Monday, June 21, 2010

മൊബൈല്‍ വിളിക്കുമ്പോള്‍ സൂക്ഷിക്കുക.

എല്ലാരും വായിക്കട്ടെ എന്ന് കരുതിയാണ് ഇങ്ങനെ ഒരു തലക്കെട്ട്‌ കൊടുത്തത്. അതെ, എല്ലാരും തീര്‍ച്ചയായും വായിക്കണം.

സംഭവം എന്‍റെ വീടിനടുത്ത് നടന്നതാണ്. ഒരാഴ്ച ആയതേ ഉള്ളു. എന്‍റെ സീനിയര്‍ ഒരു ചേട്ടന്‍ ഉണ്ട്. പേര് പറയുന്നില്ല...

പുള്ളിക്കാരന്‍ മൊബൈലില്‍ സംസാരിച്ചു നടന്നു നടന്ന്‍ ഒരു കിണറ്റില്‍ വീണു...!

മൊബൈലില്‍ ആരോടോ സംസാരിച്ചു രസം പിടിച്ചു നടന്നതാവണം, ചുറ്റുപാടൊക്കെ മറന്നുപോയി.. അങ്ങനെ ആണ് കൈവരി ഇല്ലാത്ത കിണറ്റിലേക്ക് പോയത്. ആരും ഉപയോഗിക്കാത്ത കിണര്‍ കാണുമ്പോള്‍ നമ്മളൊക്കെ കണ്ട കല്ലും കുപ്പിച്ചില്ലും ഒക്കെ പെറുക്കി അതിലിടുമല്ലോ... അങ്ങനെ കുപ്പിച്ചില്ല് നിറഞ്ഞ ഒന്നായിരുന്നു ഈ കിണറും. ഭാഗ്യത്തിന് (ഓഹ്!!!) വളരെ കുറച്ചു പരിക്ക് മാത്രമേ ഉണ്ടായുള്ളൂ.

പിന്നെ, കയ്യില്‍ മൊബൈലും പിടിച്ചുകൊണ്ടാണല്ലോ താഴെ പോയത്. ആ മൊബൈലില്‍ തന്നെ മറ്റുള്ളവരോട് വിളിച്ചു പറയാന്‍ കഴിഞ്ഞതുകൊണ്ട്‌ പുള്ളിക്കാരന്‍ കിണറ്റില്‍ ആണെന്ന് എല്ലാരും അറിഞ്ഞു. വോഡഫോണിനു കിണറിലും കുഴിയിലും പോലും റേഞ്ച് ഉള്ളതുകൊണ്ട് ഭാഗ്യവാന്‍ രക്ഷപ്പെട്ടു. ഉടനെ തന്നെ ആളുകള്‍ വന്നു ഇഷ്ടനെ പുറത്തേക്കു കയറ്റി ആശുപത്രിയില്‍ കൊണ്ടുപോയി.

(ഗുണപാഠം - കഴിവതും വോഡഫോണ്‍ കണക്ഷന്‍ ഉപയോഗിക്കുക.)

ഈ സംഭവത്തില്‍ നിന്നും മനസിലാക്കേണ്ട ഒരു പാഠം ഉണ്ട് - മൊബൈല്‍ വിളിക്കുമ്പോള്‍ മതിമറന്നു സംസാരിക്കുന്ന സ്വഭാവം നമുക്കെല്ലാം ഉണ്ടല്ലോ, പക്ഷെ അങ്ങനെ ഉള്ള സാഹചര്യത്തില്‍ എവിടേലും സ്വസ്ഥമായി ഇരുന്നോ, നിന്നോ സംസാരിക്കുന്നതാകും നമ്മുടെ ആരോഗ്യത്തിനു നല്ലത്. "വാക്ക് ആന്‍ഡ്‌ ടോക്ക്" എന്ന് പറയുന്നത് അനുസരിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് നടക്കാം - പക്ഷെ, ഒരു അര കിലോമീറ്റര്‍ ചുറ്റളവില്‍ കിണറോ കുളമോ തോടോ ഓടയോ ഒന്നും ഇല്ലെന്നു ഉറപ്പ് വരുത്തണം. അതുമല്ല, വഴിയേ പോകുന്ന വല്ല ലോറിക്കാരനും സ്നേഹം തോന്നി നമ്മളെ വന്ന് ഉമ്മ വെച്ചിട്ട് പോകില്ലെന്നും ഉറപ്പുവരുത്തണം. എന്നിട്ട് "വാക്ക് ആന്‍ഡ്‌ ടോക്ക്..." ചെയ്‌താല്‍ ഒരു കുഴപ്പവുമില്ല.

ഇനി മറ്റു ചില കാര്യങ്ങള്‍...

എന്‍റെ ഒരു വിദ്യാര്‍ഥിയും സര്‍വോപരി ലിനക്സ്‌ മാനിയാക്കും ആയ അനീഷ്‌ ഒരു ബ്ലോഗ്‌ തുടങ്ങി. www.aneeshnl.co.cc ആണ് അദ്ദേഹത്തിന്‍റെ ബ്ലോഗ്‌ അഡ്രെസ്സ്. അനീഷിനു ആശംസകള്‍ നേരുന്നു. ബൂലോഗത്തിലേക്ക് സ്വാഗതം.


ഞാന്‍ ശബ്ദ താരാവലി നോക്കി വാക്കുകള്‍ എണ്ണിയെടുത്ത് ഉണ്ടാക്കുന്ന തട്ടുപൊളിപ്പന്‍ കവിതകള്‍ കണ്ടപ്പോള്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത എന്‍റെ ഒരു സുഹൃത്ത്  ഒരു കവിത എഴുതി അയച്ചു തന്നു. അത് വായിച്ചപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി. അമ്പമ്പോ...  അതൊരു കിടിലം കവിത ആണെന്ന് എനിക്ക് തോന്നി... അതെ, കിടിലം ആണ്. അപ്പോഴാണ്‌ ഞാന്‍ മനസിലാക്കിയത്, ഞാന്‍ ഗമയില്‍ എഴുതുന്നത് "കവിത പോലത്തെ എന്തരോ" ആണെന്ന്. ഈ സുഹൃത്തിന്‍റെ കവിത ഈ പോസ്റ്റില്‍ ഇടുന്നില്ല. അത് പ്രത്യേകം ഒരു തലക്കെട്ടുള്ള പോസ്റ്റില്‍ തന്നെ ഇടുന്നതാണ്. കാത്തിരിക്കുക. ഉടനെ തന്നെ അത് എത്തും.


കാത്തിരിപ്പിലേക്ക് ... ബൈ.

No comments:

Post a Comment

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...