Sunday, February 26, 2017

ഉദ്വേഗം നിറഞ്ഞ ഒരു പുസ്തകം

നിലാവെളിച്ചത്തിൽ അധികം ശബ്ദമുണ്ടാക്കാതെ രണ്ടു ഓടുകൾ ഇളക്കി മാറ്റിയാണ് കള്ളൻ ആ ബുദ്ധസന്യാസിയുടെ ചെറിയ വീടിനുള്ളിലേക്ക് കടന്നത്. ആശ്രമത്തിൽ നിന്ന് കൊണ്ടുവന്നതോ, അല്ലെങ്കിൽ ഏതെങ്കിലും ഭക്തർ സമർപ്പിച്ചതോ ആയ സ്വർണനിർമിതമായ എന്തെങ്കിലും അവിടെ നിന്നും കിട്ടാതിരിക്കില്ല എന്ന് ആ കള്ളൻ ആശിച്ചു.

ഒരു കിടപ്പുമുറിയിലാണ് കള്ളൻ കാലുകുത്തിയത്. അവിടെ കത്തിച്ചുവെച്ച എണ്ണവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ കള്ളൻ പമ്മി പമ്മി നടന്നു കണ്ണുകൾ കൊണ്ട് മുറിയാകെ പരതി. കള്ളന് താല്പര്യമുള്ളതായി ഒന്നും കണ്ടില്ല.

അടുത്ത മുറിയിൽ നെരിപ്പോട് കത്തുന്നത് കള്ളൻ മനസിലാക്കി. കള്ളൻ പതിയെ ആ മുറിയിലേക്ക് എത്തിനോക്കി.

കുറച്ചുകൂടി വലിപ്പമുള്ള ഒരു മുറിയാണ്. ഒരറ്റത്ത്‌ തണുപ്പിനെ ആട്ടിയകറ്റി നെരിപ്പോട് ആളിക്കത്തുന്നു. ചുവരുകളിൽ പുഞ്ചിരിക്കുന്ന ബുദ്ധന്റെ ചിത്രങ്ങളുണ്ട്. ആ മുറിയുടെ ചുവരുകളിൽ വലംവെച്ച കള്ളന്റെ കണ്ണുകൾ പെട്ടെന്ന് എന്തിലോ ഉടക്കിനിന്നു.

നെരിപ്പോടിനു മുകളിലായി മിന്നിത്തിളങ്ങുന്ന ഒരു സ്വർണനിർമിത ബുദ്ധപ്രതിമ!



ആ സ്വർണപ്രതിമ കൈക്കലാക്കാൻ ആർത്തിയോടെ മറവിൽ നിന്നും പുറത്തേക്ക് വന്ന കള്ളൻ പെട്ടെന്ന് എന്തോ കണ്ടിട്ട് നിന്നു. നെരിപ്പോടിന് അഭിമുഖമായി ചാരുകസേരയിൽ കയ്യിലൊരു പുസ്തകവും വായിച്ചിരിക്കുന്ന ബുദ്ധസന്യാസി!

കള്ളന്റെ കാൽപ്പെരുമാറ്റം കേട്ട ബുദ്ധസന്യാസി പുസ്തകത്തിൽ നിന്നും തലയുയർത്തി നോക്കി. നെരിപ്പോടിന്റെ വെളിച്ചത്തിൽ ആ കള്ളന്റെ മുഖം വ്യക്തമായി കാണായി.

കള്ളന് ആകെ പരിഭ്രമമായി… ആ സന്യാസി തന്നെ കണ്ടിരിക്കുന്നു! തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. സന്യാസി ഒച്ചവെച്ചു ആളെ കൂട്ടിയാൽ താൻ പിടിയിലാകും. ഒരുപക്ഷെ താൻ ഓടി രക്ഷപ്പെട്ടാലും തന്നെ തിരിച്ചറിയാനുള്ള അടയാളം രാജഭടൻമാർക്ക് പറഞ്ഞുകൊടുക്കാൻ ഈ സന്യാസിക്ക് കഴിയും! രാജഭടന്മാരുടെ പിടിയിൽ പെട്ടാൽ പിന്നെ ശിക്ഷ കഠിനമാണ്… പ്രത്യേകിച്ച് ബുദ്ധസന്യാസിമാരുടെ ഭവനങ്ങളിൽ അതിക്രമിച്ചു കടക്കുന്നവർക്ക്.

ഇനി ഈ സന്യാസിയുടെ കഥ കഴിക്കാതെ പോകുന്നത് അബദ്ധമാകുമെന്നു കള്ളന് മനസിലായി.

കള്ളൻ കയ്യിൽ കരുതിയിരുന്ന ഇരുമ്പ് വടിയെടുത്തു ആ സന്യാസിയെ അടിക്കാൻ ആഞ്ഞു വീശി.

പെട്ടെന്ന് സന്യാസി കൈകളുയർത്തി തടഞ്ഞു… ഒരു അപേക്ഷയോടെ ആ സന്യാസി പറഞ്ഞു:

“നിങ്ങൾ എന്തായാലും എന്നെ കൊല്ലുമെന്ന് ഉറപ്പായി… എന്നാൽ ഒരു അപേക്ഷയുണ്ട്… ഞാൻ ഈ പുസ്തകം കുറച്ചു കാലമായി വായിക്കുകയാണ്… ഞാൻ ഇത് വായിച്ചു കഴിയാറായി… ഇതിന്റെ അവസാനം കൂടി വായിക്കാതെ മരിച്ചാൽ എന്റെ ആത്മാവിനു ശാന്തി കിട്ടില്ല… ഇത് വായിച്ചു തീർത്തിട്ട് നിങ്ങൾ എന്നെ കൊന്നോളൂ…”

കള്ളന് അത്രയും ക്ഷമ ഇല്ലായിരുന്നു.

എന്നാലും സന്യാസിയുടെ തുടർച്ചയായ അപേക്ഷയ്‌ക്കൊടുവിൽ കള്ളൻ ആ സന്യാസിയുടെ അന്ത്യാഭിലാഷത്തിന് സമ്മതിച്ചു.

സന്യാസി വായന തുടർന്നു. കള്ളൻ നെരിപ്പോടിനടുത്തു പോയിരുന്നു തണുപ്പിനെ അകറ്റി, കൗതുകത്തോടെ സന്യാസിയുടെ വായന നോക്കിയിരുന്നു.

വായനയിൽ മുഴുകിയിരുന്ന സന്യാസി അവസാനത്തെ പേജുകൾ വായിക്കുമ്പോൾ മുഖത്ത് ഉദ്വേഗം നിറയുന്നത് കള്ളൻ ശ്രദ്ധിച്ചു. സന്യാസി വായിക്കുന്നത് എന്താണെന്നറിയാനുള്ള കൗതുകം കള്ളനിൽ നിറഞ്ഞു തുളുമ്പി. ആ പുസ്തകത്തിലേക്ക് എത്തിനോക്കാൻ കള്ളൻ ശ്രമിച്ചെങ്കിലും സന്യാസി അതനുവദിച്ചില്ല...

അവസാനത്തെ പുറവും വായിച്ചപ്പോൾ സന്യാസി നെടുവീർപ്പിട്ടു. എന്തോ വലിയ രഹസ്യം അറിഞ്ഞ ഒരു പ്രസാദം ആ മുഖത്ത് കണ്ടു.

പെട്ടെന്ന് തന്നെ ചാടിയെഴുനേറ്റ കള്ളൻ തന്റെ ഇരുമ്പു വടിയെടുത്ത് സന്യാസിയുടെ തലയ്ക്കടിച്ചു സന്യാസിയുടെ കഥ കഴിച്ചു.

തൽക്ഷണം തന്നെ നെരിപ്പോടിനു മുകളിലിരുന്ന ബുദ്ധന്റെ സ്വർണപ്രതിമ കള്ളൻ കൈക്കലാക്കി. മറ്റെന്തെങ്കിലും വിലപ്പെട്ടത് ഉണ്ടോ എന്ന് ചുറ്റും പരതുമ്പോഴാണ് നിലത്തുവീണു കിടക്കുന്ന പുസ്തകം കള്ളൻ ശ്രദ്ധിച്ചത്. സന്യാസി വായിച്ചുകൊണ്ടിരുന്ന പുസ്തകം. ആ പുസ്തകത്തിൽ എന്താണുള്ളതെന്നറിയാൻ കള്ളന് ഉദ്വേഗമായി.

കള്ളൻ ആ പുസ്തകം കയ്യിലെടുത്തു. എന്നിട്ടു നെരിപ്പോടിനു അടുത്തായിരുന്നു തുറന്നു. ആദ്യ പേജ് വായിച്ചപ്പോൾ തന്നെ പിന്നെ തുടർന്നു വായിക്കാതിരിക്കാൻ കള്ളന് കഴിഞ്ഞില്ല… കള്ളൻ വായന തുടർന്നു. പരിസരം മറന്നു വായന തുടർന്ന കള്ളൻ പുസ്തകത്തിന്റെ പകുതിയോളം വായിച്ചുകഴിഞ്ഞപ്പോൾ തലയുയർത്തി എരിഞ്ഞു തീരാറായ നെരിപ്പോടിനെ നോക്കിയിരുന്നു.

പെട്ടെന്ന് വീടിനു പുറത്തൊരു ബഹളം കേട്ടു. കള്ളൻ പരിസരബോധം വീണ്ടെടുത്തു ചുറ്റിനും നോക്കി. താൻ ഒരു വീട്ടിൽ മോഷണത്തിന് കയറിയതാണെന്നു അപ്പോഴാണ് കള്ളന് വീണ്ടുവിചാരമുണ്ടായത്. കള്ളൻ ആകെ പരിഭ്രമത്തിലായി.

പതിയെ വാതിൽ പഴുതിലൂടെ പുറത്തേക്കു നോക്കിയ കള്ളൻ ഞെട്ടി. ആ വീടിനു ചുറ്റും രാജഭടന്മാർ വളഞ്ഞിരിക്കുന്നു എന്ന സത്യം കള്ളൻ തിരിച്ചറിഞ്ഞു.

പിന്നീട് സംഭവിച്ചതെല്ലാം വളരെ പെട്ടെന്നായിരുന്നു.

ഭടന്മാർ കള്ളനെ പിടിച്ചുകെട്ടി കൊട്ടാരത്തിലെ തടവറയിൽ പൂട്ടിയിട്ടു. ന്യായാധിപൻ വിധി പുറപ്പെടുവിക്കുന്നതുവരെ കള്ളൻ തടവറയിൽ തന്നെ.

തടവറയിൽ കിടന്ന കള്ളൻ ആ പുസ്തകത്തിന്റെ ബാക്കി വായിക്കാൻ തുടങ്ങി. ഓരോ പേജും അതീവ താല്പര്യത്തോടെ കള്ളൻ വായിച്ചു… ചിലയവസരങ്ങളിൽ ഭക്ഷണം പോലും മറന്നിരുന്നു വായിച്ചുകൊണ്ടേയിരുന്നു.

വൈകാതെ ന്യായാധിപൻ വിധി പുറപ്പെടുവിച്ചു.

ബുദ്ധസന്യാസിയെ കൊലപ്പെടുത്തിയ കള്ളന് ന്യായാധിപൻ വധശിക്ഷ വിധിച്ചു. അടുത്ത ദിവസം രാവിലെ തന്നെ വധശിക്ഷ നടപ്പിലാക്കാൻ ചട്ടം കെട്ടി..

പിറ്റേന്ന് രാവിലെ കള്ളന്റെ ശിക്ഷ നടപ്പിലാക്കാനുള്ള നടപടികൾ തുടങ്ങി. ഭടന്മാർ ആ കള്ളനെ തല വെട്ടാനുള്ള സ്ഥലത്തെത്തിച്ചു. കള്ളൻ പരമാവധി കുതറിപ്പോകാൻ ശ്രമിച്ചുവെങ്കിലും ഭടന്മാരുടെ ബലത്തിന് മുന്നിൽ നിന്നും രക്ഷപെടാൻ കള്ളന് കഴിയുമായിരുന്നില്ല.

“അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടോ?” - ന്യായാധിപൻ കള്ളനോട് ചോദിച്ചു.

കള്ളൻ അപേക്ഷിച്ചു - “ഉണ്ട്, എനിക്ക് ഈ പുസ്തകത്തിന്റെ അവസാന ഭാഗം കൂടി വായിക്കണം… അതുകൂടി വായിച്ചില്ലെങ്കിൽ പിന്നെ എന്റെ ആത്മാവിനു ശാന്തി കിട്ടില്ല… വായിക്കാൻ അനുവദിക്കണം..”

ന്യായാധിപൻ സമ്മതിച്ചു.

കള്ളന്റെ കഴുത്ത് ബലിപീഢത്തിൽ വെച്ചുകൊണ്ട് വായന തുടരാൻ അനുവദിച്ചു. കള്ളൻ വായന തുടർന്നു. അവസാനത്തെ ഓരോ താളുകളും മറിയുമ്പോൾ കള്ളന്റെ മുഖത്തു ഉദ്വേഗം കൂടികൂടി വന്നു… ചുറ്റും നിന്ന ഭടന്മാരിൽ അത് വലിയ കൗതുകമുളവാക്കി. എന്നാൽ കള്ളൻ അതൊന്നും ശ്രദ്ധിക്കാതെ പുസ്തകത്തിൽ ലയിച്ചു അമിതമായ ആവേശത്തോടെ വായന തുടർന്നു.

അവസാനത്തെ പുറം വായിച്ചു കഴിഞ്ഞ കള്ളന്റെ മുഖത്തൊരു പ്രസാദം തെളിഞ്ഞുകണ്ടതും, ഭടന്റെ വാൾ ഉയർന്നു താഴ്ന്നതും ഒരുമിച്ചായിരുന്നു.

7 comments:

  1. ഉദ്വേഗം നിറഞ്ഞ പുസ്തകം തന്നെ.
    നാളെത്തന്നെ വീട്ടിലെത്തിച്ചോണം.
    😡

    ReplyDelete
    Replies
    1. എന്നിട്ടെന്നാത്തിനാന്നൂടെ പറയ്‌!!

      Delete
  2. പുസ്തകത്തിന്റെ പേര് അൻവർക്കയോട് ചോദിച്ചാൽ അറിയുമായിരിക്കും.. മൂപ്പര് വായിക്കാത്ത പുസ്തകം ഇല്ലല്ലോ..

    ReplyDelete
  3. എന്നാലും ഏതാ പുസ്തകം??

    ReplyDelete
  4. നല്ല പരിചയപ്പെടുത്തൽ
    അല്ല ഇതേതാ പ്പ പുസ്തകം ..?

    ReplyDelete
  5. I do believe all the ideas you've offered in your post. They're very convincing and can definitely work. Still, the posts are very short for newbies. Could you please prolong them a bit from subsequent time? Thank you for the post. capital one login

    ReplyDelete

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...