തിരക്കുകളില്‍ പെട്ടു മറ്റുള്ളോരെ എല്ലാം മറക്കുമോ? അതോ എന്നും എല്ലാര്‍ക്കും ഓരോ മിസ് കാള്‍ എങ്കിലും കൊടുക്കുമോ?

ഈ സൌഹൃദങ്ങള്‍ എന്നെന്നും കാത്തുസൂക്ഷിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. ഈ സെമസ്റ്റര്‍ കൂടി കഴിഞ്ഞാല്‍ ഇനി ഇതുപോലെ ഒരുമിച്ചു കൂടിയുള്ള പരിപാടികള്‍ ഇല്ല... കാലം കുറെ കഴിയുമ്പോള്‍ ജീവിതത്തിന്‍റെ ഉന്നതികള്‍ എത്തിപ്പിടിക്കാനുള്ള പാച്ചിലില്‍ ആയിരിക്കും എല്ലാരും... ഇന്നത്തെ കുറിച്ചോര്‍ത്തു അന്ന് എല്ലാര്‍ക്കും നൊമ്പരപ്പെടാം... നിറം ചാര്‍ത്തിയ ഈ ഓര്‍മ്മകള്‍ ജീവിതത്തില്‍ നിറഞ്ഞു നിലക്കുവോളം ഈ ദിവസങ്ങള്‍ ഒരു വേദന തന്നെ ആയിരിക്കും. ഈ കോളേജ് ലൈഫിനെ സ്നേഹിക്കുന്ന ആരും ഈ കഴിഞ്ഞുപോയ 4 വര്‍ഷങ്ങള്‍ ഒരിക്കലും മറക്കില്ല... I am sure...

എനിക്കും വേദനിക്കുന്നു... എന്‍റെ കാതില്‍ സമയം മന്ത്രിക്കുന്ന പോലെ - "Sorry, I can't wait..."

Sunday, February 08, 2009

എന്‍റെ മൊബൈലിനു ഹാപ്പി ബര്‍ത്ത് ഡേ...

ഇന്ന് ഫെബ്രുവരി 8. എന്‍റെ പ്രിയപ്പെട്ട മൊബൈല്‍ വാങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നു. ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. എന്‍റെ ജീവിതത്തിലെ ആദ്യ മൊബൈല്‍. എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരന്‍. ഈ മൊബൈല്‍ എനിക്ക് സമ്മാനിച്ചത്‌ പുതിയൊരു ജീവിതം തന്നെയാണ്. എന്‍റെ "ലൈഫ് സ്റ്റൈല്‍" തന്നെ മാറി. എന്താ, എല്ലാര്‍ക്കും ഇങ്ങനെയൊക്കെ തന്നെയാകും അനുഭവം, അല്ലെ? ആയിരിക്കണം.

കഴിഞ്ഞ ഫെബ്രുവരി 8ന് ഞാനും അശ്വിനും കൂടി തിരുവനന്തപുരത്ത് സ്റ്റാച്യൂവിലുള്ള ട്വിന്‍സ് മൊബൈല്‍ എന്ന ഷോപ്പില്‍ നിന്നുമാണ് എന്‍റെ Motorola w230 വാങ്ങിയത്. അവിടെ നിന്നു തന്നെയാണ് എന്‍റെ vodafone കണക്ഷന്‍ എടുത്തത്‌. അവര്‍ കുറെ സിം എടുത്തു കാണിച്ചു. അതില്‍ ഇഷ്ടമുള്ളത് എടുക്കാന്‍. എനിക്ക് കൂട്ടുമ്പോള്‍ എന്‍റെ ഭാഗ്യ നമ്പര്‍ - 9 - വരുന്നതു വേണം. പക്ഷെ അവിടെ നിന്നു കൊച്ചു കുട്ടികളെ പോലെ എണ്ണി നോക്കാന്‍ ഒരു മടി. പിന്നെ ഞാന്‍ രണ്ടും കല്‍പ്പിച്ചു കണ്ടപ്പോള്‍ കൗതുകം തോന്നിയ ഒരു നമ്പര്‍ എടുത്തു. വീട്ടിലെത്തി മൊബൈല്‍ ആദ്യത്തെ ചാര്‍ജിനു വെച്ചു. അതുകഴിഞ്ഞ് എനിക്ക് കിട്ടിയ നമ്പര്‍ കൂട്ടിനോക്കി - അത്ഭുതം! അത് കൂട്ടിയപ്പോള്‍ എന്‍റെ പ്രിയപ്പെട്ട നമ്പര്‍ തന്നെ കിട്ടി!

ഈ മൊബൈല്‍ എന്‍റെ ജീവിതത്തിലെ ആദ്യ മൊബൈല്‍ ആയതുകൊണ്ട് തന്നെ, വേറൊരു പുതിയ മൊബൈല്‍ വാങ്ങിയാലും, ഇതു കൈമാറാതെ എന്‍റെ കൂടെ സൂക്ഷിച്ചു വയ്ക്കണം എന്നാണു എന്‍റെ ആഗ്രഹം.

പിറന്നാള്‍ അല്ലെ? എന്ത് സമ്മാനം കൊടുക്കും? ഒരു 100 രൂപയ്ക്കു ചാര്‍ജ് ചെയ്താലോ? വേറെ എന്തെങ്കിലും ഐഡിയ തോന്നുന്നുണ്ടോ?

പിന്നെ, ആളുകള്‍ പറയാറുണ്ട്, ചെറുപ്പക്കാരെ മൊബൈല്‍ ഉപയോഗിക്കാന്‍ സമ്മതിക്കരുത് എന്ന്. എന്‍റെ അഭിപ്രായത്തില്‍, മൊബൈല്‍ ആയാലും ഇന്‍റര്‍നെറ്റ് ആയാലും അത് എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നാണു ചിന്തിക്കേണ്ടത്. അതെല്ലേ അതിന്‍റെ ഒരു "ശരി"... അല്ലേ...?

Happy Birthday to my mobile & vodafone!

Thursday, February 05, 2009

മകന്‍റെ അച്ഛന്‍...!

കഴിഞ്ഞ ഞായറാഴ്ച ഞാനും അച്ചുവും അഞ്ജുവും കൂടി തിരുവനന്തപുരം രമ്യയില്‍ സിനിമ കാണാന്‍ പോയി. വെറും സിനിമ അല്ല, ഒരു അടിപൊളി സിനിമ. "മകന്‍റെ അച്ഛന്‍"... സത്യം പറയാല്ലോ, നാളുകള്‍ക്കു ശേഷം വീണ്ടുമൊരു അടിപൊളി കുടുംബചിത്രം കാണുകയാണ്.

നമ്മുടെയെല്ലാം പ്രിയപ്പെട്ട ആ വലിയ പ്രതിഭ - ശ്രീനിവാസന്‍ - ഈ ചിത്രത്തില്‍ തിളങ്ങുകയാണ്. വിനീത് അച്ഛനോടൊപ്പം തന്നെ തിളങ്ങുന്ന ഒരു താരം ആയി ഉയരുകയാണ്... ഇതിനോടകം തന്നെ വിനീത് ആലാപനത്തിലും, ഗാനരചനയിലും, അതുപോലെ തന്നെ അഭിനയത്തിലും കഴിവ് തെളിയിച്ചതാണ്. ഈ ചിത്രത്തിലും വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സുഹാസിനി വളരെ നന്നായി ആ അമ്മ റോള്‍ ചെയ്തിട്ടുണ്ട്.

ഒരു നല്ല തീം തന്നെ സംവിധായകന്‍ തിരഞ്ഞെടുത്തു. സ്വന്തം മക്കളെ എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ "തല്ലിപ്പഴുപ്പിക്കുന്ന" ഒരു അച്ഛന്‍. അച്ഛനെ ഒരു ശത്രുവിനെ പോലെ കാണുന്ന മകന്‍. ഇവര്‍ക്ക് രണ്ടുപേര്‍ക്കുമിടയില്‍ ജീവിക്കുന്ന ഒരു അമ്മ. ഇതെല്ലാം വളരെ നന്നായി ചെയ്തിരിക്കുന്നു. കുടുംബസമേതം കണ്ട് ആസ്വദിക്കാന്‍ ഒരു നല്ല ചിത്രം.

എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു രംഗം പറയാം. വിനീതിനെ അവന്‍റെ കൂടെ പഠിക്കുന്ന ഒരു പെണ്‍കുട്ടി അവരുടെ ക്ലാസ്സ് തീരുന്ന ദിവസം പ്രണയാഭ്യര്‍ത്ഥന നടത്തുന്ന രംഗം. അതിന് വിനീത് പറയുന്ന മറുപടി വളരെ നന്നായിരിക്കുന്നു. അത് സത്യം പറഞാല്‍ പുതു തലമുറയുടെ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടാണ് ചൂണ്ടിക്കാട്ടുന്നത്. പണ്ടുള്ളവര്‍ പറയുന്നപോലെ അല്ല, പുതു തലമുറ വളരെ "സെലക്ടീവ്" ആണ്. ജീവിതത്തെക്കുറിച്ച് ഉറച്ച കാഴ്ചപ്പാട് ഉള്ളവരാണ് അവര്‍. അവരുടെ ജീവിതം അവര്‍ തന്നെ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ മിക്കവാറും വീട്ടുകാര്‍ അതിന് തടയിടുമ്പോള്‍ വീട്ടില്‍ അടിയാകുന്നു, അവര്‍ ഒന്നുകില്‍ സ്വന്തം ജീവിതം തേടി പോകുന്നു, അല്ലെങ്കില്‍ ജീവിതം വീട്ടുകാര്‍ക്ക് മുന്നില്‍ ഹോമിച്ചു വിധിക്ക് മുന്നില്‍ കീഴടങ്ങുന്നു.

മൊത്തത്തില്‍ ഒരു നല്ല ചിത്രം തന്നെയാണ്. കുടുംബസമേതം കാണേണ്ട ഒരു ചിത്രം. അവര്‍ പറയുന്നപോലെ തന്നെ, "ഇനിയും ജനിക്കാനിരിക്കുന്ന അച്ഛന്മാര്‍ക്കു" വേണ്ടിയാണ് ഈ ചിത്രം...

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...