പാട്ടു കേള്‍ക്കാന്‍ ഇഷ്ടപെടാത്തവര്‍ ആരുണ്ട്? നമ്മളെല്ലാരും നല്ല നല്ല പാട്ടുകള്‍ ആസ്വദിക്കുന്ന കൂട്ടത്തിലാണ്.. അല്ലേ? പലര്‍ക്കും പലതരം പാട്ടുകളോടാണ് താല്പര്യം. ചിലര്‍ക്ക് മെലഡി, ക്ലാസിക്കല്‍ ഒക്കെ ആണ് ഇഷ്ടം. മറ്റു ചിലര്‍ക്കോ, അടിച്ചുപൊളി, ഡപ്പാംകൂത്ത് അങ്ങനെയുള്ള പാട്ടുകള്‍ ആണ് ഇഷ്ടം.
എന്തൊക്കെ ആയാലും, നല്ല പാട്ടുകള്‍ കേട്ടാല്‍ നമ്മളെല്ലാം ആസ്വദിക്കും... സംഗീതത്തിനു നമ്മുടെ മാനസികാവസ്ഥ വളരെവേഗം മാറ്റിമറിക്കാനുള്ള ഒരു അപാരമായ കഴിവുണ്ട്. ചിലപ്പോഴൊക്കെ ഒരു അടിച്ചുപൊളി പാട്ട് കേള്‍ക്കുമ്പോള്‍ നമ്മള്‍ തന്നെ സ്വയം ഒരു ഭീമാകാരമായ സ്റ്റേജില്‍ നിന്ന് പാടുന്നതായും ആളുകളെല്ലാം നമ്മെ ആരാധനയോടെ നോക്കുന്നതായുമൊക്കെ സ്വപ്നം കാണാറില്ലേ??? മറ്റു ചിലപ്പോള്‍ മടി പിടിച്ചു കട്ടിലില്‍ കിടക്കുമ്പോള്‍ ഒരു മനോഹരമായ മെലഡി കേട്ടാല്‍ എവിടുന്നോ ഒരു ഉണര്‍വ് കിട്ടുന്നത് കാണാം.
പ്രണയിക്കുന്നവരുടെ കൂടെ എപ്പോഴും കാണും അവരുടെ മാത്രം സ്വകാര്യമായ ഒരു നൂറ്റമ്പത് പാട്ടുകള്‍. കൂട്ടുകാരിയെ കാണാന്‍ കൊതിക്കുമ്പോള്‍ ഒരു പാട്ട്, പിണങ്ങിയിരിക്കുമ്പോള്‍ മറ്റൊരു പാട്ട് - അതും കൂട്ടുകാരി നമ്മുടെ മുഖത്ത് നോക്കി പാടുന്നതായി തന്നെ തോന്നും - പിന്നെ വിരഹത്തില്‍ നൊമ്പരപ്പെടുത്തുന്ന പാട്ടുകള്‍... അങ്ങനെ എത്രയെത്ര വിധത്തില്‍ സംഗീതം നമ്മളെ മറ്റൊരു മായാലോകത്തില്‍ എത്തിക്കുന്നു അല്ലേ...?
ഇത്രയുമൊക്കെ പറഞ്ഞുവന്നത്, എനിക്ക് വളരെയധികം പ്രിയപ്പെട്ട രണ്ടു പാട്ടുകള്‍ ഷെയര്‍ ചെയ്യാന്‍ വേണ്ടി ആണ്. ഇത് രണ്ടും ഫീമെയില്‍ ഗാനങ്ങള്‍ ആണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട കുറെ പാട്ടുകള്‍ ശേഖരിച്ച് "Female Romantics" എന്നൊരു ഫോള്‍ഡറില്‍ സൂക്ഷിച്ചിട്ടുണ്ട്. എത്ര കേട്ടാലും മതിവരില്ല എന്നതാണ് അവയുടെ പ്രത്യേകത. മിക്കവാറും ഉറങ്ങാന്‍ കിടക്കുന്നത് തന്നെ ഈ ഫോള്‍ഡര്‍ ചെവിയിലേക്ക് തിരുകിക്കൊണ്ടാണ്. അതിലെ "വാര്‍മഴവില്ലേ...(മിഴിരണ്ടിലും)" എന്ന ഗാനം ആണ് ആണ് ഇപ്പോഴത്തെ എന്‍റെ പ്രധാന ഉറക്കഗുളിക.
ഇനി ഇന്നത്തെ രണ്ടു പാട്ടിലേക്ക് കടക്കാം. ഈ രണ്ടു പാട്ടുകള്‍ മാത്രമായി ഷെയര്‍ ചെയ്യാന്‍ കാരണമുണ്ട്. ഇവ രണ്ടും അധികം പ്രശസ്തമായ ചിത്രങ്ങളില്‍ ഉള്ളതല്ല. അതുകൊണ്ടുതന്നെ അധികമാരും കേട്ടുകാണാന്‍ വഴിയില്ല. പക്ഷെ കേട്ടാലും കേട്ടാലും മതിവരാത്ത ഈ രണ്ടു പാട്ടുകള്‍ നിങ്ങളും കേള്‍ക്കണം എന്ന് തോന്നി, അതുകൊണ്ട് ഷെയര്‍ ചെയ്യുകയാണ്...
1. "വെറുതെ ഇനിയും കാത്തു നില്‍പ്പൂ..."
ചിത്രം - അറിഞ്ഞുകൂടാ.
രചന - അറിയില്ല.
സംഗീതം - അതും അറിയില്ല.
ആലാപനം - അറിയില്ല.
പിന്നെ എന്തോന്ന് അറിയാം എന്ന് ചോദിച്ചാല്‍ പറയാനുള്ളത് - അതിമനോഹരമായ ഒരു പാട്ടാണ് ഇതെന്നു അറിയാം. പണ്ട് പണ്ട് 2002 ല്‍ "മീശമാധവന്‍ " എന്ന ചിത്രത്തിന്‍റെ പാട്ടുകള്‍ വന്ന കാസറ്റില്‍ നിന്ന് കളഞ്ഞു കിട്ടിയ പാട്ടാണ്. ആരൊക്കെയാണ് ഈ പാട്ടിന്‍റെ പിന്നിലുള്ളത് എന്ന് ഇന്നും അറിയില്ല. ഗൂഗിളില്‍ നോക്കിയിട്ടും കിട്ടുന്നില്ല.
ഏറ്റവും ആകര്‍ഷിച്ചത്, പാടുന്ന ശബ്ദവും, വരികളും, പിന്നെ ആ ബാക്ക്ഗ്രൗണ്ടില്‍ കേള്‍ക്കുന്ന വയലിന്‍ (അതോ ഓര്‍ഗന്‍ എന്നാണോ?) ശബ്ദവും ആണ്. പാട്ട് കേള്‍ക്കുമ്പോള്‍ മനോഹരമായ, മഞ്ഞുമൂടിക്കിടക്കുന്ന ഏതോ പുല്‍മേട്ടില്‍, മങ്ങിയ വെളിച്ചത്തില്‍ നിന്നു പാടുന്ന ഒരു മൂഡ് ആണ്...
(പാട്ടിന്‍റെ പിന്നിലുള്ള ആളുകള്‍ ആരെന്നു അറിയാത്തതുകൊണ്ട് ഈ പാട്ട് നിങ്ങള്‍ക്ക് കേള്‍ക്കാന്‍ വേണ്ടി പതുക്കെ പൊക്കിയെടുത്തു സൌണ്ട്ക്ലൌഡില്‍ ഇട്ടിട്ടുണ്ട്. ആരോടും പറയണ്ടാ ട്ടോ...?)
വരികള്‍ കൂടി പങ്കുവെയ്ക്കാം. വായിച്ചുനോക്കൂ... എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ഈ പാട്ട്?
"വെറുതെ ഇനിയും കാത്തു നില്‍പ്പൂ
വിരഹ സന്ധ്യേ നിന്‍ പാട്ടു ഞാന്‍
ദൂരെയെങ്ങോ മറഞ്ഞു നീയും
വിലോലമായ് നീ മൊഴിഞ്ഞ വാക്കും
പരിഭവങ്ങള്‍ പറഞ്ഞ മഴയും.
(വെറുതെയിനിയും...)
രാത്രിമേഘം പെയ്തൊഴിഞ്ഞു
രാഗവേണുവില്‍ ഹിന്ദോളമായി...
മണ്‍ചെരാതിന്‍ നാളമെല്ലാം
മിഴിയണഞ്ഞു നിശബ്ദമായ്...
തനിയെനില്‍ക്കും എന്‍ നെഞ്ചിലെ
കിളികരഞ്ഞു അരുണാര്‍ദ്രമായ്...
മടങ്ങിവരുമോ തൂവല്‍നിലാവേ...
(വെറുതെയിനിയും...)
മൂടല്‍മഞ്ഞില്‍ മാഞ്ഞുപോയി
സ്നേഹതാരം പോല്‍ നിന്മുഖം...
ഓര്‍മനീറും ജന്മമായി
ഇവിടെയിനിയും ഞാന്‍ മാത്രമായി...
വിരല്‍തലോടും നിന്‍വീണയില്‍
വിദുരമായി ശ്രീരാഗവും...
മടങ്ങിവരുമോ കാവല്‍നിലാവേ...
(വെറുതെയിനിയും...)"
സൌണ്ട്ക്ലൌഡില്‍ ഈ പാട്ട് കേള്‍ക്കാം -Listen at SoundCloud
2. "ഏതോ ജനുവരി മാസം..."
ചിത്രം - ഓര്‍ക്കുക വല്ലപ്പോഴും (ചിത്രത്തിന്‍റെ പേരാണ് - അഥവാ പേര് മറന്നാലും ഓര്‍ക്കും!)
രചന - ഗിരീഷ് പുത്തഞ്ചേരി
സംഗീതം - എം.ജയചന്ദ്രന്‍
ആലാപനം - അറിയില്ല :-(
മുന്‍പൊരിക്കല്‍ ഏതോ എഫ്.എമ്മില്‍ കേട്ടതാണ് ഈ പാട്ട്. കേള്‍ക്കുന്ന പാട്ട് ഏതു ചിത്രത്തിലേത് ആണെന്ന് പറയുന്ന പരിപാടി അവര്‍ക്ക് ഇല്ലല്ലോ... അതുമല്ല, പാട്ടിന്‍റെ രണ്ടു അറ്റവും മുറിച്ചുമാറ്റി ആണ് കേള്‍പ്പിക്കുന്നത്. എന്തായാലും, ഒറ്റ തവണ കേട്ടപ്പോള്‍ തന്നെ പാട്ട് മനസ്സില്‍ കയറിക്കൂടി. "ഏതോ ജനുവരി മാസം" എന്ന വരികള്‍ മനസ്സില്‍നിന്നു പോകുന്നില്ല... ഏതു ചിത്രമെന്നോ, ഒന്നും അറിയില്ലതന്നെ.
നമ്മുടെ സങ്കടം കേള്‍ക്കാന്‍ ഗൂഗിള്‍ തയ്യാറായിരുന്നു. വരികള്‍ പറഞ്ഞുതീരുംമുന്‍പേ ഗൂഗിള്‍ പാട്ടിനെ പൊക്കിയെടുത്തു എന്‍റെ കയ്യില്‍ ഇട്ടുതന്നു. അത് ഞാന്‍ സുരക്ഷിതമായി എന്‍റെ ഫോള്‍ഡറില്‍ നിക്ഷേപിച്ചു. അന്നുമുതല്‍ ഇന്ന് ഈ നിമിഷം വരെയും എന്‍റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്നാണ് "ഏതോ ജനുവരി മാസം". നിങ്ങളും കേട്ടുനോക്കുന്നില്ലേ?
ഈ പാട്ടും സൌണ്ട്ക്ലൌഡില്‍ ഉണ്ട്. കേള്‍ക്കാം -- Listen at SoundCloud
അതെ, ഈ രണ്ടു പാട്ടുകൊണ്ട് തീരുന്നതല്ല സംഗീതം, അത് ഇനിയും ഇനിയും ഒരുപാട് ദൂരത്തില്‍ പരന്നു കിടക്കുന്നു... പണ്ട് ആരാരോ പറഞ്ഞപോലെ, "കേട്ട പാട്ടുകള്‍ മധുരതരം, കേള്‍ക്കാത്ത പാട്ടുകള്‍ അതിമധുരം" (പറഞ്ഞത് തെറ്റിയോ??? സംശയം ഉണ്ട്). എന്തായാലും, പുതിയ കാലം ആണ്, കോപ്പിയടി പാട്ടുകള്‍ ഒരുപാട് ഒരുപാട് ഉണ്ട്, അതിനിടയില്‍ ഇതുപോലെ അപൂര്‍വം ചില പാട്ടുകള്‍ആരുമറിയാതെ "കുപ്പയ്ക്കുള്ളിലെ മാണിക്യമായി" ആരുമറിയാതെ കടന്നുപോകുന്നു.
നിങ്ങള്‍ക്കും ഇതുപോലെ അധികം ആരും ശ്രദ്ധിക്കാത്ത, എന്നാല്‍ മനോഹരമായ ഗാനങ്ങള്‍ അറിയാമായിരിക്കുമല്ലോ... അവയെല്ലാം ഷെയര്‍ ചെയ്യുക... നമുക്കെല്ലാം ഒരുമിച്ചു ആസ്വദിക്കാം...!
Subscribe to:
Post Comments (Atom)
വൈദ്യുതിയില്ലാത്ത ലോകം
മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...
-
കോളേജ് ജീവിതം കഴിഞ്ഞതിനു ശേഷം ഞങ്ങള്‍ തിരുവനന്തപുരത്തു താമസിക്കുന്ന കുറെ സുഹൃത്തുക്കള്‍ മിക്കവാറും അവധി ദിവസങ്ങളില്‍ ഒത്തുകൂടുകയും, സിനിമ ക...
-
മഴയെ സ്നേഹിച്ച പെണ്‍കുട്ടി. ഓരോ തവണ മഴ പൊഴിയുമ്പോഴും അവള് മതിമറന്നു സന്തോഷിച്ചു. ഓരോ തുള്ളി മഴയും അവളുടെ മനസ്സില്‍ ആയിരം മുത്തുകള്‍ വാരി...
-
അടുത്തിടെയാണ് ഒരു തവളയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ശ്രദ്ധയില്‍പ്പെട്ടത്. ഓപ്പണ്‍ ചെയ്തു നോക്കിയപ്പോള്‍ കൌതുകമുളവാക്കുന്ന കുറെയേറെ പോസ്റ്റുകള...
നന്ദി. പാട്ടുകള്‍ കേട്ടു നോക്കട്ടെ.
ReplyDeleteഎങ്ങനെയുണ്ട്? കൊള്ളാമോ? അതോ കുഴപ്പമായോ? :-)
ReplyDeleteetho january masam sooper thakarhu
ReplyDelete