Monday, April 23, 2012

22 വയസുള്ള കോട്ടയംകാരി - അത് കലക്കി...!

ഈ ഏപ്രില്‍ 22 നു ഞാനും കൂട്ടുകാരും കൂടി 22 ഫീമെയില്‍ കോട്ടയം കാണാന്‍ തീരുമാനിച്ചു. ടിക്കറ്റ്‌ നേരത്തെ ഓണ്‍ലൈന്‍ ആയി ബുക്ക്‌ ചെയ്തതുകൊണ്ട് തിരുവനന്തപുരം കൈരളിയില്‍ സീറ്റ്‌ കിട്ടി. രാവിലത്തെ ഷോ കാണാന്‍ കൈരളിയില്‍ ചെന്ന് കയറുമ്പോള്‍ വമ്പന്‍ തിരക്ക്‌. സ്ത്രീകളുടെ ക്യൂ ടിക്കറ്റ്‌ കൌണ്ടറില്‍ നിന്നും പുറത്തേക്കിറങ്ങി വളഞ്ഞു പുളഞ്ഞു തിരികെ തീയേറ്ററിന്റെ ഉള്ളില്‍ ആണ്  അവസാനിച്ചത്.

ബാല്‍ക്കണിയില്‍ ഞങ്ങള്‍ ഉള്‍പ്പെടെ വളരെ ചുരുക്കം ആണുങ്ങള്‍ മാത്രം. തൊണ്ണൂറ്റി അഞ്ചു ശതമാനവും പെണ്ണുങ്ങള്‍ തന്നെയാണ് ഈ ചിത്രത്തിന്‍റെ പ്രേക്ഷകര്‍. ഷോ കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍  അടുത്ത ഷോ കാണാന്‍ നില്‍ക്കുന്ന ആളുകളുടെ തിരക്ക് കണ്ട് "കേരളത്തില്‍ ഇത്രയധികം സ്ത്രീകള്‍ ഉണ്ടോ" എന്നുപോലും ഞാന്‍ സംശയിച്ചു!

ഇനി ചിത്രത്തെ കുറിച്ച് പറയാം.

ടെസ്സ കെ അബ്രഹാം എന്ന കോട്ടയംകാരി നേഴ്സിന്റെ ബാംഗ്ലൂര്‍ ജീവിതത്തിന്‍റെ കഥയാണ് ഇതെന്നും എല്ലാവര്ക്കും ഇതിനോടകം തന്നെ അറിയാമല്ലോ, അവള്‍ നേരിടുന്ന ദുരനുഭവങ്ങളുടെ കഥ. ചിത്രം കണ്ട് തിരികെ പോരുമ്പോള്‍ ടെസ്സ ആയിരുന്നു മനസ് നിറയെ. അത്രയും ഭംഗിയായി, പക്വമായി ചിത്രം അനുഭവപ്പെട്ടു. (ഒരുപാട് വലിയ പാരഗ്രഫ് ആയി എഴുതിയാല്‍ വായിക്കാന്‍ പ്രയാസം
ആയതുകൊണ്ട്  ഓരോരോ "പോയിന്‍റ്" ആയിട്ട് പറയാം)

സംവിധായകന്‍ ആഷിഖ്‌ അബു

 • മറ്റു മുതിര്‍ന്ന സംവിധായകര്‍ പോലും ഇതുവരെ പറയാത്ത ഇത്രയും "ഭീകരമായ" ഒരു കഥ പറയാന്‍ ഈ ചെറുപ്പത്തിലേ ആഷിഖ്‌ അബു കാണിച്ച ധൈര്യം സമ്മതിക്കണം.

 • സോഷ്യല്‍ മീഡിയ എന്നത് മാര്‍ക്കറ്റിംഗ് നടത്താന്‍ വളരെ വളരെ ശക്തമായ ഒരു മാധ്യമം ആണെന്ന് തിരിച്ചറിഞ്ഞ് ആ വഴിയിലൂടെ നീങ്ങി. അത് കാലത്തിനനുസരിച്ചുള്ള "ബുദ്ധിയും വിവേകവും" ആണ്.


റിമ കല്ലിംഗല്‍

 • ഇത്രയും ശക്തമായ ഈ കഥാപാത്രം അവതരിപ്പിക്കാന്‍ കാണിച്ച ധൈര്യം - അത് സമ്മതിച്ചേ പറ്റുള്ളൂ.

 • ടെസ്സയെ വളരെ വളരെ മനോഹരമായും പക്വമായും അവതരിപ്പിച്ചിരിക്കുന്നു - ഒരു നടി എന്ന നിലയില്‍ റീമയുടെ കരിയറില്‍ ഇത് എന്നും എന്നും ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. സിനിമ തീര്‍ന്നാലും ടെസ്സ അബ്രഹാം മനസ് വിട്ടു പോകില്ല... അത് റീമയുടെ അഭിനയത്തിന്‍റെ മികവാണ്.


ഫഹദ്‌ ഫാസില്‍

 • ഒരു സ്ത്രീ പക്ഷ ചിത്രത്തില്‍ ഇത്തരത്തില്‍ ഒരു റോള്‍ ചെയ്യാന്‍ ഫഹദ്‌ തയ്യാറായി എന്നത് നല്ലൊരു കാര്യമാണ്.


22 Female Kottayam എന്ന ചിത്രം

 • സൂപ്പര്‍ താരങ്ങളും "തമ്പുരാന്‍" മോഡല്‍ ചിത്രങ്ങളും പോയിരുന്നു കണ്ടു കയ്യടിക്കാന്‍ ഇനി മലയാളികളെ കിട്ടില്ല എന്നതിന് നല്ലൊരു തെളിവാണ് ഈ ചിത്രം കാണാനുള്ള ജനത്തിരക്ക്‌ കാണിക്കുന്നത്.

 • മലയാള സിനിമ മൊത്തത്തില്‍ ഒരു പുതിയ പാതയില്‍ ആണ് - പച്ചയായ ജീവിതം ആണ് ഇപ്പോള്‍ ഇറങ്ങിയ പല ചിത്രങ്ങളും പറയുന്നത്. അതില്‍ ഒന്നാണ് 22FK.


ചില അപവാദങ്ങള്‍ ചിത്രത്തെ കുറിച്ച് പലയിടത്തും വായിക്കുകയും കേള്‍ക്കുകയും ചെയ്തിരുന്നു.
പക്ഷെ, ചിത്രം കണ്ടുകഴിഞ്ഞപ്പോള്‍ എന്‍റെ അഭിപ്രായങ്ങള് ഇങ്ങനെയാണ് ‍:

 • ഇത് ഒരിക്കലും ഒരു "ഫെമിനിസ്റ്റ്‌" ചിത്രം അല്ല, മറിച്ച് സ്ത്രീകളുടെ പ്രശ്നങ്ങള്‍ തുറന്നു കാട്ടുന്ന ഒരു ചിത്രം ആണ്.

 • കോട്ടയത്ത്‌ നിന്നും നഴ്സിംഗ് പഠിക്കാന്‍ പോകുന്ന എല്ലാ പെണ്‍കുട്ടികളും കണ്ടവന്മാരുടെ കൂടെ പോകുന്നവര്‍ ആണെന്ന് ചിത്രം പറയുന്നില്ല. മറിച്ച്, ഇമ്മാതിരി ദുരനുഭവങ്ങള്‍ നേരിടുന്ന അനേകം പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമാണ് ചിത്രത്തിലെ ടെസ്സ, ആ കുട്ടി ഒരു നഴ്സ് ആണ് എന്ന് മാത്രം.

 • "ടെസ്സ അവള്‍ക്ക് വിസ ശെരിയാക്കി കൊടുത്തതുകൊണ്ട് "പ്രത്യുപകാരം" ആയിട്ടാണ് സിറിളിന്റെ കൂടെ പോയത്‌" എന്നൊരു അഭിപ്രായം കേട്ടു. എനിക്ക് മനസിലായിടത്തോളം, ടെസ്സ അവനെ സത്യമായും ആത്മാര്‍ഥമായും സ്നേഹിച്ചത് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ആദ്യമേ അവള്‍ കന്യക അല്ല എന്ന സത്യം അവനോടു തുറന്നു പറഞ്ഞതും. അല്ലെങ്കില്‍പ്പിന്നെ ആ സത്യം അവള്‍ക്കു തുറന്നു പറയേണ്ട ആവശ്യമില്ലല്ലോ!

 • ടെസ്സ എന്ന ഒറ്റ പെണ്‍കുട്ടിയുടെ വെറുമൊരു പ്രതികാരത്തിന്റെ കഥ മാത്രം അല്ല ഈ ചിത്രം. അതിനേക്കാളുപരി, ഇത്തരത്തില്‍ പീഡനം അനുഭവിക്കുന്ന ലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ ഒരു പ്രതിരൂപം ആണ്  ടെസ്സ അബ്രഹാം.

 • ആണുങ്ങളെ കമന്റ് അടിക്കുന്ന പെണ്ണുങ്ങള്‍ ഉണ്ടോ എന്ന ചോദ്യം - തീര്‍ച്ചയായും ഉണ്ട് എന്നതാണ് ഉത്തരം, കാരണം, ആണുങ്ങളെ പോലെ തന്നെ പെണ്ണുങ്ങളും വായിനോക്കും, കമന്റ്  അടിക്കുകയും ചെയ്യും, പക്ഷെ നമ്മളെ പോലെ മൈക്ക്‌ വെച്ച് മൂന്നു കിലോമീറ്റര്‍ ദൂരത്തില്‍ കേള്‍ക്കുംവിധം "അളിയാ ദേ ഒരു പെണ്ണ്" എന്ന് വിളിക്കില്ല എന്ന് മാത്രം. (സ്ത്രീ സുഹൃത്തുക്കള്‍ ഉള്ള ആണുങ്ങള്‍ ഒരിക്കലും ഇമ്മാതിരി ചോദ്യം ചോദിക്കില്ല!)

 • കുടുംബത്തോടെ കാണാന്‍ പറ്റിയ ചിത്രം അല്ല എന്നത് സത്യം തന്നെ. എല്ലാ ചിത്രങ്ങളും കുടുംബത്തോടെ കാണാന്‍ ഉള്ളത് അല്ലല്ലോ. എല്ലാ പുസ്തകങ്ങളും കുടുംബത്തോടെ വായിക്കാന്‍ പറ്റിയവ  ആണോ? അല്ലല്ലോ? "പുസ്തകം" പോലെ ഒരു മാധ്യമം ആണ് സിനിമയും. അത്രേയുള്ളൂ.

 • മോശമായ സംഭാഷണങ്ങള്‍ ആണ് ചിത്രത്തില്‍ എന്ന് ഞാന്‍ കരുതുന്നില്ല, കാരണം, ഇപ്പൊ എല്ലാരും ഇങ്ങനെ ഒക്കെ തന്നെ അല്ലെ സംസാരിക്കുന്നത്? അത് സിനിമയില്‍ വരുമ്പോള്‍ മാത്രം കുറ്റം പറയേണ്ട ആവശ്യം ഇല്ലല്ലോ.

 • --- (ബാക്കി വരുന്ന മുറയ്ക്ക് ചേര്‍ക്കുന്നതാണ്) ---


അവസാന വാക്ക്

ചുരുക്കി പറഞ്ഞാല്‍, പെണ്‍കുട്ടികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന, വളരെ നല്ല ഒരു ചിത്രം തന്നെയാണ് 22 ഫീമെയില്‍ കോട്ടയം. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാ ചെറുപ്പക്കാരും ഉറപ്പായും കണ്ടിരിക്കേണ്ട ഒരു ചിത്രം.

ഈ ചിത്രം കണ്ടു കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ടെസ്സ അബ്രഹാം നിങ്ങളുടെ കൂടെ വന്നിട്ടുണ്ടെങ്കില്‍, ഉറപ്പായും നിങ്ങള്‍ ജീവിതത്തില്‍ എവിടെയോ ഒരു ടെസ്സയെ കണ്ടിട്ടുണ്ട്, അല്ലെങ്കില്‍ അറിഞ്ഞിട്ടുണ്ട്, അവള്‍ക്കു വേണ്ടി നിങ്ങള്‍ പ്രാര്‍ഥിച്ചിട്ടുണ്ട്..!

5 comments:

 1. good review, thanks

  ReplyDelete
 2. MujeebvavadMay 21, 2012

  NICE!

  ReplyDelete
 3. [...] റിവ്യൂ എഴുതുന്നില്ല. നേരത്തെ 22FK റിവ്യൂ എഴുതിയതുപോലെ പോയിന്റ്‌ പോയിന്റ്‌ ആയിട്ട് പറയാം. [...]

  ReplyDelete

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...