Sunday, March 06, 2022
വൈദ്യുതിയില്ലാത്ത ലോകം
Thursday, September 10, 2020
"കുടിവെള്ളം പലവിധം": ഒരു നവവധു.
വെള്ളം ഒരു വലിയ വിഷയം തന്നെ.
ജീവന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്ന്. ഈ ഭൂമിയുടെ നാലിൽ മൂന്നു ഭാഗവും വെള്ളം ആണെങ്കിലും ഉപയോഗയോഗ്യമായ ശുദ്ധജലം കുറവത്രേ. ഇനിയൊരു ലോകമഹായുദ്ധം ഉണ്ടെങ്കിൽ അത് വെള്ളത്തിനു വേണ്ടി ആയിരിക്കുമെന്ന് പലപ്പോഴും പറയാറുണ്ട്.
വെള്ളം പല സ്ഥലങ്ങളിലും പലവിധം ആണ് കാണപ്പെടുന്നത്. ഭൂമിശാസ്ത്രം അനുസരിച്ച് ആയിരിക്കാം ഇങ്ങനെ.
എന്റെ വീട് കുന്നുകളും പാറകളും നിറഞ്ഞ ഒരു സ്ഥലം ആണ്. ഇവിടെയുള്ള കിണറുകളിലെ വെള്ളം നല്ല തെളിഞ്ഞതും തണുപ്പുള്ളതും കുടിക്കാൻ സുഖമുള്ളതും ആണ്. സോപ്പ് നല്ലതുപോലെ പതയും. എന്നാൽ ഇവിടെ തന്നെയുള്ള കുഴൽ കിണറിലെ വെള്ളം അല്പം മങ്ങിയതും ചവർപ്പ് കലർന്നതും ആണ്. പാറയുടെ മണവും.
എന്നാൽ എന്റെ ഭാര്യയുടെ നാട്ടിൽ വെള്ളത്തിന് ചേറിന്റെ ഒരു നിറമാണ്. തീരദേശത്തോട് അടുത്തുകിടക്കുന്ന അവിടെ എല്ലാരും വാട്ടർ ടാങ്കിന്റെ ഔട്ട് ലെറ്റ് പൈപ്പിൽ വലിയ ഫിൽറ്ററുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ഫിൽറ്റർ ചെയ്ത വെള്ളമാണ് വീടുകളിൽ ഉപയോഗിക്കുക. സോപ്പ് പതയുമെങ്കിലും അത്ര എളുപ്പമല്ല.
ഇനി കഥയിലേക്ക് വരാം.
ഈ കഥയും കഥാപാത്രങ്ങളും തികച്ചും യാദൃശ്ചികമെന്ന് തോന്നുമെങ്കിലും ഒട്ടും സാങ്കല്പികമല്ല.
ആലപ്പുഴ ഹരിപ്പാട് വീടുള്ള ഒരു സുഹൃത്ത് എനിക്കുണ്ട്. പുള്ളിയുടെ വീട്ടിലെ കിണറിൽ നിന്നും എടുക്കുന്ന വെള്ളം ചേറ്‍ കലർന്നതാണ്. ഒരു ഇളം ചുവപ്പു നിറം. പുള്ളിയുടെ അടുക്കളയിൽ ഒരു ചെറിയ ഫിൽറ്റർ ഉള്ളതിനാൽ വീടിന് മൊത്തത്തിലായി വേറെ ഫിൽറ്റർ ഉണ്ടായിരുന്നില്ല. കുടിക്കാനും പാചകത്തിനും അടുക്കളയിലെ ചെറിയ ഫിൽറ്റർ ഉപയോഗിക്കും.
പുള്ളിയുടെ വിവാഹദിനം വൈകുന്നേരം ആണ് സംഭവങ്ങളുടെ തുടക്കം.
അദ്ദേഹത്തിന്റെ ഭാര്യയുടെ വീട് പത്തനംതിട്ടയിൽ ആണ്. നേരത്തെ ഞാൻ പറഞ്ഞതുപോലെ കുന്നുകളും പാറകളും ഒക്കെ ഉള്ള ഒരു ഭൂപ്രകൃതി. അവിടെ നല്ല ശുദ്ധമായ, തെളിമയുള്ള, രുചിയുള്ള വെള്ളം കുടിച്ചു വളർന്ന ഒരു പാവം യുവതി.
പ്രസ്തുത യുവതി, അഥവാ നവവധു, കല്യാണമൊക്കെ കഴിഞ്ഞു വൈകിട്ട് ഹരിപ്പാട് ഭർത്താവിന്റെ വീട്ടിൽ എത്തിച്ചേർന്നു. സ്വന്തം വീടും വീട്ടുകാരെയും പിരിഞ്ഞു വളരെ ദൂരെ, യാതൊരു പരിചയവുമില്ലാത്ത ഒരു വീട്ടിൽ എത്തി, അവിടെ മുഴുവനും അപരിചിതരുടെ ഇടയിൽ... ആ നവവധുവിന് ആകെ ടെൻഷൻ ആയി. പുള്ളിക്കാരൻ ഇക്കാര്യം മനസിലാക്കി നവവധുവിന്റെ കൂടെ നിന്ന് ആശ്വസിപ്പിക്കുന്നുണ്ട്.
ഏതാണ്ട് ഇരുട്ട് വീണു. പുള്ളിയുടെ വീട്ടിൽ എത്തിയിരുന്ന ബന്ധുക്കൾ ഒക്കെ പതിയെ തിരിച്ചുപോകാൻ തുടങ്ങി.
കിട്ടിയ സമയത്ത് ഒന്ന് ഫ്രഷ് ആകാൻ വേണ്ടി ആ നവവധു വീടിന്റെ മുകളിലത്തെ നിലയിലേക്ക് പോയി. മണിയറയിലെ അറ്റാച്ഡ് ബാത്റൂമിന്റെ ഉള്ളിൽ കയറി പൈപ്പ് തുറന്നു.
പൈപ്പിൽ നിന്നും ചോര കലർന്ന വെള്ളം ധാര ധാരയായി വെളുത്ത് പളുങ്കുപോലത്തെ വാഷ് ബേസിനിലേക്ക് ഒഴുകുന്നു!
സിനിമയിൽ ഒക്കെ മാത്രം കണ്ടിട്ടുള്ള ഒരു കാഴ്ച! വധു ഒന്ന് ഞെട്ടി പിന്നോട്ട് ചാടി.
പലതരം ചിന്തകൾ തലയിൽ മിന്നി മാഞ്ഞു.
മുകളിലത്തെ ടാങ്കിൽ ആരെയോ കൊന്ന് ഇട്ടിട്ടുണ്ട്! ഇതുപോലെ എന്നെയും കൊന്ന് ടാങ്കിൽ ഇടും! ഞാൻ എത്തിപ്പെട്ടത് ഒരു സീരിയൽ കില്ലറുടെ വീട്ടിലാണോ? അതുകൊണ്ടാണോ ഇവിടെ വന്ന ബന്ധുക്കൾ എന്നെ തികച്ചും അനുകമ്പയോടെ നോക്കിയത്? അല്ലെങ്കിൽ എങ്ങനെയാണ് പൈപ്പിൽ നിന്നും ചോര വരുക?
നവവധുവിനു ചെറിയ തലചുറ്റൽ പോലെ.
ഇപ്പൊ തന്നെ വീട്ടിൽ വിളിച്ചു പറഞ്ഞാലോ? അല്ലെങ്കിൽ വേണ്ട,വീട്ടിൽ പറഞ്ഞ കാര്യം ഭർത്താവ് അറിഞ്ഞാൽ ചിലപ്പോൾ വീട്ടുകാർ ഇവിടെ എത്തുന്നതിനു മുന്നേ തന്നെ എന്നെ കൊന്നു ടാങ്കിൽ ഇടും.
തൽക്കാലം ബുദ്ധിപരമായി നീങ്ങാം.
ഇന്ന് ഒന്നും അറിയാത്തതായി അഭിനയിക്കാം. നാളെ രാവിലെ പകൽ വെളിച്ചത്തിൽ എങ്ങനെയെങ്കിലും രക്ഷപ്പെടാം.
അങ്ങനെ ആ നവവധു അന്ന് രാത്രി ഒന്നും അറിയാത്തപോലെ ഭർത്താവിനൊപ്പം അന്തിയുറങ്ങാതെ തള്ളിനീക്കി.
അടുത്ത ദിവസം രാവിലെ ഉറക്കമെഴുനേറ്റ നവവധു ആ ടാങ്കിലെ ബോഡി കാണാൻ തന്നെ ഉറപ്പിച്ചു. പറ്റുമെങ്കിൽ രണ്ടു ഫോട്ടോസ് കൂടി എടുക്കണം, തെളിവ് വേണമല്ലോ. പതിയെ ടെറസിലേക്ക് നടന്നുപോകുന്ന ഭാര്യയെ ഭർത്താവ് തടഞ്ഞു നിർത്തി. വീടിനു മുകളിലേക്ക് പോകരുതെന്നും, പോയാൽ അപകടമാണെന്നും മുന്നറിയിപ്പ് കൊടുത്തു. ഇത് കൂടി ആയപ്പോൾ ആ നവവധുവിന്റെ തലയ്ക്കുള്ളിൽ ഒരു കൗണ്ട് ഡൌൺ സ്റ്റാർട്ട് ചെയ്തു.
രക്ഷപ്പെടാനുള്ള വഴികൾ പരതി അടുക്കളയിൽ എത്തിയ നവവധു കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ ആയിരുന്നു.
പൈപ്പിൽ നിന്നും വരുന്ന ചോര വെള്ളത്തിൽ പാത്രങ്ങൾ കഴുകുന്ന വീട്ടുകാർ!
അതോടെ ഒന്ന് ഉറപ്പായി. താൻ എത്തിപ്പെട്ടത് ഒരു കംപ്ലീറ്റ് സൈക്കോ ഫാമിലിയിൽ ആണ്.
പിന്നെ "അച്ഛനെ കാണണം, അമ്മയെ കാണണം" എന്നൊക്കെ കരഞ്ഞുവിളിച്ച ആ നവവധു അന്ന് തന്നെ പത്തനംതിട്ടയിലെ തന്റെ സ്വന്തം വീട്ടിലെത്തി.
നവവധു തന്റെ വീട്ടുകാരോട് വളരെ രഹസ്യമായി ഞെട്ടിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തി. എന്നാൽ ആർക്കും ഒരു ഞെട്ടലും ഉണ്ടാകാത്തത് ആ യുവതിയെ നിരാശയാക്കി.
പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നും ഇല്ലാതെ അവർ പതിയെ മകളെ അടുക്കളയുടെ പുറത്തുള്ള വാഴയുടെ അടുത്തേക്ക് മാറ്റി നിർത്തിയിട്ട് കാര്യങ്ങൾ പറഞ്ഞുകൊടുത്തു.
ആ യുവതിക്ക് അതൊരു പുതിയ അറിവായിരുന്നു.
ഇപ്പോഴും ആ യുവതി ഇടയ്ക്കിടെ പറയും, "കുടിവെള്ളം പലവിധം".
Monday, February 10, 2020
എൻ്റെ "മൂന്ന് മിനിറ്റ് നിയമം"
ഇതാണ് ആ നിയമം:
"ഒരു കാര്യം ചെയ്തു തീർക്കാൻ 2 മിനിറ്റിൽ താഴെ മതിയെങ്കിൽ അത് നീട്ടിവയ്ക്കാതെ അപ്പോൾ തന്നെ ചെയ്തു തീർക്കുക".
ഒരു ഉദാഹരണം പറഞ്ഞാൽ, നിങ്ങൾക്ക് ഒരു കറണ്ട് ബില്ല് അടയ്ക്കാൻ ഉണ്ടെന്നു കരുതുക. അതിനായി നിങ്ങൾ കമ്പ്യൂട്ടർ തുറക്കണം, ബ്രൗസർ തുറന്ന് ബാങ്ക് സൈറ്റിൽ പോയി ലോഗിൻ ചെയ്തു ബില്ലിൻറെ വിവരങ്ങൾ നൽകി പൈസ അടച്ചു ഓ.റ്റി.പി വന്നിട്ട് അതും കൊടുത്ത് പേയ്മെന്റ് പൂർത്തിയായോ എന്ന് നോക്കണം --- ഇത്രയും ചെയ്യാനുള്ള മടി കാരണം അത് പിന്നീടേക്ക് മാറ്റിവയ്ക്കുന്നു എന്ന് കരുതുക. ചിലപ്പോൾ നിങ്ങൾ അത് നീട്ടിവെച്ചു നീട്ടിവെച്ചു പിന്നീട് മറന്നുപോയേക്കാം. പിന്നീട് ഫ്യൂസ് ഊരാൻ വീട്ടിൽ ആള് വരുമ്പോഴാകും നിങ്ങൾ ബിൽ അടച്ചില്ല എന്ന കാര്യം ഓർക്കുക. അപ്പോഴേക്കും സമയം വൈകിയിട്ടുണ്ടാകും.
Sunday, February 26, 2017
ഉദ്വേഗം നിറഞ്ഞ ഒരു പുസ്തകം
ഒരു കിടപ്പുമുറിയിലാണ് കള്ളൻ കാലുകുത്തിയത്. അവിടെ കത്തിച്ചുവെച്ച എണ്ണവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ കള്ളൻ പമ്മി പമ്മി നടന്നു കണ്ണുകൾ കൊണ്ട് മുറിയാകെ പരതി. കള്ളന് താല്പര്യമുള്ളതായി ഒന്നും കണ്ടില്ല.
അടുത്ത മുറിയിൽ നെരിപ്പോട് കത്തുന്നത് കള്ളൻ മനസിലാക്കി. കള്ളൻ പതിയെ ആ മുറിയിലേക്ക് എത്തിനോക്കി.
കുറച്ചുകൂടി വലിപ്പമുള്ള ഒരു മുറിയാണ്. ഒരറ്റത്ത് തണുപ്പിനെ ആട്ടിയകറ്റി നെരിപ്പോട് ആളിക്കത്തുന്നു. ചുവരുകളിൽ പുഞ്ചിരിക്കുന്ന ബുദ്ധന്റെ ചിത്രങ്ങളുണ്ട്. ആ മുറിയുടെ ചുവരുകളിൽ വലംവെച്ച കള്ളന്റെ കണ്ണുകൾ പെട്ടെന്ന് എന്തിലോ ഉടക്കിനിന്നു.
നെരിപ്പോടിനു മുകളിലായി മിന്നിത്തിളങ്ങുന്ന ഒരു സ്വർണനിർമിത ബുദ്ധപ്രതിമ!
Sunday, January 03, 2016
ഭ്രാന്തന്മാര്‍!
ഏതാണ്ട് അഞ്ചു മിനിട്ടിനു മുന്‍പാണ് രണ്ടു കാറുകള്‍ കൂട്ടിയിടിച്ചത്. ആളപായമില്ല. അവര്‍ പുറത്തിറങ്ങി പരസ്പരം കുറ്റം ചാര്‍ത്തുകയാണ്. മറ്റവന്റെ തെറ്റുകൊണ്ടാണ് കാര്‍ ഇടിച്ചതെന്ന് ഇരുവരും പറഞ്ഞുകൊണ്ടിരുന്നു. രണ്ടു ഡ്രൈവര്‍മാറും നല്ലതുപോലെ "ഫിറ്റ്" ആയിരുന്നു എന്ന് കണ്ടാല്‍ തന്നെ അറിയാം. ഇതിനിടെയാണ് കുറച്ച് സമീപവാസികള്‍ ഓടിക്കൂടിയത്.
ഓടിക്കൂടിയ ആളുകള്‍ പിന്നീട് രണ്ടായി തിരിഞ്ഞ് പക്ഷം ചേര്‍ന്നു. ഒരു കൂട്ടര്‍ ഒരു കാറിന്റെ പക്ഷം ചേര്‍ന്നപ്പോള്‍ മറ്റൊരു കൂട്ടര്‍ മറ്റേ കാറിന്റെ പക്ഷം ചേര്‍ന്നു. തര്‍ക്കം മൂത്തു. അവിടേയ്ക്ക് എത്തുന്ന ഓരോരുത്തരും കാറുകളെ രണ്ടും അടിമുടി നോക്കിയിട്ട് പക്ഷം ചേരുന്ന കാഴ്ചയാണ് കണ്ടത്. എല്ലാ ആക്സിഡന്റ് സീനിലും കാണുന്ന ഒരു സ്ഥിരം കാഴ്ച്ചയാണ് ആളുകളുടെ ഈ പക്ഷം ചേരല്‍. മിക്കവാറും വില കൂടിയ കാറിന്റെ ഉടമ നിരപരാധി ആയിരുന്നാല്‍പ്പോലും അപരാധിയായി അവരോധിക്കപ്പെടുകയാണ് പതിവ്.
അങ്ങനെ ആണെങ്കില്‍ ഞങ്ങള്‍ ഏതെങ്കിലുമൊരു കാറിന്റെ പക്ഷം ചേരണമല്ലോ. രണ്ടും ഒരേ കമ്പനിയുടെ കാറുകള്‍ തന്നെ; ഒരേ മോഡലും. രണ്ടു കാറിനും ഒരേ നിറം. രണ്ടും പെട്രോളിൽ ഓടുന്നത് തന്നെ. ഒരേ വർഷം തന്നെ പുറത്തിറങ്ങിയ കാറുകൾ ആണ്, എന്നാലും നമ്പർപ്ലേറ്റ് കണ്ടിട്ട് അവ തമ്മിൽ ഏതാനും മാസങ്ങളുടെ വ്യത്യാസം ഉണ്ടാകുമായിരിക്കും എന്ന് ഞങ്ങൾ ഊഹിച്ചു. എന്നാല്‍ പിന്നെ പുതിയ കാറിന് പക്ഷം ചേരാമെന്ന് ഞങ്ങള്‍ കരുതി.
പക്ഷെ ഞങ്ങളില്‍ ഒരുവന് എതിര്‍പ്പുണ്ടായി. ഞങ്ങൾ പുതിയ കാറിനോട് പക്ഷം ചേരുന്നത് അന്യായമാണെന്നും, പഴയ കാറിനു പോറലുകൾ കൂടുതൽ ആയതിനാൽ അതിനൊപ്പം പക്ഷം ചേരാമെന്നും അവൻ അഭിപ്രായപ്പെട്ടു.
പക്ഷം ചേരുന്ന കാര്യത്തില്‍ ഞങ്ങള്‍ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നില്ല. തിരിഞ്ഞു നോക്കുമ്പോള്‍ ആക്സിഡന്റിനെ ചൊല്ലിയുള്ള തര്‍ക്കം മൂത്ത് മൂത്ത് അടിപിടിയായി. അതിനിടെ ദൂരെനിന്നും കുറുവടികളും പിച്ചാത്തികളും ഒക്കെയായി കുറെ ആളുകള്‍ ഓടിയടുക്കുന്നു! ചോര വീഴുമെന്ന അവസ്ഥയിലായി. ഈ സ്ഥലവും സീനും അത്ര പന്തിയല്ലാ എന്നുള്ളതുകൊണ്ടും, അടുത്ത തവണയും രണ്ടുകാലില്‍ നിന്ന് ന്യൂ ഇയര്‍ ആഘോഷിക്കണമെന്നും ആഗ്രഹം ഉള്ളതുകൊണ്ട് പക്ഷം ചേരാനൊന്നും നില്‍ക്കാതെ ഞങ്ങള്‍ ബൈക്കുമെടുത്ത് സ്ഥലം കാലിയാക്കി.
പക്ഷെ പിറ്റേന്നത്തെ പത്രത്തില്‍ പ്രസ്തുത സ്ഥലത്ത് ഒരു ചെറിയ കലാപം തന്നെ ഉണ്ടായതായി വായിച്ചു. മൂന്നു ബറ്റാലിയന്‍ പോലീസ് സ്ഥലത്ത് തമ്പടിച്ചു ക്രമസമാധാനം നിലനിര്‍ത്തുന്നുവത്രേ! രണ്ടു കാറുകള്‍, അത് ഓടിച്ചിരുന്നവന്മാരുടെ കയ്യിലിരുപ്പു കാരണം കൂട്ടിയിടിച്ചതിന്, ഇത്ര വികാരം കൊണ്ട് പക്ഷം ചേര്‍ന്ന് തല്ലുകൂടാനുള്ള ചേതോവികാരം എന്തായിരുന്നുവെന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല.
ഭ്രാന്തന്മാര്‍!
*** *** *** *** ***
ബൈപ്പാസ് വികസനത്തിന്റെ ഭാഗമായി ഇപ്പോഴുള്ള റോഡിന്‍റെ ഇരുവശത്തുമുള്ള മരങ്ങള്‍ മുറിച്ചുനീക്കാന്‍ തുടങ്ങിയിരിക്കുന്നു. ആ മരങ്ങള്‍ക്ക് കീഴിലായി നടന്നുവന്ന കച്ചവടങ്ങള്‍ ഒഴിപ്പിച്ചിരിക്കുന്നു. അക്കൂട്ടത്തിൽ അവിടെ കുറച്ചു നാളുകളായി കൂടാരം കെട്ടി പാര്‍ത്തുവന്ന നാടോടികളും ഉണ്ടായിരുന്നു. ഈ നാടോടികളെ കുറച്ചു നാളുകളായി ട്രാഫിക് സിഗ്നലുകളില്‍ വില്‍പ്പന നടത്തുന്നത് കാണാം. അവര്‍ ഇനി നാട് മുഴുവന്‍ ഓടിയോടി മറ്റെവിടെയെങ്കിലും പോയി തമ്പടിക്കുമായിരിക്കും.
ആ കൂടാരത്തില്‍ അവര്‍പണിയെടുത്തിരുന്നു. പ്ലാസ്ടര്‍ ഓഫ് പാരീസ് കുഴച്ച് അച്ചിലൊഴിച്ച് ചെറിയ പ്രതിമകള്‍ നിര്‍മിക്കുന്നു. അതിനെ വെയിലത്ത് നിരത്തി ഉണക്കിയെടുക്കുന്നു. പിന്നീട് അതില്‍ നിറങ്ങള്‍ പൂശി വീണ്ടും ഉണക്കുന്നു. പിന്നെ തിളങ്ങുന്ന മുത്തുകളും മിനുക്കും പശചേര്‍ത്ത് ഒട്ടിചെടുക്കുന്നു. അതില്‍ വാര്‍ണീഷ് പൂശി തിളക്കമുള്ളതാക്കുന്നു. ഇങ്ങനെ മനോഹരമായ പ്രതിമകള്‍ നിര്‍മിക്കാന്‍ അവരെ ആരാണാവോ പഠിപ്പിക്കുന്നത്?
ഒരു കയ്യില്‍ ഒരു താലത്തില്‍ ഈ പ്രതിമകളും മറ്റേ കയ്യിലൊരു കൈക്കുഞ്ഞുമായാണ് ഇവര്‍ ട്രാഫിക് സിഗ്നലുകളില്‍ പ്രത്യക്ഷപ്പെടുക. ചുവപ്പ് സിഗ്നലില്‍ കിടക്കുന്ന കാറുകളും ബൈക്കുകളുമാണ് ഇവരുടെ ലക്‌ഷ്യം. മിക്കവാറും കാറുകളുടെ ഗ്ലാസില്‍ മുട്ടി ഇവര്‍ യാചിക്കുന്നുണ്ടാകും. ചിലരൊക്കെ അവരെ കാണാത്തതുപോലെ അഭിനയിക്കും. ചിലരൊക്കെ മാന്യമായി തലയാട്ടി നിരസിക്കും.
വല്ലപ്പോഴും ഒരിക്കല്‍ ഈ പ്രതിമകള്‍ വില്‍ക്കപ്പെടും. വിറ്റുകിട്ടുന്ന പണം അവരുടെ കയ്യിലെ കൈക്കുഞ്ഞിന്റെ വിശപ്പടക്കും. അവരുടെ കയ്യിലെ താലത്തില്‍നിന്നും ആ പ്രതിമകള്‍ കാറിന്റെ ഡാഷ്ബോര്‍ഡില്‍ എത്തുമ്പോള്‍ ആ പ്രതിമകളുടെ നിറവും രൂപവും ആ കാറിന്റെയും, അതിനകത്തുള്ളവരുടെയും മതം വിളിച്ചുപറയും.
മതം!
Tuesday, October 13, 2015
വിവാഹവിരുന്നിലെ യാചകന്മാര്‍
അന്ന് വൈകുന്നേരം ആറുമണിയോടെ ബന്ധുക്കളും കൂട്ടുകാരും ഭാര്യവീട്ടുകാരും എത്തിച്ചേര്‍ന്നു. ഭക്ഷണവും ആഘോഷങ്ങളും തമാശപറച്ചിലും സമ്മാനപ്പൊതികളും ഫോട്ടോയെടുപ്പും, അങ്ങനെ ആകെ ഒരു ആഹ്ലാദത്തിമിര്‍പ്പില്‍ ആയിരുന്നു ഞങ്ങളെല്ലാം.
Wednesday, April 22, 2015
Wednesday, April 02, 2014
Monday, December 02, 2013
കാറും കൂട്ടുകാരനും കല്യാണവും
അന്ന് ഞാനും അവനും മുന്‍പിലത്തെ സീറ്റുകളില്‍ ഇരിക്കുമായിരുന്നു. കൂടെ വേറെ ആരെങ്കിലും ഉണ്ടെങ്കില്‍ പുറകിലത്തെ സീറ്റില്‍ ഇരിക്കും.
അങ്ങനെയിരിക്കെ അവനൊരു കാമുകിയെ കിട്ടി.
അതിനുശേഷം അവര്‍ രണ്ടുപേരും കൂടി പുറകിലിരിക്കും. ഞാന്‍ ഒറ്റയ്ക്ക് മുന്നിലും. അവരുടെ സംഭാഷണം ശ്രദ്ധിക്കാന്‍ താല്പര്യമില്ലെങ്കിലും ഇടയ്ക്കിടെ അവര്‍ സ്വപ്‌നങ്ങള്‍ നെയ്യുന്നത് കേള്‍ക്കാന്‍ ഒരു സുഖമുണ്ടായിരുന്നു.
Monday, August 26, 2013
മകളുടെ പേര്
ഒരു ഞായറാഴ്ച ദിവസം. അവധി കിട്ടിയപ്പോള്‍ സഹധര്‍മ്മിണിയെയും മകളെയും കൂട്ടി ഒന്ന് പുറത്തേക്കിറങ്ങി. ഒരു സിനിമ കാണണം, പിന്നെ അത്യാവശ്യം ഷോപ്പിംഗ് - ഇതായിരുന്നു പ്ലാന്‍ .
സിനിമ കാണാനായി കൈരളിയില്‍ എത്തിയപ്പോഴുണ്ട് വലിയ തിരക്കാണ്. എന്നാല്‍ എനിക്ക് ഈ തിരക്കൊന്നും ഒരു പ്രശ്നമല്ല, ഭാര്യ കൂടെയുണ്ടല്ലോ! കുഞ്ഞിനെ എന്‍റെ കയ്യിലേക്ക് തന്നിട്ട് അവള്‍ സ്ത്രീകളുടെ വരിയില്‍ കയറി സ്ഥാനം പിടിച്ചു.
പെണ്‍കുട്ടികളെയും കൂട്ടി സിനിമ കാണാന്‍ പോകുന്നതിന്റെ ഏറ്റവും വലിയ നേട്ടം അതാണ് - എത്ര തിരക്കുണ്ടെങ്കിലും സ്ത്രീകളുടെ ക്യൂവില്‍ ടിക്കറ്റ് കിട്ടും!
Tuesday, February 12, 2013
Monday, January 21, 2013
അനുഭവങ്ങള്‍ : ഡിസംബറിലെ പെണ്‍കുട്ടി
കുറച്ചു കാലങ്ങള്‍ക്കു മുന്‍പ്, ഡിസംബറിലെ ഒരു രാത്രി. സമയം പത്തുമണിയോട് അടുക്കുന്നു. പുറത്തു നല്ല തണുപ്പുണ്ട്. റോഡില്‍ എങ്ങും ആളനക്കം ഇല്ല.
അന്ന് ഞാന്‍ തിരുവനന്തപുരത്ത് നഗരത്തിലൂടെ കാറില്‍ യാത്ര ചെയ്യുകയാണ്. തണുപ്പ് കാരണം ഗ്ലാസ് അടച്ചിരുന്നു.
പെട്ടെന്നൊരു ഫോണ്‍ കോള്‍ വന്നപ്പോള്‍ കാര്‍ റോഡിന്‍റെ അരികിലേക്ക് നിര്‍ത്തി ആ കോള്‍ അറ്റന്‍ഡ് ചെയ്തു. ഒരു സുഹൃത്തിന്‍റെ കോള്‍ ആണ്. അങ്ങനെ സംസാരിച്ചിരിക്കുമ്പോള്‍ ആണ് അത് സംഭവിച്ചത്:
ഒരു പെണ്‍കുട്ടി എവിടുന്നോ ഓടിവന്നു എന്‍റെ കാറിന്‍റെ ഡോര്‍ തുറന്നു അകത്ത് കയറി ഇരുന്നു! അവള്‍ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. മുഖത്തും നെറ്റിയിലും വിയര്‍പ്പ് തുള്ളികള്‍ തിളങ്ങുന്നു. ചുരിദാര്‍ ആണ് വേഷം. കാണാന്‍ തെറ്റില്ല. ദയനീയ ഭാവത്തോടെ എന്‍റെ മുഖത്ത് നോക്കി അവള്‍ അവളുടെ ഷാള്‍ പിടിച്ചു നേരെയിട്ടു.
Saturday, October 27, 2012
(മിനിക്കഥ) - അഞ്ചു വര്‍ഷങ്ങള്‍
"പെട്ടെന്നൊരു ദിവസം കണ്ണ് തുറന്നു നോക്കുമ്പോള്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് എത്തി എന്ന് കരുതുക... അപ്പോള്‍ എന്താകും ചെയ്യുക?"
"എന്ത്????!!!" - ആ ചോദ്യം കേട്ട രാഹുല്‍ ഒരു ഞെട്ടലോടെ എഴുനേറ്റു. ലൈറ്റ് ഇട്ടു. കണ്ണുകള്‍ തിരുമ്മി, കിടക്കയിലേക്ക് നോക്കി ... ഇല്ല, ആരുമില്ല. വെറുതെ തോന്നിയതാകും. സമയം നോക്കിയപ്പോള്‍ അതിരാവിലെ രണ്ട് മണി. എഴുനേറ്റ് പോയി ലാപ്ടോപ് ഓണ്‍ ചെയ്തു. കുറച്ചു പാട്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇട്ടു രാഹുല്‍ തിരികെ കട്ടിലില്‍ വന്നു കിടന്നു.
രാവിലെ എഴുനേറ്റ് അതിവേഗം തന്നെ ഓഫീസില്‍ പോകാന്‍ റെഡി ആയി. ഇന്ന് തന്റെ കരിയറിലെ ആദ്യത്തെ പ്രൊജക്റ്റ് കമ്പ്ലീറ്റ് ചെയ്യാനുള്ള ദിവസമാണ്. നേരത്തെ എത്തണം.
Wednesday, October 10, 2012
പുസ്തകവിചാരം : മധുപാലിന്‍റെ "ഫേസ്ബുക്ക്" ( നോവല്‍ )
"ഫേസ്ബുക്ക്" എന്ന നോവല്‍
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് ചലച്ചിത്രതാരവും, സംവിധായകനും, കഥാകൃത്തുമായ മധുപാല്‍ രചിച്ച "ഫേസ്ബുക്ക്" എന്ന നോവല്‍ പുറത്തിറങ്ങിയത്. മാതൃഭൂമി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവതരണത്തിലെ വ്യത്യസ്തത കൊണ്ടും, തലക്കെട്ടിലെ ആകര്‍ഷണം കൊണ്ടുമാണ് ഈ നോവല്‍ വാങ്ങാന്‍ തീരുമാനിച്ചത്. അങ്ങനെ തിരുവനന്തപുരത്ത് കനകക്കുന്നില്‍ നടന്ന മാതൃഭൂമി ബുക്സ്‌ഫെസ്റ്റില്‍ പ്രസ്തുത "ഫേസ്ബുക്ക്" വാങ്ങാനുള്ള അവസരം ഉണ്ടായി. വായിച്ചു കഴിഞ്ഞപ്പോള്‍ അതെക്കുറിച്ച് എന്തെങ്കിലും പറയണമല്ലോ.
അതിരിക്കട്ടെ, എന്താണ് ഇത്ര പ്രത്യേകത?
നേരത്തെ പറഞ്ഞതുപോലെ, അവതരണത്തിലെ വ്യത്യസ്തത കൊണ്ടാണ് നോവല്‍ ശ്രദ്ധേയമാകുന്നത്. യഥാര്‍ത്ഥ ഫേസ്ബുക്കില്‍ കണ്ടുമുട്ടുന്ന, എന്നാല്‍ പരസ്പരം നേരിട്ട് കണ്ടിട്ടില്ലാത്ത ഒരുകൂട്ടം ആളുകളുടെ വാള്‍ പോസ്റ്റുകളും, അതിനെ തുടര്‍ന്ന് വരുന്ന കമന്റുകളും, തുടര്‍ പോസ്റ്റുകളും, പ്രൈവറ്റ് മെസ്സജുകളും ഒക്കെയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
Tuesday, September 18, 2012
(ചെറുകഥ) - "ഓ! മരണത്തിന്‍റെ തേരാളി, അല്ലെ?"
പെട്ടെന്ന് ഒരു അറ്റന്‍ഡര്‍ ആംബുലന്‍സിന്റെ ഡോര്‍ വലിച്ചു തുറന്നു. ഉള്ളില്‍ നിന്നും സ്ട്രെച്ചര്‍ പിടിച്ചു പുറത്തെടുത്തു - ചോരയില്‍ കുളിച്ച ഒരു പെണ്‍കുട്ടി - അനക്കമില്ലാതെ കിടക്കുന്നു. കൂടെ അച്ഛനും അമ്മയും എന്ന് തോന്നിക്കുന്ന, പ്രായമുള്ള രണ്ടുപേര്‍. അതെ, അച്ഛനും അമ്മയും ആയിരിക്കണം, അവര്‍ ആ പെണ്‍കുട്ടിയെ നോക്കി നിലവിളിച്ചു കരയുന്നുണ്ടായിരുന്നു.
നഴ്സുമാരുടെ സഹായത്തോടെ അവര്‍ ആ പെണ്‍കുട്ടിയെ സ്ട്രെച്ചറില്‍ കിടത്തി ഉള്ളിലേക്ക് കൊണ്ടുപോയി. നഴ്സുമാര്‍ ആ പെണ്‍കുട്ടിയുടെ ശരീരത്തിലെ ചോര തുടച്ചുനീക്കാന്‍ തുടങ്ങി. അപ്പോഴേക്കും ഡോക്ടര്‍ വന്നു.
Thursday, August 30, 2012
റണ്‍ ബേബി റണ്‍ - ഒരു നല്ല എന്റര്‍ടെയിനര്‍ ചിത്രം
ജോഷി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ഓണച്ചിത്രം - റണ്‍ ബേബി റണ്‍ - ഇന്ന് ഈ മനോഹരമായ തിരുവോണ ദിവസം തീയേറ്ററില്‍ എത്തി. "സീനിയേഴ്സ്" എന്ന മുഴുനീള തമാശ ചിത്രത്തിന്‍റെ കഥ എഴുതിയ സച്ചി-സേതു ടീമിലെ സച്ചിയുടെതാണ് കഥ.
ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഉണ്ടായ ചിത്രം ആയതിനാല്‍ പതിവ് "ഹീറോയിസം", "ഒറ്റയടിക്ക് മുപ്പതു പേരെ വീഴ്ത്തല്‍" മുതലായ നമ്പരുകള്‍ ഉണ്ടാകുമെന്ന് ഓര്‍ത്താണ് ആദ്യമേ പോകണ്ടാന്നു കരുതിയത് . ആരെങ്കിലുമൊക്കെ പോയി കണ്ടിട്ട് വന്നു റിവ്യൂ പറഞ്ഞിട്ട് പോയാല്‍ മതിയല്ലോ. മാത്രവുമല്ല, ഇപ്പൊ വന്ന "താപ്പാന"യും "മരുമകനും" ഒക്കെ അത്ര പോരാ എന്നും കേട്ടിരുന്നു.
Tuesday, August 28, 2012
ഓണാശംസകള്‍ - ഒപ്പം മലയാളത്തിലെ ആദ്യകാല ഓണപ്പാട്ടുകളും
സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ കണ്ടെത്തിയത് - ഓരോ ഓണത്തിനും നമ്മള്‍ ഓരോ ക്ലാസില്‍ ആയിരിക്കും. ഈ ഓണത്തിന് അഞ്ചാം ക്ലാസില്‍ ആണെങ്കില്‍ അടുത്ത ഓണം ആഘോഷിക്കുന്നത് ആറാം ക്ലാസില്‍ .. അങ്ങനെ ഇതുവരെ എത്തി. ഓരോ ഓണവും ഓരോ വര്‍ഷങ്ങള്‍ പിന്നിലാക്കിയാണ് എത്തുന്നതെന്ന് പലപ്പോഴും തോന്നാറില്ല. അല്ലെ.
പ്രിയപ്പെട്ട വായനക്കാര്‍ക്ക് ഈ പൊന്നോണത്തിന് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ :-)
Saturday, August 18, 2012
മൂന്ന് നുറുങ്ങ് ചിന്തകള്‍
ഒരു കുതിരയെ വാങ്ങുന്നതിനെക്കുറിച്ച് വളരെ സീരിയസ് ആയി ചിന്തിക്കുന്നുണ്ട് ഞാന്‍. എന്‍റെ പറമ്പില് ആവശ്യത്തിലേറെ പുല്ലും വെള്ളവും കിട്ടും. അത് കൊടുത്താല്‍ മതി. അതിന്‍റെ ചാണകം വളമായിട്ടും ഉപയോഗിക്കാം.
റോഡില്‍ ഇറങ്ങാന്‍ ലൈസന്‍സ് വേണ്ട, ആര്‍. സീ. ബുക്കും വേണ്ട. നല്ല സ്പീഡും ഉണ്ട്. അഥവാ ഹര്‍ത്താല്‍ ദിവസം ആയാല്‍ പോലും യാത്ര നടക്കും. ഹര്‍ത്താലിന് വാഹനങ്ങള്‍ക്കല്ലേ നിരോധനം, കുതിരകള്‍ക്ക് നിരോധനം ഇല്ലല്ലോ... ജോലിക്ക് പോകുമ്പോള്‍ അവിടെയെങ്ങാനും മേയാന്‍ വിട്ടിരുന്നാല്‍ വൈകുന്നേരം തിരിച്ചു വരുമ്പോള്‍ തനിയെ "ഇന്ധനം" നിറച്ചു നില്‍ക്കും... ചിലവോ, ഒന്നുമില്ല. 30 വര്‍ഷത്തേക്ക് പിന്നെ വേറെ വണ്ടി ഒന്നും വാങ്ങണ്ട... മെയിന്റനന്‍സ് വളരെ കുറവ് മാത്രം.
Friday, August 10, 2012
(ചെറുകഥ) - "മുഖം വ്യക്തമല്ല"
ജോബി തന്റെ കയ്യിലെ മൊബൈലില്‍ ഒരു വീഡിയോ ക്ലിപ്പ് പ്ലേ ചെയ്തു രാജേഷിനെ കാണിച്ചുകൊണ്ട് പറഞ്ഞു. രാവിലെ ഓഫീസില്‍ വന്ന ശേഷം ചായ കുടിക്കാന്‍ വേണ്ടി പുറത്തിറങ്ങിയതാണ് രണ്ടുപേരും.
കൌതുകത്തോടെ രാജേഷ് മൊബൈല്‍ വാങ്ങി നോക്കി.
"ഓ കൊള്ളാം, പക്ഷെ മുഖം വ്യക്തമല്ല... ഒന്ന് കളഞ്ഞിട്ടു പോടേയ്, വല്ല എച്ച്.ഡി. യും ഉണ്ടെങ്കില്‍ കാണിക്ക്..." - രാജേഷ് പുച്ഛത്തോടെ പറഞ്ഞു.
അപ്പോഴേക്കും അവരുടെ സീനിയര്‍ ആയ സുനില്‍ അവരുടെ നേരെ നടന്നുവന്നു. വന്നപാടെ സുനില്‍ ചോദിച്ചു - "ആരുടെ മുഖമാടാ വ്യക്തമല്ലാത്തത്???"
Sunday, July 29, 2012
(കുഞ്ഞുകഥ) - മഴയെ സ്നേഹിച്ച പെണ്‍കുട്ടി
ഓരോ തവണ മഴ പൊഴിയുമ്പോഴും അവള്‍ മതിമറന്നു സന്തോഷിച്ചു. ഓരോ തുള്ളി മഴയും അവളുടെ മനസ്സില്‍ ആയിരം മുത്തുകള്‍ വാരി വിതറി. മഴയില്‍ നനഞ്ഞു നില്‍ക്കാന്‍ അവളുടെ മനസ് എപ്പോഴും തുടിച്ചു. മഴ വരുന്നതും കാത്തു അവള്‍ പലപ്പോഴും മാനത്തു നോക്കിയിരുന്നു; സമയം പോകുന്നതറിയാതെ. അതെ, അവള്‍ മഴയെ അത്രയേറെ പ്രണയിക്കുകയായിരുന്നു.
മഴയെ സ്നേഹിച്ച പെണ്‍കുട്ടി, അവളെ ഒരു രാജകുമാരന്‍ പ്രണയിച്ചു.
പക്ഷെ അവള്‍ക്കു അപ്പോഴും ഇഷ്ടം മഴയോടായിരുന്നു. മഴയെ തനിക്കു സ്വന്തമാക്കണമെന്നു അവള്‍ കൂട്ടുകാരോടും ബന്ധുജനങ്ങളോടും പറഞ്ഞു. പക്ഷെ, "മഴയെ വരിക്കുകയോ? അതെങ്ങനെ?" എന്നുപറഞ്ഞു അവരെല്ലാം അവളെ കളിയാക്കി. മഴയെ അല്ലാതെ മറ്റാരെയും പ്രണയിക്കാന്‍ അവള്‍ക്കു കഴിയുമായിരുന്നില്ല.
വൈദ്യുതിയില്ലാത്ത ലോകം
മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...
-
1. അമ്മത്തൊട്ടില്‍ അമ്മത്തൊട്ടിലില്‍ ജീവിതം തുടങ്ങിയ പെണ്‍കുട്ടി പതിനാറ് വയസു തികയുന്നതിനു മുന്‍പേ അമ്മത്തൊട്ടിലിന്റെ പടവുകള്‍ വീണ്ടു...
-
ഞങ്ങള്‍ സുഹൃത്തുക്കളാണ്; സഹപ്രവര്‍ത്തകരും അതിലുപരി ഒരേ സ്ഥലങ്ങളില്‍ താമസിക്കുന്നവരുമാണ്. അവന്‍ ഓഫീസില്‍ ജോയിന്‍ ചെയ്തതിനുശേഷമാണ് ഞങ്ങള്‍ സു...
-
അടുത്തിടെയാണ് ഒരു തവളയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ശ്രദ്ധയില്‍പ്പെട്ടത്. ഓപ്പണ്‍ ചെയ്തു നോക്കിയപ്പോള്‍ കൌതുകമുളവാക്കുന്ന കുറെയേറെ പോസ്റ്റുകള...






