Sunday, March 28, 2010

എന്‍റെ കവിത

ഇന്ന് മറ്റൊരു മനോഹരമായ ഞായറാഴ്ച. വീട്ടില്‍ ഇരുന്നു ഗൂഗിളില്‍ കയറി സെര്‍ച്ച്‌ ചെയ്തും മറ്റുള്ളോരുടെ ഓര്‍ക്കുട്ട് പ്രൊഫൈല്‍ നോക്കിയും സമയം നീങ്ങുമ്പോള്‍ ഒരു പഴയ ചിന്ത മനസ്സില്‍ വന്നു - എന്‍റെ "കവിത" - അത് ബ്ലോഗില്‍ എഴുതിയാലോ എന്ന്. എന്നാല്‍ എഴുതാം എന്ന് തീരുമാനിച്ചു.

എന്‍റെ കവിത എന്ന് കേള്‍ക്കുമ്പോള്‍ ഞാന്‍ ഒരു കവി ആണെന്ന് തെറ്റിദ്ധരിക്കരുത്. ഞാന്‍ ഇതുവരെ പ്രസിദ്ധപ്പെടുത്താത്ത ഈ "അമൂല്യരത്നം" ഇന്ന് പുറംലോകം കാണുകയാണ്. എന്‍റെ സാഹിത്യ സൃഷ്ട്ടി (ഹാ ഹാ..... അയ്യോ... തമാശ....) ഇന്ന് ഇവിടെ റിലീസ് ചെയ്യുകയാണ്.

ഇനി ഈ കവിത എഴുതാനുണ്ടായ സാഹചര്യം പറയാം.

കോളേജില്‍ ഞാന്‍ ബി.ടെക് ആദ്യവര്‍ഷം പഠിക്കുമ്പോഴാണ് ഈ കവിത എഴുതുന്നത്‌. കൃത്യമായി പറഞ്ഞാല്‍ 2005 നവംബര്‍ മാസത്തില്‍. അന്ന് ഞാന്‍ ഈ പേപ്പര്‍ മടക്കി ചുരുട്ടി ബുക്കിനകത്ത്‌ ഒളിപ്പിച്ചതാണ്. പിന്നെ ഇടയ്ക്കിടെ എടുത്തു നോക്കി വായിച്ചു ചിരിക്കാറുണ്ട്. ഇനി അത് എല്ലാരും വായിച്ചു ചിരിക്കട്ടെ.

അന്ന് എന്നെ കെമിസ്ട്രി പഠിപ്പിക്കുന്ന ടീച്ചര്‍ ആണ് കവിത. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല അധ്യാപകരില്‍ ഒരാള്‍. ഞാന്‍ പലപ്പോഴും മാതൃക ആക്കാന്‍ ആഗ്രഹിച്ചിട്ടുള്ള ഒരു നല്ല അധ്യാപിക.

ഒരുദിവസം കവിത ടീച്ചര്‍ എല്ലാരോടും ഫീഡ്ബാക്ക് എഴുതാന്‍ പറഞ്ഞു. ക്ലാസ്സിനെ കുറിച്ചും, പഠിപ്പിക്കുന്ന രീതിയെ കുറിച്ചും ഒക്കെ അഭിപ്രായം എഴുതി കൊടുക്കണം. ഒരു പേപ്പറില്‍ എഴുതി മടക്കി കൊടുക്കണം, നമ്മുടെ പേരൊന്നും വയ്ക്കണ്ട എന്നും പറഞ്ഞു.

"പേര് വയ്ക്കണ്ട" എന്ന് കേട്ടപ്പോള്‍ എന്‍റെ ഉള്ളിലെ ചെകുത്താന്‍ എഴുനേറ്റു... ആളറിയാതെ നിന്ന് ഓരോ ചട്ടമ്പിത്തരങ്ങള്‍  ഒപ്പിക്കാന്‍ എനിക്ക് വല്ലാത്ത താല്പര്യമാണ്... ഇത്തവണ എന്ത് കാണിച്ചുകൂട്ടണം എന്ന് ഞാന്‍ ആലോചിച്ചു. അപ്പോള്‍ കിട്ടിയതാണ് "കവിതക്ക് ഒരു കവിത" എന്ന ആശയം.

പിന്നെ വൈകിയില്ല, രണ്ടു പേപ്പര്‍ എടുത്തു. ഒന്നില്‍ ഇംഗ്ലീഷില്‍ ടീച്ചറിനെ കുറിച്ച് ഫീഡ്ബാക്ക് എഴുതി. മറ്റേതില്‍ നല്ലൊരു പടവും വരച്ചു, കൂടെ മലയാളത്തില്‍ ഒരു കവിതയും എഴുതി. "എന്‍റെ കവിത" എന്നായിരുന്നു ടൈറ്റില്‍. വരികള്‍ കൃത്യമായി ഓര്‍ക്കുന്നില്ല. ഏകദേശം - "പ്രിയ കവിതേ, നീയെന്‍റെ ജീവന്‍റെ കവിത" - എന്നൊക്കെ ആയിരുന്നു വരികള്‍. എന്നിട്ട് രണ്ടു പേപ്പറും ഒരുമിച്ചു വരാതെ രണ്ടു തവണ ആയി കൊടുത്തു. അതെല്ലാം വാങ്ങി കവിത ടീച്ചര്‍ പോയി.

പിറ്റേന്ന് കവിത ടീച്ചര്‍ വന്നിട്ട് ഫീട്ബാക്കിന്‍റെ കാര്യം പറഞ്ഞു. എന്നിട്ട് എന്നെ നോക്കി പറഞ്ഞു - "വിഷ്ണു, കവിത കൊള്ളാം കേട്ടോ" എന്ന്. ഞാന്‍ ഒന്ന് കിടുങ്ങി. "എന്‍റെ ദൈവമേ....!!!!" എന്നൊരു നിലവിളി... ഞാന്‍ ആണ് കവിത എഴുതിയതെന്നു എങ്ങനെ മനസിലായി? ആരോ എന്നെ ഒറ്റിക്കൊടുത്തു.... ഹോ... കഴുതകള്‍... ക്ലാസ്സ്‌ നിറയെ കഴുതകള്‍...

പിന്നെ എല്ലാരും എന്നോട് ചോദിച്ചു ഞാന്‍ കവിതയൊക്കെ എഴുതാറുണ്ടോ എന്ന്. കോളേജില്‍ വന്നതല്ലേ ഉള്ളു, എല്ലാര്‍ക്കും എല്ലാരെയും അറിയില്ലല്ലോ... ഞാന്‍ ഒന്ന് "മിനുങ്ങി". എന്നാല്‍ പിന്നെ കവിത എഴുതിയാലോ എന്നൊരു അതിമോഹം മനസ്സില്‍ കടന്നുകൂടി. അങ്ങനെ, എം.ടി.വാസുദേവന്‍ നായര്‍ സാര്‍ പറഞ്ഞതുപോലെ, എന്‍റെ മനസ്സില്‍ ഒരു കവിത അലയടിക്കാന്‍ തുടങ്ങി. ഒരു കവിതയുടെ തന്തു മനസ്സില്‍ കിടന്നു പിടഞ്ഞില്ല എങ്കിലും, കവിത എഴുതണമെന്നുള്ള അതിമോഹം എന്നെ ഒരു കവിതയില്‍ കൊണ്ടെത്തിച്ചു. അങ്ങനെയാണ് ഈ കവിത എഴുതുന്നത്‌.

ആദ്യത്തെ നാലുവരികള്‍ ആണ് ആദ്യം എഴുതിയത്. പിന്നെ കുറെനാള്‍ കഴിഞ്ഞാണ് ബാക്കി എഴുതുന്നത്‌. എഴുതുമ്പോള്‍ രണ്ടുപേര്‍ക്ക് അര്‍ത്ഥം അറിയാമായിരുന്നു - എനിക്കും ദൈവത്തിനും. ഇപ്പൊ ഒരാള്‍ക്ക്‌ മാത്രമേ അര്‍ത്ഥം അറിയൂ - ദൈവത്തിനു മാത്രം.

ഇതിനും ഞാന്‍ മറ്റൊരു ടൈറ്റില്‍ ആലോചിച്ചു മെനക്കെട്ടില്ല. ഞാന്‍ പേര് കൊടുത്തു - "എന്‍റെ കവിത" - അതിന്‍റെ കൂടെ ഒരു അടിക്കുറിപ്പും - "അര്‍ത്ഥം മറന്നുപോയി" . ആ കവിത ഇന്ന് ഇവിടെ റിലീസ് ചെയ്യട്ടെ.

"എന്‍റെ കവിത"


ചിന്താരത്നമായി വിരിയുന്ന കവിതേ,
നീയെന്നില്‍ നിറയ്ക്കുന്നിതായിരം പൂക്കള്‍.
ആയിരം പൂക്കളായി വിരിയുന്ന സ്വപ്നമോ,
ആരിലും കുടികൊള്ളും ആത്മ സാമ്രാജ്യമോ...

മനസിന്‍റെ പാതയിലൊരുമിച്ചു വന്നു നാം,
മനസിന്‍റെ മനസിലെ മനസുകള്‍ കൈമാറി,
നീണ്ടുപോകുന്നൊരീ യാത്രയില്‍ വീണ്ടും
കണ്ടുമുട്ടുമെന്നോര്‍ത്തു പിരിഞ്ഞു നാം.

ഇന്നലെയെന്‍റെയീ ജന്മമുറങ്ങുമ്പോഴും,
ഇന്നെന്‍റെ സ്വന്തമീ വര്‍ണ്ണമുറങ്ങുമ്പോഴും,
നാളെയീ ജീവന്‍റെ താളമുറങ്ങുമ്പോഴും,
എന്നെന്നുമെന്‍സ്വന്തം നീ മാത്രം നീ മാത്രം.



പ്രിയ വായനക്കാരെ, ഇതൊക്കെ വായിച്ചിട്ട് എനിക്കിട്ടു രണ്ടു തരണമെന്ന് തോന്നുന്നെങ്കില്‍, അതൊക്കെ ഫീഡ്ബാക്ക് ആയി എഴുതണം. പക്ഷെ ഞാന്‍ ചെയ്തമാതിരി അനോണിമസ് ആയി കവിത എഴിതിയേച്ചു പോകരുത് കേട്ടോ...


വീണ്ടും കാണുന്നതുവരെ ബൈ...!

1 comment:

  1. This comment has been removed by the author.

    ReplyDelete

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...