Thursday, August 30, 2012

റണ്‍ ബേബി റണ്‍ - ഒരു നല്ല എന്റര്‍ടെയിനര്‍ ചിത്രംജോഷി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ഓണച്ചിത്രം - റണ്‍ ബേബി റണ്‍ - ഇന്ന് ഈ മനോഹരമായ തിരുവോണ ദിവസം തീയേറ്ററില്‍ എത്തി. "സീനിയേഴ്സ്" എന്ന മുഴുനീള തമാശ ചിത്രത്തിന്‍റെ കഥ എഴുതിയ സച്ചി-സേതു ടീമിലെ സച്ചിയുടെതാണ് കഥ.

ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഉണ്ടായ ചിത്രം ആയതിനാല്‍ പതിവ് "ഹീറോയിസം", "ഒറ്റയടിക്ക് മുപ്പതു പേരെ വീഴ്ത്തല്‍" മുതലായ നമ്പരുകള്‍ ഉണ്ടാകുമെന്ന് ഓര്‍ത്താണ് ആദ്യമേ പോകണ്ടാന്നു കരുതിയത്‌ . ആരെങ്കിലുമൊക്കെ പോയി കണ്ടിട്ട് വന്നു റിവ്യൂ പറഞ്ഞിട്ട് പോയാല്‍ മതിയല്ലോ. മാത്രവുമല്ല, ഇപ്പൊ വന്ന "താപ്പാന"യും "മരുമകനും" ഒക്കെ അത്ര പോരാ എന്നും കേട്ടിരുന്നു.


കുറച്ചു സ്റ്റുടന്‍ട്സ് തുടങ്ങിയ കമ്പനിയുടെ ഒരു ചെറിയ പരസ്യപ്പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ റണ്‍ ബേബി റണ്‍ കാണാനുള്ള ഒരു ഫ്രീ ടിക്കറ്റ്‌ കിട്ടി! അങ്ങനെയാണ് തിരുവോണത്തിന് വൈകുന്നേരം ആറുമണിക്കുള്ള ഷോ തമ്പാനൂരിലെ ശ്രീകുമാറില്‍ പോയി കാണാന്‍ തീരുമാനിച്ചത്. ഫ്രീ ആയി ടിക്കറ്റ്‌ കിട്ടിയതല്ലേ, ഇനി അഥവാ സിനിമ കൊള്ളില്ലെന്കിലും വലിയ നഷ്ടമൊന്നും ഇല്ല! യേത്???

പക്ഷെ, സത്യം പറയാല്ലോ, കിട്ടിയ ഫ്രീ ടിക്കറ്റ്‌ വെറുതെ ആയില്ല. രണ്ടര മണിക്കൂര്‍ ബോറടിക്കാതെ, ഒരുപാട് ചിരിച്ചുകൊണ്ട് കാണാവുന്ന ഒരു നല്ല ചിത്രം ആണ് റണ്‍ ബേബി റണ്‍

ഒരുപാട് വലിച്ചു നീട്ടി "ബുജി ടൈപ്പ്" റിവ്യൂ എഴുതുന്നില്ല. നേരത്തെ 22FK റിവ്യൂ എഴുതിയതുപോലെ പോയിന്റ്‌ പോയിന്റ്‌ ആയിട്ട് പറയാം. എപ്പടി?കഥയും തിരക്കഥയും

ടീ.വീ. ചാനലുകളില്‍ ജോലി ചെയ്യുന്ന ക്യാമറ മെന്‍ , റിപ്പോര്‍ട്ടര്‍ പ്രവര്‍ത്തകരുടെ കഥയാണ്. എക്സ്ക്ലൂസീവ് ന്യൂസ് പിടിക്കാനുള്ള നെട്ടോട്ടവും, അതിനിടയിലെ പരസ്പരമുള്ള പാരകളും ഒക്കെയാണ് കഥാസാരം.

ബോറടിപ്പിക്കാതെ, രസകരമായി കഥ പറഞ്ഞുപോകുന്നുണ്ട്. കഥ ഏറെക്കുറെ ഊഹിക്കാം എങ്കിലും രസകരമായി അത് പറയുന്നു എന്നതാണ് പോയിന്റ്‌ . സസ്പെന്‍സ്‌ ഒന്നും ഇല്ല. പക്ഷെ ക്ലൈമാക്സ്‌ അപ്രതീക്ഷിതമായി, അതുപോലെ രസമുള്ളതുമായി. അതുമാത്രമല്ല, കുറെ അടിപിടി നടത്തി വലിച്ചു നീട്ടി ബോറടിപ്പിക്കുന്ന സ്ഥിരം ക്ലൈമാക്സ്‌ അല്ല എന്നുവേണം പറയാന്‍തമാശകള്‍

നമ്മളെല്ലാം പ്രധാനമായും രണ്ടര മൂന്നു മണിക്കൂര്‍ രസിക്കാന്‍ തന്നെയാണ് സിനിമക്ക് പോകുന്നത്. ചാനലുകളിലെ കോമഡി ഷോകളിലും മറ്റും സ്ഥിരമായി കാണുന്ന ചളിഞ്ഞ കോമഡി നമ്പരുകള്‍ കണ്ടു കണ്ടു എന്നെപ്പോലെ നിങ്ങളും മടുത്തു എന്നത് സത്യം. അതുകൊണ്ട് തന്നെ ഇന്ന് സ്ഥിരമായി വരാറുള്ള മിക്കവാറും ഒരുവിധം കോമഡികള്‍ നമുക്കറിയാം.

എന്നാല്‍ ഈ ചിത്രത്തില്‍ ഒരുപാട് പുതിയ കോമഡി നമ്പരുകള്‍ ഉണ്ട്. അതും വളരെ സ്വാഭാവികമായ, ലളിതമായ കോമഡി മാത്രം. ബിജുമേനോന്‍, ഷമ്മി തിലകനും ചേര്‍ന്നുള്ള "ചാനല്‍ റെയിഡ്" കോമഡി ആണ് ഇതിലെ ഏറ്റവും നീളം കൂടിയ തമാശ എന്ന് തോന്നുന്നു. തീയേറ്റര്‍ മുഴുവന്‍ ഇളകിമറിഞ്ഞു ചിരിച്ചു. ആളുകളെ ഒരുപാട് ചിരിപ്പിച്ച തമാശകള്‍ കുറെ ഉണ്ടായിരുന്നു.

സച്ചി-സേതുവിന്‍റെ "സീനിയേഴ്സ്" എന്ന ചിത്രത്തില്‍ നമ്മള്‍ കുറെ പുതിയ തമാശകള്‍ കണ്ടിരുന്നില്ലേ? അതുപോലെ തന്നെ ഇതിലും പുതിയ കുറെ തമാശകള്‍ സച്ചി ഇറക്കിയിട്ടുണ്ട്. തമാശക്കുവേണ്ടി ചെയ്തതല്ലാതെ, സ്വാഭാവികമായി തന്നെ. ചിരിക്കാന്‍ പറ്റിയ നല്ലൊരു ചിത്രം.അഭിനേതാക്കള്‍, കഥാപാത്രങ്ങള്‍

മോഹന്‍ലാല്‍ പഴയ "വീരപുരുഷ" പരിവേഷം വിട്ടു സാധാരണക്കാരന്റെ റോള്‍ ചെയ്തു തുടങ്ങിയത്തില്‍ ഒരുപാട് സന്തോഷം ഉണ്ട്. ഇതുപോലൊരു മികച്ച അഭിനേതാവിനെ വീണ്ടും വീണ്ടും തമ്പുരാന്‍ വേഷം കെട്ടിയാടിക്കുന്നത് പരമബോറായി തുടങ്ങിയിരുന്നു. ഈ സത്യം അദ്ദേഹം തിരിച്ചറിഞ്ഞു എങ്കില്‍ ഇനിയും ഈ മഹാപ്രതിഭ ഒരുപാട് നല്ല കഥാപാത്രങ്ങളെ നമുക്ക് നല്‍കും. തീര്‍ച്ച.

അപ്പൊ പറഞ്ഞുവന്നത്, മോഹന്‍ലാലിന്റെ പ്രായത്തിന് ചേരുന്ന ഒരു കഥാപാത്രം തന്നെയാണ് ഇതിലെ ചാനല്‍ ക്യാമറമാന്‍ വേണു. ഒരുപാട് "ഹീറോയിസം" ഒന്നും ഇല്ല. കുറെ തല്ലുകള്‍ ഉണ്ടെങ്കിലും "ഒറ്റയടിക്ക് മുപ്പതുപേരെ തെറിപ്പിക്കുന്ന" ആ പഴയ അറുബോറന്‍ പരിപാടിയും ഇല്ല. ഇതാണ് ഞാന്‍ കണ്ട മാറ്റം. പിന്നെ പതിവുപോലെ, അദേഹത്തിന്റെ റോള്‍ അതിഗംഭീരമാക്കി എന്ന് പറയണ്ടല്ലോ.

തമിഴ്‌ അഭിനേത്രി അമലാ പോള്‍ (update: അമലാ പോള്‍ ഒരു മലയാളി ആണെന്ന് അറിയുന്നു) ഇവിടെ വന്നു മലയാളത്തില്‍ സംസാരിച്ചു മോശമായി ഡബ് ചെയ്തു ആകെ കുളമാകും എന്ന് ഞാന്‍ കരുതിയിരുന്നു. എന്നാല്‍ അങ്ങനെ ഉണ്ടായില്ലാ എന്ന് മാത്രമല്ല, തന്റെ റോള്‍ അമല പോള്‍ നന്നായി ചെയ്യുകയും ചെയ്തു. ക്യാമറമാന്‍ വേണുവിന്‍റെ പൂര്‍വ്വകാമുകിയും ചാനല്‍ റിപ്പോര്‍ട്ടറുമായ "രേണുക"യെ ആണ് അമല പോള്‍ അവതരിപ്പിച്ചത്. കൊള്ളാം, നന്നായി.

ബിജുമേനോന്‍ അതിമാരക കോമഡിയുമായി തിരികെ എത്തി. ഈ അടുത്ത് "ഓര്‍ഡിനറി", "സീനിയേഴ്സ്" തുടങ്ങിയ ചിത്രങ്ങളിലൂടെ തനിക്ക്‌ കോമഡിയും പറ്റും എന്ന് തെളിയിച്ച പുള്ളിക്കാരന്‍ ഈ ചിത്രത്തിലും അതിഗംഭീരമായി. പിന്നെ ഷമ്മി തിലകന്‍ - അദ്ദേഹം തിലകനോട് ഒന്നുകൂടി സാദൃശ്യം തോന്നുന്ന അഭിനയം ആയിരുന്നു. അത്യാവശ്യം തമാശ അദ്ദേഹവും കൈകാര്യം ചെയ്തു.

എനിക്ക് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം - സായികുമാര്‍, സിദ്ധിക്ക് - ഇവരുടെ രണ്ടുപേരുടെയും വില്ലന്‍ റോളുകള്‍ നമ്മള്‍ ഒരുപാട് കണ്ടു കണ്ടു മടുത്തതാണ്. ഇതിലും അവര്‍ അതെ റോളില്‍ തന്നെ. മുന്‍പ് ചെയ്ത പല ചിത്രങ്ങളില്‍ നിന്നും യാതൊരു വ്യത്യാസവും ഇല്ല. പുതുതായി ഒന്നും ചെയ്യാനും ഇല്ല. രണ്ടുപേരും മികച്ച നടന്മാര്‍ ആണ്, പക്ഷെ അവര്‍ ഇങ്ങനെ ടൈപ്പ് ചെയ്യപ്പെടുന്നതില്‍ എനിക്ക് വിയോജിപ്പാണ്.

പിന്നെ കൂടെയുള്ള ആരും മോശമായില്ല, എല്ലാ കഥാപാത്രങ്ങളും നന്നായിരുന്നു. മോശം പറയാന്‍ ആരുമില്ല.പാട്ടുകള്‍

മോഹന്‍ലാല്‍ പാടിയ ഒരു പാട്ട് ആണ് ഉണ്ടായിരുന്നത്. പാട്ട് കൊള്ളാം.

പാട്ട് നാടന്‍ ആയിരുന്നെങ്കിലും സീനുകള്‍ ചൂടന്‍ ആയിരുന്നു. ജോഷിസാര്‍ അല്ലെ, എന്തെങ്കിലുമൊക്കെ വേണ്ടേ...! അല്ലെ!ആകെ മൊത്തം ടോട്ടല്‍

ഇന്റര്‍വെല്‍ വരെ മുഴുനീള തമാശയും, അതിനുശേഷം തമാശയും ആകാംക്ഷയും ഒരുമിച്ചു കൊണ്ടുപോകുന്ന ചിത്രം. രണ്ടര മണിക്കൂര്‍ ബോറടിപ്പിക്കാതെ, രസകരമായി; സ്ഥിരം ബോറന്‍ ട്രിക്കുകള്‍ ഇല്ലാതെ, ആസ്വദിച്ചു കാണാവുന്ന നല്ലൊരു ഓണച്ചിത്രം.

ഓണത്തിന് ഇറങ്ങിയ മറ്റു ചിത്രങ്ങളെ താരതമ്യം ചെയ്തു മാര്‍ക്കിട്ടാല്‍ : 9/10 ആണ് ഞാന്‍ കൊടുക്കുക.

രണ്ടരമണിക്കൂര്‍ എന്റര്‍ടെയിന്‍മെന്‍റ് ഉറപ്പ്!

ഒരിക്കല്‍ക്കൂടി ഓണാശംസകള്‍ :-)

21 comments:

 1. Akhil KrishnanAugust 30, 2012

  അമല പോളിനെ തമിഴ് അഭിനേത്രി എന്ന് ടൈപ്പ് ചെയ്യരുത്. അമല ഒരു മലയാളി ആണ്, നീലതാമാരയില്‍ ഒരു ചെറിയ വേഷം ഭംഗിയായ്‌ ചെയ്തിട്ടുമുണ്ട്. ഇതൊരു നിരൂപണം അല്ല, ചൂണ്ടിക്കാട്ടിയെന്നെയുള്ളൂ.

  ReplyDelete
 2. ആ പറഞ്ഞത് സത്യമാണ്. അമല തമിഴ്‌ നടി ആണെന്നായിരുന്നു ഞാന്‍ കരുതിയത്‌. അതാണ്. പുള്ളിക്കാരി ആ റോള്‍ നന്നായി ചെയ്തു. :-)

  സംഗതി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

  ReplyDelete
 3. നല്ല റിവ്യൂ. പടം കാണണോ വേണ്ടേ എന്നാ ഒരൊറ്റ ചോദ്യത്തിന് ഉത്തരം നേരെ ചൊവ്വേ പറയുന്നു.

  ReplyDelete
 4. Akhil KrishnanAugust 30, 2012

  hm.. :) നല്ല അവസരങ്ങള്‍ തമിഴില്‍ കിട്ടിയത് കൊണ്ടാണ് അമല തമിഴിലേക് പോയത്..ആകാശത്തിന്റെ നിറത്തിലും ഒരു മുഴുനീള വേഷം ചെയ്തിട്ടുണ്ട്, ആ ചിത്രം ഒരുപാടു ഫിലിം ഫെസ്ടിവല്സില്‍ പ്രദര്‍ശിപ്പിച്ചു എങ്കിലും തീയെറ്റരുകളില്‍ അതൊരു വന്‍ വിജയമാകാത്തത് അമലയെ മലയാളി പ്രേക്ഷകരില്‍ നിന്നും പിനെയും അകറ്റി നിര്‍ത്തി. may be ഈ ഒരു ചിത്രം അമലയ്കു ഒരു നല്ല ബ്രേക്ക്‌ ആയേക്കാം.. :) neway thanks fo an excellent review.. :)

  ReplyDelete
 5. ഹഹ. ഒറ്റ ഉത്തരം - ചിരിക്കാന്‍ വേണ്ടി രണ്ടാമതും കാണാന്‍ തോന്നിക്കുന്ന ഒരു ചിത്രം.

  ReplyDelete
 6. ആഖ്യാനവും വ്യവഹാരവുമൊന്നുമില്ലാത്ത നല്ലൊരു ഫിലിം റിവ്യൂ..

  റിവ്യൂ ചെയ്യുമ്പോള്‍ ഇങ്ങനെ ചെയ്താല്‍ പോരേ ഈ ബുജികള്‍ക്ക്...

  പ്രേ്രത്യക പരിസരങ്ങളിലേക്ക് നമ്മെ പ്രക്ഷേ പണം ചെയ്യുന്നതെന്തിനാ- കെടക്കട്ട്..

  ആശംസകള്‍..

  ReplyDelete
 7. പരമ ബോറന്‍ റിവ്യൂ. എങ്ങനെ ഇത്രേം സ്വയം പുകഴ്ത്തി ഒരു റിവ്യൂ സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ എങ്ങനെ തോന്നുന്നു. അതുപോലെ മറ്റു സിനിമ-കളെ താഴ്ത്തി കെട്ടി ഒരു റിവ്യൂ എഴുതുന്നതും നല്ലതല്ല. അറിയുന്ന പണി ചെയ്താ പോരെ. നേരത്തെ ഏതോ റിവ്യൂ എഴുതി ഹിറ്റ്‌ ആയ പോലെയാണ് സംസാരം. റിവ്യൂ ഒരു മോഹന്‍ലാല്‍ ഫാന്‍ എഴുതിയ പോലെ biased ആയി തോന്നി. എന്തായാലും ഓള്‍ ദി ബെസ്റ്റ്.

  ReplyDelete
 8. ഹഹ... "ബുജി" റിവ്യൂ വായിച്ചു ഒന്നും മനസിലാകാത്ത ഒരാളാണ് ഞാനും. എന്തായാലും കണ്ട കാര്യം സിമ്പിള്‍ ആയി പറയാമെന്നു കരുതി. അത്രേ ഉള്ളൂ. :-)

  നന്ദി ട്ടോ.

  ReplyDelete
 9. കിടിലന്‍ പടം !!! നൂറില്‍ നൂര്‍ !!!

  ReplyDelete
 10. അതെ, ഈ ഓണത്തിന് വന്നതില്‍ മികച്ച എന്റര്‍ടെയിനര്‍ തന്നെ.

  ReplyDelete
 11. അപ്പൊ എന്തായാലും കാണണം. പിന്നെ ആ പാട്ട് പക്കാ കോപ്പി അടിയാണ്. അഴകേ ബ്രഹ്മനിടം ...എന്ന തമിഴ് പാട്ട്, അത് പോലെ ആവനിപ്പോന്നൂഞ്ഞാല്‍ ആടിക്കാം...എന്ന മലയാളം പാട്ട് അതിന്റെയൊക്കെ ഒരു സാമ്യത ആ പാട്ടിനുള്ള പോലെ തോന്നി. ഫ്രീ ടികെറ്റ് ഇനിയും ഉണ്ടെങ്കില്‍ പറയണം ട്ടോ.

  ReplyDelete
 12. ഹഹ... പാട്ടിലെ ആ സാമ്യം ഇപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. ഇപോ ഇതാണ് ട്രെന്‍ഡ്. ദീപക്‌ ദേവ് തുടങ്ങിവച്ചത് ഇപ്പോഴും മുന്നേറുന്നു.

  ബൈ ദി ബൈ, ഫ്രീ ടിക്കറ്റ്‌ തീര്‍ന്നു :-) :-) ഇനി അടുത്ത തവണ ആയിക്കോട്ടെ!

  ReplyDelete
 13. കണ്ടിട്ടില്ല ...അവസരം കിട്ടിയാല്‍ കാണണം .അവതരണം നന്നായി .തിരയുടെ ആശംസകള്‍

  ReplyDelete
 14. റിവ്യൂ വായിച്ചപ്പോള്‍ തന്നെ പടം കാണാന്‍ തോന്നുന്നു കലക്കി...

  ReplyDelete
 15. ചിത്രം കാണു ട്ടോ. നല്ലൊരു ചിരിപ്പടം ആണ്.

  വായനക്ക് നന്ദി :-)

  ReplyDelete
 16. ഉറപ്പായും കണ്ടോളൂ. രസിച്ചിരുന്നു കാണാം.

  ReplyDelete
 17. പോയിന്റ്‌ ബൈ പോയിന്റ്‌ ആയി എഴുതുന്ന പരിപാടി കൊള്ളാം..പടം കൊള്ളാമെന്നു തന്നെയാ എനിക്കും തോന്നിയത്. ഹിറ്റ്‌ ആകാന്‍ സാധ്യതയുള്ള ഒരു പടം...എന്റെ റിവ്യൂ ബ്ലോഗ്ഗില്‍ ഉണ്ട്..വായിച്ചു അഭിപ്രായം പറയുമല്ലോ.. :-)

  ReplyDelete
 18. അത് വായിച്ചെന്നു മാത്രമല്ല, മരുമകനെ തെറി വിളിക്കാന്‍ ആഗ്രഹിക്കുന്നവരെ അങ്ങോട്ടേക്ക് ലിങ്ക് ചെയ്തു വിട്ടിട്ടുമുണ്ട്. :-)

  ReplyDelete
 19. റിവ്യു വായിച്ചില്ല എന്ന് പറയുന്നതില്‍ വിഷമം ഉണ്ട്...പുതിയ സിനിമകളുടെ റിവ്യു വായിച്ചാല്‍ അത് കാണുന്നതിലുള്ള ത്രില്‍ പോകും എന്ന് ആണ് അനുഭവം! പതുക്കെ വായിച്ചോളാം കേട്ടോ !


  പിന്നെ പടം ഇറങ്ങി രണ്ടു ദിവസത്തിനുള്ളില്‍ നെഗറ്റീവ് റിവ്യു ഇടുന്നതിനോട് ഒരുതരത്തിലും യോഗിക്കാന്‍ ആവുന്നില്ല. ഒരുപാട് കുടുംബങ്ങള്‍ ആശ്രയിച്ചു കഴിയുന്ന ഒരു വ്യവസായത്തിന് മേല്‍ കത്തി വെക്കുകയാനവര്‍ ചെയ്യുന്നത്...റിവ്യു ഒരാഴ്ച വൈകിയാലും ഒന്നും സംഭവിക്കാനില്ല എന്നാണ് എന്റെ അഭിപ്രായം..


  ഈ വിഷയത്തില്‍ എന്റെ ഒരു പോസ്റ്റ്‌ ഉണ്ട്...സമയംപോലെ നോക്കു..http://villagemaan.blogspot.com/2012/01/blog-post.html മറുനാട്ടില്‍ ഒരു മലയാളി ( കാലം തെറ്റിയ ) ഒരു റിവ്യൂ !


  എല്ലാ ആശംസകളും..

  ReplyDelete

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...