Sunday, July 01, 2012

പ്രിയസുഹൃത്തെ, നിന്‍റെ പ്രണയിനി സന്തുഷ്ടയാണ്.

അവന്‍ ഞങ്ങളെയെല്ലാം വിട്ടുപിരിഞ്ഞിട്ട് ഇന്ന് അഞ്ച് വര്ഷം തികയുകയാണ്. എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു അവന്‍. ഓരോ നിമിഷവും ചിരിക്കുന്ന, ചിരിപ്പിക്കുന്ന മനസായിരുന്നു അവന്. സുഹൃത്തെ, നീ ഇപ്പോഴും എന്‍റെ മനസ്സില്‍ ജീവിക്കുകയാണ്. നിന്റെ ഹൃദയം ഇപ്പോഴും എന്‍റെ ഉള്ളില്‍ തുടിക്കുന്നുണ്ട്. അത് നില്‍ക്കുമ്പോള്‍, ഞാനും നിന്റെ അടുത്തെത്തും.

---------------------------------------------

ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2003 - അന്ന് ഞങ്ങളെല്ലാം പ്ലസ്‌-ടു വിനു ചേര്‍ന്ന സമയം. അവിടെയാണ് ഞാന്‍ വിശാഖിനെ (യഥാര്‍ത്ഥ പേരല്ല) ആദ്യമായി കാണുന്നത്. ആദ്യമായാണ് പലരെയും കാണുന്നത്. പരസ്പരം വീടും സ്ഥലവും പത്താം ക്ലാസ്സ്‌ പഠിച്ച സ്കൂളും ഒക്കെ ചോദിച്ചാണ് ഞങ്ങളുടെ ആദ്യ ദിവസങ്ങള്‍ കടന്നുപോയത്. മറ്റാരെയും പോലെ ഒരു അപരിചിതന്‍ മാത്രമായിരുന്നു വിശാഖ്‌ എനിക്ക്. എന്‍റെ തൊട്ടു മുന്നിലെ ബെഞ്ചിലാണ് അവന്‍ ഇരുന്നത്. സ്വാഭാവികമായും കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ പലരും പരിചിതരായി. പിന്നെ ഞങ്ങള്‍ക്കിടയില്‍ പല വിഷയങ്ങളും സംഭാഷണങ്ങളും കടന്നുവന്നു.

വിശാഖും ഞാനും പല കാര്യങ്ങളിലും ഒരേ അഭിപ്രായക്കാര്‍ ആണെന്ന് ഞങ്ങള്‍ പതിയെ പതിയെ കണ്ടെത്തി. ഏതാണ്ട് സമാഭിപ്രായങ്ങളും ചിന്തകളും ഒക്കെയുള്ള ആളുകള്‍ കൂട്ടാകുന്നതുപോലെ, ഞാനും വിശാഖും പിന്നെ കുറച്ചു നല്ല കൂട്ടുകാരുമുള്ള ഒരു ചെറിയ "കൂട്ടം" തന്നെ ഞങ്ങള്‍ കണ്ടെത്തി. "കണ്ടെത്തി" എന്നല്ല, അതൊക്കെ അങ്ങനെ സംഭവിച്ചു എന്നുവേണം പറയാന്‍.

പല സ്ഥലങ്ങളില്‍ ജീവിച്ച ആളുകള്‍ ഏതോ ഒരു നിമിത്തം പോലെ ഒരിടത്ത് വന്നു ഒന്നുചേരുന്നതും, പരസ്പരം തിരിച്ചറിയുന്നതും, സുഹൃത്തുക്കള്‍ ആകുന്നതുമൊക്കെ ഒരു അത്ഭുതമാണ്. വിധിയുടെ ഒരുതരം മായാജാലം.

അങ്ങനെ വളരെ മനോഹരമായി ഞങ്ങളുടെ സൌഹൃദം പൂത്തുലഞ്ഞു സുഗന്ധം പരത്തി മുന്നോട്ടു പോകുന്നു. അന്ന് സ്കൂള്‍ വിട്ടാല്‍ പിന്നെ സംസാരിക്കാന്‍ ഇന്നത്തെ പോലെ ഫേസ്ബുക്കും ചാറ്റും മൊബൈലും ഒന്നുമില്ല. ആകെ ലാന്‍ഡ്‌ലൈന്‍ മാത്രം. അതായിരുന്നു അന്നത്തെ ഞങ്ങളുടെ "സോഷ്യല്‍ നെറ്റ്‌വര്‍ക്ക്". ഉച്ചക്ക് മീന്‍ പൊരിച്ചത് ഷെയര്‍ ചെയ്തു കഴിച്ചതും, ഉച്ച ഭക്ഷണം കഴിച്ചിട്ട് സ്ഥിരമായി അടുത്ത കടയില്‍ കയറി സിപ്‌-അപ്പ്‌ വാങ്ങിയതുമൊക്കെ ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍ക്കുന്നു. മനോഹരമായി ലവ് ലെറ്റര്‍ എഴുതാനും, അത് ആരുമറിയാതെ വല്ലവരുടെം ബാഗില്‍ ഇട്ടു അവരെ വട്ടാക്കാനും, ചൂയിന്ഗം ഊതിവീര്‍പ്പിച്ചു ബലൂണ്‍ പോലെ പൊട്ടിക്കാനുമൊക്കെ അവന് വല്യ ഇഷ്ടമായിരുന്നു. എപ്പോഴും സന്തോഷം മാത്രം. വിശാഖിന്റെ കൂടെ നടന്നാല്‍ സമയം പോകുന്നതെ അറിയില്ല!

വിശാഖിനെ ലൈന്‍ ഇടാന്‍ പെണ്‍കുട്ടികള്‍ പലരും ശ്രമിച്ചു. പക്ഷെ നടന്നില്ല. ഞങ്ങളുടെ വിശാഖേയ്‌, ആളു അത്രപെട്ടെന്നൊന്നും വലയുന്ന ടൈപ്പ് അല്ലായിരുന്നു. അവന്‍ പെണ്കുട്ട്യോളുടെ സൌന്ദര്യമോ കാശോ ഒന്നും കൊണ്ട് വീഴില്ല. ഞങ്ങളില്‍ പലരും നോക്കി കൊതിച്ച പല സുന്ദരിമാരും അവന്‍റെ പുറകെ നടന്നു വട്ടായതാണ് ഞങ്ങള്‍ കണ്ടത്. അവന്‍റെ സ്ഥാനത്ത് വേറെ വല്ലോരും ആയിരുന്നെങ്കില്‍ ഇതിനോടകം മിനിമം അഞ്ച് ലൈന്‍ എങ്കിലും പിടിച്ചേനെ എന്ന് ഞങ്ങള്‍ പറയുമായിരുന്നു!

എപ്പോഴും ചിരിയും കളിയും സന്തോഷവുമായി നടക്കുന്ന ഒരു കൌമാരക്കാരനോട് അതേ പ്രായമുള്ള ഏതു പെണ്‍കുട്ടിക്കും തോന്നാവുന്ന ഒരു ഇഷ്ടം - അതായിരുന്നു ഞങ്ങളുടെ കൂടെ പഠിച്ച ആതിരയെ (യഥാര്‍ത്ഥ പേരല്ല) അവനിലേക്ക് അടുപ്പിച്ചത്. ആതിരയ്ക്ക് അവനോടു കടുത്ത സൌഹൃദമാണോ അതോ പ്രണയമാണോ എന്നറിയാന്‍ വയ്യ. പക്ഷെ എനിക്ക് ഒന്നറിയാം, വിശാഖിന് അവളോട്‌ "എന്തോ ഒരിത്" തോന്നുന്നുണ്ട്... എന്നാലും അതൊന്നും വല്യ കാര്യമാക്കാതെ ഞങ്ങളുടെ സൌഹൃദം മുന്നോട്ടു പോയി. ഒപ്പം തന്നെ അവന്‍റെ "എന്തോ ഒരിതും" അവളുടെ "സ്നേഹവും" മുന്നോട്ടു തന്നെ പൊയ്ക്കൊണ്ടിരുന്നു.

പതിയെ പതിയെ അവന്‍ ഞങ്ങളുടെ കൈവിട്ടു അവള്‍ടെ കൂടെ പോകുമോ എന്നൊരു ഭയം ഞങ്ങള്‍ക്കുണ്ടായിരുന്നു. ആ ഭയത്തിനു ആദ്യത്തെ അപ്രൂവല്‍ കൊടുത്തുകൊണ്ട് അത് സംഭവിച്ചു - "വിശാഖ്‌ ലവ്സ് ആതിര" ...!

സൌന്ദര്യം, പണം - ഇതൊന്നിലും വീഴാത്ത അവന്‍ വീണത്‌ ആതിരയുടെ മനസ് കണ്ടിട്ടാണോ? ആയിരിക്കണം. അവള്‍ വെറുമൊരു ഒരു പൊട്ടിപെണ്ണ് ഒന്നുമല്ല. അവള്‍ക്ക് അവളുടെതായ കുറെ അഭിപ്രായങ്ങളും മറ്റും ഉണ്ട്. രാഷ്ട്രീയം ആയാലും കവിത ആയാലും അവള്‍ക്ക് നല്ല ഗ്രാഹ്യം ഉണ്ട്. നന്നായി നൃത്തം ചെയ്യുന്ന അവള്‍ കുറച്ചൊക്കെ എഴുതുകയും ചെയ്തിരുന്നു (എന്ന് അവന്‍ പറഞ്ഞു ഞങ്ങള്‍ക്കുള്ള അറിവാണ്). അവളുടെ മുന്നില്‍ തര്‍ക്കിക്കാന്‍ നിന്നാല്‍ പണി കിട്ടും. എന്നാല്‍ വിശാഖിന് ഇത്തരം കാര്യങ്ങളില്‍ വല്യ താല്പര്യവുമാണ്. മനപ്പൊരുത്തം തിരിച്ചറിഞ്ഞ അവര്‍ പരസ്പരം സ്നേഹിക്കാനും തുടങ്ങി.

ആതിര അതോടെ വല്യ പുള്ളിയായി. കാര്യം മറ്റൊന്നുമല്ല - വിശാഖ്‌ പ്രണയിക്കുന്ന ആ ഭാഗ്യവതി ആതിര ആണല്ലോ എന്ന അസൂയ ആണ് മറ്റു പെണ്‍കുട്ടികള്‍ക്ക്. അവന്‍റെ ചെറിയൊരു സൌഹൃദം എങ്കിലും കൊതിക്കാത്ത പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നില്ല, അപോ പിന്നെ അവന്‍റെ പ്രണയിനിയുടെ കാര്യമോ! അവള്‍ ആണ് ലോകത്തെ ഏറ്റവും ഭാഗ്യവതി!

ആതിരയുടെയും വിശാഖിന്റെയും പ്രണയം വളര്‍ന്നു. ഞങ്ങളോടുള്ള സൌഹൃദത്തിനിടയില്‍ അവളോടുള്ള പ്രണയം പങ്കിടാന്‍ അവന്‍ ബുദ്ധിമുട്ടുന്നത് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. സുഹൃത്തുക്കളും ആതിരയും അവനു വളരെ വിലപ്പെട്ടതാണ്. രണ്ടും അവനു ഒഴിവാക്കാന്‍ പറ്റാത്തതും. അവന്‍ സമാധാനമായി ഒന്ന് പ്രണയിച്ചോട്ടെ എന്ന് കരുതി ഞങ്ങള്‍ മുങ്ങാന്‍ ശ്രമിച്ചപ്പോള്‍ അത് കണ്ടുപിടിച്ചു "എനിക്ക് പ്രേമിക്കാന്‍ വേണ്ടി നീയൊക്കെ ഒഴിഞ്ഞുമാറും അല്ലേടാ?" എന്ന് ചോദിച്ചവനാണ് അവന്‍. എന്തായാലും, അവര്‍ തമ്മിലുള്ള ഇഷ്ടം ഞങ്ങളുടെ സൌഹൃദത്തില്‍ വിള്ളല്‍ വീഴ്ത്തിയില്ല എന്നത് വളരെ നല്ലൊരു കാര്യമായിരുന്നു.

കാലം പിന്നെയും കടന്നുപോയി. പ്ലസ്‌-ടു കഴിഞ്ഞ ഞങ്ങള്‍ പലവഴിക്കായി പിരിഞ്ഞു. ആതിരയും വിശാഖും ഞാനും എഞ്ചിനീയറിംഗിന് ചേര്‍ന്നു. മൂന്നുപേര്‍ക്കും മൂന്നു കോളേജില്‍ ആണ് അഡ്മിഷന്‍ കിട്ടിയത്. അപ്പോഴേക്കും ഞങ്ങള്‍ക്കെല്ലാം മൊബൈലും ആയി. പിന്നെ മൊബൈല്‍ വഴിയായിരുന്നു വിളിയും സംസാരവും. ഞങ്ങള്‍ ആദ്യവര്ഷം പഠിക്കുമ്പോള്‍ ആണ് "ഓര്‍ക്കുട്ട്" അറിയപ്പെട്ടു തുടങ്ങുന്നത്. പിന്നെ ഞങ്ങള്‍ ഓര്‍ക്കുട്ടില്‍ ചേക്കേറി. അവിടെയും ഞങ്ങളുടെ സൌഹൃദവും അവന്‍റെ പ്രണയവും തകൃതിയായി പോകുന്നുണ്ട്. പഠനവും സപ്ലികളും എല്ലാം അറിയുന്ന എഞ്ചിനീയറിംഗ് ലോകം. അവിടെയും വിശാഖിനെ ചാക്കിടാന്‍ പെണ്‍കുട്ടികള്‍ ശ്രമിച്ചെന്ന് കേട്ടു. പക്ഷെ ആതിരയെ വിട്ടു അവനു യാതൊരു കളിയുമില്ല എന്ന് ഞങ്ങള്‍ക്കെല്ലാം ഉറപ്പായിരുന്നു.

ഞങ്ങള്‍ എഞ്ചിനീയറിംഗ് രണ്ടാം വര്ഷം ആയപ്പോള്‍ അവനൊരു ബൈക്ക്‌ വാങ്ങി. ഇനി നിങ്ങള്‍ക്ക്‌ ഊഹിക്കാം.

ഒരുദിവസം നല്ല മഴയുള്ള രാത്രിയില്‍ ശംഖുംമുഖം എയര്‍പോര്‍ട്ട് റോഡിലൂടെ ബൈക്കില്‍ വരുകയായിരുന്നു അവന്‍. ഒരിക്കലും പരിധി വിട്ട സ്പീഡില്‍ അവന്‍ ഓടിക്കില്ല. അതിനുള്ള വിവേകമൊക്കെ അവനുണ്ട്. പക്ഷെ നനഞ്ഞ റോഡും എതിരെ വന്ന വണ്ടികളുടെ ഹെഡ്ലൈറ്റും അവന്‍റെ നിയന്ത്രണം തെറ്റിച്ചു. വിധിയുടെ വിളി പോലെ, ബൈക്ക്‌ കൈവിട്ട അവന്‍ റോഡിലേക്ക് തെന്നി വീണു. ഹെല്‍മെറ്റ്‌ വെച്ചിരുന്നെങ്കില്‍പ്പോലും തലയില്‍ നല്ല ഇടി ഏറ്റിരുന്നു. റോഡില്‍ രക്തം വാര്‍ന്നു കിടന്ന അവനെ പെട്ടെന്ന് തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചു.

രണ്ടു ദിവസം കഴിഞ്ഞാണ് അവനു ബോധം വീണത്‌. തലയ്ക്കു ഏറ്റ ഇടിയില്‍ തലച്ചോറിനു ക്ഷതമുണ്ടെന്നും ശരീരത്തിന്‍റെ വലതുഭാഗം സ്വാധീനം ഇല്ലായെന്നും ഡോക്ടര്‍ പറഞ്ഞു. ചിലപ്പോള്‍ ആളുകളെ തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. അതു മാത്രമല്ല, അധികം സംസാരിക്കാന്‍ കഴിയില്ല. ഞങ്ങള്‍ക്ക് അതൊരു വലിയ ഷോക്കായിരുന്നു. ഞാനും കുറച്ചു കൂട്ടുകാരും ആശുപത്രിയില്‍ അവനെ പോയി കണ്ടു. അവന്‍റെ അമ്മയും അച്ഛനും അനിയനും ഒരുപാട് കരയുന്നുണ്ടായിരുന്നു. ബൈക്ക്‌ വാങ്ങിക്കൊടുക്കാന്‍ തോന്നിയ നിമിഷത്തെ ശപിച്ച് അവന്‍റെ അമ്മ പലപ്പോഴായി പൊട്ടിക്കരഞ്ഞുകൊണ്ടിരുന്നു.

എത്രയൊക്കെ തിരിച്ചറിയാന്‍ കഴിയാതിരുന്നാലും എന്നെ അവന്‍ തിരിച്ചറിഞ്ഞേ പറ്റുള്ളൂ. എനിക്ക് അവനെ തിരികെ വേണം. എനിക്ക് മാത്രമല്ല, അവനെ മാത്രം സ്വപ്നം കണ്ടു കാത്തിരിക്കുന്ന ഒരു പെണ്ണുണ്ട്. അവള്‍ക്കും അവനെ തിരികെ വേണം.

അടുത്ത ദിവസം ഞാനും ആതിരയും കൂടി അവനെ കാണാന്‍ പോയി. കട്ടിലില്‍ കിടക്കുമ്പോഴും അവന്‍റെ മുഖത്ത് ചിരി ഉണ്ട്. ഞങ്ങളെ കണ്ടതും ആ ചിരി മങ്ങിയതുപോലെ തോന്നി. അവന്‍ ഞങ്ങളെ ആദ്യമായി കാണുന്നതുപോലെ. ആതിരയും എന്നെയും മാറിമാറി നോക്കി. ആതിര അവനെ കണ്ടതും വല്ലാതെ കരഞ്ഞു തുടങ്ങി. അവള്‍ അവന്‍റെ കൈ പിടിച്ചു ചേര്‍ത്തുവെച്ചു കരഞ്ഞു. തിരികെ വരാന്‍ അവനോടു കേണപേക്ഷിച്ചു. പക്ഷെ വിശാഖിന്റെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവുമില്ല. ഒരുപക്ഷെ അവന്‍ അവളെ ഭയക്കുന്നതുപോലെ തോന്നി.

അവന്‍ പതിയെ പതിയെ ചോദിച്ചു - "ആരാ....? ന്തിനാ ന്‍റെ കൈ പിടിക്കണേ?"

ആതിരയുടെ മനസ്സില്‍ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു.

"എന്താടാ നീ ചോദിച്ചേ? ഞാന്‍ ആരാന്നോ? നിന്‍റെ ആതിയെ നിനക്ക് അറിയില്ലെടാ?" - അത് ചോദിക്കുമ്പോള്‍ അവളുടെ കണ്ണുനീര്‍ അവന്‍റെ നെഞ്ചില്‍ ഇറ്റ് വീഴുന്നത് കണ്ടു.

"ഇല്ല.. ആരാ?.. ആരാ?" - ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവന്‍ ചോദിച്ചു. അവന്‍റെ മുഖത്ത് യാതൊരു വ്യത്യാസവുമില്ല. അവന്‍റെ കണ്ണുകള്‍ എന്റെ നേരെ നീണ്ടു.

ആതിര നിയന്ത്രണം വിട്ടു കരയാന്‍ തുടങ്ങി. കരച്ചില്‍ ഉച്ചത്തിലായപ്പോള്‍ നഴ്സ് വന്നു പുറത്തു നില്‍ക്കാന്‍ പറഞ്ഞു. ഞാന്‍ ആതിരയെ കൂട്ടി പുറത്തേക്കിറങ്ങി. അവളുടെ കരച്ചിലില്‍ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നു എനിക്കറിയില്ല. നിസ്സഹായനായി അവളുടെ കണ്ണുനീര്‍ നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. കുറേനേരം അവള്‍ കരഞ്ഞു. എന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. പക്ഷെ ഈ സമയത്ത് ഞാനും കൂടി കരഞ്ഞാല്‍ പിന്നെ ആതിര എന്ത് ചെയ്യും? എന്തൊക്കെയോ പറഞ്ഞു ഞാന്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

വിശാഖ്‌ ഇപ്പോള്‍ ആരെയും തിരിച്ചറിയാത്തത് ആണെന്നും, കുറച്ചുനാള്‍ കഴിഞ്ഞ് എല്ലാം മാറുമെന്നും ഞാന്‍ കൊടുത്ത വാക്കില്‍ അവള്‍ വീട്ടിലേക്കു പോയി.

പിന്നെയും രണ്ടു മാസത്തോളം ആതിരയും ഞാനും അവനെ സ്ഥിരമായി കാണാന്‍ പോയിരുന്നു. എന്തൊക്കെ ചെയ്തിട്ടും പറഞ്ഞിട്ടും ഞങ്ങളെ അവന്‍ തിരിച്ചറിയുന്നില്ല. അച്ഛനെയും അമ്മയെയും മാത്രമാണ് അവനു തിരിച്ചറിയാന്‍ പറ്റുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു.

ഇനി ഒരിക്കലും എന്റെ പഴയ വിശാഖിനെ തിരിച്ചുകിട്ടില്ല എന്ന സത്യം ഞാന്‍ മനസിലാക്കി. എനിക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അപ്പോള്‍ ആതിരയുടെ കാര്യം ഊഹിക്കാമല്ലോ. അവള്‍ പരീക്ഷകളില്‍ പരാജയപ്പെടാന്‍ തുടങ്ങി. അവള്‍ പഠനത്തില്‍ പിന്നോട്ട് പോവുകയാണെന്ന് മനസിലാക്കി. പക്ഷെ ആര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും!

രണ്ടു മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ അവനെ വീണ്ടും കാണാന്‍ പോയി. ഇപ്പോഴും വലിയ മാറ്റമൊന്നും ഇല്ലാന്ന് ഡോക്ടര്‍ പറഞ്ഞു. റൂമില്‍ ഞാനും അവനും മാത്രമായപ്പോള്‍ ഞാന്‍ അവന്‍റെ കട്ടിലിനടുത്തു പോയിരുന്നു. അവന്‍റെ കൈപിടിച്ച് ഞാന്‍ അങ്ങനെ ഇരുന്നു.

"ഡാ വിഷ്ണൂ, ഇനി നീ ആതിയെ ഇങ്ങോട്ട് കൊണ്ട് വരരുത് പ്ലീസ്‌...." - അത് അവന്‍റെ വായില്‍ നിന്ന് തന്നെയാണ് വീണത്‌!

ഞാന്‍ ഞെട്ടിപ്പോയി. എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവന്‍ എന്നെ തിരിച്ചറിഞ്ഞു. പെട്ടെന് തന്നെ ഡോക്ടറിനെ വിളിക്കാന്‍ ആണ് തോന്നിയത്, പക്ഷെ ഞാന്‍ അപ്പോഴാണ്‌ അത് ശ്രദ്ധിച്ചത് - ഇത്രയും നാള്‍ ആതിരയും അവന്‍ തിരിച്ചറിഞ്ഞിരുന്നു!

"എടാ വിശാഖാ, എന്താടാ നീ പറയുന്നേ? നീ അവളെ തിരിച്ചറിയാത്ത പോലെ അഭിനയിക്കുകയാണോ? നീ പറയെടാ... എനിക്ക് ഇപ്പൊ അറിയണം..."

അവന്‍റെ മുഖത്ത് മൌനം മാത്രം.

"എടാ, എടാ, നിന്‍റെ വിഷ്ണു അല്ലേടാ ചോദിക്കുന്നത്? നീ എന്തിനാ നിന്‍റെ ആതിയെ ഒഴിവാക്കാന്‍ ശ്രമിക്കുന്നത്? നിനക്ക് എന്താടാ? പറ വിശാഖാ..."

അവന്‍റെ കണ്ണുകളില്‍ കണ്ണീരിന്‍റെ തിളക്കം ഞാന്‍ കണ്ടു. അവന്‍ പറഞ്ഞു:

"ദേഹം തളര്‍ന്നു കിടക്കുന്ന ന്നെ ഇഷ്ടപെട്ട് സ്വീകരിച്ച് ജീവിതത്തില്‍ എനിക്കുവേണ്ടി അവള്‍ കഷ്ടപെടുന്നത് നിക്ക് സഹിക്കില്ലടാ... അവള്‍ നല്ല കുട്ട്യാ. അവള്‍ക്ക് എന്നെക്കാള്‍ നല്ലൊരു ആളെ കിട്ടണം... അതിനു ഞാന്‍ അവളെ ഒഴിവാക്കിയേ പറ്റുള്ളൂ..."

"അതിനു നീയെന്തിനാ അവളെ തിരിച്ചറിയാത്തത് പോലെ അഭിനയിച്ചത്...? അവളോട്‌ കാര്യം പറഞ്ഞാല്‍ പോരെ?" - എനിക്ക് അങ്ങനെ ചോദിക്കാനാണ് തോന്നിയത്.

"ഡാ, ഞാന്‍ അവളെ തിരിച്ചറിയുന്നുണ്ടെന്നു അവള്‍ക്ക് മനസിലായാല്‍ പിന്നെയും പിന്നെയും അവള്‍ എന്നെ സ്നേഹിക്കും. വേണ്ട വിഷ്ണൂ... അവള് ഇനി എന്നെ സ്നേഹിക്കണ്ട... അവള്‍ക്ക് വരാന്‍ പോകുന്ന നല്ലൊരു ജീവിതത്തില്‍ എന്നോടുള്ള സ്നേഹം ഒരിക്കലും ഒരു തടസമാകാന്‍ പാടില്ല."

വിശാഖ്‌ എന്ന വ്യക്തിയുടെ സ്ഥാനത്ത് ഞാന്‍ അപ്പോള്‍ കണ്ടത് ദൈവത്തെയാണ്. ഇത്രയും സ്നേഹം മനസ്സില്‍ കൊണ്ടുനടക്കുന്ന മനുഷ്യര്‍ ഈ ലോകത്ത് വേറെ ഉണ്ടാകുമോ? ഈശ്വരാ, നീ എന്തിനാണ് എന്‍റെ വിശാഖിനോട് ഇങ്ങനെ ചെയ്തത്? അവന്‍ എന്ത് തെറ്റാണ് നിന്നോട് ചെയ്തത്? ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചതോ? കുറെ സുഹൃത്തുക്കളെ സ്നേഹിച്ചതോ? എന്‍റെ കണ്ണുകള്‍ നനയുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.

ഞാന്‍ റൂമിനു പുറത്തിറങ്ങി ബാല്‍ക്കണിയില്‍ നിന്ന് ദൂരേക്ക്‌ നോക്കി നിന്നു. അവനു പകരമായി എന്‍റെ ജീവന്‍ എടുത്തുകൂടായിരുന്നോ എന്ന് ദൈവത്തോട് ചോദിച്ചു ഞാന്‍. എനിക്കറിയാം അവന്‍ ആതിരയെ എന്തുമാത്രം സ്നേഹിച്ചിരുന്നെന്ന്‍. അവനും അവളും ഒരുമിച്ചു കാണാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു.

എനിക്ക് തോന്നി, ദൈവത്തിന് വിശാഖിന്റെയും ആതിരയുടെയും സ്നേഹത്തോട് അസൂയ ആയിരുന്നെന്ന്.

---------------------------------------------

ആ സംഭവത്തിനു ശേഷം കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഹോസ്പിറ്റലില്‍ നിന്നൊരു വിളി വന്നു. വിശാഖിന്റെ തലച്ചോറില്‍ ഇന്‍ഫെക്ഷന്‍ ആയത്രേ! ഞാന്‍ ആദ്യമേ അവന്റെയടുത്ത് ഓടിയെത്തി. അവനെ കാണാന്‍ ആരെയും അനുവദിച്ചില്ല. സീരിയസ് ആണെന്ന് കേട്ടപ്പോള്‍ എനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. കരഞ്ഞു ഡോക്ടറുടെ കാലു പിടിച്ചു ഞാന്‍ അവനെ കാണാന്‍ അനുമതി വാങ്ങിച്ചു.

ചുറ്റും മരുന്ന് നിറച്ച കുഴലുകളും വയറുകളും കുറെയധികം യന്ത്ര സാമഗ്രികളും; അതിനു നടുവില്‍ പച്ച നിറമുള്ള പുതപ്പില്‍ എന്‍റെ വിശാഖന്‍ കിടക്കുകയാണ്. അവനു എന്നോട് എന്തോ പറയാനുണ്ടെന്ന് എന്‍റെ മനസ് പറഞ്ഞു. ഞാന്‍ അവന്‍റെ അടുത്തേക്ക്‌ പോയി. പ്ലസ്‌-ടു ക്ലാസുകളില്‍ ചിരിയുടെ പൂമഴ വിതറിയ എന്‍റെ വിശാഖന്‍ ആണ് ഈ കട്ടിലില്‍ വാടിയ പൂവുപോലെ കിടക്കുന്നതെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എന്‍റെ കണ്ണുകള്‍ നിറഞ്ഞു.

"വിശാഖാ...?" - ഇടറുന്ന തൊണ്ടയില്‍ എന്‍റെ ശബ്ദം തടഞ്ഞു നിന്നു.

മെല്ലെ കണ്ണുകള്‍ തുറന്ന അവന്‍ എന്നെ നോക്കി ചിരിച്ചു.

"ഡാ... നിക്ക് തല വല്ലാണ്ട് വേദനിക്കുന്നെടാ..."

അറിയാതെ ഞാന്‍ പൊട്ടിക്കരഞ്ഞു. രോഗിയെ ഇമോഷണല്‍ ആക്കരുതെന്നു ഡോക്ടറിന്റെ കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നതുകൊണ്ട് തിരിഞ്ഞു നിന്നു കര്ചീഫ്‌ എടുത്തു കണ്ണുനീര്‍ തുടച്ചു ഞാന്‍ അവനു നേരെ തിരിഞ്ഞു.

"പറ വിശാഖാ..."

അവന്‍റെ തൊണ്ടയില്‍ നിന്നും ശബ്ദം വരുന്നുണ്ടായിരുന്നില്ല. എന്നാലും അവന്‍ പറഞ്ഞത് എനിക്ക് മനസിലായി.

"എടാ വിഷ്ണൂ... ഞാന്‍ അധികകാലം പോകുമെന്ന് തോന്നണില്ല... നിക്ക് ആതിയെ കാണാന്‍ തോന്നുന്നെടാ..."

എനിക്ക് അവന്‍റെ കൈകള്‍ പിടിച്ചു ചേര്‍ന്നു നിന്നു കരയണമെന്നുണ്ടായിരുന്നു. പക്ഷെ അവനെ തൊടാന്‍ പോലും അനുവാദമില്ല എനിക്ക്.

ഡോക്ടര്‍ വന്നു എന്നെ നോക്കി പുറത്തേക്ക് പോകാന്‍ ആംഗ്യം കാണിച്ചു. എനിക്ക് ഇനി അവനെ ഇതുപോലെ കാണാന്‍ കഴിയില്ലാന്നു മനസിലായി. നാല് വര്‍ഷങ്ങള്‍ നീണ്ട സൌഹൃദം വിട ചോദിക്കുന്നതുപോലെ തോന്നി.

"വിഷ്ണൂ, അവളെ നല്ലോരാള്‍ക്ക് കൊടുക്കണം... അവള് സന്തോഷമായിട്ട് ജീവിക്കണം... എന്നിട്ട് മാത്രമേ നീ എന്നെ കാണാന്‍ വരാവൂ..."

പിന്നെ അവിടെ നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഞാന്‍ തിരികെ വീട്ടിലെത്തി മുറിയടച്ച് കട്ടിലില്‍ കിടന്നു തലയിണയില്‍ മുഖമമര്‍ത്തി വിങ്ങിപ്പൊട്ടി.

പിറ്റേന്ന് അവന്‍റെ മരണവാര്‍ത്തയാണ് എന്നെ വിളിച്ചുണര്‍ത്തിയത്. ഞാന്‍ പോയില്ല. എനിക്ക് അവന്‍റെ ശരീരം കാണാന്‍ തോന്നീല്ല. അത്രതന്നെ. അവന്‍റെ ചടങ്ങുകള്‍ക്കൊന്നും ഞാന്‍ പോയില്ല. എനിക്ക് ഒന്നും കാണാന്‍ വയ്യ. ആളുകളുടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയാനും എനിക്ക് വയ്യ.

ആ ഷോക്കില്‍ നിന്നും കരകയറാന്‍ ഒത്തിരി സമയമെടുത്തു. അപ്പോഴെല്ലാം കോളേജില്‍ ഞാന്‍ ഒരു ഭ്രാന്തനെപ്പോലെ ആണ് പെരുമാറിയിരുന്നത്. ആര്‍ക്കും പിടികൊടുക്കാത്ത ഒരു ഭ്രാന്തനെപ്പോലെ. പിന്നെ എങ്ങനെയോ ഞാന്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തി.

അവന്‍റെ മരണവാര്‍ത്ത ആതിരയെ ആകെ പിടിച്ചുലച്ചു. അവള്‍ ഒരുപാട് നാളുകള്‍ ഭക്ഷണം കഴിക്കാതെ പിന്നിട്ടു. അവളുടെ വീട്ടില്‍ അവരുടെ പ്രണയം അറിയാമായിരുന്നോ എന്ന് എനിക്കറിയില്ല. പരീക്ഷകളില്‍ തോറ്റ അവള്‍ പതിയെ പതിയെ സങ്കടത്തില്‍ നിന്നും കരകയറാന്‍ തുടങ്ങി... പിന്നെ അവള്‍ എല്ലാം മറന്നു പഠിത്തത്തില്‍ ശ്രദ്ധയൂന്നി. പഠനം കഴിഞ്ഞ് ജോലിയും ആയി. മറ്റൊരാളെ അവള്‍ വിവാഹം കഴിച്ചു. ഇന്ന് അവള്‍ ഒരു അമ്മയാണ്. സന്തോഷത്തോടെ അവള്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു.

---------------------------------------------

പ്രിയ സുഹൃത്തെ, ഇതൊന്നും എഴുതണമെന്ന് കരുതിയതല്ല. പക്ഷെ ഇത്രയും കാലം ഞാന്‍ മനസ്സില്‍ കൊണ്ടുനടന്ന ഭാരം ഇവിടെ ഇറക്കി വെക്കുകയാണ്. നിന്‍റെ സ്നേഹം എല്ലാരും തിരിച്ചറിയണമെന്ന് തോന്നി. എഴുതിവെച്ചു.

ഈ രാത്രിയില്‍ തെളിഞ്ഞ ആകാശത്തേക്ക് നോക്കുമ്പോള്‍ നിന്നില്‍ എനിക്ക് കാണാം, നിന്‍റെ ആതിയുടെ സന്തോഷത്തിന്റെ തിളക്കം... അതെ സുഹൃത്തെ... നീ ആഗ്രഹിച്ചതുപോലെ, അവള്‍ ഇന്ന് സന്തുഷ്ടയാണ്.

നിനക്ക് ഇനിയും തിളങ്ങാം.

 

 

39 comments:

  1. അയ്യോടാ പാവം!!! പ്ലസ്ടുക്കാര്‍ക്കൊക്കെ പ്രേമത്തിന്റെ കാര്യത്തിലിത്ര സീരിയസോ?

    ReplyDelete
  2. <<<>>>അതിന്റെ കാരണം ഇപ്പോള്‍ അല്ലെ മനസിലായത് . അന്ന് നിന്റെ പഠന നിലവാരവും കുറഞ്ഞു . ഇത്രയും വലിയ വിഷമങ്ങള്‍ ഉള്ളില്‍ കൊണ്ട് നടന്നപ്പോഴും നമ്മളോട് ഒന്നും പറഞ്ഞില്ലല്ലോ .

    ReplyDelete
  3. MandoosanJuly 01, 2012

    എന്റെ സുഹൃത്തെ,എന്ത് എങ്ങനെ പറയണം ന്ന് എനിക്കറിയില്ല. ഇല്ലെങ്കിലും ഈ വേദന പ്രകടിപ്പിക്കുന്നവർക്ക് അതിനെന്തായാലും ഒരു പരിധിയുണ്ടാകും,അമ്മയ്ക്കൊഴികെ.! മറ്റെല്ലാവരും, കുറച്ച് ദീർഘകാലം ചിലർക്കുണ്ടാവുമെൻകിലും, അത് മറക്കാൻ ഉള്ള സാധ്യത കൂടുതലാണ്. അത് ഒരു വലിയ തെറ്റൊന്നുമല്ല, പക്ഷെ അതൊരു പ്രപഞ്ച സത്യമാ. ആ പ്രപഞ്ച സത്യം ശരിവയ്ക്കുന്ന രീതിയിലാ ആതിരയും മറ്റുള്ളവരും പെരുമാറുന്നേ,അവരെ കുറ്റപ്പെടുത്തരുത്. പ്അക്ഷെ നിനക്കും അത് മറവിയിലേക്ക് വിടേണ്ടതായി വരും,ഇപ്പോഴല്ല,ഒരിക്കൽ. വിടണം താനും. നന്നായി വരട്ടെ എല്ലാം,ആശംസകൾ.

    ReplyDelete
  4. പിന്നല്ലേ... എന്റെ കൂടെ ജോലി ചെയ്ത ഒരു അദ്ധ്യാപകന്‍ അദ്ദേഹത്തിന്‍റെ പ്ലസ്‌- ടു പ്രണയിനിയെ ആണ് കല്യാണം കഴിച്ചത്. നീണ്ട ഒന്‍പതു കൊല്ലത്തെ പ്രണയം. ആളെ കാണണമെങ്കില്‍ ഞാന്‍ ഫേസ്ബുക്കില്‍ വെച്ച് ലിങ്ക് തരാം ട്ടോ!

    ReplyDelete
  5. അതെ. ഒരു നഷ്ടത്തിന്‍റെ ചെറിയൊരു വേദന മാത്രം.

    ReplyDelete
  6. അതെ. ആരോടും പറയാന്‍ തോന്നീല്ല. വിഷമമെല്ലാം മാറിയപ്പോ പിന്നെ ഒന്നും പറയാനും കേള്‍ക്കാനും നിന്നില്ല.

    ReplyDelete
  7. Kishore S NairJuly 01, 2012

    എടാ നീ ഇ കഥ എഴുതരുതയിരുന്നു..... ആതിക്ക് വേണ്ടി.... നീ മനസ്സിന്റെ ഭാരം ഇറക്കിവച്ചപ്പോള്‍ മറ്റൊരാളുടെ വേദനയുടെ ആഴം കൂട്ടുകയാണ് ചെയ്തത്... ആഹ്.... എന്തായാലും നിന്റെ എഴുത്ത് നന്നകുനുണ്ട്....

    ReplyDelete
  8. Jaison JacobJuly 01, 2012

    നന്നായിട്ടുണ്ട് വിഷ്ണു ,വായിച്ചു കഴിഞ്ഞപ്പോള്‍  എവിടെയോ ഒരു നൊമ്പരം. എല്ലാ ആശംസകളും.

    ReplyDelete
  9. ദൈവത്തോടൊപ്പമിരുന്ന് ആ മനസ് സന്തോഷിക്കുന്നുണ്ടാകും തീര്‍ച്ച :)

    ReplyDelete
  10. അതെ. അവന്‍ തീര്‍ച്ചയായും സന്തോഷിക്കുന്നുണ്ട്. ഉറപ്പാണ്.

    ReplyDelete
  11. ഹൃദയ  സ്പര്‍ശിയായ ലേഖനം. എഴുത്തിലെ ഭാഷ വളരെ നന്നായി വരുന്നുണ്ട്.ആശംസകള്‍.

    ReplyDelete
  12. നന്ദി പ്രശാന്തേട്ടാ... നമുക്ക് ഒന്ന് നേരിട്ട് കാണണം!

    ReplyDelete
  13. Iam VineedJuly 02, 2012

    visakhinte aathmavinu nityashanthi nerunnu..

    ReplyDelete
  14. വല്ലാത്തൊരു നൊമ്പരം ...

    ReplyDelete
  15. നൊമ്പരം ഷെയര്‍ ചെയ്തതിനു നന്ദി. വീണ്ടും കാണാം!

    ReplyDelete
  16. MujeebvavadJuly 02, 2012

    heart touching!

    ReplyDelete
  17. ഒരു സിനിമാകഥ പോലെ തോന്നിക്കുന്ന യഥാര്‍ഥ ജീവിതം... പരസ്പരം സ്നേഹിക്കുന്നവര്‍ക്ക് ഇത്തരം അവസ്ഥകള്‍ വരാതിരിക്കട്ടെ...

    ReplyDelete
  18. അതെ. ഇപ്പൊ ആലോചിക്കുമ്പോള്‍ എല്ലാം ഒരു സിനിമ കഥ പോലെ... ആര്‍ക്കും ഇതുപോലെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ എന്ന് കരുതാം.

    ReplyDelete
  19. തീര്‍ച്ചയായും വിഷ്ണുവിന്റെ സുഹൃത്തിന്റെ ആത്മാവു സന്തോഷികുന്നുണ്ടാകും..... തീര്‍ച്ച..... നല്ല ഒഴുക്കുള്ള അവതരണം..... ആശംസകള്‍....

    ReplyDelete
  20. അതെ. അവന്‍റെ ആത്മാവ് ഉറപ്പായും സന്തോഷിക്കുന്നുണ്ട്‌.

    ReplyDelete
  21. ഇതു സത്യമോ ? നല്ലൊരെഴുത്ത്

    ReplyDelete
  22. ചില സത്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. താങ്ക്സ്, വീണ്ടും വരുക!

    ReplyDelete
  23. നന്മ വരട്ടെ.

    ReplyDelete
  24. gud writing..keep it up!

    ReplyDelete
  25. ജീവിതം അങ്ങനെയാണ്........
    നാം കാണാത്ത അറിയാത്ത ഒരു പാതയിലൂടെ സഞ്ചരിക്കും, അവസാനം എല്ലാം വലിച്ചെറിഞ്ഞ് ഒരു പോകാ

    ReplyDelete
  26. satheesan.opJuly 10, 2012

    ഒരുപാടിഷ്ടായി ഈ എഴുത്ത്

    ReplyDelete
  27. ഷാഹിദ്‌July 10, 2012

    എന്നെ കരയിപ്പിക്കല്ലേ...

    ReplyDelete
  28. ആ പ്രണയിനിയുടെ വേദന ആരും മനസിലാക്കിയില്ല....

    ReplyDelete
  29. അതെ. ഒരു എത്തും പിടിയുമില്ലാത്ത ഒരു നീണ്ട യാത്ര.

    ReplyDelete
  30. അവള്‍ തീര്‍ച്ചയായും വേദനിച്ചിട്ടുണ്ടാകും. പക്ഷെ, ഇനി ജീവിതം എങ്ങോട്ട് എന്നറിയാതെ നില്‍ക്കുന്ന അവന്‍റെ കൂടെ ജീവിച്ചിരുന്നെങ്കില്‍, പിന്നീട് അവള്‍ ഒരുപാട് കരഞ്ഞേനെ. അതിലും എത്രയോ ഭേദം ആയിരുന്നു അവന്‍റെ തീരുമാനം. എന്തായാലും പിരിയണം. പക്ഷെ ഒരു വേര്‍പിരിയലിന് കാലേകൂട്ടി അവള്‍ മനസുകൊണ്ട് തയ്യാറായല്ലോ. അല്ലായിരുന്നെങ്കില്‍ ...

    ReplyDelete
  31. ഇല്ല. ഇതുപോലെ ആരുടേയും ജീവിതത്തില്‍ ഉണ്ടാകാതിരിക്കട്ടെ.

    ReplyDelete
  32. നന്ദി സുഹൃത്തെ... വീണ്ടും കാണാം.

    ReplyDelete
  33. വിഷ്ണു ...ഇത് സത്യത്തില്‍ അനുഭ കഥയാണെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല. പല ഭാഗങ്ങളിലും ഒരു കെട്ടു കഥ പോലെ തോന്നിപ്പിക്കുന്ന ചില സംഭാഷണങ്ങള്‍ കണ്ടത് കൊണ്ട് പറഞ്ഞതാണ് ട്ടോ.


    എഴുതിയത് ഒരു അനുഭവ കഥയാണെങ്കില്‍ എന്നെ ഇതൊരുപാട് നൊമ്പരപ്പെടുത്തി..


    എഴുതുന്ന സമയത്ത് മനസ്സ് വേറെ എവിടെയൊക്കെയോ ആയിരുന്നെന്ന രീതിയില്‍ എഴുതി തീര്‍ത്ത പോലെ തോന്നി പോയി.


    എനിക്ക് മനസ്സില്‍ തോന്നിയ അഭിപ്രായം പറഞ്ഞു എന്ന് മാത്രം..എന്നോട് മുഷിവു തോന്നരുത്...

    ReplyDelete
  34. മുഷിവു ഇല്ലല്ലോ!

    സംഭാഷണങ്ങള്‍ അല്പം സിനിമാറ്റിക് ആയിപ്പോയോ? കുറേകാലം മുന്‍പ് നടന്ന കാര്യം മനസ്സില്‍ വന്നതുപോലെ എഴുതി. അതാകും. ഇത് എഴുതുമ്പോള്‍ മനസ്സില്‍ നഷ്ടപെട്ട ഒരു സുഹൃത്തിന്‍റെ ഓര്‍മ്മകള്‍ മാത്രം.

    ReplyDelete
  35. ഒരു മെഗാ പരമ്പരക്കുള്ള വകുപ്പുണ്ട്

    ReplyDelete
  36. അതെ. ജീവിതം തന്നെ ഒരു മെഗാ പരമ്പര!

    ReplyDelete
  37. harishgpillaiJuly 21, 2012

    superb...relay rouching vishnu....

    ReplyDelete
  38. വായിച്ചു ,,,,,, :(

    ReplyDelete

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...