Monday, August 26, 2013

മകളുടെ പേര്



ഒരു ഞായറാഴ്ച ദിവസം. അവധി കിട്ടിയപ്പോള്‍ സഹധര്‍മ്മിണിയെയും മകളെയും കൂട്ടി ഒന്ന് പുറത്തേക്കിറങ്ങി. ഒരു സിനിമ കാണണം, പിന്നെ അത്യാവശ്യം ഷോപ്പിംഗ്‌ - ഇതായിരുന്നു പ്ലാന്‍ .

സിനിമ കാണാനായി കൈരളിയില്‍ എത്തിയപ്പോഴുണ്ട്‌ വലിയ തിരക്കാണ്. എന്നാല്‍ എനിക്ക് ഈ തിരക്കൊന്നും ഒരു പ്രശ്നമല്ല, ഭാര്യ കൂടെയുണ്ടല്ലോ! കുഞ്ഞിനെ എന്‍റെ കയ്യിലേക്ക് തന്നിട്ട് അവള്‍ സ്ത്രീകളുടെ വരിയില്‍ കയറി സ്ഥാനം പിടിച്ചു.

പെണ്‍കുട്ടികളെയും കൂട്ടി സിനിമ കാണാന്‍ പോകുന്നതിന്റെ ഏറ്റവും വലിയ നേട്ടം അതാണ്‌ - എത്ര തിരക്കുണ്ടെങ്കിലും സ്ത്രീകളുടെ ക്യൂവില്‍ ടിക്കറ്റ്‌ കിട്ടും!

ഞാന്‍ മകളെയും കയ്യിലെടുത്തു കുറച്ചകലെ മാറി നിന്നു. അവള്‍ എന്‍റെ തോളത്തു കിടന്നു ഉറങ്ങാന്‍ തുടങ്ങി. ഞാന്‍ ടിക്കറ്റ്‌ കൌണ്ടറില്‍ നിന്നും പുറത്തേക്ക് നീളുന്ന നീണ്ട ക്യൂ കൌതുകത്തോടെ നോക്കിനിന്നു.

"അതേയ്, ഓര്‍മ്മയുണ്ടോ?" - പിന്നില്‍ നിന്നൊരു സ്ത്രീശബ്ദം.

തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്നത് മുന്‍പ് കൂടെ പഠിച്ച ശ്രുതിയെ. കൂടെ പഠിച്ചത് എന്നല്ല, "സ്വന്തമാക്കാന്‍ ആഗ്രഹിച്ചത്‌ " എന്നുവേണം പറയാന്‍ . കുറെനാള്‍ കോളേജില്‍ ഒരുമിച്ചു സ്നേഹിച്ചു നടന്നതും പോരാഞ്ഞിട്ട്, ഇതേ കൈരളി തീയേറ്ററില്‍ പലതവണ ഒരുമിച്ചു വന്നു സിനിമയും കണ്ടിട്ടുണ്ട്! പിന്നെ ആ ബന്ധം പിരിഞ്ഞുപോയി. അതൊക്കെ കഴിഞ്ഞിട്ട് കാലങ്ങള്‍ ഏറെയായി. പിന്നെ ദാ വീണ്ടും ഇപ്പോഴാ കാണുന്നത്!

ശ്രുതിയെ വീണ്ടും കണ്ടപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി. ഈ സീന്‍ ദൂരെ നിന്നും സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു എന്‍റെ ഭാര്യ. അതോടെ ഞാന്‍ വീണ്ടും ഞെട്ടി!

അത് അങ്ങനെയാ! കാലമെത്ര കഴിഞ്ഞാലും സ്നേഹം നല്‍കുന്ന ഞെട്ടല്‍ - അത് അല്പം ഭീകരം തന്നെയാണ്!

ഭാര്യ ഞങ്ങളുടെ അടുത്തേക്ക്‌ വന്നു. മകളെ വാങ്ങി. ടിക്കറ്റ്‌ എന്‍റെ കയ്യില്‍ തന്നു. സിനിമ തുടങ്ങാന്‍ ഇനിയും സമയമുണ്ട്.

ഞാന്‍ ഭാര്യയ്ക്ക് ശ്രുതിയെ പരിചയപ്പെടുത്തി - "ഇതാണ് ശ്രുതി, എന്‍റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു.."

ബാക്കി സംഭാഷണം ഭാര്യ ഏറ്റെടുത്തു - "ആഹാ! ഇപ്പോള്‍ എവിടെയാ? എന്ത് ചെയ്യുന്നു? ഭര്‍ത്താവും കുട്ട്യോളും?"

"ഇപ്പോള്‍ യു.എസിലാ. ഭര്‍ത്താവും കുട്ടികളും അവിടെ തന്നെയുണ്ട്‌ .. ഇപ്പോള്‍ ലീവിനു വന്നതാ, അപ്പോള്‍ വീട്ടുകാരുമൊത്ത് ഒരു സിനിമ കാണാമെന്നു കരുതി... ഇനി കുറച്ചു ബന്ധുക്കളെ കാണാന്‍ പോകണം...  മറ്റന്നാള്‍ മടങ്ങിപ്പോകുന്നു..."

"ഇനിയെന്നാ തിരികെ നാട്ടിലേക്ക്..?"

"ഉടനെയില്ല. മക്കളെ രണ്ടുപേരെയും അവിടെയുള്ള സ്കൂളില്‍ ചേര്‍ത്തു. ഇനി അവിടെ തന്നെ അങ്ങ് കഴിഞ്ഞുകൂടാം എന്നാ കരുതുന്നത്... ഭര്‍ത്താവിനും അതാ ആഗ്രഹം"


കുറച്ചുനേരം ഞങ്ങള്‍ മൂന്നുപേരും വിശേഷങ്ങള്‍ പറഞ്ഞിരുന്നു.

അപ്പോഴേക്കും മകള്‍ ഉണര്‍ന്നിരുന്നു. ചുറ്റും കുറെ ആളുകളെ കണ്ടപ്പോള്‍ അവള്‍ ഒന്ന് കണ്‍ഫ്യൂഷനില്‍ ആയി. അമ്മയെ ചുറ്റിപ്പിടിച്ചു കോട്ടുവായിട്ടു.

"എന്താ മകളുടെ പേര്?" - മകളുടെ കവിളത്തു പിടിച്ചുകൊണ്ടു ശ്രുതി ചോദിച്ചു.

"മകളുടെ പേര് ശ്രുതി. അച്ഛന്റെ സെലെക്ഷന്‍ ആയിരുന്നു പേര്!" - ഭാര്യ പറഞ്ഞു.

"ങേ?!" - ശ്രുതിയുടെ കണ്ണുകള്‍ വിടര്‍ന്നു. ഒട്ടൊരു കൌതുകത്തോടെ എന്നെ നോക്കി. എന്നിട്ട് ചിരിച്ചു. ഞാന്‍ ഒന്നും മിണ്ടിയില്ല.

സിനിമ തുടങ്ങാന്‍ സമയമായപ്പോള്‍ ഞാനും ഭാര്യയും ഉള്ളിലേക്ക് കയറി. ശ്രുതി ബൈ പറഞ്ഞു പുറത്തേക്കും പൊയ്ക്കഴിഞ്ഞു.

പക്ഷെ എനിക്ക് ഇപ്പോഴും മനസിലാകാത്തത് - ഞങ്ങളുടെ മകളുടെ പേര് ശ്രുതി എന്ന് അല്ലാതിരുന്നിട്ടും എന്തിനാണ് ഭാര്യ അങ്ങനെ പറഞ്ഞത്? പഴയ കഥകള്‍ വല്ലതും അവള്‍ അറിഞ്ഞോ? അതോ വെറുതെ പറഞ്ഞതോ?

എന്‍റെ മനസ്സില്‍ ആയിരം ചോദ്യങ്ങളായി. ഞാന്‍ അവളോട്‌ ഒന്നും ചോദിച്ചില്ല. അവള്‍ എന്നോട് ഒന്നും പറഞ്ഞതുമില്ല.

സിനിമ കണ്ടുതീര്‍ന്നതും കൂടി അറിഞ്ഞില്ല. മനസ്സില്‍ ഒരു ഭാരം. ഷോപ്പിംഗ്‌ കഴിഞ്ഞു വീട്ടില്‍ എത്തുമ്പോള്‍ സമയം രാത്രിയായിരുന്നു.

മകളെ ഉറക്കി കിടത്തിയിട്ട്‌ ഭാര്യ മുറിയിലേക്ക് വന്നു. അവള്‍ ഒന്നും മിണ്ടാതെ കട്ടിലിലേക്ക് വീണു.

ഞാന്‍ പതിയെ ഷെല്‍ഫ് തുറന്നു. താഴെ തട്ടിലുള്ള പഴയ ഡയറികളുടെ കൂട്ടങ്ങള്‍ക്കിടയില്‍ ഒരെണ്ണം മാത്രം സ്ഥാനം തെറ്റിയിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. എന്‍റെ ആയിരം ചോദ്യങ്ങള്‍ക്കും ഉള്ള മറുപടി എനിക്ക് ലഭിച്ചുകഴിഞ്ഞു...!


* * *        * * *       * * *

പിന്നില്‍ നിന്നും ചൂടേറിയ ഒരു കൈ എന്‍റെ തോളത്ത് തട്ടി.

"നമ്മള്‍ കാരണം മറ്റൊരാള്‍ക്ക് അല്പമെങ്കിലും സന്തോഷം ഉണ്ടായാല്‍ , അതല്ലേ ഏട്ടാ വലിയ കാര്യം"

ആ കൈകള്‍ എന്നെ ചുറ്റിപ്പിടിച്ചു. എന്‍റെ തോളത്ത് തല ചായ്ച്ച് അവള്‍ നിന്നു.


64 comments:

  1. ;) പിന്നല്ലാ.. ഭാര്യയോടാ കളി...
    കൊള്ളാട്ടോ... :)

    ReplyDelete
  2. ഒരു പെണ്ണിനല്ലേ മറ്റൊരു പെണ്ണിന്റെ വേദന അറിയൂ (പയ മൊയി :) ).

    ReplyDelete
  3. ശ്രുതിയും ശ്രുതിക്കുട്ടിയും പിന്നൊരു ഭാര്യയും
    സ്നേഹത്തിന്റെ ഒരു യാത്ര അത് വളരെ
    നീണ്ടാതാണല്ലേ വിഷ്ണു!!!

    ReplyDelete
  4. അതാണ് അനുഭവസ്ഥര്‍ പറയുന്നതു ഈ കാര്യങ്ങള്‍ ഒന്നും ഡയറിയില്‍ എഴുതി സൂക്ഷിക്കരുത് എന്നു ..... മനസിലായോ .....കൊള്ളാം ... ....ആശംസകള്‍

    ReplyDelete
  5. മോളു സംസാരിക്കാന്‍ പ്രായം ആയിട്ടില്ല അല്ലെ? അത് കൊണ്ട് രക്ഷപ്പെട്ടു!!! ;). പക്ഷെ, കഥയിലെ അവസാന വരി ഇഷ്ടായി :)

    ReplyDelete
  6. ഇത്രയും നാള്‍ എവിടെ ആയിരുന്നു?

    #ഇന്ത്യന്‍ റുപ്പി സ്റ്റൈല്‍

    ReplyDelete
    Replies
    1. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ!

      #നാടോടിക്കാറ്റ് സ്റ്റൈല്‍

      Delete
  7. ഡയറി ഒക്കെ ഇപ്പോഴേ നശിപ്പിക്കുന്നതാ ബുദ്ധി ....വിഷ്ണൂ.. സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നാണല്ലോ?
    കഥ നന്നായി പറഞ്ഞു. 'ഉദാത്തം' 'മഹനീയം' എന്നൊന്നും വിശേഷിപ്പിക്കുക വയ്യെങ്കിലും 'രസകരം' എന്ന് ധൈര്യമായി വിശേഷിപ്പിക്കാം..

    ReplyDelete
    Replies
    1. ഡയറി ഒന്നും സ്റ്റോക്ക്‌ ഇല്ല അന്‍വര്‍ക്കാ ... ഞാന്‍ അതൊക്കെ ഇപ്പോഴേ ദൂരെക്കളഞ്ഞു!

      'രസകരം' എന്ന് പറഞ്ഞല്ലോ, അത്തന്നെയാണ് ഏറ്റവും നല്ലകാര്യം! താങ്ക്സ് ക്കാ!

      Delete
  8. കഥ ഒരു കഥയായി തോന്നി.ജീവിതമായി തോന്നിയില്ല.

    ReplyDelete
    Replies
    1. കഥ ശെരിക്കും കഥയാണ്, പക്ഷെ ചിലപ്പോള്‍ കഥകള്‍ ജീവിതം ആയേക്കാം :-)

      അഭിപ്രായത്തിനു നന്ദി ട്ടോ! വീണ്ടും കാണാം!

      Delete
  9. കുശുമ്പ് അശേഷം ഇല്ലാത്ത ഭാര്യ .

    ReplyDelete
    Replies
    1. അതെയതെ. കുശുമ്പ് അശേഷം ഇല്ലാത്ത ഒരു ഭാര്യ - അത് തന്നെയാ എന്‍റെയും ആഗ്രഹം :-)

      താങ്ക്സ് ലയാ! വീണ്ടും കാണാം!

      Delete
    2. ഒരു പെണ്ണിനല്ലേ മറ്റൊരു പെണ്ണിന്റെ വേദന അറിയൂ

      Delete
  10. ഭാര്യ അത്ര പോരാ...!

    ReplyDelete
    Replies
    1. അത് മാത്രമോ, ഭാര്യമാരെ സൂക്ഷിക്കുക! എന്നുകൂടി പറയണം!

      വായനക്ക് നന്ദി അജിത്തേട്ടാ :-)

      Delete
  11. veruthey alla bharyaaa

    ReplyDelete
    Replies
    1. സത്യം. നിനക്ക് ഈ കഴിഞ്ഞ രണ്ടുമൂന്നു മാസം കൊണ്ട് അത് നന്നായി മനസിലായി എന്ന് എനിക്ക് മനസിലായി :-) ഹമ്പടാ!!!

      Delete
  12. Kathayaayi thonnunnilla....
    :'(
    ... bhaaveel ingane vallom nadannaaal padachone....... hoo

    ReplyDelete
    Replies
    1. അതെയതെ. ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്! ഡയറി സ്ഥാനം തെറ്റിയാല്‍ അറിയാം, പക്ഷെ ഫേസ്ബുക്കിലേം ഇ-മേയിലിലേം മെസ്സേജുകള്‍ സ്ഥാനം തെറ്റിയാല്‍ അറിയില്ലാ ട്ടോ! സൂക്ഷിച്ചോ!

      വായനയ്ക്ക് നന്ദി ട്ടോ! വീണ്ടും കാണാം!

      Delete
  13. Replies
    1. അപ്പൊ ഇങ്ങളെ കമന്റും ബ്ലോഗും ഒക്കെ ശരിയായി ഇല്ലേ? നന്നായി, ഇനിയിപ്പോ കമന്റ്‌ ഇടാന്‍ ആളായല്ലോ!

      :-) താങ്ക്സ്!

      Delete
  14. ആരെങ്കിലും ഈ വക ഡയറികള്‍ കല്യാണ ശേഷം സൂക്ഷിക്കുമോ?

    ഇത് കഥയോ അതോ അനുഭവമോ?? ലേബല്‍ കഥ എന്നായാതിനാല്‍ ചോദിച്ചതാ :)

    ReplyDelete
    Replies
    1. അനുഭവമല്ല, കഥയാണ് എന്നതാണ് സത്യം :-) കല്യാണം കഴിഞ്ഞിട്ടില്ല...!

      ഈ വക ഡയറികള്‍ സ്റ്റോക്ക്‌ ഇല്ലാ എന്നതാണ് ആകെ ഒരു ആശ്വാസം!

      വായനയ്ക്ക് നന്ദി വേണുമാഷേ... :-)

      Delete
  15. കഥ ആയാലും അനുഭവമായാലും..കൊള്ളാം...ഭാര്യമാർ എല്ലാവരും ഇങ്ങനെ ആയിരുന്നെകിൽ :)

    ReplyDelete
    Replies
    1. സത്യത്തില്‍ എന്‍റെയും ആഗ്രഹം അതാണ്‌, എന്‍റെ ഭാര്യയും ഇങ്ങനെ ആയിരുന്നെങ്കില്‍ എന്ന് :-) ഹഹ, ആരാണോ എന്തോ വരുന്നത്!

      കാത്തിരുന്നു കാണുകതന്നെ!

      Delete
  16. @ഡോക്ടര്‍ മനോജ്‌
    ഹഹ! ഭാര്യ ആരാന്നാ വിചാരം!
    വായനക്ക് നന്ദി ട്ടോ :-)

    @അനീഷ്‌
    അതെയതെ. ബാക്കിയുള്ള വേദന ബാക്കിയുള്ളവനും അറിയാം!
    വായനയ്ക്ക് നന്ദി...! വീണ്ടും കാണാം!

    @ഏരിയല്‍ മാഷ്
    തീര്‍ച്ചയായും ഒരു നീണ്ടയാത്ര തന്നെയുണ്ട്‌ :-)
    വായനയ്ക്കും അഭിപ്രായത്തിനും നന്ദി മാഷേ :-)

    @കുര്യച്ചന്‍
    ഇങ്ങളെ കണ്ടിട്ട് കുറെ ആയല്ലോ കുര്യച്ചാ... ബ്ലോഗില്‍ പുതിയപോസ്റ്റ് ഒന്നുമില്ലേ?
    എന്തായാലും ഇനി സൂക്ഷിക്കില്ല :-)
    വീണ്ടും കാണാം കുര്യച്ചാ!

    @ശ്യാമ
    മോളു സംസാരിച്ചെങ്കില്‍ ആകെ മൊത്തം കുളമായേനെ!
    അഭിപ്രായത്തിന് നന്ദി ശ്യാമാ!

    ReplyDelete
  17. ഹ ഹ ഹ അതാ ഞാൻ പണ്ടെ ഡയറി എഴുതണ്ടാ എന്ന് തീരുമാനിച്ചത് 

    പക്ഷെ ഇത് നല്ല ഒരു കഥ ആയി. മനുഷ്യരായാൽ ഇങ്ങനെ വേനം അല്ലാത് എസിഒഇരിയലുകൾ കാണിക്കുന്ന പോലെ മൂക്കു ചീറ്റി  ആകെ കുളമാക്കി അല്ല ജീവിക്കേണ്ടത്

    അഭിനന്ദ്സ്

    ReplyDelete
    Replies
    1. താങ്ക്സ് :-)

      ഇങ്ങനെതന്നെ വേണമെന്നാ ആഗ്രഹം! സീരിയല്‍ പോലെ ആകാതിരുന്നാല്‍ മതിയാരുന്നു!

      Delete
  18. നന്നായി എഴുതി ... ആശംസകള്‍ :)

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി ട്ടോ :-)

      Delete
  19. ഭാര്യമാരെ സൂക്ഷിക്കണ്ടാ - അവര് നല്ലവരാ :)

    ReplyDelete
    Replies
    1. ഹഹ, കണ്ടു തന്നെ അറിയണം! എപ്പോഴും ഇങ്ങനെ നടക്കുമോ എന്തോ! :-)

      വായനക്ക് നന്ദി ട്ടോ!

      Delete
  20. 'ഭാര്യ സ്വന്തം സുഹൃത്ത് 'എന്നൊക്കെ വെറുതെ പറയുന്നതാ ലേ ?
    നന്നായിട്ടുണ്ട് ഭായ് :)

    ReplyDelete
    Replies
    1. ധാരാളം ചൊല്ലുകള്‍ ഇതുപോലെ ഉണ്ടെങ്കിലും, സംഭവം എന്താണെന്ന് നേരിട്ട് തന്നെ അറിയണം :-S ... താങ്ക്സ് :-)

      Delete
  21. നന്നായിട്ടുണ്ട് വിഷ്ണു ...ഇതുപോലത്തെ ഭാര്യയെ തന്നെ കിട്ടട്ടെ...

    ReplyDelete
    Replies
    1. ഇതുപോലെ തന്നെ കിട്ടിയാല്‍ സന്തോഷമായി! പക്ഷെ, കിട്ടുമോ? ആ സംശയം മാത്രം അവശേഷിക്കുന്നു :-) കാത്തിരിക്കുക തന്നെ !

      താങ്ക്സ് അശ്വതി :-)

      Delete
  22. ഇതുപോലൊരു ഭാര്യ എവിടെങ്കിലും കാണുമോ മച്ചാനെ?
    സത്യത്തില്‍ സ്വൈര്യക്കേടും അലമ്പുമായി എത്രദിവസം ഉറക്കമില്ലാതെ ആ ഭര്‍ത്താവ് കിടന്നു കാണും? അല്ലേലും കള്ളത്തരങ്ങള്‍ക്കാണല്ലോ കഥയെന്നു പറയുന്നത്. :)

    ReplyDelete
    Replies
    1. ദൈവമേ! അങ്ങനെ ആയാല്‍ ഇതൊരു മെഗാസീരിയല്‍ ആകും... "എത്ര ദിവസം" അല്ല, എത്ര "വര്ഷം" എന്ന് ചോദിക്കേണ്ടിയിരിക്കുന്നു !!!

      Delete
  23. പ്രകാശം പരത്തുന്ന ഭാര്യ.
    നന്നായി എഴുതി
    ആശംസകള്‍

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും താങ്ക്സ് :-) താങ്കള്‍ ഇവിടെ വായനക്കാരനായി എത്തിയതില്‍ എനിക്ക് ഒത്തിരി സന്തോഷം :-) വീണ്ടും വായിക്കുമല്ലോ... ഒരിക്കല്‍ കൂടി നന്ദി!

      Delete
  24. ഈ ഭാര്യയെ സൂക്ഷിച്ചേ പറ്റൂ..ഇവള് കാഞ്ഞ വിത്താ

    ReplyDelete
    Replies
    1. കുഴപ്പമാകുമോ? ആകില്ല എന്ന് പ്രതീക്ഷിക്കാം... എന്നാലും, എന്തോ കുഴപ്പം ഉണ്ടോ?? ആകെ ഭയമായല്ലോ റോസമ്മാ!

      Delete
  25. നന്നായിട്ടുണ്ട് കഥ.
    ഇത്തിരി സൂക്ഷിക്കുന്നത് നല്ലതാ.
    ആശംസകൾ..

    ReplyDelete
    Replies
    1. താങ്ക്സ് :-) എന്നാലും ഇങ്ങനെ പറഞ്ഞു ഭയപ്പെടുത്താതെ ;-)

      Delete
  26. എനിക്കിഷ്ടമായി ഈ കഥ!

    ReplyDelete
    Replies
    1. താങ്ക്സ് നിഷേച്ചീ... :-) വീണ്ടും എത്തുമല്ലോ !

      Delete
  27. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം... :)

    എന്നൊന്നും എനിക്ക് അഭിപ്രായമില്ല. എന്റെ ഭാര്യ ഇങ്ങനെയൊക്കെത്തന്നെയാണ്. പക്ഷേ, അറിഞ്ഞത് ഡയറി മറിച്ചുനോക്കിയല്ലെന്നു മാത്രം. (അങ്ങനെയാണ് അറിഞ്ഞിരുന്നതെങ്കിൽ, പിന്നെ എന്തു സംഭവിക്കുമെന്ന് എനിക്കെന്നല്ല ആർക്കും പറയാൻ പറ്റില്ലെന്നത് വേറെ കാര്യം :) )

    ReplyDelete
    Replies
    1. ഡയറി നോക്കിയിട്ട് അല്ലെങ്കില്‍ പിന്നെ എങ്ങനെയായിരിക്കും? മെയില്‍ ? ചാറ്റ് ബോക്സ്?? ദൈവമേ, പറഞ്ഞത് നന്നായി, ഉടനെ എല്ലാം ക്ലിയര്‍ ചെയ്യണം!

      വായനക്ക് നന്ദി ട്ടോ :-)

      Delete
  28. നല്ല കഥ..... കല്യാണം കഴിയുന്ന വരെ എല്ലാരും ഇങ്ങനെയാണ് സ്വപ്നം കാണുന്നത്...

    ReplyDelete
    Replies
    1. :-( :-( അതിനു അതുകഴിഞ്ഞ് സ്വപ്നം കാണാന്‍ കഴിഞ്ഞിട്ടുവേണ്ടേ...! ഇപ്പോഴല്ലേ ഇങ്ങനെയൊക്കെ പറ്റൂ!

      വായനക്ക് താങ്ക്സ് :-) വീണ്ടും കാണാം!

      Delete
  29. എത്ര നല്ല ആചാരം....

    ReplyDelete
    Replies
    1. ഇതാണ് ഷബീര്‍ക്കാ ഈ ആചാരം ആചാരം എന്ന് പറയുന്നത്!!!

      Delete
  30. ഡിയർ വിഷ്ണു ... വൈകിയാണ് ഇവിടെ വന്നത്. കഥ നന്നായി . ഏറ്റവും പ്രധാന കാര്യം എഴുതി നശിപ്പിക്കുവാൻ ഒരുപാട് സാധ്യത ഉള്ള ഒരു പ്രമേയം ആയിട്ടും അതിന് തുനിയാതെ കഥയെ നല്ല വഴിക്ക് നയിച്ചു എന്നതാണ് . ആശംസകൾ . ( ഒന്നുകൂടി.. ഒറ്റവരിക്കഥകൾ മനോഹരം )

    ReplyDelete
    Replies
    1. വായനക്ക് നന്ദി ട്ടോ, വൈകിയാലും വായിച്ചതില്‍ സന്തോഷം!

      Delete
  31. നന്നായി എഴുതി ...അഭിനന്ദനങ്ങൾ ..
    എന്റെ ബ്ലോഗ് ഇതാണ്
    http://vithakkaran.blogspot.in/
    വിതക്കാരൻ

    ReplyDelete
    Replies
    1. നന്ദി :-) വിതക്കാരന്റെ പാടത്തേക്ക് ഒന്ന് കയറി മേയുന്നുണ്ട് :-)

      Delete
  32. ഗ്രേറ്റ്‌....നല്ല എഴുത്ത് വിഷ്ണു
    നല്ല അസ്രൂസാശംസകളും :)

    ReplyDelete
    Replies
    1. വിഷ്ണുലോകത്തേക്ക് എന്നെന്നും സ്വാഗതം അസ്രൂട്ടാ! താങ്ക്സ് :-)

      Delete
  33. ആളിക്കത്താന്‍ വേണ്ടി അണയുന്നത്പോലെ അഭിനയിച്ചതാകാം. അനുഭവമല്ലേ ഗുരു. എന്റെ എത്ര ഡയറികളാണെന്നോ വെന്ത് വെണ്ണീറായത്?.

    ReplyDelete
    Replies
    1. അഭിനയത്തിനുള്ള സാധ്യത ഉണ്ടാകുമോ? എന്നാല്‍ ഒന്ന് മുന്‍കരുതല്‍ എടുത്തേക്കാം, ല്ലേ! പറഞ്ഞത് നന്നായി!

      വായനയ്ക്ക് താങ്ക്സ് ട്ടോ!

      Delete
  34. ഇത് കലക്കി വിഷ്ണുവേട്ടാ :) വെറുതേ ഓള്‍ ഭാര്യ :)

    ReplyDelete
  35. സ്നേഹത്തിന്റെ ശ്രുതി താളങ്ങൾ...

    ReplyDelete
  36. ee kadha ishtamaayi suhruthey , kandath vaykiyaanenkilum..

    ReplyDelete

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...